ഭാഗം 1
നാടൻ പാട്ടിന്റെ സൗന്ദര്യം പോലെ, ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു ശാലിനി. കർഷകരായ മാതാപിതാക്കളുടെ ഏക സമ്പാദ്യം അവൾ മാത്രമായിരുന്നു. അരവയർ മുറുക്കി പണിയെടുത്ത് മകളെ പഠിപ്പിച്ചു. ഉയർന്ന മാർക്കോടെ പ്ലസ് ടു പാസ്സായ അവളെ പട്ടണത്തിലെ കോളേജിൽ അയച്ചു പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ നാട്ടിലെ പ്രമാണിയായ കറിയാച്ചൻ മുതലാളി, ശാലിനിയുടെ ഉപരിപഠനത്തിനുള്ള സഹായഹസ്തവുമായി മുന്നോട്ടു വന്നു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത തീരുമാനത്തിൽ എല്ലാവരും സന്തോഷിച്ചു. തങ്ങളുടെ ജീവിതത്തിൽ, ഒരു കുഞ്ഞിക്കാലുകാണുവാൻ ഭാഗ്യമില്ലാതിരുന്ന കറിയാച്ചന്റേയും ഭാര്യ അന്നാമ്മയുടേയും നന്മ നിറഞ്ഞ മനസ്സുകൾ ദൈവത്തിന് ഏറെ പ്രസാദകരമായിത്തീർന്നു.
നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കുന്നതിനും ഭവനരഹിതർക്കു വീടു വച്ചു കൊടുക്കുന്നതിനും സാധുക്കളായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളെ ചികിത്സിപ്പിക്കുന്നതിനും മറ്റുമായി തങ്ങളുടെ സമ്പത്തിൽ ഒരു നല്ല ഭാഗം എല്ലാ കൊല്ലവും ചിലവഴിച്ചു പോന്നു. അങ്ങനെ അവറാച്ചൻ മുതലാളിയും കുടുംബവും നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി.
ശാലിനിയെ പട്ടണത്തിലുള്ള ഒരു മെഡിക്കൽ കോളേജിൽ ബി.എസ്സ്.സി നഴ്സിംഗിനു ചേർത്തു. അവളുടെ എല്ലാ ചിലവുകളം അദ്ദേഹം തന്നെയാണ് വഹിച്ചിരുന്നത്. സ്വന്തം മകളെപ്പോലെ തന്നെ അവളെ അവർ സ്നേഹിച്ചു. പതിവായി മാസത്തിലൊരിക്കൽ അച്ഛനോടൊപ്പം മുതലാളിയും അവളെ കാണാൻ പോകുമായിരുന്നു.
ശാലിനിക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. പഠനത്തിൽ മാത്രം ശ്രദ്ധിച്ച് ദിവസങ്ങൾ തള്ളിനീക്കി. എല്ലാ പരീക്ഷകളിലും ഉയർന്ന സ്ഥാനത്തെത്തുന്ന അവളോട് കൂട്ടത്തിലുള്ള പലർക്കും അസൂയ തോന്നി. താന്തോന്നികളായ നാലു പെൺകുട്ടികളുടെ ഒരു സംഘം, അവളോട് എന്നും ശത്രുത പുലർത്തി.
"എടീ, ആ ശാലിനിയെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, അവൾക്ക് ഒരു പണി കൊടുത്താലോ?" സംഘത്തിന്റെ നേതാവായ ഗ്രീഷ്മ മറ്റുള്ളവരോടായി ചോദിച്ചു.
"എന്തൊരു തലയാടീ അവൾക്ക്! എല്ലാ ടീച്ചേർസിനും അവളോടാണ് പ്രിയം. കാർഡിയോളജി പഠിപ്പിക്കുന്ന ഡോക്ടർ വിനോദിന് അവളുടെ മേൽ ഒരു കണ്ണുണ്ട്."
സംഘത്തിൽ ഒരുവളും ഗ്രീഷ്മയുടെ ഉറ്റ കൂട്ടുകാരിയുമായ നീതു പറഞ്ഞു.
"ആഹാ... അങ്ങനെയുമുണ്ടോ? മിണ്ടാപൂച്ച കലമുടയ്ക്കുമോ?"
"ആർക്കറിയാം, കാത്തിരുന്നു കാണാം."
"നീതു, നാളത്തെ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ പത്തു ദിവസം അവധിയാണല്ലോ. നമുക്കു അടിച്ചു പൊളിക്കണം."
"അതിന് നാളെത്തന്നെ നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ പോകുകയല്ലേ?"
"നീയും നാളെ പോകുമോ? നമുക്ക് രണ്ടു ദിവസം കഴിഞ്ഞ് പോയാൽ പോരേ? ലിൻസിയോടും അലീനയോടും പറയണം. നമ്മൾ നാലു പേർക്കും കൂടി ടൗണിലൊക്കെ ഒന്നു കറങ്ങി ഒരു സിനിമയൊക്കെ കണ്ടിട്ട് പതുക്കെ പോകാം."
"ഞാൻ റെഡി. ഇനി അവർ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറയുമോ എന്നറിയില്ല. അലീനയുടെ വിചാരം, അവളൊരു നല്ല കുട്ടിയാണെന്നാണ്. അവൾക്ക് ശാലിനിയോടും ഒരു സോഫ്റ്റ് കോർണർ ഉണ്ട്."
"അത് നിനക്കെങ്ങനെ മനസ്സിലായി?"
"ഒരു ദിവസം നമ്മൾ ശാലിനിയെപ്പറ്റി കുറ്റം പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ല. ശാലിനിയുടെ കൂട്ടുകാരി അഞ്ജലിയും അലീനയും പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്. തന്നെയുമല്ല, അവർ ഒരു നാട്ടുകാരുമാണ്."
"എങ്കിൽ നമ്മുടെ സംഘത്തിൽ നിന്ന് അവളെ ഒഴിവാക്കിയാലോ?"
"പക്ഷേ, അവൾ ലിൻസിയോടൊപ്പം ഒരു മുറിയിലാണല്ലോ താമസിക്കുന്നത്. അതുകൊണ്ട് തൽക്കാലം വേണ്ട, അവളുടെ മേൽ നമ്മുടെ ഒരു കണ്ണുണ്ടായാൽ മതി."
നീതുവിന്റെ അഭിപ്രായത്തോട് ഗ്രീഷ്മയും യോജിച്ചു.
അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് നാലംഗ സംഘം പുറത്തു പോകാനായി ഹോസ്റ്റൽ വാർഡനോട് അനുവാദം ചോദിച്ചു.
"മാഡം, ഞങ്ങൾക്ക് ടൗൺ വരെ ഒന്നു പോകണം. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്."
"അപ്പോൾ നിങ്ങൾ നാലു പേരും വീട്ടിൽ പോകുന്നില്ലേ? നിങ്ങളുടെ ബാച്ചിന് പത്തു ദിവസം അവധിയാണല്ലോ. മറ്റുള്ളവർ ഒക്കെ ഓരോരുത്തരായി പോയിത്തുടങ്ങിയല്ലോ."
"ഞങ്ങൾ നാളെയേ പോകുന്നുള്ളൂ മാഡം."
"ശരി, നാളെത്തന്നെ പോകുമല്ലോ അല്ലേ? എന്നാൽ പോയിട്ടു വരൂ... ആറുമണിക്കു തന്നെ ഗേറ്റ് അടയ്ക്കും. അതിനുമുൻപു തന്നെ തിരിച്ചെത്തിയേക്കണം, കേട്ടല്ലോ?"
"ശരി മാഡം, ആറുമണിക്കു മുൻപുതന്നെ ഞങ്ങൾ തിരിച്ചെത്തും." ഗ്രീഷ്മ വാർഡന് ഉറപ്പു കൊടുത്തു.
"എടീ, ഇപ്പോൾത്തന്നെ രണ്ടു മണിയായി. ആറുമണിക്കു മുൻപ് തിരിച്ചെത്താൻ പറ്റുമോ? നീയെന്തിനാണ് അങ്ങനെ പറഞ്ഞത്?"
ലിൻസിയുടെ സംശയത്തിന് അലീനയാണ് മറുപടി പറഞ്ഞത്.
"എന്തായാലും ഗേറ്റടയ്ക്കുന്നതിനു മുൻപു തന്നെ തിരിച്ചെത്തണം. അല്ലെങ്കിൽ നമ്മൾ പെട്ടു പോകും. നാളെ രാവിലെ വീട്ടിൽ പോകാനുള്ളതാണ്."
"ഓ... ഇവളുടെ ഒരു പേടി, നമുക്കു നോക്കാം." നീതുവിന്റെ വാക്കുകൾ അലീനയെ ആശ്വസിപ്പിച്ചു.
അവർ പുറത്തിറങ്ങി ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. ബസ്സ് കാത്തുനിൽക്കുന്ന ശാലിനിയേയും അഞ്ജലിയേയും കണ്ടിട്ടും കാണാത്ത ഭാവത്തിൽ മാറിനിന്നു. ടൗണിലേക്കുള്ള ബസ്സിൽ നല്ല തിരക്കായിരുന്നിട്ടും നാലംഗ സംഘം അതിൽ കയറി.
അധികം താമസിയാതെ തന്നെ നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി ശാലിനിയും അഞ്ജലിയും യാത്രയായി. രണ്ടു പേർക്കും ഇരിക്കാൻ സീറ്റും ലഭിച്ചു.
"ശാലിനീ, ഒരു മണിക്കൂർ കഴിയുമ്പോൾ ഞാൻ ഇറങ്ങും. അരമണിക്കൂർ കൂടി കഴിഞ്ഞല്ലേ നിന്റെ സ്ഥലം എത്തുകയുള്ളൂ, ബസ്സ് സ്റ്റോപ്പിൽ ആരെങ്കിലും വരുമോ?"
"അച്ഛൻ വരുമായിരിക്കും. നീ വിഷമിക്കണ്ട. നീയും ബസ്സിറങ്ങി സൂക്ഷിച്ചു പോകണം കേട്ടോ.."
ശാലിനി ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ അവറാച്ചൻ മുതലാളി കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഡ്രൈവറാണ് കാർ ഓടിക്കുന്നത്. ശാലിനിയേയും കൂട്ടി സ്വന്തം വീട്ടിലേക്കു പോകും വഴി മുതലാളി ചോദിച്ചു:
"പരീക്ഷയൊക്കെ എങ്ങനെയുണ്ടായിരുന്നു? നന്നായി എഴുതിയോ? നിനക്ക് എത്ര ദിവസത്തെ അവധിയുണ്ട്?"
"പരീക്ഷയൊക്കെ നന്നായിരുന്നു അപ്പച്ചാ.. ഞങ്ങൾക്കു പത്തു ദിവസം അവധിയുണ്ട്. അവധി തീരുന്നതിന്റെ തലേ ദിവസം പോകണം. അമ്മച്ചിക്ക് സുഖമാണോ?"
"അമ്മച്ചിക്കു പ്രത്യേകിച്ചു അസുഖം ഒന്നുമില്ല. നീ വരുന്നതും നോക്കിയിരിക്കുകയാണ്."
ആ വലിയ വീടിന്റെ മുന്നിലത്തിയപ്പോൾ അച്ഛൻ ഓടി വന്ന് ഗേറ്റു തുറന്നു. അച്ഛനെ കണ്ട് ശാലിനിയുടെ കണ്ണുകൾ നനഞ്ഞു.
"അച്ഛാ... അച്ഛന് സുഖമാണോ? അമ്മയെവിടെ?"
"അവൾ വീട്ടിലുണ്ട്, നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞോ?"
"കഴിഞ്ഞച്ഛാ, എല്ലാം എളുപ്പമായിരുന്നു. ഞാൻ പോയി അമ്മച്ചിയെ കണ്ടിട്ടു വരാം."
"ശരി മോളേ..."
അടുക്കളയിൽ ജോലിക്കാരിയോട്സംസാരിച്ചു കൊണ്ടു നിൽക്കുന്ന അന്നാമ്മച്ചിയുടെ പിറകിൽ ചെന്നു നിന്ന് രണ്ടു കൈകൾ കൊണ്ടും ചുറ്റിവരിഞ്ഞുകൊണ്ട് നീട്ടി വിളിച്ചു.
"അമ്മച്ചീ... ഞാൻ എത്തിയേ..."
"ആഹാ, നീ വന്നോ? അമ്മച്ചിക്കു സന്തോഷമായി. യാത്രയൊക്കെ സുഖമായിരുന്നോ മോളേ?"
"അതേ അമ്മച്ചീ... ബസ്സ് കാത്തു കുറച്ചുനേരം നിന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു."
"നീ അങ്ങു ക്ഷീണിച്ചു പോയല്ലോ.. അവിടെ ഭക്ഷണം ഒന്നും കിട്ടുന്നില്ല?"
"പരീക്ഷയൊക്കെ അല്ലായിരുന്നോ അമ്മച്ചീ... നന്നായി ഒന്നുറങ്ങിയിട്ട് ഒരാഴ്ചയായി. നല്ല വിശപ്പുണ്ട്, അമ്മച്ചിയുടെ ഇന്നത്തെ സ്പെഷ്യൽ എന്താ?"
"നീ കൈ കഴുകി വന്നോളൂ, ഭക്ഷണം എടുത്തു വയ്ക്കാം."
ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ അന്നാമ്മച്ചി ചോദിച്ചു:
"നിനക്കു രണ്ടു ദിവസം ഇവിടെ നിന്നിട്ട് വീട്ടിലോട്ടു പോയാൽ പോരേ?"
"അയ്യോ... അമ്മച്ചീ, ഞാൻ പോയി അമ്മയെ കണ്ടിട്ടു നാളെത്തന്നെ ഇങ്ങോട്ടു വന്നോളാം."
"ശരി, നിന്റെ ഇഷ്ടം. നിന്നെ ഒന്നു കാണാൻ അവിടെ തങ്കവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടാവും. എന്നാൽ പോയിട്ടു വാ മോളേ..."
കെ കഴുകി അപ്പച്ചനോടും യാത്ര പറഞ്ഞിട്ട് ശാലിനി അവളുടെ അച്ഛനോടൊപ്പം ഇറങ്ങി നടന്നു.
(തുടരും)
ഭാഗം 2
ചക്രവാള സീമയിൽ കുങ്കുമം വാരിവിതറി, സന്ധ്യാദേവി തന്റെ ആഗമനം അറിയിച്ചു. അസ്തമയ സൂര്യന്റെ സിന്ദൂര രശ്മികൾ പ്രകൃതിയെ നിറച്ചാർത്തണിയിച്ചു. അമ്മയെ കാണാനുള്ള ആവേശത്തോടെ ചെമ്മൺ പാതയിലൂടെ സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഇരുവശങ്ങളിലേയും തെങ്ങോലകളെ തഴുകിയെത്തുന്ന കുളിർ കാറ്റിന്റെ ചൂളം വിളിയിൽ, അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങിക്കളിക്കുന്ന ഒരു കൊച്ചു പാവാടക്കാരിയുടെ മനസ്സുമായി ശാലിനി, ഓലപ്പുരയുടെ മുന്നിലുള്ള ഒതുക്കു കല്ലുകൾ കയറി ഉമ്മറത്തെത്തി.
അവരുടെ വരവും പ്രതീക്ഷിച്ചു കൊണ്ട് ദൂരേയ്ക്ക് കണ്ണുനട്ടു കാത്തിരുന്ന അമ്മയെ കെട്ടിപ്പിടിച്ച് കുറേ നേരം അങ്ങനെ നിന്നു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അമ്മ ചോദിച്ചു:
"മോളേ, നിനക്കു സുഖമാണോ? എത്തിയിട്ടു ഒത്തിരി നേരമായോ?"
"സുഖമാണമ്മേ... വന്നിട്ട് അരമണിക്കൂർ കഴിഞ്ഞു കാണും. എന്റെ അമ്മയ്ക്കു സുഖമാണോ?"
"സുഖമായിരിക്കുന്നു മോളേ... ഇന്ന് പണിക്കു പോയിട്ട് ഉച്ചയായപ്പോൾ ഇങ്ങു പോരുന്നു. കൊയ്ത്തും മെതിയുമൊക്കെ തുടങ്ങാറായി. നീ പോയി കുളിച്ചിട്ടു വാ, അമ്മ പുഴുക്കു പുഴുങ്ങി വച്ചിട്ടുണ്ട്. കാന്താരി പൊട്ടിച്ചതും കൂട്ടി ചൂടോടെ കഴിക്കാം."
"അയ്യോ അമ്മേ, ഞാൻ ബംഗ്ലാവിൽ നിന്നും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ടാണ് വന്നത്. എന്നാലും കുളിച്ചിട്ടു വന്നിട്ട് രണ്ടു കഷണം കഴിക്കാം. നല്ല ക്ഷീണമുണ്ട്, നന്നായി ഒന്നുറങ്ങണം."
"ശരി മോളേ, വേഗം കുളിച്ചിട്ടു വരൂ..."
ഉദയസൂര്യന്റെ ഇളം കിരണങ്ങൾ മുറിയിലാകെ പതിച്ചപ്പോഴാണ് ശാലിനി ഉറക്കമുണർന്നത്. അടുക്കളയിൽ ചെന്ന് അമ്മയോടു കിന്നാരം പറഞ്ഞു നിന്നു.
"അമ്മേ അച്ഛനെവിടെ, ഇവിടെയെങ്ങും കാണുന്നില്ലല്ലോ."
"അച്ഛൻ വെളുപ്പിനേ പണിക്കു പോയി. നീയെണീറ്റിട്ടു പോകാൻ നിൽക്കുകയാണു ഞാനും."
"ഞാനും വരട്ടെ അമ്മേ, പാടവരമ്പിലൂടെ നടക്കാൻ കൊതിയാവുന്നു."
"നീ ബംഗ്ലാവിലേക്കു പോകുന്നുണ്ടോ? വേഗം ഒരുങ്ങി വരൂ...നിന്നെ അവിടെ ആക്കിയിട്ടു വേണം എനിക്കു പോകാൻ."
സ്വർണനിറത്തിൽ വിളഞ്ഞു കിടക്കുന്ന നെൽക്കതിർപ്പാടത്തിനിടയിലുള്ള വരമ്പിലൂടെ അമ്മയോടൊപ്പം ശാലിനി നടന്നു. പോക്കുവെയിലിന്റെ ഇളം ചൂടുള്ള രശ്മികൾ തട്ടി അവളുടെ മുഖം തുടുത്തു.
മഴയത്തും വെയിലത്തും വിശ്രമില്ലാതെ പണിയെടുക്കുന്ന അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടുകൾ, ശാലിനിയെ സങ്കടപ്പെടുത്തി.
"ഒരു വർഷത്തെ പഠിത്തം കൂടി കഴിഞ്ഞാൽ എനിക്കു ജോലികിട്ടും. പിന്നെ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടണ്ട, ഞാൻ അയച്ചു തരുന്ന പൈസ കൊണ്ട് സുഖമായി ജീവിച്ചാൽ മതി.
"അതു കൊള്ളാം, നിന്നെ പഠിപ്പിക്കുന്നതു മുതലാളിയാണെങ്കിലും നല്ല ഒരു ചെറുക്കന്റെ കൂടെ പറഞ്ഞു വിടണ്ടേ? നിന്റെ വിവാഹത്തിനും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് മര്യാദയാണോ?"
"അതിന് ഞാൻ കല്യാണം കഴിക്കുന്നെങ്കിലല്ലേ? എനിക്ക് കല്യാണം വേണ്ടമ്മേ, ജോലി ചെയ്ത് പാവപ്പെട്ടവരെയൊക്കെ സഹായിച്ച് നിങ്ങളേയും ശുശ്രൂഷിച്ച് ഇവിടെ ഇങ്ങനെ കഴിഞ്ഞു കൊള്ളാം."
"അതു നീയാണോ തീരുമാനിക്കുന്നത്? നീയൊരു പെണ്ണാണ്, ഞങ്ങളുടെ കാലം കഴിഞ്ഞാൽ പിന്നെ നിനക്കാരുണ്ട്?"
"അത് അന്നല്ലേ? അപ്പോൾ നോക്കാം."
അവറാച്ചൻ മുതലാളിയേയും അന്നാമ്മച്ചി യേയും കാണാൻ അവൾ മിക്ക ദിവസങ്ങളിലും പോകുമായിരുന്നു. അവൾക്കു ദൈവത്തെപ്പോലെയായിരുന്നു അവർ. ആ വലിയ ബംഗ്ലാവിലും ചെറിയ ഓലപ്പുരയിലും മാറി മാറി താമസിച്ച് ഒഴിവു ദിവസങ്ങൾ കഴിച്ചു കൂട്ടി.
അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശാലിനിയെ കാത്തിരുന്നത്, ചില ദുരന്തങ്ങൾ ആണ്. മൂന്നുമാസത്തെ തിയറി ക്ലാസ്സുകൾക്കു ശേഷം പ്രാക്ടീസിനായി ആശുപത്രിയിൽ ജോലി ചെയ്യണം. ഓരോ മാസം വീതം ഓരോ വാർഡിലും എല്ലാവർക്കും ഡ്യൂട്ടിയിടും.
തിയറി ക്ലാസ്സിനിടയിൽ ഒരു ദിവസം കാർഡിയോളജി പഠിപ്പിക്കാനെത്തിയ ഡോക്ടർ വിനോദിനോട് ഗ്രീഷ്മയും കൂട്ടുകാരികളും അപമര്യാദയായി പെരുമാറി.
ഡോക്ടറിന് ശാലിനിയോടുള്ള മൂകാനുരാഗം മനസ്സിലാക്കിയ അവർ ഇരുവരേയും പറ്റി അപവാദം എഴുതിയ തുണ്ടു പേപ്പറുകൾ ക്ലാസ്സിൽ വിതരണം ചെയ്തു.
ഡോക്ടർ വിനോദിന്റെ പിറകേ നടന്ന് പലപ്രാവശ്യം തന്റെ ഹൃദയം തുറന്നു കാട്ടിയിട്ടും അയാളിൽ നിന്ന് ഗ്രീഷ്മയ്ക്ക് ഏൽക്കേണ്ടി വന്ന അവഗണനയിൽ നിന്ന് ഉടലെടുത്ത പ്രതികാര ചിന്തയിലാണ് വിനോദിനേയും ശാലിനിയേയും അപമാനിക്കാൻ അവൾ തീരുമാനിച്ചത്.
ആ സംഭവം റിപ്പോർട്ട് ചെയ്ത ഡോക്ടർ വിനോദ്, ഗ്രീഷ്മയ്ക്കും സംഘത്തിനും രണ്ടു ദിവസത്തെ സസ്പെൻഷൻ വാങ്ങിക്കൊടുത്തു. അഭിമാനം മുറിപ്പെട്ട അവളുടെ മനസ്സിൽ പ്രതികാരത്തിന്റെ അഗ്നിക്കനലുകൾ ആളിക്കത്തി.
അവളോടൊപ്പമായിരുന്നു ഒരു ദിവസം ശാലിനിക്കു മെഡിക്കൽ വാർഡിൽ ജോലി ചെയ്യേണ്ടിയിരുന്നത്.
ശാലിനിയെ തറപറ്റിക്കാൻ കെണിയുമൊരുക്കി കാത്തിരുന്ന ഗ്രീഷ്മയുടെ വലയിൽ അവൾ അറിയാതെ വീണു. അതാതു ഫയലുകൾ നോക്കി രോഗികൾക്കു കൊടുക്കാനായി മരുന്നുകൾ എടുത്തു വയ്ക്കുന്നതിനിടയിൽ ഗ്രീഷ്മ പറഞ്ഞു:
"ശാലിനീ നിന്നെ മാഡം വിളിക്കുന്നു, പെട്ടെന്നു പോയിട്ടു വരൂ."
എന്തെങ്കിലും പരാതികൾ ലഭിക്കുമ്പോഴാണ് വാർഡ് ഇൻ ചാർജ് വിളിപ്പിക്കുന്നത്. ശാലിനിക്കെതിരേ ഒരു പരാതിയും ആരിൽ നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വല്ലാത്ത ഹൃദയമിടിപ്പോടെ അവൾ മുറിയുടെ മുൻപിലെത്തി ഒരു നിമിഷം ശങ്കിച്ചു നിന്നു.
"എന്താ ശാലിനീ, എന്തു വേണം?"
"മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്?"
"ഞാൻ വിളിപ്പിച്ചില്ലല്ലോ... ആരാണ് നിന്നോട് പറഞ്ഞത്?"
"ഗ്രീഷ്മ പറഞ്ഞു, മാഡം എന്നെ വിളിക്കുന്നുവെന്ന്."
"അവൾ നിന്നെ കബളിപ്പിച്ചതാവും."
ആശ്വാസത്തോടെ തിരികെയെത്തി, മരുന്നുട്രേയും എടുത്തുകൊണ്ട് രോഗികൾക്കരികിലേക്കു നീങ്ങി, രോഗികളോട് കുശലം പറയുകയും മരുന്നുകൾ കൊടുക്കുകയും ചെയ്തു.
അടുത്ത ദിവസം, ശാലിനിയേയും കൂട്ടിക്കൊണ്ട് മാഡം, സൂപ്രണ്ടിന്റെ മുറിയിലേക്കു ചെന്നു. ഒന്നും മനസ്സിലാകാതെ അവൾ പരിഭ്രമിച്ചു.
അവർ ചെല്ലുമ്പോൾ പ്രധാന ഫിസിഷ്യനും സൂപ്രണ്ടിന്റെ മുറിയിൽ ഉണ്ടായിരുന്നു.
"എന്താ കുട്ടിയുടെ പേര്?"
"ശാലിനി."
"എത്രാമത്തെ വർഷമാണ് ഇത്?"
"ഇത് നാലാമത്തെ വർഷമാണ് സാർ."
"ഇന്നലെ വാർഡ് എം. വണ്ണിൽ രോഗികൾക്ക് മരന്നുകൾ കൊടുത്തത് താനല്ലേ?"
"അതേ സാർ."
"കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?"
"എന്നോടൊപ്പം ഡ്യൂട്ടിയിൽ ഗ്രീഷ്മ ഉണ്ടായിരുന്നു."
"നാലു രോഗികളുടെ മരുന്നുകൾ മാറിക്കൊടുത്തത് അറിഞ്ഞിരുന്നോ?"
"ഇല്ല സാർ, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഞാൻ തന്നെയാണ് ഫയലുകൾ നോക്കി ട്രേയിൽ മരുന്നുകൾ എടുത്തു വച്ചത്."
