mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 31

നീതു... ഗ്രീഷ്മക്കെന്താണ് സംഭവിച്ചത്? കുളിമുറിയിൽ വീണതാണോ?"

"എനിക്കൊന്നും അറിയില്ല മാഡം. ശക്തമായ കാറ്റും മഴയുമൊക്കെ വന്നപ്പോൾ പുതച്ചുമൂടിക്കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി. ഇവൾക്കെന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല."

"ഏതായാലും ഒരു ആംബുലൻസ് വിളിച്ച് ഗ്രീഷ്മയെ ആശുപത്രിയിലെത്തിക്കാം."

"ശരി മാഡം."

"നീതൂ...അവളുടെ നനഞ്ഞ തുണികളൊക്കെ ഒന്ന് മാറ്റി വേറെയെന്തെങ്കിലും ധരിപ്പിക്കൂ..."

'എന്റീശോയേ, ഇവിടെ എന്തൊക്കെയാണോ നടക്കുന്നത്, എനിക്കൊന്നുമറിയാൻ മേലേ...'

വാക്കുകളായം നെടുവീർപ്പുകളായും അവരുടെ സംഘർഷം പുറത്തു വന്നു.

ഗ്രീഷ്മയേയും വഹിച്ചു കൊണ്ടുപോയ ആബുലൻസ്, പതിനഞ്ചു മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിൽ എത്തി. മേട്രനോടൊപ്പം നീതുവും അഞ്ജലിയും വണ്ടിയിൽ നിന്നും ഇറങ്ങി. സ്ട്രെച്ചറിൽ കിടത്തി ഗ്രീഷ്മയെ വേഗം ഒബ്സർവേഷൻ മുറിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ എത്തി പരിശോധിച്ചതിനു ശേഷം പറഞ്ഞു.

"തലയുടെ സ്കാൻ എടുക്കണം. വീഴ്ചയിൽ പരുക്കു വല്ലതും പറ്റിയിട്ടുണ്ടോയെന്നറിയണം. പുറമേ നോക്കിയിട്ട് ഒന്നും കാണുന്നില്ല."

"ശരി ഡോക്ടർ."

ഗ്രീഷ്മയെ ഉടൻ തന്നെ സ്കാനിംങിനു കൊണ്ടുപോയി. 

ഭക്ഷണം കഴിക്കാൻ പോയിരുന്ന അഞ്ജലി, കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനാൽ അവളെയും കാത്ത് അലീന മുറിയുടെ പുറത്തിറങ്ങി നിന്നു.

ശ്രീഷ്മയുടെ മുറിയിൽ നടന്ന ബഹളത്തിന്റെ ഒടുവിൽ, അവളേയും കയറ്റി ശരവേഗത്തിൽ പായുന്ന ആംബുലൻസിനെ നോക്കി നിന്ന അലീനയുടെ മുഖത്ത് വികൃതമായ ഒരു ചിരി പരന്നു. 

സ്കാനിങ് റിപ്പോർട്ടുമായെത്തിയ ഡോക്ടർ മേട്രനോട് പറഞ്ഞു: "ഭയാനകമായ ഏതോ കാഴ്ചയിൽ സുബോധം നഷ്ടപ്പെട്ടു താഴെ വീണതാവാനാണ് സാദ്ധ്യത. വീഴ്ചയിൽ ഹെഡ് ഇൻജുറിയും ഇന്റേണൽ ബ്ലീസിംഗും ഉണ്ട്. എത്രയും വേഗം സർജറി നടത്തിയാലേ കുട്ടിയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഏതായാലും ഇന്റൻസീസ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ചെയ്ത് മരുന്നു കൾ സ്റ്റാർട്ടു ചെയ്യാം.

എത്രയും വേഗം കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കണം. എല്ലാത്തിനും അവരുടെ സമ്മതവും സപ്പോർട്ടും ആവശ്യമുണ്ട്.

"ശരി ഡോക്ടർ, ഇപ്പോൾത്തന്നെ അറിയിക്കാം."

"ശരി."

ഉടൻ തന്നെ മേട്രൻ, ഇൻസ്പക്ടർ അരുണിനെ വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കോൾ എടുത്തത്.

"ഹലോ..''

"ഹലോ... മാഡം, അരുൺ സാറിനോട് ഒന്നു സംസാരിക്കാൻ പറ്റുമോ?"

"ഇച്ചായന് സുഖമില്ലാതെ ആശുപത്രിയിലാണല്ലോ. ആരാണ് സംസാരിക്കുന്നത്?"

"അയ്യോ... സാറിന് എന്തു പറ്റി? ഏതു ഹോസ്പിറ്റലിലാണ്. സാറിന് എന്നെ അറിയാം. ഞാൻ മെറീനാ ജോസ്, മേട്രനാണ്."

"ടൗൺ ഹോസ്പിറ്റലിലാണ്. ഒരു ആക്സിഡന്റ് പറ്റിയതാണ്."

