ഭാഗം 36
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവർ തുടർന്നു.
"മാഡം എന്തൊക്കെയാണ് പറയുന്നത്? ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ ഇപ്പോൾ അവളിലാണ്. അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആയിരുന്നു അവളുടെ ചേച്ചി, ഞങ്ങളുടെ പൊന്നുമകൾ ആര്യ, ഞങ്ങളെ വിട്ടുപോയത്. അതിന്റെ ഷോക്കിൽ നിന്നും മുക്തയാവാൻ, ഒരു കൊല്ലമെടുത്തു. പ്ലസ് ടു കഴിഞ്ഞപ്പോൾ അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ അവളെ നഴ്സിംങിന് വിട്ടത്. ഫൈനൽ പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുന്നതിൽ ഒത്തിരി സങ്കടമുണ്ട്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല."
"നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കാതെ. അച്ഛനേയും അമ്മയേയും കൂടി ഒരുമിച്ച് കാണുമ്പോൾ, എല്ലാം ശരിയാവാനും മതി. ചിലപ്പോൾ അവൾ നിങ്ങളോടൊപ്പം വരാൻ കൂട്ടിക്കിയില്ലെങ്കിലോ എന്ന സംശയവും ഞങ്ങൾക്കുണ്ട്. അവളുടെ സൂപ്പർവൈസറിനോട് പറഞ്ഞ് പത്തുദിവസത്തെ അവധി അനുവദിപ്പിക്കാം. അടുത്ത മാസം മുതൽ സ്‌റ്റഡി ലീവാണ്. വീട്ടിലിരുന്ന് പഠിച്ചാലും മതി."
"ശരി മാഡം, ഞങ്ങൾ ഉച്ചകഴിഞ്ഞ് എത്തിക്കോളാം."
"ആയിക്കോട്ടെ."
ഫോൺ കട്ട് ചെയ്തതിനുശേഷം വാർഡ് ഇൻ ചാർജിനെ വിളിച്ച് സംസാരിച്ചു.. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അവർ ഉടൻ തന്നെ ചികിത്സയ്ക്കു വേണ്ടി അലീനയ്ക്ക് പത്തു ദിവസത്തെ അവധി അനുവദിച്ചു കൊടുത്തു.
കുറേ നാളുകൾക്കുശേഷംകാർഡിയോളജി വിഭാഗത്തിലെ ഓ.പി, അന്ന് രണ്ടുമണിയോടെ കഴിഞ്ഞു. മൂന്നു രോഗികൾ അപ്പോയ്മെന്റ് ക്യാൻസൽ ആക്കിയിരുന്നു. ഡോക്ടർ സാം മാത്യു രണ്ടു വാർഡുകളിലേയും റൗണ്ട്സ് രാവിലെ തന്നെ എടുത്തിരുന്നതിനാൽ, ഇന്നലെ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്ത രോഗിയെ കൂടി കണ്ടിട്ട് വീട്ടിലേക്ക് പോകാമെന്ന് ഡോക്ടർ വിനോദ് വിചാരിച്ചു.
നിശ്ശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ പതിവില്ലാത്ത രീതിയിൽ അതിശൈത്യം അനുഭവപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അവിടെയെങ്ങും കണ്ടതുമില്ല. കസേര വലിച്ചിട്ട് മേശപ്പുറത്തിരുന്ന ഫയലുകൾ തുറന്ന് വായിച്ചുകൊണ്ടിരുന്നു.
"വിനുവേട്ടാ.... " പതിഞ്ഞ ശബ്ദത്തിൽ ആരോ വിളിക്കുന്നത് കേട്ട് അയാൾ തിരിഞ്ഞു നോക്കി. ആരേയും കാണാതിരുന്നതിനാൽ എഴുന്നേറ്റ് ചുറ്റും നോക്കി. ഉള്ളിൽ താലോലിക്കുന്ന ശാലിനിയുടെ ഓർമകളിൽ നിന്നുണ്ടായ തോന്നലാണെന്ന് കരുതി വീണ്ടും ഫയലുകളിൽ കണ്ണോടിച്ചു.
