mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 47

ബാഗ്ളൂരിലും വിദേശത്തുമുള്ള കസിൻസിനെ ഇന്നുതന്നെ വിളിച്ച് വിവരങ്ങൾ പറയണം. എല്ലാവരും അല്പം നേരത്തേ ടിക്കറ്റ് ബുക്ക്ചെയ്ത് നാട്ടിൽ എത്തിയിരുന്നെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരോന്നായി അവരെയൊക്കെ ഏൽപ്പിക്കാമായിരുന്നു."

ട്രാഫിക് കാരണം ഹോസ്പിറ്റലിൽ എത്താൻ വൈകി. റിപ്പോർട്ട് ചെയ്തിട്ട് നേരേ ഓ. പി യിലേക്ക് പോയി. രണ്ടുമൂന്നു രോഗികളെ കണ്ടതിനുശേഷം കിട്ടിയ ഇടവേളയിൽ മമ്മിയെ വിളിച്ചു.

"മമ്മീ, ഇന്നുതന്നെ അച്ചനെ വിളിച്ച് കാര്യങ്ങൾ പറയണം. പളളിയുടെ ഹാളും ബുക്കുചെയ്യണം. തിരുമേനിയെ ബുക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് അച്ചനോട് ചോദിക്കണേ..."

"ശരി മോനേ... നിനക്ക് വിളിക്കാനുള്ളവരെയൊക്കെ നീയും വിളിച്ചു പറയണേ."

"ഓ.കെ."

പലസ്ഥലങ്ങളിൽ കുടുംബമായി കഴിയുന്ന കസിൻസിനെ ഓരോരുത്തരെയായി വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും കല്യാണത്തിന് വരുമെന്നറിയിക്കുകയും ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയയുടൻ, സാമിന്റെ കല്യാണം നടത്തിയ ഇവന്റ്സ് കമ്പനിക്കാരെ വിളിച്ച് ബുക്ക്ചെയ്തു. അവരുടെ കെയർഓഫിലുള്ള കാറ്ററിംഗ്കാർക്ക് ഭക്ഷണത്തിന്റെ ഓർഡറും കൊടുത്തു.

തിരക്കുകളിൽപ്പെട്ട് ഓരോ ദിവസങ്ങളും വളരെ വേഗം ഓടിക്കൊണ്ടിരുന്നു. ആശുപത്രിയുടെ എം.ഡി. യെക്കണ്ട് ജനുവരി പതിനെട്ടാം തീയതി മുതൽ ഫെബ്രുവരി അഞ്ചാം തീയതി വരെ അവധി ആവശ്യപ്പെടുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.

ഡോക്ടർ വിനോദിന്റെ കല്യാണവിശേഷം ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. താനില്ലാത്ത ദിവസങ്ങളിലെ അപ്പോയിന്റ്‌മെന്റുകളൊക്കെ  ക്യാൻസലാക്കാൻ പറഞ്ഞിട്ട് തന്റെ ടീമിന് ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു.

ഞയറാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോകാനായി ഡോക്ടർ സാമിനെ പ്രത്യേകം ക്ഷണിച്ചു.

"ഡോക്ടർ, ഞാൻ ഒഴിഞ്ഞുമാറുകയാണെന്ന് വിചാരിക്കരുത്. നാളെ അളിയന്റെ കുഞ്ഞിന്റെ മാമോദീസയാണ്. അതിന് പോകാതിരുന്നാൽ ഭാര്യയെന്നെ വീട്ടിൽ കയറ്റത്തില്ല. അവളുടെ ഒരേ ഒരു സഹോദരനാണേ... എൻഗേജ്മെന്റിനും കല്യാണത്തിനും ഞങ്ങൾ കുടുംബസമേതം അങ്ങെത്തിക്കോളാം."

"ശരി സാം, എനിക്കു മനസ്സിലായി. സാരമില്ല, ഞാൻ തന്നെ നിർബന്ധിക്കുന്നില്ല."

ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾത്തന്നെ വിനോദ് വീട്ടിലെത്തി. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ മമ്മിയോട് ചോദിച്ചു:

"പള്ളിയിലെ അച്ചനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നോ മമ്മീ? തിരുമേനിയുടെ കാര്യം എന്തു പറഞ്ഞു?"

"അതൊക്കെ അച്ചൻ ഏറ്റിട്ടുണ്ട്. ഹാളും ബുക്ക് ചെയ്തു. അച്ചൻ ചിലപ്പോൾ ഇന്നിങ്ങോട്ടു വന്നേക്കും."

"അതു നന്നായി. നാളെ പോകാനുള്ളവരൊക്കെ എപ്പോൾ എത്തും?"

"എല്ലാവരോടും രാവിലെ പത്തുമണിയോടുകൂടി എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്."

