ഭാഗം 22
അസ്വസ്ഥമായ മനസ്സോടെ ഗ്രീഷ്മ തന്റെ കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു. പോലീസുകാരുമായിട്ടുള്ള സംഭാഷണം ഓർത്തപ്പോൾ, വല്ലാത്ത ഭീതിയിൽ ഹൃദയം വിറച്ചു.
'ഉടനെ ഒരു അറസ്റ്റുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും അല്പം താമസിച്ചാലും അതുണ്ടാവുമെന്നല്ലേ അതിനർത്ഥം. ഇനി ഏതു നിമിഷവും അത് പ്രതീക്ഷിച്ചുതന്നെ കഴിയണം.'
ഒരു ദിവസം രാവിലെ വനിതകളടങ്ങുന്ന ഒരു സംഘം പോലീസുകാർ ഹോസ്റ്റലിൽ എത്തി തന്റെ ഇരുകൈകളിലും വിലങ്ങണിയിച്ച് മറ്റു ള്ളവരുടെ മുമ്പിൽ കൂടി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്ന കാഴ്ച ഭാവനയിൽ കണ്ടവൾ നടുങ്ങി.
'കസ്റ്റഡിയിലെടുത്ത് മർദനമുറകൾ ഉപയോഗിച്ച് ചോദ്യം ചെയ്യുമ്പോൾ ശാലിനിയെ ഞാൻ കൊന്നതാണെന്നുവരെ അവർ പറയിക്കും. ഒരു കണക്കിന് ഞാനാണല്ലോ അവളെ ഈ ലോകത്തു നിന്നും പറഞ്ഞുവിട്ടത്. എനിക്കു മാത്രം അറിയാവുന്ന ആ രഹസ്യം പുറത്തു വന്നാൽ പിന്നെ, ആജീവനാന്തകാലം ജയിലിൽ തന്നെ കിടക്കാം.
ചാച്ചന്റേയും മമ്മിയുടേയും അവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ! കേസിൽ ഉൾപ്പെടുത്താതെ നോക്കാമെന്ന് അലക്സ് സാർ പറഞ്ഞുവെങ്കിലും അത് പൂർണമായും വിശ്വസിക്കാനും കഴിയുന്നില്ല.'
ചിന്തകളുടെ വേലിയേറ്റങ്ങളിൽ മുങ്ങിയും പൊങ്ങിയും അവൾ വിമ്മിഷ്ടപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കാൻ പോലും മെസ്സിൽ പോകാതെ അവൾ ആ കിടപ്പ് അങ്ങനെ തുടർന്നു.
"ഗ്രീഷ്മാ നിനക്കിതെന്തു പറ്റി, സുഖമില്ലേ?"
ഡ്യൂട്ടി കഴിഞ്ഞെത്തിയ നീതു, ഗ്രീഷ്മയുടെ കിടപ്പുകണ്ട് ചോദിച്ചു.
"ഉം..."
"നിനക്കിന്ന് ജോലിയില്ലായിരുന്നോ?"
മറുപടിയൊന്നും പറയാതെ തിരിഞ്ഞു കിടന്ന അവളെ കണ്ട്, നീതു അമ്പരന്നു.
'ഇവളെന്താണ് ഇങ്ങനെ കിടക്കുന്നത്, ചോദിച്ചിട്ട് ഒന്നും പറയുന്നതുമില്ലല്ലോ!'
"ഗ്രീഷ്മാ, നീ ഇന്ന് എവിടെയെങ്കിലും പോയിരുന്നോ?"
"ഉം.."
"പറയാൻ മനസ്സില്ലെങ്കിൽ വേണ്ട, ഞാൻ ഇനി നിന്റെ കാര്യത്തിൽ ഇടപെടാൻ വരില്ല."
"എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ആരേയും വിളിച്ചില്ലല്ലോ."
"ഓഹോ അങ്ങനെയാണോ? എങ്കിൽ ശരി, ഞാനിനി ഒന്നിനും വരുന്നില്ല."
കുളി കഴിഞ്ഞ് നീതു, തിരിച്ചു വന്നപ്പോഴേയ്ക്കും ഗ്രീഷ്മ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ അവളുടെ മമ്മിയോടാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി.
സംസാരത്തിൽ നിന്നും അവളുടെ പപ്പ ഇവിടെ വന്നിരുന്നുവെന്നും നീതു മനസ്സിലാക്കി.
കരഞ്ഞുകൊണ്ടാണ് അവൾ ഫോൺ കട്ട് ചെയ്തത്. ഗ്രീഷ്മയെ അസ്വസ്ഥമാക്കുന്ന രീതിയിൽ എന്തൊക്കെയോ നടക്കുന്നതായി നീതു ഊഹിച്ചു.
