mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 23

വാർഡിൽ നല്ല ജോലിത്തിരക്കുകൾ ഉണ്ടായിരുന്നിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ ഗ്രീഷ്മയ്ക്കു കഴിഞ്ഞില്ല. തലേ ദിവസം ഉറക്കത്തിൽ കണ്ട കാഴ്ചകൾ അവളുടെ മനസ്സിനെ വരിഞ്ഞു മുറുക്കി.

"ഗ്രീഷ്മയെ ചാർജ് നഴ്സ് വിളിക്കുന്നുണ്ട്. പോയി കണ്ടിട്ടു വരൂ..."

ഡ്യൂട്ടിയിൽ കൂടെയുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് പറഞ്ഞു.

'എന്തിനായിരിക്കുമോ ഈശോയേ! ഇന്നലെ സ്റ്റേഷനിൽ പോയ വിവരങ്ങൾ എന്തെങ്കിലും ചോദിക്കാനായിരിക്കുമോ, ഓ... അതൊക്കെ അവരെങ്ങനെ അറിയാനാണ്?'

"മാഡം എന്നെ വിളിച്ചിരുന്നോ?"

"ആ... ഗ്രീഷ്മയോ, മുഖം വല്ലാതിരിക്കുന്നല്ലോ... എന്തുപറ്റി ഗ്രീഷ്മാ... സുഖമില്ലേ?"

"അസുഖമൊന്നുമില്ല മാഡം, ഇന്നലെ നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല."

"എന്നാൽ അതുകൊണ്ടായിരിക്കും ഒരു സിക്ക് ലുക്ക് തോന്നുന്നത്."

"ആയിരിക്കും, മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്?"

"ഇന്നലെ താൻ അവധിയായിരുന്നല്ലോ, അതിന് ലീവ് ലെറ്റർ തരുന്നോ അതോ ഞാനത് ഓഫ് ഡ്യൂട്ടി ആക്കണോ? ഓഫ് ആക്കുകയാണെങ്കിൽ വരുന്ന ഞയറാഴ്ചയും ഡ്യൂട്ടിക്ക് വരേണ്ടിവരും."

"ശരി മാഡം, ഞാൻ വന്നോളാം."

"അടുത്ത ആഴ്ച മുതൽ എല്ലാവർക്കും ഡ്യൂട്ടി ചെയ്ഞ്ച് ആണ്. തന്നെ ഐ.സി.യു വിലാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ ആഴ്ചയിൽ മൂന്നു ദിവസം നൈറ്റ് ഷിഫ്റ്റ്‌ ആണ്. ഓ.കെയാണല്ലോ അല്ലേ?"

"ഓ.കെ ആണ് മാഡം."

"ശരി, എങ്കിൽ പൊയ്ക്കോളൂ.''

"താങ്ക്യൂ മാഡം."

അവിടെ നിന്നും തിരിച്ച് വാർഡിലേക്ക് നടക്കുമ്പോൾ ഗ്രീഷ്മയുടെ മനസ്സിൽ ശാലിനിയുടേയും ഡോക്ടർ വിനോദിന്റേയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു വന്നു.

അവധി കഴിഞ്ഞ് ഡോക്ടർ വിനോദ് ഇതുവരേയും മടങ്ങിവന്നിട്ടില്ലായിരുന്നു.

ശാലിനിയുടെ മരണം നൽകിയ ഷോക്കിൽ നിന്നും മുക്തനാവാതെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലെ തന്റെ മുറിയിൽത്തന്നെ കഴിഞ്ഞു കൂടുകയായിരുന്നു ഡോക്ടർ വിനോദ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ആകെ നിരാശനായി ദിവസങ്ങൾ തള്ളിനീക്കി.

