ഭാഗം 51
"എങ്കിൽ എല്ലാം പറഞ്ഞതുപോലെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ മൊബൈൽ ഫോണിൽ വിളിച്ചാൽ മതി. ഇതിലെന്റെ നമ്പരുണ്ട്."
ഡോക്ടർ കൊടുത്ത കാർഡ് വാങ്ങിക്കൊണ്ട് ചെറിയാച്ചനോടൊപ്പം മോളിക്കുട്ടിയും ഡോക്ടറിന് നന്ദി പറഞ്ഞു. എല്ലാം കേട്ടു കിടന്ന ഗ്രീഷ്മയും കൈകൾ കൂപ്പി മൂകമായ ഭാഷയിൽ തന്റെ സ്നേഹം പ്രകടിപ്പിച്ചു.
അവർ പോയതിന് തൊട്ടുപിറകേ നീതുവും അഞ്ജലിയും ലിൻസിയും മേട്രനോടൊപ്പം മുറിയിലേക്ക് കയറിവന്നു. അവരെ കണ്ട് ഗ്രീഷ്മ കട്ടിലിൽനിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.
"എഴുന്നേൽക്കണ്ട ഗ്രീഷ്മാ, കിടന്നോളൂ... ഡോക്ടർ വന്നിട്ട് എന്തു പറഞ്ഞു?"
"ഇന്ന് ഡിസ്ചാർജാണ്. ഉച്ച കഴിയുമ്പോഴേക്കും വീട്ടിൽ പോകാൻ പറ്റും. ഇനി ഇവിടെ കിടന്നിട്ട് കാര്യമൊന്നുമില്ല. വീടിനടുത്തുള്ള ആയുർവേദ സെന്ററിൽ കാണിക്കാമെന്ന് വിചാരിക്കുന്നു."
ഗ്രീഷ്മയുടെ കരങ്ങൾ കവർന്നുകൊണ്ട് നീതു പറഞ്ഞു:
"ഞങ്ങൾ ഇപ്പോൾ വന്നതുകൊണ്ട് കാണാൻ കഴിഞ്ഞു. അടുത്ത ആഴ്ചമുതൽ എക്സാം ആണ്. എല്ലാവരുംഉറക്കമൊഴിച്ചിരുന്ന് പഠിക്കുകയാണ്."
ഗ്രീഷ്മ എല്ലാവരെയും മാറിമാറി നോക്കി. അഞ്ജലിയുടെ നേരേ കൈകൂപ്പിക്കൊണ്ട് അവൾ വിങ്ങിപ്പൊട്ടി.
"സങ്കടപ്പെടാതെ ഗ്രീഷ്മാ, ഞങ്ങൾക്കെല്ലാവർക്കും നിന്നോട് സ്നേഹമേയുള്ളൂ... വീട്ടിൽ പോയി പഴയതു പോലെ ആരോഗ്യവതിയായിക്കഴിയുമ്പോൾ നിന്നെക്കാണാൻ ഞങ്ങൾ വരും. അന്ന് നമുക്ക് അടിച്ചുപൊളിക്കണം കേട്ടോ..."
"അഞ്ജലിയുടെ വാക്കുകൾ അവളെ സമാധാനിപ്പിച്ചു."
"ഒന്നും സംസാരിക്കില്ല അല്ലേ?"
മേട്രന്റെ ചോദ്യത്തിന് മോളിക്കുട്ടിയാണ് മറുപടി പറഞ്ഞത്.
"സംസാരിക്കും, പക്ഷേ ഒന്നും വ്യക്തമല്ല...വേറൊരു ഭാഷയാണെന്നേ തോന്നുകയുള്ളൂ... ഇങ്ങനെയെങ്കിലും ഞങ്ങൾക്കിവളെ തിരിച്ചു കിട്ടിയല്ലോ. അതുതന്നെ മഹാഭാഗ്യം."
"എല്ലാം ശരിയാവും ആന്റീ, തീർച്ചയായും അവൾ പഴയതുപോലെ നടക്കുകയും സംസാരിക്കുകയും ചെയ്യും. നീ നന്നായി സംസാരിച്ചു തുടങ്ങുമ്പോൾ എന്നെ വിളിക്കണേ ഗ്രീഷ്മാ..."
