ഭാഗം - 10
ഇതൊരു ആത്മഹത്യയോ, അപകട മരണമോ, കൊലപാതകമോ ആയിരിക്കും. എന്നാൽ ഇതിൽ ഏതാണ് നടന്നിരിക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഈ ഹോസ്റ്റലിൽ താമസിക്കുന്നവർ ആരും തന്നെ, ഞാൻ പറയുന്നതു വരെ ഇവിടെ നിന്നും പുറത്തു പോകാൻ പാടുള്ളതല്ല. പലരേയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. എല്ലാവരും ഞങ്ങളോട് സഹകരിക്കണം'
നിമിഷങ്ങൾക്കകം കാഴ്ചക്കാരെയെല്ലാം മാറ്റി ബോഡി കിടന്ന സ്ഥലത്തിനു ചുറ്റും ഒരു വലയം തീർത്തു. പോലിസുകാരോടൊപ്പം വന്നിരുന്ന ഫോട്ടോഗ്രാഫർ, ബോഡിയുടെ പല ആംഗിളിലുള്ള ഫോട്ടോകൾ എടുത്തു.
ഇൻസ്പെക്ടർ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു:
"ഇൻക്വസ്റ്റ് തയ്യാറാക്കി, ബോഡി പോസ്റ്റ് മാർട്ടത്തിന് അയയ്ക്കാനുള്ള ഏർപ്പാടുകൾ ചെയ്തോളൂ."
"ശരി സാർ."
അതി സൂക്ഷ്മതയോടെ പരിസരം നാലുപാടും ചുറ്റി നടന്നു പരിശോധിച്ചതിനുശേഷം കോണിപ്പണികൾ കയറി ടെറസ്സിലെത്തി. അവിടെ നിന്നും താഴേയ്ക്ക് നോക്കി മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടി.
ടെറസ്സിന്റെ ചുറ്റളവുകൾ മുഴുവനും പരിശോധിച്ചു. ഇളകിയടർന്ന ടെറസ്സിന്റെ ഭാഗത്തെത്തി നീരീക്ഷച്ചതിനു ശേഷം ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനോട് പറഞ്ഞു:
"ആത്മഹത്യയുടെ സാധ്യതകളേക്കാൾ അപകട മരണത്തിനാണ് മുൻതൂക്കം. തനിക്കെന്തു തോന്നുന്നു."
"ശരിയാണ് സാർ, ഒരു കൊലപാതകത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല."
"അതും ശരിയാണ്."
താഴെ ഇറങ്ങി വന്നപ്പോഴേയ്ക്കും ശാലിനിയുടെ ശരീരവും വഹിച്ചു കൊണ്ട് ആംബുലൻസ് നീങ്ങിക്കഴിഞ്ഞിരുന്നു.
ഇൻസ്പക്ടർ നേരേ മേട്രന്റെ മുറിയിലേക്കു നടന്നു.
"വരൂ സാർ, ഇരിക്കൂ..."
"മാഡം, മരിച്ചുപോയ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയേണ്ടതായിട്ടുണ്ട്.
"ഈ ഹോസ്റ്റലിലെ ഏറ്റവും നല്ല കുട്ടിയായിരുന്നു ശാലിനി. എല്ലാ പരീക്ഷയിലും ഒന്നാം സ്ഥാനത്തായിരുന്നു അവൾ. പേരുപോലെ തന്നെ അവളുടെ സ്വഭാവത്തിലും ശാലീനത നിറഞ്ഞു നിന്നിരുന്നു."
"ആ കുട്ടിക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നതായി അറിയാമോ?"
"അങ്ങനെ പറയത്തക്ക ശത്രുക്കൾ ആരും ഉള്ളതായി എനിക്കറിയില്ല സാർ."
"ആരെങ്കിലുമായി ലവ് അഫയേർസ് വല്ലതും?"
"ആ കുട്ടിയെപ്പറ്റി അങ്ങനെയൊന്നും ചിന്തിക്കാനേ കഴിയില്ല. ഇത്രയും സ്വഭാവ മഹിമയുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല."
കുട്ടിയുടെ അഡ്രസ്സ് എഴുതി കൊടുക്കുന്നതിനിടയിൽ മേട്രൻ തിരക്കി:
"സാർ, അവളുടെ വീട്ടിൽ അറിയിക്കണ്ടേ?"
"തീർച്ചയായും അറിയിക്കണം."
"അവർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയുമില്ല, ഒരു നാടിന്റെ തന്നെ പ്രതീക്ഷയായിരുന്നു അവൾ."
"നാട്ടിലേയോ വീട്ടിലേയോ ആരുടെയെങ്കിലും ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?"
"അവളെ പഠിപ്പിക്കുന്ന സ്പോൺസറിന്റെ വീട്ടിലെ നമ്പർ ഇവിടെ തന്നിട്ടുണ്ട്."
