ഭാഗം - 8
നീതൂ, ഈ ഡോക്ടർമാരെ മയക്കിയെടുക്കുന്ന മന്ത്രം നിനക്കറിയാമോ?"
"എനിക്കറിയില്ല ഗ്രീഷ്മാ, നിനക്കറിയുമെങ്കിൽ ഞങ്ങൾക്കും കൂടി ഒന്ന് പറഞ്ഞുതരൂ."
"എനിക്കറിയാമായിരുന്നെങ്കിൽ ഡോക്ടർ വിനോദൊക്കെ എന്നേ എന്റെ വലയിൽ വീഴുമായിരുന്നു."
"അതൊക്കെ ഒരു കഴിവാടീ.. ഈ മന്ത്രത്തിനോടൊപ്പം വിചിത്രമായ ഏതെകാലും യന്ത്രവും കാണും."
അവരുടെ അർത്ഥം വച്ചുള്ള സംസാരം കേട്ട് ശാലിനിയുടെ ഹൃദയം മുറിഞ്ഞു.
'ഇന്ന് അലീനയെ അവരുടെ കൂട്ടത്തിൽ കണ്ടില്ലല്ലോ, അവരുടെ കൂട്ടുകെട്ടിൽ നിന്നും അവൾ പിണങ്ങിപ്പിരിഞ്ഞെങ്കിൽ അവളെങ്കിലും രക്ഷപെട്ടേനെ.'
മുറിയിലെത്തിയ ശാലിനി, കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞു. അവരുടെ ഓരോ വാക്കുകളും മുള്ളുകൾ പോലെ അവളുടെ ഹൃദയത്തെ കുത്തി മുറിച്ചു കൊണ്ടിരുന്നു.
ശാലിനിയുടെ വിളിയും കാത്തിരുന്ന ഡോക്ടർ വിനോദിന്റെ ക്ഷമ നശിച്ചു.
'ഇവൾ ഇതുവരെ തിരികെയെത്തിയില്ലേ, എത്തിയാലുടൻ വിളിക്കണമെന്ന് പറഞ്ഞിട്ട് വിളിക്കുന്നില്ലല്ലോ.'
ഫോൺ ബെല്ലടിച്ചപ്പോൾ കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ശാലിനി ഫോണെടുത്തു.
"ഹലോ..."
"താനെന്താണ് വിളിക്കാതിരുന്നത്, തിരിച്ചുവരാൻ താമസിച്ചോ?"
"ഇല്ല വിനുവേട്ടാ, ഞാൻ അപ്പോഴേ എത്തി."
"തന്റെ സ്വരം എന്താണ് വല്ലാതിരിക്കുന്നത്, കരയുകയായിരുന്നോ?"
മെസ്സിൽ നിന്നും തിരിച്ചു വരുന്ന വഴി ഗ്രീഷ്മയേയും കൂട്ടുകാരികളേയും കണ്ടതും അവരുടെ മുനവച്ചുള്ള സംസാരവുമെല്ലാം ശാലിനി, അവളുടെ വിനുവേട്ടനോട് വിവരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, ഐ.സി.യുവിൽ നിന്നും ചാടിയിറങ്ങിപ്പോയത് അവരിലൊരാൾ ആണെന്ന് അയാളും ഉറപ്പിച്ചു. എങ്കിലും അക്കാര്യം ശാലനിയോട് പറയാൻ കൂട്ടാക്കിയില്ല.
അതുംകൂടി അറിയുമ്പോൾ, ഭയം കൊണ്ട് അവൾ തന്നിൽ നിന്നും അകലാൻ ശ്രമിച്ചാലോ എന്നു കരുതി മൗനം പാലിച്ചു.
"വിനുവേട്ടൻ എന്താണ് ആലോചിക്കുന്നത്?"
"ഒന്നുമില്ല ശാലിനീ, തന്നോടുള്ള അസൂയ കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. അതിനൊന്നും ചെവി കൊടുക്കേണ്ട. പക്ഷേ, അവരെ ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണ്. ഗ്രീഷ്മയെന്നവൾ ശരിക്കും ഒരു കരിനാഗമാണ്, എപ്പോഴാണ് വിഷം ചീറ്റുന്നത് എന്നറിയില്ല. അവളിൽ നിന്നും എപ്പോഴും അകന്നു തന്നെ നിൽക്കണം. തന്നെ അപമാനിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണവൾ. ഒന്നിനും അവൾക്ക് അവസരം കൊടുക്കരുത്."
"അതാണെനിക്കും പേടി. ഇങ്ങനെയൊക്കെ പറഞ്ഞു നടന്നാൽ, ഹോസ്റ്റലിലും ഹോസ്പിറ്റലിലും എല്ലാവരും അറിയില്ലേ?"
"അറിയുന്നെങ്കിൽ അറിയട്ടെ, എന്നായാലും അതു വേണ്ടതല്ലേ?"
"ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ ഞങൾക്ക് തിയറി ക്ലാസ്സുകളും പരീക്ഷകളുമൊക്കെയാണ്.
മൂന്നു മാസത്തെ ക്ലാസ്സുകൾ കഴിഞ്ഞാൽ പിന്നെ മോഡൽ എക്സാമും അതു കഴിഞ്ഞ് ഫൈനൽ എക്സാമും ആണ്."
"അപ്പോൾ ഇനി തമ്മിൽ കാണാനുള്ള അവസരം കുറയുമല്ലോ. ആഴ്ചയിൽ നാലു ദിവസങ്ങൾ എങ്കിലും ക്ലാസ്സെടുക്കാൻ എനിക്കും വരേണ്ടിവരും."
"വിനുവേട്ടന്റെ ക്ലാസ്സിൽ ഇനി എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല."
"അതെന്താ?"
"അതങ്ങനെയാണ്. വിനുവേട്ടന്റെ മുഖത്തു നോക്കി മനോരാജ്യത്തിൽ മുഴുകി ഞാനങ്ങനെയിരിക്കും. എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിച്ചേക്കരുതേ."
"ശത്രുക്കൾക്ക് കളിയാക്കിച്ചിരിക്കാൻ താനായിട്ട് അവസരമുണ്ടാക്കിക്കൊടുക്കരുത്. പറഞ്ഞേക്കാം. ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ മറ്റുള്ളവരെപ്പോലെ താനും ഒരു സ്റ്റുഡൻറ് മാത്രമാണ്."
"ശ്രമിക്കാം വിനുവേട്ടാ, ഇതുവരെയുള്ള എല്ലാ പരീക്ഷകളിലും ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു. ഇനിയുള്ള പരീക്ഷകൾ പാസ്സാകുമോയെന്നു തന്നെ ഇപ്പോൾ സംശയമാണ്."
"ഫൈനൽ പരീക്ഷയിലും താനായിരിക്കണം ഒന്നാം സ്ഥാനത്ത്. മാർക്കു കുറഞ്ഞാൽ എന്റെ സ്വഭാവം മാറും. നന്നായി പഠിക്കണം. ആ സമയങ്ങളിൽ ഞാൻ ശല്യപ്പെടുത്താനൊന്നും വരില്ല, പോരേ?"
"തമ്മിൽ കാണാൻ കഴിയാത്ത ദിവസങ്ങളിൽ ഒരു നേരമെങ്കിലും എന്നെ വിളിക്കണം. പഠിക്കുവാനുള്ള ഒരു ഉന്മേഷത്തിനാണ്."
"തന്റെ ഇഷ്ടം പോലെ."
"ഉറങ്ങുന്നില്ലേ, രാവിലെ പോകേണ്ടതല്ലേ? ഇനി തിങ്കളാഴ്ചയല്ലേ കാണാൻ സാധിക്കുകയുള്ളൂ എന്നോർക്കുമ്പോൾ ഒരു വിഷമം."
"ഞാൻ എന്നും വിളിക്കാം. നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറയട്ടേ?"
"അയ്യോ വേണ്ട, പാവപ്പെട്ട ഒരു നഴ്സുമായുള്ള ബന്ധം അവർ ഒരിക്കലും അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല."
"അച്ഛനും അമ്മയും എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിര് പറയില്ല. അവർ പാവങ്ങളാണ്. എങ്ങനെയെങ്കിലും ഞാനൊന്നു വിവാഹിതനായിക്കാണാൻ വർഷങ്ങളായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണവർ."
"എങ്കിലും കുറച്ചു മാസങ്ങൾ കൂടിക്കഴിഞ്ഞിട്ട് പറഞ്ഞാൽ പോരേ വിനുവേട്ടാ? എന്റെ കോഴ്സ് ഒക്കെ ഒന്ന് പൂർത്തിയായിട്ട്."
"വീട്ടിൽ ചെല്ലുമ്പോഴല്ലാം പല സ്ഥലത്തും പെണ്ണുകാണാൻ പോകണമെന്നും പറഞ്ഞ് അമ്മ നിർബന്ധിക്കും. അതുകൊണ്ട് ഇപ്പോൾ വീട്ടിലേക്കുള്ള യാത്രയും കുറച്ചിരിക്കുകയാണ്."
"വിനുവേട്ടൻ എന്താണ് ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?"
"ഇതുവരെ മനസ്സിനിണങ്ങിയ ആരേയും കണ്ടുമുട്ടിയില്ല. ഒരു പക്ഷേ, അറിയാതെയാണെങ്കിലും മുജന്മസുകൃതം പോലെ തനിക്കു വേണ്ടി കാത്തിരുന്നതാവാം."
"ശരിക്കും?"
"അതേ, തന്നെ കാണുന്നതുവരെ ഇങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല."
"എന്റെ ഭാഗ്യം."
