ഭാഗം 21
ഗ്ലാസ്സിലെ വെള്ളം മുഴുവനും ഒറ്റവലിക്ക് കുടിച്ച ശേഷം ഗ്രീഷ്മ, അന്നത്തെ സംഭവം വിവരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിന് നേരിയ വിറയൽ ബാധിച്ചിരുന്നത് മനസ്സിലാക്കിയ ഇൻസ്പെക്ടർ അലക്സ് പറഞ്ഞു:
"മനസ്സിനെ ശാന്തമാക്കി, ഒന്നും വിട്ടു പോകാതെ എല്ലാം പറയൂ ഗ്രീഷ്മാ... ഇവിടെ ആരും തന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല."
സർക്കിൾ ഇൻസ്പെക്ടറിന്റെ സാന്ത്വന വാക്കുകൾ അവൾക്ക് ധൈര്യം പകർന്നു. അവൾ പതുക്കെ പറഞ്ഞു തുടങ്ങി.
"അലക്കിയ തുണി വിരിക്കാൻ ടെറസ്സിലേയ്ക്കുള്ള കോണിപ്പടികൾ കയറുന്ന ശാലിനിയുടെ പിറകേ ഞാൻ പോയത് അവളെ വെറുതേ ഒന്നു പേടിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു."
"അവരെ എങ്ങനെ പേടിപ്പിക്കാനായിരുന്നു ഗ്രീഷ്മ വിചാരിച്ചത്?"
"കണ്ടാൽ പേടി തോന്നുന്ന ഒരു പിശാചിന്റെ മുഖമുള്ള മാസ്ക് ധരിച്ചു കൊണ്ടാണ് ഞാൻ പോയത്. രണ്ടു കയ്യിലും ഗ്ലൗസും ഇട്ടിട്ടുണ്ടായിരുന്നു."
"എന്നിട്ട്?"
ആകാംക്ഷ മുറ്റിയ മനസ്സുമായി അലക്സ് ചോദിച്ചു.
"ശാലിനി തുണി വിരിച്ചുകൊണ്ടിരുന്നപ്പോൾ അവൾ കാണാതെ ഞാൻ തുണികൾക്കിടയിൽ മറഞ്ഞുനിന്നു. ബക്കറ്റുമെടുത്ത് അവൾ പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ മുമ്പിലേക്ക് ചാടിവീണു. ഭീതികൊണ്ട് അലറിവിളിച്ച അവൾ എന്നിൽ നിന്നും അകന്നു മാറിനിന്നു.
ഭീതി ജനിപ്പിക്കും വിധം ശബ്ദമുണ്ടാക്കി ഇരുകൈകളുമുയർത്തി വീണ്ടും ഞാനവളുടെ നേരേ അടുത്തു. പിറകോട്ടു നടന്ന അവൾ ടെറസ്സിന്റെ ഇളകിക്കിടന്ന തിട്ടയിൽ ചവിട്ടി താഴേയ്ക്ക് വീണു. ഇതാണ് സത്യത്തിൽ ഉണ്ടായത്. അങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല സാർ.
അവളോട് അസൂയയും പകയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ ഇല്ലാതാക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ, ഞാൻ കാരണമാണ് അവൾ മരിച്ചത്. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്‌റ്റ് ചെയ്യാം. എന്റെ ചാച്ചനെ ഇതൊന്നും അറിയിക്കരുതേ... ചാച്ചനിതൊന്നും സഹിക്കാനുള്ള ശക്തിയില്ല സാർ."
"ഒന്നും മന:പൂർവമായിരുന്നില്ലല്ലോ, ഗ്രീഷ്മ ടെൻഷനാവണ്ട, ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി കണ്ടാൽ മതി."
"ശാലിനിയുടെ അപകടം നേരിൽ കണ്ട ഒരേയൊരു ദൃക്സാക്ഷിയാണ് താൻ. ആ കുട്ടി ടെറസ്സിൽ നിന്നും വീഴുന്നത് കണ്ടതിനു ശേഷം താൻ പിന്നെ എന്താണ് ചെയ്തത്?"
"ഞാൻ ആകെ പേടിച്ചു വിറച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ മുറിയിലേക്ക് ഓടി. കുറച്ചുനേരത്തേയ്ക്ക് ഒരു മരവിപ്പായിരുന്നു. മനസ്സിന് വിഭ്രാന്തി പിടിപെട്ട ഒരാളിനെപ്പോലെ മുറിയുടെ മൂലയിൽ പോയിരുന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ആ നിലയിൽ എന്നെക്കണ്ട് നീതുവും പരിഭ്രമിച്ചു. അര മണിക്കൂറിനുള്ളിൽ സമനില വീണ്ടെടുത്ത ഞാൻ മുറിക്കു പുറത്തിറങ്ങി നോക്കി. നീതുവിനെ അന്വേഷിച്ചെങ്കിലും അവിടെയെങ്ങും അവളെ കണ്ടില്ല. കുളിമുറിയിൽ കയറി തണുത്തവെള്ളത്തിനടിയിൽ കുറേനേരം നിന്നു. ശാലിനി മരിച്ചത് ഞാൻ കാരണമല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു."