"അതുകൊണ്ടാണല്ലോ കുട്ടിയെ വിളിപ്പിച്ചത്. ഭാഗ്യത്തിന് അവർ അത് കഴിക്കാതിരുന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ഇന്നലെ റൗണ്ട്സിനു ചെന്ന ഡോക്ടറിനോട് അവർ പരാതി പറഞ്ഞു.
കുട്ടിയുടെ അശ്രദ്ധ, അവരുടെ ജീവനു തന്നെ ആപത്തായി ഭവിക്കുമായിരുന്നു. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഇങ്ങനെയുണ്ടായാൽ പഠിപ്പും ജോലിയുമെല്ലാം ഇതോടെ അവസാനിക്കും. ഇനിയൊരു വാർണിങ് ഉണ്ടായിരിക്കുകയില്ല. പൊയ്ക്കോളൂ..."
സൂപ്രണ്ടിന്റെ താക്കീതുകൾ അവളുടെ അഭിമാനത്തിനെ മുറിപ്പെടുത്തി. നിറകണ്ണുകളോടെ തലയും കുനിച്ചു നടന്നു വരുന്ന ശാലിനിയെ കണ്ട് ഗ്രീഷ്മ ഉള്ളിൽ ചിരിച്ചു. അവളുടെ മുഖത്തെ വിജയഭാവം ശാലിനി വായിച്ചെടുത്തു.
ശാലിനിയുടെ മനസ്സിൽ സംശയങ്ങൾ തല പൊക്കി.
പരോക്ഷമായെങ്കിലുംഗ്രീഷ്മയ്ക്ക് തന്നോടുണ്ടായിരുന്ന അസൂയയും പകയും ഏറെക്കുറെ അവൾക്കും അറിയാമായിരുന്നു. ഗ്രീഷ്മ ഒരുക്കിയ ചതിയായിരുന്നു എന്നവൾ ബലമായി വിശ്വസിക്കുകയും അക്കാര്യം മാഡത്തിനെ അറിയിക്കുകയും ചെയ്തു.
അതിനു ശേഷം ഇരുവർക്കും ഒരുമിച്ച് ഡ്യൂട്ടി ഇട്ടിട്ടില്ല. അറിയാതെയാണെങ്കിലും തന്നിൽ നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് ക്ഷമാപണം എഴുതിക്കൊടുത്തു.
അന്നത്തെ സംഭവം ശാലിനിയുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കി.
(തുടരും)
ഭാഗം 3
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് മുറിയെലിത്തി സങ്കടം സഹിക്കവയ്യാനാവാതെ കട്ടിലിൽ കമിഴ്ന്നു കിടന്ന് ശാലിനി ഏങ്ങലടിച്ചുകരഞ്ഞു.
"ശാലിനീ... എന്തു പറ്റി, നീയെന്തിനാണ് കരയുന്നത്? നിനക്ക് സുഖമില്ലേ? എന്തെങ്കിലും പ്രശ്നമുണ്ടോ?"
"ഒന്നുമില്ലെടീ, നല്ല തലവേദന."
"അതിന് ഇങ്ങനെ കരയണോ? എന്താണെന്നു വച്ചാൽ പറയെടീ. വർഷം മൂന്നായില്ലേ ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട്?"
ശാലിനിയോടൊപ്പം ഒരേ മുറിയിൽ താമസിക്കുന്ന അഞ്ജലി എന്ന തന്റെ പ്രിയ കൂട്ടുകാരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ഏക ആശ്വാസം. അന്നു വാർഡിൽ നടന്ന സംഭവങ്ങൾ അറിഞ്ഞപ്പോൾ അഞ്ജലി പറഞ്ഞു:
"നീ സൂക്ഷിക്കണം, ഗ്രീഷ്മയ്ക്കു നിന്നോട് അടങ്ങാത്ത പകയുണ്ട്. നിന്നെ തകർക്കാൻ കുതന്ത്രങ്ങളും മെനഞ്ഞു പതിയിരിക്കുകയാണ് അവൾ. ഡോക്ടർ വിനോദിന്റെ പിറകേ ഒരുപാടു കാലം നടന്നിട്ടും അയാൾക്കു നിന്നെയാണ് ഇഷ്ടം എന്നറിഞ്ഞതു മുതൽ മനസ്സിൽ പ്രതികാരവും കൊണ്ട് നടക്കുകയാണ് അവൾ."
"ഡോക്ടർ വിനോദ് എന്നെ ഇഷ്ടപ്പെടുന്നത് എന്റെ കുറ്റമാണോ? പ്രണയിച്ചു നടക്കാൻ താൽപര്യമില്ലെന്ന് രണ്ടു മൂന്നു പ്രാവശ്യം ഞാൻ പറഞ്ഞിട്ടുമുണ്ട്. ഒത്തിരി പ്രതീക്ഷകളുമായി എന്റെ അച്ഛനും അമ്മയും അപ്പച്ചനും അമച്ചിയും കൂടാതെ ഒരു ഗ്രാമം മുഴുവനും എന്നെ കാത്തിരിക്കുകയാണ്. അവരെയൊക്കെ സങ്കടപ്പെടുത്താൻ എനിക്കാവില്ലെടീ."
"നീ വിഷമിക്കേണ്ടാ, ഇതെവിടെ വരെപ്പോകുമെന്ന് നമുക്കു നോക്കാം."
ദിവസങ്ങൾ കൊഴിയുന്തോറും ഗ്രീഷ്മയുടെ ഉള്ളിലെ പക വളർന്നുകൊണ്ടിരുന്നു. ശാലിനിയെ തകർക്കാൻ അവൾ വീണ്ടും തന്ത്രങ്ങൾ ആലോചിച്ചു. ഇതിനിടെ ഡോക്ടർ വിനോദിന്റെ മനസ്സിൽ ശാലിനിയോടുള്ള അനുരാഗം ശക്തമായിക്കൊണ്ടിരുന്നു.
ഒരു ദിവസം ശാലിനിയെ തനിച്ചു കിട്ടിയ ഒരവസരത്തിൽ തന്റെ അഭിലാഷം ഡോക്ടർ അവളെ അറിയിച്ചു. മറുപടിയൊന്നും പറയാതെ അവൾ ഒഴിഞ്ഞുമാറി. ഡോക്ടർ വിനോദിന്റെ ഒരു കടാക്ഷത്തിനു വേണ്ടി പിറകേ നടന്ന ഗ്രീഷ്മയ്ക്ക് ഇതൊന്നും സഹിക്കുവാനായില്ല.
ഐ.സി.യു വാർഡിലെ ഒരു നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഡോക്ടർ വിനോദ്, ശാലിനിയോട് തന്റെ ഹൃദയം തുറന്നു കാട്ടി. എന്തു പറയണമെന്നറിയാതെ സംശയിച്ചുനിന്ന അവളുടെ അരികിലെത്തി, ഇരു കരങ്ങളും കവർന്നു തന്റെ നെഞ്ചോടടുപ്പിച്ചു.
"ശാലിനീ, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയുമോ? നീയില്ലാതെ ഇനി എനിക്കു വയ്യ. എന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും നിന്നോടുള്ള പ്രണയമാണ്. നീ എന്തിനാണ് എന്നെ ഇങ്ങനെ അവഗണിക്കുന്നത്?"
"ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ഡോക്ടർ. എന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഞാൻ. പഠിച്ചു ജയിച്ച് ഒരു ജോലി സമ്പാദിക്കുക എന്നത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം."
"അതിനു യാതൊരു തടസ്സവും നമ്മുടെ ബന്ധം മൂലം ഉണ്ടാവില്ലെന്ന് ഞാൻ വാക്കുതരുന്നു. നിനക്കെന്നെ പൂർണമായും വിശ്വസിക്കാം. പറയൂ ശാലിനീ, നിനക്കെന്നെ ഇഷ്ടമല്ലേ?"
മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിൽ അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. തന്നോടുള്ള ഇഷ്ടം മൂകാനുരാഗമായി അവളുടെ നീർമിഴിയിതളിൽ തെളിയുന്നത് കണ്ട് വിനോദിന്റെ മനസ്സ് കുളിരണിഞ്ഞു.
അവന്റെ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത്, തുളമ്പിയ കണ്ണുനീർ തന്റെ അധരം കൊണ്ട് ഒപ്പിയെടുത്തു. നെറുകയിലും കവിളിലും മൃദുവായി ഉമ്മവച്ചു.
എതിർക്കുവാനാവാതെ അവന്റെ കരവലയത്തിനുള്ളിൽ അവൾ ഒതുങ്ങി നിന്നു. അവളുടെ അധരാമൃതം നുകർന്നവൻ സ്വയം മറന്നു നിന്നു. ഒരരിമുല്ലവള്ളിയായി ആ തേൻമാവിൽ അവളും പടർന്നിറങ്ങി. പരസ്പരം ആത്മാവിലലിഞ്ഞ് സ്വർഗീയാനുഭൂതിയിൽ ലയിച്ച് രണ്ടു ഹൃദയങ്ങൾ ഒന്നായ നിമിഷം!
പരിസരം മറന്ന് എത്ര നേരം അങ്ങനെ നിന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല. ഐ.സി.യു വിലെ രോഗി ചുമയ്ക്കുന്നതു കേട്ടപ്പോൾ ശാലിനി, ഡോക്ടർ വിനോദിന്റെ കരവലയത്തിൽ നിന്നും അകന്നു മാറി തലയും കുനിച്ച് രോഗിയുടെ അരികിലേക്ക് ധൃതിയിൽ നടന്നുനീങ്ങി. കുറ്റബോധത്താൽ അവളുടെ മനസ്സ് നീറിപ്പുകഞ്ഞു.
ലോകം കീഴടക്കിയ സന്തോഷത്തിൽ ഡോക്ടർ വിനോദ് തന്റെ മുറിയിലേക്കു പോയി.
ഭാഗ്യത്തിന് ഒരു രോഗി മാത്രമേ ഐ സി യു വാർഡിൽ അന്ന് ഉണ്ടായിരുന്നുള്ളൂ...
കൊടുത്ത മരുന്നിന്റേയും ഇഞ്ചക്ഷന്റേയും ശക്തിയിൽ അയാൾ നല്ല ഉറക്കത്തിലുമായിരുന്നു.
ശാലിനിയുടെ മനസ്സു മുഴുവൻ ഡോക്ടർ വിനോദായിരുന്നു. ഇതുവരേയും ഉള്ളിന്റെയുളളിൽ കൊണ്ടു നടന്നിരുന്ന അവളുടെ രാഗധാര, അണമുറിയാതെ അവനിലേക്ക് ഒഴുകിയിറങ്ങിയതോർത്ത് ലജ്ജാവിവശയായി.
അവന്റെ സ്പർശനം ഏറ്റുവാങ്ങിയ അവളുടെ ശരീരത്തിലെ രോമരാജികൾ എഴുന്നേറ്റു നിന്നു. അവന്റെ ചുംബനങ്ങളുടെ ആഴമറിഞ്ഞ അവളുടെ അധരദളങ്ങൾ വീണ്ടുമെന്തിനോ വേണ്ടി ദാഹിച്ചു.
'എന്റെ ഭഗവാനേ, എന്തൊക്കെയാണ് സംഭവിക്കുന്നത്! ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ ചൂടറിഞ്ഞ നിമിഷങ്ങൾ!'
തന്റെ നെറുകയിലും ചൊടികളിലും അർപിച്ച ചുംബന മുദ്രകൾ പകർന്നു തന്ന അനുഭൂതിയിൽ അവൾ അലിഞ്ഞിറങ്ങി. മഴനീർ കണങ്ങളായി പെയ്തിറങ്ങിയ അനുരാഗ മഴയിൽ തന്റെ ഹൃദയേശ്വരനോടൊപ്പം നനഞ്ഞു കുതിർന്നു.
ഒരു തരം ഉന്മാദാവസ്ഥയിൽ ശാലിനി ആ രാത്രിയുടെ യാമങ്ങൾ കഴിച്ചുകൂട്ടി.
ഡോക്ടർ വിനോദിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. തന്റെ ഹൃദയ വാടിയിൽ പൂത്തിറങ്ങിയ പ്രണയ വസന്തം താലോലിച്ച് ഒരു പിടി വർണക്കനവുകൾ നെയ്തു കൂട്ടി.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ശാലിനി പോകാനിറങ്ങുമ്പോൾ, പാർക്ക് ചെയ്തിരുന്ന കാറിന് സമീപം നിന്നുകൊണ്ട് ഡോക്ടർ വിനോദ്, ശാലിനിയെത്തന്നെ നോക്കിനിന്നു.
അടുത്തെത്തിയിട്ടും മുഖമുയർത്തി തന്നെയൊന്നു നോക്കാൻ ശ്രമിക്കാതെ നടന്നു പോകാൻ തുടങ്ങിയ ശാലിനിയെ പിറകിൽ നിന്നുകൊണ്ട് ഡോക്ടർ വിളിച്ചു.
"ശാലിനീ ഒന്നു നിന്നേ..."
"എന്താ ഡോക്ടർ?"
"എന്താണ് ഒരു പരിചയഭാവം പോലും കാണിക്കാതെ പോകുന്നത്, നിനക്കെന്നോട് ദേഷ്യമാണോ? രാത്രിയിൽ സംഭവിച്ചതൊക്കെ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കൂ... ഒന്നും മന:പൂർവ്വമല്ല, നിന്നോടുള്ള ഇഷ്ടവും സ്നേഹവും ഇനിയെങ്കിലും നീയൊന്നു മനസ്സിലാക്കൂ..."
"ഞാൻ പോകട്ടെ ഡോക്ടർ, ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി."
"നിനക്കെന്നോട് ദേഷ്യമുണ്ടോ? അതു പറഞ്ഞിട്ടു പോയാൽ മതി."
"ഇല്ല ഡോക്ടർ, എനിക്കു ദേഷ്യമൊന്നുമില്ല. ഇന്നലെ സംഭവിച്ചതിനൊക്കെ ഞാനും കൂടി ഉത്തരവാദിയാണല്ലോ."
"എങ്കിൽ ഒരപേക്ഷയുണ്ട്, ഇനിയെന്നെ ഡോക്ടർ എന്നു വിളിക്കരുത്. പകരം വിനുവേട്ടാ എന്നു വിളിച്ചാൽ മതി."
"ശ്രമിക്കാം ഡോക്ടർ."
അവളുടെ മുഖത്തു വിരിഞ്ഞ ചെറുമന്ദഹാസത്തിൽ ഒരായിരം വർണങ്ങൾ നിറഞ്ഞു നിന്നു.
തന്റെ പ്രണയം തളിരണിഞ്ഞ സന്തോഷത്തിൽ ശാലിനി നടന്നുപോകുന്നതും നോക്കി ഒരു നിമിഷം അങ്ങനെ നിന്ന ശേഷം ഡോക്ടർ കാറിൽ കയറി ഒടിച്ചു പോയി.
ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നു കൊണ്ട് തങ്ങളെത്തന്നെ വീക്ഷിക്കുന്ന രണ്ടു അഗ്നിഗോളങ്ങളെ ഡോക്ടർ വിനോദോ ശാലിനിയോ കണ്ടിരുന്നില്ല.
മുകളിൽ നിന്നും കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന ഗ്രീഷ്മയെ കണ്ട് നീതു പകച്ചു നിന്നു.
"എന്താടീ, എന്തു പറ്റി? നിനക്ക് താഴത്തെ വാർഡിലാണോ ഇന്ന് ഡ്യൂട്ടിയിട്ടിരിക്കുന്നത്?"
"അല്ലെടീ, ഞാൻ ഒരു കാഴ്ച കണ്ടു. അതു നിന്നോട് പറയാൻ വേണ്ടി വേഗം വരികയായിരുന്നു."
"എന്തായിരുന്നെടീ ഇത്രയും ഭയങ്കരമായ കാഴ്ച? നീയാകെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ. അത്രയ്ക്കു ഭീകരമായിരുന്നോ?"
"അതൊന്നുമല്ലെടീ, നീ ഇങ്ങോട്ടു വന്നേ."
നീതുവിന്റെ ഇടതു കൈയും ഗ്രഹിച്ച് അവളേയും കൊണ്ട് അല്പം ഉള്ളിലുള്ള ഒരു ഇടനാഴിയിൽ ചെന്നു നിന്നു. ഒന്നു രണ്ടു പ്രാവശ്യം ശ്വാസം വലിച്ചു വിട്ടതിനുശേഷം അവൾ കണ്ട കാഴ്ച അല്പം മേമ്പൊടിയും ചേർത്ത് വിശദമായി നീതുവിനെ പറഞ്ഞുകേൾപ്പിച്ചു.
(തുടരും)
ഭാഗം 4
ഈശ്വരാ, രണ്ടു പേർക്കും കൂടി ഒരുമിച്ച് നൈറ്റ് ഡ്യൂട്ടി കിട്ടിയെന്നോ? എന്നാൽ ഇന്നലെ രാത്രി എന്തെങ്കിലുമൊക്കെ നടന്നിട്ടുണ്ടാവും."
"എടീ നീതു, അതു തെളിയിക്കാൻ വല്ല വഴിയുമുണ്ടോ? ഉണ്ടായിരുന്നെങ്കിൽ ഒരു പണി ഒപ്പിക്കാമായിരുന്നു."
"ഇന്നലെ വേറെ ആരൊക്കെയാണ് രാത്രി ഷിഫ്റ്റിന് ഉണ്ടായിരുന്നതെന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ."
"ശരിയെടീ, പിന്നെ കാണാം. ആരോ വരുന്നുണ്ട്."
കുളിച്ചു ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നെങ്കിലും ഒരു പോള കണ്ണടയ്ക്കാൻ ശാലിനിക്ക് കഴിഞ്ഞില്ല. തലേന്ന് രാത്രിയിൽ അനുഭവിച്ചറിഞ്ഞ അനുഭൂതികളുടെ മാസ്മര വലയത്തിൽ അവളുടെ മനസ്സ് ചൂഴ്ന്നിറങ്ങി.
'വിനുവേട്ടന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും! ആരെങ്കിലും ആ സമയത്ത് അതു വഴി വന്നിരുന്നെങ്കിലോ? ഗ്രീഷ്മയുടേയും സംഘത്തിന്റേയും ചെവിയിലെങ്ങാനുമെത്തിയാൽ പിന്നത്തെ അവസ്ഥ ആലോചിക്കാൻ കൂടി കഴിയുന്നില്ല.'
ഓരോരോ ചിന്തകളിൽ മുഴുകി അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഡോക്ടർ വിനോദിനും ഉറങ്ങാൻ കഴിഞ്ഞില്ല. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അവിവാഹിതനായി കഴിയുന്ന അയാൾ ഇതുവരേയും ഒരു വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞ് പ്രാക്ടീസ്, പിന്നെ പോസ്റ്റു ഗ്രാഡുവേഷൻ. കാർഡിയോളജി വിഭാഗത്തിൽ എം.ഡി കഴിഞ്ഞ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ജോലി കിട്ടി. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഡോക്ടർ വിനോദ്.
അമ്മയും അച്ഛനും സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ആയി ഇപ്പോൾ പാലക്കാട്ടുള്ള തങ്ങളുടെ വസതിയിൽ താമസിക്കുന്നു. അച്ഛൻ ഫിസിഷ്യനും അമ്മ ഗൈനക്കോളജിസ്റ്റും ആണ്. വീട്ടിൽത്തന്നെ ഓരോ മുറികൾ സജ്ജീകരിച്ച് രണ്ടു പേരും ചെറിയ രീതിയിൽ പ്രാക്ടീസും നടത്തുന്നു.
എറണാകുളത്ത് ആശുപത്രിയുടെ ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞ വർഷം വരേയും താമസിച്ചിരുന്നത്. സ്വന്തമായി വാങ്ങിയ ഈ ഫ്ളാറ്റിൽ താമസമായിട്ട് ഒരു കൊല്ലത്തോളം ആവുന്നു. വീട്ടുജോലികൾക്കും സഹായത്തിനും മറ്റുമായി, അച്ഛനുമമ്മയും നാട്ടിൽ നിന്നും അയച്ചതാണ് വാസുവേട്ടനെ.
സമയാസമയങ്ങളിൽ രുചിയുള്ള ആഹാരം പാകം ചെയ്യുക, തുണി അലക്കിത്തേക്കുക, വീടു വൃത്തിയായി സൂക്ഷിക്കുക എന്നു വേണ്ട എല്ലാ കാര്യത്തിലും വാസുവേട്ടൻ ആത്മാർത്ഥത പുലർത്തിപ്പോന്നു.
ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ഇവിടുത്തെ വിശേഷങ്ങൾ വിനോദിന്റെ അച്ഛനമ്മമാരെ വിളിച്ച് അറിയിക്കാറുമുണ്ട്.
വളരെ തിരക്കുള്ള ഡോക്ടർ ആയതിനാൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വീട്ടിൽ പോകാറുള്ളൂ..
വീട്ടിലെത്തിയാൽ പിന്നെ, കല്യാണക്കാര്യമല്ലാതെ രണ്ടുപേർക്കും സംസാരിക്കാൻ വേറെ വിഷയമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ വിനോദിന് വീട്ടിലേയ്ക്കു പോകാനും മടിയാണ്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന വിനോദ് നാലു മണി വരെ കിടന്നുറങ്ങി.
ഡോക്ടർ ഉറക്കമുണരുന്നതും കാത്ത് ഊണു കഴിക്കാതെ വാസുവേട്ടൻ കാത്തിരുന്നു.
"ഇതെന്തൊരു ഉറക്കമാണ് കുഞ്ഞേ, ചോറുണ്ണണ്ടേ?"
"വാസുവേട്ടൻ കഴിച്ചോളൂ... ഞാൻ വന്നോളാം."
"നാലുമണിയായി കുഞ്ഞേ, ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങിക്കോ."
"ഇന്നലെ രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല, അതാണ്."
"ആഹാരം കഴിക്കാതെ വാസുവേട്ടൻ എന്തിനാണ് വിശന്നിരിക്കുന്നത്?"
"കുഞ്ഞു കഴിക്കാതെ ഞാനെങ്ങനെയാണ്..."
"അതൊന്നും സാരമില്ല, സമയമാകുമ്പോൾ കഴിച്ചോളണം; ആർക്കുവേണ്ടിയും കാത്തിരിക്കരുത്, കേട്ടല്ലോ അല്ലേ?"
"ശരി കുഞ്ഞേ..."
ചോറു വിളമ്പികൊണ്ടിരിക്കുന്നതിനിടയിൽ വാസുവേട്ടൻ പറഞ്ഞു:
"കുഞ്ഞേ, അച്ഛനും അമ്മയും വിളിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞ് എന്നാണ് വീട്ടിലോട്ട് ചെല്ലുന്നതെന്ന് ചോദിച്ചു."
"വാസുവേട്ടൻ എന്തു പറഞ്ഞു?"
"ഞാനെന്തു പറയാൻ, അറിയില്ലെന്ന് പറഞ്ഞു. കുഞ്ഞ് എണീക്കുമ്പോൾ അത്യാവശ്യമായി വീട്ടിലോട്ടു വിളിക്കണമെന്നും പറഞ്ഞു."
"എന്താണാവോ ഇത്ര അത്യാവശ്യം, വല്ല കല്യാണക്കാര്യവും പറയാനാവും."
ഊണു കഴിഞ്ഞ് കൈകഴുകിയ ഉടൻ തന്നെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.
"ഹലോ...' അമ്മയാണ് ഫോൺ എടുത്തത്.
"ഹലോ... എന്തിനാണമ്മേ വിളിക്കണമെന്ന് പറഞ്ഞത്, അത്യാവശ്യം വല്ലതും...?"
"മൂന്നുനാലു ദിവസങ്ങളായില്ലേ നീ ഒന്നു വിളിച്ചിട്ട്? ഈ ആഴ്ചയിൽ നീ ഇങ്ങോട്ടു വരുമോ?
"ഇല്ലമ്മേ, അടുത്ത ആഴ്ചയിലേ വരാൻ സാധിക്കൂ.. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സെമിനാറിനു പോകണം. അതു കഴിഞ്ഞ് വരാം. അച്ഛൻ എവിടെ, ക്ലിനിക്കിൽ ആണോ?"
"നിനക്കു നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്. നീ വരുമ്പോൾ നമുക്കു പോയി പെൺകുട്ടിയെ കാണണം. എല്ലാം കൊണ്ടും നല്ല ബന്ധമാണ്. പെൺകുട്ടി, മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു."
"അമ്മേ, അതൊക്കെ നമുക്ക് പിന്നീട് ചിന്തിക്കാം. ബൈ..."
മെഡിസിന് പഠിക്കുമ്പോൾ ആദ്യത്തെ കൊല്ലം തന്നെ ഒരു പ്രണയം തളിരിട്ടു. കൂടെ പഠിച്ചു കൊണ്ടിരുന്ന ഒരു കുട്ടി, ആദ്യനോട്ടത്തിൽ തന്നെ അവന്റെ ഹൃദയം കവർന്നു. കാമ്പസിലെ പ്രണയങ്ങൾ സർവസാധാരണമായതിനാൽ, ആർക്കും അതൊരു പ്രശ്നമായി തോന്നിയില്ല.
ശാലീന സുന്ദരിയായിരുന്നു യാമിനി. രണ്ടു കൊല്ലത്തോളം ഒരു മനസ്സായി നടന്നവർ, മറ്റു കുട്ടികളുടെ ഇടയിൽ സൂപ്പർ ജോഡിയായി തിളങ്ങി. പോകുന്നതും വരുന്നതും കഴിക്കുന്നതും പഠിക്കുന്നതുമെല്ലാം അവർ
ഒരുമിച്ചായിരുന്നു. സദാസമയവും 'വിനുവേട്ടാ' എന്നു വിളിച്ചുള്ള അവളുടെ കൊഞ്ചൽ കലർന്ന സംസാരം അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഒരു ദിവസം പോലും തമ്മിൽ കാണാതിരിക്കാൻ കഴിയാത്ത വിധം അവരുടെ ആത്മബന്ധം വളർന്നു. ഇരു കുടുംബങ്ങളുടേയും സമ്മതവും സപ്പോർട്ടും അവരുടെ സ്നേഹബന്ധത്തിന് ദൃഢത നൽകി.
പെൺകുട്ടികളായ സുഹൃത്തുക്കളോട് അവൻ മിണ്ടുന്നതൊന്നും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. നാളുകൾ കഴിയുന്തോറും അവനോടുള്ള അവളുടെ പൊസസ്സീവ്നസ്സ് കൂടി വന്നു. ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്കു അവളുടെ മനസ്സ് എത്തിച്ചേർന്നു.
ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കുകയും പിണങ്ങുകയും ചെയ്ത യാമിനി, പഠിത്തത്തിൽ തീരെ ശ്രദ്ധിക്കാതെയായി. ഒടുവിൽ ഉറക്കം വരാത്ത രാത്രികളിലൊന്നിൽ ബ്ളെയിഡ് കൊണ്ട് ഇടതുകയ്യിലെ ഞരമ്പു മുറിച്ച്, പ്രശ്നങ്ങൾ നിറഞ്ഞ ലോകത്തിൽ നിന്നും യാത്രയായി.
വിനോദ് ആ ഷോക്കിൽ അക്ഷരാർത്ഥത്തിൽ തളർന്നുപോയി. മൂന്നു മാസക്കാലം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. എല്ലാ മുറിവുകളും ഉണക്കുന്ന കാലമാകുന്ന വൈദ്യൻ, കാലക്രമേണ അവനേയും തിരിച്ചു കൊണ്ടുവന്നു.
മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അദ്ധ്യാപകരുടേയുമെല്ലാം ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഉയർന്ന വിജയം കരസ്ഥമാക്കി വിനോദ് മെഡിസിൻ പൂർത്തിയാക്കി.
ഇതിനിടയിൽ പ്രണയാഭ്യർത്ഥനയുമായി പല പെൺകുട്ടികളും അവനെ സമീപിച്ചെങ്കിലും യാമിനിയുടെ സ്ഥാനത്ത് മറ്റാരേയും കാണാൻ അവന് കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ ഇനി വിവാഹമേ വേണ്ടെന്നുള്ള വാശിയിലായിരുന്നു ഇത്രയും കാലവും വിനോദ് ജീവിച്ചത്.
യാമിനിയെപ്പോലെതന്നെ ശാലീന സൗന്ദര്യത്തിനുടമയായ ശാലിനി, വിനോദിന്റ മനസ്സിനെ, അയാൾ പോലുമറിയാതെ കീഴടക്കി. തന്റെ നഷ്ടപ്പെട്ടുപോയ പ്രണയം ശാലിനി യിലൂടെ വീണ്ടെടുക്കാൻ അയാൾ പരമാവധി ശ്രമിച്ചു.
മരിച്ചുപോയ യാമിനി പുനർജ്ജനിച്ച് ശാലിനിയുടെ രൂപത്തിൽ തന്റെ മുന്നിലെത്തിയതാണോയെന്ന് ആയിരം പ്രാവശ്യം സ്വന്തം മനസ്സിനോടുതന്നെ ചോദിച്ചിട്ടുണ്ട്.
അടുത്ത ദിവസം രാവിലെ എട്ടുമണിയോടുകൂടി ഡോക്ടർ വിനോദ് ആശുപത്രിയിൽ എത്തി.
പത്തുമണി മുതൽ ഓ.പി ഉണ്ട്. അതിനു മുൻപ് റൗണ്ട്സ് എടുക്കണം. എം. വണ്ണിൽ റൗണ്ട്സ് എടുത്തപ്പോൾ ഗ്രീഷ്മയായിരുന്നു ഫയലുകളുമായി ഒപ്പം പോയത്.
"ഡോക്ടറിന് മിനിഞ്ഞാന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു അല്ലേ?"
"അതേ, എന്താ ചോദിച്ചത്?"
അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട് ഡോക്ടർ വിനോദ് ചെറുതായി ഒന്നു ഞെട്ടി.
"അല്ല, ശാലിനിക്കും അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു."
"അതിന്?"
അവളുടെ സംസാരം തികച്ചും അരോചകമായി തോന്നി.
"ഒരുപാടു നേരം ഐ.സി. യു വിന്റെ ഇടനാഴിയിൽ നിങ്ങൾ രണ്ടുപേരും കൂടി നിന്നതൊക്കെ ഇവിടെ പലരും പറഞ്ഞു നടക്കുന്നുണ്ട്. മമ്...നടക്കട്ടെ, എന്നെയൊക്കെ ഇവിടെ ആരു മൈൻഡ് ചെയ്യാൻ?"
അവളുടെ അർത്ഥം വച്ചുള്ള സംസാരവും മൂളലുമൊക്കെ ഡോക്ടർ വിനോദിനെ ചൊടിപ്പിച്ചു.
"അനാവശ്യം പറയരുത്, ഇങ്ങനെയൊക്കെ സാസാരിച്ചാൽ തന്റെ ആഗ്രഹം സാധിക്കുമെന്ന് വിചാരിക്കുന്നുണ്ടോ?"
"ഓ... എന്റെ ആഗ്രഹം, അതൊക്കെ ഞാൻ എന്നേ ഉപേക്ഷിച്ചു."
ആ സംഭാഷണം തുടർന്നുകൊണ്ടുപോകാൻ ഡോക്ടർ വിനോദ് തീരെ ഇഷ്ടപ്പെട്ടില്ല.
(തുടരും)
ഭാഗം - 5
ഗ്രീഷ്മയുടെ സംസാരം അരോചകമായി തോന്നിയ ഡോക്ടർ വിനോദ് മുഖത്ത് ഗൗരവഭാവം വരുത്തി ചോദിച്ചു:
ബെഡ് നമ്പർ നാലിലെ രോഗിക്ക് ഇന്നലെ ഞാൻ എഴുതിയ മരുന്ന് സ്റ്റാർട്ട് ചെയ്തിരുന്നോ?"
"ഇന്നലെ രാവിലെ തന്നെ ഒരു ഡോസ് കൊടുത്തു ഡോക്ടർ. അതു കഴിച്ച ശേഷം അയാൾ വൊമിറ്റ് ചെയ്തതിനാൽ തൽക്കാലം ആ മരുന്ന് സ്റ്റോപ്പു ചെയ്യാൻ ഡൂട്ടി ഡോക്ടർ പറഞ്ഞു. അതിനാൽ പിന്നെ കൊടുത്തില്ല"
ആ രോഗിയുടെ ഫയലും എടുത്തു കൊണ്ട് ഡോക്ടർ വിനോദ് ബെഡ്ഡിനരികിലേക്ക് നടന്നു
"എങ്ങനെയുണ്ട് ചേട്ടാ, ആശ്വാസം തോന്നുന്നുണ്ടോ?"
"ശ്വാസംമുട്ടലുണ്ട് ഡോക്ടർ, സംസാരിക്കുമ്പോൾ നല്ല കിതപ്പുണ്ട്. ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല."
രോഗിയെ കിടത്തി പരിശോധിച്ചതിനു ശേഷം പറഞ്ഞു:
"രണ്ടു ദിവസത്തിനുള്ളിൽ നല്ല വ്യത്യാസം ഉണ്ടാവും. ഒരു പുതിയ മരുന്നു കൂടി എഴുതിയിട്ടുണ്ട്. ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടോ?"
"രാവിലെ ഒരു ദോശ കഴിച്ചു. ഇന്നലെ രണ്ടു നേരം അല്പം കഞ്ഞിയും കുടിച്ചു."
"വളരെ പ്രയാസപ്പെട്ടിട്ടാണ് എന്തെങ്കിലും കഴിക്കുന്നത്. നല്ല ക്ഷീണവും ഉണ്ട്."
കൂടെ നിന്നിരുന്ന അയാളുടെ ഭാര്യയുടെ ആവലാതി കേട്ട് ഡോക്ടർ പറഞ്ഞു:
"കുറച്ചു ദിവസം എടുക്കും. കഴിച്ചു കൂടാത്ത ആഹാരമൊക്കെ ഒഴിവാക്കണം. നമുക്കു നോക്കാം."
ഓരോ രോഗികളേയും പരിശോധിക്കുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന ഡോക്ടർ വിനോദിനെ ഗ്രീഷ്മ ആരാധനയോടെ നോക്കി നിന്നു.
സ്ത്രീകളുടെ വാർഡിലെ റൗണ്ട്സും കഴിഞ്ഞാണ് ഐ.സി.യു വാർഡിലേക്ക് ലിഫ്റ്റ് കയറിയത്.
ഒരു പുതിയ രോഗിയെക്കൂടി അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തന്റെ ജൂനിയർ ഡോക്ടർ സാം ജോൺ പറഞ്ഞിരുന്നു.
ശാലിനിയോടെപ്പം ഒരു മൂന്നാം വർഷ വിദ്യാർത്ഥിനി കൂടി അന്നു പകൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
ഡോക്ടർ വിനോദ് പുതിയ രോഗിയുടെ ഫയൽ എടുത്ത് വിശദമായി പഠിക്കുന്നതിനിടയിൽ ശാലിനിയോട് ചോദിച്ചു:
"താനെന്താണ് ഒന്നും മിണ്ടാത്തത്? എന്നോട് പിണക്കമൊന്നുമില്ലല്ലോ അല്ലേ."
സ്വരം താഴ്ത്തി വളരെ പതുക്കെയാണ് വിനോദ് ചോദിച്ചത്.
"ഇല്ല ഡോക്ടർ,"
"ഞാൻ ഇന്നലെ പറഞ്ഞത് മറന്നുപോയോ?
"എന്താണ് ഡോക്ടർ""
"ഈ ഡോക്ടർ എന്നുള്ള വിളി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല."
അതിന് മറുപടിയൊന്നും പറയാതെ ശാലിനി ഊറിച്ചിരിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റേ കുട്ടി, അവരുടെ സംസാരം ശ്രദ്ധിക്കുകയും ഒളികണ്ണിട്ട് നോക്കുകയും ചെയ്തിരുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.
പരിശോധനകൾ കഴിഞ്ഞ് നിർദേശങ്ങൾ ഒക്കെ കൊടുത്തതിനു ശേഷം പുറത്തേക്കിറങ്ങിയ സോക്ടർ തിരികെ വന്ന് ശാലിനിയെ വിളിച്ചു.
"ശാലിനീ... ഒരു നിമിഷം."
"എന്താണ് ഡോക്ടർ?"
"ഇനി എന്നാണ് തനിക്ക് നൈറ്റ് ഡ്യൂട്ടി വരുന്നത്?"
"അറിയില്ല ഡോക്ടർ, എന്തിനാണ്?"
"വെറുതേ ചോദിച്ചതാണ്. ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശാലിനിക്കോ?"
ഒരു കുസൃതിച്ചിരിയോടെ വിനോദ് ചോദിച്ചു.
"ഞാൻ നന്നായി ഉറങ്ങി."
അവളുടെ ചുണ്ടിലും ഒരു ഗൂഢ മന്ദസ്മിതം നിറഞ്ഞു നിന്നു.
"ഒരു കാര്യം കൂടി പറയാനുണ്ടായിരുന്നു"
"എന്താണ് ഡോക്ടർ?"
"അടുത്ത ആഴ്ചയിൽ രണ്ടുദിവസത്തെ സെമിനാർ ഉണ്ട്. വ്യാഴവും വെള്ളിയും സെമിനാറു കഴിഞ്ഞ് വീട്ടിൽ പോകും. പിന്നെ തിങ്കളാഴ്ച രാവിലെയുള്ള ഡ്യൂട്ടിക്കേ വരികയുള്ളൂ."
"ശരി ഡോക്ടർ, ഞാൻ കാത്തിരിക്കും."
"ഞാൻ പറഞ്ഞിട്ടുള്ളത് താൻ മറന്നുവോ?"
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നാലുപാടും ഒന്നു നോക്കിയിട്ട് വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു:
"ശരി വിനുവേട്ടാ..."
"ഓ... ആശ്വാസമായി, അപ്പോൾ അല്പം അനുസരണാശീലമൊക്കെ ഉണ്ടെന്ന് മനസ്സിലായി."
മറുപടിയായി അവൾ പുഞ്ചിരിച്ചു.
അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ അഞ്ജലി ചോദിച്ചു:
"നീയെന്താടീ താമസിച്ചത്?"
"ഞാൻ വരുന്ന വഴിക്ക് അലീനയെ കണ്ടു. അവളുമായി അല്പനേരം സംസാരിച്ചു നിന്നു."
"അവൾ എന്താണ് പറഞ്ഞത്? അവളെ സൂക്ഷിക്കണം, അവളും ഗ്രീഷ്മയുടെ സംഘത്തിലുള്ള ആൾ ആണ്."
"ഏയ്, അവൾക്കെന്നെ ഇഷ്ടമാണ്. നിങ്ങൾ ഒരു നാട്ടിൽ നിന്നും വന്നവരല്ലേ? പ്ലസ് ടു വിന് പഠിക്കുമ്പോൾ നിങ്ങൾ ഒരു സ്കൂളിലായിരുന്നു എന്നു പറഞ്ഞു."
"മ്...വേറെയെന്തൊക്കെ പറഞ്ഞു?"
"ഗ്രീഷ്മയുടേയും നീതുവിന്റേയും സ്വഭാവം ഒന്നും അവൾക്കിഷ്ടമല്ലെന്നു പറഞ്ഞു. ലിൻസി വലിയ കുഴപ്പമില്ല, എങ്കിലും ചാരപ്പണിക്കു കേമത്തിയാണെന്നാണ് അവൾ പറയുന്നത്."
"ശരിയാണ്, നാളെ എനിക്കും ലിൻസിക്കും ഒരേ വാർഡിലാണ് ഡ്യൂട്ടി."
"എന്നെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ അറിയില്ലെന്നു പറഞ്ഞാൽ മതി."
"ഞാൻ നിന്നെപ്പറ്റി ഒന്നും പറയാൻ പോകുന്നില്ല. ഗ്രീഷ്മയുടെ കലാപരിപാടികളൊക്കെ ഒന്ന് ചോദിച്ചറിയണം."
"അതൊക്കെ അവൾ പറയുമോന്ന് എനിക്കു സംശയമാണ്."
"പറയുന്നെങ്കിൽ പറയട്ടെ, എന്തായാലും ചോദിക്കണം. അവളെ ഒന്നു സോപ്പിട്ടാൽ ചിലപ്പോൾ പറഞ്ഞേക്കും."
"അഞ്ജലീ, കഴിഞ്ഞ നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഡോക്ടർ വിനോദ് എന്നെക്കാണാൻ വന്നിരുന്നു."
"എന്നിട്ടു നീ ഇതുവരെ പറഞ്ഞില്ലല്ലോ! ഡോക്ടറിനും അന്ന് നൈറ്റ് ഷിഫ്റ്റ് ആയിരുന്നല്ലോ. എന്തിനാണ് കാണാൻ വന്നത്?"
"നീയെന്നോടു ദേഷ്യപ്പെടരുത്, എല്ലാം ഞാൻ പറയാം."
അന്നു രാത്രിയിൽ നടന്നതെല്ലാം വിശദമായിത്തന്നെ ശാലിനി, തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് എന്തു പറയണമെന്നറിയാതെ അഞ്ജലി കുറച്ചുനേരം മൗനം പാലിച്ചു.
"അഞ്ജലീ, നീയെന്താടീ ഒന്നും മിണ്ടാത്തത്? എന്തെങ്കിലും ഒന്നു പറയൂ, എനിക്കു ശ്വാസം മുട്ടുന്നു."
അഞ്ജലി ഉറക്കെച്ചിരിച്ചു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.
"എനിക്കറിയാമായിരുന്നു, ഇത് ഇങ്ങനെതന്നെ ആയിത്തീരുമെന്ന്. ഏതായാലും ഇനി ഈ വഴിയിൽത്തന്നെ മുന്നോട്ടു സഞ്ചരിക്കുന്നതായിരിക്കും നിനക്കു നല്ലത്. ഇതൊക്കെ അറിയുമ്പോൾ നിന്റെ ശത്രുക്കളൊക്കെ പുതിയ കളികളുമായി രംഗത്തിറങ്ങിയേക്കും.
എടീ, നീ ഇനി വളരെ സൂക്ഷിക്കണം. ആരേയും കണ്ണടച്ചു വിശ്വസിക്കരുത്. ഇനി എന്തൊക്കെ സംഭവിക്കുമെന്നാർക്കറിയാം! എന്റെ കൃഷ്ണാ, ഇവളെ കാത്തോളണേ..."
"എനിക്കു നല്ല പേടിയുണ്ട്. ഞാനെത്ര മാത്രം ഒഴിഞ്ഞു മാറിയതാണെന്ന് നിനക്കറിയാമല്ലോ. എന്തൊക്കെ പറഞ്ഞിട്ടും വിനുവേട്ടൻ പിൻമാറുന്ന ലക്ഷണമില്ലെന്ന് മനസ്സിലായപ്പോഴാണ് എന്റെ മനസ്സും അറിയാതെ വിനുവേട്ടനിലേയ്ക്ക് ചാഞ്ഞത്."
"വിനുവേട്ടനോ, അമ്പടി കള്ളീ... അങ്ങനെ വിളിക്കാൻ തക്ക ബന്ധം ഒക്കെ ആയോ?"
"എന്റെ ഭാഗത്തു നിന്നും എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇങ്ങനെ വിളിക്കണമെന്ന് കുറേ പ്രാവശ്യം എന്നോടാവശ്യപ്പെട്ടു. ഞാൻ അതു അനുസരിച്ചെന്നേയുള്ളൂ."
"ചതിക്കാനൊന്നും അല്ലല്ലോ, അല്ലേടീ?"
"ഏയ്, അങ്ങനെയൊന്നും എനിക്ക് തോന്നുന്നില്ല. ഇത്രയും കാലം ആർക്കും പിടി കൊടുക്കാതെ, ഇപ്പോൾ എന്നോട് തോന്നിയ അനുരാഗം ആത്മാർത്ഥത നിറഞ്ഞതാണെന്നാണ് തോന്നുന്നത്."
"എന്നാലും എത്രയോ ലേഡീ ഡോക്ടേർസ് പോലും കൊതിക്കുന്ന സൗഭാഗ്യം വെറും ഒരു അത്തപ്പാടി നഴ്സിന് ലഭിക്കുകയെന്നുവച്ചാൽ..
ആലോചിക്കുമ്പോൾ എന്തോ ഒരു പന്തികേടു പോലെ..."
"എടീ, ഞാനും ഇങ്ങനെയൊക്കെ ചിന്തിച്ചതാണ്. എന്നെ ഇഷ്ടപ്പെടാൻ വിനുവേട്ടന് എന്തെങ്കിലും കാരണം കാണുമായിരിക്കും."
"നീ ഇതുവരെ ചോദിച്ചില്ലേ?"
"ഇല്ലെടീ, ഇനി ഒരവസരം കിട്ടുമ്പോൾ ചോദിക്കണം. നാളെയും മറ്റന്നാളും നല്ല തിരക്കായിരിക്കും. അതു കഴിഞ്ഞാൽപ്പിന്നെ അടുത്ത തിങ്കളാഴ്ചയേ തമ്മിൽ കാണുകയുള്ളൂ..."
"അതെന്താടീ, ഡോക്ടർ അവധിയാണോ?"
"രണ്ടു ദിവസങ്ങളിൽ സെമിനാറിനു പോകും. അതു കഴിഞ്ഞ് വീട്ടിൽ പോയിട്ടേ വരികയുള്ളൂ എന്നാണ് പറഞ്ഞത്."
"ശാലിനീ, ഈ കണ്ടുമുട്ടലും ചുറ്റിക്കളിയും ഒക്കെ പരമരഹസ്യമായിരിക്കണം. ആരുടേയും രക്തം തിളയ്ക്കാൻ ഇടയാവരുത്."
"അതിന് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ? കഴിയുന്നതും ഞാൻ ശ്രദ്ധിച്ചോളാം."
"ശരി, നീ പോയി കുളിച്ചിട്ടു വരൂ... നമുക്കു ഭക്ഷണം കഴിക്കാൻ പോകാം.
"ഏഴുമണിയല്ലേ ആയുള്ളൂ, ഇപ്പോഴേ പോകണോ?"
"എനിക്കു നന്നായി വിശക്കുന്നുണ്ട്. നിനക്കിനി ഒന്നും കഴിച്ചില്ലെങ്കിലും പ്രശ്നമില്ലല്ലോ അല്ലേ?"
"നീ പോടീ കളിയാക്കാതെ, ഞാൻ പെട്ടെന്ന് റെഡിയായിട്ടു വരാം. ഏഴരയ്ക്കല്ലേ മെസ്സ് തുടങ്ങുന്നത്?"
"അതേ.."
തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ അവളുടെ മനസ്സും കുളിരണിഞ്ഞു.
(തുടരും)
ഭാഗം - 6
ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അഞ്ജലിയോട് തുറന്നു പറഞ്ഞതിൽ അവളുടെ ഹൃദയം സന്തോഷിച്ചു. ഇത്രയും ആത്മബന്ധം ഉള്ള ഒരു കുട്ടുകാരിയെ കിട്ടിയതിൽ അവൾ അഭിമാനിക്കുകയും ചെയ്തു. ഏതു പ്രതിസന്ധിയിലും തനിക്കൊരു താങ്ങായി അഞ്ജലി കൂടെയുണ്ടാവുമല്ലോ എന്നവൾ ആശ്വസിച്ചു.
ഭക്ഷണം കഴിഞ്ഞുവന്ന് നാളത്തേക്കുള്ള യൂണിഫോം എല്ലാം തേച്ചു റെഡിയാക്കി വയ്ക്കുമ്പോൾ അഞ്ജലി പറഞ്ഞു:
"ശാലിനീ, ലൈറ്റൊക്കെ അണച്ചേക്കണേ. എനിക്കുറക്കം വരുന്നു."
"നീ ഉറങ്ങിക്കോളൂ... അല്പം കൂടി കഴിഞ്ഞേ ഞാൻ കിടക്കുന്നുള്ളൂ..."
"എടീ, നിന്റെ വിനുവേട്ടൻ നിന്നെ വിളിക്കാറുണ്ടോ?"
"അതിന് എനിക്ക് ഫോൺ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ വല്ലപ്പോഴുമൊക്കെ ഒന്നു വിളിച്ചു സംസാരിക്കാമായിരുന്നു. എടീ ഈ മൊബൈൽ ഫോണിനൊക്കെ എത്ര രൂപയാവും?"
"ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ... അതൊന്നും വേണ്ടെടീ... അല്ലെങ്കിൽ തന്നെ പെണ്ണിനുറക്കമില്ല."
"എന്നെപ്പോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടൊന്നും നിനക്കില്ലല്ലോ. എന്നിട്ടും നീയെന്താണ് ഇതുവരെ ഒരു ഫോൺ മേടിക്കാത്തത്?"
"എടീ, നമ്മൾ ഇപ്പോഴും സ്റ്റുഡന്റ്സ് അല്ലേ? ഇവിടെ മൊബൈൽ ഫോണെന്നും അനുവദനീയവുമല്ലല്ലോ. അത്യാവശ്യത്തിന് വിളിക്കണമെങ്കിൽ മേട്രന്റെ മുറിയിൽ ഫോൺ ഉണ്ടല്ലോ. പിന്നെ, ഈ മൊബൈൽ ഫോണൊക്കെ ഓരോ കുരുക്കാണ്. അതുമൂലം എത്ര പെൺകുട്ടികളാണ് ഓരോരോ കെണിയിൽ അകപ്പെട്ട് ചതിക്കപ്പെടുന്നത്!"
"അതൊക്കെ ശരിയാണ്, എന്നാലും പ്രണയ ബന്ധത്തിൽ അകപ്പെടുമ്പോഴാണ് ഒരു ഫോണുണ്ടായിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചു പോകുന്നത്."
"നിന്റെ വിനുവേട്ടനോടു പറയെടീ, ഒരെണ്ണം വാങ്ങിത്തരാൻ."
"ഒന്നു പോടീ അവിടുന്ന്. ഞാനെങ്ങും പറയില്ല."
"എന്നാൽ വേണ്ട, നീ കിടന്നുറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്."
ലൈറ്റ് എല്ലാം അണച്ച് ശാലിനിയും കിടന്നെങ്കിലും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് നിറച്ചും അവളുടെ വിനുവേട്ടനായിരുന്നു.
അടുത്ത ദിവസവും ഐ.സി.യു വിൽ തന്നെയായിരുന്നു ശാലിനിക്കു ഡ്യൂട്ടി. ഒരു രോഗി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവളോടൊപ്പം മറ്റാരും തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
ഓവർ നൽകിയിട്ട് നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന സിസ്റ്റർ പോയ ഉടൻ തന്നെ, ഡോക്ടർ വിനോദ് റൗണ്ട്സിനു വന്നു.
"ഗുഡ് മോർണിംഗ് ശാലിനീ..."
"ഗുഡ് മോർണിംഗ് ഡോക്ടർ."
"താൻ പിന്നെയും മറന്നു."
"അതിന് നമ്മൾ ഡോക്ടറും നഴ്സും അല്ലേ, ഡോക്ടർ ഇപ്പോൾ രോഗിയെ നോക്കാൻ വന്നതല്ലേ?"
"ആശുപത്രിയിൽ എത്തിയയുടൻ ഇങ്ങോട്ടാണ് ആദ്യം വന്നത്. അതെന്തിനാണെന്നറിയില്ലേ?"
"അത് രോഗിയെ കാണാനല്ലേ? അല്ലാതെ എന്നെ കാണാനല്ലല്ലോ!"
"അതു ശരി, എങ്കിൽ രോഗിയെ കണ്ടിട്ടു പോക്കോളാം. ഫയൽ എവിടെ?"
ഒരു ചെറു ചിരിയോടെ രോഗിയുടെ ഫയൽ എടുത്ത് അവൾ ഡോക്ടറിന്റെ കയ്യിൽ കൊടുത്തു.
"ഇന്നലെ രാത്രിയിലെ റിപ്പോർട്ട് എവിടെ, വൈറ്റൽസ് ഒക്കെ നോർമൽ ആണോ?"
"ഇതാ ഡോക്ടർ, ബി.പി അല്പം കൂടുതലാണ്. രാത്രിയിൽ ആകെ അസ്വസ്ഥനായിരുന്നു എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ പറഞ്ഞു."
"മയങ്ങിക്കിടക്കുകയായിരുന്ന രോഗിയെ പരിശോധിച്ച്, കണ്ടീഷൻ എല്ലാം ഫയലിൽ റിക്കോർഡ് ചെയ്തു."
"അയാൾ ഉറങ്ങട്ടെ, ഉണർത്തണ്ട. മരുന്നൊക്കെ ഇന്നലത്തെപ്പോലെ തന്നെ തുടർന്നാൽ മതി."
"ശരി ഡോക്ടർ."
പോകാൻ തുടങ്ങിയ ഡോക്ടർ വിനോദ് അല്പം നടന്നിട്ട് തിരിഞ്ഞു നോക്കി. തന്നെത്തന്നെ നോക്കി നിൽക്കുന്ന ശാലിനിയെ നോക്കി പുഞ്ചിരിച്ചു.
