ഭാഗം 16
തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ചിന്തകളിൽ മുഴുകിയിരിക്കുന്ന നീതുവിനോട് ഇൻസ്പെക്ടർ അരുൺ പോൾ ചോദിച്ചു.
"കുട്ടി എന്താണ് ആലോചിക്കുന്നത്?"
"ഒന്നുമില്ല സാർ."
"എങ്കിൽ പറയൂ, ശാലിനിയുടെ മരണം നടന്ന ദിവസം വൈകിട്ട് നിങ്ങൾ രണ്ടുപേരും എവിടെ ആയിരുന്നു?"
"ഞങ്ങൾ മുറിയിൽ ഉണ്ടായിരുന്നു സാർ. ഞാൻ എവിടെയും പോയില്ല."
"ഗ്രീഷ്മ പുറത്തു പോയിരുന്നോ?"
"അവൾ.... ഇല്ല, അവളും പോയിട്ടില്ല."
"കുട്ടി എന്തോ മറയ്ക്കുന്നുണ്ടല്ലോ, കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നവർക്കും ശിക്ഷകിട്ടുമെന്ന് അറിയില്ലേ?"
"ഞങ്ങളാരും തന്നെ ഒരു കുറ്റവും ചെയ്തിട്ടില്ല സാർ, ഞാൻ ആരേയും സംരക്ഷിക്കാൻ ശ്രമിക്കുന്നതുമില്ല."
"അന്നു വൈകുന്നേരം തുണി വിരിക്കാൻ ടെറസ്സിലേക്ക് പോയ ശാലിനിയുടെ പിറകേ നിങ്ങൾ എന്തിനാണ് പോയത്?"
"അയ്യോ സാർ, ഞാൻ പോയിട്ടില്ല."
"പിന്നെ, ഗ്രീഷ്മ തന്നെയാണോ പോയത്?"
"അതേ സാർ."
"എന്തിനാണ് ശാലിനി അറിയാതെ, ഗ്രീഷ്മ അവളെ അനുഗമിച്ചത്?"
"അതെനിക്കറിയില്ല സാർ."
"തനിക്കതറിയാമെന്ന് എനിക്കുറപ്പുണ്ട്. അന്നു നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി ഒന്നു പറയാമോ?"
"ഗ്രീഷ്മ ഒരു മാസ്ക്കുമെടുത്തു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു."
"എന്തു പറഞ്ഞിട്ടാണ് പോയത്?"
"തുണി വിരിക്കാൻ ശാലിനി ടെറസ്സിലോട്ട് പോയിട്ടുണ്ടെന്നും അവളെ ഒന്ന് പേടിപ്പിച്ചിട്ടു വരാമെന്നും പറഞ്ഞു."
"എങ്ങനെ പേടിപ്പിക്കാനായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശം?"
"കണ്ടാൽ പേടി തോന്നുന്ന ഡ്രാക്കുളയുടെ പോലത്തെ മുഖാവരണമണിഞ്ഞു കൊണ്ടാണ് പോയത്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല."
"ഗ്രീഷ്മ എപ്പോഴാണ് തിരിച്ചു വന്നത്?"
"അരമണിക്കൂറിനുള്ളിൽത്തന്നെ അവൾ മടങ്ങിവന്നു."
"മുറിയിൽ എത്തിയ ശേഷം അവർ എന്താണ് പറഞ്ഞത്?"
"അവൾ നന്നായി ഭയന്നിരുന്നു സാർ. പേടിച്ച് വിറച്ച് മുറിയുടെ ഒരു മൂലയിൽ പോയി കുനിഞ്ഞിരുന്നു. എന്താണുണ്ടായതെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. മനസ്സിന് വിഭ്രമം ബാധിച്ച ഒരാളിനെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു."
"അവർ പറഞ്ഞത് എന്താണെന്ന് അല്പമെങ്കിലും ഓർമയുണ്ടോ?"
"പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ... 'ഞാനൊന്നും ചെയ്തിട്ടില്ല, ഞാനല്ല... ഞാനല്ല' എന്നൊക്കെ അവൾ പുലമ്പിക്കൊണ്ടിരുന്നു."
"പിന്നെ എപ്പോഴാണ് ശാലിനിയുടെ മരണ വാർത്ത കുട്ടി അറിയുന്നത്?"
"എത്രയൊക്കെ ചോദിച്ചിട്ടും അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ലിൻസിയേയും വിളിച്ചുകൊണ്ട് പുറത്തിറങ്ങി നോക്കി."
"എന്നിട്ട്?"
"അടുക്കളയുടെ പിറകുവശത്തോട്ട് ആരൊക്കെയോ ഓടിപ്പോകുന്നത് കണ്ട്, ആകാംക്ഷ നിറഞ്ഞ മനസ്സുമായി അരണ്ട വെളിച്ചത്തിൽ ആ ഭാഗത്തേയ്ക്ക് ഞങ്ങളും ഓടി."