മേട്രൻ എഴുതിക്കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചിട്ട്, ആരും ഫോൺ എടുത്തില്ല.
ഉടൻ തന്നെ ഇൻസ്പെക്ടർ കട്ടപ്പന പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ ഒക്കെ അറിയിച്ച ശേഷം മേട്രനോടായി പറഞ്ഞു:
"ഞങ്ങൾക്ക് കുട്ടിയുടെ മുറി ഒന്നു പരിശോധിക്കണം."
"അതിനെന്താ സാർ, വരൂ.."
മേട്രൻ ഇൻസ്പക്ടറേയും കോൺസ്റ്റബിളിനേയും കൂട്ടിക്കൊണ്ട്, അടഞ്ഞു കിടന്നിരുന്ന ശാലിനിയുടെ മുറിക്കുള്ളിലേക്ക് കയറി.
"ആ കുട്ടി ഈ മുറിയിൽ ഒറ്റയ്ക്കാണോ താമസിച്ചിരുന്നത്?"
"അല്ല സാർ, അഞ്ജലി എന്ന ഒരു കുട്ടിയോടൊപ്പം ആണ്. അവർ ഇപ്പോൾ നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയാണ്."
"അവരിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ടായിരുന്നു."
"വിളിപ്പിക്കണോ സാർ?"
"ഇപ്പോൾ വേണ്ട, ഞങ്ങൾ നാളെ വരാം."
ശാലിനിയുടെ കട്ടിലിലെ തലയിണയുടെ അടിയിൽ നിന്നും കിട്ടിയ മൊബൈൽ ഫോൺ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ടേബിളിന്റെ ഡ്രായറും അലമാരയും എല്ലാം അതിസൂക്ഷ്മം പരിശോധിച്ചു.
ശാലിനിയുടെ ഫോൺ പോക്കറ്റിലിട്ടു കൊണ്ട് സബ് ഇൻസ്പെക്ടർ, അരുൺ പോൾ വണ്ടിയിൽ കയറി.
"ശരി മാഡം, ഞങ്ങൾ ഇറങ്ങുന്നു, നാളെ വരും. ആശുപത്രി ഡൂട്ടിയ്ക്ക് അല്ലാതെ ആരേയും പുറത്ത് വിടരുത്."
"ഇല്ല സാർ."
രോഗികൾക്ക് രാത്രിയിൽ കൊടുക്കുവാനുള്ള മരുന്നുകൾ, അവരവരുടെ ഫയലുകൾ പരിശോധിച്ച് എടുത്തു വയ്ക്കുകയായിരുന്നു അഞ്ജലി.
"അഞ്ജലീ, നിന്നെ സിസ്റ്റർ ഇൻ ചാർജ് വിളിക്കന്നു."
"എന്തിനാണെന്നറിയാമോ?"
"അറിയില്ല, നീ പോയി ചോദിച്ചു നോക്ക്."
കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആണ് പറഞ്ഞത്.
"എങ്കിൽ ഞാൻ പോയിട്ടു വരാം."
വഴിയിൽ വച്ചു തന്നെ ചാർജ് നഴ്സ്, അഞ്ജലിയെ കൂട്ടികൊണ്ട് തന്റെ മുറിയിലേക്കു പോയി. അവരുടെ മുഖത്ത് പരിഭ്രമവും വേദനയുമൊക്കെ നിറഞ്ഞു നിന്നിരുന്നു.
"എന്താ സിസ്റ്റർ, എന്തിനാണ് എന്നെ വിളിപ്പിച്ചത്?"
"അഞ്ജലീ, നീ ബഹളമുണ്ടാക്കാതെ ഞാൻ പറയുന്നത് ശാന്തമായി കേൾക്കണം."
"എന്താണ് സിസ്റ്റർ? വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചിരുന്നോ?"
"അങ്ങനെയൊന്നുമില്ലാ, നിന്നോടെങ്ങനെ പറയണമെന്ന് എനിക്കറിയില്ല."
"ടെൻഷൻ അടിപ്പിക്കാതെ ദയവായി കാര്യം പറയൂ സിസ്റ്റർ."
"അഞ്ജലീ, നമ്മുടെ ശാലിനി..."
"ശാലിനി? അവൾക്കെന്തു പറ്റി?"
"അഞ്ജലീ, ശാലിനിക്ക് ഒരപകടം സംഭവിച്ചു."
"എന്തപകടം?എന്നിട്ട് അവളെവിടെ?
"തുണിയലക്കി ടെറസ്സിൽ വിരിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി താഴെ വീണു."
"ഓ... അത്രയേയുള്ളോ? ഞാൻ വല്ലാതെ ഭയന്നു പോയി. എന്നിട്ട് അവൾക്കെന്തെങ്കിലും പറ്റിയോ? ഹോസ്പിറ്റലിൽ വന്നോ? എക്സ്റേ എടുത്തോ?"