നീതുവിന്റെ വാക്കുകൾ കേട്ട് ഗ്രീഷ്മ ചിരിക്കാൻ ശ്രമിച്ചു. അവൾ തലയാട്ടിക്കൊണ്ട് നമ്പർ തരാൻ ആംഗ്യം കാണിച്ചു.
എല്ലാവരുടേയും നമ്പർ എഴുതിക്കൊടുത്തിട്ട് യാത്രപറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ ചെറിയാച്ചൻ അവരോട് പറഞ്ഞു...
"ഞാൻ നിങ്ങളെ കൊണ്ടുവിടാം. അവിടിരിക്കുന്ന സാധനങ്ങൾ കൂടി എടുക്കാമല്ലോ."
"അയ്യോ, ഞങ്ങൾ വന്ന ടാക്സി പുറത്ത് കാത്തുകിടക്കുകയാണ്. സാരമില്ല, അയാളെ പറഞ്ഞുവിട്ടോളാം.'"
"എന്നാൽ ശരി, വന്നോളൂ... മോളിക്കുട്ടീ ബില്ല് കൊണ്ടുവരികയാണെങ്കിൽ
വാങ്ങിവച്ചേര്... ഞാൻ പോയിട്ടുവരാം."
ഗ്രീഷ്മയെ ഒന്നുകൂടി നോക്കി, കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞിട്ട് എല്ലാവരും പുറത്തേക്കിറങ്ങി. ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് അവൾ കണ്ണടച്ച് കിടന്നു.
ഹോസ്റ്റലിൽ നിന്നും ഗ്രീഷ്മയുടെ സാധനങ്ങളുമെടുത്ത് മടങ്ങിയെത്തിയ ചെറിയാച്ചൻ അലക്സിനെ വിളിച്ച് വിവരം പറഞ്ഞു.
"നിങ്ങൾ പോകാറാവുമ്പോഴേക്കും ഞാനെത്തിക്കോളാം. ബില്ലടയ്ക്കാനൊക്കെ കയ്യിൽ പണമുണ്ടോ?"
"ചെക്ക് കൊടുക്കാമെന്ന് വിചാരിക്കുകയാണ്."
"ശരി, കാര്യങ്ങളൊക്കെ വേഗത്തിലാക്കിത്തരാൻ പറയണം. അല്ലെങ്കിൽ നാലുമണി കഴിയും. അച്ചായനാണോ വണ്ടി ഓടിക്കുന്നത്?"
"പൊന്നച്ചനെ വിളിച്ചിട്ടുണ്ട്. പോകാറാവുമ്പോഴേക്കും അവനിങ്ങെത്തും."
"ഓ.കെ, അത് നന്നായി."
ബില്ലടച്ച് പേപ്പറെല്ലാം കിട്ടിയപ്പോൾ രണ്ടു മണി കഴിഞ്ഞു. ഫാർമസിയിൽ നിന്നും മരുന്നുകൾ വാങ്ങി വന്നപ്പോഴക്കും പൊന്നച്ചനുമെത്തി. താക്കോൽ അവനെ ഏൽപ്പിച്ചിട്ട് രണ്ടുപേരും കൂടി സാധനങ്ങളെല്ലാം വണ്ടിയിൽ കൊണ്ടുചെന്ന് വച്ചു.
ഗ്രീഷ്മയെ താങ്ങിപ്പിടിച്ച് വീൽച്ചെയറിൽ ഇരുത്തി, ഉരുട്ടിക്കൊണ്ടുപോയ അറ്റൻഡറുടെ പിറകേ മോളിക്കുട്ടിയും നടന്നു.
നഴ്സുമാരോടെല്ലാം കൈവീശി യാത്രപറഞ്ഞ്, ലിഫ്റ്റിൽ കയറി താഴെയെത്തിയപ്പോൾ അവരേയും കാത്ത് ചെറിയാച്ചനോടൊപ്പം അലക്സും ഉണ്ടായിരുന്നു.
"അലക്സ് വന്നതേയുള്ളോ?"
"അതേ ചേടത്തീ, ഇന്ന് നല്ല തിരക്കായിരുന്നു. ഗ്രീഷ്മയിന്ന് വീട്ടിൽ പോകുകയാണല്ലേ... വാശിയൊന്നും കാണിക്കാതെ നല്ല കുട്ടിയായിട്ട് ഇരിക്കണം കേട്ടോ... തുള്ളിച്ചാടി നടക്കുന്ന കിലുക്കാംപ്പെട്ടിയെ കാണാൻ ഞാൻ കുടുംബമായി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്."
