ഭാഗം 1
നാടൻ പാട്ടിന്റെ സൗന്ദര്യം പോലെ, ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു ശാലിനി. കർഷകരായ മാതാപിതാക്കളുടെ ഏക സമ്പാദ്യം അവൾ മാത്രമായിരുന്നു. അരവയർ മുറുക്കി പണിയെടുത്ത് മകളെ പഠിപ്പിച്ചു. ഉയർന്ന മാർക്കോടെ പ്ലസ് ടു പാസ്സായ അവളെ പട്ടണത്തിലെ കോളേജിൽ അയച്ചു പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ നാട്ടിലെ പ്രമാണിയായ കറിയാച്ചൻ മുതലാളി, ശാലിനിയുടെ ഉപരിപഠനത്തിനുള്ള സഹായഹസ്തവുമായി മുന്നോട്ടു വന്നു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത തീരുമാനത്തിൽ എല്ലാവരും സന്തോഷിച്ചു. തങ്ങളുടെ ജീവിതത്തിൽ, ഒരു കുഞ്ഞിക്കാലുകാണുവാൻ ഭാഗ്യമില്ലാതിരുന്ന കറിയാച്ചന്റേയും ഭാര്യ അന്നാമ്മയുടേയും നന്മ നിറഞ്ഞ മനസ്സുകൾ ദൈവത്തിന് ഏറെ പ്രസാദകരമായിത്തീർന്നു.
നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കുന്നതിനും ഭവനരഹിതർക്കു വീടു വച്ചു കൊടുക്കുന്നതിനും സാധുക്കളായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളെ ചികിത്സിപ്പിക്കുന്നതിനും മറ്റുമായി തങ്ങളുടെ സമ്പത്തിൽ ഒരു നല്ല ഭാഗം എല്ലാ കൊല്ലവും ചിലവഴിച്ചു പോന്നു. അങ്ങനെ അവറാച്ചൻ മുതലാളിയും കുടുംബവും നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി.
ശാലിനിയെ പട്ടണത്തിലുള്ള ഒരു മെഡിക്കൽ കോളേജിൽ ബി.എസ്സ്.സി നഴ്സിംഗിനു ചേർത്തു. അവളുടെ എല്ലാ ചിലവുകളം അദ്ദേഹം തന്നെയാണ് വഹിച്ചിരുന്നത്. സ്വന്തം മകളെപ്പോലെ തന്നെ അവളെ അവർ സ്നേഹിച്ചു. പതിവായി മാസത്തിലൊരിക്കൽ അച്ഛനോടൊപ്പം മുതലാളിയും അവളെ കാണാൻ പോകുമായിരുന്നു.
ശാലിനിക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. പഠനത്തിൽ മാത്രം ശ്രദ്ധിച്ച് ദിവസങ്ങൾ തള്ളിനീക്കി. എല്ലാ പരീക്ഷകളിലും ഉയർന്ന സ്ഥാനത്തെത്തുന്ന അവളോട് കൂട്ടത്തിലുള്ള പലർക്കും അസൂയ തോന്നി. താന്തോന്നികളായ നാലു പെൺകുട്ടികളുടെ ഒരു സംഘം, അവളോട് എന്നും ശത്രുത പുലർത്തി.
"എടീ, ആ ശാലിനിയെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, അവൾക്ക് ഒരു പണി കൊടുത്താലോ?" സംഘത്തിന്റെ നേതാവായ ഗ്രീഷ്മ മറ്റുള്ളവരോടായി ചോദിച്ചു.
"എന്തൊരു തലയാടീ അവൾക്ക്! എല്ലാ ടീച്ചേർസിനും അവളോടാണ് പ്രിയം. കാർഡിയോളജി പഠിപ്പിക്കുന്ന ഡോക്ടർ വിനോദിന് അവളുടെ മേൽ ഒരു കണ്ണുണ്ട്."
സംഘത്തിൽ ഒരുവളും ഗ്രീഷ്മയുടെ ഉറ്റ കൂട്ടുകാരിയുമായ നീതു പറഞ്ഞു.
"ആഹാ... അങ്ങനെയുമുണ്ടോ? മിണ്ടാപൂച്ച കലമുടയ്ക്കുമോ?"
"ആർക്കറിയാം, കാത്തിരുന്നു കാണാം."
"നീതു, നാളത്തെ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ പത്തു ദിവസം അവധിയാണല്ലോ. നമുക്കു അടിച്ചു പൊളിക്കണം."
"അതിന് നാളെത്തന്നെ നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ പോകുകയല്ലേ?"
"നീയും നാളെ പോകുമോ? നമുക്ക് രണ്ടു ദിവസം കഴിഞ്ഞ് പോയാൽ പോരേ? ലിൻസിയോടും അലീനയോടും പറയണം. നമ്മൾ നാലു പേർക്കും കൂടി ടൗണിലൊക്കെ ഒന്നു കറങ്ങി ഒരു സിനിമയൊക്കെ കണ്ടിട്ട് പതുക്കെ പോകാം."