"എക്സ്റേ എടുക്കേണ്ട ആവശ്യം ഒന്നും ഇനി അവൾക്കില്ല. അവൾ പോയി അഞ്ജലീ..."
"പോയെന്നോ, എങ്ങോട്ട്? എന്നോട് പറയാതെ അവൾ പോയോ?"
"അഞ്ജലീ, അവൾ നമ്മളെയൊക്കെ വിട്ടിട്ട് പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് അവൾ പോയി."
സിസ്റ്റർ കരയുന്നതും നോക്കി ഒന്നും മനസ്സിലാവാതെ നിർവികാരതയോടെ അവൾ നിന്നു.
"അഞ്ജലീ, നീയെന്താണ് ഇങ്ങനെ നിൽക്കുന്നത്? നിനക്ക് വിഷമമില്ലേ?"
"ഞാനെന്തിന് വിഷമിക്കണം, അവൾ സ്വന്തം വീട്ടിൽ പോയതല്ലേ?"
"അഞ്ജലീ, നിന്റെ ശാലിനി ഇനി തിരിച്ചു വരില്ല. അവൾ മരിച്ചു പോയി. മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും താഴെ വീണു."
യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ അവൾ ഒരു നിമിഷം ചലനമറ്റു നിന്നു. ബോധരഹിതയായി വീഴാൻ തുടങ്ങിയ അഞ്ജലിയെ സിസ്റ്റർ താങ്ങിപ്പിടിച്ചു കിടത്തി.
ബോധം വീണപ്പോൾ അവൾക്ക് തന്നെ നിയന്ത്രിക്കാനായില്ല.
"ശാലിനീ, എന്റെ മോളേ നിനക്കെന്താണ് സംഭവിച്ചത്...!"
അഞ്ജലിയുടെ ഹൃദയം തകർന്നുള്ള കരച്ചിലും പുലമ്പലുമെല്ലാം കണ്ടുനിന്ന ചാർജ് നഴ്സിനും തേങ്ങലടക്കാൻ കഴിഞ്ഞില്ല.
ആദ്യ ദിവസത്തെ സെമിനാർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ, ഡോക്ടർ വിനോദ് തന്റെ ഫോണെടുത്തു നോക്കി.
'ആരൊക്കെയോ വിളിച്ചിരിക്കുന്നു. കുറേയധികം മിസ്ഡ് കോളുകൾ! ഫോൺ സൈലന്റ് ആക്കി വച്ചിരുന്നതിനാൽ ആരും വിളിച്ചത് കേട്ടിരുന്നില്ല.. ഇത്രയും കാളുകൾ വരാൻ മാത്രം എന്താണാവോ വിശേഷിച്ച്? ആരെയെങ്കിലും ഒന്നു തിരിച്ചു വിളിക്കാം.'
വീട്ടിലെത്തിയയുടനെ തന്നെ തന്റെ അസിസ്റ്റന്റായ ഡോക്ടർ സാമിനെ വിളിച്ചു.
"ഹലോ, ഡോക്ടർ..."
"ഹലോ, സാം വിളിച്ചിരുന്നോ? എന്റെ ഫോൺ സൈലന്റിൽ ആയിരുന്നു."
"വിളിച്ചിരുന്നു ഡോക്ടർ."
"എന്തെങ്കിലും എമർജൻസി ഉണ്ടായിരുന്നോ?"
"ഒരു ഷോക്കിംങ് ന്യൂസ് പറയാനായിരുന്നു ഡോക്ടർ ഞാൻ വിളിച്ചത്."
"എന്താണ് സാം?"
"നമ്മുടെ ഒരു സ്റ്റാഫ്, ഇന്ന് സൂയിസൈഡ് ചെയ്തു. ഹോസ്റ്റലിന്റെ മൂന്നാം നിലയിലുള്ള ടെറസ്സിൽ നിന്നും താഴേയ്ക്ക് വീണു മരിച്ചു. നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്."
ഡോക്ടർ വിനോദിന്റെ നെഞ്ചിൽ ആരോ ഒരു വലിയ കല്ലെടുത്തു വച്ചതുപോലെ തോന്നി.
"ഈശ്വരാ, ആരായിരിക്കും? ശാലിനിയെ വിളിച്ചു ചോദിക്കാം. അവളുടെ ബാച്ചിലെ കുട്ടി ആയിരിക്കുമല്ലോ.'
അപ്രതീക്ഷിതമായ ഒരു ദാരുണ സംഭവം കേട്ടതിന്റെ ഞെട്ടലിൽ, വിനോദ് തളർന്നിരുന്നു. ശാലിനിയെ വിളിച്ച് സംസാരിക്കാൻ അയാളുടെ മനസ്സ് തിടുക്കം കൂട്ടിക്കൊണ്ടിരുന്നു.
(തുടരും)