"നീ വരുമ്പോൾ അരുൺ സാറിനേയും കൂട്ടിക്കോളൂ... നമുക്കൊന്ന് കൂടാമെടാ... ഞങ്ങളിന്ന് പോകുന്ന കാര്യം അയാളോടും ഒന്ന് പറഞ്ഞേക്കണേ."
"ശരി അച്ചായാ, എന്നാൽ നിങ്ങൾ വിട്ടോളൂ..."
"മോളിക്കുട്ടീ, മുറിയിൽ നിന്നും എല്ലാം എടുത്തല്ലോ അല്ലേ...?"
"എടുത്തെന്നാണ് എന്റെ വിശ്വാസം, അവിടിനി ഒന്നുമില്ല."
ഗ്രീഷ്മയെ താങ്ങിപ്പിടിച്ച് കാറിന്റെ ഉള്ളിൽ ഇരുത്തി, അവളുടെ മമ്മിയും കയറിയിരുന്നു.
അറ്റൻഡറിനും സെക്യൂരിറ്റിക്കും ടിപ്പ് കൊടുത്ത് ചെറിയാച്ചൻ, അവരോടുള്ള നന്ദി അറിയിച്ചു. അലക്സിന് ഷേക്ക് ഹാർഡ് കൊടുത്തിട്ട് ചെറിയാച്ചനും മുൻസീറ്റിൽ കയറിയിരുന്നു.
"ഇനി പോവുകയല്ലേ അച്ചായാ?" അക്ഷമയോടെ പൊന്നച്ചൻ ചോദിച്ചു.
"ശരി പോകാം, നീ വണ്ടിയെടുത്തോളൂ, പതുക്കെപ്പോയാൽ മതി കേട്ടോ..."
ചെറിയാച്ചന്റെ വണ്ടി നീങ്ങുന്നതും നോക്കി ഒരു നിമിഷം നിന്നശേഷം സർക്കിൾ ഇൻസ്പെക്ടർ അലക്സും അവിടെ നിന്നും മടങ്ങി.
കല്യാണത്തിന്റെ തിരക്കുകളിൽപ്പെട്ട് ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞിരുന്നില്ല. ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റിൽ നോക്കി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന് വിനോദ് പരിശോധിച്ചു. ഒന്നുരണ്ടുപേരെ ഒഴികെ ബാക്കിയെല്ലാവരേയും വിളിച്ചുകഴിഞ്ഞ സംതൃപ്തിയിൽ അയാൾ ഉറങ്ങാൻ കിടന്നു.
അവധിയിൽ പ്രവേശിക്കുന്നതിന്റെ തലേ ദിവസം തന്നെ നഴ്സിംഗ് ഡിപ്പാർട്ട്മെന്റിൽ ചെന്ന് എല്ലാവരേയും ക്ഷണിക്കുകയും കല്യാണക്കുറി കൊടുക്കുകയും ചെയ്തിരുന്നു. മാനേജ്മെന്റിനേയും അഡ്മിൻ സ്റ്റാഫിനേയും ക്ഷണിച്ചതു കൂടാതെ ഹോസ്പിറ്റലിലെ മറ്റു ഡിപ്പാർട്ടുമെന്റുകളിലും ഇൻവിറ്റേഷൻ കാർഡ് കൊടുത്തു.
വീട്ടിലേക്ക് പോരുന്നതിനുമുൻപായി ഹോസ്റ്റലിൽ ചെന്ന് മേട്രനേയും അഞ്ജലിയേയും നീതുവിനേയും മറ്റും നേരിട്ട് ക്ഷണിച്ചു. പരീക്ഷ ആയതിനാൽ കുട്ടികളേയും കൂട്ടി വരാൻ കഴിയുകയില്ലെന്ന് മേട്രൻ അറിയിക്കുകയും ചെയ്തു..
