ഭാഗം 30
നെറ്റിയിൽ വലിയൊരു കെട്ടുമായി കിടക്കുന്ന അരുണിനെ കണ്ട് അദ്ദേഹത്തിന്റെ ഭാര്യയും മകളും സങ്കടപ്പെട്ടു.
"ഇച്ചായാ..."
"കണ്ണു തുറക്ക് പപ്പാ...."
അരുൺ പതുക്കെ കണ്ണുതുറന്നു. എല്ലാവരേയും കണ്ട് ചിരിക്കാൻ ശ്രമിച്ചു. കരയുന്ന മകളെ ചേർത്തു നിർത്തി, ഭാര്യയോട് പറഞ്ഞു:
"എനിക്കൊന്നുമില്ല, ചെറിയ ഒരു ആക്സിഡന്റ്."
"വേദനയുണ്ടോ ഇച്ചായാ?"
"മ്....തലയ്ക്ക് നല്ല ഭാരവും തോന്നുന്നുണ്ട്."
"അരുൺ, തല അധികം അനക്കണ്ട, ഞാൻ സോക്ടറെ ഒന്നു കണ്ടിട്ടു വരാം."
"ശരി സാർ."
"നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?"
"അലക്സ് സാർ വീട്ടിൽ വന്ന് കാര്യം പറഞ്ഞിട്ട് ഞങ്ങളെയും കൂട്ടിക്കൊണ്ടുവരികയായിരുന്നു."
"അതു നന്നായി."
അലക്സ് തിരിച്ചെത്തിയപ്പോൾ കൂടെ ഡോക്ടറും ഉണ്ടായിരുന്നു.
"ഡോക്ടർ, ഇച്ചായന് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?"
"വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല. തലയുടെ ഒരു സി.റ്റി സ്കാൻ എടുത്തു നോക്കണം. കൊണ്ടുപോകാനായി സ്റ്റാഫ് ഇപ്പോൾ വരും."
"ശരി ഡോക്ടർ."
"എന്നാൽ ഞാൻ പോയിട്ട് നാളെ വരാം, ഇവർ ഇവിടെ നിൽക്കുകയല്ലേ?"
"അത് വേണ്ട സാർ, ഇവിടെ ആരും വേണ്ട. വീട്ടിൽ പോയിട്ട് നാളെ വന്നാൽ മതി."
"ഇച്ചായാ, ഞങ്ങൾ ഇവിടെ നിന്നോളാം."
"മോളേയും കൊണ്ട് ഇവിടെ കിടക്കാൻ സൗകര്യമൊന്നുമില്ല."
"അതൊന്നും സാരമില്ല."
"എങ്കിൽ അവർ ഇവിടെ നിൽക്കട്ടെ."
മനസ്സില്ലാമനസ്സോടെ അയാൾക്കത് സമ്മതിക്കേണ്ടി വന്നു.
"സാർ, സ്കാനിംങിനു പോകാം."
ഒരു സ്ട്രെച്ചറുമായി വന്ന അറ്റൻഡർമാർ, അരുണിനെ താങ്ങി അതിൽ കിടത്തി.
"നിങ്ങൾ ഇവിടെ ഇരുന്നാൽ മതി.. പത്തുമിനിറ്റിനകം തിരിച്ചെത്തും."
"ശരി..."
അരുണിനേയും വഹിച്ചു കൊണ്ട് ആ ട്രോളി ഉരുണ്ടു നീങ്ങുന്നത് അവർ നോക്കിനിന്നു.
കുറേനേരമായിട്ടും മുറിയിൽ തിരിച്ചെത്താത്ത അഞ്ജലിയെ കാത്ത് അലീന, അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അരുൺ ഹോസ്റ്റലിൽ നിന്നുമിറങ്ങി വണ്ടിയിൽ കയറുന്നത് കണ്ട്, അവളുടെ കണ്ണുകളിൽ ആയിരം കനൽപ്പൂക്കൾ വിരിഞ്ഞു.