"ഇന്ന് ഒ.പി യുണ്ട്, നല്ല തിരക്കുള്ള ദിവസം ആണ്. വാർഡുകളിൽ റാണ്ട്സിനും പോയിട്ടില്ല. ഞാൻ പൊക്കോട്ടെ."
പെട്ടെന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു. വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
"ശരി ഡോക്ടർ."
"ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമയുണ്ടല്ലോ, അല്ലേ?"
"ഉണ്ട്, വിനുവേട്ടാ.."
പുഞ്ചിരിച്ചുകൊണ്ട് ഇരുകൈകളും കൊണ്ട് അവളുടെ ചുമലിൽ പിടിച്ച് അയാൾക്ക് അഭിമുഖമായി ചേർത്തു നിർത്തി. താടി പിടിച്ചുയർത്തി, അവളുടെ നെറുകയിലും പാതിയടഞ്ഞ മിഴികളിലും മൃദുവായി ഉമ്മ വച്ചു.
തേൻ കിനിയുന്ന തുടുത്ത ചുണ്ടുകളിലും കവിളുകളിലും അമർത്തി ചുംബിച്ചു.
അവന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിന്ന അവളുടെ ചുടുനിശ്വാസം കവിളിൽ
പതിച്ചപ്പോൾ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. വികാരവായ്പ്പോടെ അയാൾ, അവളെ ആലിംഗനം ചെയ്തു.
"ശാലിനീ... എന്റെ പൊന്നേ..."
"വിനുവേട്ടാ... ഐ. ലവ്. യൂ..."
"ഐ. ലവ്. യൂ മോളേ..."
പരിസരം മറന്ന് പരസ്പരം പുണർന്നു നിന്ന അവരെ, കർട്ടന് പിറകിൽ നിന്ന് രണ്ടു കണ്ണുകൾ വീക്ഷിക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.
ആരോ നടക്കുന്ന ശബ്ദം കാതിൽ പതിച്ചപ്പോൾ, ഡോക്ടർ വിനോദിന്റെ കരവലയം ഭേദിച്ച് അവൾ ലജ്ജിച്ചു തല താഴ്ത്തി നിന്നു.
"ഞാൻ പോട്ടെ, തനിക്ക് ഞാനൊരു ഗിഫ്റ്റ് വാങ്ങി വച്ചിട്ടുണ്ട്. നാളെ വരുമ്പോൾ തരാം. ഓ.കെ..."
യാത്ര പറഞ്ഞു നടന്നകന്ന വിനുവേട്ടനെ അല്പസമയം നോക്കി നിന്നിട്ട് അവൾ രോഗിയുടെ അരികിലേക്ക് പോയി. അവളുടെ സിരകളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം തിരതല്ലി.
മുകളിലത്തെ വാർഡിൽ നിന്നും വളരെ വെപ്രാളത്തോടെ കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന നീതുവിനെ കണ്ട് ഗ്രീഷ്മ ചോദിച്ചു:
"എന്തുപറ്റി നീതു, വല്ല എമർജൻസിയും?"
"ഗ്രീഷ്മേ, ഞാൻ കണ്ടു, എല്ലാം ഞാൻ കണ്ടെടീ..."
"നീ എന്തു കണ്ടെന്നാണീ പറയുന്നത്, നന്നായി കിതയ്ക്കുന്നുണ്ടല്ലോ... വല്ല പ്രേതത്തിനേയും കണ്ടു പേടിച്ചോ?"
"അല്ലെടീ മണ്ടൂസേ... ഞങ്ങളുടെ വാർഡിലെ ഒരു രോഗി, ശ്വാസം എടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ, ഡോക്ടർ വിനോദിനെ വിളിക്കാൻ ഐ. സി. യു വിൽ പോയ ഞാൻ കണ്ട കാഴ്ച! എന്റെ പൊന്നു മോളേ... അതൊന്നു കാണേണ്ടതു തന്നെയായിരുന്നു."
"ഡോക്ടർ അവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ?"
"ആശുപത്രിയിൽ എത്തിയ പാടേ അങ്ങോട്ടേയ്ക്കു പോകുന്നതു ഞാൻ കണ്ടിരുന്നു. അവൾക്ക് അവിടെയല്ലേ ഡ്യൂട്ടി?"
"എന്നിട്ട് അവിടെ ഡോക്ടർ ഉണ്ടായിരുന്നോ? നീ എന്താണ് കണ്ടത്?"
ഡോക്ടർ വിനോദിന്റേയും ശാലിനിയുടേയും പ്രണയ രംഗങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് നീതു, വിശദമായി ഗ്രീഷ്മയോട് വിവരിച്ചു.
"ആഹാ... അവിടം വരെയെത്തിയോ, ഡ്യൂട്ടിക്കിടയിൽ ഇങ്ങനെയൊക്കെ ചെയ്യാൻ അവർക്ക് നാണമില്ലേ? എന്തൊരു ധൈര്യം!
എടീ, എന്നാലും എനിക്ക് ആ രംഗങ്ങൾ ഒന്നു നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ."
"അവർ തമ്മിൽ നല്ല ചേർച്ചയാടീ..."
"അതു ശരി, ഇപ്പോൾ അങ്ങനെയായോ? നീയും അവരോടൊപ്പം ചേർന്നോ?
എന്തൊക്കെയാടീ നീ കണ്ടത്? അവർ നിന്നെ കണ്ടിരുന്നോ?"
"ആലിംഗനബദ്ധരായി നിൽക്കുന്ന രണ്ട് ഇണക്കിളികൾ. ചുംബനങ്ങൾ കൊണ്ട് അവളെ പൊതിയുന്ന കാമുകൻ. ഇക്കിളിപ്പെടുത്തുന്ന ശബ്ദങ്ങൾ. എയർ കണ്ടീഷന്റെ കുളിരുള്ള തണുപ്പിൽ മഞ്ഞ നിറത്തിലെ അരണ്ട വെളിച്ചത്തിൽ.... സുഖകരമായ നിമിഷങ്ങൾ പരസ്പരം പങ്കു വച്ചുകൊണ്ട് അങ്ങനെയങ്ങനെ...."
"മതിയെടീ നിന്റെ ഒടുക്കത്തെ വർണന, രംഗം കണ്ട് നീയും അങ്ങ് സുഖിച്ചെന്നു തോന്നുന്നല്ലോ."
"എന്റെ സ്ഥാനത്തു നീയാണെങ്കിലും നോക്കി നിന്നു പോകും."
"നിനക്ക് അതൊക്കെ നിന്റെ ഫോണിൽ പകർത്താമായിരുന്നില്ലേ?"
"അതിന് എന്റെ കൈവശം ഫോൺ ഉണ്ടായിരുന്നില്ല."
"ആ രംഗങ്ങൾ ഒപ്പിയെടുത്തിരുന്നെങ്കിൽ ഒരു കളി കളിക്കാമായിരുന്നു. നമ്മുടെ നായകനും നായികയും ഒന്നു ഫേമസ് ആയേനെ."
"എടീ, നമുക്ക് ഒരു കാര്യം ചെയ്താലോ?"
"എന്താണ് നീ ഉദ്ദേശിക്കുന്നത്?"
"എന്തായാലും നീ ദൃക്സാക്ഷിയാണല്ലോ, നമുക്ക് വാർഡ് ഇൻ ചാർജിനെ ചെന്നുകണ്ട് വിവരങ്ങൾ ധരിപ്പിച്ചാലോ?"
"അവർ അതൊന്നും വിശ്വസിക്കില്ല, അവളെപ്പറ്റി നമ്മൾ അപവാദം പറയുകയാണെന്നേ കരുതുകയുള്ളൂ..."
"അതും ശരിയാണ്. പിന്നെ എന്തു ചെയ്യും?"
"അതിനെപ്പറ്റി നമുക്ക് വൈകിട്ട് ആലോചിക്കാം. ഞാൻ പോകുന്നു, ആരെങ്കിലും കണ്ടാൽ നമ്മളെ തെറ്റിദ്ധരിക്കും."
"ശരിയെടീ, ഞാനും പോകുന്നു."
ഡോക്ടർ വിനോദിനും ശാലിനിക്കുമെതിരേ ഗൂഢാലോചനകൾ നടക്കുന്നതറിയാതെ രണ്ടുപേരും സ്വകാര്യ നിമിഷങ്ങളുടെ നിർവൃതിയിൽ കനവുകൾ നെയ്യുകയായിരുന്നു.
(തുടരും)
ഭാഗം - 7
അടുത്ത മുറിയിലെ ലിൻസിയേയും അലീനയേയും കൂട്ടി ഗ്രീഷ്മയും നീതുവും
അതിരഹസ്യമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ അലീന പറഞ്ഞു:
"നീതൂ, നിങ്ങളുടെ ഈ കുടിലചിന്തകൾ ഒന്നും നല്ലതിനല്ല. ശാലിനി ഒരു പാവമാണ്. നമ്മളെപ്പോലെ തന്നെ അവളും ഇവിടെ പഠിക്കാൻ വന്നതല്ലേ? എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കുന്നത്?"
"ഓ... ഒരു പുണ്യാളത്തി വന്നിരിക്കുന്നു. എടീ
നീതു, ഞാൻ അന്നേ പറഞ്ഞതല്ലേ... ഇവളെ നമ്മുടെ സംഘത്തിൽ വേണ്ടെന്ന്."
ഗ്രീഷ്മയുടെ വാക്കുകൾ അലീനയുടെ അഭിമാനത്തെ മുറിപ്പെടുത്തി.
"മറ്റുള്ളവരെ ദ്രോഹിക്കുന്ന ഗുണ്ടാസംഘത്തിൽ തുടരാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഞാൻ പോകുന്നു."
മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് പോകാനൊരുങ്ങിയ അലീനയുടെ കൈകളിൽ ഗ്രീഷ്മ കടന്നുപിടിച്ചു.
"അവിടെ നിൽക്കെടീ... നീയെന്താണ് വിചാരിച്ചത്? ഇത്രയും നാളും ഞങ്ങളോടൊപ്പം നിന്നിട്ട് ഇപ്പോൾ ഞങ്ങളെ ഒറ്റിക്കൊടുക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതു നടക്കില്ല."
"എന്നെ വിടൂ ഗ്രീഷ്മ, എനിക്ക് പോകണം. ഞാനാരെയും ഒറ്റിക്കൊടുക്കാനൊന്നും പോകുന്നില്ല."
"അത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും? ഞങ്ങളുടെ പദ്ധതികളെല്ലാം നീയും കേട്ടതാണല്ലോ."
"ഞാൻ ഒന്നും ആരോടും പറയില്ല. നിങ്ങൾക്കെന്നെ വിശ്വസിക്കാം. ഞാൻ പൊക്കോട്ടെ, പ്ലീസ്..."
"നിന്റെ വായിൽ നിന്നും എന്തെങ്കിലും വീണെന്നറിഞ്ഞാൽ പിന്നെ മോളേ... അന്ന് നിന്റെ അന്ത്യമായിരിക്കും."
"കൊല്ലാൻ പോലും മടിക്കാത്തവരാണ് നിങ്ങൾ എന്ന് എനിക്കറിയാം."
"അറിയാമല്ലോ, അത് മനസ്സിലുണ്ടായാൽ മതി.
എങ്കിൽ പൊക്കോ... ഞങ്ങളുടെ കണ്ണുകൾ എപ്പോഴും നിന്നെ വീക്ഷിച്ചു കൊണ്ടിരിക്കും."
ക്രിമിനൽ മനസ്സുകളുടെ ഇടയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ അലീന തന്റെ മുറിയിലെത്തി. പുതപ്പെടുത്ത് തലവഴിയേ പുതച്ചു കിടന്നെങ്കിലും അവൾക്കുറങ്ങാൻ കഴിഞ്ഞില്ല.
'ആരോടെങ്കിലും മനസ്സു തുറന്ന് ഒന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!'
ലിൻസിയുമായി മുറി ഷെയർ ചെയ്യാൻ തോന്നിയ തന്റെ ദുർബുദ്ധിയെ അവൾ മനസ്സാ ശപിച്ചു. നാലംഗ സംഘത്തിലെ ഒരാളായി അവളെയും കണ്ടിരുന്നതിനാൽ മറ്റാരും തന്നെ അവളുമായി കൂട്ടുകൂടാനും ഇഷ്ടപ്പെട്ടിരുന്നില്ല.
വാർഡിലും ഐ. സി. യു വിലും ഒക്കെ റൗണ്ട്സ് എടുക്കാൻ അന്ന് കാർഡിയോളജി ടീമിലുള്ള
ഡോക്ടർ സാം ആണ് വന്നത്.
ഒരു മണിക്കൂർ വൈകിയെത്തിയ ഡോക്ടർ വിനോദ്, എമർജൻസി വിഭാഗത്തിലെ ഒന്നുരണ്ടു രോഗികളെ കണ്ടതിനു ശേഷം നേരേ ഓ.പി യിലേക്കു പോയി.
ഐ.സി.യു വിഭാഗത്തിൽ ശാലിനി അന്നും തനിച്ചായിരുന്നു. വിനുവേട്ടനെ കാണാൻ പറ്റാഞ്ഞതിന്റെ വിഷമത്തിലായിരുന്നു അവൾ.
ഏകദേശം രണ്ടു മണിയായപ്പോൾ ഐ.സി.യു വിലേക്ക് നടന്നു പോകുന്ന ഡോക്ടർ വിനോദിനെ കണ്ട ഗ്രീഷ്മ, ഒച്ചയുണ്ടാക്കാതെ അയാളെ അനുഗമിച്ചു.
അപ്രതീക്ഷിതമായി തന്റെ മുന്നിലെത്തിയ വിനുവേട്ടനെ കണ്ട് ശാലിനി അമ്പരന്നു.
"ശാലിനീ, താനെന്താണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്? ഞാൻ വരില്ലെന്ന് താൻ കരുതിയോ?"
"ഇനി വരില്ലെന്നു തന്നെയാണ് ഞാൻ വിചാരിച്ചത്."
"ഇന്നു പോയാൽ പിന്നെ നാലു ദിവസങ്ങൾ കഴിഞ്ഞല്ലേ ഞാൻ വരികയുള്ളൂ. തന്നെ കാണാതെ പോകാൻ പറ്റുമോ?"
അവളുടെ മുഖത്തു പ്രകാശം പരക്കുന്നത് അയാൾ നോക്കി നിന്നു. പോക്കറ്റിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്ത് ശാലിനിയുടെ നേർക്കു നീട്ടിക്കൊണ്ട് പറഞ്ഞു:
"ഇതാ, ഞാൻ ഇന്നലെ പറഞ്ഞ ഗിഫ്റ്റ്. പുതിയതാണ്. എല്ലാ കാര്യങ്ങളും അതിൽ സെറ്റ് ചെയ്തിട്ടുണ്ട്. എന്റെ നമ്പരും സേവ് ചെയ്തിട്ടുണ്ട്. ഞാൻ വിളിക്കുമ്പോൾ ഒക്കെ എടുത്ത് സംസാരിക്കണം, കേട്ടല്ലോ."
ആഗ്രഹിച്ചതു തന്നെ സമ്മാനമായി ലഭിച്ചതിൽ അവൾ സന്തോഷിച്ചു.
"താങ്ക്സ് വിനുവേട്ടാ... ഒരു മൊബൈൽ വാങ്ങണമെന്ന് ഒത്തിരി നാളുകൾ ആയി ആഗ്രഹിക്കുന്നതാണ്."
"ഇഷ്ടപ്പെട്ടോ? ഇതാ ചാർജ് ചെയ്യാനുള്ള ചാർജർ. ബാറ്ററി, ചാർജ് തീരുന്നതിനനുസരിച്ച് കുത്തിവയ്ക്കണം. അതൊക്കെ അറിയാമല്ലോ അല്ലേ?"
"അറിയാം. ഞാൻ ചെയ്തോളാം."
"എന്നാൽ ഞാൻ പോട്ടെ, ഓ.പി യിൽ നല്ലതിരക്കാണ്. നാളെ രാവിലെ ആറുമണിക്ക് പോകണം. രണ്ടു ദിവസത്തെ സെമിനാർ കഴിഞ്ഞ് വീട്ടിലേയ്ക്കും പോകും. ഞാൻ വിളിക്കാം. പോട്ടെ?"
"ശരി വിനുവേട്ടാ, ഞാൻ കാത്തിരിക്കും."
അയാൾ തന്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി, കൂമ്പിയടഞ്ഞ ഇരുമിഴികളിലും മാറി മാറി ഉമ്മ വച്ചു.
വിറയാർന്ന അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചതിനു ശേഷം പറഞ്ഞു:
"ശരി, ഞാൻ പോകുന്നു. വിളിക്കാം. ഓ.കെ, ബൈ."
"ഓ.കെ വിനുവേട്ടാ, ബൈ."
ആരോ വേഗത്തിൽ നടന്ന് കോണിപ്പടികൾ ചാടിയിറങ്ങുന്ന ശബ്ദം കേട്ടു. ലിഫ്റ്റിലൂടെ താഴെയെത്തിയ ഡോക്ടർ അവിടെയെല്ലാം തിരഞ്ഞിട്ടും അതാരാണെന്ന് മനസ്സിലായില്ല.
'ശാലിനിയുമായുള്ള കൂടിക്കാഴ്ച മറ്റാരെങ്കിലും ഒളിഞ്ഞു നിന്നു വീക്ഷിച്ചതാവുമോ? ഗ്രീഷ്മയോ അവളുടെ സംഘത്തിലുള്ള മറ്റാരെങ്കിലുമോ ആയിരിക്കുമെങ്കിലോ?'
അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാനൊന്നും അയാൾ മിനക്കെട്ടില്ല.
സമ്മാനമായി കിട്ടിയ മൊബൈൽ ഫോൺ തിരിച്ചും മറിച്ചും നോക്കി ശാലിനി, അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു.
'ഇന്നലെ അഞ്ജലി പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. ആവശ്യപ്പെടാതെ തന്നെ, തന്റെ മനസ്സറിഞ്ഞതുപോലെയുള്ള സമ്മാനം.'
നീല നിറത്തിലുള്ള സാംസങ് കമ്പനിയുടെ ഒരു സ്മാർട്ട്ഫോൺ. മനോഹരമായ ഒരു ബാക്ക് കവറും ഇട്ടിട്ടുണ്ട്. ആഹ്ലാദത്താൽ മതിമറന്ന നിമിഷങ്ങൾ!
അവൾ ഫോണും ചാർജും എല്ലാം ഭദ്രമായി ബാഗിനുളളിൽ വച്ചു.
അഞ്ജലിക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നതിനാൽ ശാലിനി എത്തിയപ്പോഴേക്കും അവൾ മുറിയിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞു വന്ന് ഫോൺ എടുത്ത് സ്വിച്ച് ഓൺ ചെയ്തു. ആദ്യമായി കിട്ടിയ സമ്മാനം അവൾ, തന്റെ ചുണ്ടോടു ചേർത്തുവച്ചു.
ഉപയോഗിക്കുന്ന രീതിയൊന്നും നന്നായി അറിയില്ല. അഞ്ജലിയോട് ചോദിച്ച് മനസ്സിലാക്കണമെന്നവൾ മനസ്സിൽ പറഞ്ഞു.
'വിനുവേട്ടൻ ഒന്നു വിളിച്ചിരുന്നെങ്കിൽ!'
ഫോണും പിടിച്ച്, കട്ടിലിൽ കിടന്നുകൊണ്ട് അവൾ തന്റെ മനോരാജ്യത്തിൽ മുഴുകി.
പെട്ടെന്ന് ഒരു പാട്ടിന്റെ വരികൾ ഒഴുകി വന്നു.
'പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളിൽ;
പ്രണയിക്കയാണ് നമ്മൾ
ഇനിയും പിറക്കാത്ത ജന്മങ്ങളിൽ!'
തന്റെ കയ്യിലുള്ള ഫോണിൽ നിന്നാണ് പ്രണയ ഗാനം ഒഴുകി വരുന്നതെന്ന് മനസ്സിലായി. വിനുവേട്ടൻ വിളിക്കുകയാണ്. ഫോണിലെ പച്ച സിംബൽ തോണ്ടി അവൾ ചെവിയിൽ വച്ചു കൊണ്ട് ഹലോ പറഞ്ഞു.
"ശാലിനീ, ഇതു ഞാനാണ്. കാൾ എടുക്കാനൊക്കെ പഠിച്ചല്ലോ... താൻ തനിച്ചേ ഉള്ളോ? സംസാരിക്കാൻ പറ്റുമോ?"
"മുറിയിൽ ഞാൻ മാത്രമേയുള്ളൂ... അഞ്ജലിക്ക് നൈറ്റ് ഡ്യൂട്ടിയാണ്."
'അതു നന്നായി. ആരുടേയും ശല്യമില്ലാതെ നമുക്ക് സംസാരിക്കാമല്ലോ."
"ഫോണിൽ പാട്ടു കേട്ടപ്പോൾ വിനുവേട്ടൻ വിളിക്കുകയാണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അതുകൊണ്ടാണ് എടുക്കാൻ താമസിച്ചത്."
"അങ്ങനെ പതുക്കെ പതുക്കെ എല്ലാം പഠിക്കും."
"എന്നാലും ആഗ്രഹിച്ചത് തന്നെ സമ്മാനമായി കിട്ടിയതിൽ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. താങ്ക്യൂ വിനുവേട്ടാ..."
"എനിക്ക് താങ്ക്സ് ഒന്നും വേണ്ട."
"പിന്നെന്താണ് വേണ്ടത്?"
"അത് തനിക്ക് അറിയില്ലേ?"
"പറയാതെ ഞാനെങ്ങനെ അറിയും?"
"എന്നാൽ അറിയണ്ട."
"അയ്യോ, പിണങ്ങല്ലേ സാറേ..."
"ഞാൻ പിണങ്ങിയാൽ തനിക്കെന്താ?"
"എനിക്കൊന്നുമില്ല, എന്നാലും..."
"എന്നാലും...?"
"എനിക്ക് സങ്കടമാവും."
"എങ്കിൽ ഞാൻ പിണങ്ങാതിരിക്കാൻ താൻ നോക്കണം."
"മ്...നോക്കാം."
"ഭക്ഷണം കഴിച്ചോ?"
"ഇല്ല, കഴിക്കാൻ പോകണം."
"എങ്കിൽ പോയി കഴിച്ചിട്ടു വരൂ."
"വിനുവേട്ടൻ കഴിച്ചോ?"
"ഇല്ല, എട്ടു മണിയാവും."
"താൻ പോയി ഡിന്നർ കഴിച്ചിട്ടു വന്നിട്ട് എന്നെ വിളിക്ക്. അപ്പോഴേക്കും ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ."
"ശരി വിനുവേട്ടാ, ഞാൻ വന്നിട്ട് വിളിക്കാം."
വേഗം ഭക്ഷണം കഴിച്ചിട്ട് തിരിച്ചുവരുന്ന വഴിയിൽ ഗ്രീഷ്മയും നീതുവും ലിൻസിയും എതിരേ വരുന്നതു കണ്ട് ശാലിനി ഒതുങ്ങി നിന്നു.
(തുടരും)
ഭാഗം - 8
നീതൂ, ഈ ഡോക്ടർമാരെ മയക്കിയെടുക്കുന്ന മന്ത്രം നിനക്കറിയാമോ?"
"എനിക്കറിയില്ല ഗ്രീഷ്മാ, നിനക്കറിയുമെങ്കിൽ ഞങ്ങൾക്കും കൂടി ഒന്ന് പറഞ്ഞുതരൂ."
"എനിക്കറിയാമായിരുന്നെങ്കിൽ ഡോക്ടർ വിനോദൊക്കെ എന്നേ എന്റെ വലയിൽ വീഴുമായിരുന്നു."
"അതൊക്കെ ഒരു കഴിവാടീ.. ഈ മന്ത്രത്തിനോടൊപ്പം വിചിത്രമായ ഏതെകാലും യന്ത്രവും കാണും."
അവരുടെ അർത്ഥം വച്ചുള്ള സംസാരം കേട്ട് ശാലിനിയുടെ ഹൃദയം മുറിഞ്ഞു.
'ഇന്ന് അലീനയെ അവരുടെ കൂട്ടത്തിൽ കണ്ടില്ലല്ലോ, അവരുടെ കൂട്ടുകെട്ടിൽ നിന്നും അവൾ പിണങ്ങിപ്പിരിഞ്ഞെങ്കിൽ അവളെങ്കിലും രക്ഷപെട്ടേനെ.'
മുറിയിലെത്തിയ ശാലിനി, കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞു. അവരുടെ ഓരോ വാക്കുകളും മുള്ളുകൾ പോലെ അവളുടെ ഹൃദയത്തെ കുത്തി മുറിച്ചു കൊണ്ടിരുന്നു.
ശാലിനിയുടെ വിളിയും കാത്തിരുന്ന ഡോക്ടർ വിനോദിന്റെ ക്ഷമ നശിച്ചു.
'ഇവൾ ഇതുവരെ തിരികെയെത്തിയില്ലേ, എത്തിയാലുടൻ വിളിക്കണമെന്ന് പറഞ്ഞിട്ട് വിളിക്കുന്നില്ലല്ലോ.'
ഫോൺ ബെല്ലടിച്ചപ്പോൾ കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ശാലിനി ഫോണെടുത്തു.
"ഹലോ..."
"താനെന്താണ് വിളിക്കാതിരുന്നത്, തിരിച്ചുവരാൻ താമസിച്ചോ?"
"ഇല്ല വിനുവേട്ടാ, ഞാൻ അപ്പോഴേ എത്തി."
"തന്റെ സ്വരം എന്താണ് വല്ലാതിരിക്കുന്നത്, കരയുകയായിരുന്നോ?"
മെസ്സിൽ നിന്നും തിരിച്ചു വരുന്ന വഴി ഗ്രീഷ്മയേയും കൂട്ടുകാരികളേയും കണ്ടതും അവരുടെ മുനവച്ചുള്ള സംസാരവുമെല്ലാം ശാലിനി, അവളുടെ വിനുവേട്ടനോട് വിവരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, ഐ.സി.യുവിൽ നിന്നും ചാടിയിറങ്ങിപ്പോയത് അവരിലൊരാൾ ആണെന്ന് അയാളും ഉറപ്പിച്ചു. എങ്കിലും അക്കാര്യം ശാലനിയോട് പറയാൻ കൂട്ടാക്കിയില്ല.