'തന്റെ ജീവിതത്തിലെ പുതിയ ഒരധ്യായം നാളെ തുടങ്ങുകയാണ്. എൻഗേജ്മെന്റ് വളരെ ഭംഗിയായി പെൺകുട്ടിയുടെ വീട്ടുകാർ നടത്തി. ക്ഷണിക്കപ്പെട്ട നൂറോളം അതിഥികളേയും കൊണ്ടാണ് ഇവിടെനിന്നും പോയത്. ചടങ്ങുകൾക്ക് ശേഷം ലേയയോട് ചേർന്നുനിന്ന് പല പോസിലുമുള്ള കുറേ ഫോട്ടോകൾ!
മനോഹരമായ ലാച്ചയണിഞ്ഞുനിന്ന അവളെ കാണാൻ എന്തു ഭംഗിയായിരുന്നു! ശരിക്കും ഹിന്ദിസിനിമയിലെ ഒരു നായികയെപ്പോലെ തോന്നി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവളെ എല്ലാ രീതിയിലും സന്തോഷിപ്പിക്കാൻ തനിക്ക് കഴിയുമോ? പ്രായം കൂടുന്തോറും ആത്മവിശ്വാസവും കുറഞ്ഞുവരികയാണ്.'
ചിന്തകളുടെ വേലിയേറ്റങ്ങളിൽപ്പെട്ട് ഉഴറിനടന്ന മനസ്സ് നിദ്രയ്ക്ക് വഴിമാറിക്കൊടുത്തത് അയാൾ അറിഞ്ഞില്ല.
വിവാഹത്തിന് രണ്ടുദിവസങ്ങൾക്ക് മുൻപു തന്നെ എത്തിച്ചേർന്ന കസിൻസിനെ ഓരോരോ കാര്യങ്ങൾ ഏൽപ്പിച്ചു. ബന്ധുക്കളല്ലാം ഫോണിൽ വിളിച്ചും നേരിട്ടുവന്നും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ഇല്യൂമിനേഷൻ ബൾബുകളിൽ വീടും പരിസരവും തിളങ്ങി. ഇവന്റ്സ് മാനേജ്‌മെന്റുകാരുടെ നേതൃത്വത്തിൽ സകലകാര്യങ്ങളും ക്രമീകരിച്ചു.
കൊഴിഞ്ഞുവീണ ദിനരാത്രങ്ങളുടെ ഒടുവിൽ തുടിക്കുന്ന മനവുമായി അയാൾ കല്യാണപ്പുലരിയെ വരവേറ്റു.
രാവിലെ ഒൻപതുമണിക്കുതന്നെ അടുത്ത ബന്ധുക്കളും ഇടവകയിലെ വികാരിഅച്ചനും എത്തിച്ചേർന്നു. ബ്യൂട്ടീഷനും കസിൻസും ചേർന്ന് മണവാളനെ ഒരു സിനിമാനടനെപ്പോലെ ഒരുക്കിയിറക്കി. രാവിലെതന്നെ എത്തിച്ചേർന്ന സ്‌റ്റുഡിയോക്കാർ ക്യാമറയൊക്കെ സെറ്റ് ചെയ്ത് റെഡിയായി നിന്നു.
മാതാപിതാക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും കൂടാതെ തനിയെയുള്ള പോസുകളുമെല്ലാം അവർ ക്യാമറയിൽ പകർത്തി. ഗുരുദക്ഷിണ കൊടുത്തതിനു ശേഷം അച്ചൻ പ്രാർത്ഥിച്ച്, ആശീർവദിച്ച് വീട്ടിൽനിന്നും പത്തുമണിക്ക് തന്നെ ഇറങ്ങി. പൂക്കളാൽ അലങ്കരിച്ച ഇന്നോവാ കാറിന്റെ മുൻസീറ്റിൽ മണവാളനെ ഇരുത്തി, പിറകിൽ മാതാപിതാക്കളും കയറി ഇരുന്നു.
"മമ്മീ, മന്ത്രകോടിയും മിന്നുമെല്ലാം വച്ച പെട്ടി എടുത്തോ?"
"അതൊക്കെ ഈ വണ്ടിയിൽത്തന്നെയുണ്ട്. നീ ടെൻഷനടിക്കേണ്ട."
