ഭാഗം 2
ചക്രവാള സീമയിൽ കുങ്കുമം വാരിവിതറി, സന്ധ്യാദേവി തന്റെ ആഗമനം അറിയിച്ചു. അസ്തമയ സൂര്യന്റെ സിന്ദൂര രശ്മികൾ പ്രകൃതിയെ നിറച്ചാർത്തണിയിച്ചു. അമ്മയെ കാണാനുള്ള ആവേശത്തോടെ ചെമ്മൺ പാതയിലൂടെ സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഇരുവശങ്ങളിലേയും തെങ്ങോലകളെ തഴുകിയെത്തുന്ന കുളിർ കാറ്റിന്റെ ചൂളം വിളിയിൽ, അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങിക്കളിക്കുന്ന ഒരു കൊച്ചു പാവാടക്കാരിയുടെ മനസ്സുമായി ശാലിനി, ഓലപ്പുരയുടെ മുന്നിലുള്ള ഒതുക്കു കല്ലുകൾ കയറി ഉമ്മറത്തെത്തി.
അവരുടെ വരവും പ്രതീക്ഷിച്ചു കൊണ്ട് ദൂരേയ്ക്ക് കണ്ണുനട്ടു കാത്തിരുന്ന അമ്മയെ കെട്ടിപ്പിടിച്ച് കുറേ നേരം അങ്ങനെ നിന്നു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അമ്മ ചോദിച്ചു:
"മോളേ, നിനക്കു സുഖമാണോ? എത്തിയിട്ടു ഒത്തിരി നേരമായോ?"
"സുഖമാണമ്മേ... വന്നിട്ട് അരമണിക്കൂർ കഴിഞ്ഞു കാണും. എന്റെ അമ്മയ്ക്കു സുഖമാണോ?"
"സുഖമായിരിക്കുന്നു മോളേ... ഇന്ന് പണിക്കു പോയിട്ട് ഉച്ചയായപ്പോൾ ഇങ്ങു പോരുന്നു. കൊയ്ത്തും മെതിയുമൊക്കെ തുടങ്ങാറായി. നീ പോയി കുളിച്ചിട്ടു വാ, അമ്മ പുഴുക്കു പുഴുങ്ങി വച്ചിട്ടുണ്ട്. കാന്താരി പൊട്ടിച്ചതും കൂട്ടി ചൂടോടെ കഴിക്കാം."
"അയ്യോ അമ്മേ, ഞാൻ ബംഗ്ലാവിൽ നിന്നും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ടാണ് വന്നത്. എന്നാലും കുളിച്ചിട്ടു വന്നിട്ട് രണ്ടു കഷണം കഴിക്കാം. നല്ല ക്ഷീണമുണ്ട്, നന്നായി ഒന്നുറങ്ങണം."
"ശരി മോളേ, വേഗം കുളിച്ചിട്ടു വരൂ..."
ഉദയസൂര്യന്റെ ഇളം കിരണങ്ങൾ മുറിയിലാകെ പതിച്ചപ്പോഴാണ് ശാലിനി ഉറക്കമുണർന്നത്. അടുക്കളയിൽ ചെന്ന് അമ്മയോടു കിന്നാരം പറഞ്ഞു നിന്നു.
"അമ്മേ അച്ഛനെവിടെ, ഇവിടെയെങ്ങും കാണുന്നില്ലല്ലോ."
"അച്ഛൻ വെളുപ്പിനേ പണിക്കു പോയി. നീയെണീറ്റിട്ടു പോകാൻ നിൽക്കുകയാണു ഞാനും."
"ഞാനും വരട്ടെ അമ്മേ, പാടവരമ്പിലൂടെ നടക്കാൻ കൊതിയാവുന്നു."
"നീ ബംഗ്ലാവിലേക്കു പോകുന്നുണ്ടോ? വേഗം ഒരുങ്ങി വരൂ...നിന്നെ അവിടെ ആക്കിയിട്ടു വേണം എനിക്കു പോകാൻ."
സ്വർണനിറത്തിൽ വിളഞ്ഞു കിടക്കുന്ന നെൽക്കതിർപ്പാടത്തിനിടയിലുള്ള വരമ്പിലൂടെ അമ്മയോടൊപ്പം ശാലിനി നടന്നു. പോക്കുവെയിലിന്റെ ഇളം ചൂടുള്ള രശ്മികൾ തട്ടി അവളുടെ മുഖം തുടുത്തു.