"നിങ്ങൾ അവിടെയെത്തുമ്പോൾ കണ്ട കാഴ്ച ഒന്നു വിവരിക്കാമോ?"
"അയ്യോ... ഓടിവരണേ... എന്റെ ദൈവമേ... എന്നൊക്കെ ആരോ ഉറക്കെ നിലവിളിച്ചു പറയുന്നതു കേട്ട് ഹോസ്റ്റലിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോരുത്തർ ഓടിക്കൂടി. ഒരു ചെറിയ ആൾക്കൂട്ടത്തിന്നിടയിൽ നിന്നുകൊണ്ട് ഞങ്ങളും ആ കാഴ്ച കണ്ടു. കമിഴ്ന്നു കിടക്കുകയായിരുന്നതിനാൽ താഴെ വീണു കിടക്കുന്നത് ആരാണെന്ന് ആർക്കും മനസ്സിലായില്ലായിരുന്നു."
"അതാരാണെന്ന് അപ്പോൾത്തന്നെ നിങ്ങൾക്കറിയാമാരുന്നു അല്ലേ?"
"അതേ സാർ, ശാലിനിയെ ഭയപ്പെടുത്താൻ പോയ ഗ്രീഷ്മയുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ നിന്നും നടന്ന സംഭവം ഞാൻ വായിച്ചെടുത്തു. ഗ്രീഷ്മയ്ക്കു പറ്റിയ കയ്യബദ്ധമാണോ, അതോ അവളെക്കണ്ട് പേടിച്ച് താഴെ വീണതാണോയെന്നൊന്നും എനിക്കറിയില്ല."
"എന്തായാലും ആ കുട്ടിയുടെ മരണത്തിനു കാരണം ഗ്രീഷ്മ തന്നെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?"
"തീർച്ചയായും ഉണ്ട്. പക്ഷേ, ഗ്രീഷ്മ ഇതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ എന്നെയും ഉപദ്രവിക്കും. എനിക്കവളെ പേടിയാണ് സാർ."
"എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഗ്രീഷ്മ അറിയാൻ പോകുന്നില്ല. നിങ്ങളും ഇതൊന്നും ആരോടും വെളിപ്പെടുത്തരുത്. ഗ്രീഷ്മയോടുള്ള പിണക്കങ്ങൾ ഒക്കെ മറന്ന് പഴയതു പോലെ അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കണം."
"മുൻപത്തെപ്പോലെ അവളെ സ്നേഹിക്കാൻ ഇനി എനിക്ക് കഴിയില്ല സാർ. ചില സമയങ്ങളിൽ ഒരു മാനസിക രോഗിയെ പ്പോലെയാണ് അവൾ പെരുമാറുന്നത്. അതിനാൽ എനിക്ക് പേടിയാണ്."
"അതുകൊണ്ടാണ് പറഞ്ഞത്, അവരെ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തുന്നത് ശരിയല്ല. അവളുടെ മനസ്സ് അറിയുന്ന പഴയ കൂട്ടുകാരിയായി ഒപ്പം കഴിയണം. ഗ്രീഷ്മയുടെ ചിന്തകളും പ്രവൃത്തികളും നീരീക്ഷിച്ച് എന്നെ അറിയിക്കുകയും വേണം. എന്തു പറയുന്നു?"
"അങ്ങനെ ചെയ്യാം സാർ."
"ശരി, എങ്കിൽ കുട്ടി ഇപ്പോൾ പൊയ്ക്കോളൂ... ഞാൻ ആവശ്യപ്പെടുമ്പോൾ മാത്രം വിവരങ്ങൾ അറിയിച്ചാൽ മതി."
"ശരി സാർ."
മേട്രന്റെ മുറിയിൽ നിന്നും ഇറങ്ങിയ നീതു, മുറിയിൽ ചെന്ന് തന്റെ സാധനങ്ങളെല്ലാം എടുത്ത് ഗ്രീഷ്മയുടെ മുറിയിൽ കൊണ്ടുവന്നു വച്ചു. ഒരു പുതിയ ഷീറ്റെടുത്ത് കട്ടിലിൽ വിരിച്ചിട്ട് കണ്ണുമടച്ചു കിടന്നു.
ഇൻസ്പെക്ടറുടെ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിൽ അവൾ ആനന്ദിച്ചു.
സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിന് മുന്നിൽ വണ്ടി നിർത്തിയിറങ്ങിയ അരുൺ പോൾ അദ്ദേഹത്തെ കാണാനായി മുറിയിലേക്ക് ചെന്നു.
" ഗുഡ് മോർണിംഗ് സാർ."
"ഗുഡ് മോർണിംഗ്, അരുൺ ഇരിക്കൂ."
"സാർ തിരക്കാണോ?"
"ചില പ്രശ്നങ്ങളുമായി കുറച്ച് തിരക്കാണ്. എന്തായി കാര്യങ്ങൾ, സംശയിക്കാൻ തക്കവണ്ണം ആരെയെങ്കിലും കിട്ടിയോ?"