"ഞാൻ റെഡി. ഇനി അവർ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറയുമോ എന്നറിയില്ല. അലീനയുടെ വിചാരം, അവളൊരു നല്ല കുട്ടിയാണെന്നാണ്. അവൾക്ക് ശാലിനിയോടും ഒരു സോഫ്റ്റ് കോർണർ ഉണ്ട്."
"അത് നിനക്കെങ്ങനെ മനസ്സിലായി?"
"ഒരു ദിവസം നമ്മൾ ശാലിനിയെപ്പറ്റി കുറ്റം പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ല. ശാലിനിയുടെ കൂട്ടുകാരി അഞ്ജലിയും അലീനയും പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്. തന്നെയുമല്ല, അവർ ഒരു നാട്ടുകാരുമാണ്."
"എങ്കിൽ നമ്മുടെ സംഘത്തിൽ നിന്ന് അവളെ ഒഴിവാക്കിയാലോ?"
"പക്ഷേ, അവൾ ലിൻസിയോടൊപ്പം ഒരു മുറിയിലാണല്ലോ താമസിക്കുന്നത്. അതുകൊണ്ട് തൽക്കാലം വേണ്ട, അവളുടെ മേൽ നമ്മുടെ ഒരു കണ്ണുണ്ടായാൽ മതി."
നീതുവിന്റെ അഭിപ്രായത്തോട് ഗ്രീഷ്മയും യോജിച്ചു.
അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് നാലംഗ സംഘം പുറത്തു പോകാനായി ഹോസ്റ്റൽ വാർഡനോട് അനുവാദം ചോദിച്ചു.
"മാഡം, ഞങ്ങൾക്ക് ടൗൺ വരെ ഒന്നു പോകണം. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്."
"അപ്പോൾ നിങ്ങൾ നാലു പേരും വീട്ടിൽ പോകുന്നില്ലേ? നിങ്ങളുടെ ബാച്ചിന് പത്തു ദിവസം അവധിയാണല്ലോ. മറ്റുള്ളവർ ഒക്കെ ഓരോരുത്തരായി പോയിത്തുടങ്ങിയല്ലോ."
"ഞങ്ങൾ നാളെയേ പോകുന്നുള്ളൂ മാഡം."
"ശരി, നാളെത്തന്നെ പോകുമല്ലോ അല്ലേ? എന്നാൽ പോയിട്ടു വരൂ... ആറുമണിക്കു തന്നെ ഗേറ്റ് അടയ്ക്കും. അതിനുമുൻപു തന്നെ തിരിച്ചെത്തിയേക്കണം, കേട്ടല്ലോ?"
"ശരി മാഡം, ആറുമണിക്കു മുൻപുതന്നെ ഞങ്ങൾ തിരിച്ചെത്തും." ഗ്രീഷ്മ വാർഡന് ഉറപ്പു കൊടുത്തു.
"എടീ, ഇപ്പോൾത്തന്നെ രണ്ടു മണിയായി. ആറുമണിക്കു മുൻപ് തിരിച്ചെത്താൻ പറ്റുമോ? നീയെന്തിനാണ് അങ്ങനെ പറഞ്ഞത്?"
ലിൻസിയുടെ സംശയത്തിന് അലീനയാണ് മറുപടി പറഞ്ഞത്.
"എന്തായാലും ഗേറ്റടയ്ക്കുന്നതിനു മുൻപു തന്നെ തിരിച്ചെത്തണം. അല്ലെങ്കിൽ നമ്മൾ പെട്ടു പോകും. നാളെ രാവിലെ വീട്ടിൽ പോകാനുള്ളതാണ്."
"ഓ... ഇവളുടെ ഒരു പേടി, നമുക്കു നോക്കാം." നീതുവിന്റെ വാക്കുകൾ അലീനയെ ആശ്വസിപ്പിച്ചു.
അവർ പുറത്തിറങ്ങി ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. ബസ്സ് കാത്തുനിൽക്കുന്ന ശാലിനിയേയും അഞ്ജലിയേയും കണ്ടിട്ടും കാണാത്ത ഭാവത്തിൽ മാറിനിന്നു. ടൗണിലേക്കുള്ള ബസ്സിൽ നല്ല തിരക്കായിരുന്നിട്ടും നാലംഗ സംഘം അതിൽ കയറി.
അധികം താമസിയാതെ തന്നെ നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി ശാലിനിയും അഞ്ജലിയും യാത്രയായി. രണ്ടു പേർക്കും ഇരിക്കാൻ സീറ്റും ലഭിച്ചു.
