ഭാഗം 19
എല്ലാം കേട്ടുകഴിഞ്ഞ് ജീവഛവമായിരുന്ന ചെറിയാച്ചന്റെ തോളിൽ തട്ടിക്കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു:
"അച്ചായൻ വിഷമിക്കേണ്ട, കേസ് അന്വേഷിക്കുന്നത് ഞങ്ങളല്ലേ? ഗ്രീഷ്മയ്ക്ക് പ്രശ്നമൊന്നും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം."
"ഇങ്ങനെയൊരു വിവരം പറയാനാണ് നിങ്ങൾ വന്നതെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ലെടാ, എന്റെ ചങ്ക് തകർക്കുന്ന കാര്യങ്ങളാണല്ലോ നിങ്ങളിൽ നിന്നും കേട്ടത്. എന്റെ മാതാവേ, ഞങ്ങളുടെ കൊച്ചിനെ കാത്തോളണേ."
"വിഷമിക്കാതെ അച്ചായാ, അവൾക്കൊന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്, എന്നെ വിശ്വസിക്കൂ."
"അന്നാമ്മ ഇതൊന്നും അറിയരുത്. അറിഞ്ഞാൽ അവൾ ഹൃദയം പൊട്ടി മരിക്കും."
"ഇല്ല അച്ചായാ, അന്നാമ്മച്ചേടത്തി യാതൊന്നും അറിയാൻ പോകുന്നില്ല."
"എന്നാലും അവൾക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ സാറേ, ഒരു കേസിലൊക്കെ ഉൾപ്പെട്ടുപോയാൽ അവളുടെ ഭാവി ഇനി എന്താവും?"
"അച്ചായൻ കാടു കയറി ചിന്തിക്കുകയൊന്നും വേണ്ട, അവളെ കേസ്സിലുൾപ്പെടുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം."
"ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, വക്കീലിനെ വല്ലതും ഏർപ്പാടാക്കണോ സാറേ?"
"വേണമെങ്കിൽ പറയാം അച്ചായാ."
"നിങ്ങൾ അവളെ അറസ്റ്റ് ചെയ്യുമോ?"
"അങ്ങനെയൊന്നും ഉണ്ടാവില്ല, ചിലപ്പോൾ ഒന്നു കൂടി വിളിച്ചൊന്നു ചോദ്യം ചെയ്തേക്കും."
"ആ കുട്ടിയുടെ മരണത്തിന് ഗ്രീഷ്മ ഒരു കാരണമായി എന്നുള്ളത് സത്യമാണ്. പക്ഷേ അവൾ ആയിരിക്കില്ല അതിനുത്തരവാദി."
"ഏതായാലും നാളെ ഞാൻ അങ്ങോട്ടു വരുന്നുണ്ട്. എനിക്കെന്റെ കൊച്ചിനെ ഒന്നു കാണണം. ഞാൻ ചോദിച്ചാൽ അവൾ കാര്യങ്ങൾ തുറന്നു പറയും"
"ശരി അച്ചായാ, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. നമുക്ക് നാളെ കാണാം. അന്നാമ്മ ച്ചേടത്തിയോട് പറഞ്ഞേക്കണേ."
"അങ്ങനെ ആയിക്കോട്ടെ. അവളോട് പറഞ്ഞേക്കാം."
അവിടെ നിന്നുമുള്ള മടക്കയാത്രയിൽ കുറച്ചുനേരം ആരുമൊന്നും മിണ്ടിയില്ല. അസ്തമനത്തിനൊരുങ്ങി സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് യാത്രയായിരിക്കുന്നു. അണയാൻ പോകുന്ന പകൽ, സന്ധ്യയുടെ വരവിനായി വഴിമാറിക്കൊടുത്തു. അരണ്ട വെളിച്ചത്തിൽ മലഞ്ചെരിവിലൂടെയുള്ള യാത്ര അല്പം ദുഷ്കരമായി തോന്നി.
"പാവം, അച്ചായന് നല്ല വിഷമമായെന്നു തോന്നുന്നു."
"സ്വന്തം മകളെക്കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആരായാലും വേദനിക്കില്ലേ...?അരുൺ, ഇനി എന്താണ് തന്റെ അടുത്ത നീക്കം?"
"സാർ, ഗ്രീഷ്മയെ കേന്ദ്രീകരിച്ചേ ഇനിയുള്ള അന്വേഷണം മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എങ്ങനെ വേണമെന്നാണ് സാറിന്റെ അഭിപ്രായം?"
"ഏതായാലും ചെറിയാച്ചൻ നാളെ മകളെ കാണാൻ എത്തുമല്ലോ. രണ്ടുപേരും തമ്മിലുള്ള കൂടിക്കാഴ്ച സ്റ്റേഷനിൽ വച്ചായിക്കോട്ടെ. ആ സമയത്ത് ഞാനും വരാം. ചെറിയാച്ചന്റെ കാറിൽ തന്നെ ഗ്രീഷ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറയണം. മറ്റാരും തന്നെ അതറിയുകയും വേണ്ട."