ഭക്ഷണം കഴിക്കാനായി മെസ്സിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗ്രീഷ്മ പറഞ്ഞു:
"എടീ ഞാനും വരുന്നു."
"ഇന്ന് നിന്റെ പപ്പ വന്നിരുന്നു, അല്ലേ?"
"ഉം..."
"നാളെ നിനക്ക് ഡ്യൂട്ടി ഉണ്ടോ?"
"ഉം..."
വഴിയിൽ വച്ച് ലിൻസിയും അവരോടൊപ്പം കൂടി. ലിൻസിക്ക് മുഖം കൊടുക്കാതെ, ഗ്രീഷ്മ വേഗം നടന്നു പോയി.
"നീതു, നീയെന്റെ മുറിയിൽ വന്നിട്ട്, തിരിച്ചു പോയത് എന്താണ്?
"അവിടെക്കിടന്നിട്ട് ഉറക്കം വരുന്നില്ലെടീ..."
"വീണ്ടും നീ ഗ്രീഷ്മയോടൊപ്പം കൂടി, ഇല്ലേ?"
"അങ്ങനെയൊന്നുമില്ല, അവൾ ഇപ്പോൾ എന്നോട് അങ്ങനെ മിണ്ടാറൊന്നുമില്ല. അവൾക്കെന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതു പോലെ തോന്നുന്നു."
നടത്തത്തിന് വേഗത കൂട്ടിയതിനാൽ ഗ്രീഷ്മ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
"അവളുടെ പപ്പയും പോലിസ് ഇൻസ്പെക്ടറും ഒക്കെ ഇന്ന് ഇവിടെ വന്നിരുന്നുവത്രേ. അവരുടെ കൂടെ അവളും സ്റ്റേഷനിലേക്ക് പോയിരുന്നുവെന്ന് ആരോ പറയുന്നതു കേട്ടു."
"ഇവൾ കാരണമാണ് ശാലിനി മരിച്ചതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്."
"എന്നിട്ട് ആ വിവരം നീ പോലീസിനോട് പറഞ്ഞോ?"
"അങ്ങനെ തീർത്തൊന്നും പറഞ്ഞില്ല, സംശയമുണ്ടെന്നുമാത്രം പറഞ്ഞു."
"അവളെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു കാണും."
"എടുത്തുചാടി ഒരോന്നൊക്കെ ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു."
"ശരിയാണ്."
ഭക്ഷണം കഴിച്ചിട്ട് തിരികെ മുറിയിലെത്തിയപ്പോഴും ഗ്രീഷ്മ മൗനം പാലിച്ചു.
"ഗ്രീഷ്മാ, നിനക്ക് എന്നോടുളള പിണക്കമൊന്നും മാറിയില്ല?"
"എനിക്കാരോടും പിണക്കമൊന്നുമില്ല."
"എന്നിട്ടാണോ ഞാൻ ചോദിച്ചതിനൊന്നും നീ മറുപടി പറയാത്തത്?"
"എന്താണ് നീ ചോദിച്ചത്. എന്റെ വ്യക്തിപരമായ കാര്യങ്ങളാണെങ്കിൽ എനിക്കൊന്നും പറയാനില്ല."
"എന്നാൽ ശരി, ഗുഡ് നൈറ്റ്."
"ഉം..."
നിശ്ശബ്ദമായ രാത്രിയുടെ ഏതോ യാമത്തിൽ, ആരോ കരയുന്നത് കേട്ട് ഗ്രീഷ്മ കണ്ണു തുറന്നു. കട്ടിലിനരികിൽ അവളേയും നോക്കിക്കൊണ്ട് നിൽക്കുന്ന വെള്ള വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കണ്ട് അവൾ ഭയന്നുവിറച്ചു.
അരണ്ട വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയെങ്കിലും മുഖം വ്യക്തമല്ലാതിരുന്നതിനാൽ ആരാണെന്ന് മനസ്സിലായില്ല.
"ആരാണ് നീ, എന്തു വേണം?"
ആ രൂപത്തിൽ നിന്നും ഒരു തേങ്ങലല്ലാതെ വാക്കുകളൊന്നും പുറത്തുവന്നില്ല.
"നീ എന്തിനാണ് കരയുന്നത്?"
തേങ്ങലിന്റെ ശബ്ദം കൂടിയതല്ലാതെ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഒന്നുകൂടി ചോദിച്ചു:
"ആരാണെനു പറയൂ..."
"ഞാൻ... ഞാൻ... ശാലിനിയാണ്."
"ഏഹ്.... ശാലിനിയോ?"
ഭയന്നുവിറച്ച അവൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ആവുന്ന ശക്തി ഉപയോഗിച്ച് അവൾ അലറി വിളിച്ചു.
ഗ്രീഷ്മയുടെ നിലവിളി കേട്ട്, അടുത്ത കട്ടിലിൽ കിടന്നിരുന്ന നീതു ചാടിയെണീറ്റു ലൈറ്റിട്ടു.