രണ്ടു ലക്ഷറികോച്ച് ബസ്സുകൾക്ക് പുറമേ മറ്റു വാഹനങ്ങളും നിരനിരയായി റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു. പള്ളിയിൽ എത്തിയ മണവാളനെ കാത്ത് മണവാട്ടിയേയും കൊണ്ട് അവരുടെ ആൾക്കാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വലിയൊരു സദസ്സിന്റെ നടുവിൽക്കൂടി പെണ്ണിനേയും ചെറുക്കനേയും ദേവാലയത്തിനുള്ളിലേക്ക് ആനയിച്ചു.
മാധുര്യശബ്ദത്തിന്റെ ഉടമയായ തിരുമേനിയുടെ നേതൃത്വത്തിൽ അനുഗ്രഹീതമായ വിവാഹ ശുശ്രൂഷകൾ നടന്നു. പെൺകുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയപ്പോൾ വിനോദിന്റെ കൈകൾ വിറയ്ക്കുന്നത് അയാളറിഞ്ഞു.
തലേന്ന് രാത്രിയിൽ കസിൻസിന് ശിഷ്യപ്പെട്ട് മിന്നുകെട്ടാൻ ഒരുവിധം പഠിച്ചത് പ്രയോജനപ്പെട്ടതിൽ അയാൾ ചാരിതാർത്ഥ്യനായി.
ഹോസ്പിറ്റലിൽ നിന്നും സാമിനെയും കുടുംബത്തേയും കൂടാതെ പലരും വന്ന് വിവാഹത്തിൽ സംബന്ധിച്ചു.
മനോഹരമായി അലങ്കരിച്ച റിസപ്ഷൻ ഹാളിലെ വിഭവസമൃദ്ധമായ വിരുന്നിനും ഫോട്ടോ സെഷനും ശേഷം വന്നവരെല്ലാം മടങ്ങി. ആനന്ദകരമായ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച കസിൻസിന്റെ രസകരമായ പെർഫോമൻസിനെ വെല്ലുന്ന വിധത്തിൽ കൂട്ടുകാരികളോടൊപ്പം ചേർന്ന് മണവാട്ടിയും ഡാൻസ് കളിച്ചത് സദസ്സിനെ ആവേശഭരിതരാക്കി. എല്ലാം കണ്ടുകൊണ്ട് ആത്മഗതമെന്നോണം വിനോദ് പറഞ്ഞു:
'ഇവളൊരു പുലിയാണല്ലോ.'
പിടിച്ചുനിൽക്കാനുള്ള നമ്പരുകളാന്നും തന്റെ കൈവശമില്ലല്ലോ എന്നോർത്ത് അയാൾ നിരാശനായി.
ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്ന തന്റെ ഭർത്താവിനെ, ലേയ കൂട്ടുകാരികൾക്ക് പരിചയപ്പെടുത്തി.
"നല്ല ലുക്കുണ്ടെങ്കിലും ആള് നല്ല സീരിയസ് ആണല്ലോ..."
"അതൊക്കെ ഞാൻ മാറ്റിയെടുത്തോളാം."
കസിൻസിന്റെ കളിയാക്കലുകൾക്കിടയിൽ നിന്നും രക്ഷപ്പെട്ട്, മണവറയിൽ തന്നെയും കാത്തിരിക്കുന്ന മണവാട്ടിയുടെ അരികിലേക്ക് അയാൾ നടന്നു.
ആദ്യാനുരാഗത്തിന്റെ ചിതലരിച്ച ഓർമ്മകളിൽ നിന്നും രക്ഷപ്പെടുത്തിയ ശാലിനിയുടെ നഷ്ടരാഗങ്ങളോട് വിടപറഞ്ഞ്, ഇനിയുള്ള തന്റെ ജീവിതത്തിന് നിറംപകരാനെത്തിയ ലേയയുടെ സ്നേഹമഴയിൽ അയാൾ നനഞ്ഞുനിന്നു.
മരച്ചില്ലകളിലിരുന്ന് നീട്ടിമൂളിയ രാപ്പാടികൾ അവർക്ക് മംഗളങ്ങൾ നേർന്നു. സ്വപ്നച്ചിറക് വിരിച്ച്, എകമനസ്സോടെ, സ്വർഗീയ നിമിഷങ്ങളിലേക്ക് മെല്ലെമെല്ലെ അവർ പറന്നുയർന്നുകൊണ്ടിരുന്നു...
(അവസാനിച്ചു.)