മഴയത്തും വെയിലത്തും വിശ്രമില്ലാതെ പണിയെടുക്കുന്ന അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടുകൾ, ശാലിനിയെ സങ്കടപ്പെടുത്തി.
"ഒരു വർഷത്തെ പഠിത്തം കൂടി കഴിഞ്ഞാൽ എനിക്കു ജോലികിട്ടും. പിന്നെ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടണ്ട, ഞാൻ അയച്ചു തരുന്ന പൈസ കൊണ്ട് സുഖമായി ജീവിച്ചാൽ മതി.
"അതു കൊള്ളാം, നിന്നെ പഠിപ്പിക്കുന്നതു മുതലാളിയാണെങ്കിലും നല്ല ഒരു ചെറുക്കന്റെ കൂടെ പറഞ്ഞു വിടണ്ടേ? നിന്റെ വിവാഹത്തിനും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് മര്യാദയാണോ?"
"അതിന് ഞാൻ കല്യാണം കഴിക്കുന്നെങ്കിലല്ലേ? എനിക്ക് കല്യാണം വേണ്ടമ്മേ, ജോലി ചെയ്ത് പാവപ്പെട്ടവരെയൊക്കെ സഹായിച്ച് നിങ്ങളേയും ശുശ്രൂഷിച്ച് ഇവിടെ ഇങ്ങനെ കഴിഞ്ഞു കൊള്ളാം."
"അതു നീയാണോ തീരുമാനിക്കുന്നത്? നീയൊരു പെണ്ണാണ്, ഞങ്ങളുടെ കാലം കഴിഞ്ഞാൽ പിന്നെ നിനക്കാരുണ്ട്?"
"അത് അന്നല്ലേ? അപ്പോൾ നോക്കാം."
അവറാച്ചൻ മുതലാളിയേയും അന്നാമ്മച്ചി യേയും കാണാൻ അവൾ മിക്ക ദിവസങ്ങളിലും പോകുമായിരുന്നു. അവൾക്കു ദൈവത്തെപ്പോലെയായിരുന്നു അവർ. ആ വലിയ ബംഗ്ലാവിലും ചെറിയ ഓലപ്പുരയിലും മാറി മാറി താമസിച്ച് ഒഴിവു ദിവസങ്ങൾ കഴിച്ചു കൂട്ടി.
അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശാലിനിയെ കാത്തിരുന്നത്, ചില ദുരന്തങ്ങൾ ആണ്. മൂന്നുമാസത്തെ തിയറി ക്ലാസ്സുകൾക്കു ശേഷം പ്രാക്ടീസിനായി ആശുപത്രിയിൽ ജോലി ചെയ്യണം. ഓരോ മാസം വീതം ഓരോ വാർഡിലും എല്ലാവർക്കും ഡ്യൂട്ടിയിടും.
തിയറി ക്ലാസ്സിനിടയിൽ ഒരു ദിവസം കാർഡിയോളജി പഠിപ്പിക്കാനെത്തിയ ഡോക്ടർ വിനോദിനോട് ഗ്രീഷ്മയും കൂട്ടുകാരികളും അപമര്യാദയായി പെരുമാറി.
ഡോക്ടറിന് ശാലിനിയോടുള്ള മൂകാനുരാഗം മനസ്സിലാക്കിയ അവർ ഇരുവരേയും പറ്റി അപവാദം എഴുതിയ തുണ്ടു പേപ്പറുകൾ ക്ലാസ്സിൽ വിതരണം ചെയ്തു.
ഡോക്ടർ വിനോദിന്റെ പിറകേ നടന്ന് പലപ്രാവശ്യം തന്റെ ഹൃദയം തുറന്നു കാട്ടിയിട്ടും അയാളിൽ നിന്ന് ഗ്രീഷ്മയ്ക്ക് ഏൽക്കേണ്ടി വന്ന അവഗണനയിൽ നിന്ന് ഉടലെടുത്ത പ്രതികാര ചിന്തയിലാണ് വിനോദിനേയും ശാലിനിയേയും അപമാനിക്കാൻ അവൾ തീരുമാനിച്ചത്.
