ഭാഗം 26
നീതു പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അരുൺ പോൾ സ്‌റ്റേഷനിൽ നിന്നിറങ്ങി വണ്ടിയിൽ കയറി. ഹോസ്റ്റലിൽ എത്തി മേട്രന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു.
"സാർ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ..."
"എനിക്ക് അത്യാവശ്യമായി നീതുവിനേയും ഗ്രീഷ്മയേയും ഒന്നു കാണണം. അവർ ആശുപത്രിയിൽ നിന്നും വന്നിട്ടുണ്ടാവുമല്ലോ, അല്ലേ?"
"ഉണ്ട് സാർ, ഞാൻ വിളിപ്പിക്കാം."
മേട്രൻ തന്നെ പോയി നീതുവിനെ വിളിച്ചു കൊണ്ടു വന്നു.
"ഗ്രീഷ്മയെവിടെ?"
"അവൾ കുളിക്കുകയാണ്."
"താൻ ഫോണിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ മേട്രന് അറിയാമോ?
"ഇല്ല സാർ, ഞാൻ പറഞ്ഞിട്ടില്ല."
"എന്താണ് സാർ കാര്യം, ഇവരുടെയിടയിൽ പിന്നെയും പ്രശ്നങ്ങളുണ്ടോ?"
"ഇവിടെ നടക്കുന്ന അവിശ്വസനീയമായ ചില കാര്യങ്ങൾ, ഈ കുട്ടി എന്നെ വിളിച്ചറിയിച്ചിരുന്നു. മാഡം കൂടി അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
"നീതൂ... എന്താണ് കുട്ടീ, ഇവിടെ നടക്കുന്നത്?"
ഗ്രീഷ്മയ്ക്കു നേരേ ഉണ്ടായ ഉപദ്രവങ്ങളും അലീനയുമായി നടന്ന ഏറ്റുമുട്ടലുകളും ഗ്രീഷ്മയുടെ ഭീതിയുമെല്ലാം അവൾ മേട്രനെ പറഞ്ഞുകേൾപ്പിച്ചു.
എല്ലാം കേട്ട് മേട്രൻ അന്ധാളിച്ചു നിന്നു.
"ഇത്രയും സംഭവങ്ങൾ ഇവിടെയുണ്ടായിട്ടും എന്തുകൊണ്ടാണ് എന്നെ ഇതുവരെ അറിയിക്കാതിരുന്നത്?"
"പേടിച്ചിട്ടാണ് മാഡം."
"ഗ്രീഷ്മയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് വല്ല സംശയവുമുണ്ടോ?"
"അലീനയെ ഞങ്ങൾക്ക് സംശയമുണ്ട് സാർ. മരിച്ചു പോയ ശാലിനിയാണ് അവളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്?"
"ഗ്രീഷ്മയെ മാത്രം അവൾ ഇങ്ങനെ ഉപദ്രവിക്കാനുള്ള കാരണം എന്താണ്?"
"അതറിയില്ല സാർ. ഗ്രീഷ്മയോട് പ്രതികാരം ചെയ്യുകയാണവൾ."
"ആര്?"
"ശാലിനി."
"ശാലിനിക്ക് ഗ്രീഷ്മയോട് പകയുണ്ടാവാനുള്ള കാരണം എന്താണ്?"
"ഗ്രീഷ്മ കാരണമാണ് ശാലിനി മരിച്ചത്."
"എന്നാരു പറഞ്ഞു?"
"ഞാൻ ഊഹിച്ചതാണ് സാർ."
"എല്ലാ ഊഹങ്ങളും ശരിയാവണമെന്നില്ല. വെറും ഊഹാപോഹങ്ങളല്ല, കേസിനാവശ്യം തെളിവുകളാണ്. താൻ പോയി ഗ്രീഷ്മയെ വിളിച്ചുകൊണ്ടുവരൂ..."
"ശരി സാർ."
"അലീനയെപ്പറ്റി മാഡത്തിന്റെ അഭിപ്രായം എന്താണ്?"
"നല്ലൊരു കുട്ടിയാണവൾ. ഗ്രീഷ്മയുടെ തോന്നിവാസങ്ങളെ പലപ്പോഴും അവൾ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ അഞ്ജലിയുടെ മുറിയിലാണ് അവൾ താമസിക്കുന്നത്."
"ആ കുട്ടിയെ കൂടി ഒന്നു വിളിപ്പിക്കാമോ?"
"ശരി സാർ."
"അലീനയെ വിളിക്കാനായി കോണിപ്പടികൾ കയറാൻ തുടങ്ങിയപ്പോൾ നീതുവും ഗ്രീഷ്മയും എതിരേ വരുന്നതു കണ്ടു."
"ഗ്രീഷ്മാ, ആരാണ് നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്? നീതു എന്നോട് എല്ലാം പറഞ്ഞു."
