ഭാഗം 14
ശാലിനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് എന്താണ് സാർ?"
"വീഴ്ചയിലുണ്ടായ തലയിലെ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചിരിക്കുന്നു എന്നു മാത്രമാണ്. അസാധാരണമായി അതിൽ ഒന്നുമില്ല. വീഴ്ചയിലെ ദുരൂഹത കണ്ടുപിടിക്കേണ്ടതുണ്ട്.."
"ശാലിനിയുടെ മരണം എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. അവളെ അവസാനമായി ഒന്നു കാണണമെന്നുണ്ടായിരുന്നു."
"തൽക്കാലം അതു വേണ്ട ഡോക്ടർ. താങ്കൾ അവിടെ ചെന്നാൽ അതൊരു വാർത്തയാകും. മനസ്സിനെ നിയന്ത്രിക്കണം. മരിച്ചവർ പോയി, ഇനി ജീവിച്ചിരിക്കുന്നവരുടെ സ്വസ്ഥത കൂടി കളയണോ?"
"ഞാൻ ചെന്നില്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തി കിട്ടില്ല സാർ."
"അതൊക്കെ താങ്കളുടെ തോന്നലാണ്. അല്ലെങ്കിൽത്തന്നെ ഇത്തരമൊരു ബന്ധത്തിൽ, സ്വന്തം നിലയും വിലയും മറന്ന് ഡോക്ടർ ചെന്നു ചാടിയതു തന്നെ അബദ്ധമായിപ്പോയി."
”എന്നാലും അവസാനമായി ഒന്നു കണ്ടില്ലെങ്കിൽ അതെന്നും ഒരു കുറ്റബോധമായി ഹൃദയത്തെ കാർന്നുതിന്നും."
"ഡോക്ടറെപ്പോലെയുള്ളവർ ഇങ്ങനെയൊക്കെ പറയുന്നതു തന്നെ എനിക്കതിശയമായി തോന്നുന്നു. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി സ്വന്തം മുഖം രക്ഷിക്കാനാണ് നോക്കേണ്ടത്.
ഏതായാലും നിങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തൽക്കാലം ഞാൻ പുറത്തുവിടുന്നില്ല. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിക്കാം. ബൈ...."
"ശരി സാർ,"
'ശാലിനിയുടെ മരണം ഒരു ആത്മഹത്യയാണെന്നുള്ളത് തള്ളിക്കളയേണ്ടിയിരിക്കുന്നു. സംഭവം ഒരു കൊലപാതകമോ അപകടമരണമോ ആണെന്നുള്ളതും സ്ഥിതീകരിക്കേണ്ടിയിരിക്കുന്നു'
മൊബൈൽ ഫോൺ റിംങ് ചെയ്യുന്ന ശബ്ദംകേട്ട് എടുത്തു നോക്കി. സർക്കിൾ ഇൻസ്പെക്ടറാണ്.
"ഹലോ സാർ.."
"എന്തായി അരുൺ, ആ കുട്ടിയുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ? അന്വേഷണം ആരംഭിച്ചോ?"
"ദുരൂഹത ഉണ്ട് സാർ, അന്വേഷണത്തിന്റെ ഭാഗമായി പലരേയും ചോദ്യം ചെയ്തു."
"എന്നിട്ട് എന്തെങ്കിലും തുമ്പു കിട്ടിയോ?"
"മരിച്ച കുട്ടിയോട് പകയുണ്ടായിരുന്ന ഗ്രീഷ്മ എന്ന കുട്ടിയെ സംശയിക്കേണ്ടിയിരിക്കുന്നു. പലരുടേയും മൊഴികൾ അതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നതും."
"അവരെ ചോദ്യം ചെയ്തിരുന്നോ?"
"ചെയ്തിരുന്നു സാർ. കാര്യങ്ങൾ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാനാണ് അവർ ശ്രമിക്കുന്നത്."
"താങ്കൾ സമർത്ഥനായ ഒരു ഉദ്യോഗസ്ഥൻ ആണെന്ന് ഡിപ്പാർട്ട്മെന്റിൽ എല്ലാവർക്കും അറിയാവുന്നതാണല്ലോ. അന്വേഷണം സത്യസന്ധമായി പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു."