മഞ്ഞിന്റെ തണുപ്പുള്ള നനുത്ത സ്പർശനം തന്റെ കവിളിലും നെറ്റിയിലും അനുഭവപ്പെട്ടു. കൈകളിൽ ആരോ പിടിച്ച് വലിക്കുന്നതു പോലെ തോന്നിയ നിമിഷത്തിൽ യാന്ത്രികമായി പാദങ്ങൾ ചലിച്ചുകൊണ്ടിരുന്നു.
ഡ്യൂട്ടി ഡോക്ടറിന്റെ മുറിയിലെത്തിയതും കതകുകൾ താനേ അടഞ്ഞു. ആരുടേയോ നിയന്ത്രണത്തിൻ കീഴിൽ ചലിക്കുന്ന ഒരു പാവപോലെ അയാൾ അനുസരിച്ചു കൊണ്ടിരുന്നു. കട്ടിലിൽ ഇരുന്ന ഡോക്ടർ വിനോദിന്റെ കാതുകളിൽ വിനുവേട്ടാ... എന്ന വിളിയും തേങ്ങിക്കരച്ചിലുകളും വന്നലയടിച്ചു.
ഐസുപോലെ തണുത്ത വിരലുകൾ തന്റെ ദേഹത്തിലൂടെ ഇഴഞ്ഞു നടക്കുന്നതായി അയാൾക്ക് തോന്നി. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സുഖാനുഭൂതികളുടെ ആനന്ദ നിർവൃതിയിൽ അലിഞ്ഞുചേർന്നങ്ങനെ ഇരുന്നു.
ദേഹം വരിഞ്ഞു മുറുകുന്ന സുഖമുള്ള വേദനയിൽ പാതി മയക്കത്തിലെന്നപോലെ കിടന്നു. ആരുടേയോ ശരീരത്തിന്റെ ഭാരം തന്റെ നെഞ്ചിലമരുന്നതായി തോന്നിയപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു. തന്നോട് ചേർന്നു കിടക്കുന്ന അലീനയെ, കണ്ട് സർവ നാഡികളും തളർന്നു. തന്റെ ദേഹത്തിലൂടിഴയുന്ന അവളുടെ കൈകൾ അയാൾ തട്ടിമാറ്റി. പരിസര ബോധത്തോടെ ചാടിയെണീറ്റ ഡോക്ടർ ക്രുദ്ധനായി അവളെ ശാസിച്ചു.
"എന്താ കുട്ടീ ഈ കാണിക്കുന്നത്? തനിക്ക് ലജ്ജയില്ലേ? എന്റെ അരികിൽ നിന്നും കടന്നുപോകൂ...."
"വിനുവേട്ടാ, ഞാൻ ശാലിനിയാണ്."
"അല്ല.. അല്ല... നീ അലിനയാണ്. എന്റെ ശാലിനി മരിച്ചുപോയി. നിന്നെ എനിക്കിഷ്ടമല്ല... എനിക്ക് വെറുപ്പാണ് നിന്നെ...പോകൂ. ഇവിടെ നിന്നും ദൂരെ പോകൂ..."
ഒരു തേങ്ങലോടെ അവൾ മുറിവിട്ടിറങ്ങി. തിരികെ ഐ സി യു വിലെത്തി രോഗികളെ പരിശോധിച്ചിട്ട് മടങ്ങുമ്പോൾ വാതിലിനരികിൽ നിന്നിരുന്ന അലീന ദയനീയമായി അയാളെ നോക്കിക്കൊണ്ട് പറഞ്ഞു:
"എന്നെ വെറുക്കല്ലേ വിനുവേട്ടാ... ഞാൻ പാവമാണ്."