"ശാലിനി മരിച്ചു കഴിഞ്ഞെന്ന് താൻ എങ്ങനെയാണ് അറിഞ്ഞത്?"
"ഞാൻ ഊഹിച്ചിരുന്നു. കുറേക്കഴിഞ്ഞ് ബാത് റൂമിന്റെ കതകിൽ മുട്ടിവിളിക്കുന്നതു കേട്ട് നനഞ്ഞ തുണിയോടെ ഞാൻ ഇറങ്ങിവന്നപ്പോൾ പരിഭ്രാന്തിയോടെ നീതുവും ലിൻസിയും ശാലിനിയുടെ മരണവാർത്ത എന്നെ അറിയിച്ചു."
"അപ്പോൾ തന്റെ പ്രതികരണം എന്തായിരുന്നു?"
"അവൾ ആത്മഹത്യ ചെയ്തതായിരുക്കുമെന്ന് ഞാൻ പറഞ്ഞു. ഡോക്ടർ വിനോദിൽ നിന്നും അവൾ ഗർഭിണിയായിട്ടുണ്ടാവും എന്നൊക്കെ അവരെ ധരിപ്പിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെയൊക്കെ ഞാൻ പെരുമാറി."
"ഗ്രീഷ്മ ടെറസ്സിൽ പോയ കാര്യം നീതുവിനറിയാമായിരുന്നല്ലോ അല്ലേ?"
"അവൾക്കറിയാമായിരുന്നു. ശാലിനിയെ ഒന്നു പേടിപ്പിച്ചിട്ട് വരാമെന്ന് നീതുവിനോട് പറഞ്ഞിട്ടാണ് ഞാൻ പോയത്. അവൾ എന്നെ വിലക്കിയതുമാണ്."
"എന്നിട്ട് നീതു, തന്നോട് ഒന്നും ചോദിച്ചില്ലേ?"
"അവൾ എന്നോട് പലതും കുത്തിക്കുത്തി ചോദിച്ചു. ഞാനൊന്നും വിട്ടുപറഞ്ഞില്ല. അതിന്റെ ദേഷ്യത്തിൽ എന്നോട് പിണങ്ങി അവൾ, വേറെ മുറിയിൽ പോയി താമസിച്ചു."
"ശരി ഗ്രീഷ്മ, ഇവിടെ പറഞ്ഞതൊക്കെ മനസ്സിലിരുന്നാൽ മതി. ചാച്ചൻ ഇതൊന്നും അറിയേണ്ട കേട്ടോ."
"ശരി സാർ, ഒരപേക്ഷയുണ്ട്; ചാച്ചൻ തിരിച്ചു പോയതിനുശേഷം എന്നെ അറസ്റ്റ് ചെയ്താൽ മതി. എന്റെ കയ്യിൽ വിലങ്ങുവീഴുന്നത് എന്റെ ചാച്ചൻ കാണണ്ട."
"പേടിക്കേണ്ട, ഇവിടെ ആരും, തന്നെ ഇപ്പോൾ അറസ്റ്റുചെയ്യാൻ പോകുന്നില്ല. തൽക്കാലം ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചുപോയ്ക്കോളൂ... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ, ആവശ്യമെങ്കിൽ മാത്രമേ അതൊക്കെ ഉണ്ടാവുകയുള്ളൂ... താൻ ഹോസ്റ്റലിൽ തന്നെ ഉണ്ടാവണം. തൽക്കാലം വീട്ടിലോട്ടൊന്നും പോകാൻ ശ്രമിക്കരുത്."
സർക്കിൾ ഇൻസ്പെക്ടർ അലക്സ്, അവളെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും അരുണിനോട് കണ്ണുകൾ കൊണ്ട് സംസാരിച്ചത് എന്താണെന്ന് അവൾക്കു മനസ്സിലായില്ല.
"താങ്ക്യൂ സാർ, എങ്കിൽ ഞാൻ പൊയ്ക്കോട്ടെ?"
"ആയിക്കോട്ടെ."
ഗ്രീഷ്മയോടൊപ്പം അലക്സും അരുണും പുറത്തിറങ്ങി. അക്ഷമനായി അവിടെ കാത്തിരുന്ന ചെറിയാച്ചനോട് ഗ്രീഷ്മ പറഞ്ഞു: '
"ചാച്ചാ വരു... നമുക്കു പോകാം."
ആശങ്കയോടെ ചെറിയാച്ചൻ അലക്സിനെ നോക്കി.
"അച്ചായൻ കാത്തിരുന്ന് മുഷിഞ്ഞോ? ഗ്രീഷ്മയുമായി അന്നത്തെ സംഭവമൊക്കെ ഒന്നു ചർച്ച ചെയ്യുകയായിരുന്നു."
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ, ഇവളെ ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ട് എനിക്കങ്ങ് പോകാനുള്ളതാണ്.."