"ടൗൺ ഹോസ്പിറ്റലിലോ? ഏതു മുറിയിലാണ്?"

"പേ വാർഡിൽ റൂം നമ്പർ 302... ഇങ്ങോട്ടു വരാനാണോ?"

"അതേ..."

ഫോൺ കട്ട് ചെയ്ത ശേഷം മേട്രൻ നീതുവിനോടും അഞ്ജലിയോടുമായി പറഞ്ഞു:

"അരുൺസാറിന് ആക്സിഡന്റ് പറ്റി ഈ ഹോസ്പിറ്റലിൽ തന്നെയുണ്ട്.. വരൂ... നമുക്ക് പോയി സാറിനെ കാണാം."

"അതിശയമായിരിക്കുന്നല്ലോ, സാർ ഹോസ്റ്റലിൽ വന്നു പോയിട്ട് മണിക്കൂറുകളല്ലേ ആയിട്ടുള്ളൂ. അതിനിടയിൽ എപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്? നമ്മളോടാരും പറഞ്ഞില്ലല്ലോ."

"അറിയില്ല അഞ്ജലീ, നമുക്ക് പോയി നേരിട്ടു സംസാരിക്കാം."

ലിഫ്റ്റു കയറി അവർ മൂന്നാം നിലയിലെത്തി. വലതുവശത്തുള്ള നാലാമത്തെ മുറിയായിരുന്നു അത്. കതകിൽ മുട്ടി കാത്തുനിന്നപ്പോൾ അരുണിന്റെ ഭാര്യ വന്ന് വാതിൽ തുറന്നു.

മുറയിലേക്ക് കയറിവന്ന അവരെ കണ്ട് അരുൺ അത്ഭുതപ്പെട്ടു.

"നിങ്ങളോ, ഈ സമയത്ത് എന്താണിവിടെ?"

"പറയാം സാർ. അതിനു മുമ്പ് സാറിനെന്താണ് സംഭവിച്ചത്?"

"അഞ്ജലിയോട് സംസാരിച്ചുകഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി വണ്ടിയെടുത്ത് റോഡിലൂടെ അല്പം മുന്നോട്ട് ചെന്നപ്പോഴാണ് അപകടം സംഭവിച്ചത്."

ഇൻസ്പെക്ടർ അരുൺ തനിക്ക് പറ്റിയ അപകടം അവരോട് വിവരിച്ചതിനു ശേഷം പറഞ്ഞു:

"സാരമായി ഒന്നും പറ്റിയില്ല. നാളെ ചിലപ്പോൾ വീട്ടിൽ പോകാൻ സാധിച്ചേക്കും."

"നാളെ ഡിസ്ചാർജ് ചെയ്യേണ്ടെന്ന് ഞാൻ ഡോക്ടറിനോട് പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസം ഇവിടെ കിടന്ന് എല്ലാം മാറിയിട്ട് പോയാൽ മതി. ആരോഗ്യവും വീട്ടുകാര്യവും ഒന്നും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും ഓട്ടമാണ്. ഇച്ചായനെന്തെങ്കിലും സംഭവിച്ചാൽപ്പിന്നെ ഞങ്ങൾക്കാരാണുള്ളത്?"

സൈഡിലുള്ള ചെറിയ കട്ടിലിൽ കിടന്നിരുന്ന കുട്ടിയെ നോക്കി നീതു ചോദിച്ചു:

"സാറിന്റെ മകളാണല്ലേ?"

"അതേ..."

"സാർ, ഗ്രീഷ്മയെ ഇവിടുത്തെ ഐ, സി.യു വിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എത്രയും വേഗം ആ കുട്ടിയുടെ മാതാപിതാക്കളോട് വരാൻ പറയണം. സാറൊന്നു വിളിച്ചു പറയാമോ?"

"ഗ്രീഷ്മയ്ക്ക് എന്തു പറ്റി?"

അരുൺ സാറിനോട്, ഹോസ്റ്റലിൽ നടന്ന സംഭവങ്ങളെല്ലാം മൂന്നുപേരും വിശദമായി പറഞ്ഞുകേൾപ്പിച്ചു.

"ഇങ്ങനെയൊക്കെ സംഭവിച്ചോ? കഷ്ടമായിപ്പോയല്ലോ.... നിങ്ങൾ പ്രാക്ടീസു ചെയ്യുന്ന ആശുപത്രിയിൽ പോകാതെ ഗ്രീഷ്മയെ ഇവിടെ കൊണ്ടുവന്നത് എന്താണ്?"

"പ്രത്യേകിച്ച് കാരണമൊന്നുമില്ല സാർ, പിന്നെ ഇങ്ങനെയുള്ള കേസ്സിന് നല്ല ഡോക്ടർമാർ ഉള്ളത് ഇവിടെയാണല്ലോ."

