ഭാഗം 15
ശാലിനിക്കുണ്ടായ ദാരുണമായ ദുരന്തത്തിന്റെ കുരുക്കുകൾ അഴിക്കുവാൻ രാപകൽ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഇൻസ്പെക്ടർ അരുൺ പോൾ.
ഉറക്കം വരാത്ത കൺപോളകളോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അരുണിനെ കണ്ട് ഭാര്യ ചോദിച്ചു:
"ഇച്ചായനെന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നത്? ഇത് ആദ്യത്തേതൊന്നുമല്ലല്ലോ, ഇതിനേക്കാൾ കുഴപ്പം പിടിച്ച എത്രയെത്ര കേസ്സുകൾ പുഷ്പം പോലെ തെളിയിച്ചിട്ടുണ്ട്. അതു പോലെ ഇതിൽ മറഞ്ഞിരിക്കുന്ന കറുത്ത കരങ്ങളേയും വെളിച്ചത്തു കൊണ്ടുവരാൻ ഇച്ചായന് സാധിക്കും."
"നീ വിചാരിക്കുന്നതു പോലെ ഈ കേസ്സ് അത്ര നിസ്സാരമല്ല, വളരെ സെൻസിറ്റീവ് ആയ ഒന്നാണ്. നൂറു ശതമാനവും ആത്മഹത്യയാണെന്നു തോന്നിപ്പിക്കുന്ന ഒന്ന്. ഒരുപാട് പേരെ ചോദ്യം ചെയ്തതിൽ നിന്നും ആ കുട്ടിക്ക് ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നതാണ് വ്യക്തമാകുന്നത്."
"എങ്കിൽ അപകടമരണമോ കൊലപാതകമോ ആയിരിക്കും. അതെന്താണെന്ന് കണ്ടുപിടിച്ച് തെളിയിക്കണം."
"അപകടമരണമാകാനുള്ള സാദ്ധ്യതകളും കുറവാണ്. അലക്കിയ തുണി വിരിക്കാൻ ടെറസ്സിൽ പോയ കുട്ടിക്ക് പടിഞ്ഞാറേ മൂലയിലുള്ള ഇടിഞ്ഞു പൊളിയാറായ തിട്ടയിൽ ചവിട്ടേണ്ട ഒരു കാര്യവുമില്ല. അങ്ങനെയാകുമ്പോൾ ആരെങ്കിലുമായുള്ള മൽപിടിത്തത്തിലോ പിറകിൽ നിന്നുമുള്ള ശക്തമായ തള്ളലിലോ മറ്റോ ആയിരിക്കണം വീഴ്ച സംഭവിച്ചിട്ടുള്ളത്. ആ മറഞ്ഞിരിക്കുന്ന കറുത്ത കൈകളെയാണ് സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടത്."
"ഇതുവരെ ചോദ്യം ചെയ്തതിൽ നിന്നും ആരെയെങ്കിലും സംശയമുണ്ടോ?"
"മരിച്ചുപോയ ശാലിനിയോട് അസൂയയും വൈരാഗ്യവും ഉള്ള ഗ്രീഷ്മ എന്ന കുട്ടിയെ ഒന്നു കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു."
"അധികമൊന്നും ആലോചിച്ച് ബി.പി കൂട്ടാതെ കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്."
അസ്വസ്ഥമായ മനസ്സോടെ ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. കൃത്യം എട്ടുമണിക്കു തന്നെ ഹോസ്റ്റലിൽ എത്തി മേട്രനെ കണ്ട്, അഞ്ജലിയോടും നീതുവിനോടും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
തികച്ചും ക്ഷീണിതയായിരുന്ന അഞ്ജലി, ഇൻസ്പെക്ടറിന് അഭിമുഖമായി കസേരയിൽ ഇരുന്നു.
"മരിച്ചു പോയ ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് നിങ്ങളെന്ന് ഇവിടെ എല്ലാവരും പറഞ്ഞു."
"ശരിയാണ് സാർ, എനിക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു അവൾ."
"നിങ്ങൾ തമ്മിൽ എത്ര കാലത്തെ സുഹൃത് ബന്ധമാണുള്ളത്?"
"ഇവിടെ വന്ന കാലം മുതൽ ഞങ്ങൾ അടുത്ത കൂട്ടുകാരാണ്. എല്ലാക്കാര്യങ്ങളും തുറന്നു സംസാരിക്കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു."
"ശാലിനിയുടെ മരണം ഉൾക്കൊള്ളാൻ തനിക്കിതുവരെ സാധിച്ചിട്ടില്ല എന്ന് മേട്രൻ പറഞ്ഞിരുന്നു. ശരിയാണോ?"
"ശരിയാണ് സാർ, അവൾ മരിച്ചുപോയി എന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും പറ്റുന്നില്ല."
