ഭാഗം - 11
ആ ഞെട്ടലിൽ നിന്നും മുക്തനാവാത്ത ഡോക്ടർ വിനോദിന്റെ വിറയാർന്ന കൈകളിൽ നിന്നും ഫോൺ താഴെ വീണു.
"എന്തു പറ്റി ഡോക്ടർ, എന്താണൊന്നും മിണ്ടാത്തത്?"
ഡോക്ടർ സാം, ലൈനിൽ തന്നെ ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് ഓർത്തത്. താഴെ നിന്നും ഫോൺ എടുത്ത് ചെവിയിൽ വച്ചു.
"സാം, ആൾ ആരാണെന്ന് അറിയാൻ കഴിഞ്ഞോ? എപ്പോഴായിരുന്നു സംഭവം?"
"ഏകദേശം ആറു മണിയോടുകൂടിയാണ് സംഭവം നടന്നത്. പോലീസുകാരെല്ലാം സംഭവസ്ഥലത്തുണ്ട്. ബോഡി, പോസ്റ്റ്മാർട്ടത്തിനായി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്."
"മരിച്ച കുട്ടിയുടെ പേര് എന്താണെന്ന് അറിയാമോ?"
"ഡോക്ടർ അറിയും, ഐ.സി.യു വാർഡിൽ വർക്ക് ചെയ്തിരുന്ന ശാലിനിയാണ് മരിച്ചത്."
ശാലിനിയുടെ പേരു കേട്ടയുടൻ ഡോക്ടർ വിനോദ്, ഷോക്കേറ്റതുപോലെ നിന്നുപോയി.
"ശാലിനിയോ... അല്ല... അല്ല...തീർച്ചയായും അവളായിരിക്കില്ല, സാമിന് തെറ്റിയതായിരിക്കും. അവൾ.... അവൾ...."
തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ വിനോദിന് തോന്നി. എന്തു പറയണമെന്നറിയാതെ അയാൾ വികാരാധീനനായി.
'ഈശ്വരാ, എന്റെ ശാലിനി... അവൾക്കെങ്ങനെ എന്നെ വിട്ട് പോകാൻ പറ്റും? ആരെങ്കിലും അവളെ അപായപ്പെടുത്തിയതായിരിക്കുമോ?'
വിനോദിന്റെ ഹൃദയവേദനയുടെ ആഴം മനസ്സിലാക്കിയ ഡോക്ടർ സാം മാത്യു ചോദിച്ചു:
"ഡോക്ടർ വിനോദ്, നിങ്ങൾ തമ്മിൽ?"
"എനിക്കവളെ ഇഷ്ടമായിരുന്നു സാം. ഞങ്ങൾ തമ്മിൽ പ്രണയത്തിലുമായിരുന്നു. ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മൃത്യുവിന്റെ രൂപത്തിൽ വിധി, എന്നിൽ നിന്നും അവളെ തട്ടിപ്പറിച്ചെടുത്തല്ലോ സാം! ഇതു ഞാൻ എങ്ങനെ സഹിക്കും?"
"ഡോക്ടർ, ഞാൻ ഉടനെ അവിടെയെത്താം. ഞാൻ വരുന്നതു വരെ മറ്റാരോടും ഇങ്ങനെയൊന്നും സംസാരിക്കരുത്. മനസ്സിനെ നിയന്ത്രിച്ച് സ്വയം ആശ്വസിക്കാൻ ശ്രമിക്കൂ... പത്തുമിനിറ്റിനുള്ളിൽ ഞാൻ അവിടെയെത്തും."
പറഞ്ഞ സമയത്തിനുള്ളിൽത്തന്നെ വിനോദിന്റെ വീട്ടിലെ കാളിംഗ് ബെൽ ശബ്ദിച്ചു.
തുറന്നു കിടന്ന വാതിലിലൂടെ അകത്തേയ്ക്കു വന്ന സാം കണ്ടത്, കട്ടിലിൽ തളർന്നു കിടക്കുന്ന വിനോദിനെയാണ്.
"എന്തൊക്കെയാണ് സാം, ഞാനീ കേൾക്കുന്നത്. എന്റെ ശാലിനിക്ക് എന്താണ് സംഭവിച്ചത്?"
"അതൊക്കെ പോലീസ് അന്വേഷിച്ച് കണ്ടുപിടി ച്ചോളും. മരിച്ച ശാലിനിയുമായി ഡോക്ടറിന് അടുപ്പമുണ്ടായിരുന്നു എന്ന് ആരും അറിയരുത്. പോയവർ പോയി, ഇനി വെറുതേ അതിന്റെ പിറകേ പോയി പുലിവാലു പിടിക്കുന്നത് എന്തിനാണ്?"
"എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല സാം. എന്റെ ഹൃദയം ആരോ കുത്തിമുറിക്കുന്നതു പോലെ."
"ഒരു കാര്യം ചെയ്യൂ... ഡോക്ടർ തൽക്കാലം ഇവിടെ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. നാളത്തെ സെമിനാറിനും പോകേണ്ട. നേരേ നാട്ടിലോട്ടു പോകുന്നതായിരിക്കും നല്ലത്. ഞാൻ വേണമെങ്കിൽ കൂടെ വരാം. ഇവിടുത്തെ ബഹളമൊക്കെ ഒന്നൊതുങ്ങിയിട്ട് തിരിച്ചു വന്നാൽ മതി. മരണപ്പെട്ട കുട്ടിയുടെ പേരിനോടൊപ്പം ഡോക്ടർ വിനോദിന്റെ പേര് ചേർത്തു പറയാൻ ഇടയാവരുത്.
"എറണാകുളത്തെ ഒരു ലീഡിംഗ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ തലവൻ, ഡോക്ടർ വിനോദ് വർമയ്ക്ക് ഇങ്ങനെയൊരു ബന്ധം ഉണ്ടെന്ന് ലോകം അറിയുന്നത് നല്ലതല്ല."
സാം പറയുന്നതെല്ലാം കേട്ടുകൊണ്ട് പ്രതികരിക്കാനാവാതെ, ഒരു പ്രതിമ കണക്കെ ഇരിക്കാനേ വിനോദിനു കഴിയുമായിരുന്നുള്ളൂ.
ശാലിനിയുടെ മരണവാർത്ത നിമിഷനേരം കൊണ്ട് ഹോസ്റ്റലിലും ആശുപത്രിയിലും എല്ലാവരും അറിഞ്ഞു.
സംഭവസ്ഥലത്ത് കാഴ്ചക്കാരായി എത്തിയവരുടെ കൂട്ടത്തിൽ ഗ്രീഷ്മയുണ്ടായിരുന്നില്ല. ബോഡിയും വഹിച്ചുകൊണ്ട് നീങ്ങിയ ആംബുലൻസ് കണ്ണിൽ നിന്നും മറയുന്നതുവരെ നീതുവും ലിൻസിയും അലീനയുമെല്ലാം നോക്കിനിന്നു.
"ഗ്രീഷ്മയെവിടെ നീതു, അവളെ ഇവിടെ കണ്ടതേയില്ലല്ലോ. സംഭവങ്ങൾ ഒന്നും അവൾ അറിഞ്ഞുകാണില്ലേ?"
"നീ വരൂ, നമുക്ക് നോക്കാം."
നീതു, ലിൻസിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി, മുറിയിലെത്തിയപ്പോൾ ഗ്രീഷ്മയെ അവിടെ കണ്ടില്ല. ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്നതിന്റെ ശബ്ദം കേട്ട്, നീതു കതകിൽ തട്ടിവിളിച്ചു.
"ഗ്രീഷ്മാ... എടീ കതകു തുറക്ക്. നീയെന്താണ് അവിടെ ചെയ്യുന്നത്, കതകു തുറക്കെടീ..."
നീതുവിന്റെ വെപ്രാളം കണ്ട് ലിൻസി ചോദിച്ചു:
"നീതു, നിനക്കെന്താടീ ഇത്ര ടെൻഷൻ? അവൾ കുളിച്ചിട്ടു വരട്ടെ."
"അതല്ലെടീ, ഇത്രയും നേരം അതിനകത്ത് അവൾ എന്തു ചെയ്യുകയാണ്?
നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങുന്തോറും നീതുവിന്റെ അസ്വസ്ഥത വർദ്ധിച്ചു കൊണ്ടിരുന്നു.
കുളിമുറിയുടെ കതകുതുറന്ന് ഗ്രീഷ്മ പുറത്തു വന്നു. അവളുടെ തലമുടിയിൽ നിന്നും ഇട്ടിരുന്ന വസ്ത്രങ്ങളിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നത് കണ്ട് നീതു ചോദിച്ചു:
"നീയെന്താടീ, കുളിച്ചിട്ടു തോർത്താതെയാണോ ഇറങ്ങിവരുന്നത്."
"നിങ്ങളൊക്കെ എവിടെയായിരുന്നു, എന്നെ കൂട്ടാതെ ഭക്ഷണം കഴിക്കാൻ പോയോ?
"അപ്പോൾ ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലേ?"
"ശാലിനിയുടെ കാര്യം അല്ലേ? അത് ആദ്യം അറിഞ്ഞത് ഞാനാണ്."
ഒന്നും സംഭവിക്കാത്തതുപോലെ ഗ്രീഷ്മ പെരുമാറുന്നത് കണ്ട് നീതു അമ്പരന്നു. കുറ്റബോധത്തിന്റെ ഒരു തരിമ്പുപോലും അവൾ പ്രകടിപ്പിച്ചില്ല.