ആ സംഭവം റിപ്പോർട്ട് ചെയ്ത ഡോക്ടർ വിനോദ്, ഗ്രീഷ്മയ്ക്കും സംഘത്തിനും രണ്ടു ദിവസത്തെ സസ്പെൻഷൻ വാങ്ങിക്കൊടുത്തു. അഭിമാനം മുറിപ്പെട്ട അവളുടെ മനസ്സിൽ പ്രതികാരത്തിന്റെ അഗ്നിക്കനലുകൾ ആളിക്കത്തി.
അവളോടൊപ്പമായിരുന്നു ഒരു ദിവസം ശാലിനിക്കു മെഡിക്കൽ വാർഡിൽ ജോലി ചെയ്യേണ്ടിയിരുന്നത്.
ശാലിനിയെ തറപറ്റിക്കാൻ കെണിയുമൊരുക്കി കാത്തിരുന്ന ഗ്രീഷ്മയുടെ വലയിൽ അവൾ അറിയാതെ വീണു. അതാതു ഫയലുകൾ നോക്കി രോഗികൾക്കു കൊടുക്കാനായി മരുന്നുകൾ എടുത്തു വയ്ക്കുന്നതിനിടയിൽ ഗ്രീഷ്മ പറഞ്ഞു:
"ശാലിനീ നിന്നെ മാഡം വിളിക്കുന്നു, പെട്ടെന്നു പോയിട്ടു വരൂ."
എന്തെങ്കിലും പരാതികൾ ലഭിക്കുമ്പോഴാണ് വാർഡ് ഇൻ ചാർജ് വിളിപ്പിക്കുന്നത്. ശാലിനിക്കെതിരേ ഒരു പരാതിയും ആരിൽ നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വല്ലാത്ത ഹൃദയമിടിപ്പോടെ അവൾ മുറിയുടെ മുൻപിലെത്തി ഒരു നിമിഷം ശങ്കിച്ചു നിന്നു.
"എന്താ ശാലിനീ, എന്തു വേണം?"
"മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്?"
"ഞാൻ വിളിപ്പിച്ചില്ലല്ലോ... ആരാണ് നിന്നോട് പറഞ്ഞത്?"
"ഗ്രീഷ്മ പറഞ്ഞു, മാഡം എന്നെ വിളിക്കുന്നുവെന്ന്."
"അവൾ നിന്നെ കബളിപ്പിച്ചതാവും."
ആശ്വാസത്തോടെ തിരികെയെത്തി, മരുന്നുട്രേയും എടുത്തുകൊണ്ട് രോഗികൾക്കരികിലേക്കു നീങ്ങി, രോഗികളോട് കുശലം പറയുകയും മരുന്നുകൾ കൊടുക്കുകയും ചെയ്തു.
അടുത്ത ദിവസം, ശാലിനിയേയും കൂട്ടിക്കൊണ്ട് മാഡം, സൂപ്രണ്ടിന്റെ മുറിയിലേക്കു ചെന്നു. ഒന്നും മനസ്സിലാകാതെ അവൾ പരിഭ്രമിച്ചു.
അവർ ചെല്ലുമ്പോൾ പ്രധാന ഫിസിഷ്യനും സൂപ്രണ്ടിന്റെ മുറിയിൽ ഉണ്ടായിരുന്നു.
"എന്താ കുട്ടിയുടെ പേര്?"
"ശാലിനി."
"എത്രാമത്തെ വർഷമാണ് ഇത്?"
"ഇത് നാലാമത്തെ വർഷമാണ് സാർ."
"ഇന്നലെ വാർഡ് എം. വണ്ണിൽ രോഗികൾക്ക് മരന്നുകൾ കൊടുത്തത് താനല്ലേ?"
"അതേ സാർ."
"കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?"
"എന്നോടൊപ്പം ഡ്യൂട്ടിയിൽ ഗ്രീഷ്മ ഉണ്ടായിരുന്നു."
"നാലു രോഗികളുടെ മരുന്നുകൾ മാറിക്കൊടുത്തത് അറിഞ്ഞിരുന്നോ?"
"ഇല്ല സാർ, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഞാൻ തന്നെയാണ് ഫയലുകൾ നോക്കി ട്രേയിൽ മരുന്നുകൾ എടുത്തു വച്ചത്."