"അറിയില്ല മാഡം,ആ ശാലിനിയുടെ പ്രേതം ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്."
"ശരി, അരുൺ സാർ നിന്നെ കാത്തിരിക്കുന്നു. മുറിയിലേക്ക് ചെന്നോളൂ.''
"ശരി മാഡം."
ഗ്രീഷ്മ മുറിയിലേക്ക് ചെല്ലുമ്പോൾ അരുൺ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. തന്റെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അദ്ദേഹം ഫോൺ കട്ട് ചെയ്തു.
"ഗ്രീഷ്മാ, എന്തൊക്കെയാണ് ഞാനീ കേൾക്കുന്നത്, ആരാണ് കുട്ടിയെ ഉപദ്രവിക്കുന്നത്?"
"കൃത്യമായി അറിയില്ല സാർ, അലീനയെയാണ് എനിക്ക് സംശയം. ഇന്നു രാത്രിയിലും അവൾ വരും. എന്നെ ഇല്ലാതാക്കാനാണ് അവൾ ശ്രമിക്കുന്നത്."
"ഗ്രീഷ്മയെ ഇല്ലാതാക്കിയിട്ട് ആർക്കെന്തു കിട്ടാനാണ്?"
"അതൊന്നും എനിക്കറിയില്ല, അവളെന്നെ കൊല്ലുന്നതിനു മുൻപ്, എന്നെ രക്ഷിക്കണം."
"ഗ്രീഷ്മ ഭയപ്പെടാതെ, അങ്ങനെയൊന്നും സംഭവിക്കില്ല. എല്ലാം തന്റെ തോന്നലുകളാണ്."
"ഇന്നു മുതൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് നന്നായി പ്രാർത്ഥിച്ചിട്ട് കിടക്കണം."
"ശരി സാർ."
"എന്നാൽ നിങ്ങൾ പൊയ്ക്കോളൂ.. ഇനിയും ഇങ്ങനെയൊക്കെ ഉണ്ടായാൽ എന്നെ അറിയിക്കണം."
അവർ പോയിക്കഴിഞ്ഞപ്പോൾ അലീനയേയും കൊണ്ട് മേട്രൻ മുറിയിലേക്ക് വന്നു.
അലീനയുടെ ഭാവങ്ങളോരോന്നും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അരുൺ ചോദിച്ചു.
"അലീനയ്ക്ക് ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു സാർ."
"മരിച്ചു പോയ ശാലിനി, തന്റെ കൂട്ടുകാരിയായിരുന്നോ?"
"ആ കുട്ടിയെ എനിക്കിഷ്ടമായിരുന്നു സാർ. അവൾ ആത്മഹത്യ ചെയ്തതാണെന്ന് എനിക്കു തോന്നുന്നില്ല."
"അങ്ങനെ തോന്നാൻ എന്താണ് കാരണം?"
"അവളൊരു പാവമായിരുന്നു സാർ. അവളെ ആരോ ചതിച്ചതാണ്."
"ആര്?"
"അവളോട് പകയുണ്ടായിരുന്ന ആരെങ്കിലുമായിരിക്കും."
"അലീന എന്തിനാണ് ഗ്രീഷ്മയുമായി വഴക്കിട്ടത്?"
"എപ്പോൾ? അങ്ങനെയൊരു സംഭവം ഞാനോർക്കുന്നതേയില്ല സാർ."
"രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ താൻ ഗ്രീഷ്മയുടെ മുറിയിൽ പോകാറുണ്ടോ?"
"ഇല്ല സാർ, ഒൻപതു മണിയാകുമ്പോഴേയ്ക്കും ഞാൻ കിടന്നുറങ്ങും. രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയാണ്."
"രാവിലെ എത്ര മണിക്കാണ് താൻ ഉണരുന്നത്?"
"അഞ്ചു മണിക്ക് അലാറം അടിക്കുമ്പോൾ ഞാൻ എഴുന്നേൽക്കും."
അസാധാരണമായ പെറുമാറ്റങ്ങളൊന്നും അവളിൽ ദർശിക്കാൻ അരുണിന് കഴിഞ്ഞില്ല.
"ശരി, കുട്ടി പൊയ്ക്കോളൂ... അഞ്ജലിയോട് എന്നെ വന്ന് കാണാൻ പറയൂ..."
"ശരി സാർ."
ഒരുപാടു നേരം അഞ്ജലിക്കു വേണ്ടി കാത്തിരുന്നെങ്കിലും അവൾ വന്നില്ല.
"ഇത്രയും നേരമായിട്ടും ആ കുട്ടിയെ കാണുന്നില്ലല്ലോ മാഡം."
"അവൾ ചിലപ്പോൾ കുളിക്കുകയായിരിക്കും സാർ, ഞാൻ പോയി നോക്കാം."