"നാളെയും തനിക്ക് ഡേ ഷിഫ്റ്റ് അല്ലേ? രാത്രിയിൽ വിളിക്കാം. സമയം കുറേയായി."
"നാളെയും കൂടി അഞ്ജലിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്. എന്നാൽ വയ്ക്കട്ടെ വിനുവേട്ടാ... ബൈ, ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്."
കണ്ണടച്ച് ഉറങ്ങാൻ കിടക്കുമ്പോഴും പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ വിനുവേട്ടനായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.
'കാർഡിയോളജി വിഭാഗത്തിൽ അഗ്രഗണ്യനായ ഡോക്ടർ വിനോദിന്റെ ഹൃദയം കവരാൻ മാത്രം കട്ടപ്പന എന്ന മലയോര ഗ്രാമത്തിലെ ഒരു സാധു കർഷകന്റെ മകളായ ഈയുള്ളവൾക്ക് എന്തു യോഗ്യതയാണുള്ളത്! മായക്കണ്ണനായ കൃഷ്ണന്റെ ഓരോരോ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ!'
പെട്ടെന്ന് ശാലിനി, തന്റെ സ്വന്ത നാടിനേയും വീടിനേയും ഒക്കെ ഓർത്തു. അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. അപ്പച്ചനേയും അമ്മച്ചിയേയും അച്ഛനേയും അമ്മയേയും മറ്റും കാണാൻ വല്ലാതെ ആശിച്ചു.
മനസ്സിന്റെ കൂട്ടിൽ ചിന്തകൾ കൂടു വയ്ക്കുന്നതോടൊപ്പം അവളറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഗ്രീഷ്മയുടെ മനസ്സിൽ ശാലിനിയോടുളള അസൂയയും പകയും അനുദിനം വളർന്നുകൊണ്ടിരുന്നു. അവൾക്കൊരു പണി കൊടുക്കുവാൻ വേണ്ടി ഗ്രീഷ്മ തന്റെ കുടില മനസ്സിൽ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നു.
അവൾ തന്റെ മുറിയുടെ ഇടനാഴിയിൽ നിന്നുകൊണ്ട് താഴെ പൈപ്പിനരികിൽ നിന്നും തുണിയലക്കിക്കൊണ്ടു നിൽക്കുന്ന ശാലിനിയെ കണ്ടു.
കട്ടിലിൽ കിടക്കുകയായിരുന്ന നീതുവിന്റെ അരികിൽ ചെന്ന് അവളോടായി പറഞ്ഞു:
"എടീ നീതു എണീറ്റേ, നിനക്കു ഞാൻ നല്ലൊരു കാഴ്ച കാണിച്ചു തരാം."
"എന്താടീ, എനിക്കു നല്ല ക്ഷീണം. ഞാനൊന്നു കിടക്കട്ടെ ."
"എടീ, പതിവില്ലാതെ നമ്മുടെ നായിക താഴെ നിന്ന് തുണിയലക്കുന്നു."
"അതിനിപ്പം എന്താ" നമ്മളും ചെയ്യാറില്ലേ?"
"എടീ അതല്ല, അവൾക്കിട്ടൊരു പണി കൊടുക്കാൻ പറ്റിയ സമയമാണെന്ന് എനിക്കു തോന്നുന്നു,"
"എന്തു പണി?"
"അതൊക്കെയുണ്ട്, നീ കണ്ടോ?"
ശാലിനിയെ നീരീക്ഷിച്ചു കൊണ്ട് അവർ അവിടെത്തന്നെ നിന്നു.
അലക്കിയ തുണികളുമായി കോണിപ്പടികൾ കയറി വരുന്ന ശാലിനിയോട് നീതു ചോദിച്ചു:
"എന്താ ശാലിനീ, ഞങ്ങളുടെ സഹായം വല്ലതും വേണോ?"
ഒന്നും മിണ്ടാതെ ബക്കറ്റുമായി അവൾ മൂന്നാം നിലയിലേക്കുള്ള ഓരോ പടികളും സൂക്ഷ്മതയോടെ കയറിക്കൊണ്ടിരുന്നു. ടെറസ്സിലെ അയകളിൽ നിറയെ പലരുടേയും വസ്ത്രങ്ങൾ വിരിച്ചിട്ടിരിക്കുന്നു. കഴിഞ്ഞ മഴപ്പെയ്ത്തിനു ശേഷം അവിടവിടെയായി ചെറിയ പുൽച്ചെടികൾ മുളച്ചു നിൽക്കുന്നു.
ഇതേ സമയം ഗ്രീഷ്മ, തന്റെ പെട്ടിതുറന്ന് പിശാചിന്റെ മുഖമെന്നു തോന്നിപ്പിക്കുന്ന ഒരാവരണം എടുത്ത്, തലയുടെ മുകളിൽ കൂടി മുഖത്തണിഞ്ഞു.
(തുടരും)