"അതുകൊണ്ടാണല്ലോ കുട്ടിയെ വിളിപ്പിച്ചത്. ഭാഗ്യത്തിന് അവർ അത് കഴിക്കാതിരുന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ഇന്നലെ റൗണ്ട്സിനു ചെന്ന ഡോക്ടറിനോട് അവർ പരാതി പറഞ്ഞു.
കുട്ടിയുടെ അശ്രദ്ധ, അവരുടെ ജീവനു തന്നെ ആപത്തായി ഭവിക്കുമായിരുന്നു. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഇങ്ങനെയുണ്ടായാൽ പഠിപ്പും ജോലിയുമെല്ലാം ഇതോടെ അവസാനിക്കും. ഇനിയൊരു വാർണിങ് ഉണ്ടായിരിക്കുകയില്ല. പൊയ്ക്കോളൂ..."
സൂപ്രണ്ടിന്റെ താക്കീതുകൾ അവളുടെ അഭിമാനത്തിനെ മുറിപ്പെടുത്തി. നിറകണ്ണുകളോടെ തലയും കുനിച്ചു നടന്നു വരുന്ന ശാലിനിയെ കണ്ട് ഗ്രീഷ്മ ഉള്ളിൽ ചിരിച്ചു. അവളുടെ മുഖത്തെ വിജയഭാവം ശാലിനി വായിച്ചെടുത്തു.
ശാലിനിയുടെ മനസ്സിൽ സംശയങ്ങൾ തല പൊക്കി.
പരോക്ഷമായെങ്കിലുംഗ്രീഷ്മയ്ക്ക് തന്നോടുണ്ടായിരുന്ന അസൂയയും പകയും ഏറെക്കുറെ അവൾക്കും അറിയാമായിരുന്നു. ഗ്രീഷ്മ ഒരുക്കിയ ചതിയായിരുന്നു എന്നവൾ ബലമായി വിശ്വസിക്കുകയും അക്കാര്യം മാഡത്തിനെ അറിയിക്കുകയും ചെയ്തു.
അതിനു ശേഷം ഇരുവർക്കും ഒരുമിച്ച് ഡ്യൂട്ടി ഇട്ടിട്ടില്ല. അറിയാതെയാണെങ്കിലും തന്നിൽ നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് ക്ഷമാപണം എഴുതിക്കൊടുത്തു.
അന്നത്തെ സംഭവം ശാലിനിയുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കി.
(തുടരും)
ഭാഗം 3
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് മുറിയെലിത്തി സങ്കടം സഹിക്കവയ്യാനാവാതെ കട്ടിലിൽ കമിഴ്ന്നു കിടന്ന് ശാലിനി ഏങ്ങലടിച്ചുകരഞ്ഞു.
"ശാലിനീ... എന്തു പറ്റി, നീയെന്തിനാണ് കരയുന്നത്? നിനക്ക് സുഖമില്ലേ? എന്തെങ്കിലും പ്രശ്നമുണ്ടോ?"
"ഒന്നുമില്ലെടീ, നല്ല തലവേദന."
"അതിന് ഇങ്ങനെ കരയണോ? എന്താണെന്നു വച്ചാൽ പറയെടീ. വർഷം മൂന്നായില്ലേ ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട്?"
ശാലിനിയോടൊപ്പം ഒരേ മുറിയിൽ താമസിക്കുന്ന അഞ്ജലി എന്ന തന്റെ പ്രിയ കൂട്ടുകാരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ഏക ആശ്വാസം. അന്നു വാർഡിൽ നടന്ന സംഭവങ്ങൾ അറിഞ്ഞപ്പോൾ അഞ്ജലി പറഞ്ഞു:
"നീ സൂക്ഷിക്കണം, ഗ്രീഷ്മയ്ക്കു നിന്നോട് അടങ്ങാത്ത പകയുണ്ട്. നിന്നെ തകർക്കാൻ കുതന്ത്രങ്ങളും മെനഞ്ഞു പതിയിരിക്കുകയാണ് അവൾ. ഡോക്ടർ വിനോദിന്റെ പിറകേ ഒരുപാടു കാലം നടന്നിട്ടും അയാൾക്കു നിന്നെയാണ് ഇഷ്ടം എന്നറിഞ്ഞതു മുതൽ മനസ്സിൽ പ്രതികാരവും കൊണ്ട് നടക്കുകയാണ് അവൾ."