"ശരി സാർ, രാവിലെ തന്നെ ഞാൻ ഹോസ്റ്റലിലെ മേട്രനെ വിളിച്ച് വിവരം പറഞ്ഞേക്കാം."
അരുണിനെ ഇറക്കിയിട്ട് സർക്കിൾ ഇൻസ്പെക്ടർ വീട്ടിലേക്ക് പോയി.
"എന്തൊരു യാത്രയായിരുന്നു ഇത്, എന്താണ് ഇത്രയും താമസിച്ചത്?"
ചോദ്യങ്ങളുമായി ബീന അരികിലെത്തി.
"വിചാരിച്ചതുപോലെയല്ലായിരുന്നു. ഒത്തിരി ദൂരമുണ്ട്. ഇപ്പോഴെങ്കിലും തിരിച്ചെത്തിയത് ഭാഗ്യം."
"വീട്ടിലെ യാതൊരു കാര്യങ്ങളും അറിയേണ്ട, ഞയറാഴ്ച ആയാലും അന്വേഷണമെന്നും പറഞ്ഞ് ഇങ്ങനെ നടന്നാൽ മതിയല്ലോ."
"ഓ... പരാതികളുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കാൻ തുടങ്ങിയല്ലോ... ഒന്നു മിണ്ടാതാരിക്കെന്റെ ബീനേ... എനിക്കൊന്നു കുളിക്കണം, അതിനുമുൻപ് ഒരു ചൂടു ചായയും വേണം."
"ഞാനൊന്നും പറയുന്നില്ലേ... മോൾക്കാണെങ്കിൽ നാളെ പരീക്ഷയുമാണ്."
"എന്നിട്ടാണോ നീയിങ്ങനെ കിടന്ന് ബഹളം വയ്ക്കുന്നത്, അവൾ പഠിക്കുകയല്ലേ?"
"പിന്നേ, ഭയങ്കര പഠിത്തമല്ലേ! ഒരു വക അറിയില്ല, പഠിക്കാൻ പറഞ്ഞാൽ കേൾക്കുകയുമില്ല. എപ്പോഴും ഐ പാഡും നോക്കി ഇരിക്കും. അതെങ്ങനാണ്, എന്റെ വാക്കിന് ഇവിടെ യാതൊരു വിലയുമില്ലല്ലോ."
"നീ ഒന്നടങ്ങ് ബീനേ, അവളോട് ഞാൻ ചോദിക്കാം. മനുഷ്യന് ഒരു സ്വൈര്യവും തരില്ലെന്നുവച്ചാൽ പിന്നെ എന്തു ചെയ്യും?"
"അല്ലെങ്കിലും ഞാനാണല്ലോ നിങ്ങളുടെ സ്വൈര്യം നശിപ്പിക്കുന്നത്? ഇതാ ചായ, ചൂടോടെ കുടിക്ക്."
ചായ ഊതിക്കുടിച്ചു കൊണ്ട് അരുൺ മകളുടെ മുറിയിലേക്കു പോയി.
"നാളെ പരീക്ഷയല്ലേ മോളേ, നീ പഠിച്ചു കഴിഞ്ഞോ?"
"കഴിഞ്ഞു പപ്പാ..."
"നീയൊന്നും പഠിക്കുന്നില്ലെന്നും നിനക്കൊന്നും അറിയില്ലെന്നുമൊക്കെയാണല്ലോ നിന്റെ മമ്മി പറയുന്നത്."
"മമ്മി അതൊക്കെ വെറുതെ പറയുന്നതാണ് പപ്പാ... ഞാനെല്ലാം പഠിച്ചു കഴിഞ്ഞു. ഈ മമ്മിക്ക് എന്നെ ഒട്ടും ഇഷ്ടമല്ല, എപ്പോഴും വഴക്കു പറയും."
"അത് മോളോടുള്ള ഇഷ്ടം കൊണ്ടല്ലേ, മോൾ അതൊന്നും കാര്യമാക്കണ്ട. മിടുക്കിയായി പഠിച്ച് നല്ല മാർക്ക് വാങ്ങുമ്പോളാണ് പപ്പയ്ക്കും മമ്മിക്കുമൊക്കെ സന്തോഷമാകുന്നത്."
"ശരി പപ്പാ... ഞാൻ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിക്കോളാം."
"ശരി മോളേ, പപ്പ പോയി കുളിക്കട്ടെ."
കുളികഴിഞ്ഞു വന്നപ്പോഴേയ്ക്കും ഭക്ഷണം എടുത്തു വച്ചുകൊണ്ട് ബീന വിളിച്ചു.
"അല്പം കൂടി കഴിയട്ടെടീ, മോള് കഴിച്ചോ?"
"അവളിന്ന് പപ്പയുടെ കൂടെയേ കഴിക്കുകയുള്ളെന്ന് വാശിപിടിച്ചിരിക്കുകയാണ്."
"എങ്കിൽ കഴിച്ചുകളയാം, അവളെ വിളിക്കൂ..."
"ഇങ്ങനെ മൂന്നുപേരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി!"