"മൂന്നുനാലു പേരെ ചോദ്യം ചെയ്തതിൽ നിന്നും സംശയത്തിന്റെ ചൂണ്ടുവിരലുകൾ ഒരു കുട്ടിയിലേക്കു തന്നെ നീളുന്നു."
"അങ്ങനെയോ, ആരാണാ കുട്ടി?"
"ഞാൻ അന്നു പറഞ്ഞിരുന്ന ആൾ തന്നെയാണ് സാർ."
"ആര്, ആ കാഞ്ഞിരപ്പള്ളിയിലെ ചെറിയാച്ചന്റെ മകളോ?"
"അതേ സാർ, ശാലിനിയുടെ മരണത്തിന് പിറകിലെ കറുത്ത കരങ്ങൾ ഗ്രീഷ്മ ചെറിയാന്റേതാണ്."
"വെറും സംശയം മാത്രമല്ലേയുള്ളൂ, ഉറപ്പിക്കാറായിട്ടൊന്നും ഇല്ലല്ലോ അല്ലേ? ചെറിയാൻ നമുക്ക് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ട് എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്."
"ഇല്ല സാർ, ആ കുട്ടിയെ ഒന്നുകൂടി ചോദ്യം ചെയ്താലോ എന്ന് വിചാരിക്കുകയാണ്."
"ഉടനെ വേണ്ട അരുൺ, ഞാൻ ചെറിയാച്ചനോട് ഒന്നു സംസാരിക്കട്ടെ."
"ശരി സാർ, എങ്കിൽ ഞാനിറങ്ങട്ടെ."
"ആയിക്കോട്ടെ, ഞാൻ വിളിക്കാം."
അരുൺ അവിടെ നിന്നും പോയതിനുശേഷം ചിന്തകളിൽ മുഴുകിയ സർക്കിൾ ഇൻസ്പെക്ടർ, തന്റെ ഒരു ബന്ധുകൂടിയായ ചെറിയാച്ചനെ ഫോണിൽ വിളിച്ചു.
"ഹലോ.."
"ഹലോ...ചെറിയാച്ചായനല്ലേ? ഞാൻ ആന്റോ ആണ്."
"ആ... മനസ്സിലായേ, പോലീസ് ഏമാന് ഈയുള്ളവന്റെ നമ്പരൊക്കെ ഓർമയുണ്ടോ? കുറേക്കാലമായല്ലോടാ നിന്റെ ശബ്ദമൊന്നു കേട്ടിട്ട്."
"എന്തു ചെയ്യാനാണ് അച്ചായാ, തിരക്കോട് തിരക്ക് തന്നെ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
"ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ലെടാ, കുറച്ചു റബറും കാര്യങ്ങളുമായി അങ്ങനെയങ്ങു കഴിഞ്ഞുകൂടുന്നു."
"അച്ചായന്റെ മകളുടെ പഠിത്തമൊക്കെ കഴിയാറായോ?"
"ഇനി ഒരു കൊല്ലം കൂടിയുണ്ട്. എന്താടാ കാര്യം?"
"ചുമ്മാ ചോദിച്ചതാണ്, നാളെ ഉച്ചകഴിഞ്ഞ് ഞാൻ അങ്ങോട്ടു വരുന്നുണ്ട്. അച്ചായൻ വീട്ടിൽ കാണുമല്ലോ അല്ലേ?"
"ഞാനെവിടെ പോകാനാണ്, വല്ല കല്യാണാലോചനയോ മറ്റോ ആണോടാ? നീ അല്പം നേരത്തേ ഇറങ്ങാൻ നോക്ക്, നല്ല താറാവു കറിയും കൂട്ടി ഉച്ചയ്ക്ക് ചോറുണ്ണാം."
"ശരി അച്ചായാ, രാവിലെ പള്ളിയിൽ പോയിട്ട് നേരേ അങ്ങു വന്നോളാം."
"കുടുബത്തെക്കൂടി കൂട്ടിക്കോടാ, എല്ലാവരേയും കണ്ടിട്ട് ഒത്തിരി നാളായി."
"അവരേയും കൊണ്ട് ഞാൻ പിന്നീട് വരാം അച്ചായാ. ഇപ്പോൾ ഞാൻ തനിയേ വരുന്നുള്ളൂ."
"ആയിക്കോട്ടെ, അപ്പോൾ നാളെ കാണാം."
ചെറിയാച്ചന്റെ ഭാര്യ അന്നമ്മയോട് വിവരങ്ങൾ പറഞ്ഞപ്പോൾ അവർക്കും സന്തോഷമായി. മകൾക്ക് കല്യാണാലോചനയുമായി വരുന്ന ആന്റോയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിൽ അവർ വളരെ ഉത്സാഹത്തോടെ വ്യാപൃതരായി.
(തുടരും)