ഭാഗം 45
ഓ. പി കഴിഞ്ഞയുടൻ തന്നെ തിരിച്ചതുകൊണ്ട് ഇരുട്ടുന്നതിന് മുൻപ് വിനോദ് വീട്ടിലെത്തി. മുറ്റത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, സോഫയിൽ ചാരിക്കിടക്കുന്ന ഡാഡിയുടെ അരികിൽ ചെന്നിരുന്നു.
"ആഹാ, നീ എത്തിയോ? വരുന്ന കാര്യം എന്താണ് അറിയിക്കാതിരുന്നത്?"
"നിങ്ങൾക്കൊരു സർപ്രൈസ് ആകട്ടെ എന്നു വിചാരിച്ചു. ഡാഡിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
"എനിക്ക് കുഴപ്പമൊന്നുമില്ലെടാ, പ്രായത്തിന്റെ ചില്ലറ അസ്വസ്ഥതകളൊക്കെയുണ്ട്. നിന്റെ അമ്മ വെറുതേ ഓരോന്ന് പെരുപ്പിച്ചു പറയുന്നതാണ്."
"മമ്മിയെവിടെ?"
"അവൾ അടുക്കളയിൽ കാണും."
സംസാരം കേട്ട് അവിടേക്ക് കടന്നുവന്ന അമ്മ മകനെ കണ്ട് അമ്പരന്നു.
"നീയെന്താണ് മോനേ വരുന്ന വിവരം അറിയിക്കാതിരുന്നത്? എപ്പോഴും വിളിച്ചു പറഞ്ഞിട്ടായിരുന്നല്ലോ വരുന്നത്."
"ഒരു ചെയ്ഞ്ചായിക്കോട്ടെന്ന് വിചാരിച്ചു."
"നിനക്ക് സുഖമാണോ, ഇപ്പോൾ തിരക്കൊക്കെ കുറവാണോ?"
"സുഖമാണമ്മേ, തിരക്കൊക്കെയുണ്ട്. ഡാഡിക്ക് സുഖമില്ലെന്ന് പറഞ്ഞപ്പോൾ രണ്ടു ദിവസത്തെ അവധിയുമെടുത്ത് ഇങ്ങ് പോരുന്നു."
"അതു നന്നായി..നീ പോയി ഫ്രഷ് ആയിട്ടു വരൂ... ഞാനെന്തെങ്കിലും കഴിക്കാനുണ്ടാക്കാം."
"ഇനിയൊന്നും പ്രത്യേകിച്ച് ഉണ്ടാക്കണ്ടമ്മേ, നിങ്ങൾ കഴിക്കുന്നത് മതി."
"ഞങ്ങളിപ്പോൾ എന്നും രാത്രിയിൽ കഞ്ഞിയാണ് കുടിക്കുന്നത്. പയറുതോരനും ഉണ്ട്."
"നന്നായി, എനിക്കും അതു മതി. ഞാൻ കുളിച്ചിട്ടു വരാം."
"എന്നാൽ ഞാൻ, വേഗം പപ്പടം കൂടി വറുക്കാം."
മൂന്നുപേരും കൂടി പയറും പപ്പടവും കൂട്ടി ചൂടുകഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു:
"മോനേ വിനു... നമുക്ക് നാളെ ഒരിടം വരെ പോകണം."
"എവിടെയാണ് മമ്മീ?"
"ഇവിടെ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത്."
"എന്തിനാണ്, വല്ല പള്ളിയിലോ മറ്റോ ആണോ?"
"അല്ലെടാ, നിനക്കാരു പെണ്ണുകാണാൻ. നാളെ ചെല്ലുമെന്ന് അവരോട് ഞാൻ വിളിച്ചുപറയട്ടെ?"
"അതു വേണ്ടമ്മേ, എനിക്കൊരു കാര്യം പറയാനുണ്ട്."
"എന്താണ്, നീ പറയൂ..."