"ഡോക്ടർ വിനോദ് എന്നെ ഇഷ്ടപ്പെടുന്നത് എന്റെ കുറ്റമാണോ? പ്രണയിച്ചു നടക്കാൻ താൽപര്യമില്ലെന്ന് രണ്ടു മൂന്നു പ്രാവശ്യം ഞാൻ പറഞ്ഞിട്ടുമുണ്ട്. ഒത്തിരി പ്രതീക്ഷകളുമായി എന്റെ അച്ഛനും അമ്മയും അപ്പച്ചനും അമച്ചിയും കൂടാതെ ഒരു ഗ്രാമം മുഴുവനും എന്നെ കാത്തിരിക്കുകയാണ്. അവരെയൊക്കെ സങ്കടപ്പെടുത്താൻ എനിക്കാവില്ലെടീ."
"നീ വിഷമിക്കേണ്ടാ, ഇതെവിടെ വരെപ്പോകുമെന്ന് നമുക്കു നോക്കാം."
ദിവസങ്ങൾ കൊഴിയുന്തോറും ഗ്രീഷ്മയുടെ ഉള്ളിലെ പക വളർന്നുകൊണ്ടിരുന്നു. ശാലിനിയെ തകർക്കാൻ അവൾ വീണ്ടും തന്ത്രങ്ങൾ ആലോചിച്ചു. ഇതിനിടെ ഡോക്ടർ വിനോദിന്റെ മനസ്സിൽ ശാലിനിയോടുള്ള അനുരാഗം ശക്തമായിക്കൊണ്ടിരുന്നു.
ഒരു ദിവസം ശാലിനിയെ തനിച്ചു കിട്ടിയ ഒരവസരത്തിൽ തന്റെ അഭിലാഷം ഡോക്ടർ അവളെ അറിയിച്ചു. മറുപടിയൊന്നും പറയാതെ അവൾ ഒഴിഞ്ഞുമാറി. ഡോക്ടർ വിനോദിന്റെ ഒരു കടാക്ഷത്തിനു വേണ്ടി പിറകേ നടന്ന ഗ്രീഷ്മയ്ക്ക് ഇതൊന്നും സഹിക്കുവാനായില്ല.
ഐ.സി.യു വാർഡിലെ ഒരു നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഡോക്ടർ വിനോദ്, ശാലിനിയോട് തന്റെ ഹൃദയം തുറന്നു കാട്ടി. എന്തു പറയണമെന്നറിയാതെ സംശയിച്ചുനിന്ന അവളുടെ അരികിലെത്തി, ഇരു കരങ്ങളും കവർന്നു തന്റെ നെഞ്ചോടടുപ്പിച്ചു.
"ശാലിനീ, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയുമോ? നീയില്ലാതെ ഇനി എനിക്കു വയ്യ. എന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും നിന്നോടുള്ള പ്രണയമാണ്. നീ എന്തിനാണ് എന്നെ ഇങ്ങനെ അവഗണിക്കുന്നത്?"
"ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ഡോക്ടർ. എന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഞാൻ. പഠിച്ചു ജയിച്ച് ഒരു ജോലി സമ്പാദിക്കുക എന്നത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം."
"അതിനു യാതൊരു തടസ്സവും നമ്മുടെ ബന്ധം മൂലം ഉണ്ടാവില്ലെന്ന് ഞാൻ വാക്കുതരുന്നു. നിനക്കെന്നെ പൂർണമായും വിശ്വസിക്കാം. പറയൂ ശാലിനീ, നിനക്കെന്നെ ഇഷ്ടമല്ലേ?"
മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിൽ അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. തന്നോടുള്ള ഇഷ്ടം മൂകാനുരാഗമായി അവളുടെ നീർമിഴിയിതളിൽ തെളിയുന്നത് കണ്ട് വിനോദിന്റെ മനസ്സ് കുളിരണിഞ്ഞു.
അവന്റെ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത്, തുളമ്പിയ കണ്ണുനീർ തന്റെ അധരം കൊണ്ട് ഒപ്പിയെടുത്തു. നെറുകയിലും കവിളിലും മൃദുവായി ഉമ്മവച്ചു.