അതുംകൂടി അറിയുമ്പോൾ, ഭയം കൊണ്ട് അവൾ തന്നിൽ നിന്നും അകലാൻ ശ്രമിച്ചാലോ എന്നു കരുതി മൗനം പാലിച്ചു.
"വിനുവേട്ടൻ എന്താണ് ആലോചിക്കുന്നത്?"
"ഒന്നുമില്ല ശാലിനീ, തന്നോടുള്ള അസൂയ കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. അതിനൊന്നും ചെവി കൊടുക്കേണ്ട. പക്ഷേ, അവരെ ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണ്. ഗ്രീഷ്മയെന്നവൾ ശരിക്കും ഒരു കരിനാഗമാണ്, എപ്പോഴാണ് വിഷം ചീറ്റുന്നത് എന്നറിയില്ല. അവളിൽ നിന്നും എപ്പോഴും അകന്നു തന്നെ നിൽക്കണം. തന്നെ അപമാനിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണവൾ. ഒന്നിനും അവൾക്ക് അവസരം കൊടുക്കരുത്."
"അതാണെനിക്കും പേടി. ഇങ്ങനെയൊക്കെ പറഞ്ഞു നടന്നാൽ, ഹോസ്റ്റലിലും ഹോസ്പിറ്റലിലും എല്ലാവരും അറിയില്ലേ?"
"അറിയുന്നെങ്കിൽ അറിയട്ടെ, എന്നായാലും അതു വേണ്ടതല്ലേ?"
"ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ ഞങൾക്ക് തിയറി ക്ലാസ്സുകളും പരീക്ഷകളുമൊക്കെയാണ്.
മൂന്നു മാസത്തെ ക്ലാസ്സുകൾ കഴിഞ്ഞാൽ പിന്നെ മോഡൽ എക്സാമും അതു കഴിഞ്ഞ് ഫൈനൽ എക്സാമും ആണ്."
"അപ്പോൾ ഇനി തമ്മിൽ കാണാനുള്ള അവസരം കുറയുമല്ലോ. ആഴ്ചയിൽ നാലു ദിവസങ്ങൾ എങ്കിലും ക്ലാസ്സെടുക്കാൻ എനിക്കും വരേണ്ടിവരും."
"വിനുവേട്ടന്റെ ക്ലാസ്സിൽ ഇനി എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല."
"അതെന്താ?"
"അതങ്ങനെയാണ്. വിനുവേട്ടന്റെ മുഖത്തു നോക്കി മനോരാജ്യത്തിൽ മുഴുകി ഞാനങ്ങനെയിരിക്കും. എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിച്ചേക്കരുതേ."
"ശത്രുക്കൾക്ക് കളിയാക്കിച്ചിരിക്കാൻ താനായിട്ട് അവസരമുണ്ടാക്കിക്കൊടുക്കരുത്. പറഞ്ഞേക്കാം. ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ മറ്റുള്ളവരെപ്പോലെ താനും ഒരു സ്റ്റുഡൻറ് മാത്രമാണ്."
"ശ്രമിക്കാം വിനുവേട്ടാ, ഇതുവരെയുള്ള എല്ലാ പരീക്ഷകളിലും ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു. ഇനിയുള്ള പരീക്ഷകൾ പാസ്സാകുമോയെന്നു തന്നെ ഇപ്പോൾ സംശയമാണ്."
"ഫൈനൽ പരീക്ഷയിലും താനായിരിക്കണം ഒന്നാം സ്ഥാനത്ത്. മാർക്കു കുറഞ്ഞാൽ എന്റെ സ്വഭാവം മാറും. നന്നായി പഠിക്കണം. ആ സമയങ്ങളിൽ ഞാൻ ശല്യപ്പെടുത്താനൊന്നും വരില്ല, പോരേ?"
"തമ്മിൽ കാണാൻ കഴിയാത്ത ദിവസങ്ങളിൽ ഒരു നേരമെങ്കിലും എന്നെ വിളിക്കണം. പഠിക്കുവാനുള്ള ഒരു ഉന്മേഷത്തിനാണ്."
"തന്റെ ഇഷ്ടം പോലെ."
"ഉറങ്ങുന്നില്ലേ, രാവിലെ പോകേണ്ടതല്ലേ? ഇനി തിങ്കളാഴ്ചയല്ലേ കാണാൻ സാധിക്കുകയുള്ളൂ എന്നോർക്കുമ്പോൾ ഒരു വിഷമം."
"ഞാൻ എന്നും വിളിക്കാം. നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറയട്ടേ?"
"അയ്യോ വേണ്ട, പാവപ്പെട്ട ഒരു നഴ്സുമായുള്ള ബന്ധം അവർ ഒരിക്കലും അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല."
"അച്ഛനും അമ്മയും എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിര് പറയില്ല. അവർ പാവങ്ങളാണ്. എങ്ങനെയെങ്കിലും ഞാനൊന്നു വിവാഹിതനായിക്കാണാൻ വർഷങ്ങളായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണവർ."
"എങ്കിലും കുറച്ചു മാസങ്ങൾ കൂടിക്കഴിഞ്ഞിട്ട് പറഞ്ഞാൽ പോരേ വിനുവേട്ടാ? എന്റെ കോഴ്സ് ഒക്കെ ഒന്ന് പൂർത്തിയായിട്ട്."
"വീട്ടിൽ ചെല്ലുമ്പോഴല്ലാം പല സ്ഥലത്തും പെണ്ണുകാണാൻ പോകണമെന്നും പറഞ്ഞ് അമ്മ നിർബന്ധിക്കും. അതുകൊണ്ട് ഇപ്പോൾ വീട്ടിലേക്കുള്ള യാത്രയും കുറച്ചിരിക്കുകയാണ്."
"വിനുവേട്ടൻ എന്താണ് ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?"
"ഇതുവരെ മനസ്സിനിണങ്ങിയ ആരേയും കണ്ടുമുട്ടിയില്ല. ഒരു പക്ഷേ, അറിയാതെയാണെങ്കിലും മുജന്മസുകൃതം പോലെ തനിക്കു വേണ്ടി കാത്തിരുന്നതാവാം."
"ശരിക്കും?"
"അതേ, തന്നെ കാണുന്നതുവരെ ഇങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല."
"എന്റെ ഭാഗ്യം."
"നാളെയും തനിക്ക് ഡേ ഷിഫ്റ്റ് അല്ലേ? രാത്രിയിൽ വിളിക്കാം. സമയം കുറേയായി."
"നാളെയും കൂടി അഞ്ജലിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്. എന്നാൽ വയ്ക്കട്ടെ വിനുവേട്ടാ... ബൈ, ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്."
കണ്ണടച്ച് ഉറങ്ങാൻ കിടക്കുമ്പോഴും പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ വിനുവേട്ടനായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.
'കാർഡിയോളജി വിഭാഗത്തിൽ അഗ്രഗണ്യനായ ഡോക്ടർ വിനോദിന്റെ ഹൃദയം കവരാൻ മാത്രം കട്ടപ്പന എന്ന മലയോര ഗ്രാമത്തിലെ ഒരു സാധു കർഷകന്റെ മകളായ ഈയുള്ളവൾക്ക് എന്തു യോഗ്യതയാണുള്ളത്! മായക്കണ്ണനായ കൃഷ്ണന്റെ ഓരോരോ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ!'
പെട്ടെന്ന് ശാലിനി, തന്റെ സ്വന്ത നാടിനേയും വീടിനേയും ഒക്കെ ഓർത്തു. അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. അപ്പച്ചനേയും അമ്മച്ചിയേയും അച്ഛനേയും അമ്മയേയും മറ്റും കാണാൻ വല്ലാതെ ആശിച്ചു.
മനസ്സിന്റെ കൂട്ടിൽ ചിന്തകൾ കൂടു വയ്ക്കുന്നതോടൊപ്പം അവളറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഗ്രീഷ്മയുടെ മനസ്സിൽ ശാലിനിയോടുളള അസൂയയും പകയും അനുദിനം വളർന്നുകൊണ്ടിരുന്നു. അവൾക്കൊരു പണി കൊടുക്കുവാൻ വേണ്ടി ഗ്രീഷ്മ തന്റെ കുടില മനസ്സിൽ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നു.
അവൾ തന്റെ മുറിയുടെ ഇടനാഴിയിൽ നിന്നുകൊണ്ട് താഴെ പൈപ്പിനരികിൽ നിന്നും തുണിയലക്കിക്കൊണ്ടു നിൽക്കുന്ന ശാലിനിയെ കണ്ടു.
കട്ടിലിൽ കിടക്കുകയായിരുന്ന നീതുവിന്റെ അരികിൽ ചെന്ന് അവളോടായി പറഞ്ഞു:
"എടീ നീതു എണീറ്റേ, നിനക്കു ഞാൻ നല്ലൊരു കാഴ്ച കാണിച്ചു തരാം."
"എന്താടീ, എനിക്കു നല്ല ക്ഷീണം. ഞാനൊന്നു കിടക്കട്ടെ ."
"എടീ, പതിവില്ലാതെ നമ്മുടെ നായിക താഴെ നിന്ന് തുണിയലക്കുന്നു."
"അതിനിപ്പം എന്താ" നമ്മളും ചെയ്യാറില്ലേ?"
"എടീ അതല്ല, അവൾക്കിട്ടൊരു പണി കൊടുക്കാൻ പറ്റിയ സമയമാണെന്ന് എനിക്കു തോന്നുന്നു,"
"എന്തു പണി?"
"അതൊക്കെയുണ്ട്, നീ കണ്ടോ?"
ശാലിനിയെ നീരീക്ഷിച്ചു കൊണ്ട് അവർ അവിടെത്തന്നെ നിന്നു.
അലക്കിയ തുണികളുമായി കോണിപ്പടികൾ കയറി വരുന്ന ശാലിനിയോട് നീതു ചോദിച്ചു:
"എന്താ ശാലിനീ, ഞങ്ങളുടെ സഹായം വല്ലതും വേണോ?"
ഒന്നും മിണ്ടാതെ ബക്കറ്റുമായി അവൾ മൂന്നാം നിലയിലേക്കുള്ള ഓരോ പടികളും സൂക്ഷ്മതയോടെ കയറിക്കൊണ്ടിരുന്നു. ടെറസ്സിലെ അയകളിൽ നിറയെ പലരുടേയും വസ്ത്രങ്ങൾ വിരിച്ചിട്ടിരിക്കുന്നു. കഴിഞ്ഞ മഴപ്പെയ്ത്തിനു ശേഷം അവിടവിടെയായി ചെറിയ പുൽച്ചെടികൾ മുളച്ചു നിൽക്കുന്നു.
ഇതേ സമയം ഗ്രീഷ്മ, തന്റെ പെട്ടിതുറന്ന് പിശാചിന്റെ മുഖമെന്നു തോന്നിപ്പിക്കുന്ന ഒരാവരണം എടുത്ത്, തലയുടെ മുകളിൽ കൂടി മുഖത്തണിഞ്ഞു.
(തുടരും)
ഭാഗം - 9
ചുവന്ന കണ്ണുകളും ഉന്തിനിൽക്കുന്ന ദംഷ്ട്രകളും വൃത്തികെട്ട പല്ലുകളുടെ ഇടയിൽ കൂടി മുന്നോട്ട് നീണ്ടു കിടക്കുന്ന നാവും! ആകെക്കൂടി പേടിപ്പെടുത്തുന്ന ഭീകര രൂപമായിരുന്നു ചന്ദനക്കളറിലുള റെക്സിൻ കൊണ്ടുണ്ടാക്കിയ ആ മാസ്ക്.
"എടീ ഗ്രീഷ്മ, ഇതും വച്ചോണ്ട് നീയെങ്ങോട്ട് പോകുന്നു, എന്താണ് നിന്റെ ഉദ്ദേശം?"
"ഞാനവളെ ചെറുതായി ഒന്ന് പേടിപ്പിക്കാൻ പോവുകയാണ്. എന്നെ ഈ രൂപത്തിൽ കണ്ടാൽ ആരായാലും ഒന്നു പേടിക്കില്ലേ?"
"എടീ, നിന്റെ ഈ സാഹസം കുറച്ചു കൂടിപ്പോവില്ലേ എന്നൊരു തോന്നൽ. അവളാണെങ്കിൽ തികച്ചും ഒരു പേടിത്തൊണ്ടിയാണ്."
"അതു നിനക്കെങ്ങനെ അറിയാം?"
"മലനാട്ടിൽ നിന്നും വന്ന ഒരു സാധുവല്ലേ?" ചിരിച്ചു കൊണ്ടാണ് നീതു അതു പറഞ്ഞത്.
"എടീ, ഞാനിതാ വരുന്നു."
"ഞാനും കൂടി വരാം. ഒന്നു നിന്നേ..."
"നീ വരണ്ടെന്നേ, ഇതിന് ഞാൻ മാത്രം മതി."
മുഖത്തണിഞ്ഞ മാസ്കിന്റെ മുകളിൽ കൂടി ഒരു ഷാൾ ഇട്ടു മുമ്പിട്ട് ഒച്ചയുണ്ടാക്കാതെ അവൾ, ടെറസ്സിലേക്കുള്ള കോണിപ്പടികൾ കയറി.
അലക്കിയ തുണികൾ അയയിൽ വിരിച്ചിട്ട് ശാലിനി, പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ ശോഭ നോക്കി നിന്നു.
എരിഞ്ഞടങ്ങിയ ദിവാകരൻ, ആകാശത്ത് കുങ്കുമം വാരിവിതറി. പകലോന്റെ വേർപാടിൽ ദുഃഖിതയായ പ്രകൃതിയെ, സന്ധ്യാദേവി ആലിംഗനം ചെയ്തു.
വിരിച്ചിട്ടിരിക്കുന്ന തുണികൾക്കിടയിൽ നിന്നും ഏതോ ഒരു അപശബ്ദം കേട്ട്, ആകാംക്ഷയോടെ അവൾ തിരിഞ്ഞു നോക്കി.
അരണ്ട വെളിച്ചത്തിൽ തന്നെ നോക്കി നിൽക്കുന്ന വികൃത രൂപത്തെക്കണ്ട് അവൾ ഞെട്ടിത്തരിച്ചു നിന്നു.
വാക്കുകൾ പുറത്തേക്കു വരാതെ തൊണ്ടയിൽ കുടുങ്ങിക്കിടന്നു.
ഭയാനകമായ ആ രൂപം അവളുടെ അടുത്തേക്ക് മെല്ലെ നടന്നു വന്നു.
"ആരാ... ആരാത്....?"
പേടിച്ചു പിറകോട്ടു മാറിയ ശാലിനിയുടെ തൊട്ടു പിറകിൽ വന്നു നിന്ന രൂപം, അവളെ തൊടാനായി കൈ നീട്ടി. കണ്ണുകളടച്ച് ഇരു കരങ്ങളും കൊണ്ട് അവൾ തന്റെ കാതുകൾ പൊത്തി.
പേടിച്ചരണ്ട മാൻപേടയെപ്പോലെ അവൾ മെല്ലെ പിറകോട്ടു നടന്നു. പൈശാചികമായി ചിരിച്ചു കൊണ്ട് ആ രൂപം അവൾക്കഭിമുഖമായി നടന്നുകൊണ്ടിരുന്നു.
"പോ... പോ... ദൂരെ പോകൂ..."
അവൾ അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അരികെയെത്താറായ രൂപത്തിനെ ഇരുകരങ്ങളും കൊണ്ട് തടയാനായി ശ്രമിക്കവേ ടെറസ്സിന്റെ ഒരറ്റത്ത് എത്തിയിരുന്ന അവൾ, ഇളകിയിരുന്ന തിട്ടയിൽ ചവിട്ടി ബാലൻസ് തെറ്റി പിറകിലോട്ട് ചാഞ്ഞു. ശരീരത്തിന്റെ ബാലൻസു തെറ്റിയ ശാലിനിയെ കയ്യെത്തിപ്പിടിക്കാനായി ഗ്രീഷ്മ ശ്രമിച്ചെങ്കിലും അവൾക്കതിനായില്ല. ശാലിനിയുടെ കൈകളിൽ പിടിക്കാനാഞ്ഞെങ്കിലും ടെറസ്സിന്റെ ഇളകിയ ഭാഗത്തോടൊപ്പം അമ്മേ എന്ന് വിളിച്ചു കൊണ്ട് മൂന്നാമത്തെ നിലയിൽ നിന്നും അവൾ താഴേയ്ക്കു നിലംപതിച്ചു.
അപ്രതീക്ഷിതമായ ശാലിനിയുടെ വീഴ്ച കണ്ട് ഭയപ്പെട്ട ഗ്രീഷ്മ, എന്തു ചെയ്യണമറിയാതെ ഒരു നിമിഷം സ്തബ്ധയായി. തലകറങ്ങുന്നതായി തോന്നിയെങ്കിലും മുഖത്തിട്ടിരുന്ന മാസ്ക് ഊരിമാറ്റി ആരുടേയും കണ്ണിൽപ്പെടാതെ അതിവേഗം കോണിപ്പടികൾ ഇറങ്ങി മുറിയിലെത്തി. ആകെ വിയർത്തു കുളിച്ചിരുന്ന അവളെ കണ്ട് നീതു ചോദിച്ചു:
"എന്തുപറ്റിയെടീ, ശാലിനിയെ പേടിപ്പിക്കാൻ പോയിട്ട് നീ ആണോ പേടിച്ചത്?"
അതിനുത്തരം പറയാതെ മുറിയുടെ മൂലയിൽ ചെന്നിരുന്നു. തലയുടെ ഇരുവശത്തും കൈകൾ ചേർത്തുപിടിച്ച് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.
"ഇല്ല, ഞാനൊന്നും ചെയ്തിട്ടില്ല... ഞാനല്ല...."
"ഗ്രീഷ്മേ, നീയെന്തൊക്കെയാണ് പറയുന്നത്, ശാലിനി എവിടെ?
"അവൾ... അവൾ... അവിടെ.... അറിയില്ല, എനിക്കറിയില്ല."
"എന്താണുണ്ടായതെന്ന് തെളിച്ചു പറയെടീ.."
അവളുടെ മുഖം വിളറി വെളുത്തിരുന്നത് മുറിയിലെ അരണ്ട വെളിച്ചത്തിൽ നീതു കണ്ടു. ട്യൂബ് ലൈറ്റിന്റെ സ്വിച്ച് ഇടാൻ തുനിഞ്ഞ നീതുവിന്റെ കൈ അവൾ ശക്തിയോടെ തട്ടിമാറ്റി. ഗ്രീഷ്മയുടെ വിചിത്രമായ പെരുമാറ്റത്തിൽ നിന്നും സംശയത്തോടെ മുറിക്കു പുറത്തിറങ്ങിയ നീതു, അടുത്ത മുറിയിൽ ചെന്ന് ലിൻസിയെ കൂട്ടിക്കൊണ്ടുവന്നു.
ഗ്രീഷ്മയുടെ അവസ്ഥ കണ്ട് ലിൻസിയും പരിഭ്രമിച്ചു.
ഹോസ്റ്റലിന്റെ വടക്കുവശത്തായിട്ടാണ് മെസ്സ് ഹാളും അതിനോട് ചേർന്ന അടുക്കളയും. ഭക്ഷണം പാകം ചെയ്യാനും സഹായത്തിനുമൊക്കെയായി നാലു സ്ത്രീകൾ ദിവസവും ജോലിക്കുണ്ടായിരുന്നു. അന്നും പതിവുപോലെ രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിനിടയിൽ മുകളിൽ നിന്നും ഭാരമുള്ള എന്തോ വന്നു വീഴുന്ന വലിയൊരു ശബ്ദം കേട്ടു.
എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അവരിലൊരാൾ പുറത്തിറങ്ങി നാലുപാടും തിരഞ്ഞു.
അടുക്കളയുടെ ഇടതുവശത്തുള്ള ഇടനാഴിയിലൂടെ നടന്ന് പിറകിലെത്തിയപ്പോൾ അവിടെ തറയിൽ ആരോ കിടക്കുന്നതു പോലെ തോന്നി. പേടിയുണ്ടായിരുന്നെങ്കിലും അടുത്തു ചെന്ന് നോക്കിയപ്പോൾ അതൊരു പെൺകുട്ടിയാണെന്ന് മനസ്സിലായി. കമിഴ്ന്നു കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല. തലയിൽ നിന്നും ചോര വാർന്നൊഴുകുന്നു.
അലറിവിളിച്ചു കൊണ്ടവർ ഓടി അടുക്കളയിൽ ചെന്ന് കിതച്ചു കൊണ്ട് മറ്റുള്ളവരോട് വിവരം പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ വാർത്തയറിഞ്ഞ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയവരിൽ നീതുവും ലിൻസിയും ഉണ്ടായിരുന്നു. വീണു കിടക്കുന്ന ആൾ ആരാണെന്നറിയാനുള്ള വേവലാതിയിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാത്തു നിന്നു. അലീനയുടെ കണ്ണുകൾ ശാലിനിക്കായി തിരഞ്ഞു കൊണ്ടിരുന്നു.
അടുക്കളയുടെ പിറകു വശത്തു നിന്നും ഉയരുന്ന അടക്കം പറച്ചിലുകളും ആവലാതികളുമെല്ലാം ആരുടേയോ ക്രൂരഹത്യയിലേക്ക് വിരൽ ചൂണ്ടി.
മേട്രൻ വിളിച്ചു പറഞ്ഞതനുസരിച്ച് പതിനഞ്ചു മിനിട്ടിനുള്ളിൽ തന്നെ പോലീസ് ജീപ്പും ഒപ്പം ആംബുലൻസും വന്നു.
സ്ഥലം എസ്സ്. ഐയുടെ നേതൃത്വത്തിലുള്ള നാലഞ്ചു പോലീസുകാർ ജീപ്പിൽ നിന്നും ചാടിയിറങ്ങി സംഭവ സ്ഥലത്തെത്തി.
ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ട് നടന്നു വന്ന സബ് ഇൻസ്പക്ടർ, വീണുകിടന്നിരുന്ന പെൺകുട്ടിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് കയ്യിലെ നാഡികൾ പരിശോധിച്ച് മരണം ഉറപ്പാക്കിയ ശേഷം പോലീസുകാർക്ക് നിർദേശം കൊടുത്തു.
കൈയിൽ ഗ്ലൗസ് ധരിച്ച ഒരു പോലീസ് ബോഡിയെ മലർത്തിക്കിടത്തി.
"അയ്യോ, ശാലിനി..." ആരുടെയൊക്കെയോ കണ്ഠത്തിൽ നിന്നും ഒരുപോലെ ആ ശബ്ദം പുറത്തു വന്നു.
കണ്ടു നിന്നിരുന്ന പലരുടേയും മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ മേട്രനോടായി ചോദിച്ചു:
"മാഡം, ഈ കുട്ടിയെപ്പറ്റി പറയാമോ?"
"ഇത് ശാലിനിയാണ്. നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി. വളരെ അടക്കവും ഒതുക്കവുമുള്ള പഠിക്കാൻ മിടുക്കിയായ കുട്ടി. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അവൾക്കില്ലായിരുന്നല്ലോ."
"എവിടെയാണ് കുട്ടിയുടെ സ്വന്തം വീട്?"
"ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ്."
"മാഡം, മരിച്ച കുട്ടിയുടെ അഡ്രസും കൂടുതൽ ഡീറ്റൈയിൽസും ഞങ്ങൾക്കു വേണം. ഓഫീസിൽ വന്ന് കളക്ട് ചെയ്തോളാം."
തലയിലെ തൊപ്പി മാറ്റി മൃതദേഹത്തെ ഒന്നു വണങ്ങിയിട്ട് ഇൻസ്പെക്ടർ മാറി നിന്ന് സർക്കിളിനെ ഫോൺ ചെയ്തു വിവരങ്ങൾ കൈമാറി.
"ആരാണ് ബോഡി ആദ്യം കണ്ടത്?"
"ഇവരാണ് സാർ." അടുക്കള ജോലിക്കാരിയായ ശാന്തമ്മയെ മേട്രൻ ഇൻസ്പെക്ടറുടെ മുൻപിലേക്ക് മാറ്റി നിർത്തി.
"നിങ്ങളുടെ പേരെന്താണ്?"
"ശാന്തമ്മ."
"ഈ കുട്ടി മരിച്ചു കിടക്കുന്നത് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?"
"രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ. പെട്ടെന്ന് എന്തോ വന്നു വീഴുന്നതു പോലെയുള്ള വലിയ ഒരു ശബ്ദം കേട്ടു. അതെന്താണെന്നറിയാൻ പോയി നോക്കിയപ്പോഴാണ് ആരോ അവിടെ വീണുകിടക്കുന്നത് കണ്ടത്. കമിഴ്ന്നു കിടന്നതിനാൽ ആരാണെന്ന് മനസ്സിലായില്ല."
"പിന്നെ നിങ്ങൾ എന്തു ചെയ്തു?"
"ഞാൻ പേടിച്ച് നിലവിളിച്ചു കൊണ്ട് ഓടിവന്ന് മറ്റുള്ളവരോട് വിവരം പറഞ്ഞു."
"ആരാണ് മറ്റുള്ളവർ?"
"എന്നോടൊപ്പം ജോലി ചെയ്യുന്ന മൂന്നുപേർ."
"എല്ലാവരേയും വിശദമായി ചോദ്യം ചെയ്യുന്നതായിരിക്കും. തൽക്കാലം എല്ലാവരും
ദയവായി പിരിഞ്ഞു പോകണം."
പോലീസുകാർക്ക് ആവശ്യമുള്ള നിർദേശങ്ങൾ കൊടുത്ത്, സബ് ഇൻസ്പെക്ടർ അരുൺ പോൾ, കെട്ടിടത്തിന്റെ മുകളിലേക്ക് സൂക്ഷിച്ചുനോക്കി.
(തുടരും)
ഭാഗം - 10
ഇതൊരു ആത്മഹത്യയോ, അപകട മരണമോ, കൊലപാതകമോ ആയിരിക്കും. എന്നാൽ ഇതിൽ ഏതാണ് നടന്നിരിക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഈ ഹോസ്റ്റലിൽ താമസിക്കുന്നവർ ആരും തന്നെ, ഞാൻ പറയുന്നതു വരെ ഇവിടെ നിന്നും പുറത്തു പോകാൻ പാടുള്ളതല്ല. പലരേയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. എല്ലാവരും ഞങ്ങളോട് സഹകരിക്കണം'
നിമിഷങ്ങൾക്കകം കാഴ്ചക്കാരെയെല്ലാം മാറ്റി ബോഡി കിടന്ന സ്ഥലത്തിനു ചുറ്റും ഒരു വലയം തീർത്തു. പോലിസുകാരോടൊപ്പം വന്നിരുന്ന ഫോട്ടോഗ്രാഫർ, ബോഡിയുടെ പല ആംഗിളിലുള്ള ഫോട്ടോകൾ എടുത്തു.