ഡോക്ടർ സാംമാത്യു പറഞ്ഞ കല്യാണക്കാര്യം, അയാൾ തന്റെ മാതാപിതാക്കളോട് വിവരിച്ചു. എല്ലാം കേട്ടതിന് ശേഷം അമ്മ പറഞ്ഞു:
"കേട്ടിട്ട് നല്ല ആലോചനയാണെന്ന് തോന്നുന്നു. ഞാൻ പറഞ്ഞതും നമുക്ക് ചേരുന്ന ബന്ധമാണ്. ആ കുട്ടിയും ഡോക്ടറാണ്. പി.ജി എടുത്തിട്ടില്ല. മെഡിസിൻ കഴിഞ്ഞിട്ട് അവരുടെ വീടിനടുത്തുള്ള ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. അവരും കാത്തലിക്സ് ആണ്. നാളെ നമുക്ക് ഒന്നുപോയി കണ്ടിട്ടുവരാം. തിരുവനന്തപുരത്തെ കുട്ടിയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിൽ അതുതന്നെ നടത്താം."
"നിന്റെ മമ്മി പറയുന്നതിലും കാര്യമുണ്ട് മോനേ, ഇതാകുമ്പോൾ വലിയ ദൂരമൊന്നുമില്ലല്ലോ. നാളെ പോയൊന്ന് കണ്ടുനോക്ക്. ഞാനും വരാം."
"ശരി ഡാഡി, നിങ്ങളുടെ ഇഷ്ടം."
വിവാഹത്തിന്റെ കാര്യം പറയുമ്പോൾ എപ്പോഴും നിഷേധിച്ചിരുന്ന മകന്റെ മനസ്സ് മാറിയതിൽ അവന്റെ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.
ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന പുലരിയുടെ പൊൻകിരണങ്ങളിൽ പ്രതീക്ഷയർപ്പിച്ച് അയാൾ ഉറങ്ങാൻ കിടന്നു.
രാവിലെ പതിനൊന്നു മണിയോടു കൂടിത്തന്നെ അവർ പെൺകുട്ടിയുടെ വീട്ടിലെത്തി. ലോക്കേഷൻ അയച്ചു തന്നിരുന്നതിനാൽ വീടുകണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. തുറന്നു കിടന്നിരുന്ന ഗേറ്റിൽ കൂടി കടന്ന് വിശാലമായ മുറ്റത്ത് വണ്ടി പാർക്ക്ചെയ്തു.
മനോഹരമായ ഇരുന്നിലവീടിന്റെ മുന്നിൽ ഒരുക്കിയിരിക്കുന്ന ആകർഷണീയമായ പൂന്തോട്ടം കണ്ണുകൾക്ക് കുളിർമയേകി. പൂത്തുലഞ്ഞു നിൽക്കുന്ന പലതരത്തിലുളള പൂക്കളുടെ ഒരു വസന്തോത്സവം തന്നെ അവിടെയുണ്ടായിരുന്നു.
"ആഹാ, നിങ്ങളെത്തിയോ?"
അമ്പതു വയസ്സ് തോന്നിക്കുന്ന കുലീനത നിറഞ്ഞ മുഖവുമായി ഒരാൾ ഇറങ്ങിവന്നു.
"വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?"
"ഏയ് ഇല്ല, ലൊക്കേഷൻ തന്നിരുന്നതുകൊണ്ട് എളുപ്പമായി."
"അകത്തേക്ക് കയറി ഇരിക്കാം.. നിങ്ങളിന്ന് വരുന്ന കാര്യം, രാത്രിയിലാണല്ലോ വിളിച്ചുപറഞ്ഞത്, അതുകൊണ്ട് ബന്ധുക്കളെയൊന്നും അറിയിക്കാൻ കഴിഞ്ഞില്ല."
"ഇവൻ ഇന്നലെ എത്തുമെന്ന് ഞങ്ങൾക്കും അറിവുണ്ടായിരുന്നില്ല."
"ഞാനിപ്പോൾ വരാം."
അയാൾ അകത്തുചെന്ന് ഭാര്യയേയും കൂട്ടിക്കൊണ്ട് വന്നു.