മകന്റെ സങ്കടത്തിന്റെ കാരണം, അയാളുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. ചോദിച്ചപ്പോഴൊക്കെ തന്ത്രപൂർവം ഒഴിഞ്ഞു മാറിയതേയുളളൂ... മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും ഒരു വിവിഹത്തിന് തയ്യാറാവാതെ ഒറ്റയാനായി ജീവിക്കുന്നതിൽ ഇരുവരും വളരെ ദുഃഖിതരുമായിരുന്നു.

"മോനേ നിന്റെ അവധി കഴിയാറായില്ലേ, എന്നാണ് ഇനി ജോയിൻ ചെയ്യേണ്ടത്?"

"ലീവ് ഒരാഴ്ചയും കൂടി നീട്ടിയെടുക്കാമെന്ന് വിചാരിക്കുകയാണ്..."

"ഇനിയും അവധിയെടുത്ത് ഇങ്ങനെ വീട്ടിലിരിക്കുന്നതെന്തിനാണ്?"

"അമ്മേ എനിക്കിനി ആ ഹോസ്പിറ്റലിൽ തുടരാൻ വയ്യ. റിസൈൻ ചെയ്തിട്ട് വേറെ എവിടെയെങ്കിലും ജോയിൻ ചെയ്യണമെന്ന് ആഗ്രഹികുകയാണ്. രണ്ടുമൂന്നു സ്ഥലത്തു നിന്നും നല്ല ഓഫർ ലഭിച്ചിട്ടുണ്ട്."

"സത്യത്തിൽ എന്താണ് നിന്റെ പ്രശ്നം, അവിടെയെന്തെങ്കിലും മെഡിക്കൽ ഇഷ്യൂസ് ഉണ്ടായോ?"

"അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അവിടെയൊരു മരണം നടന്നു. നഴ്സിംഗിന് പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു."

"അതിന് നിനക്കെന്താണ്, അതൊക്കെ സാധാരണ നടക്കുന്ന സംഭവങ്ങൾ അല്ലേ?"

"എനിക്കു വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയാണ് മരിച്ചത്. അതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള അന്വേഷണം നടക്കുകയാണ്."

"ആ കുട്ടിയുമായി നിനക്കുള്ള ബന്ധം എന്താണ്?"

"ഞങ്ങൾ തമ്മിൽ മാനസികമായി വളരെയധികം അടുത്തുകഴിഞ്ഞിരുന്നു. അവളെ വിവാഹം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഇവിടെ വരുമ്പോൾ നിങ്ങളോടു രണ്ടുപേരോടും അവളെക്കുറിച്ച് പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു."

"പേരെടുത്ത ഒരു കാർഡിയോളജിസ്റ്റ് ആയ നീ വെറുമൊരു നഴ്സിനെ കല്യാണം കഴിക്കാനോ? ഞങ്ങൾ ഇതിന് സമ്മതിക്കുമായിരുന്നു എന്ന് നീ വിചാരിച്ചിരുന്നോ?"

"ഒരിക്കൽ അമ്മയല്ലേ പറഞ്ഞത്, ഇഷ്ടപ്പെടുന്ന ആരെ വേണമെങ്കിലും വിവാഹം കഴിച്ചോളാൻ; എങ്ങനെയായാലും ഒരു കുടുംബമുണ്ടായിക്കണ്ടാൽ മതിയെന്ന്! എന്നാട്ടിപ്പോൾ എന്തിനാണ് ഇങ്ങനെ റിയാക്ട് ചെയ്യുന്നത്?"

"ശരിയാണ്, അങ്ങനെ ഞാൻ പറഞ്ഞിരുന്നു. എന്നാലും നീ ഒരു നഴ്സുമായി അടുപ്പത്തിലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല."

"ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം? എന്നെ തനിച്ചാക്കി അവൾ പോയില്ലേ! ഒരു കർഷകക്കുടുംബത്തിലെ സാധു പെൺകുട്ടിയായിരുന്നു ശാലിനി. ആറു മാസം  കഴിഞ്ഞ്, അവളുടെ കോഴ്സ് തീർന്നാലുടൻ ഞങ്ങളുടെ കല്യാണം നടത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്."