"വളരെ നന്ദി സാർ."
ശാലിനിയുടെ ശരീരവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് കട്ടപ്പനയിലെത്തിയപ്പോൾ ഡ്രൈവർ ചോദിച്ചു:
"സാർ, എങ്ങോട്ടാണ് പോകേണ്ടത്?"
കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ഒരാൾ പറഞ്ഞു:
"ഇവിടെ നിന്നും രണ്ടു കി.മീറ്റർ കഴിഞ്ഞാൽ വലതു വശത്തേയ്ക്ക് തിരിയുന്ന ഇടറോഡിലൂടെ മുന്നിലോട്ടു പോകണം."
"മുതലാളിയുടെ ബംഗ്ളാവിലേക്കാണോ അതോ ഇവരുടെ സ്വന്തം വീട്ടിലേക്കാണോ പോകുന്നത്?"
കൂട്ടത്തിലുള്ള മറ്റൊരാളുടെ സംശയം ചോദ്യരൂപേണ പുറത്തു വന്നു.
"ആദ്യം മുതലാളിയുടെ ബംഗ്ലാവിലോട്ടു തന്നെ പോകാം." ശാലിനിയുടെ അച്ഛൻ ഒരു തേങ്ങലോടെ പറഞ്ഞു.
ബംഗ്ളാവിലേക്കുള്ള വഴി, മുതലാളി തന്നെ ഡ്രൈവറിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.
വലിയൊരു ആൾക്കൂട്ടത്തിന്റെ മുന്നിലേയ്ക്ക് വല്ലാത്തൊരു ശബ്ദത്തോടെ ആംബുലൻസ് ചെന്നു നിന്നു. നാലഞ്ചു പേർ ചേർന്ന് ശാലിനിയുടെ ശരീരം വച്ചിരുന്ന കണ്ണാടിപ്പെട്ടി, വണ്ടിയിൽ നിന്നെടുത്ത് വീടിന്റെ മുറ്റത്ത് ഒരുക്കിയിരുന്ന, കറുത്ത തുണികൾ കൊണ്ട് അലങ്കരിച്ച പന്തലിൽ വച്ചു. കൂട്ട നിലവിളിയോടെ ആ മുഖം ഒരു നോക്കു കാണുവാൻ വേണ്ടിയുള്ള അവസരത്തിനായി കണ്ണുനീരോടെ എല്ലാവരും കാത്തുനിന്നു.
രണ്ടുമൂന്നു സ്ത്രീകൾ ശാലിനിയുടെ അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് പെട്ടിക്കരികിൽ കൊണ്ടു നിർത്തി. തന്റെ പ്രാണൻ തന്നെയായ മകളുടെ ചേതനയറ്റ ശരീരം വച്ച പെട്ടിയിലേക്ക് കമിഴ്ന്നു കിടന്ന് ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു.
തൊട്ടുപിറകെ ശോശാമ്മച്ചിയും ഇരുകൈകളും കൊണ്ട് നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ട് പാഞ്ഞു വന്നു.
"എന്റെ മോളേ, ഈ അമ്മച്ചിയെ വിട്ടിട്ട് നീ പോയല്ലോ... എനിക്കിനി ജീവിക്കണ്ടായേ...
എന്റെ ഈശോയേ... എന്നെക്കൂടി അങ്ങു വിളിക്കണേ... മോളേ... ശാലിനീ... അയ്യോ, ഇതൊന്നും കാണാൻ എനിക്ക് വയ്യായേ.."
രണ്ടു പേരേയും ആരൊക്കെയോ ചേർന്നു പിടിച്ചു മാറ്റി. കണ്ടുനിന്നവരുടെയെല്ലാം കണ്ണിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി.
ഒരു ഗ്രാമം മുഴുവൻ അവിടെ കൂടിയിരുന്നു. ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള രണ്ടു പോലീസുകാർ ആളുകളെ നിയന്ത്രിച്ചു കൊണ്ടിരുന്നു. സകലത്തിനും ഒരടുക്കും ചിട്ടയുമുണ്ടാക്കി.
