ഭാഗം 32
മാഡം, അലീനയുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. അവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ... അവളുടെ മാതാപിതാക്കളെ വരുത്തി കുറച്ചു നാൾ വീട്ടിലേക്ക് അയച്ചാൽ നന്നായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്."
"ഇവൾ പറഞ്ഞത് ശരിയാണ് മാഡം." അഞ്ജലിയുടെ അഭിപ്രായത്തോട് നീതുവും യോജിച്ചു.
"എങ്കിൽ, അലീനയുടെ പേരന്റ്സിനോട് വന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ ഇന്നുതന്നെ ഞാൻ പറയാം."
"മാഡം വരൂ..." അലക്സ് സാർ അല്പം അകലെ നിന്നുകൊണ്ട് വിളിച്ചു.
"വരുന്നു സാർ, എന്നാൽ ഞാൻ പോയിട്ട് രാവിലെ വരാം."
"ശരി മാഡം."
മേട്രൻ പോയിക്കഴിഞ്ഞ് നീതുവും അഞ്ജലിയും തങ്ങൾ ഇരുന്നിരുന്ന കസേരകളിൽ തന്നെ സ്ഥാനം പിടിച്ചു.
"നീതു... നീ വേണമെങ്കിൽ ഉറങ്ങിക്കോളൂ... ആരെങ്കിലും വിളിച്ചാൽ ഞാൻ പൊക്കോളാം."
"ഞാൻ വൈകുന്നേരം മുറിയിൽ കിടന്നുറങ്ങിയതു കൊണ്ട് ഇപ്പോൾ ഉറക്കം വരുന്നില്ല, നീ ഉറങ്ങിക്കോളൂ..."
കസേരയിൽ ചാരിക്കിടന്ന് അഞ്ജലി ഉറങ്ങുന്നതു കണ്ട നീതു, വെറുതേ കണ്ണടച്ചിരുന്നു. ആരോ വന്ന് ട്യൂബ് ലൈറ്റിന്റെ സ്വിച്ചുകൾ ഓഫാക്കി. അകത്തു കിടക്കുന്ന രോഗികളുടെ ബന്ധുക്കൾ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു.
എല്ലായിടത്തും നിശബ്ദത. പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവും. ശ്മശാന മൂകത തളം കെട്ടി നിൽക്കുന്ന ഇടനാഴിയിൽ കൂടി ആരോ നടന്നു വരുന്നത് അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു.
'അത് അലീനയാണല്ലോ, അവൾ ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി?'
ആകാംക്ഷ നിറഞ്ഞ മനസ്സുമായി നീതു നോക്കിയിരിക്കേ, നടത്തത്തിന് വേഗത കൂട്ടിയ ആ രൂപത്തിന് മുന്നിൽ, താനേ തുറന്ന വാതിലിലൂടെ അത് അകത്ത് കടന്നു. വാതിൽ ശക്തമായി അടഞ്ഞതും നീതു കണ്ണു തുറന്ന് ചുറ്റും നോക്കി.
'അഞ്ജലീ..."
ഉറങ്ങുകയായിരുന്ന അഞ്ജലിയെ അവൾ തട്ടിവിളിച്ചു.
"എന്താടീ... എന്തുപറ്റി? ആരെങ്കിലും വിളിച്ചോ?"
"എടീ... അവൾ... അലീന... അവിടെ.. ഗ്രീഷ്മ ..."
"നീ എന്തൊക്കെ പിച്ചും പേയുമാണ് പറയുന്നത്, വല്ല സ്വപ്നവും കണ്ടു പേടിച്ചോ?"
"സ്വപ്നമല്ല അഞ്ജലീ... ഞാൻ ശരിക്കും കണ്ടതാണ്. അവളിന്ന് ഗ്രീഷ്മയെ കൊല്ലും."
"നിനക്കെന്താണ്, വട്ടായോ?"
അഞ്ജലിയേയും കൂട്ടി സംശയത്തോടെ നീതു വാതിലിന്നരികിൽ ചെന്ന് ബെല്ലടിച്ചു. അകത്തു നിന്നും ഇറങ്ങി വന്ന നഴ്സ് കാര്യം തിരക്കി.
