ഭാഗം 4
ഈശ്വരാ, രണ്ടു പേർക്കും കൂടി ഒരുമിച്ച് നൈറ്റ് ഡ്യൂട്ടി കിട്ടിയെന്നോ? എന്നാൽ ഇന്നലെ രാത്രി എന്തെങ്കിലുമൊക്കെ നടന്നിട്ടുണ്ടാവും."
"എടീ നീതു, അതു തെളിയിക്കാൻ വല്ല വഴിയുമുണ്ടോ? ഉണ്ടായിരുന്നെങ്കിൽ ഒരു പണി ഒപ്പിക്കാമായിരുന്നു."
"ഇന്നലെ വേറെ ആരൊക്കെയാണ് രാത്രി ഷിഫ്റ്റിന് ഉണ്ടായിരുന്നതെന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ."
"ശരിയെടീ, പിന്നെ കാണാം. ആരോ വരുന്നുണ്ട്."
കുളിച്ചു ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നെങ്കിലും ഒരു പോള കണ്ണടയ്ക്കാൻ ശാലിനിക്ക് കഴിഞ്ഞില്ല. തലേന്ന് രാത്രിയിൽ അനുഭവിച്ചറിഞ്ഞ അനുഭൂതികളുടെ മാസ്മര വലയത്തിൽ അവളുടെ മനസ്സ് ചൂഴ്ന്നിറങ്ങി.
'വിനുവേട്ടന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും! ആരെങ്കിലും ആ സമയത്ത് അതു വഴി വന്നിരുന്നെങ്കിലോ? ഗ്രീഷ്മയുടേയും സംഘത്തിന്റേയും ചെവിയിലെങ്ങാനുമെത്തിയാൽ പിന്നത്തെ അവസ്ഥ ആലോചിക്കാൻ കൂടി കഴിയുന്നില്ല.'
ഓരോരോ ചിന്തകളിൽ മുഴുകി അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഡോക്ടർ വിനോദിനും ഉറങ്ങാൻ കഴിഞ്ഞില്ല. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അവിവാഹിതനായി കഴിയുന്ന അയാൾ ഇതുവരേയും ഒരു വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞ് പ്രാക്ടീസ്, പിന്നെ പോസ്റ്റു ഗ്രാഡുവേഷൻ. കാർഡിയോളജി വിഭാഗത്തിൽ എം.ഡി കഴിഞ്ഞ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ജോലി കിട്ടി. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഡോക്ടർ വിനോദ്.
അമ്മയും അച്ഛനും സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ആയി ഇപ്പോൾ പാലക്കാട്ടുള്ള തങ്ങളുടെ വസതിയിൽ താമസിക്കുന്നു. അച്ഛൻ ഫിസിഷ്യനും അമ്മ ഗൈനക്കോളജിസ്റ്റും ആണ്. വീട്ടിൽത്തന്നെ ഓരോ മുറികൾ സജ്ജീകരിച്ച് രണ്ടു പേരും ചെറിയ രീതിയിൽ പ്രാക്ടീസും നടത്തുന്നു.
എറണാകുളത്ത് ആശുപത്രിയുടെ ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞ വർഷം വരേയും താമസിച്ചിരുന്നത്. സ്വന്തമായി വാങ്ങിയ ഈ ഫ്ളാറ്റിൽ താമസമായിട്ട് ഒരു കൊല്ലത്തോളം ആവുന്നു. വീട്ടുജോലികൾക്കും സഹായത്തിനും മറ്റുമായി, അച്ഛനുമമ്മയും നാട്ടിൽ നിന്നും അയച്ചതാണ് വാസുവേട്ടനെ.
സമയാസമയങ്ങളിൽ രുചിയുള്ള ആഹാരം പാകം ചെയ്യുക, തുണി അലക്കിത്തേക്കുക, വീടു വൃത്തിയായി സൂക്ഷിക്കുക എന്നു വേണ്ട എല്ലാ കാര്യത്തിലും വാസുവേട്ടൻ ആത്മാർത്ഥത പുലർത്തിപ്പോന്നു.
ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ഇവിടുത്തെ വിശേഷങ്ങൾ വിനോദിന്റെ അച്ഛനമ്മമാരെ വിളിച്ച് അറിയിക്കാറുമുണ്ട്.
വളരെ തിരക്കുള്ള ഡോക്ടർ ആയതിനാൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വീട്ടിൽ പോകാറുള്ളൂ..
വീട്ടിലെത്തിയാൽ പിന്നെ, കല്യാണക്കാര്യമല്ലാതെ രണ്ടുപേർക്കും സംസാരിക്കാൻ വേറെ വിഷയമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ വിനോദിന് വീട്ടിലേയ്ക്കു പോകാനും മടിയാണ്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന വിനോദ് നാലു മണി വരെ കിടന്നുറങ്ങി.
ഡോക്ടർ ഉറക്കമുണരുന്നതും കാത്ത് ഊണു കഴിക്കാതെ വാസുവേട്ടൻ കാത്തിരുന്നു.
"ഇതെന്തൊരു ഉറക്കമാണ് കുഞ്ഞേ, ചോറുണ്ണണ്ടേ?"