എതിർക്കുവാനാവാതെ അവന്റെ കരവലയത്തിനുള്ളിൽ അവൾ ഒതുങ്ങി നിന്നു. അവളുടെ അധരാമൃതം നുകർന്നവൻ സ്വയം മറന്നു നിന്നു. ഒരരിമുല്ലവള്ളിയായി ആ തേൻമാവിൽ അവളും പടർന്നിറങ്ങി. പരസ്പരം ആത്മാവിലലിഞ്ഞ് സ്വർഗീയാനുഭൂതിയിൽ ലയിച്ച് രണ്ടു ഹൃദയങ്ങൾ ഒന്നായ നിമിഷം!
പരിസരം മറന്ന് എത്ര നേരം അങ്ങനെ നിന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല. ഐ.സി.യു വിലെ രോഗി ചുമയ്ക്കുന്നതു കേട്ടപ്പോൾ ശാലിനി, ഡോക്ടർ വിനോദിന്റെ കരവലയത്തിൽ നിന്നും അകന്നു മാറി തലയും കുനിച്ച് രോഗിയുടെ അരികിലേക്ക് ധൃതിയിൽ നടന്നുനീങ്ങി. കുറ്റബോധത്താൽ അവളുടെ മനസ്സ് നീറിപ്പുകഞ്ഞു.
ലോകം കീഴടക്കിയ സന്തോഷത്തിൽ ഡോക്ടർ വിനോദ് തന്റെ മുറിയിലേക്കു പോയി.
ഭാഗ്യത്തിന് ഒരു രോഗി മാത്രമേ ഐ സി യു വാർഡിൽ അന്ന് ഉണ്ടായിരുന്നുള്ളൂ...
കൊടുത്ത മരുന്നിന്റേയും ഇഞ്ചക്ഷന്റേയും ശക്തിയിൽ അയാൾ നല്ല ഉറക്കത്തിലുമായിരുന്നു.
ശാലിനിയുടെ മനസ്സു മുഴുവൻ ഡോക്ടർ വിനോദായിരുന്നു. ഇതുവരേയും ഉള്ളിന്റെയുളളിൽ കൊണ്ടു നടന്നിരുന്ന അവളുടെ രാഗധാര, അണമുറിയാതെ അവനിലേക്ക് ഒഴുകിയിറങ്ങിയതോർത്ത് ലജ്ജാവിവശയായി.
അവന്റെ സ്പർശനം ഏറ്റുവാങ്ങിയ അവളുടെ ശരീരത്തിലെ രോമരാജികൾ എഴുന്നേറ്റു നിന്നു. അവന്റെ ചുംബനങ്ങളുടെ ആഴമറിഞ്ഞ അവളുടെ അധരദളങ്ങൾ വീണ്ടുമെന്തിനോ വേണ്ടി ദാഹിച്ചു.
'എന്റെ ഭഗവാനേ, എന്തൊക്കെയാണ് സംഭവിക്കുന്നത്! ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ ചൂടറിഞ്ഞ നിമിഷങ്ങൾ!'
തന്റെ നെറുകയിലും ചൊടികളിലും അർപിച്ച ചുംബന മുദ്രകൾ പകർന്നു തന്ന അനുഭൂതിയിൽ അവൾ അലിഞ്ഞിറങ്ങി. മഴനീർ കണങ്ങളായി പെയ്തിറങ്ങിയ അനുരാഗ മഴയിൽ തന്റെ ഹൃദയേശ്വരനോടൊപ്പം നനഞ്ഞു കുതിർന്നു.
ഒരു തരം ഉന്മാദാവസ്ഥയിൽ ശാലിനി ആ രാത്രിയുടെ യാമങ്ങൾ കഴിച്ചുകൂട്ടി.
ഡോക്ടർ വിനോദിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. തന്റെ ഹൃദയ വാടിയിൽ പൂത്തിറങ്ങിയ പ്രണയ വസന്തം താലോലിച്ച് ഒരു പിടി വർണക്കനവുകൾ നെയ്തു കൂട്ടി.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ശാലിനി പോകാനിറങ്ങുമ്പോൾ, പാർക്ക് ചെയ്തിരുന്ന കാറിന് സമീപം നിന്നുകൊണ്ട് ഡോക്ടർ വിനോദ്, ശാലിനിയെത്തന്നെ നോക്കിനിന്നു.