"ശാലിനീ, ഒരു മണിക്കൂർ കഴിയുമ്പോൾ ഞാൻ ഇറങ്ങും. അരമണിക്കൂർ കൂടി കഴിഞ്ഞല്ലേ നിന്റെ സ്ഥലം എത്തുകയുള്ളൂ, ബസ്സ് സ്റ്റോപ്പിൽ ആരെങ്കിലും വരുമോ?"
"അച്ഛൻ വരുമായിരിക്കും. നീ വിഷമിക്കണ്ട. നീയും ബസ്സിറങ്ങി സൂക്ഷിച്ചു പോകണം കേട്ടോ.."
ശാലിനി ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ അവറാച്ചൻ മുതലാളി കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഡ്രൈവറാണ് കാർ ഓടിക്കുന്നത്. ശാലിനിയേയും കൂട്ടി സ്വന്തം വീട്ടിലേക്കു പോകും വഴി മുതലാളി ചോദിച്ചു:
"പരീക്ഷയൊക്കെ എങ്ങനെയുണ്ടായിരുന്നു? നന്നായി എഴുതിയോ? നിനക്ക് എത്ര ദിവസത്തെ അവധിയുണ്ട്?"
"പരീക്ഷയൊക്കെ നന്നായിരുന്നു അപ്പച്ചാ.. ഞങ്ങൾക്കു പത്തു ദിവസം അവധിയുണ്ട്. അവധി തീരുന്നതിന്റെ തലേ ദിവസം പോകണം. അമ്മച്ചിക്ക് സുഖമാണോ?"
"അമ്മച്ചിക്കു പ്രത്യേകിച്ചു അസുഖം ഒന്നുമില്ല. നീ വരുന്നതും നോക്കിയിരിക്കുകയാണ്."
ആ വലിയ വീടിന്റെ മുന്നിലത്തിയപ്പോൾ അച്ഛൻ ഓടി വന്ന് ഗേറ്റു തുറന്നു. അച്ഛനെ കണ്ട് ശാലിനിയുടെ കണ്ണുകൾ നനഞ്ഞു.
"അച്ഛാ... അച്ഛന് സുഖമാണോ? അമ്മയെവിടെ?"
"അവൾ വീട്ടിലുണ്ട്, നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞോ?"
"കഴിഞ്ഞച്ഛാ, എല്ലാം എളുപ്പമായിരുന്നു. ഞാൻ പോയി അമ്മച്ചിയെ കണ്ടിട്ടു വരാം."
"ശരി മോളേ..."
അടുക്കളയിൽ ജോലിക്കാരിയോട്സംസാരിച്ചു കൊണ്ടു നിൽക്കുന്ന അന്നാമ്മച്ചിയുടെ പിറകിൽ ചെന്നു നിന്ന് രണ്ടു കൈകൾ കൊണ്ടും ചുറ്റിവരിഞ്ഞുകൊണ്ട് നീട്ടി വിളിച്ചു.
"അമ്മച്ചീ... ഞാൻ എത്തിയേ..."
"ആഹാ, നീ വന്നോ? അമ്മച്ചിക്കു സന്തോഷമായി. യാത്രയൊക്കെ സുഖമായിരുന്നോ മോളേ?"
"അതേ അമ്മച്ചീ... ബസ്സ് കാത്തു കുറച്ചുനേരം നിന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു."
"നീ അങ്ങു ക്ഷീണിച്ചു പോയല്ലോ.. അവിടെ ഭക്ഷണം ഒന്നും കിട്ടുന്നില്ല?"
"പരീക്ഷയൊക്കെ അല്ലായിരുന്നോ അമ്മച്ചീ... നന്നായി ഒന്നുറങ്ങിയിട്ട് ഒരാഴ്ചയായി. നല്ല വിശപ്പുണ്ട്, അമ്മച്ചിയുടെ ഇന്നത്തെ സ്പെഷ്യൽ എന്താ?"
"നീ കൈ കഴുകി വന്നോളൂ, ഭക്ഷണം എടുത്തു വയ്ക്കാം."
ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ അന്നാമ്മച്ചി ചോദിച്ചു:
"നിനക്കു രണ്ടു ദിവസം ഇവിടെ നിന്നിട്ട് വീട്ടിലോട്ടു പോയാൽ പോരേ?"
"അയ്യോ... അമ്മച്ചീ, ഞാൻ പോയി അമ്മയെ കണ്ടിട്ടു നാളെത്തന്നെ ഇങ്ങോട്ടു വന്നോളാം."
"ശരി, നിന്റെ ഇഷ്ടം. നിന്നെ ഒന്നു കാണാൻ അവിടെ തങ്കവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടാവും. എന്നാൽ പോയിട്ടു വാ മോളേ..."
കെ കഴുകി അപ്പച്ചനോടും യാത്ര പറഞ്ഞിട്ട് ശാലിനി അവളുടെ അച്ഛനോടൊപ്പം ഇറങ്ങി നടന്നു.
(തുടരും)