അദ്ദേഹത്തിന്റെ വണ്ടി മതിലിൽ ചെന്നിടിച്ചപ്പോഴുണ്ടായ ശബ്ദം, അവളൊഴികെ മറ്റാരും കേട്ടിരുന്നില്ല.
അഞ്ജലി മുറിയിലെത്തുമ്പോൾ അലീന അവിടെ ഉണ്ടായിരുന്നില്ല.
കുറേ നേരം കഴിഞ്ഞ് മുറിയിലേക്ക് കയറിവന്ന അലീനയോട് അവൾ പറഞ്ഞു:
"ഞാൻ കരുതി, നീ കുളിക്കുകയാണെന്ന്. എവിടെ ആയിരുന്നു ഇത്രയും നേരം?"
"നിന്നെ കാത്ത് ഞാൻ പുറത്ത് നിൽക്കുകയായിരുന്നു. ആരെ കാണാനാണ് നീ പോയത്?"
"എന്റെ കൂടെ വാർഡിൽ വർക്ക് ചെയ്യുന്ന ആൻസിയുടെ മുറിയിൽ പോയതായിരുന്നു." അവൾക്ക് തിയറിയിൽ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു."
"എന്നിട്ട് സംശയമെല്ലാം തീർത്തുകൊടുത്തോ?"
"എന്നെക്കൊണ്ട് ആവുന്ന രീതിയിൽ പറഞ്ഞു കൊടുത്തിട്ടുണ്ട്."
"മ്..." പച്ചക്കള്ളമാണ് അവൾ പറഞ്ഞതെന്ന് അലീന മനസ്സിലാക്കി.
"നീ കുളിച്ചോ?"
"മ്..."
"എന്നാൽ ഞാൻ പോയി കുളിച്ചിട്ടു വരാം."
മാറാനുള്ള ഡ്രസ്സുമെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. അല്പസമയത്തിനുള്ളിൽ ഹോസ്റ്റലും പരിസരവും ആകെ ഇരുളിൽ കുളിച്ചു.
'അയ്യോ കറണ്ട് പോയല്ലോ...'
ആരോ പിടിച്ചു നിർത്തിയതുപോലെ പൈപ്പിലെ വെള്ളവും തീർന്നു. മുഖത്ത് തേച്ച സോപ്പ് കഴുകിക്കളയാനാവാതെ അഞ്ജലി കുഴങ്ങി. ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ നനഞ്ഞ ടവ്വൽ കൊണ്ട് ദേഹം തുടച്ചിട്ട് അവൾ വേഗം ഇറങ്ങിവന്നു. മുറിയിൽ നിറഞ്ഞുനിന്ന ഇരുട്ടിൽ അവൾ അലീനയെ തേടിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.
'ഈ സമയത്ത് ഇവൾ എവിടെ പോയതായിരിക്കും?'
മൊബൈലിലെ ടോർച്ച് തെളിച്ച് ഒരു മെഴുകുതിരി തപ്പിയെടുത്ത് കത്തിച്ചുവച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു.
'സാധാരണ കറണ്ട് പോകുമ്പോൾ ഉടൻ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതാണ്. ഇന്നെന്തുപറ്റിയെന്നറിയില്ല. ഇനി അതും കേടായിക്കാണുമായിരിക്കുമോ?'
പെട്ടെന്ന് അതിശക്തമായ ഒരു കാറ്റിൽ വാതിലും ജന്നലുകളും തുറന്നടഞ്ഞു. പേടിച്ച് വിറച്ച അഞ്ജലി, പുതച്ചുമൂടി കട്ടിലിൽ കിടന്നു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുടെ സംഗീതം അവളുടെ കാതുകളിൽ വന്നലച്ചു.
"അഞ്ജലീ... നീ ഉറങ്ങിയോ?"
അലീന അവളെ തട്ടിവിളിച്ചു.
"നീ എവിടെയായിരുന്നു അലീനാ?"
"നല്ല വിശപ്പു തോന്നിയതിനാൽ ഞാൻ മെസ്സിലേക്ക് പോയി."