ഇൻസ്പെക്ടർ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു:
"ഇൻക്വസ്റ്റ് തയ്യാറാക്കി, ബോഡി പോസ്റ്റ് മാർട്ടത്തിന് അയയ്ക്കാനുള്ള ഏർപ്പാടുകൾ ചെയ്തോളൂ."
"ശരി സാർ."
അതി സൂക്ഷ്മതയോടെ പരിസരം നാലുപാടും ചുറ്റി നടന്നു പരിശോധിച്ചതിനുശേഷം കോണിപ്പണികൾ കയറി ടെറസ്സിലെത്തി. അവിടെ നിന്നും താഴേയ്ക്ക് നോക്കി മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടി.
ടെറസ്സിന്റെ ചുറ്റളവുകൾ മുഴുവനും പരിശോധിച്ചു. ഇളകിയടർന്ന ടെറസ്സിന്റെ ഭാഗത്തെത്തി നീരീക്ഷച്ചതിനു ശേഷം ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനോട് പറഞ്ഞു:
"ആത്മഹത്യയുടെ സാധ്യതകളേക്കാൾ അപകട മരണത്തിനാണ് മുൻതൂക്കം. തനിക്കെന്തു തോന്നുന്നു."
"ശരിയാണ് സാർ, ഒരു കൊലപാതകത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല."
"അതും ശരിയാണ്."
താഴെ ഇറങ്ങി വന്നപ്പോഴേയ്ക്കും ശാലിനിയുടെ ശരീരവും വഹിച്ചു കൊണ്ട് ആംബുലൻസ് നീങ്ങിക്കഴിഞ്ഞിരുന്നു.
ഇൻസ്പക്ടർ നേരേ മേട്രന്റെ മുറിയിലേക്കു നടന്നു.
"വരൂ സാർ, ഇരിക്കൂ..."
"മാഡം, മരിച്ചുപോയ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയേണ്ടതായിട്ടുണ്ട്.
"ഈ ഹോസ്റ്റലിലെ ഏറ്റവും നല്ല കുട്ടിയായിരുന്നു ശാലിനി. എല്ലാ പരീക്ഷയിലും ഒന്നാം സ്ഥാനത്തായിരുന്നു അവൾ. പേരുപോലെ തന്നെ അവളുടെ സ്വഭാവത്തിലും ശാലീനത നിറഞ്ഞു നിന്നിരുന്നു."
"ആ കുട്ടിക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നതായി അറിയാമോ?"
"അങ്ങനെ പറയത്തക്ക ശത്രുക്കൾ ആരും ഉള്ളതായി എനിക്കറിയില്ല സാർ."
"ആരെങ്കിലുമായി ലവ് അഫയേർസ് വല്ലതും?"
"ആ കുട്ടിയെപ്പറ്റി അങ്ങനെയൊന്നും ചിന്തിക്കാനേ കഴിയില്ല. ഇത്രയും സ്വഭാവ മഹിമയുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല."
കുട്ടിയുടെ അഡ്രസ്സ് എഴുതി കൊടുക്കുന്നതിനിടയിൽ മേട്രൻ തിരക്കി:
"സാർ, അവളുടെ വീട്ടിൽ അറിയിക്കണ്ടേ?"
"തീർച്ചയായും അറിയിക്കണം."
"അവർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയുമില്ല, ഒരു നാടിന്റെ തന്നെ പ്രതീക്ഷയായിരുന്നു അവൾ."
"നാട്ടിലേയോ വീട്ടിലേയോ ആരുടെയെങ്കിലും ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?"
"അവളെ പഠിപ്പിക്കുന്ന സ്പോൺസറിന്റെ വീട്ടിലെ നമ്പർ ഇവിടെ തന്നിട്ടുണ്ട്."
മേട്രൻ എഴുതിക്കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചിട്ട്, ആരും ഫോൺ എടുത്തില്ല.
ഉടൻ തന്നെ ഇൻസ്പെക്ടർ കട്ടപ്പന പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ ഒക്കെ അറിയിച്ച ശേഷം മേട്രനോടായി പറഞ്ഞു:
"ഞങ്ങൾക്ക് കുട്ടിയുടെ മുറി ഒന്നു പരിശോധിക്കണം."
"അതിനെന്താ സാർ, വരൂ.."
മേട്രൻ ഇൻസ്പക്ടറേയും കോൺസ്റ്റബിളിനേയും കൂട്ടിക്കൊണ്ട്, അടഞ്ഞു കിടന്നിരുന്ന ശാലിനിയുടെ മുറിക്കുള്ളിലേക്ക് കയറി.
"ആ കുട്ടി ഈ മുറിയിൽ ഒറ്റയ്ക്കാണോ താമസിച്ചിരുന്നത്?"
"അല്ല സാർ, അഞ്ജലി എന്ന ഒരു കുട്ടിയോടൊപ്പം ആണ്. അവർ ഇപ്പോൾ നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയാണ്."
"അവരിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ടായിരുന്നു."
"വിളിപ്പിക്കണോ സാർ?"
"ഇപ്പോൾ വേണ്ട, ഞങ്ങൾ നാളെ വരാം."
ശാലിനിയുടെ കട്ടിലിലെ തലയിണയുടെ അടിയിൽ നിന്നും കിട്ടിയ മൊബൈൽ ഫോൺ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ടേബിളിന്റെ ഡ്രായറും അലമാരയും എല്ലാം അതിസൂക്ഷ്മം പരിശോധിച്ചു.
ശാലിനിയുടെ ഫോൺ പോക്കറ്റിലിട്ടു കൊണ്ട് സബ് ഇൻസ്പെക്ടർ, അരുൺ പോൾ വണ്ടിയിൽ കയറി.
"ശരി മാഡം, ഞങ്ങൾ ഇറങ്ങുന്നു, നാളെ വരും. ആശുപത്രി ഡൂട്ടിയ്ക്ക് അല്ലാതെ ആരേയും പുറത്ത് വിടരുത്."
"ഇല്ല സാർ."
രോഗികൾക്ക് രാത്രിയിൽ കൊടുക്കുവാനുള്ള മരുന്നുകൾ, അവരവരുടെ ഫയലുകൾ പരിശോധിച്ച് എടുത്തു വയ്ക്കുകയായിരുന്നു അഞ്ജലി.
"അഞ്ജലീ, നിന്നെ സിസ്റ്റർ ഇൻ ചാർജ് വിളിക്കന്നു."
"എന്തിനാണെന്നറിയാമോ?"
"അറിയില്ല, നീ പോയി ചോദിച്ചു നോക്ക്."
കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആണ് പറഞ്ഞത്.
"എങ്കിൽ ഞാൻ പോയിട്ടു വരാം."
വഴിയിൽ വച്ചു തന്നെ ചാർജ് നഴ്സ്, അഞ്ജലിയെ കൂട്ടികൊണ്ട് തന്റെ മുറിയിലേക്കു പോയി. അവരുടെ മുഖത്ത് പരിഭ്രമവും വേദനയുമൊക്കെ നിറഞ്ഞു നിന്നിരുന്നു.
"എന്താ സിസ്റ്റർ, എന്തിനാണ് എന്നെ വിളിപ്പിച്ചത്?"
"അഞ്ജലീ, നീ ബഹളമുണ്ടാക്കാതെ ഞാൻ പറയുന്നത് ശാന്തമായി കേൾക്കണം."
"എന്താണ് സിസ്റ്റർ? വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചിരുന്നോ?"
"അങ്ങനെയൊന്നുമില്ലാ, നിന്നോടെങ്ങനെ പറയണമെന്ന് എനിക്കറിയില്ല."
"ടെൻഷൻ അടിപ്പിക്കാതെ ദയവായി കാര്യം പറയൂ സിസ്റ്റർ."
"അഞ്ജലീ, നമ്മുടെ ശാലിനി..."
"ശാലിനി? അവൾക്കെന്തു പറ്റി?"
"അഞ്ജലീ, ശാലിനിക്ക് ഒരപകടം സംഭവിച്ചു."
"എന്തപകടം?എന്നിട്ട് അവളെവിടെ?
"തുണിയലക്കി ടെറസ്സിൽ വിരിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി താഴെ വീണു."
"ഓ... അത്രയേയുള്ളോ? ഞാൻ വല്ലാതെ ഭയന്നു പോയി. എന്നിട്ട് അവൾക്കെന്തെങ്കിലും പറ്റിയോ? ഹോസ്പിറ്റലിൽ വന്നോ? എക്സ്റേ എടുത്തോ?"
"എക്സ്റേ എടുക്കേണ്ട ആവശ്യം ഒന്നും ഇനി അവൾക്കില്ല. അവൾ പോയി അഞ്ജലീ..."
"പോയെന്നോ, എങ്ങോട്ട്? എന്നോട് പറയാതെ അവൾ പോയോ?"
"അഞ്ജലീ, അവൾ നമ്മളെയൊക്കെ വിട്ടിട്ട് പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് അവൾ പോയി."
സിസ്റ്റർ കരയുന്നതും നോക്കി ഒന്നും മനസ്സിലാവാതെ നിർവികാരതയോടെ അവൾ നിന്നു.
"അഞ്ജലീ, നീയെന്താണ് ഇങ്ങനെ നിൽക്കുന്നത്? നിനക്ക് വിഷമമില്ലേ?"
"ഞാനെന്തിന് വിഷമിക്കണം, അവൾ സ്വന്തം വീട്ടിൽ പോയതല്ലേ?"
"അഞ്ജലീ, നിന്റെ ശാലിനി ഇനി തിരിച്ചു വരില്ല. അവൾ മരിച്ചു പോയി. മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും താഴെ വീണു."
യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ അവൾ ഒരു നിമിഷം ചലനമറ്റു നിന്നു. ബോധരഹിതയായി വീഴാൻ തുടങ്ങിയ അഞ്ജലിയെ സിസ്റ്റർ താങ്ങിപ്പിടിച്ചു കിടത്തി.
ബോധം വീണപ്പോൾ അവൾക്ക് തന്നെ നിയന്ത്രിക്കാനായില്ല.
"ശാലിനീ, എന്റെ മോളേ നിനക്കെന്താണ് സംഭവിച്ചത്...!"
അഞ്ജലിയുടെ ഹൃദയം തകർന്നുള്ള കരച്ചിലും പുലമ്പലുമെല്ലാം കണ്ടുനിന്ന ചാർജ് നഴ്സിനും തേങ്ങലടക്കാൻ കഴിഞ്ഞില്ല.
ആദ്യ ദിവസത്തെ സെമിനാർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ, ഡോക്ടർ വിനോദ് തന്റെ ഫോണെടുത്തു നോക്കി.
'ആരൊക്കെയോ വിളിച്ചിരിക്കുന്നു. കുറേയധികം മിസ്ഡ് കോളുകൾ! ഫോൺ സൈലന്റ് ആക്കി വച്ചിരുന്നതിനാൽ ആരും വിളിച്ചത് കേട്ടിരുന്നില്ല.. ഇത്രയും കാളുകൾ വരാൻ മാത്രം എന്താണാവോ വിശേഷിച്ച്? ആരെയെങ്കിലും ഒന്നു തിരിച്ചു വിളിക്കാം.'
വീട്ടിലെത്തിയയുടനെ തന്നെ തന്റെ അസിസ്റ്റന്റായ ഡോക്ടർ സാമിനെ വിളിച്ചു.
"ഹലോ, ഡോക്ടർ..."
"ഹലോ, സാം വിളിച്ചിരുന്നോ? എന്റെ ഫോൺ സൈലന്റിൽ ആയിരുന്നു."
"വിളിച്ചിരുന്നു ഡോക്ടർ."
"എന്തെങ്കിലും എമർജൻസി ഉണ്ടായിരുന്നോ?"
"ഒരു ഷോക്കിംങ് ന്യൂസ് പറയാനായിരുന്നു ഡോക്ടർ ഞാൻ വിളിച്ചത്."
"എന്താണ് സാം?"
"നമ്മുടെ ഒരു സ്റ്റാഫ്, ഇന്ന് സൂയിസൈഡ് ചെയ്തു. ഹോസ്റ്റലിന്റെ മൂന്നാം നിലയിലുള്ള ടെറസ്സിൽ നിന്നും താഴേയ്ക്ക് വീണു മരിച്ചു. നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്."
ഡോക്ടർ വിനോദിന്റെ നെഞ്ചിൽ ആരോ ഒരു വലിയ കല്ലെടുത്തു വച്ചതുപോലെ തോന്നി.
"ഈശ്വരാ, ആരായിരിക്കും? ശാലിനിയെ വിളിച്ചു ചോദിക്കാം. അവളുടെ ബാച്ചിലെ കുട്ടി ആയിരിക്കുമല്ലോ.'
അപ്രതീക്ഷിതമായ ഒരു ദാരുണ സംഭവം കേട്ടതിന്റെ ഞെട്ടലിൽ, വിനോദ് തളർന്നിരുന്നു. ശാലിനിയെ വിളിച്ച് സംസാരിക്കാൻ അയാളുടെ മനസ്സ് തിടുക്കം കൂട്ടിക്കൊണ്ടിരുന്നു.
(തുടരും)
ഭാഗം - 11
ആ ഞെട്ടലിൽ നിന്നും മുക്തനാവാത്ത ഡോക്ടർ വിനോദിന്റെ വിറയാർന്ന കൈകളിൽ നിന്നും ഫോൺ താഴെ വീണു.
"എന്തു പറ്റി ഡോക്ടർ, എന്താണൊന്നും മിണ്ടാത്തത്?"
ഡോക്ടർ സാം, ലൈനിൽ തന്നെ ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് ഓർത്തത്. താഴെ നിന്നും ഫോൺ എടുത്ത് ചെവിയിൽ വച്ചു.
"സാം, ആൾ ആരാണെന്ന് അറിയാൻ കഴിഞ്ഞോ? എപ്പോഴായിരുന്നു സംഭവം?"
"ഏകദേശം ആറു മണിയോടുകൂടിയാണ് സംഭവം നടന്നത്. പോലീസുകാരെല്ലാം സംഭവസ്ഥലത്തുണ്ട്. ബോഡി, പോസ്റ്റ്മാർട്ടത്തിനായി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്."
"മരിച്ച കുട്ടിയുടെ പേര് എന്താണെന്ന് അറിയാമോ?"
"ഡോക്ടർ അറിയും, ഐ.സി.യു വാർഡിൽ വർക്ക് ചെയ്തിരുന്ന ശാലിനിയാണ് മരിച്ചത്."
ശാലിനിയുടെ പേരു കേട്ടയുടൻ ഡോക്ടർ വിനോദ്, ഷോക്കേറ്റതുപോലെ നിന്നുപോയി.
"ശാലിനിയോ... അല്ല... അല്ല...തീർച്ചയായും അവളായിരിക്കില്ല, സാമിന് തെറ്റിയതായിരിക്കും. അവൾ.... അവൾ...."
തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ വിനോദിന് തോന്നി. എന്തു പറയണമെന്നറിയാതെ അയാൾ വികാരാധീനനായി.
'ഈശ്വരാ, എന്റെ ശാലിനി... അവൾക്കെങ്ങനെ എന്നെ വിട്ട് പോകാൻ പറ്റും? ആരെങ്കിലും അവളെ അപായപ്പെടുത്തിയതായിരിക്കുമോ?'
വിനോദിന്റെ ഹൃദയവേദനയുടെ ആഴം മനസ്സിലാക്കിയ ഡോക്ടർ സാം മാത്യു ചോദിച്ചു:
"ഡോക്ടർ വിനോദ്, നിങ്ങൾ തമ്മിൽ?"
"എനിക്കവളെ ഇഷ്ടമായിരുന്നു സാം. ഞങ്ങൾ തമ്മിൽ പ്രണയത്തിലുമായിരുന്നു. ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മൃത്യുവിന്റെ രൂപത്തിൽ വിധി, എന്നിൽ നിന്നും അവളെ തട്ടിപ്പറിച്ചെടുത്തല്ലോ സാം! ഇതു ഞാൻ എങ്ങനെ സഹിക്കും?"
"ഡോക്ടർ, ഞാൻ ഉടനെ അവിടെയെത്താം. ഞാൻ വരുന്നതു വരെ മറ്റാരോടും ഇങ്ങനെയൊന്നും സംസാരിക്കരുത്. മനസ്സിനെ നിയന്ത്രിച്ച് സ്വയം ആശ്വസിക്കാൻ ശ്രമിക്കൂ... പത്തുമിനിറ്റിനുള്ളിൽ ഞാൻ അവിടെയെത്തും."
പറഞ്ഞ സമയത്തിനുള്ളിൽത്തന്നെ വിനോദിന്റെ വീട്ടിലെ കാളിംഗ് ബെൽ ശബ്ദിച്ചു.
തുറന്നു കിടന്ന വാതിലിലൂടെ അകത്തേയ്ക്കു വന്ന സാം കണ്ടത്, കട്ടിലിൽ തളർന്നു കിടക്കുന്ന വിനോദിനെയാണ്.
"എന്തൊക്കെയാണ് സാം, ഞാനീ കേൾക്കുന്നത്. എന്റെ ശാലിനിക്ക് എന്താണ് സംഭവിച്ചത്?"
"അതൊക്കെ പോലീസ് അന്വേഷിച്ച് കണ്ടുപിടി ച്ചോളും. മരിച്ച ശാലിനിയുമായി ഡോക്ടറിന് അടുപ്പമുണ്ടായിരുന്നു എന്ന് ആരും അറിയരുത്. പോയവർ പോയി, ഇനി വെറുതേ അതിന്റെ പിറകേ പോയി പുലിവാലു പിടിക്കുന്നത് എന്തിനാണ്?"
"എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല സാം. എന്റെ ഹൃദയം ആരോ കുത്തിമുറിക്കുന്നതു പോലെ."
"ഒരു കാര്യം ചെയ്യൂ... ഡോക്ടർ തൽക്കാലം ഇവിടെ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. നാളത്തെ സെമിനാറിനും പോകേണ്ട. നേരേ നാട്ടിലോട്ടു പോകുന്നതായിരിക്കും നല്ലത്. ഞാൻ വേണമെങ്കിൽ കൂടെ വരാം. ഇവിടുത്തെ ബഹളമൊക്കെ ഒന്നൊതുങ്ങിയിട്ട് തിരിച്ചു വന്നാൽ മതി. മരണപ്പെട്ട കുട്ടിയുടെ പേരിനോടൊപ്പം ഡോക്ടർ വിനോദിന്റെ പേര് ചേർത്തു പറയാൻ ഇടയാവരുത്.
"എറണാകുളത്തെ ഒരു ലീഡിംഗ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ തലവൻ, ഡോക്ടർ വിനോദ് വർമയ്ക്ക് ഇങ്ങനെയൊരു ബന്ധം ഉണ്ടെന്ന് ലോകം അറിയുന്നത് നല്ലതല്ല."
സാം പറയുന്നതെല്ലാം കേട്ടുകൊണ്ട് പ്രതികരിക്കാനാവാതെ, ഒരു പ്രതിമ കണക്കെ ഇരിക്കാനേ വിനോദിനു കഴിയുമായിരുന്നുള്ളൂ.
ശാലിനിയുടെ മരണവാർത്ത നിമിഷനേരം കൊണ്ട് ഹോസ്റ്റലിലും ആശുപത്രിയിലും എല്ലാവരും അറിഞ്ഞു.
സംഭവസ്ഥലത്ത് കാഴ്ചക്കാരായി എത്തിയവരുടെ കൂട്ടത്തിൽ ഗ്രീഷ്മയുണ്ടായിരുന്നില്ല. ബോഡിയും വഹിച്ചുകൊണ്ട് നീങ്ങിയ ആംബുലൻസ് കണ്ണിൽ നിന്നും മറയുന്നതുവരെ നീതുവും ലിൻസിയും അലീനയുമെല്ലാം നോക്കിനിന്നു.
"ഗ്രീഷ്മയെവിടെ നീതു, അവളെ ഇവിടെ കണ്ടതേയില്ലല്ലോ. സംഭവങ്ങൾ ഒന്നും അവൾ അറിഞ്ഞുകാണില്ലേ?"
"നീ വരൂ, നമുക്ക് നോക്കാം."
നീതു, ലിൻസിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി, മുറിയിലെത്തിയപ്പോൾ ഗ്രീഷ്മയെ അവിടെ കണ്ടില്ല. ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്നതിന്റെ ശബ്ദം കേട്ട്, നീതു കതകിൽ തട്ടിവിളിച്ചു.
"ഗ്രീഷ്മാ... എടീ കതകു തുറക്ക്. നീയെന്താണ് അവിടെ ചെയ്യുന്നത്, കതകു തുറക്കെടീ..."
നീതുവിന്റെ വെപ്രാളം കണ്ട് ലിൻസി ചോദിച്ചു:
"നീതു, നിനക്കെന്താടീ ഇത്ര ടെൻഷൻ? അവൾ കുളിച്ചിട്ടു വരട്ടെ."
"അതല്ലെടീ, ഇത്രയും നേരം അതിനകത്ത് അവൾ എന്തു ചെയ്യുകയാണ്?
നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങുന്തോറും നീതുവിന്റെ അസ്വസ്ഥത വർദ്ധിച്ചു കൊണ്ടിരുന്നു.
കുളിമുറിയുടെ കതകുതുറന്ന് ഗ്രീഷ്മ പുറത്തു വന്നു. അവളുടെ തലമുടിയിൽ നിന്നും ഇട്ടിരുന്ന വസ്ത്രങ്ങളിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നത് കണ്ട് നീതു ചോദിച്ചു:
"നീയെന്താടീ, കുളിച്ചിട്ടു തോർത്താതെയാണോ ഇറങ്ങിവരുന്നത്."
"നിങ്ങളൊക്കെ എവിടെയായിരുന്നു, എന്നെ കൂട്ടാതെ ഭക്ഷണം കഴിക്കാൻ പോയോ?
"അപ്പോൾ ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലേ?"
"ശാലിനിയുടെ കാര്യം അല്ലേ? അത് ആദ്യം അറിഞ്ഞത് ഞാനാണ്."
ഒന്നും സംഭവിക്കാത്തതുപോലെ ഗ്രീഷ്മ പെരുമാറുന്നത് കണ്ട് നീതു അമ്പരന്നു. കുറ്റബോധത്തിന്റെ ഒരു തരിമ്പുപോലും അവൾ പ്രകടിപ്പിച്ചില്ല.
'വല്ലാതെ പേടിച്ച്, മുറിയുടെ മൂലയിൽ ഒളിച്ചിരുന്നവൾ ആണ്. ഇപ്പോൾ ഇവളുടെ മുഖത്ത് ഒരു സംഭ്രമവും കാണുന്നില്ലല്ലോ. ഇതെന്തു മറിമായം!' നീതുവിന്റെ മനസ്സിൽ സംശയത്തിന്റെ നൂലാമാലകൾ ഉയർന്നു പൊങ്ങി.
"എന്നിട്ട് പോലീസ് വന്നപ്പോഴൊന്നും നിന്നെ അവിടെ കണ്ടില്ലല്ലോ." ലിൻസിയുടെ സംശയം തലപൊക്കി.
"എല്ലാവരോടും പിരിഞ്ഞു പോകാൻ പോലീസ് പറഞ്ഞപ്പോൾ ഞാനിങ്ങു പോരുന്നു."
"ചിലരൊക്കെ പറയുന്നു, ഇത് ഒരു അപകട മരണമല്ലെന്ന്."
"പിന്നെ...?"
"ആരോ അപായപ്പെടുത്തിയതായിരിക്കുമെന്നും സംസാരമുണ്ട്."
" ആര്?"
"അതറിയില്ല, ചിലപ്പോൾ പോലീസ് നമ്മളേയും ചോദ്യം ചെയ്യാനിടയുണ്ട്."
"ചോദ്യം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, നമുക്കറിയാവുന്നതൊക്കെ പറയാം. പിന്നെ പറയുമ്പോൾ, ഡോക്ടർ വിനോദുമായുള്ള അവളുടെ അടുപ്പത്തെപ്പറ്റിയും പറയണം. അവരുടെ സംഗമത്തിന്റെ തെളിവുകൾ നമ്മുടെ കയ്യിൽ ഉണ്ടല്ലോ. വിനോദിൽ നിന്നും അവൾ ഗർഭം ധരിച്ചിട്ടുണ്ടാവും. അതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്തതാവാനും ചാൻസുണ്ട്."
"ഗ്രീഷ്മ, മരിച്ചു കഴിഞ്ഞിട്ടും നീ അവളെ അപമാനിക്കുകയാണോ?"
"എടീ, അതിനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാവില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്."
"നീ വെറുതേ അനാവശ്യമൊന്നും പറയേണ്ട. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഡോക്ടർ വിനോദിനേയും തേജോവധം ചെയ്യാനാണ് നീ ശ്രമിക്കുന്നത്."
"നീതു, നീയും ഇപ്പോൾ കളം മാറി ചവിട്ടുകയാണോ? അപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരുമില്ല, അല്ലേ?"
"നിന്റെ തോന്നിവാസത്തിനെല്ലാം ഞങ്ങൾ കൂടെ നിന്നു. അതിന്റെയൊക്കെ ഫലമായി ശാലിനിക്ക് അവളുടെ ജീവൻ തന്നെ ബലി കൊടുക്കേണ്ടിയും വന്നു. ഇതിന്റെ ഭവിഷ്യത്ത് എന്തു തന്നെ ആയാലും നീ തന്നെ അനുഭവിച്ചു തീർത്തോണം. ഞങ്ങളെ അതിന് കിട്ടില്ല. നിനക്ക് അല്പം പോലും കുറ്റബോധം തോന്നുന്നില്ലേ ഗ്രീഷ്മാ?"
"നീയെന്താണ് പറഞ്ഞു വരുന്നത്? ശാലിനിയുടെ മരണത്തിന് കാരണം ഞാനാണെന്നാണോ?"
"അതെ, നീ ഒറ്റ ഒരുത്തി കാരണമാണ് അവൾ മരിച്ചത്. നീ ചെയ്തതെന്താണെന്ന് നിനക്കറിയില്ലേ?"
"അതു ശരി, അപ്പോൾ നീയാണോ ശാലിനിയെ കൊന്നത്?" ലിൻസിയും പൊട്ടിത്തെറിച്ചു.