അടുത്തെത്തിയിട്ടും മുഖമുയർത്തി തന്നെയൊന്നു നോക്കാൻ ശ്രമിക്കാതെ നടന്നു പോകാൻ തുടങ്ങിയ ശാലിനിയെ പിറകിൽ നിന്നുകൊണ്ട് ഡോക്ടർ വിളിച്ചു.
"ശാലിനീ ഒന്നു നിന്നേ..."
"എന്താ ഡോക്ടർ?"
"എന്താണ് ഒരു പരിചയഭാവം പോലും കാണിക്കാതെ പോകുന്നത്, നിനക്കെന്നോട് ദേഷ്യമാണോ? രാത്രിയിൽ സംഭവിച്ചതൊക്കെ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കൂ... ഒന്നും മന:പൂർവ്വമല്ല, നിന്നോടുള്ള ഇഷ്ടവും സ്നേഹവും ഇനിയെങ്കിലും നീയൊന്നു മനസ്സിലാക്കൂ..."
"ഞാൻ പോകട്ടെ ഡോക്ടർ, ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി."
"നിനക്കെന്നോട് ദേഷ്യമുണ്ടോ? അതു പറഞ്ഞിട്ടു പോയാൽ മതി."
"ഇല്ല ഡോക്ടർ, എനിക്കു ദേഷ്യമൊന്നുമില്ല. ഇന്നലെ സംഭവിച്ചതിനൊക്കെ ഞാനും കൂടി ഉത്തരവാദിയാണല്ലോ."
"എങ്കിൽ ഒരപേക്ഷയുണ്ട്, ഇനിയെന്നെ ഡോക്ടർ എന്നു വിളിക്കരുത്. പകരം വിനുവേട്ടാ എന്നു വിളിച്ചാൽ മതി."
"ശ്രമിക്കാം ഡോക്ടർ."
അവളുടെ മുഖത്തു വിരിഞ്ഞ ചെറുമന്ദഹാസത്തിൽ ഒരായിരം വർണങ്ങൾ നിറഞ്ഞു നിന്നു.
തന്റെ പ്രണയം തളിരണിഞ്ഞ സന്തോഷത്തിൽ ശാലിനി നടന്നുപോകുന്നതും നോക്കി ഒരു നിമിഷം അങ്ങനെ നിന്ന ശേഷം ഡോക്ടർ കാറിൽ കയറി ഒടിച്ചു പോയി.
ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നു കൊണ്ട് തങ്ങളെത്തന്നെ വീക്ഷിക്കുന്ന രണ്ടു അഗ്നിഗോളങ്ങളെ ഡോക്ടർ വിനോദോ ശാലിനിയോ കണ്ടിരുന്നില്ല.
മുകളിൽ നിന്നും കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന ഗ്രീഷ്മയെ കണ്ട് നീതു പകച്ചു നിന്നു.
"എന്താടീ, എന്തു പറ്റി? നിനക്ക് താഴത്തെ വാർഡിലാണോ ഇന്ന് ഡ്യൂട്ടിയിട്ടിരിക്കുന്നത്?"
"അല്ലെടീ, ഞാൻ ഒരു കാഴ്ച കണ്ടു. അതു നിന്നോട് പറയാൻ വേണ്ടി വേഗം വരികയായിരുന്നു."
"എന്തായിരുന്നെടീ ഇത്രയും ഭയങ്കരമായ കാഴ്ച? നീയാകെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ. അത്രയ്ക്കു ഭീകരമായിരുന്നോ?"
"അതൊന്നുമല്ലെടീ, നീ ഇങ്ങോട്ടു വന്നേ."
നീതുവിന്റെ ഇടതു കൈയും ഗ്രഹിച്ച് അവളേയും കൊണ്ട് അല്പം ഉള്ളിലുള്ള ഒരു ഇടനാഴിയിൽ ചെന്നു നിന്നു. ഒന്നു രണ്ടു പ്രാവശ്യം ശ്വാസം വലിച്ചു വിട്ടതിനുശേഷം അവൾ കണ്ട കാഴ്ച അല്പം മേമ്പൊടിയും ചേർത്ത് വിശദമായി നീതുവിനെ പറഞ്ഞുകേൾപ്പിച്ചു.
(തുടരും)