"ഇരുട്ടത്ത് നീയെങ്ങനെ തിരിച്ചെത്തി, നീ മഴയും നനഞ്ഞിട്ടുണ്ടല്ലോ?"
"ഇരുട്ടോ, എല്ലായിടത്തും വെളിച്ചമുണ്ടല്ലോ."
"കറണ്ടൊന്നുമില്ലായിരുന്നല്ലോ, ടാപ്പിലെ വെള്ളവും തീർന്നുപോയി."
"കറണ്ട് പോയിട്ട് വേഗം തന്നെ വന്നിരുന്നല്ലോ."
അവൾ കുളിമുറിയിൽ കയറി നനഞ്ഞ തുണിയൊക്കെ മാറ്റി തിരിച്ചു വന്നു.
"ടാപ്പിൽ ഇപ്പോൾ വെള്ളം വരുന്നുണ്ടല്ലോ..."
"അതെങ്ങനെയാണ്?"
"ആരെങ്കിലും ഇപ്പോൾ മോട്ടോർ ഓണാക്കിക്കാണും.'
കഴിഞ്ഞ കുറേ നിമിഷങ്ങളിൽ തനിക്കനുഭവപ്പെട്ടതൊക്കെ ഒരു മായക്കാഴ്ചയായി അഞ്ജലിക്ക് തോന്നി.
"നിനക്കൊന്നും കഴിക്കണ്ടേ അഞ്ജലീ?"
"നീ കഴിച്ചോ?"
"ഞാൻ കഴിച്ചതാണ്, നിനക്കു തനിയെ പോകാൻ പേടിയാണെങ്കിൽ ഞാനും കൂടെ വരാം."
"വേണ്ട, ഞാൻ പൊക്കോളാം."
അഞ്ജലി എഴുന്നേറ്റ് പുറത്തേക്ക് പോയി. അല്പം മുമ്പ് ശക്തിയായി പെയ്ത മഴ ഇപ്പോൾ നിശ്ശേഷം നിന്നിരിക്കുന്നു.
മുന്നിൽ നടന്നു പോകുന്നവരെ അരണ്ട വെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. മെസ്സ്ഹാളിലെത്തിയപ്പോൾ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും ഭക്ഷണം കഴിച്ച് തിരികെ പോയിരുന്നു.
"അഞ്ജലി ഇന്ന് വളരെ താമസിച്ചല്ലോ... എന്തു പറ്റി, ഉറങ്ങിപ്പോയോ?"
"ഭയങ്കര മഴയായിരുന്നല്ലോ ചേച്ചീ, ഇടിയും മിന്നലുമൊക്കെ എനിക്ക് പേടിയാണ്."
"മഴയോ, അതിനിവിടെ മഴയൊന്നും പെയ്തില്ലല്ലോ... ഞങ്ങൾ പാത്രങ്ങളെല്ലാം കഴുകിവച്ചിട്ട് പോകാൻ തുടങ്ങുകയായിരുന്നു."
"എല്ലാവരും വന്നിട്ട് പോയോ?"
"ആ ഗ്രീഷ്മയും നീതുവും ഇതുവരെ വന്നിട്ടില്ല. ചില ദിവസങ്ങളിൽ അവർ വരാറില്ല. അതുകൊണ്ട് ഞങ്ങൾ, അവരെ കാത്ത് ഇരിക്കാറില്ല."
"അപ്പോൾ അവർക്ക് വിശക്കില്ലേ?"
"അവർ വേറെ എന്തെങ്കിലുമൊക്കെ കഴിക്കുമായിരിക്കും."
ആഹാരം കഴിച്ച് തിരിച്ചു വരുന്ന വഴിയിൽ ഗ്രീഷ്മയേയും നീതുവിനേയും ഒന്ന് കണ്ടിട്ടു പോകാമെന്ന് കരുതി. മുറിയുടെ വാതിൽ പകുതിയും തുറന്നു കിടക്കുകയായിരുന്നു. അകത്തുകയറി ലൈറ്റിട്ടപ്പോൾ കണ്ട കാഴ്ച അവളെ നടുക്കിക്കളഞ്ഞു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നീതുവിനെ തട്ടിവിളിച്ചു.