"അതേടീ, ഞാൻ തന്നെയാണ് അവളെ കൊന്നത്. നീയൊക്കെ പോയി കേസ് കൊടുക്ക്... എന്റെ കാര്യം നോക്കാൻ എനിക്കറിയാം."
പൊട്ടിത്തെറിച്ചുകൊണ്ട് ഗ്രീഷ്മ മുറിയിൽ നിന്നും ചാടിത്തുള്ളി ഇറങ്ങിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ നീതുവും ലിൻസിയും പരസ്പരം മുഖാമുഖം നോക്കി നിന്നു.
(തുടരും)
ഭാഗം - 12
മനസ്സിനെ കോരിത്തരിപ്പിക്കുന്ന കട്ടപ്പനയിലെ നയനമനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലൂടെ, ഒരു പോലീസ് വാഹനം അവറാച്ചൻ മുതലാളിയുടെ ബംഗ്ലാവിനെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
മലമടക്കുകളിൽ നിന്നുമുയരുന്ന കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രഭാതം. മഞ്ഞുമലകളുടെ മറവിലെവിടെയോ ഒളിച്ചിരിക്കുന്ന സൂര്യന്റെ രശ്മികൾ അവിടവിടെയായി തട്ടിക്കളിക്കുന്നു.
ഉണർന്നു തുടങ്ങുന്ന ഗ്രാമത്തിലെ പ്രധാന പാത മുറിച്ച് വലതു വശത്തേയ്ക്കുള്ള ചെമ്മൺ പാതയിലൂടെ ജീപ്പ്, ആ വലിയ വീടിന്റെ മുറ്റത്തു വന്നു നിന്നു.
"അയ്യോ കർത്താവേ, ദാണ്ടെ പോലീസ്! നിങ്ങൾ എന്തെങ്കിലും ഏടാകൂടത്തിൽ ചെന്നു ചാടിയിട്ടുണ്ടോ മനുഷ്യാ?"
"ഒന്നു പോടീ അവിടുന്ന്, അവർ എന്തെങ്കിലും കാര്യം അന്വേഷിക്കാൻ വന്നതായിരിക്കും. ഞാൻ പോയി ചോദിക്കട്ടെ."
വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങിയ മുതലാളി, പോലീസുകാരോട് ചോദിച്ചു :
"എന്താണ് സാർ ഇത്ര രാവിലെ? പ്രത്യേകിച്ച് എന്തെങ്കിലും?
"ഞങ്ങൾ ഒരു വിവരം അറിയിക്കാനായി വന്നതാണ്."
"എന്താണ് സാർ കാര്യം? വരൂ.. അകത്തോട്ടിരിക്കാം.
വന്നിരുന്ന രണ്ടു പോലീസുകാരും ഹാളിലേക്ക് കയറി ഇരുന്നു.
"ഇവിടെ ആരൊക്കെയാണ് താമസിക്കുന്നത്?"
"ഞാനും എന്റെ ഭാര്യയും, പിന്നെ ഒന്നുരണ്ടു ജോലിക്കാരും ഉണ്ട്."
"അപ്പോൾ മക്കൾ?"
"ഞങ്ങൾക്ക് മക്കളായി ആരുമില്ല."
"അപ്പോൾ ആരാണ് ഈ ശാലിനി?"
"അവൾ ഞങ്ങൾക്ക് മകളെപ്പോലെ തന്നെയാണ്. അവളുടെ അച്ഛനും അമ്മയും ഇവിടുത്തെ പണിക്കാരാണ്. പഠിക്കാൻ മിടുക്കിയായ അവളെ ഞങ്ങളാണ് പഠിപ്പിക്കുന്നത്. എറണാകുളത്തുള്ള ഒരാശുപത്രിയിൽ ബി.എസ്സ്.സി നഴ്സിംങിനു പഠിച്ചുകൊണ്ടിരിക്കുന്നു."
"ഇവിടെ അടുത്തുള്ള സ്റ്റേഷനിൽ നിന്നും അറിയാൻ കഴിഞ്ഞത്, ശാലിനി താങ്കളുടെ മകൾ ആണെന്നാണ്."
"മകളെപ്പോലെ തന്നെയാണ്.എന്താണ് സാർ കാര്യം.?"
"ഹോസ്റ്റലിൽ വച്ച് ശാലിനിക്ക് ഒരു അപകടമുണ്ടായി. അലക്കിയ തുണികൾ വിരിക്കുന്നതിനിടയിൽ ടെറസ്സിൽ നിന്നും കാലുതെറ്റി താഴേയ്ക്ക് വീണു."
"എന്റീശോയേ...ഞാനെന്താണീ കേൾക്കുന്നത്, എന്റെ കൊച്ചിന് എന്തുപറ്റി?"
മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് ശോശാമ്മച്ചി, ഞെട്ടിത്തരിച്ചിരിക്കുന്ന തന്റെ ഭർത്താവിന്റെ ചുമലിൽ അമർത്തിക്കൊണ്ട് ചോദിച്ചു:
"ഇവരെന്താണീ പറയുന്നത്, നമ്മുടെ കൊച്ചിന് എന്തുപറ്റി? എനിക്കുടൻ തന്നെ അവളെ കാണണം."
"നീ ഒന്നടങ്ങെടീ, കാര്യങ്ങൾ വിശദമായി ചോദിച്ചറിയട്ടെ."
"സാറേ, വീഴ്ചയിൽ അവൾക്കെന്തെങ്കിലും പറ്റിയോ? എങ്ങനെയായിരുന്നു സംഭവം?"
"ഇന്നലെ സന്ധ്യയോടു കൂടിയായിരുന്നു സംഭവം. ടെറസ്സിന്റെ ഒരു കോണിലെ ഇളകിയിരുന്ന തിട്ടയിൽ കാൽ തട്ടി, മറിഞ്ഞു വീണതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നുവത്രേ."
ശാലിനിയുടെ മരണവാർത്ത കേട്ട അവറാച്ചൻ മുതലാളി, ചലിക്കാനാവാതെ ഒരു പ്രതിമ കണക്കെ ഇരുന്നു. വാവിട്ടു കരഞ്ഞു കൊണ്ട് ശോശാമ്മയും തളർന്നു വീണു.
"ഇങ്ങനെ കരഞ്ഞു ബഹളം വയ്ക്കാതെ, അവളുടെ മാതാപിതാക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കണം."
"ഇല്ല സാർ, എനിക്കവരോട് ഇതൊന്നും പറയാൻ വയ്യ. നിങ്ങൾ തന്നെ അറിയിച്ചാൽ മതി. ഈ നാട്ടിലെ പാവപ്പെട്ട കർഷകരുടെ, ഈ ഗ്രാമത്തിന്റെ തന്നെ ഒരു വലിയ പ്രതീക്ഷയായിരുന്നു അവൾ. ആർക്കും ഇതുൾക്കൊള്ളാൻ കഴിയില്ല. അവളുടെ അച്ഛനും അമ്മയും സാധുക്കളാണ്. ഞങ്ങൾക്ക് പിറക്കാതെ പോയ മകളാണവൾ."
"പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങാൻ അവളുടെ ബന്ധുക്കളേയും കൂട്ടി ഉടൻ തന്നെ അവിടെ എത്തണമെന്നാണ് ഞങ്ങളെ
അറിയിച്ചിരിക്കുന്നത്." നമുക്ക് ഉടൻതന്നെ അങ്ങോട്ടു പോകണം."
മുതലാളി തന്റെ ജോലിക്കാരനെ അയച്ച് ശാലിനിയുടെ മാതാപിതാക്കളെ ബംഗ്ലാവിലേയ്ക്കു വിളിപ്പിച്ചു.
ഏമാൻമാരുടെ മുന്നിൽ ഭവ്യതയോടെ നിന്ന അവളുടെ അച്ഛനോടും അമ്മയോടും പോലീസുകാരൻ പറഞ്ഞു:
"ഞാൻ പറയുന്ന കാര്യങ്ങളൊക്കെ നിങ്ങൾ ബഹളമുണ്ടാക്കാതെ കേൾക്കണം. വിധിയെ ആർക്കും തടുക്കാനാവില്ല. സുഖവും ദുഃഖവും കൂടിച്ചേരുന്നതാണല്ലോ ജീവിതം. പ്രശ്നങ്ങളിൽ തളരാതെ, സമചിത്തതയോടെ നേരിടാനും അതുൾക്കൊള്ളാനും കഴിയണം."
"ഏമാൻ എന്താണ് പറഞ്ഞു വരുന്നത്, അടിയങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല."
"നിങ്ങളാരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങൾ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം."
"പറയൂ ഏമാനേ..."
ശാലിനിയുടെ മരണവാർത്ത അവരെ അറിയിക്കുകയും നല്ല വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്വന്തം മകളുടെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ ബോധം മറഞ്ഞ്, വീഴാൻ തുടങ്ങിയ അമ്മയെ താങ്ങിപ്പിടിച്ചുകൊണ്ട് അവളുടെ അച്ഛനും മാറത്തടിച്ചു കരഞ്ഞു.
"എന്റെ പൊന്നുമോളേ... ഞങ്ങളെ തനിച്ചാക്കി നിനക്കെങ്ങനെ പോകാൻ കഴിഞ്ഞു? ഇനി എന്തിനാണ് ഞങ്ങൾ ജീവിക്കുന്നത്; ഞങ്ങൾക്കിനി ആരുണ്ട്?"
ശാലിനിക്കുണ്ടായ ദുരന്തം കാട്ടുതീ പോലെ ആ നാട്ടിലെല്ലാം പരന്നു. അറിഞ്ഞവരെല്ലാം ആ ബംഗ്ളാവിന്റെ മുറ്റത്തേയ്ക്ക് ഓടിക്കൂടി. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പരിസരം ബന്ധുക്കളേയും നാട്ടുകാരേയും കൊണ്ട് നിറഞ്ഞു.
ഹൃദയം തകരുന്ന അന്തരീക്ഷത്തിന് മൂക സാക്ഷികളായി നിന്നിരുന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.
"പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങാനായി, എത്രയും പെട്ടെന്ന് അടുത്ത ബന്ധുക്കളിൽ ചിലർ ആശുപത്രിയിൽ എത്തേണ്ടതുണ്ട്."
അവറാച്ചൻ മുതലാളിയേയും ശാലിനിയുടെ അച്ഛനേയും അടുത്ത ബന്ധുക്കളേയും വഹിച്ചുകൊണ്ട് പോലീസ് ജീപ്പ് അവിടെ നിന്നും അതിവേഗം പാഞ്ഞുപോയി.
മയക്കത്തിൽ നിന്നുണർന്ന ശാലിനിയുടെ അമ്മയുടെ ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ, അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ കുഴങ്ങി.
ശോശമ്മച്ചിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ബന്ധുക്കളായ ചില സ്ത്രീകളോട് ശാലിനിയുടെ ഓർമകൾ പങ്കുവച്ച് വിലപിച്ചുകൊണ്ടിരുന്നു.
പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങുമ്പോൾ, ചങ്കുപിളരുന്ന വേദനയോടെ അച്ഛൻ വാവിട്ടു കരഞ്ഞു. സ്വന്തം മകളെപ്പോലെ കരുതിയിരുന്ന അവറാച്ചൻ മുതലാളിയും പൊട്ടിക്കരഞ്ഞു. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ്, ആ ശരീരവും വഹിച്ചു കൊണ്ട് പോലീസ് ആംബുലൻസ് അവളുടെ സ്വപ്നഭൂമിയായ സ്വന്തം ഗ്രാമത്തിലേക്ക് യാത്രയായി.
ശാലിനിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചിതയാകാതെ അഞ്ജലി റൂമിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി. ഡ്യൂട്ടിക്ക് പോകുകയോ സമയത്തു ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല.
അവളുടെ അവസ്ഥ മനസ്സിലാക്കിയ ഹോസ്റ്റൽ വാർഡൻ അലീനയെക്കൂടി ആ മുറിയിലേക്ക് മാറ്റി. അലീനയ്ക്കും അത് ഇഷ്ടമായിരുന്നു.
ഗ്രീഷ്മയുമായി മാനസികമായി അകന്ന നീതു, ഇപ്പോൾ ലിൻസിയോടൊപ്പമാണ് താമസിക്കുന്നത്. അത്യാവശ്യം കാര്യങ്ങൾ മാത്രമേ അവർ തമ്മിൽ സംസാരിക്കുകയുള്ളൂ.
ശാലിനിയുടെ മരണത്തിനു കാരണം ഗ്രീഷ്മ തന്നെയാണെന്ന് നീതു ഉറച്ചുവിശ്വസിച്ചിരുന്നു.
ശാലിനി മരിച്ചതിന്റെ അടുത്ത ദിവസം സബ് ഇൻസ്പെക്ടറും സംഘവും ഹോസ്റ്റലിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി പലരേയും ചോദ്യം ചെയ്തു.
"മാഡം, മരിച്ച കുട്ടിയുടെ ബാച്ചിലുള്ളവരെ ഓരോരുത്തരെയായി എനിക്കു കാണണം."
"അതിനെന്താണ് സാർ, ഞാൻ അവരെ വിളിപ്പിക്കാം. ചിലരൊക്കെ ഡ്യൂട്ടിയിലാണ്."
അലീനയെ ചോദ്യം ചെയ്തതിൽ നിന്നും മരിച്ച ശാലിനിയോട് അസൂയയും പകയും വച്ചുപുലർത്തിയിരുന്ന ഗ്രീഷ്മയെന്ന കുട്ടിയെപ്പറ്റി അറിയാൻ കഴിഞ്ഞു.
"ഈ ഗ്രീഷ്മയുമായി സൗഹൃദത്തിലുള്ളവർ ആരൊക്കെയാണ്?"
"ഒരു സമയം വരെ ഞാനും അവളുടെ സുഹൃദ് വലയത്തിൽപ്പെട്ട ആളായിരുന്നു സാർ. അവളുടെ ചിന്തകളോടും പ്രവൃത്തികളോടും എന്നും ഞാൻ എതിരായിരുന്നു. പല പ്രാവശ്യം പ്രതികരിച്ചിട്ടുമുണ്ട്."
"ഗ്രീഷ്മയ്ക്ക് ശാലിനിയോട് തോന്നിയ വൈരാഗ്യത്തിന്റെ കാരണം എന്തായിരുന്നു?"
"വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ശാലിനി. നല്ല സ്വഭാവത്തിന്നുടമയായ അവളെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. അവളെ അപമാനിക്കുവാനുള്ള അവസരങ്ങൾ ഓരോന്നായി ഗ്രീഷ്മ ഒരുക്കിക്കൊണ്ടിരുന്നു."
"ശരി, അലീന പൊയ്ക്കോളൂ. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിപ്പിക്കും."
"ശരി സാർ."
അലീന പോയിക്കഴിഞ്ഞപ്പോൾ മേട്രൻ മുറിയിലേക്കു ചെന്നു.
"മാഡം, ഗ്രീഷ്മ എന്ന കുട്ടിയേയും അവരുടെ കൂട്ടുകാരികളേയും ഒന്നു വിളിക്കാമോ?"
"വിളിക്കാം സാർ. ഒരാൾ ഒഴിച്ച് ബാക്കി രണ്ടു പേരും ഇവിടെയുണ്ട്. നീതു ഡ്യൂട്ടിയിലാണ്."
ഗ്രീഷ്മയേയും ലിൻസിയേയും വിളിക്കാനായി മേട്രൻ ആളിനെ വിട്ടു. ആശങ്കകളുടെ ഏണിപ്പാലത്തിലൂടെ സഞ്ചരിച്ച് ഇൻസ്പെക്ടർ അവരേയും പ്രതീക്ഷിച്ചിരുന്നു.
'സംശയിച്ചതുപോലെ തന്നെ ശാലിനിയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത കൂടിവരികയാണ്.'
കസേരയിൽ നിന്നും എഴുന്നേറ്റ്, ഹോസ്‌റ്റലിന്റെ കോമ്പൗണ്ടിലേക്ക് കണ്ണുകൾ അയച്ചുകൊണ്ട് ഇൻസ്പെക്ടർ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു.
(തുടരും)
ഭാഗം 13
"കുട്ടികൾ എത്തി സാർ."
മേട്രന്റെ വാക്കുകൾ കേട്ട് ചിന്തയിൽ നിന്നുമുണർന്ന സബ് ഇൻസ്പെക്ടർ, ഇരുവരേയും അടിമുടി ഒന്നു നോക്കി.
"ആരാണ് ഗ്രീഷ്മ?"
"ഞാനാണ് സാർ."
"കുട്ടി വരൂ..."
മുറിക്കുള്ളിൽ കയറിയ ഗ്രീഷ്മയുടെ മുഖത്ത് ഭാവഭേദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
"എവിടെയാണ് ഗ്രീഷ്മയുടെ വീട്?"
"കാഞ്ഞിരപ്പള്ളിയിലാണ് സാർ."
"വീട്ടിൽ ആരൊക്കെയുണ്ട്?"
"പപ്പയും മമ്മിയും."
"സഹോദരങ്ങൾ?"
"ഞാൻ ഒറ്റമോളാണ്."
"മരണമടഞ്ഞ ശാലിനിയുമായി താൻ എങ്ങനെയായിരുന്നു?"
"ഞങ്ങൾ ഒരേ ബാച്ചിൽ പഠിക്കുന്നവരാണെങ്കിലും എനിക്ക് മാനസികമായി അവളോട് തീരെ അടുപ്പമില്ലായിരുന്നു."
"അതെന്താണ്, മറ്റുള്ളവർക്കെല്ലാം ആ കുട്ടിയെ വളരെയധികം ഇഷ്ടമായിരുന്നല്ലോ."
"പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് കരുതി എല്ലാവർക്കും അവളോടൊരു സിംപതി ഉണ്ടായിരുന്നു."
"പഠിക്കാൻ മിടുക്കിയും നല്ല സ്വഭാവത്തിന് ഉടമയുമായിരുന്ന ശാലിനിയെ വെറുക്കാൻ കുട്ടിക്ക് എന്തെങ്കിലും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടായിരുന്നോ?"
"അവളുടെ സ്വഭാവം ശരിയല്ലായിരുന്നു സാർ."
"ആ കുട്ടിയിൽ താൻ കണ്ട കുഴപ്പം എന്തായിരുന്നു?"
"ഡോക്ടേർസിനെയൊക്കെ മയക്കിയെടുക്കാൻ അവൾ മിടുക്കിയിയിരുന്നു."
"ഓഹോ... അങ്ങനെ ആരെയാണ് അവൾ മയക്കിയെടുത്തത്?"
"കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ വിനോദുമായി അവൾ നല്ല അടുപ്പത്തിലായിരുന്നു."
"അവിശ്വസിനീയമായ കാര്യങ്ങൾ ആണല്ലോ താൻ പറയുന്നത്?"
"എന്റെ കയ്യിൽ തെളിവുണ്ട് സാർ. അവർ തമ്മിൽ പലപ്പോഴും രഹസ്യമായി കണ്ടുമുട്ടാറുണ്ടായിരുന്നു. ഡോക്ടർ വിനോദ് പാവമാണ്. സ്നേഹം നടിച്ച് അവൾ വലയിൽ വീഴ്ത്തുകയായിരുന്നു."
"തന്റെ കയ്യിലുള്ള തെളിവുകൾ ഒന്നു കാണിക്കാമോ?"
ഗ്രീഷ്മ തന്റെ ഫോണിന്റെ ലോക്ക് തുറന്ന് ഒരു വീഡിയോ എടുത്ത് ഇൻസ്പെക്ടറിനെ കാണിച്ചു.
അരണ്ട വെളിച്ചത്തിൽ ആലിംഗനബദ്ധരായി നിൽക്കുന്ന ശാലിനിയുടേയും ഡോക്ടർ വിനോദിന്റേയും പ്രണയ രംഗങ്ങൾ ഇൻസ്പെക്ടറിനെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.
"സാർ, ഇവർ തമ്മിലുള്ള അരുതാത്ത ബന്ധം പല തവണ കണ്ടിട്ടുള്ളവർ വേറെയുമുണ്ട്. ശാരീരിക ബന്ധത്തിൽ വരെ ഇവർ ഏർപ്പിട്ടുണ്ട്. ഡോക്ടറിൽ നിന്നും ഗർഭിണിയായ അവൾ മാനക്കേടു മൂലം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് എന്റെ ബലമായ സംശയം."
"ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊക്കെ ഞങ്ങൾ കണ്ടുപിടിച്ചു കൊള്ളാം. അവരുടെ മരണകാരണങ്ങൾ ഇത്രയും ആഴത്തിൽ ഊഹിച്ച് കുട്ടി വിഷമിക്കേണ്ട."
ഗ്രീഷ്മയുടെ ഫോണിലെ വീഡിയോ തന്റെ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്തതിനു ശേഷം ഫോൺ തിരികെ നൽകി.
"താൻ ഇപ്പോൾ പൊയ്ക്കാളൂ ... ഇനിയും വിളിക്കുമ്പോൾ വരണം."
"ശരി സാർ."
ഗ്രീഷ്മ പോയതിനു ശേഷം ലിൻസിയെ മുറിയിലേക്ക് വിളിപ്പിച്ചു.
"എന്താണ് കുട്ടിയുടെ പേര്?
"ലിൻസി വർഗീസ്."
"മരിച്ചുപോയ ശാലിനിയെപ്പറ്റി എന്താണ് തന്റെ അഭിപ്രായം?"
"ശാലീന സൗന്ദര്യവും വിനയവും ഒത്തിണങ്ങിയ അവളെ, ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിരുന്നു."
"തനിക്കോ?"
"അല്പം അസൂയയോടെ ആയിരുന്നു ഞങ്ങൾ അവളെ നോക്കിയിരുന്നത്?"
"ആരൊക്കെയാണ് ഈ ഞങ്ങൾ?"
"ഗ്രീഷ്മ, നീതു, അലീന പിന്നെ ഞാൻ."
"നിങ്ങൾ നാലുപേരും അടങ്ങുന്ന ഒരു സംഘം, പലപ്പോഴും ശാലിനിയെ ദ്രോഹിച്ചിട്ടില്ലേ?"
"എല്ലാത്തിനും കാരണം ഗ്രീഷ്മയാണ് സാർ. അവൾക്ക് ശാലിനിയോട് ഒരു തരം പകയായിരുന്നു."
"അതെന്തിനായിരുന്നു?"
"ഗ്രീഷ്മ സ്നേഹിച്ചിരുന്ന ഡോക്ർ വിനോദിന് ശാലിനിയോടായിരുന്നു ഇഷ്ടം. അതറിഞ്ഞ നാൾ മുതൽ അവൾ ശാലിനിയെ വെറുക്കാൻ തുടങ്ങി. ആ പാവത്തിനെ ഒതുക്കാൻ അവൾ പല കെണികളും ഒരുക്കി. അവളെ പേടിച്ച് ഞാനും അതിനൊക്കെ കൂട്ടുനിന്നു. അതൊന്നും ഇഷ്ടമില്ലാതിരുന്ന അലീന ശക്തമായി പ്രതികരിച്ചപ്പോൾ, അവളെ സംഘത്തിൽ നിന്നും പുറത്താക്കി."
"നിങ്ങൾ മൂന്നുപേരും ഒരു മുറിയിലാണോ താമസിക്കുന്നത്?"
"ഗ്രീഷ്മയോടൊപ്പം നീതുവാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. അലീനയും ഞാനും ഒരുമിച്ചായിരുന്നു. എന്നാൽ ശാലിനിയുടെ മരണത്തിനു ശേഷം അലീന, ശാലിനി താമസിച്ചിരുന്ന മുറിയിൽ അഞ്ജലിയോടൊപ്പമാണ്. ഗ്രീഷ്മയോട് പിണങ്ങിയ നീതുവും ഞാനും ഇപ്പോൾ ഒരു മുറിയിലായി."
"ഈ അഞ്ജലി ആരാണ്?"
"ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. ശാലിനിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും അവൾ ഇതുവരേയും മുക്തയായിട്ടില്ല."
"നിങ്ങൾ ഗ്രീഷ്മയോട് പിണങ്ങാനുണ്ടായ കാരണം എന്താണ്?"
"അവസരം കിട്ടിയാൽ ശാലിനിയെ ദ്രോഹിച്ചു കൊണ്ടിരുന്ന ഗ്രീഷ്മയോട് ഞങ്ങൾക്കും ഭയമായിരുന്നു. ശാലിനിയുടെ മരണത്തിനു കാരണം അവളാണെന്നാണ് നീതു പറയുന്നത്. അതിന്റെ സത്യസ്ഥിതി ഒന്നും എനിക്കറിയില്ല സാർ."
"ശരി, കുട്ടി പൊക്കോളൂ... എന്നോട് പറഞ്ഞതൊന്നും ആരോടും വെളിപ്പെടുത്തരുത്. പ്രത്യേകിച്ചും ഗ്രീഷ്മയോട്."
"ശരി സാർ."
മുറിയിൽ നിന്നും ഇറങ്ങിവന്ന ഇൻസ്പെക്ടർ മേട്രനോട് പറഞ്ഞു:
"മാഡം, ഇപ്പോൾ ഞാനിറങ്ങുന്നു. നാളെ വന്ന് മറ്റുള്ളവരെ കാണാം. ശാലിനിയുടെ കൂട്ടുകാരി അഞ്ജലിയിൽ നിന്നും നീതു എന്ന കുട്ടിയിൽ നിന്നും കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്."
"അവരെ നാളെ വിളിക്കാം സാർ."
ആശുപത്രി റിസപ്ഷൻ കൗണ്ടറിൽ എത്തിയ ഇൻസ്പെക്ടറിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ അന്വേഷിച്ചു:
"എന്തു വേണം സാർ, ആരെയെങ്കിലും കാണാനാണോ?"
"എനിക്ക് ഡോക്ടർ വിനോദിനെ ഒന്നു കാണണമായിരുന്നു."
"ഡോക്ടർ വിനോദ് അവധിയിലാണ് സാർ. ഇനി ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ."
"അതു ശരി, അദ്ദേഹം എന്നു മുതലാണ് അവധിയിൽ പ്രവേശിച്ചത്."
"കഴിഞ്ഞ വ്യാഴാഴ്ച മുതൽ വരുന്നില്ല. വ്യാഴവും വെള്ളിയും രണ്ടു ദിവസത്തെ സെമിനാർ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് വീട്ടിൽ പോയിട്ടേ വരികയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. തിങ്കളാഴ്ച വരേണ്ടതായിരുന്നു. പക്ഷേ, ഒരാഴ്ച കൂടി അവധി നീട്ടിയെടുത്തിട്ടുണ്ട്."