"നിനക്ക് വട്ടാണ്. ഇനി മേലിൽ എന്റെ കൺമുന്നിൽ വന്നേക്കരുത്."
ശക്തിയോടെ അവളെ തള്ളിമാറ്റിക്കൊണ്ട് വാതിൽ തുറന്ന് അയാൾ പുറത്തിറങ്ങി. ഭയവും ദേഷ്യവും നിഴലിക്കുന്ന മുഖവുമായി ലിഫ്റ്റിന് നേരേ നടക്കുമ്പോൾ എതിരേ വന്ന മറ്റൊരു നഴ്സ് അമ്പരപ്പോടെ ചോദിച്ചു..
"ഡോക്ടർ, ആരോടാണ് ദേഷ്യപ്പെട്ടത്?"
"ഐ.സി.യു വിൽ ഇന്ന് തനിക്കായിരുന്നോ ഡ്യൂട്ടി?"
"ഞാനും അലീനയും. അവൾ അവിടെ ഇല്ലേ?"
"താനെവിടെ പോയിരുന്നു."
"ഫാർമസിയിൽ നിന്നും ഒരു മരുന്നു വാങ്ങാൻ അവൾ എന്നെ പറഞ്ഞയച്ചതാണ്."
"ഓഹോ അതു ശരി..."
"എന്തു പറ്റി ഡോക്ടർ?"
അതിനുത്തരമൊന്നും പറയാതെ അയാൾ ലിഫ്റ്റിൽ കയറി. വീട്ടിൽ ചെന്നിട്ടും ഐ.സി.യുവിൽ വച്ചുണ്ടായ അനുഭവത്തിന്റെ മാസ്മരികലഹരിയിലേക്ക് മനസ്സ് അറിയാതെ ഊർന്നിറങ്ങി. എത്ര നിയന്ത്രിച്ചിട്ടും അതൊന്നും ഓർക്കാതിരിക്കാൻ വിനോദിന് കഴിഞ്ഞില്ല.
'ആ കുട്ടിയിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ശാലിനിയുടെ സ്ഥാനത്ത് കയറിപ്പറ്റാമെന്ന് കരുതിക്കാണും. പക്ഷേ, ശാലിനി വിളിക്കുന്നതു പോലെ തന്നെയാണ് അവളും വിളിച്ചത്.'
അവളുടെ സ്പർശനത്തിന് ഇത്രയും തണുപ്പനുഭവപ്പെട്ടതും അയാളുടെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു.
'ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത ഒരനുഭവം! സാമിനോട് പറഞ്ഞാൽ തനിക്ക് വട്ടാണെന്നേ പറയുകയുള്ളൂ... ശാലിനിയുടെ കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അരുണിനോട് പറഞ്ഞാലും തന്നെ പുച്ഛിക്കും.'
തൽക്കാലം ആരോടും പറയാതെ തന്റെ മനസ്സിൽത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് അയാൾ തീരുമാനിച്ചു. ഇനിയും അവളുടെ മുന്നിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അയാൾ മനസ്സിലുറച്ചു
വൈകിട്ട് നാലുമണിയോടുകൂടി അലീനയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തി.
"പറഞ്ഞ സമയത്തു തന്നെ നിങ്ങൾ എത്തിയല്ലോ. വരൂ... അങ്ങോട്ടിരിക്കാം."
അവരേയും കൂട്ടിക്കൊണ്ട് മേട്രൻ വിസിറ്റേർസ് റൂമിൽ ചെന്നിരുന്നു.
"മാഡം, അവളെ കൊണ്ടുപോകാനാണ് ഞങ്ങൾ എത്തിയത്. ഞങ്ങളോടൊപ്പം അവൾ വരുമല്ലോ അല്ലേ?"
"വരാൻ കൂട്ടാക്കിയില്ലെങ്കിലും എങ്ങനെയെങ്കിലും കൊണ്ടുപോകണം."
"അവൾ മുറിയിലുണ്ടോ?"