"ശരിയാണ്. അലക്സ് സാർ ഇവിടെയുണ്ടായിരുന്നു. ഒരു മണിക്കൂർ മുമ്പാണ് പോയത്. ഞാനൊന്നു വിളിക്കട്ടെ."

അരുൺ കിടന്നുകൊണ്ടുതന്നെ അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു.

"ചെറിയാച്ചായനെ വിളിച്ചു പറഞ്ഞിട്ട് ഞാനുടനെ എത്താം."

"ശരി സാർ."

മേട്രനും അഞ്ജലിയും നീതുവും ഐ.സി.യു വാർഡിന്റെ മുന്നിലുള്ള കസേരയിൽ ചെന്നിരുന്നു.

അരമണിക്കൂറിനകം സർക്കിർ ഇൻസ്പെക്ടർ എത്തി. അകത്തു കയറി ഗ്രീഷ്മയെ കണ്ടിട്ട് നേരേ ഡ്യൂട്ടിഡോക്ടറിന്റെ മുറിയിലേക്കു ചെന്നു.

"ഡോക്ടർ, ഗ്രീഷ്മയ്ക്ക് എങ്ങനെയുണ്ട്? ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ലല്ലോ..."

"മരുന്നുകൾ ഒക്കെ സ്റ്റാർട്ടു ചെയ്തു. നാളെ  ന്യൂറോ സർജൻ വന്നു കാണും. സർജറിയുടെ ആവശ്യമുണ്ടോയെന്ന് നാളെ തീരുമാനിക്കും."

"ശരി ഡോക്ടർ, എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയാണിത്."

"അതേയോ?"

അലക്സ് ഇറങ്ങി വന്നപ്പോൾ മേട്രൻ ചെന്ന് സംസാരിച്ചു.

"സാർ, ഗ്രീഷ്മയെ കൊണ്ടുവന്നത് ഞങ്ങളാണ്. ഹോസ്റ്റലിലെ മേട്രനാണ് ഞാൻ."

"ഓഹോ അത്‌ നിങ്ങളായിരുന്നോ, എന്തൊക്കെയാണ് മാഡം നിങ്ങളുടെ ഹോസ്റ്റലിൽ നടക്കുന്നത്? അരുൺ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. വിചിത്രമായ കാര്യങ്ങൾ, വിശ്വസിക്കാനാവുന്നില്ല."

"ശരിയാണ് സാർ. ടെറസ്സിൽ നിന്നും ചാടി മരിച്ച ശാലിനിയുടെ പ്രേതം അവിടെയൊക്കെ കറങ്ങിനടപ്പുണ്ടെന്നും രാത്രിയാകുമ്പോൾ വന്ന് ചിലരെയൊക്കെ ശല്യപ്പെടുത്തുന്നുണ്ടെന്നുമാണ് പൊതുവേയുള്ള സംസാരം."

"ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ മാഡം?"

"സാർ ഞങ്ങൾ ഇവിടെ ഇരിക്കേണ്ട 

ആവശ്യമുണ്ടോ? ഹോസ്റ്റലിൽ എല്ലാവരും പേടിച്ചിരിക്കുകയാണ്."

"അവളുടെ അപ്പൻ, കാലത്ത് തന്നെ ഇങ്ങെത്തും. അതുവരെ ആരെങ്കിലും ഇവിടെ നിൽക്കട്ടെ."

"എങ്കിൽ മാഡം പൊയ്ക്കോളൂ, ഞങ്ങൾ രണ്ടു പേരും ഇവിടെ നിന്നോളാം."

"മാഡത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം. അരുണിനെ ഒന്നു കണ്ടിട്ടു വരട്ടെ."

"അരുൺസാറിനെ ഞങ്ങൾ പോയിക്കണ്ടിരുന്നു. സാർ പോയിട്ട് വരൂ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം."

"ശരി, ഞാൻ പോയിട്ട് പെട്ടെന്നുവരാം."

"ഓ.കെ. സാർ."

"മാഡം, രാവിലെ ഞങ്ങൾ എങ്ങനെ വരും?" എനിക്ക് ഡ്യൂട്ടിയും ഉണ്ട്."

"അഞ്ജലിക്കും ഡ്യൂട്ടിയുണ്ടോ?"

"എനിക്ക് നാളെ നൈറ്റ് ഷിഫ്റ്റ് ആണ്."

"എന്തായാലും ഞാൻ രാവിലെ വരാം. എന്നിട്ട് വേണ്ടത് ചെയ്യാം.

"ശരി മാഡം, ഗ്രീഷ്മയുടെ വീട്ടുകാർ വരുന്നതിനുമുൻപ് അവൾക്ക് ബോധം വീണാൽ മതിയായിരുന്നു."

ഒരു നെടുവീർപ്പിട്ടു കൊണ്ട് നീതു അതു പറയുമ്പോൾ മാഡത്തിനോടൊപ്പം അഞ്ജലിയും അത് ശരിവച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