"അവൾ എങ്ങനെയാണ് മരിച്ചത്?"

"ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണതാണ്. ആരെങ്കിലും അവളെ അപകടപ്പെടുത്തിയതാവാനേ തരമുള്ളൂ. ഞങ്ങളുടെ ബന്ധത്തെപ്പറ്റി അറിയാവുന്ന മറ്റുചില കുട്ടികൾ ഒരുക്കിയ കെണിയിൽ അവൾ വീണതായിരിക്കും. നടന്നതെന്താണെന്ന് പോലീസ്  അന്വേഷിക്കുന്നുണ്ട്."

"നീ ആദ്യം സ്നേഹിച്ച യാമിനിയെന്ന മെഡിക്കൽ സ്റ്റുഡൻ്‌റും ആത്മഹത്യ ചെയ്തതല്ലേ? നീ സ്നേഹിക്കുന്നവരെല്ലാം മരണപ്പെടുകയാണല്ലോ മോനേ!"

"അതേ, ഇതെന്തൊരു വിധിയാണമ്മേ,ഒരു ശപിക്കപ്പെട്ട ജന്മമാണോ എന്റേത്?"

"അങ്ങനെയൊന്നും പറയല്ലേ മോനേ..ചിലപ്പോൾ എല്ലാം നല്ലതിനാകും."

"എന്നെ സ്നേഹിച്ച രണ്ടു പെൺകുട്ടികളും മരണത്തിന് കീഴടങ്ങി. ഒരു കുടുംബജീവിതമൊന്നും എനിക്ക് പറഞ്ഞിട്ടില്ലെന്നു തോന്നുന്നു."

"നീയിങ്ങനെ നിരാശപ്പെടാതെ, ഇനിയും സമയമുണ്ടല്ലോ. ഏതായാലും അവധി കഴിയുമ്പോൾ ഹോസ്പിറ്റലിൽ പോയി ജോയിൻ ചെയ്യണം. ഇങ്ങനെ ദുഃഖിച്ച് വീട്ടിലിരുന്നാൽ മനസ്സ് മരവിച്ചു പോകുകയേയുള്ളൂ..."

"അവളില്ലാത്ത ആശുപത്രിയിൽ ജോലി ചെയ്യാൻ ഇനി എനിക്കു കഴിയുമെന്ന് തോന്നുന്നില്ലച്ഛാ... ആ ഓർമകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും."

"അതൊക്കെ നിന്റെ തോന്നലാണ് മോനേ... മരിച്ചുപോയവരെ ഓർത്ത് നീ, നിന്റെ ജീവിതം നശിപ്പിക്കരുത്."

കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന ശേഷം  ഫോണെടുത്ത് വിനോദ്, തന്റെ സുഹൃത്തിനെ വിളിച്ചു.

"ഹലോ..."

"ഹലോ സാം, ഞാൻ വിനോദാണ്."

"ഹായ് സോക്ടർ, എന്തൊക്കെയുണ്ട്? നാളെ ലീവ് തീരുകയാണല്ലോ. മറ്റന്നാൾത്തന്നെ ജോയിൻ ചെയ്യില്ലേ?"

"അങ്ങനെ വിചാരിക്കുന്നു. അവിടുത്തെ അന്തരീക്ഷമൊക്കെ ഇപ്പോൾ എങ്ങനെയുണ്ട്?"

"എല്ലാം പഴയതു പോലെ തന്നെ. താങ്കളുടെ അപ്പോയ്മെന്റ്സും കാത്ത് ഒരുപാട് രോഗികൾ വെയിറ്റു ചെയ്യുന്നുണ്ട്. എത്രയും വേഗം എത്തിയേക്കണേ.."

"ശരി സാം... എന്നാൽ മറ്റന്നാൾ കാണാം.ബൈ..."

"ബൈ ഡോക്ടർ."

ഡോക്ടർ വിനോദിന്റെ തീരുമാനത്തിൽ അച്ഛനും അമ്മയും ഏറെ സന്തോഷിച്ചു.