എല്ലാം കണ്ടുകൊണ്ടു നിന്ന ശാലിനിയുടെ അച്ഛന്റെ ഉള്ളം നൊന്തുപിടഞ്ഞു. പൊഴിഞ്ഞു വീണ താരകം പോലെ ആ സാധുമനുഷ്യന്റെ സ്വപ്നവും കരിഞ്ഞുവീണു.
"മുതലാളീ, സംസ്കാരം എത്ര മണിക്കാണ്? കർമങ്ങളൊക്കെ എങ്ങനെയാണ്? അതിനുള്ള ഏർപാടൊക്കെ ചെയ്യണ്ടേ?" മുതലാളിയുടെ കാര്യസ്ഥൻ വന്നു ചോദിച്ചു.
"എനിക്കൊന്നുമറിയില്ല, അവളുടെ അച്ഛനോട് ചോദിച്ചിട്ട് എന്താണെന്നു വച്ചാൽ ചെയ്തോളൂ... പണം എത്രയാണെന്ന് വച്ചാൽ പറഞ്ഞാൽ മതി."
ഒരു ഗ്രാമത്തിലെ ആളുകൾ ഒഴുക്കിയ കണ്ണുനീർപ്പുഴയുടെ തീരത്തിലൂടെ ശാലിനിയുടെ അന്ത്യയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നു.
വൈകുന്നേരം നാലുമണിയോടുകൂടി അവളുടെ ജീവനറ്റ ശരീരം, ബംഗ്ലാവിൽ നിന്നും അവളുടെ ഓലമേഞ്ഞ കൊച്ചു വീടിന്റെ ഉമ്മറത്ത് കൊണ്ടു വച്ചു. വിലാപയാത്രയിൽ അപ്രതീക്ഷിതമായി പെയ്ത ചാറ്റൽ മഴയിലൂടെ പ്രകൃതിയും തന്റെ അനുശോചനം അറിയിച്ചു.
സൗകര്യങ്ങൾ കുറവാണെങ്കിലും ആരും തന്നെ പിരിഞ്ഞു പോയിരുന്നില്ല. ബന്ധുമിത്രാദികളെ കൂടാതെ ഗ്രാമത്തിലെ എല്ലാവരുടേയും സാന്നിധ്യത്തിൽ സംസ്കാരച്ചടങ്ങുകൾ തുടങ്ങി. വീടിനോട് ചേർന്നു കിടക്കുന്ന പുരയിടത്തിന്റെ പടിഞ്ഞാറേ മൂലയിൽ തയ്യാറാക്കിയ കുഴിമാടത്തിൽ, കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ശാലിനിയുടെ ദേഹം
അടക്കം ചെയ്തു. വിങ്ങുന്ന വേദനയോടെ എല്ലാവരും ആ ചടങ്ങിന് സാക്ഷ്യം വഹിച്ചു.അവളെ സ്നേഹിച്ചിരുന്നവരുടെ ഹൃദയം, പുക്കളായും ഇലകളായും കണ്ണീരായും അവളുടെ കുഴിമാടത്തിൽ അർപ്പിച്ചു.
എല്ലാം കഴിഞ്ഞ് തേങ്ങലോടെടെയാണ് ആളുകൾ പിരിഞ്ഞു പോയത്. ഇങ്ങനെയൊരു സംഭവം ആ നാട്ടിൽ ആദ്യമായിട്ടാണ്. ഗ്രാമത്തിന്റെ ഐശ്വര്യമാണ് പൊലിഞ്ഞു വീണത്. ഒരു നാടിന്റെ സ്വപ്നമാണ് മണ്ണിനടിയിലായത്. കരഞ്ഞു കരഞ്ഞ് പുരയുടെ ഉള്ളിൽ തളർന്നു കിടക്കുന്ന അവളുടെ അമ്മയുടെ അരികിൽ സർവതും നഷ്ടപ്പെട്ട നായി കൂനിക്കൂടിയിരിക്കുന്ന അച്ഛനെന്ന സാധുവായ മനുഷ്യൻ!