'വല്ലാതെ പേടിച്ച്, മുറിയുടെ മൂലയിൽ ഒളിച്ചിരുന്നവൾ ആണ്. ഇപ്പോൾ ഇവളുടെ മുഖത്ത് ഒരു സംഭ്രമവും കാണുന്നില്ലല്ലോ. ഇതെന്തു മറിമായം!' നീതുവിന്റെ മനസ്സിൽ സംശയത്തിന്റെ നൂലാമാലകൾ ഉയർന്നു പൊങ്ങി.
"എന്നിട്ട് പോലീസ് വന്നപ്പോഴൊന്നും നിന്നെ അവിടെ കണ്ടില്ലല്ലോ." ലിൻസിയുടെ സംശയം തലപൊക്കി.
"എല്ലാവരോടും പിരിഞ്ഞു പോകാൻ പോലീസ് പറഞ്ഞപ്പോൾ ഞാനിങ്ങു പോരുന്നു."
"ചിലരൊക്കെ പറയുന്നു, ഇത് ഒരു അപകട മരണമല്ലെന്ന്."
"പിന്നെ...?"
"ആരോ അപായപ്പെടുത്തിയതായിരിക്കുമെന്നും സംസാരമുണ്ട്."
" ആര്?"
"അതറിയില്ല, ചിലപ്പോൾ പോലീസ് നമ്മളേയും ചോദ്യം ചെയ്യാനിടയുണ്ട്."
"ചോദ്യം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, നമുക്കറിയാവുന്നതൊക്കെ പറയാം. പിന്നെ പറയുമ്പോൾ, ഡോക്ടർ വിനോദുമായുള്ള അവളുടെ അടുപ്പത്തെപ്പറ്റിയും പറയണം. അവരുടെ സംഗമത്തിന്റെ തെളിവുകൾ നമ്മുടെ കയ്യിൽ ഉണ്ടല്ലോ. വിനോദിൽ നിന്നും അവൾ ഗർഭം ധരിച്ചിട്ടുണ്ടാവും. അതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്തതാവാനും ചാൻസുണ്ട്."
"ഗ്രീഷ്മ, മരിച്ചു കഴിഞ്ഞിട്ടും നീ അവളെ അപമാനിക്കുകയാണോ?"
"എടീ, അതിനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാവില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്."
"നീ വെറുതേ അനാവശ്യമൊന്നും പറയേണ്ട. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഡോക്ടർ വിനോദിനേയും തേജോവധം ചെയ്യാനാണ് നീ ശ്രമിക്കുന്നത്."
"നീതു, നീയും ഇപ്പോൾ കളം മാറി ചവിട്ടുകയാണോ? അപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരുമില്ല, അല്ലേ?"
"നിന്റെ തോന്നിവാസത്തിനെല്ലാം ഞങ്ങൾ കൂടെ നിന്നു. അതിന്റെയൊക്കെ ഫലമായി ശാലിനിക്ക് അവളുടെ ജീവൻ തന്നെ ബലി കൊടുക്കേണ്ടിയും വന്നു. ഇതിന്റെ ഭവിഷ്യത്ത് എന്തു തന്നെ ആയാലും നീ തന്നെ അനുഭവിച്ചു തീർത്തോണം. ഞങ്ങളെ അതിന് കിട്ടില്ല. നിനക്ക് അല്പം പോലും കുറ്റബോധം തോന്നുന്നില്ലേ ഗ്രീഷ്മാ?"
"നീയെന്താണ് പറഞ്ഞു വരുന്നത്? ശാലിനിയുടെ മരണത്തിന് കാരണം ഞാനാണെന്നാണോ?"
"അതെ, നീ ഒറ്റ ഒരുത്തി കാരണമാണ് അവൾ മരിച്ചത്. നീ ചെയ്തതെന്താണെന്ന് നിനക്കറിയില്ലേ?"
"അതു ശരി, അപ്പോൾ നീയാണോ ശാലിനിയെ കൊന്നത്?" ലിൻസിയും പൊട്ടിത്തെറിച്ചു.
"അതേടീ, ഞാൻ തന്നെയാണ് അവളെ കൊന്നത്. നീയൊക്കെ പോയി കേസ് കൊടുക്ക്... എന്റെ കാര്യം നോക്കാൻ എനിക്കറിയാം."
പൊട്ടിത്തെറിച്ചുകൊണ്ട് ഗ്രീഷ്മ മുറിയിൽ നിന്നും ചാടിത്തുള്ളി ഇറങ്ങിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ നീതുവും ലിൻസിയും പരസ്പരം മുഖാമുഖം നോക്കി നിന്നു.
(തുടരും)