സബ് ഇൻസ്പെക്ടർ അരുൺ പോളിനെ വിളിച്ച് കേസന്വേഷണത്തിന്റെ പുരോഗതിയെപ്പറ്റി ആരാഞ്ഞു.

"ഹലോ സാർ, ഞാൻ ഡോക്ടർ വിനോദാണ്."

"പറയൂ ഡോക്ടർ."

"അന്വേഷണമൊക്കെ എവിടെ വരെയായി സാർ?"

"പുരോഗമിക്കുന്നുണ്ട് ഡോക്ടർ, അവധിയൊക്കെ കഴിഞ്ഞ് എത്തിയോ?"

"മറ്റന്നാൾ ജോയിൻ ചെയ്യും."

"ശരി, എങ്കിൽ ഇവിടെ എത്തിയിട്ട് കാണാം."

"ഓ.കെ സാർ."

"ബൈ.."

"അമ്മേ നാളെ ഉച്ചകഴിഞ്ഞ് ഞാനിറങ്ങും. മറ്റന്നാൾ ജോലിക്ക് ജോയിൻ ചെയ്യണം."

"നന്നായി മോനേ, നിനക്ക് കൊണ്ടുപോകാനുള്ളതൊക്കെ ഞാൻ എടുത്തു വയ്ക്കാം. വാസു അവിടെയുണ്ടല്ലോ, നാളെ നീ എത്തുമെന്നുള്ള വിവരം ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം."

"ശരി അമ്മേ..."

ശാലിനിയുടെ മരണശേഷം ആരും തന്നെ ടെറസ്സിലോട്ട് കയറിപ്പോയിട്ടില്ല. തുണി കഴുകി താഴെ കെട്ടിയിട്ടുള്ള അയകളിൽ വിരിക്കാറാണ് എല്ലാവരും ചെയ്യുന്നത്.

അന്ന് അലക്കിയ തുണികൾ വിരിക്കാനായി അഞ്ജലിക്കും അലീനയ്ക്കും സ്ഥലം കിട്ടിയില്ല.

"അലീനാ, ഇനിയെന്തു ചെയ്യും, നമ്മൾ എവിടെ വിരിക്കും?"

"നമുക്ക് ടെറസ്സിൽ കൊണ്ടുപോയി വിരിച്ചാലോ?"

"അവിടെ ഇപ്പോൾ ആരും പോകാറില്ലല്ലോ..."

"ഇത്രയും ദിവസം ആയില്ലേ, നമുക്കൊന്ന് പോയി നോക്കാമെന്നേ..."

"അതിന് കോണിപ്പടികളിൽ നിന്നും ടെറസ്സിലേക്കുളള വാതിൽ പൂട്ടിയിട്ടിരിക്കുകയല്ലേ?"

"എന്തായാലും അവിടെ വരെ പോകാം. വരൂ അഞ്ജലീ... വാതിൽ പൂട്ടിക്കിടക്കുകയാണെങ്കിൽ നമുക്ക് തിരിച്ചു പോരാം."

"ശരി, നിന്റെ ഇഷ്ടം."

കോണിപ്പടികൾ കയറി മുകളിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.

"ആഹാ... നമുക്ക് വേണ്ടി ആരോ തുറന്നിട്ടതുപോലെ തോന്നുന്നല്ലോ..."

"എടീ വേഗം വിരിച്ചിട്ടു പോകാം. നേരം സന്ധ്യയായി."

"ഉം..."

അവിടവിടെയായി മഴവെള്ളം തളം കെട്ടിക്കിടന്നിരുന്നു. പല ഭാഗത്തും പുല്ലുകൾ വളർന്നു നിൽക്കുന്നു. അയകളിൽ ചുരുണ്ടു കിടക്കുന്ന ശാലിനിയുടെ തുണികൾ മഴ നനഞ്ഞും പൊടിയടിച്ചും വൃത്തികേടായി കിടക്കുന്നു. 

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