"ആശുപത്രിയിൽ നിന്നും വന്നിട്ടില്ല. എത്താറാവുന്നതേയുള്ളൂ.''
"ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം."
"അലീനയുടെ ഫാദർ എന്തു ചെയ്യുന്നു?"
"ഞാനൊരു കട നടത്തുന്നു. ഞങ്ങളുടെ കവലയിൽ തന്നെയാണ്, ഒരു സൂപ്പർ മാർക്കറ്റ്."
"അപ്പോൾ ഏതു നേരവും തിരക്കായിരിക്കുമല്ലോ, അല്ലേ?"
"തിരക്കൊഴിഞ്ഞ സമയം ഇല്ലെന്നു തന്നെ പറയാം. വീട്ടുകാര്യങ്ങളെല്ലാം ഇവൾ തന്നെയാണ് നോക്കുന്നത്."
"എത്രയും പെട്ടെന്നുതന്നെ അലീനയെ നല്ലൊരു സൈക്കിയാട്രിസ്റ്റിനെ കാണിക്കണം. തിരക്കാണെന്ന് പറഞ്ഞ് അവഗണിക്കരുത്. ഒരു മാസം കഴിഞ്ഞാൽ എക്സാം തുടങ്ങും. അതിനു മുൻപ് അവൾ നോർമലായി തിരിച്ചു വരണം."
"ശരി മാഡം."
"നിങ്ങൾ ഇവിടെ ഇരിക്കൂ... ഞാനിതാ വരുന്നു."
ആരേയും ശ്രദ്ധിക്കാതെ കോണിപ്പടികൾ കയറി മുറിയിലേക്ക് പോകുന്ന അലീനയെ മാഡം പിറകിൽ നിന്നും വിളിച്ചു.
"അലീനാ...ഒന്നു നിൽക്കൂ..."
"എന്താണ് മാഡം?"
"തന്റെ പപ്പയും മമ്മിയും വന്നിട്ടുണ്ട്."
"എന്തിന്?"
"തന്നെക്കാണാൻ."
"എന്നെക്കാണാൻ, എന്റെ പപ്പയും മമ്മിയും വന്നിട്ടുണ്ടെന്നോ?"
"അതേ, സംശയമാണെങ്കിൽ ചെന്നുനോക്കൂ."
"എവിടെ അവർ?
"സന്ദർശന മുറിയിൽ വെയ്റ്റ് ചെയ്യുന്നുണ്ട്. വീട്ടിൽ എന്തോ ഒരു വിശേഷം നടക്കുന്നത് കൊണ്ട് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനാണ് വന്നത്."
"അതിന് ഞാനെന്തിന് പോകണം, ഞാൻ പോവില്ല."
അവരുടെ അടുത്തേക്ക് പോകാൻ മടിച്ചുനിന്ന അലീനയോട് മേട്രൻ പറഞ്ഞു:
"കുട്ടിയെ കാത്ത് അവർ എത്രനേരമായി കാത്തിരിക്കുന്നു! അവരുടെ അരികിലേക്ക് ചെല്ലൂ അലീനാ..."
സ്വന്തം മാതാപിതാക്കളെ കണ്ട് അപരിചിതഭാവത്തിൽ അവൾ പറഞ്ഞു
"എനിക്കിവരെ അറിയില്ല, ഇവരല്ല എന്റെ അമ്മയും അച്ഛനും."
"അലീനേ... മോളേ...നിനക്കെന്തുപറ്റി?"
അവളുടെ പെരുമാറ്റത്തിൽ ഹൃദയം തകർന്ന് അവർ പൊട്ടിക്കരഞ്ഞു പോയി. ഇരു കൈകൾ കൊണ്ടും കെട്ടിപ്പിടിക്കാൻ ശ്രമിച്ച അമ്മയിൽ നിന്നും അവൾ അകന്നുമാറി നിന്നു.
(തുടരും)