'ഇവൾ ഉണരുന്നില്ലല്ലോ.... നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു.'
മേശപ്പുറത്തിരുന്ന കുപ്പിയിലെ വെള്ളം അല്പമെടുത്ത് മുഖത്തു തളിച്ചപ്പോൾ അവൾ ഞരങ്ങിക്കൊണ്ട് കണ്ണു തുറന്നു.
സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ എന്തൊക്കെയോ പുലമ്പി.
"ആരാ... ആരാ...നീ...?"
"നീതു... ഞാൻ അഞ്ജലിയാണ്.
ഗ്രീഷ്മയെവിടെ?"
"അഞ്ജലിയോ, നീ എന്താണിവിടെ?
"നിങ്ങൾ ഭക്ഷണം കഴിക്കാൻ ചെല്ലാതിരുന്നത് എന്താണ്?"
"ഭക്ഷണമോ, എവിടെ?"
"നീതൂ... നീ ഒന്നെണീറ്റേ... ഒരു ബോധവുമില്ലാതെ ഇങ്ങനെ കിടന്നുറങ്ങാമോ?"
നീതു കട്ടിലിൽ പതുക്കെ എഴുന്നേറ്റിരുന്നു.
"എന്തൊരു മഴയായിരുന്നു. വെള്ളവുമില്ല, വെളിച്ചവുമില്ല; ഇടിയും മിന്നലും എല്ലാം കൂടി ഞാനാകെ പേടിച്ചു പോയി."
അഞ്ജലിക്കുണ്ടായ അതേ അനുഭവം നീതുവിനും ഉണ്ടായിരിക്കുന്നു എന്നറിഞ്ഞപ്പോൾ വളരെയധികം അദ്‌ഭുതം തോന്നി.
"ഗ്രീഷ്മയെവിടെ നീതൂ?"
"അവൾ നേരത്തേ കിടന്നുറങ്ങി."
"അവൾ ഇവിടെ കട്ടിലിൽ ഇല്ലല്ലോ?"
"കട്ടിലിൽ ഇല്ലേ, പിന്നെ അവൾ എവിടെപ്പോയി?"
"നീ വരൂ... നമുക്ക് നോക്കാം."
ഗ്രീഷ്മ മുറിയിലൊന്നുമുണ്ടായിരുന്നില്ല. ഭയാശങ്കകളോടെ അവർ അടഞ്ഞുകിടന്ന കുളിമുറിയുടെ വാതിൽ തള്ളിത്തുറന്നു നോക്കി. തുറന്നിട്ടിരുന്ന പൈപ്പിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽ നനഞ്ഞു കുതിർന്ന്, തറയിൽ കമിഴ്ന്നുകിടക്കുന്ന ഗ്രീഷ്മയെ കണ്ടവർ പരിഭ്രാന്തരായി. ടാപ്പടച്ചിട്ട്, പരിഭ്രമത്തോടെ നീതു ഗ്രീഷ്മയെ തട്ടിവിളിച്ചു.
"എഴുന്നേൽക്കൂ ഗ്രീഷ്മാ...നിനക്കെന്തു പറ്റി?"
എത്ര വിളിച്ചിട്ടും അവൾ ഉണരുന്നില്ലെന്ന് കണ്ടപ്പോൾ, നീതു തന്റെ ഫോണിൽ മേട്രനെ വിളിച്ച് വിവരം പറഞ്ഞു. മറ്റു ചില കുട്ടികളേയും കൂട്ടി അല്പസമയത്തിനുള്ളിൽത്തന്നെ മേട്രൻ മുറിയിലെത്തി. മയങ്ങിക്കിടക്കുന്ന ഗ്രീഷ്മയെ എല്ലാവരും കൂടി താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി.
(തുടരും)