"ഗ്രീഷ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് സിസ്റ്റർ, അവൾക്ക് ബോധം വീണോ?"
"അതുപോലെ തന്നെ മയങ്ങി കിടക്കുകയാണ്. ഒന്നും പറയാറായിട്ടില്ല."
"അവിടെ അവളുടെ അരികിൽ വേറെ ആരെങ്കിലുമുണ്ടോ?"
"എന്റെ കൂടെയുള്ള സ്റ്റാഫ് ഉണ്ട്. നൈറ്റ് ഡ്യൂട്ടിക്ക് ഞങ്ങൾ രണ്ടുപേരാണ്. എന്താണ് ചോദിച്ചത്, നിങ്ങൾക്കെന്തോ സംശയമുണ്ടല്ലോ..?"
"സിസ്റ്റർ, ഗ്രീഷ്മയുടെ അരികിൽത്തന്നെ ഇരിക്കണേ. മറ്റാരും വന്ന് അവളെ അപായപ്പെടുത്താൻ ഇടയാവരുത്."
"ഇതിനകത്ത് ആരു വരാനാണ്, നിങ്ങൾ പേടിക്കേണ്ട ഒരാവശ്യവുമില്ല. ഞങ്ങളൊക്കെ ഇവിടില്ലേ?"
"ഓ.കെ സിസ്റ്റർ."
"നന്നായി ഒന്നുറങ്ങി വന്നതായിരുന്നു. നശിപ്പിച്ചു, സമാധാനമായില്ലേ?"
"ചിലപ്പോൾ ഞാൻ സ്വപ്നം കണ്ടതായിരിക്കും. സോറി അഞ്ജലീ.. നീ ഉറങ്ങിക്കോളൂ..."
"ഇനിയും ഇതുപോലെ ആരെയെങ്കിലുമൊക്കെ കണ്ടെന്നും പറഞ്ഞ് എന്നെ വിളിച്ചേക്കരുത്."
"ഇന്നിനി ആരേയും കാണാൻ സാധ്യതയില്ല."
"അതെന്താ?"
"ഇനി ഞാൻ കണ്ണടയ്ക്കുന്നതേയില്ല."
"എന്നാൽ ഞാൻ കണ്ണടച്ചോട്ടെ..."
"മ്... അഞ്ജലീ നാളെ നമുക്ക് എപ്പോൾ പോകാൻ പറ്റും? ഗ്രീഷ്മയുടെ പേരന്റ്സ്, നേരം വെളുക്കുന്നതിനു മുൻപ് ഇങ്ങെത്തുമോ?
"ആ... അറിയില്ല, വരുമായിരിക്കും. എന്തായാലും അവർ വന്നിട്ടേ നമുക്ക് പോകാൻ സാധിക്കൂ..."
"ഗ്രീഷ്മയ്ക്ക് ഓപ്പറേഷൻ വേണ്ടി വരുമോ എന്തോ?"
"വില കൂടിയ മരുന്നുകളാണ് അവളുടെ ഞരമ്പിൽ കൂടി ഒഴുകുന്നത്. ചിലപ്പോൾ സർജറി വേണ്ടി വരില്ലായിരിക്കും. നമുക്ക് പ്രാർത്ഥിക്കാം."
"ഭഗവാനേ അവളെ രക്ഷിക്കണേ..."
"എന്നാലും അവൾ എങ്ങനെ ആയിരിക്കും കുളിമുറിയിൽ വീണത്? ആലോചിക്കുമ്പോൾ എല്ലാം വളരെ വിചിത്രമായി തോന്നുന്നു."
"ശാലിനിയുടെ ആത്മാവ് അലീനയിൽ പ്രവേശിച്ചുണ്ടെന്നാണ് എനിക്ക് തോന്നുന്നത്."
"എനിക്കൊന്നുമറിയില്ല, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയാണ്. ഇതിന്റെയൊക്കെ അവസാനം എന്തായിത്തീരുമെന്നും അറിയില്ല."