"അതിനെന്താ, ഇനിയെന്നും അങ്ങനെ തന്നെ കഴിക്കാം."
"പിന്നേ, വീട്ടിലെത്താൻ നേരവും കാലവും നോക്കുന്ന ഒരു മനുഷ്യൻ!"
ഊറിച്ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു:
"ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ ബീനേ, സാധിക്കണ്ടേ?"
"വേണമെന്നു വച്ചാൽ എല്ലാം നടക്കും. മനസ്സുണ്ടായാൽ മതി."
"നീയെന്റെ കയ്യിൽ നിന്നും മേടിക്കും, പറഞ്ഞാലും മനസ്സിലാവാത്ത പൊട്ടി!"
"ശരിയാണ് പപ്പാ, ഈ മമ്മിക്ക് ഒന്നും അറിയില്ല."
"ഞാൻ പൊട്ടിയൊന്നുമല്ല, നിങ്ങളുടെ ഓരോ ഭാവങ്ങളുടേയും ചലനങ്ങളുടേയും അർത്ഥം പോലും എനിക്കറിയാം."
"ആണോ, എന്റെ ഭാര്യയ്ക്ക് ഇത്രയും കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ."
"മതി, കളിയാക്കുകയൊന്നും വേണ്ട; രണ്ടാളും പോയിക്കിടന്നുറങ്ങാൻ നോക്കിക്കേ..."
കാലത്തു തന്നെ സബ് ഇൻസ്പെക്ടർ അരുൺ പോൾ, മേട്രനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് ചാർജ് നഴ്സിനോട് സംസാരിച്ചതിൻ പ്രകാരം ഗ്രീഷ്മയ്ക്ക് അന്ന് അവധി കൊടുത്തു.
പത്തുമണിയോടു കൂടി ചെറിയാൻ ഫിലിപ്പ് എന്ന ഗ്രീഷ്മയുടെ പപ്പ, അവളെ കാണാനായി ഹോസ്റ്റലിൽ എത്തി.
മേട്രൻ, ഒരു കുട്ടിയെ വിട്ട് ഗ്രീഷ്മയെ സ്വീകരണ മുറിയിലേക്ക് വിളിപ്പിച്ചു.
അപ്രതീക്ഷിതിമായി തന്റെ പപ്പയെ കണ്ട് ഗ്രീഷ്മ ഒന്നു ഞെട്ടി.
"എന്താ ചാച്ചാ, ഇത്ര രാവിലെ, വിശേഷിച്ച് എന്തെങ്കിലും?"
"ഒന്നുമില്ല, നിന്നെയൊന്നു കാണണമെന്നു തോന്നി. നിനക്കു സുഖം തന്നെയല്ലേ മോളേ?"
"ചാച്ചാ, ഇവിടെയൊരു സംഭവമുണ്ടായി. ഞങ്ങളുടെ ബാച്ചിൽ പഠിച്ചിരുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു."
"നിന്റെ കൂട്ടുകാരിയായിരുന്നോ?"
"അല്ല, സത്യത്തിൽ അവളെ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു."
"അതെന്താണ്?"
"പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു."
"ഒരു കാരണവുമില്ലാതെ ആരെങ്കിലും ഒരാളെ വെറുക്കുമോ?"
"അത് പിന്നെ, അവൾക്കായിരുന്നു എപ്പോഴും ഏറ്റവും കൂടുതൽ മാർക്കുകൾ കിട്ടിയിരുന്നത്."
"അതുകൊണ്ടെന്താണ്?"
"അവളൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നുവെങ്കിലും ഭയങ്കര ജാഡയായിരുന്നു. എന്നിട്ടും എല്ലാവർക്കും അവളോടായിരുന്നു ഇഷ്ടം."
"നിനക്ക് ആ കുട്ടിയോട് അസൂയയായിരുന്നോ?"
"ആർക്കായാലും അസൂയ തോന്നും ചാച്ചാ, അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ."
"ആട്ടെ, അവൾ എങ്ങനെയാണ് മരിച്ചത്?"
"ഈ കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും താഴെ വീണതാണ്."
"എങ്ങനെയാണ് വീഴ്ച പറ്റിയത്, ചാടിയതാണോ?"
"അതേ ചാച്ചാ, എന്റെ കൺമുന്നിൽ വച്ചാണ് അവൾ ചാടിയത്."
"നിന്റെ മുന്നിൽ വച്ചോ, നീ അപ്പോൾ എവിടെ ആയിരുന്നു?"
"ഞാനും അപ്പോൾ തുണി വിരിക്കാൻ അവിടെ പോയിരുന്നു."
"പപ്പയും മോളും കൂടി എന്താണ് ഇത്ര ഗഹനമായി സംസാരിക്കുന്നത്?"
അവിടേയ്ക്കു വന്ന ഇൻസ്പെക്ടർ അരുൺ പോൾ ഒന്നുമറിയാത്തവനെപ്പോലെ ചിരിച്ചു കൊണ്ട് ചോദിച്ചു.
(തുടരും)