"ഭക്ഷണം കഴിക്കണ്ടേ അച്ചായാ? ഗ്രീഷ്മയെ കൊണ്ടാക്കിയിട്ട് നമുക്ക് വീട്ടിലോട്ടു പോകാം. ഊണുകഴിച്ചിട്ട് പോയാൽ മതി."
"നിനക്കിവിടെ ജോലിയൊക്കെ ഇല്ലേ? ഞാൻ പോകുന്ന വഴിയിൽ എവിടെ നിന്നെങ്കിലും കഴിച്ചു കൊള്ളാം. ഇരുട്ടുന്നതിനു മുൻപ് വീട്ടിലെത്തണം."
"ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതിരുന്നാൽ മോശമല്ലേ അച്ചായാ, നമുക്ക് രണ്ടെണ്ണം വീശിയിട്ടൊക്കെ പതുക്കെ പോയാൽ പോരേ?"
ഞാനിന്ന് ഉച്ചകഴിഞ്ഞ് ഫ്രീയാണ്."
"ഞാൻ മോളെ കൊണ്ടാക്കിയിട്ട് വീട്ടിലേയ്ക്ക് വന്നേക്കാം. നീ വിട്ടോ..."
"അച്ചായന് വീട്ടിലേക്കുള്ള വഴി നിശ്ചയമുണ്ടല്ലോ അല്ലേ..?"
"എനിക്കറിയാമെടാ, ഞാൻ വന്നേക്കാം."
വണ്ടിയിലിരുന്ന് ഗ്രീഷ്മ ചോദിച്ചു:
"ചാച്ചൻ ഇന്നു തന്നെ തിരിച്ചു പോകുന്നില്ലേ?"
"ഉണ്ട് മോളേ, ഇന്ന് തന്നെ അങ്ങെത്തിയില്ലെങ്കിൽ നിന്റെ അമ്മ കിടന്നു ബഹളം വയ്ക്കില്ലേ, നിനക്കറിയില്ലേ അവളുടെ സ്വഭാവം?"
"പിന്നെന്തിനാണ് ആ സാറിന്റെ വീട്ടിലൊക്കെ പോകുന്നത്?"
"അത്ര കാര്യമായി വിളിച്ചപ്പോൾ എങ്ങനെയാണ് പോകാതിരിക്കുന്നത്, അവൻ നമ്മുടെ ഒരു ബന്ധു കൂടിയല്ലേ?"
"പോവുകയാണെങ്കിൽ, അധിക സമയമൊന്നും അവിടെ ഇരിക്കരുത്."
"ഇല്ല മോളേ, പോകുന്ന വഴിയിൽ ഒന്നു കയറിയിട്ട് പോകും. അത്രയേയുള്ളൂ... ആ മുറിയിൽ വച്ച് ഇത്രയും നേരം അവർ നിന്നോട് എന്താണ് ചോദിച്ചത്?"
"ആ കുട്ടി മരിച്ച സംഭവത്തെപ്പറ്റി ചോദിക്കുകയായിരുന്നു."
"അവർക്ക് നിന്നെ വല്ല സംശയവുമുണ്ടോ?"
"എന്നെ എന്തിനാണ് സംശയിക്കുന്നത്, അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ."
"അവർക്ക് നിന്നെ സംശയമുള്ളതുപോലെ എനിക്കു തോന്നി. അതുകൊണ്ട് ചോദിച്ചതാണ്."
"അതു ചാച്ചന് വെറുതേ തോന്നുന്നതാണ്."
"മോളേ, നിന്റെ പഠിത്തമൊക്കെ അവസാനിപ്പിച്ചിട്ട് അങ്ങ് വന്നൂടേ? നഴ്സ് ജോലി ചെയ്തു കിട്ടുന്ന ശമ്പളം കൊണ്ട് അവിടെ ആർക്കും ജീവിക്കേണ്ട കാര്യമൊന്നുമില്ല. നാലു തലമുറയ്ക്ക് സുഖമായി കഴിയാനുള്ളതൊക്കെ ഞാനുണ്ടാക്കിയിട്ടുണ്ട്. നല്ലൊരു ചെറുക്കനെക്കൊണ്ട് നിന്റെ കല്യാണം നടത്തി, നിങ്ങൾ സുഖമായി ജീവിക്കുന്നത് കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് വല്ലതും നടക്കുമോ മോളേ?"
"എല്ലാം നടക്കും, ചാച്ചനിപ്പോൾ പോകാൻ നോക്ക്. താമസിയാതെ ഞാൻ വീട്ടിലോട്ട് വരുന്നുണ്ട്. മമ്മിയെ ഞാൻ വിളിച്ചോളാം. എന്നാൽ ഞാൻ ഇറങ്ങുകയാണ്. ചാച്ചൻ സൂക്ഷിച്ചു പോകണേ."
"ശരി മോളേ..."
ഗ്രീഷ്മ വണ്ടിയിൽ നിന്നുമിറങ്ങി ആർക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് നടക്കുന്നത്, മേട്രൻ നോക്കി നിന്നു. അവരുടെ മനസ്സിൽ സംശയങ്ങൾ ചിറകു വിടർത്താൻ തുടങ്ങി.
(തുടരും)