"എത്ര പേരുടെ ഭാവിയാണ് വെള്ളത്തിലാവുന്നത്, ഇതിനൊക്കെ ഒരവസാനം ഉണ്ടായെങ്കിലെന്ന് ആശിച്ചു പോകുകയാണ്."
"അലീന അവളുടെ മാതാപിതാക്കളോടൊപ്പം പോകാൻ കൂട്ടാക്കിയില്ലെങ്കിലോ എന്നാണെന്റെ ഇപ്പോഴത്തെ ഭയം."
"എങ്ങനെയെങ്കിലും അവർ കൊണ്ടുപോകണം."
ഒരു ദീർഘനിശ്വാസത്തിനു ശേഷം അഞ്ജലി പറഞ്ഞു:
"ഫൈനൽ പരീക്ഷയ്ക്കു മുൻപ് എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞാൽ മതിയായിരുന്നു."
"ശരിയാണ്. പഠിക്കാനുള്ള ഒരു മൂഡും ഇപ്പോൾ ഇല്ല. ഒരു മാസം കൂടി കഴിഞ്ഞാൽപ്പിന്നെ സ്‌റ്റഡി ലീവും ആണ്."
"ഗ്രീഷ്മയും അലീനയുമൊക്കെ ഇന്നത്തെ അവസ്ഥയിൽ നിന്നും നോർമലായി വരാൻ സമയമെടുക്കില്ലേ?"
"സമയമെടുക്കുമായിരിക്കും. എന്നാലും, എത്രയും പെട്ടെന്ന് എല്ലാവരും തിരിച്ചു വരുമെന്ന് തന്നെ വിശ്വസിക്കാം."
കണ്ണുകളിൽ ഉറക്കം പിടിച്ചതിനാൽ സംസാരം തുടർന്നുകൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചില്ല.
സർക്കിൾ ഇൻസ്പെക്ടർ അലക്സിൽ നിന്നും വിവരങ്ങളറിഞ്ഞ ചെറിയാച്ചൻ എല്ലാം നഷ്ടപ്പെട്ടതുപോലെ നെടുവീർപ്പുകൾ ഉതിർത്തുകൊണ്ടിരുന്നു.
'തമ്പുരാനേ, എന്റെ കൊച്ചിനൊന്നും വരുത്തരുതേ...'
"നിങ്ങളെന്താണ് മനുഷ്യനേ ഇങ്ങനെ പിറുപിറുക്കുന്നത്, ആരാണ് ഇപ്പോൾ വിളിച്ചത്?"
ചെറിയാച്ചന്റെ അസ്വസ്ഥത കണ്ട് ഭാര്യ ചോദിച്ചു.
"എടീ നീ പെട്ടെന്ന് റെഡിയായി വരു... ഇപ്പോൾത്തന്നെ നമുക്ക് കൊച്ചിന്റെ അടുത്തേക്ക് പോകണം."
"ഈ രാത്രിയിലോ, അവൾ വിളിച്ചിരുന്നോ?"
"പറയുന്നത് അനുസരിക്ക്, നമുക്ക് ഉടനെ ഇറങ്ങണം. ആവശ്യത്തിനുള്ള തുണിയൊക്കെ എടുത്ത് ഒരു ബാഗിലാക്കൂ.... തിരിച്ചു വരാൻ ഒരാഴ്ചയെങ്കിലും എടുക്കും."
"എന്താണ് കാര്യം... എന്തു പറ്റി എന്റെ മോൾക്ക്?"
"അവൾ ആശുപത്രിയിലാണ്. നല്ല സുഖമില്ല."
"ങേ... ആശുപത്രിയിലോ,
അസുഖമെന്താണെന്ന് വല്ലതും പറഞ്ഞോ?"
"അതൊന്നും പറഞ്ഞില്ല. അവൾക്ക് തീരെ വയ്യ, ഉടനെ വരണമെന്ന് പറഞ്ഞു."
"എന്റെ കർത്താവേ, കൊച്ചിനെ കാത്തോണേ... അവൾക്കൊന്നും വരുത്തരുതേ..."