അഞ്ചുമണിയായിട്ടും അച്ചനെ കാണാതിരുന്നപ്പോൾ വിനോദും മമ്മിയും കൂടി പള്ളിമേടയിലേക്ക് പോയി. കാളിംഗ് ബെല്ലടിച്ച് കാത്തുനിൽക്കെ, വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവന്നു.

"ആഹാ, നിങ്ങളായിരുന്നോ, അകത്തേക്കു വരൂ...  എനിക്കിന്ന് അങ്ങോട്ടു വരാൻ സാധിച്ചില്ല. ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നു. നാലുമണിക്കാണ് പോയത്. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കല്യാണം നടത്തിത്തരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങൾ ടെൻഷനടിക്കേണ്ട, പള്ളിയിലെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. അരമനയിൽ പോയി പിതാവിനെ നേരിട്ടുകണ്ട് ക്ഷണിച്ചാൽ നന്നായിരുന്നു. കൈമുത്ത് കൊടുക്കുന്നത് കല്യാണം കഴിഞ്ഞായാലും മതി."

"എങ്കിൽ നാളെ നാലുമണിക്ക് ഞങ്ങൾ വരാം അച്ചനും കൂടി വന്നാൽ ഉപകാരമായിരുന്നു."

"തീർച്ചയായും വരാം. നാളെയാകുമ്പോൾ ഞാൻ ഫ്രീയാണ്."

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അച്ചാ, നാളെ വരാം."

"ആയിക്കോട്ടെ... നാളെ വിശുദ്ധ കുർബാനയ്ക്ക് വരണം കേട്ടോ.."

"വരാം അച്ചാ, പതിനൊന്നു മണിക്ക് കുറച്ച് ബന്ധുക്കളേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലോട്ട് പോകുന്നുണ്ട്."

"രാവിലെ ആറുമണിയ്ക്കുള്ള കുർബാനയ്ക്ക് വന്നാൽ മതി. എട്ടരയ്ക്ക് കഴിയും."

"ശരി വരാം..."

മടക്കയാത്രയിലെ അവരുടെ സംഭാഷണം മുഴുവനും കല്യാണത്തിന് ആളുകളെ ക്ഷണിക്കുന്നതിനെപ്പറ്റി ആയിരുന്നു.

"ഏതായാലും നാളെ അവരുടെ വീട്ടിൽ പോയിട്ടു വന്നാലുടൻ തന്നെ ക്ഷണക്കത്തടിക്കാൻ കൊടുക്കണം."

വീട്ടിലെത്തിയ വിനോദ്, പിറ്റേദിവസം പോകുമ്പോൾ ഇടാനുള്ള പാന്റ്സും ഷർട്ടുമൊക്കെ അയൺ ചെയ്തു വച്ചു. രാവിലെ പതിനൊന്നു മണിയോടുകൂടി ബന്ധുക്കളൊക്കെ എത്തിച്ചേർന്നു. ഭാഗ്യത്തിനാണ് വീട്ടുജോലിക്ക് ഒരാളിനെ കിട്ടിയത്. കല്യാണം കഴിയുന്നതുവരെ പുറത്തെ ജോലികൾക്കായി വേറൊരാളെക്കൂടി വച്ചു. 

വന്നവർക്കെല്ലാം കുടിക്കാൻ ജ്യൂസ് കൊടുത്തു. കൃത്യം പതിനൊന്നര മണിക്ക് തന്നെ വീട്ടിൽ നിന്നും നാലുകാറുകളിലായി പുറപ്പെട്ടു.

അവരുടെ ബന്ധുക്കൾ പതിനഞ്ചു പേരോളം അവിടെയും ഉണ്ടായിരുന്നു. സംഭാഷണങ്ങൾക്കിടയിൽ പെൺകുട്ടിയെ വിളിച്ച് മുന്നിൽ നിർത്തി എല്ലാവരേയും പരിചയപ്പെടുത്തി. വന്നവരിൽ ചിലർ പെൺകുട്ടിയോട് ചോദിച്ചതിനൊക്കെ തൃപ്തികരമായിത്തന്നെ മറുപടി പറഞ്ഞു. എല്ലാവർക്കും കുട്ടിയെ വളരെ ഇഷ്ടമായി.

ഡോക്ടർ വിനോദിനെ ആരോ വിളിച്ചുകൊണ്ടുപോയി അകത്തെ ഒരു മുറിയിൽ കൊണ്ടിരുത്തി. പരിഭ്രമിച്ചിരുന്ന അയാളുടെ അരികിലേക്ക് ലേയ കടന്നുവന്നു.

"വിനുവേട്ടന് എന്നെ ശരിക്കും ഇഷ്ടമായോ?"

" എന്നെ എന്താണ് വിളിച്ചത്?"

"വിനുവേട്ടൻ എന്ന്; എന്തുപറ്റി, ഇഷ്ടപ്പെട്ടില്ലേ?"

"കുഴപ്പമില്ല, വിളിച്ചോളൂ..."

"ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..."

"എന്താണ് ചോദിച്ചത്?"

"എന്നെ ഇഷ്ടമായോന്ന്?"

"അതേ, ഇഷ്ടമായി. കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടോ?"

"എനിക്കെന്നേ ഇഷ്ടമാണ്. ഞാൻ ഡോക്ടറിന്റെ ഒരു ആരാധികയാണ്."

"അതിന് നമ്മൾ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ..."

"ആരു പറഞ്ഞു കണ്ടിട്ടില്ലെന്ന്, വിനുവേട്ടനെ ഞാൻ മൂന്നുപ്രാവശ്യം കണ്ടിട്ടുണ്ട്."

"എവിടെ വച്ചാണ് കണ്ടത്? ഞാൻ ഓർക്കുന്നില്ലല്ലോ..."

"ഞാൻ പഠിച്ചിരുന്ന കോളജിൽ, സംഘടിപ്പിച്ച സെമിനാറിൽ രണ്ടുതവണ  വിനുവേട്ടൻ വന്ന് ക്ലാസ്സെടുത്തിട്ടുണ്ട്."

"പിന്നെ?"

"പിന്നെ ഒരിക്കൽ വേറൊരു ആശുപത്രിയിൽ വച്ച് നടത്തിയ സെമിനാറിലും പ്രസംഗിച്ചു. അന്ന് ഞാനും ഉണ്ടായിരുന്നു. ഞാനന്ന് വിനുവേട്ടന്റെ അരികിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. വിവാഹിതനായിരുന്നു എന്നാണ് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നത്. കല്യാണം കഴിച്ചിട്ടില്ലെന്ന്, അടുത്ത കാലത്താണ് അറിഞ്ഞത്. 

എന്റെ ചാച്ചന്റെ ഒരു ഫ്രണ്ട് വഴിയാണ് വിനുവേട്ടന്റെ മമ്മിയുടെ അരികിൽ ഈ പ്രൊപ്പോസൽ എത്തിച്ചത്. എനിക്ക് വിനുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. ആദ്യം കണ്ടതുമുതൽ ഞാൻ ഇഷ്ടപ്പെട്ടു  തുടങ്ങിയതാണ്."

എല്ലാം കേട്ട് അമ്പരന്നുനിന്ന വിനോദിന്റെ വലതു കൈ ഗ്രഹിച്ച് അവൾ തന്റെ ചുണ്ടോടടുപ്പിച്ചു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ അവനിൽത്തന്നെ ആയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ കണ്ണുകളും അവളെ തേടിയലഞ്ഞു. വീട്ടിൽ തിരിച്ചെത്തുന്നതുവരെ അവളുടെ രൂപവും സംസാരവും ഭാവങ്ങളുമെല്ലാം അയാളുടെ ഉള്ളിൽ നിറഞ്ഞുനിന്നു.

"താനറിയാതെ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ തന്റെ ജീവിതസഖിയാവാൻ പോകുന്നു. കല്യാണം വരെയുള്ള ഓരോ ദിവസങ്ങളും ഓരോ യുഗമായി അയാൾക്ക് തോന്നി.

വീട്ടിലെത്തിയ ഉടൻ തന്നെ ക്ഷണക്കത്തടിക്കാനുള്ള മാറ്റർ കൊടുക്കാൻ കടയിലേക്ക് പോയി. ലേയയുടെ വീട്ടിൽ നിന്നും വിവരങ്ങളെല്ലാം എഴുതി വാങ്ങിയ പേപ്പറിൽത്തന്നെ സ്വന്തം വിവരങ്ങളും എഴുതിച്ചേർത്തു.

ഇൻവിറ്റേഷൻ കാർഡിന്റെ ഡിസൈൻ സെലക്ട് ചെയ്തുകൊടുത്തിട്ട് വീട്ടിലെത്തി, മമ്മിയേയും കൂട്ടി പള്ളിയിലേക്ക് പോയി. അവരുടെ വരവും കാത്തിരുന്ന അച്ചൻ വേഗം ഇറങ്ങിവന്ന് വണ്ടിയിൽ കയറി.

അരമനയിലേക്കുള്ള വഴി അച്ചൻ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. മനോഹരമായ പൂന്തോട്ടങ്ങളാൽ അലങ്കരിച്ച വിശാലമായ മുറ്റത്തിന് നടുവിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ പ്രതിമയിൽ നോക്കി ഒരു നിമിഷം  മനസ്സുകൊണ്ട് ധ്യാനിച്ചുനിന്നു. വണ്ടിയിൽ നിന്നുമിറങ്ങി അച്ചനോടൊപ്പം അകത്തേക്ക് നടന്നു. കാളിംഗ്ബെൽ അടിച്ച് കാത്തുനിൽക്കുമ്പോൾ ഒരു പരിചാരകൻ വന്ന് വാതിൽ തുറന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