"മക്കൾ എത്ര പേരാണ്?"
"ഞങ്ങൾക്ക് രണ്ടുമക്കളാണ്, മൂത്തതാണ് മകൾ. താഴെയുള്ളത് മകനാണ്. അവൻ ഇപ്പോൾ ഹോസ്റ്റലിലാണ്. അവനും മെഡിസിനാണ് പഠിക്കുന്നത്. ഇപ്പോൾ മൂന്നാം വർഷമാണ്. വല്ലപ്പോഴൊക്കെയേ വീട്ടിൽ വരാറുള്ളൂ..."
"മോളെവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്?"
"ഇവിടെ അടുത്തുള്ള ടൗണിലെ ്് ഹോസ്പിറ്റലിൽ തന്നെയാണ്. പി.ജി ചെയ്യണമെന്നുണ്ട്. ടെസ്റ്റിന് വേണ്ടി പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുന്നു."
"ഞങ്ങൾക്ക് ഇവൻ മാത്രമേയുള്ളൂ... ഇവന് കരിയറെന്ന ഒറ്റ ചിന്തയേയുള്ളൂ.. വിവാഹം കഴിക്കാൻ കൂട്ടാക്കാതെ ഇത്രയും കാലം കഴിച്ചു കൂട്ടി."
"മോനെപ്പറ്റി ഞങ്ങൾ ഒത്തിരികേട്ടിട്ടുണ്ട്. പ്രശസ്തനായ കാർഡിയോളജിസ്റ്റ് അല്ലേ... ഞങ്ങളറിയുന്ന പലരേയും ഡോക്ടർ ചികിത്സിച്ചിട്ടുണ്ട്."
"കുട്ടിയെ വിളിച്ചിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു."
"ശരി, നീ പോയി മോളെ വിളിച്ചുകൊണ്ടുവരൂ,"
മകളെ വിളിക്കാൻ ഭാര്യയെ പറഞ്ഞയച്ചശേഷം അയാൾ പറഞ്ഞു:
"ഒരു നിമിഷം, ഞാനിതാ വരുന്നു."
"മോനേ, കുട്ടി വരുമ്പോൾ നന്നായി നോക്കിക്കോണേ..."
"എനിക്ക് വയ്യ, നിങ്ങള് രണ്ടാളും കൂടി നോക്കിയാൽ മതി."
"എന്നാലും അങ്ങനെയല്ല, നന്നായി നോക്കി നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം മുന്നോട്ട് പോയാൽ മതി."
"ഓ.കെ."
അല്പസമയത്തിനുള്ളിൽ ഒരു ട്രേയിൽ ചായയുമായി കുട്ടിയുടെ അമ്മയെത്തി.
ചായ എല്ലാവർക്കും കൊടുക്കുന്നതിനിടയിൽ കുട്ടിയുടെ ചാച്ചൻ, രണ്ടു പ്ളേറ്റുകളിൽ പലഹാരങ്ങളും കൊണ്ടുവന്നുവച്ചു. എന്നിട്ട് അകത്തേക്ക് നോക്കി മകളെ വിളിച്ചു.
പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് ശാലീന സുന്ദരിയായ ഒരു പെൺകുട്ടി അവരുടെ മുന്നിൽ വന്നു നിന്നു. സാമാന്യം പൊക്കവും അതിനനുസരിച്ചുള്ള ശരീരവും അവൾക്കുണ്ടായിരുന്നു. നന്നേ വെളുത്ത നിറമുള്ള അവളുടെ കണ്ണുകൾക്ക് വല്ലാത്ത വശ്യതയായിരുന്നു. തുടുത്ത ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവളുടെ നുണക്കുഴിക്കവിളിണയിലും പ്രകാശം പരത്തി.
"എന്താണ് മോളുടെ പേര്?"
"ലേയാ ജോൺ."
"ഇന്ന് പോയില്ല അല്ലേ?"
"ഹാഫ് ഡേ ലീവെടുത്തു, ഉച്ചയ്ക്കു ശേഷം പോകണം."