വിയർത്തു കുളിച്ചു കിടന്നിരുന്ന ഗ്രീഷ്മയെ തട്ടിവിളിച്ചു.
"ഗ്രീഷ്മാ, നിനക്ക് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്?"
"പോ... പോ... എന്നെ തൊടരുത്, പോ..."
"ഗ്രീഷ്മേ.. എടീ... ഇത് ഞാനാണ്, നീതു... കണ്ണുതുറക്കെടീ..."
ഗ്രീഷ്മ പതിയെ കണ്ണുതുറന്ന് ചുറ്റും നോക്കി. അവളുടെ മുഖം ഭയന്നു വിളറിയിരുന്നു. ദാഹിച്ചു വരണ്ട ചുണ്ടുകൾ വെള്ളത്തിനായി കേണു.
വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് നീതു പറഞ്ഞു:
"ഇതാ, നീ വെള്ളം കുടിക്ക്..."
"അവൾ എവിടെ... പോയോ?"
"ആരുടെ കാര്യമാണ് നീ പറയുന്നത്, ഈ മുറിയിൽ നീയും ഞാനും മാത്രമല്ലേ ഉള്ളൂ... നീ വല്ല സ്വപ്നവും കണ്ടു പേടിച്ചോ?"
"അല്ലെടീ അതു സ്വപ്നമല്ല, ഞാൻ ശരിക്കും അവളെ കണ്ടതാണ്. ദാ ഇവിടെയാണ് അവൾ നിന്നത്. അവളുടെ കരച്ചിലും ഞാൻ കേട്ടതാണ്."
"ആരു കരഞ്ഞെന്നാണ് നീയീ പറയുന്നത്?
ഇവിടെ ആരു വരാനാണ്, മുറി പൂട്ടിയിരിക്കുകയല്ലേ?"
രണ്ടു പേരും വാതിലിന് നേർക്കു നോക്കിയപ്പോൾ കതക് അല്പം ഉള്ളിലേക്ക് തുറന്നു കിടക്കുന്നത് കണ്ടു.
"അയ്യോ, കിടക്കാൻ നേരം ഞാൻ കതക് പൂട്ടിയിരുന്നതാണതാല്ലോ, ഇതാരാണ് തുറന്നത്?"
"ഞാൻ പറഞ്ഞില്ലേ, അവൾ ഇവിടെ വന്നിരുന്നു. ഞാൻ ശരിക്കും കണ്ടതാണ്."
"ആരു വന്നെന്നാണ് നീ പറയുന്നത്, ആരെയാണ് നീ കണ്ടത്?"
"അവൾ ഇവിടെ ഉണ്ടായിരുന്നു, ആ ശാലിനി."
"ശാലിനിയോ, അതിന് അവൾ മരിച്ചു പോയില്ലേ?"
"മരിച്ചവർ രാത്രിയിൽ ഇറങ്ങി നടക്കുമല്ലോ, അവൾ ഇനിയും വരുമായിരിക്കും. ചിലപ്പോൾ അവളെന്നെ കൊല്ലാനും മടിക്കില്ല."
"അവൾ എന്തിനാണ് നിന്നെ കൊല്ലുന്നത്? നീ കാരണമല്ലല്ലോ അവൾ മരിച്ചത്?"
"അതേ, ഞാനാണ്... ഞാനാണ്... അവളെ..."
"നീയവളെ എന്തു ചെയ്തു ഗ്രീഷ്മാ?"
"ഇല്ല... ഇല്ല...ഞാനൊന്നും ചെയ്തില്ല...ഞാനൊന്നും ചെയ്തിട്ടില്ലെടീ..."
"ശരിയാണ്, നീയൊന്നും ചെയ്തിട്ടില്ല...നീ എന്തോ സ്വപ്നം കണ്ട് പേടിച്ചതാണ്. കിടന്നുറങ്ങാൻ നോക്ക്. മൂന്നു മണി കഴിഞ്ഞതേയുള്ളൂ... നാളെ ഡ്യൂട്ടിക്ക് പോകാനുള്ളതല്ലേ..."
നീതു ലൈറ്റണച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോൾ ഗ്രീഷ്മ പറഞ്ഞു:
"അയ്യോ... വേണ്ട, ലൈറ്റണയ്ക്കണ്ടാ..."
"അതെന്താ?"
"ലൈറ്റണച്ചാൽ അവളിനിയും വരും."
"മ്... വരട്ടെ, അപ്പോൾ നീയെന്നെ വിളിച്ചാൽ മതി. എനിക്കും കാണാമല്ലോ."
കണ്ണുകളടയ്ക്കാൻ പേടിച്ച്, തലയ്ക്കു മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിൽ നോക്കി അവൾ കിടന്നു.
(തുടരും)