"വാസുവേട്ടൻ കഴിച്ചോളൂ... ഞാൻ വന്നോളാം."
"നാലുമണിയായി കുഞ്ഞേ, ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങിക്കോ."
"ഇന്നലെ രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല, അതാണ്."
"ആഹാരം കഴിക്കാതെ വാസുവേട്ടൻ എന്തിനാണ് വിശന്നിരിക്കുന്നത്?"
"കുഞ്ഞു കഴിക്കാതെ ഞാനെങ്ങനെയാണ്..."
"അതൊന്നും സാരമില്ല, സമയമാകുമ്പോൾ കഴിച്ചോളണം; ആർക്കുവേണ്ടിയും കാത്തിരിക്കരുത്, കേട്ടല്ലോ അല്ലേ?"
"ശരി കുഞ്ഞേ..."
ചോറു വിളമ്പികൊണ്ടിരിക്കുന്നതിനിടയിൽ വാസുവേട്ടൻ പറഞ്ഞു:
"കുഞ്ഞേ, അച്ഛനും അമ്മയും വിളിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞ് എന്നാണ് വീട്ടിലോട്ട് ചെല്ലുന്നതെന്ന് ചോദിച്ചു."
"വാസുവേട്ടൻ എന്തു പറഞ്ഞു?"
"ഞാനെന്തു പറയാൻ, അറിയില്ലെന്ന് പറഞ്ഞു. കുഞ്ഞ് എണീക്കുമ്പോൾ അത്യാവശ്യമായി വീട്ടിലോട്ടു വിളിക്കണമെന്നും പറഞ്ഞു."
"എന്താണാവോ ഇത്ര അത്യാവശ്യം, വല്ല കല്യാണക്കാര്യവും പറയാനാവും."
ഊണു കഴിഞ്ഞ് കൈകഴുകിയ ഉടൻ തന്നെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.
"ഹലോ...' അമ്മയാണ് ഫോൺ എടുത്തത്.
"ഹലോ... എന്തിനാണമ്മേ വിളിക്കണമെന്ന് പറഞ്ഞത്, അത്യാവശ്യം വല്ലതും...?"
"മൂന്നുനാലു ദിവസങ്ങളായില്ലേ നീ ഒന്നു വിളിച്ചിട്ട്? ഈ ആഴ്ചയിൽ നീ ഇങ്ങോട്ടു വരുമോ?
"ഇല്ലമ്മേ, അടുത്ത ആഴ്ചയിലേ വരാൻ സാധിക്കൂ.. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സെമിനാറിനു പോകണം. അതു കഴിഞ്ഞ് വരാം. അച്ഛൻ എവിടെ, ക്ലിനിക്കിൽ ആണോ?"
"നിനക്കു നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്. നീ വരുമ്പോൾ നമുക്കു പോയി പെൺകുട്ടിയെ കാണണം. എല്ലാം കൊണ്ടും നല്ല ബന്ധമാണ്. പെൺകുട്ടി, മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു."
"അമ്മേ, അതൊക്കെ നമുക്ക് പിന്നീട് ചിന്തിക്കാം. ബൈ..."
മെഡിസിന് പഠിക്കുമ്പോൾ ആദ്യത്തെ കൊല്ലം തന്നെ ഒരു പ്രണയം തളിരിട്ടു. കൂടെ പഠിച്ചു കൊണ്ടിരുന്ന ഒരു കുട്ടി, ആദ്യനോട്ടത്തിൽ തന്നെ അവന്റെ ഹൃദയം കവർന്നു. കാമ്പസിലെ പ്രണയങ്ങൾ സർവസാധാരണമായതിനാൽ, ആർക്കും അതൊരു പ്രശ്നമായി തോന്നിയില്ല.
ശാലീന സുന്ദരിയായിരുന്നു യാമിനി. രണ്ടു കൊല്ലത്തോളം ഒരു മനസ്സായി നടന്നവർ, മറ്റു കുട്ടികളുടെ ഇടയിൽ സൂപ്പർ ജോഡിയായി തിളങ്ങി. പോകുന്നതും വരുന്നതും കഴിക്കുന്നതും പഠിക്കുന്നതുമെല്ലാം അവർ
ഒരുമിച്ചായിരുന്നു. സദാസമയവും 'വിനുവേട്ടാ' എന്നു വിളിച്ചുള്ള അവളുടെ കൊഞ്ചൽ കലർന്ന സംസാരം അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഒരു ദിവസം പോലും തമ്മിൽ കാണാതിരിക്കാൻ കഴിയാത്ത വിധം അവരുടെ ആത്മബന്ധം വളർന്നു. ഇരു കുടുംബങ്ങളുടേയും സമ്മതവും സപ്പോർട്ടും അവരുടെ സ്നേഹബന്ധത്തിന് ദൃഢത നൽകി.
പെൺകുട്ടികളായ സുഹൃത്തുക്കളോട് അവൻ മിണ്ടുന്നതൊന്നും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. നാളുകൾ കഴിയുന്തോറും അവനോടുള്ള അവളുടെ പൊസസ്സീവ്നസ്സ് കൂടി വന്നു. ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്കു അവളുടെ മനസ്സ് എത്തിച്ചേർന്നു.
ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കുകയും പിണങ്ങുകയും ചെയ്ത യാമിനി, പഠിത്തത്തിൽ തീരെ ശ്രദ്ധിക്കാതെയായി. ഒടുവിൽ ഉറക്കം വരാത്ത രാത്രികളിലൊന്നിൽ ബ്ളെയിഡ് കൊണ്ട് ഇടതുകയ്യിലെ ഞരമ്പു മുറിച്ച്, പ്രശ്നങ്ങൾ നിറഞ്ഞ ലോകത്തിൽ നിന്നും യാത്രയായി.
വിനോദ് ആ ഷോക്കിൽ അക്ഷരാർത്ഥത്തിൽ തളർന്നുപോയി. മൂന്നു മാസക്കാലം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. എല്ലാ മുറിവുകളും ഉണക്കുന്ന കാലമാകുന്ന വൈദ്യൻ, കാലക്രമേണ അവനേയും തിരിച്ചു കൊണ്ടുവന്നു.
മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അദ്ധ്യാപകരുടേയുമെല്ലാം ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഉയർന്ന വിജയം കരസ്ഥമാക്കി വിനോദ് മെഡിസിൻ പൂർത്തിയാക്കി.
ഇതിനിടയിൽ പ്രണയാഭ്യർത്ഥനയുമായി പല പെൺകുട്ടികളും അവനെ സമീപിച്ചെങ്കിലും യാമിനിയുടെ സ്ഥാനത്ത് മറ്റാരേയും കാണാൻ അവന് കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ ഇനി വിവാഹമേ വേണ്ടെന്നുള്ള വാശിയിലായിരുന്നു ഇത്രയും കാലവും വിനോദ് ജീവിച്ചത്.
യാമിനിയെപ്പോലെതന്നെ ശാലീന സൗന്ദര്യത്തിനുടമയായ ശാലിനി, വിനോദിന്റ മനസ്സിനെ, അയാൾ പോലുമറിയാതെ കീഴടക്കി. തന്റെ നഷ്ടപ്പെട്ടുപോയ പ്രണയം ശാലിനി യിലൂടെ വീണ്ടെടുക്കാൻ അയാൾ പരമാവധി ശ്രമിച്ചു.
മരിച്ചുപോയ യാമിനി പുനർജ്ജനിച്ച് ശാലിനിയുടെ രൂപത്തിൽ തന്റെ മുന്നിലെത്തിയതാണോയെന്ന് ആയിരം പ്രാവശ്യം സ്വന്തം മനസ്സിനോടുതന്നെ ചോദിച്ചിട്ടുണ്ട്.
അടുത്ത ദിവസം രാവിലെ എട്ടുമണിയോടുകൂടി ഡോക്ടർ വിനോദ് ആശുപത്രിയിൽ എത്തി.
പത്തുമണി മുതൽ ഓ.പി ഉണ്ട്. അതിനു മുൻപ് റൗണ്ട്സ് എടുക്കണം. എം. വണ്ണിൽ റൗണ്ട്സ് എടുത്തപ്പോൾ ഗ്രീഷ്മയായിരുന്നു ഫയലുകളുമായി ഒപ്പം പോയത്.
"ഡോക്ടറിന് മിനിഞ്ഞാന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു അല്ലേ?"
"അതേ, എന്താ ചോദിച്ചത്?"
അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട് ഡോക്ടർ വിനോദ് ചെറുതായി ഒന്നു ഞെട്ടി.
"അല്ല, ശാലിനിക്കും അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു."
"അതിന്?"
അവളുടെ സംസാരം തികച്ചും അരോചകമായി തോന്നി.
"ഒരുപാടു നേരം ഐ.സി. യു വിന്റെ ഇടനാഴിയിൽ നിങ്ങൾ രണ്ടുപേരും കൂടി നിന്നതൊക്കെ ഇവിടെ പലരും പറഞ്ഞു നടക്കുന്നുണ്ട്. മമ്...നടക്കട്ടെ, എന്നെയൊക്കെ ഇവിടെ ആരു മൈൻഡ് ചെയ്യാൻ?"
അവളുടെ അർത്ഥം വച്ചുള്ള സംസാരവും മൂളലുമൊക്കെ ഡോക്ടർ വിനോദിനെ ചൊടിപ്പിച്ചു.
"അനാവശ്യം പറയരുത്, ഇങ്ങനെയൊക്കെ സാസാരിച്ചാൽ തന്റെ ആഗ്രഹം സാധിക്കുമെന്ന് വിചാരിക്കുന്നുണ്ടോ?"
"ഓ... എന്റെ ആഗ്രഹം, അതൊക്കെ ഞാൻ എന്നേ ഉപേക്ഷിച്ചു."
ആ സംഭാഷണം തുടർന്നുകൊണ്ടുപോകാൻ ഡോക്ടർ വിനോദ് തീരെ ഇഷ്ടപ്പെട്ടില്ല.
(തുടരും)