"നീ കിടന്ന് നിലവിളിക്കാതെ ഇറങ്ങാൻ നോക്ക്."
"എന്തൊക്കെയെടുക്കണമെന്ന് എനിക്കൊന്നുമറിയാൻ മേലേ..."
"ഒന്നു രണ്ട് പാത്രങ്ങളും സ്പൂണും ഫ്ലാസ്ക്കുമൊക്കെ എടുത്തോളൂ."
"ഇപ്പോൾത്തന്നെ ഇറങ്ങാനാണോ? രാത്രിയിൽ വണ്ടിയോടിക്കാൻ നിങ്ങൾക്കു പറ്റുമോ? മലഞ്ചെരിവിലൂടൊക്കെ പോകണ്ടതല്ലേ?"
"അതാണ് ഞാനും ചിന്തിക്കുന്നത്, ആരെയെങ്കിലും വിളിച്ചാലോ?"
"വിളിക്ക് മനുഷ്യാ, അല്ലെങ്കിൽ നേരം വെളുത്തിട്ടു പോയാൽ മതി."
"അതു പറ്റില്ല, ഉടനെ ചെല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാനൊന്നു നോക്കട്ടെ."
ചെറിയാച്ചൻ ഫോണെടുത്ത് പൊന്നച്ചനെ വിളിച്ചു. ഇതുപോലെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ പലപ്പോഴും അവന്റെ സഹായം തേടിയിട്ടുണ്ട്.
"ഹലോ..."
"പൊന്നച്ചനല്ലേടാ, എനിക്ക് നിന്റെയൊരു സഹായം വേണം. ഒന്നിവിടം വരെ വരാൻ പറ്റുമോ?"
"എന്തുപറ്റി അച്ചായാ? അത്യാവശ്യം വല്ലതുമാണോ?"
"കൊച്ചിന് സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞു. അവിടെ വരെയൊന്നു പോകാനായിരുന്നു. രാത്രിയിൽ വണ്ടിയോടിക്കാൻ എനിക്ക് ബുദ്ധിമുട്ടാണെന്ന് നിനക്കറിയാമല്ലോ."
"ഇപ്പോൾത്തന്നെ പോകാനാണോ അച്ചായാ?"
"അതേടാ, നിനക്ക് നാളെ ഓട്ടം വല്ലതുമുണ്ടോ?"
"നാളെ ഇല്ല. മറ്റന്നാൾ ഒരോട്ടമുണ്ട്."
"എന്നാൽ ഞങ്ങളെ അവിടെ കൊണ്ടാക്കിയിട്ട് നീ നാളെത്തന്നെ തിരിച്ചു വന്നോളൂ."
"ശരി അച്ചായാ, പതിനഞ്ചു മിനിറ്റിനകം ഞാൻ അവിടെ എത്തിക്കോളാം."
"ശരിയെടാ, അപ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കാം."
"ഓ.കെ"
"എടീ, പൊന്നച്ചനെ വിളിച്ചിട്ടുണ്ട്. അവനുടനെയെത്തും."
ജോലിക്കാരിയോട് കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഇരുവരും യാത്രയ്ക്ക് തയ്യാറായി.
"എടീ, വീടും തുറന്നിട്ടിട്ട് നീ എങ്ങോട്ടും പൊയ്ക്കളയരുത്... മുൻവശത്തെ കതക് അടച്ചിട്ടിരിക്കണം. ആരു വന്നാലും വാതിൽ തുറന്നു കൊടുക്കരുത്."
"ശരി മുതലാളീ..."
പറഞ്ഞിരുന്ന സമയത്തിനുള്ളിൽ തന്നെ പൊന്നച്ചന്റെ ബൈക്ക് മുറ്റത്തു വന്നുനിന്നു.
മുതലാളി നീട്ടിയ താക്കോൽ വാങ്ങി, സാധനങ്ങൾ എല്ലാം കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ടു ചെയ്തു.
ചെറിയാച്ചനും ഭാര്യയും കയറിയ കാർ ഗേറ്റു കടന്ന് റോഡിലേക്കിറങ്ങി.
(തുടരും)