"ശാലിനി ആത്മഹത്യ ചെയ്തതാണെന്ന് കുട്ടി വിശ്വസിക്കുന്നുണ്ടോ?
"തീർച്ചയായും ഇല്ല സാർ, ഒരിക്കലും ഒരു ആത്മഹത്യയെക്കുറിച്ച് അവൾ ചിന്തിക്കുക പോലുമില്ല."
"അതെന്താണ്?"
"ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടു നടക്കുന്ന, അത് പൂവണിയാൻ വേണ്ടി കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു അവൾ."
"ശാലിനിയോട് ശത്രുത പുലർത്തുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ?"
"ഗ്രീഷ്മ എന്ന കുട്ടിക്ക് അവളോട് അസൂയയും പകയും വൈരാഗ്യവും ഒക്കെ ആയിരുന്നു."
"അതിനുള്ള കാരണം എന്തായിരുന്നു?"
"ഒരു സാധു കുടുംബത്തിൽ നിന്നും വന്ന ശാലിനി, നന്നായി പഠിക്കുകയും എല്ലാവരും അവളെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നത് ഗ്രീഷ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
ഡോക്ടർ വിനോദിനെ സ്നേഹിച്ചിരുന്ന ഗ്രീഷ്മയെ അവഗണിച്ച് ശാലിനിയെ ഇഷ്ടപ്പെടുകയും തന്റെ ഹൃദയം ശാലിനിയുടെ മുന്നിൽ തുറന്നതുമെല്ലാം അറിഞ്ഞതിനുശേഷമാണ് ഗ്രീഷ്മ ശാലിനിയുടെ ശത്രുവായത്. അവസരം കിട്ടുമ്പോഴെല്ലാം അവളും സംഘവും ശാലിനിയെ അപമാനിച്ചിട്ടുണ്ട്."
"ഗാലിനിക്ക് ഡോക്ടർ വിനോദിനെ ഇഷ്ടമായിരുന്നോ?"
"ഇഷ്ടമായിരുന്നു, എങ്കിലും ഒരു പ്രണയ ബന്ധത്തിൽ വീഴാതെ അവർ പരമാവധി പിടിച്ചു നിന്നു. എന്നാൽ ഡോക്ടർ വിനോദിന്റെ നിരന്തരമായ പരിശ്രമം, അവളെ ആ സ്നേഹവലയ്ക്കുള്ളിൽ കൊരുത്തിട്ടു. അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയുമായിരുന്നു."
"ശാലിനിയുടെ മരണത്തിനു പിറകിൽ ഗ്രീഷ്മയാണെന്ന് സംശയമുണ്ടോ?"
"ഉണ്ട് സാർ, ശാലിനിയെ അപായപ്പെടുത്തിയത് അവൾ തന്നെ ആയിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവളുടെ വലംകൈ ആയിരുന്ന നീതുവിനും ഇതിനെക്കുറിച്ച് അറിവുകൾ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു."
"സംഭവം നടന്ന ദിവസം അഞ്ജലി ഇവിടെ ഉണ്ടായിരുന്നോ?"
"ഇല്ല സാർ, എനിക്കന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല."
അഞ്ജലിയുടെ സംസാരത്തിൽ ശാലിനിയോടു ള്ള ആത്മാർത്ഥമായ സ്നേഹം തുളുമ്പി നിന്നു.
"ശരി, കുട്ടി പൊയ്ക്കോളൂ... എന്താണ് സംഭവിച്ചതെന്ന് നമുക്ക് കണ്ടുപിടിക്കാം."
"സാർ ഒരു സത്യസന്ധനായ ഇൻസ്പെക്ടർ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്ങനെയായാലും എന്റെ ശാലിനിയുടെ ആത്മാവിന് നീതി ലഭിക്കണം. ഇതെന്റെ ഒരു അപേക്ഷയാണ്."
"എനിക്ക് കഴിയാവുന്ന വിധത്തിൽ പരമാവധി അതിന്നായി ശ്രമിക്കുമെന്ന് ഞാൻ വാക്കുതരുന്നു."
"താങ്ക്യൂ സാർ."
അഞ്ജലി മുറിയിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ നീതു ഇറങ്ങി വരുന്നത് കണ്ടു.
"എടീ, നീയും ഗ്രീഷ്മയും കൂടി എന്തിനാണ് എന്റെ ശാലിനിയെ കൊന്നത്?
അഞ്ജലി കോപത്തോടെ അവളുടെ തുണിയിലും മുടിയിലുമെല്ലാം പിടിച്ചു വലിച്ചു.
"എന്നെ വിട്, ഞാനല്ല... എനിക്കൊന്നുമറിയില്ല."
നല്ല ശക്തിയിൽ അഞ്ജലിയിൽ നിന്നും കുതറി മാറി താഴെയെത്തി.
ഇൻസ്പെക്ടറിന്റെ മുന്നിലിരുന്ന് നീതു വിയർത്തു കുളിച്ചു.