"വേണ്ട മാഡം, സമയം ഒത്തിരിയായി. ഞാൻ ഇനി നാളെ വരാം."
ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇടനാഴിയുടെ അറ്റത്തുള്ള ജന്നാലയിൽ കൂടി, തിരിച്ചു പോകുന്ന അരുൺ പോളിനെക്കണ്ട് അലീന ഗൂഢമായി മന്ദഹസിച്ചു.
തുറന്നു കിടന്ന വാതിലിലൂടെ മുറിയിലെത്തിയ അലീനയോട് അഞ്ജലി ചോദിച്ചു:
"അലീനാ, നീ ഇതുവരെ എവിടെ ആയിരുന്നു?"
"ഞാനിവിടെ പുറത്ത് ഇടനാഴിയിൽ കൂടി നടക്കുകയായിരുന്നു."
"എന്തിനാണ് നിന്നെ മേട്രൻ വിളിച്ചു കൊണ്ടുപോയത്?"
"വീട്ടിൽ നിന്നും മമ്മി വിളിച്ചിരുന്നു."
അപ്പോൾ അങ്ങനെയൊരു കള്ളം പറയാനാണ് അലീനയ്ക്ക് തോന്നിയത്.
"നിനക്ക് അങ്ങനെ കോൾ ഒന്നും വരാറില്ലായിരുന്നല്ലോ. ഇപ്പോൾ എന്തു പറ്റി?"
"ഇങ്ങനെയൊരു മകൾ ഉണ്ടെന്ന് ഇപ്പോൾ ഓർത്തുകാണും."
"വിളിച്ചിട്ട് എന്തുപറഞ്ഞു?"
"എന്തു പറയാൻ, അപ്പന്റെ കുറേ കുറ്റം പറഞ്ഞു."
"സത്യത്തിൽ അവർ തമ്മിലുള്ള പ്രശ്നം എന്താണ്?"
"രണ്ടുപേരേയും ഇപ്പോൾ ഭരിക്കുന്നത് ഈഗോയാണ്. വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറല്ല. ഇങ്ങനെ പോയാൽ അധികം താമസിയാതെ തന്നെ ഇരുവരും രണ്ടുവഴിക്കാവും."
"ഡിവോർസിന് പെറ്റീഷൻ കൊടുത്തിട്ടുണ്ടോ?"
"ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ പപ്പ ഒരു പാവമാണ്."
"ആരുടെ കൂടെ നില്ക്കണമെന്ന് കോടതി ചോദിച്ചാൽ നീ എന്തു പറയും?"
"പപ്പയോടൊപ്പം നിൽക്കണമെന്നേ ഞാൻ പറയുകയുള്ളൂ."
"അപ്പോൾ നിൻറ മമ്മിയോ?"
"മമ്മി വേറൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കട്ടെ."
"നിനക്കതിൽ വിഷമമൊന്നുമില്ലേ അലീനാ?"
"ഞാനെന്തിന് വിഷമിക്കണം, എല്ലാവരും അവനവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ."
"മ്... നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം. എനിക്ക് വിശക്കുന്നുണ്ട്."
"ശരി, പോകാം."
"അലീനാ, നീയന്തിനാണ് ഗ്രീഷ്മയെ കാണുമ്പോൾ വഴക്കുണ്ടാക്കാൻ പോകുന്നത്?"
"എനിക്കറിയില്ലെടീ, അവളെ കാണുമ്പോൾ ഞാൻ, ഞാനല്ലാതായി മാറുകയാണ്."
"നീ ഇനി അവളുമായി വഴക്കുണ്ടാക്കുകയാണെങ്കിൽ ഞാൻ നിന്നോടു പിണങ്ങും, കേട്ടല്ലോ."
"ഇല്ല അഞ്ജലീ, ഞാനിനി ഒരു വഴക്കിനും പോവില്ല. നീ എന്നോട് പിണങ്ങിയാൽ, അതെനിക്ക സഹിക്കാൻ പറ്റില്ല."
അവർ മെസ്സ് ഹാളിലെത്തിയപ്പോൾ അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല.
"ഇന്ന് രണ്ടാളും നേരത്തേ ആണല്ലോ, എന്തുപറ്റി?"
ഭക്ഷണം വിളമ്പുന്ന ചേച്ചിയോട്, അഞ്ജലി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
"വിശന്നപ്പോൾ ഇങ്ങു പോരുന്നു. ചേച്ചിക്കു സുഖമാണോ?"
"കുഴപ്പമില്ല കുഞ്ഞേ, ഇങ്ങനെയൊക്കെ അങ്ങു കഴിഞ്ഞു കൂടുന്നു."
ആഹാരം കഴിച്ച്, തിരിച്ചു പോകുന്നതുവരെയും ഗ്രീഷ്മയെ ഒന്നും കണ്ടില്ല.
(തുടരും)