"പി.ജിയ്ക്ക് പോകാനാണോ, എന്നാണ് ടെസ്റ്റ്?"
"നാലു മാസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ..."
"എന്താണ് സ്പെഷ്യലൈസ് ചെയ്യുന്നത്?"
"ഇ. എൻ. ടി എടുക്കാനാണ് എനിക്ക് താൽപ്പര്യം."
"മ്.. നല്ലതാണ്."
"മോന് അവളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം... അകത്തോട്ട് ചെന്നോളൂ..."
അവളുടെ പിതാവിന്റെ അഭിപ്രായത്തിനോട് അയാൾ പ്രതികരിച്ചു.
"ഇല്ല, എനിക്കൊന്നും പ്രത്യേകിച്ച് സംസാരിക്കാനില്ല."
"ശരി, എന്നാൽ മോള് അകത്തേക്ക് പൊയ്ക്കോളൂ.''
ചായകുടിച്ചുകഴിഞ്ഞപ്പോൾ വിനോദ് പറഞ്ഞു:
"നമുക്കിറങ്ങാം മമ്മീ...."
"എടാ, നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ?"
"കുഴപ്പമില്ല. നമുക്ക് പോകാം."
"ഇവരോട് ഒന്നും പറയാതെ എങ്ങനെയാണ് പോകുന്നത്?"
"വീട്ടിൽ ചെന്നിട്ട് വിളിച്ചുപറയാം."
അകത്തേയ്ക്കു പോയ പെൺകുട്ടിയുടെ ചാച്ചൻ തിരിച്ചുവന്നപ്പോൾ, വിനോദിന്റെ ഡാഡി പറഞ്ഞു:
"എന്നാൽ ഞങ്ങളിറങ്ങട്ടെ, മുന്നോട്ടുള്ള കാര്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുപറയാം."
"ശരി, അങ്ങനെ ആയിക്കോട്ടെ."
എല്ലാവരോടും യാത്ര പറഞ്ഞ് അവിടെനിന്നും ഇറങ്ങി.
"നല്ലൊരു കുട്ടി, എനിക്കിഷ്ടപ്പെട്ടു."
"എനിക്കും.' ഡാഡിയും അമ്മയെ പിൻതാങ്ങി."
"പെൺകുട്ടിയെ എനിക്കും ഇഷ്ടപ്പെട്ടു, പക്ഷേ..."
"പക്ഷേ?"
"ആ കുട്ടിക്ക് പ്രായം വളരെ കുറവാണ്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്."
"അതൊരു കുറവൊന്നുല്ല, അവർക്കു സമ്മതമാണെങ്കിൽ പിന്നെന്താണ് പ്രശ്നം?"
"ഏതായാലും രണ്ടു ദിവസങ്ങൾക്കുള്ളിൽ പറയാം."
"ഇനി തിരുവനന്തപുരത്ത് പോകണോ മോനേ? പറഞ്ഞുകേട്ടിട്ട് അവരൊക്കെ ഉയർന്ന സ്റ്റാറ്റസ് ഉള്ളവരും മോഡേൺ ജീവിതം നയിക്കുന്നവരുമാണെന്ന് തോന്നുന്നു.
"ഏതായാലും ഞാൻ സാമിനോട് ഒന്ന് സംസാരിക്കട്ടെ."
വീട്ടിലെത്തി വസ്ത്രം മാറിയിട്ട് സാമിനെ വിളിക്കാനായി ഫോണെടുത്തു.
വാട്ട്സ് ആപ്പിൽ കണ്ട സാം അയച്ച പെൺകുട്ടിയുടെ ഫോട്ടോയിൽ, സൂക്ഷിച്ചുനോക്കിയപ്പോൾ നല്ല മുഖപരിചയം തോന്നി. എവിടെവച്ചാണ് ആ കുട്ടിയെ ഇതിനുമുൻപ് പരിചയപ്പെട്ടിട്ടുള്ളതെന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് ഓർമ കിട്ടിയില്ല.
(തുടരും)