"കുട്ടി നന്നായി പേടിച്ചിട്ടുണ്ടല്ലോ, എന്തിനാണിത്ര ടെൻഷൻ?"
നീതുവിന്റെ ഉള്ളിലെ പരിഭ്രമവും പേടിയും അവളുടെ മുഖത്തു നിന്നും ഇൻസ്പെക്ടർ വായിച്ചെടുത്തു.
"ഇല്ല സാർ, എനിക്ക് ടെൻഷൻ ഒന്നും ഇല്ല."
വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു.
"മരിച്ചു പോയ ശാലിനിയോട് കുട്ടിക്ക് അടുപ്പമുണ്ടായിരുന്നോ?"
"ഞങ്ങൾ ഒരു ബാച്ചിലായിരുന്നെങ്കിലും മാനസികമായി അത്ര നല്ല അടുപ്പത്തിൽ അല്ലായിരുന്നു."
"അതെന്തുകൊണ്ടാണ്?"
"ഗ്രീഷ്മയുടെ കൂടെയായിരുന്നു ഞങ്ങൾ."
"ഞങ്ങൾ എന്നു പറഞ്ഞാൽ?"
"ഗ്രീഷ്മയും ലിൻസിയും അലീനയും പിന്നെ ഞാനും."
"നിങ്ങളുടെ നാൽവർ സംഘത്തിന് ശാലിനിയെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്തായിരുന്നു?"
"എല്ലാ പരീക്ഷകളിലും അവൾക്കായിരുന്നു ഏറ്റവും ഉയർന്ന മാർക്കുകൾ ലഭിച്ചിരുന്നത്."
"അതുകൊണ്ട് നിങ്ങൾക്ക് അവരോട് ഒരു തരം അസൂയയിരുന്നു അല്ലേ?"
"എല്ലാവർക്കും അവളോടായിരുന്നു ഇഷ്ടം."
"എല്ലാവർക്കും എന്നു പറഞ്ഞാൽ?"
"എല്ലാ ടീച്ചേർസിനും ഡോക്ടേർസിനും മറ്റുള്ള കുട്ടികൾക്കുമെല്ലാം..."
"അതൊക്കെ നല്ല കാര്യങ്ങൾ ആയിരുന്നല്ലോ, അത്രയ്ക്കും നല്ല സ്വഭാവത്തിനുടമയായിരുന്നോ മരിച്ചുപോയ ശാലിനി?"
"എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്."
"എന്നിട്ട് ഇപ്പോഴും നിങ്ങൾ നാലുപേരും ഒരുമിച്ചാണോ?"
"അല്ല സാർ, ഇപ്പോൾ ഗ്രീഷ്മവുമായി എല്ലാവരും പിണങ്ങി."
"അതെന്തിനാണ്?"
"ശാലിനിയെ പലപ്പോഴും അപമാനിക്കുകയും ദ്രോഹിക്കുകയും മറ്റും ചെയ്തിരുന്നതിൽ അലീനയ്ക്ക് എതിർപ്പുണ്ടായിരുന്നു അവൾ പ്രതികരിച്ചപ്പോൾ സംഘത്തിൽ നിന്നും പുറത്താക്കി. ഗ്രീഷ്മയുടെ എല്ലാ തോന്നിവാസത്തിനും ഞങ്ങൾ കൂട്ടുനിന്നു. എന്നാൽ ശാലിനിയുടെ മരണശേഷം ഞാനും ലിൻസിയും ഗ്രീഷ്മയോട് പിണങ്ങി."
"ശാലിനിയുടെ മരണത്തിൽ ഗ്രീഷ്മയ്ക്കു കയ്യുണ്ടായിരുന്നു എന്നറിഞ്ഞതു കൊണ്ടല്ലേ നിങ്ങൾ അവരുമായി പിണങ്ങിയത്."
"അതേ സാർ."
"ഗ്രീഷ്മകാരണമാണ് ശാലിനി മരിച്ചതെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്?"
"അതേസാർ."
"അങ്ങനെ വിശ്വസിക്കാനുള്ള കാരണമെന്താണ്? സംഭവ ദിവസം നിങ്ങൾ ഗ്രീഷ്മയോടൊപ്പം മുറിയിൽ ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു സാർ."
"അന്ന് എന്താണ് സംഭവിച്ചത്, പറയൂ..."
ശാലിനിയുടെ മരണവുമായി ഗ്രീഷ്മയ്ക്കുള്ള ബന്ധം പറയണോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു. ഇപ്പോൾ പിണക്കത്തിലാണെങ്കിലും വർഷങ്ങളായി തമ്മിലുണ്ടായിരുന്ന ആത്മബന്ധം, ഗ്രീഷ്മയെ ഒറ്റിക്കൊടുക്കുന്നതിൽ നിന്നും അവളെ വിലക്കി.
(തുടരും)