ചടങ്ങിലുടനീളം സന്നിഹിതരായിരുന്ന പോലീസുകാർ അതിശയത്തോടെ പരസ്പരം പറഞ്ഞു:
"ഇന്നുവരെ ഇങ്ങനെയൊരു മരണം കണ്ടിട്ടില്ല."
"വാസ്തവം, പാവം കുട്ടി! ശരിക്കും അവൾ മരിച്ചത് എങ്ങനെ ആയിരിക്കും?"
"എന്തായാലും ആത്മഹത്യ ചെയ്തതായിരിക്കില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാനേ തരമുള്ളൂ..."
"അങ്ങനെയാണെങ്കിൽ അവളുടെ ബന്ധുക്കൾക്ക് പരാതി ഉണ്ടാവില്ലേ?"
"അവിടുത്തെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്."
"ഇവിടെ അന്തരീക്ഷമാെക്കെ ശാന്തമായല്ലോ, ഇനി നമുക്ക് പോയാലോ?"
"ശരി, ബംഗ്ലാവിൽ കയറി മുതലാളിയെ ഒന്നു കണ്ടിട്ടു പോകാം."
ബംഗ്ലാവും പരിസരവുമെല്ലാം ശോകമൂകമായി കിടക്കുന്നു. ആരേയും പുറത്തു കാണാഞ്ഞതിനാൽ കാളിംഗ് ബെൽ അമർത്തി കാത്തു നിന്നു.
വാതിൽ തുറന്നു പുറത്തേയ്ക്കു വന്ന പരിചാരകനോട് മുതലാളിയെ കാണണമെന്ന് പറഞ്ഞു.
"മുതലാളി ക്ഷീണിച്ചു കിടക്കുകയാണ്. കൊച്ചമ്മയും കിടപ്പാണ്. ഇന്നത്തെ ദിവസം ആരും ഒന്നും കഴിച്ചിട്ടില്ല."
"എങ്കിൽ ശരി, അവർ കിടന്നോട്ടെ, ഞങ്ങൾ നാളെ വരാം."
"ആരാടാ ശശീ അത്?" സംസാരം കേട്ടുകൊണ്ട് മുതലാളി ഇറങ്ങി വന്നു.
"ആ... നിങ്ങളായിരുന്നോ? കാര്യങ്ങളെല്ലാം നന്നായി ക്രമീകരിച്ചു. നിങ്ങളോടെങ്ങനെ നന്ദി പറയണമെന്നറിയില്ല."
"അയ്യോ മുതലാളി, അതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയല്ലേ."
"നിങ്ങൾ ഇരിക്കൂ... ഞാനിതാ വരുന്നു."
രണ്ടു പോലീസുകാരുടേയും പോക്കറ്റിൽ പൈസ തിരുകി വച്ചിട്ട് മുതലാളി പറഞ്ഞു:
"ഇതിരിക്കട്ടെ, ഉച്ചഭക്ഷണം പോലും കഴിക്കാതെ രണ്ടുപേരും കഷ്ടപ്പെട്ടതല്ലേ."
"അതൊന്നും സാരമില്ല മുതലാളീ, ഞങ്ങളുടെ കടമ ചെയ്തെന്നേയുള്ളൂ.."
"എങ്കിലും നിങ്ങളുടെ ആത്മാർത്ഥത എനിക്കിഷ്ടപ്പെട്ടു."
"താങ്ക് യൂ മുതലാളീ.."
"ഈ മരണത്തെപ്പറ്റി അന്വേഷിക്കാൻ പരാതി കൊടുത്തിരുന്നോ? ഇതൊരു ആത്മഹത്യയായി ഞങ്ങൾക്കു തോന്നുന്നില്ല."
"അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. സംഭവം നടന്ന സ്ഥലത്തുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവർ ചിലപ്പോൾ ഇവിടെയും വന്നേക്കും. അവളുടെ ആത്മാവിന് നീതി കിട്ടിയാൽ മതിയായിരുന്നു." ആകുലതകൾ നിറഞ്ഞ മനസ്സുമായി മുതലാളി മുറിയിലേക്കു നടന്നു.
(തുടരും)