"എവിടെയാണ് ഡോക്ടറിന്റെ വീട്?"
"പാലക്കാട് ആണ് സാർ."
"വിരോധമില്ലെങ്കിൽ വീടിന്റെ അഡ്രസ്സും ഫോൺ നമ്പറും ഒന്നു തരുമോ?
"തീർച്ചയായും സാർ."
സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഇൻസ്പെക്ടർ, ഡോക്ടർ വിനോദിനെ വിളിച്ചു.
"ഹലോ...." ഡോക്ടർ വളരെ ക്ഷീണിതനാണെന്ന് ശബ്ദത്തിൽ നിന്നും തിരിച്ചറിഞ്ഞു.
"ഹലോ, ഡോക്ടർ വിനോദ് അല്ലേ?"
"അതേ, ആരാണ് സംസാരിക്കുന്നത്?"
"ഞാൻ എസ്സ്. ഐ അരുൺ പോൾ ആണ്. ശാലിനിയുടെ മരണത്തിന്റെ അന്വേഷണച്ചുമതല എനിക്കാണ്. ഡോക്ടറിനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അവധിയിലാണെന്ന് അറിഞ്ഞു."
"അതേ സാർ. ഒരാഴ്ച കഴിഞ്ഞേ ഇനി വരികയുളളു. എന്നിൽ നിന്നും എന്താണ് അറിയേണ്ടത്, ചോദിച്ചോളൂ."
"ഇപ്പോൾ അവധിയെടുക്കാൻ തക്കവണ്ണം എന്തെങ്കിലും പ്രത്യേകിച്ച് ആവശ്യങ്ങൾ ഉണ്ടായിരുന്നുവോ?"
"വീട്ടിലേക്ക് വന്നിട്ട് കുറേ ദിവസങ്ങളായി, പിന്നെ അച്ഛന് നല്ല സുഖവുമില്ലായിരുന്നു."
"മരണപ്പെട്ട ശാലിനിയുമായി ഡോക്ടറിന് ഏതെങ്കിലും വിധത്തിൽ അടുപ്പമുണ്ടായിരുന്നോ?"
"ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണായിരുന്നു അവൾ. ഒരിക്കലും പിരിയുവാനാവാത്തവിധം ഹൃദയങ്ങൾ പരസ്പരം കൈമാറിയവരാണ് ഞങ്ങൾ. വിധിയുടെ ക്രൂര ഹസ്തങ്ങൾ ഇപ്പോൾ അവളെ എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്തു."
"അവരുടെ മരണ വാർത്ത ഡോക്ടർ എപ്പോഴാണ് അറിയുന്നത്?"
"വ്യാഴാഴ്ച സെമിനാർ കഴിഞ്ഞ് ഒത്തിരി വൈകിയാണ് വീട്ടിലെത്തിയത്. ഫോൺ സൈലന്റിൽ ആയിരുന്നതിനാൽ ആരുടേയും കോളുകൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്റെ തന്നെ ടീമിലുള ജൂനിയർ ഡോക്ടർ സാമിനെ തിരിച്ചു വിളിച്ചപ്പോഴാണ് ഞാൻ വിവരങ്ങൾ അറിയുന്നത്."
"ശാലിനിയുടെ മരണം, ആത്മഹത്യയായിരിക്കും എന്നുള്ള ഒരു നിഗമനത്തിലാണ് ഇപ്പോൾ ഞങ്ങൾ എത്തി നിൽക്കുന്നത്. ഡോക്ടറിന് എന്തെങ്കിലും സംശയം ഉണ്ടോ?"
"ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല സാർ. അവളോട് ശത്രുത വച്ചുപുലർത്തിയിരുന്ന ചില കുട്ടികൾ ഉണ്ട്.
ഞങ്ങളുടെ ബന്ധത്തിന്റെ ആഴമറിയാൻ അവർ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു."
പേരു കേട്ട ഒരു ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ മേധാവിയായ ഡോക്ടർ വിനോദിന് ഇങ്ങനെയൊരു ബന്ധത്തിന്റെ ആവശ്യം ഉണ്ടായിരുന്നുവോ എന്ന് ഇൻസ്പെക്ടർ അരുൺ ചിന്തിച്ചു.
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഒരു നഴ്സിംങ് വിദ്യാർത്ഥിനിയുമായി ഇദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർക്കുന്നത്, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുഖഛായയ്ക്കു തന്നെ മങ്ങലേൽപ്പിക്കും. അതിനാൽ അന്വേഷണ റിപ്പോർട്ടിൽ ഒരിടത്തും ഇദ്ദേഹത്തിന്റെ പേര് വരാതിരിക്കാൻ ശ്രദ്ധിക്കണം.
(തുടരും)
ഭാഗം 14
ശാലിനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് എന്താണ് സാർ?"
"വീഴ്ചയിലുണ്ടായ തലയിലെ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചിരിക്കുന്നു എന്നു മാത്രമാണ്. അസാധാരണമായി അതിൽ ഒന്നുമില്ല. വീഴ്ചയിലെ ദുരൂഹത കണ്ടുപിടിക്കേണ്ടതുണ്ട്.."
"ശാലിനിയുടെ മരണം എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. അവളെ അവസാനമായി ഒന്നു കാണണമെന്നുണ്ടായിരുന്നു."
"തൽക്കാലം അതു വേണ്ട ഡോക്ടർ. താങ്കൾ അവിടെ ചെന്നാൽ അതൊരു വാർത്തയാകും. മനസ്സിനെ നിയന്ത്രിക്കണം. മരിച്ചവർ പോയി, ഇനി ജീവിച്ചിരിക്കുന്നവരുടെ സ്വസ്ഥത കൂടി കളയണോ?"
"ഞാൻ ചെന്നില്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തി കിട്ടില്ല സാർ."
"അതൊക്കെ താങ്കളുടെ തോന്നലാണ്. അല്ലെങ്കിൽത്തന്നെ ഇത്തരമൊരു ബന്ധത്തിൽ, സ്വന്തം നിലയും വിലയും മറന്ന് ഡോക്ടർ ചെന്നു ചാടിയതു തന്നെ അബദ്ധമായിപ്പോയി."
”എന്നാലും അവസാനമായി ഒന്നു കണ്ടില്ലെങ്കിൽ അതെന്നും ഒരു കുറ്റബോധമായി ഹൃദയത്തെ കാർന്നുതിന്നും."
"ഡോക്ടറെപ്പോലെയുള്ളവർ ഇങ്ങനെയൊക്കെ പറയുന്നതു തന്നെ എനിക്കതിശയമായി തോന്നുന്നു. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി സ്വന്തം മുഖം രക്ഷിക്കാനാണ് നോക്കേണ്ടത്.
ഏതായാലും നിങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തൽക്കാലം ഞാൻ പുറത്തുവിടുന്നില്ല. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിക്കാം. ബൈ...."
"ശരി സാർ,"
'ശാലിനിയുടെ മരണം ഒരു ആത്മഹത്യയാണെന്നുള്ളത് തള്ളിക്കളയേണ്ടിയിരിക്കുന്നു. സംഭവം ഒരു കൊലപാതകമോ അപകടമരണമോ ആണെന്നുള്ളതും സ്ഥിതീകരിക്കേണ്ടിയിരിക്കുന്നു'
മൊബൈൽ ഫോൺ റിംങ് ചെയ്യുന്ന ശബ്ദംകേട്ട് എടുത്തു നോക്കി. സർക്കിൾ ഇൻസ്പെക്ടറാണ്.
"ഹലോ സാർ.."
"എന്തായി അരുൺ, ആ കുട്ടിയുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ? അന്വേഷണം ആരംഭിച്ചോ?"
"ദുരൂഹത ഉണ്ട് സാർ, അന്വേഷണത്തിന്റെ ഭാഗമായി പലരേയും ചോദ്യം ചെയ്തു."
"എന്നിട്ട് എന്തെങ്കിലും തുമ്പു കിട്ടിയോ?"
"മരിച്ച കുട്ടിയോട് പകയുണ്ടായിരുന്ന ഗ്രീഷ്മ എന്ന കുട്ടിയെ സംശയിക്കേണ്ടിയിരിക്കുന്നു. പലരുടേയും മൊഴികൾ അതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നതും."
"അവരെ ചോദ്യം ചെയ്തിരുന്നോ?"
"ചെയ്തിരുന്നു സാർ. കാര്യങ്ങൾ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാനാണ് അവർ ശ്രമിക്കുന്നത്."
"താങ്കൾ സമർത്ഥനായ ഒരു ഉദ്യോഗസ്ഥൻ ആണെന്ന് ഡിപ്പാർട്ട്മെന്റിൽ എല്ലാവർക്കും അറിയാവുന്നതാണല്ലോ. അന്വേഷണം സത്യസന്ധമായി പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു."
"വളരെ നന്ദി സാർ."
ശാലിനിയുടെ ശരീരവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് കട്ടപ്പനയിലെത്തിയപ്പോൾ ഡ്രൈവർ ചോദിച്ചു:
"സാർ, എങ്ങോട്ടാണ് പോകേണ്ടത്?"
കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ഒരാൾ പറഞ്ഞു:
"ഇവിടെ നിന്നും രണ്ടു കി.മീറ്റർ കഴിഞ്ഞാൽ വലതു വശത്തേയ്ക്ക് തിരിയുന്ന ഇടറോഡിലൂടെ മുന്നിലോട്ടു പോകണം."
"മുതലാളിയുടെ ബംഗ്ളാവിലേക്കാണോ അതോ ഇവരുടെ സ്വന്തം വീട്ടിലേക്കാണോ പോകുന്നത്?"
കൂട്ടത്തിലുള്ള മറ്റൊരാളുടെ സംശയം ചോദ്യരൂപേണ പുറത്തു വന്നു.
"ആദ്യം മുതലാളിയുടെ ബംഗ്ലാവിലോട്ടു തന്നെ പോകാം." ശാലിനിയുടെ അച്ഛൻ ഒരു തേങ്ങലോടെ പറഞ്ഞു.
ബംഗ്ളാവിലേക്കുള്ള വഴി, മുതലാളി തന്നെ ഡ്രൈവറിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.
വലിയൊരു ആൾക്കൂട്ടത്തിന്റെ മുന്നിലേയ്ക്ക് വല്ലാത്തൊരു ശബ്ദത്തോടെ ആംബുലൻസ് ചെന്നു നിന്നു. നാലഞ്ചു പേർ ചേർന്ന് ശാലിനിയുടെ ശരീരം വച്ചിരുന്ന കണ്ണാടിപ്പെട്ടി, വണ്ടിയിൽ നിന്നെടുത്ത് വീടിന്റെ മുറ്റത്ത് ഒരുക്കിയിരുന്ന, കറുത്ത തുണികൾ കൊണ്ട് അലങ്കരിച്ച പന്തലിൽ വച്ചു. കൂട്ട നിലവിളിയോടെ ആ മുഖം ഒരു നോക്കു കാണുവാൻ വേണ്ടിയുള്ള അവസരത്തിനായി കണ്ണുനീരോടെ എല്ലാവരും കാത്തുനിന്നു.
രണ്ടുമൂന്നു സ്ത്രീകൾ ശാലിനിയുടെ അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് പെട്ടിക്കരികിൽ കൊണ്ടു നിർത്തി. തന്റെ പ്രാണൻ തന്നെയായ മകളുടെ ചേതനയറ്റ ശരീരം വച്ച പെട്ടിയിലേക്ക് കമിഴ്ന്നു കിടന്ന് ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു.
തൊട്ടുപിറകെ ശോശാമ്മച്ചിയും ഇരുകൈകളും കൊണ്ട് നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ട് പാഞ്ഞു വന്നു.
"എന്റെ മോളേ, ഈ അമ്മച്ചിയെ വിട്ടിട്ട് നീ പോയല്ലോ... എനിക്കിനി ജീവിക്കണ്ടായേ...
എന്റെ ഈശോയേ... എന്നെക്കൂടി അങ്ങു വിളിക്കണേ... മോളേ... ശാലിനീ... അയ്യോ, ഇതൊന്നും കാണാൻ എനിക്ക് വയ്യായേ.."
രണ്ടു പേരേയും ആരൊക്കെയോ ചേർന്നു പിടിച്ചു മാറ്റി. കണ്ടുനിന്നവരുടെയെല്ലാം കണ്ണിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി.
ഒരു ഗ്രാമം മുഴുവൻ അവിടെ കൂടിയിരുന്നു. ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള രണ്ടു പോലീസുകാർ ആളുകളെ നിയന്ത്രിച്ചു കൊണ്ടിരുന്നു. സകലത്തിനും ഒരടുക്കും ചിട്ടയുമുണ്ടാക്കി.
എല്ലാം കണ്ടുകൊണ്ടു നിന്ന ശാലിനിയുടെ അച്ഛന്റെ ഉള്ളം നൊന്തുപിടഞ്ഞു. പൊഴിഞ്ഞു വീണ താരകം പോലെ ആ സാധുമനുഷ്യന്റെ സ്വപ്നവും കരിഞ്ഞുവീണു.
"മുതലാളീ, സംസ്കാരം എത്ര മണിക്കാണ്? കർമങ്ങളൊക്കെ എങ്ങനെയാണ്? അതിനുള്ള ഏർപാടൊക്കെ ചെയ്യണ്ടേ?" മുതലാളിയുടെ കാര്യസ്ഥൻ വന്നു ചോദിച്ചു.
"എനിക്കൊന്നുമറിയില്ല, അവളുടെ അച്ഛനോട് ചോദിച്ചിട്ട് എന്താണെന്നു വച്ചാൽ ചെയ്തോളൂ... പണം എത്രയാണെന്ന് വച്ചാൽ പറഞ്ഞാൽ മതി."
ഒരു ഗ്രാമത്തിലെ ആളുകൾ ഒഴുക്കിയ കണ്ണുനീർപ്പുഴയുടെ തീരത്തിലൂടെ ശാലിനിയുടെ അന്ത്യയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നു.
വൈകുന്നേരം നാലുമണിയോടുകൂടി അവളുടെ ജീവനറ്റ ശരീരം, ബംഗ്ലാവിൽ നിന്നും അവളുടെ ഓലമേഞ്ഞ കൊച്ചു വീടിന്റെ ഉമ്മറത്ത് കൊണ്ടു വച്ചു. വിലാപയാത്രയിൽ അപ്രതീക്ഷിതമായി പെയ്ത ചാറ്റൽ മഴയിലൂടെ പ്രകൃതിയും തന്റെ അനുശോചനം അറിയിച്ചു.
സൗകര്യങ്ങൾ കുറവാണെങ്കിലും ആരും തന്നെ പിരിഞ്ഞു പോയിരുന്നില്ല. ബന്ധുമിത്രാദികളെ കൂടാതെ ഗ്രാമത്തിലെ എല്ലാവരുടേയും സാന്നിധ്യത്തിൽ സംസ്കാരച്ചടങ്ങുകൾ തുടങ്ങി. വീടിനോട് ചേർന്നു കിടക്കുന്ന പുരയിടത്തിന്റെ പടിഞ്ഞാറേ മൂലയിൽ തയ്യാറാക്കിയ കുഴിമാടത്തിൽ, കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ശാലിനിയുടെ ദേഹം
അടക്കം ചെയ്തു. വിങ്ങുന്ന വേദനയോടെ എല്ലാവരും ആ ചടങ്ങിന് സാക്ഷ്യം വഹിച്ചു.അവളെ സ്നേഹിച്ചിരുന്നവരുടെ ഹൃദയം, പുക്കളായും ഇലകളായും കണ്ണീരായും അവളുടെ കുഴിമാടത്തിൽ അർപ്പിച്ചു.
എല്ലാം കഴിഞ്ഞ് തേങ്ങലോടെടെയാണ് ആളുകൾ പിരിഞ്ഞു പോയത്. ഇങ്ങനെയൊരു സംഭവം ആ നാട്ടിൽ ആദ്യമായിട്ടാണ്. ഗ്രാമത്തിന്റെ ഐശ്വര്യമാണ് പൊലിഞ്ഞു വീണത്. ഒരു നാടിന്റെ സ്വപ്നമാണ് മണ്ണിനടിയിലായത്. കരഞ്ഞു കരഞ്ഞ് പുരയുടെ ഉള്ളിൽ തളർന്നു കിടക്കുന്ന അവളുടെ അമ്മയുടെ അരികിൽ സർവതും നഷ്ടപ്പെട്ട നായി കൂനിക്കൂടിയിരിക്കുന്ന അച്ഛനെന്ന സാധുവായ മനുഷ്യൻ!
ചടങ്ങിലുടനീളം സന്നിഹിതരായിരുന്ന പോലീസുകാർ അതിശയത്തോടെ പരസ്പരം പറഞ്ഞു:
"ഇന്നുവരെ ഇങ്ങനെയൊരു മരണം കണ്ടിട്ടില്ല."
"വാസ്തവം, പാവം കുട്ടി! ശരിക്കും അവൾ മരിച്ചത് എങ്ങനെ ആയിരിക്കും?"
"എന്തായാലും ആത്മഹത്യ ചെയ്തതായിരിക്കില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാനേ തരമുള്ളൂ..."
"അങ്ങനെയാണെങ്കിൽ അവളുടെ ബന്ധുക്കൾക്ക് പരാതി ഉണ്ടാവില്ലേ?"
"അവിടുത്തെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്."
"ഇവിടെ അന്തരീക്ഷമാെക്കെ ശാന്തമായല്ലോ, ഇനി നമുക്ക് പോയാലോ?"
"ശരി, ബംഗ്ലാവിൽ കയറി മുതലാളിയെ ഒന്നു കണ്ടിട്ടു പോകാം."
ബംഗ്ലാവും പരിസരവുമെല്ലാം ശോകമൂകമായി കിടക്കുന്നു. ആരേയും പുറത്തു കാണാഞ്ഞതിനാൽ കാളിംഗ് ബെൽ അമർത്തി കാത്തു നിന്നു.
വാതിൽ തുറന്നു പുറത്തേയ്ക്കു വന്ന പരിചാരകനോട് മുതലാളിയെ കാണണമെന്ന് പറഞ്ഞു.
"മുതലാളി ക്ഷീണിച്ചു കിടക്കുകയാണ്. കൊച്ചമ്മയും കിടപ്പാണ്. ഇന്നത്തെ ദിവസം ആരും ഒന്നും കഴിച്ചിട്ടില്ല."
"എങ്കിൽ ശരി, അവർ കിടന്നോട്ടെ, ഞങ്ങൾ നാളെ വരാം."
"ആരാടാ ശശീ അത്?" സംസാരം കേട്ടുകൊണ്ട് മുതലാളി ഇറങ്ങി വന്നു.
"ആ... നിങ്ങളായിരുന്നോ? കാര്യങ്ങളെല്ലാം നന്നായി ക്രമീകരിച്ചു. നിങ്ങളോടെങ്ങനെ നന്ദി പറയണമെന്നറിയില്ല."
"അയ്യോ മുതലാളി, അതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയല്ലേ."
"നിങ്ങൾ ഇരിക്കൂ... ഞാനിതാ വരുന്നു."
രണ്ടു പോലീസുകാരുടേയും പോക്കറ്റിൽ പൈസ തിരുകി വച്ചിട്ട് മുതലാളി പറഞ്ഞു:
"ഇതിരിക്കട്ടെ, ഉച്ചഭക്ഷണം പോലും കഴിക്കാതെ രണ്ടുപേരും കഷ്ടപ്പെട്ടതല്ലേ."
"അതൊന്നും സാരമില്ല മുതലാളീ, ഞങ്ങളുടെ കടമ ചെയ്തെന്നേയുള്ളൂ.."
"എങ്കിലും നിങ്ങളുടെ ആത്മാർത്ഥത എനിക്കിഷ്ടപ്പെട്ടു."
"താങ്ക് യൂ മുതലാളീ.."
"ഈ മരണത്തെപ്പറ്റി അന്വേഷിക്കാൻ പരാതി കൊടുത്തിരുന്നോ? ഇതൊരു ആത്മഹത്യയായി ഞങ്ങൾക്കു തോന്നുന്നില്ല."
"അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. സംഭവം നടന്ന സ്ഥലത്തുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവർ ചിലപ്പോൾ ഇവിടെയും വന്നേക്കും. അവളുടെ ആത്മാവിന് നീതി കിട്ടിയാൽ മതിയായിരുന്നു." ആകുലതകൾ നിറഞ്ഞ മനസ്സുമായി മുതലാളി മുറിയിലേക്കു നടന്നു.
(തുടരും)
ഭാഗം 15
ശാലിനിക്കുണ്ടായ ദാരുണമായ ദുരന്തത്തിന്റെ കുരുക്കുകൾ അഴിക്കുവാൻ രാപകൽ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഇൻസ്പെക്ടർ അരുൺ പോൾ.
ഉറക്കം വരാത്ത കൺപോളകളോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അരുണിനെ കണ്ട് ഭാര്യ ചോദിച്ചു:
"ഇച്ചായനെന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നത്? ഇത് ആദ്യത്തേതൊന്നുമല്ലല്ലോ, ഇതിനേക്കാൾ കുഴപ്പം പിടിച്ച എത്രയെത്ര കേസ്സുകൾ പുഷ്പം പോലെ തെളിയിച്ചിട്ടുണ്ട്. അതു പോലെ ഇതിൽ മറഞ്ഞിരിക്കുന്ന കറുത്ത കരങ്ങളേയും വെളിച്ചത്തു കൊണ്ടുവരാൻ ഇച്ചായന് സാധിക്കും."
"നീ വിചാരിക്കുന്നതു പോലെ ഈ കേസ്സ് അത്ര നിസ്സാരമല്ല, വളരെ സെൻസിറ്റീവ് ആയ ഒന്നാണ്. നൂറു ശതമാനവും ആത്മഹത്യയാണെന്നു തോന്നിപ്പിക്കുന്ന ഒന്ന്. ഒരുപാട് പേരെ ചോദ്യം ചെയ്തതിൽ നിന്നും ആ കുട്ടിക്ക് ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നതാണ് വ്യക്തമാകുന്നത്."
"എങ്കിൽ അപകടമരണമോ കൊലപാതകമോ ആയിരിക്കും. അതെന്താണെന്ന് കണ്ടുപിടിച്ച് തെളിയിക്കണം."
"അപകടമരണമാകാനുള്ള സാദ്ധ്യതകളും കുറവാണ്. അലക്കിയ തുണി വിരിക്കാൻ ടെറസ്സിൽ പോയ കുട്ടിക്ക് പടിഞ്ഞാറേ മൂലയിലുള്ള ഇടിഞ്ഞു പൊളിയാറായ തിട്ടയിൽ ചവിട്ടേണ്ട ഒരു കാര്യവുമില്ല. അങ്ങനെയാകുമ്പോൾ ആരെങ്കിലുമായുള്ള മൽപിടിത്തത്തിലോ പിറകിൽ നിന്നുമുള്ള ശക്തമായ തള്ളലിലോ മറ്റോ ആയിരിക്കണം വീഴ്ച സംഭവിച്ചിട്ടുള്ളത്. ആ മറഞ്ഞിരിക്കുന്ന കറുത്ത കൈകളെയാണ് സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടത്."
"ഇതുവരെ ചോദ്യം ചെയ്തതിൽ നിന്നും ആരെയെങ്കിലും സംശയമുണ്ടോ?"
"മരിച്ചുപോയ ശാലിനിയോട് അസൂയയും വൈരാഗ്യവും ഉള്ള ഗ്രീഷ്മ എന്ന കുട്ടിയെ ഒന്നു കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു."
"അധികമൊന്നും ആലോചിച്ച് ബി.പി കൂട്ടാതെ കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്."
അസ്വസ്ഥമായ മനസ്സോടെ ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. കൃത്യം എട്ടുമണിക്കു തന്നെ ഹോസ്റ്റലിൽ എത്തി മേട്രനെ കണ്ട്, അഞ്ജലിയോടും നീതുവിനോടും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
തികച്ചും ക്ഷീണിതയായിരുന്ന അഞ്ജലി, ഇൻസ്പെക്ടറിന് അഭിമുഖമായി കസേരയിൽ ഇരുന്നു.
"മരിച്ചു പോയ ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് നിങ്ങളെന്ന് ഇവിടെ എല്ലാവരും പറഞ്ഞു."
"ശരിയാണ് സാർ, എനിക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു അവൾ."
"നിങ്ങൾ തമ്മിൽ എത്ര കാലത്തെ സുഹൃത് ബന്ധമാണുള്ളത്?"
"ഇവിടെ വന്ന കാലം മുതൽ ഞങ്ങൾ അടുത്ത കൂട്ടുകാരാണ്. എല്ലാക്കാര്യങ്ങളും തുറന്നു സംസാരിക്കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു."
"ശാലിനിയുടെ മരണം ഉൾക്കൊള്ളാൻ തനിക്കിതുവരെ സാധിച്ചിട്ടില്ല എന്ന് മേട്രൻ പറഞ്ഞിരുന്നു. ശരിയാണോ?"
"ശരിയാണ് സാർ, അവൾ മരിച്ചുപോയി എന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും പറ്റുന്നില്ല."
"ശാലിനി ആത്മഹത്യ ചെയ്തതാണെന്ന് കുട്ടി വിശ്വസിക്കുന്നുണ്ടോ?
"തീർച്ചയായും ഇല്ല സാർ, ഒരിക്കലും ഒരു ആത്മഹത്യയെക്കുറിച്ച് അവൾ ചിന്തിക്കുക പോലുമില്ല."
"അതെന്താണ്?"
"ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടു നടക്കുന്ന, അത് പൂവണിയാൻ വേണ്ടി കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു അവൾ."
"ശാലിനിയോട് ശത്രുത പുലർത്തുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ?"
"ഗ്രീഷ്മ എന്ന കുട്ടിക്ക് അവളോട് അസൂയയും പകയും വൈരാഗ്യവും ഒക്കെ ആയിരുന്നു."
"അതിനുള്ള കാരണം എന്തായിരുന്നു?"
"ഒരു സാധു കുടുംബത്തിൽ നിന്നും വന്ന ശാലിനി, നന്നായി പഠിക്കുകയും എല്ലാവരും അവളെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നത് ഗ്രീഷ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
ഡോക്ടർ വിനോദിനെ സ്നേഹിച്ചിരുന്ന ഗ്രീഷ്മയെ അവഗണിച്ച് ശാലിനിയെ ഇഷ്ടപ്പെടുകയും തന്റെ ഹൃദയം ശാലിനിയുടെ മുന്നിൽ തുറന്നതുമെല്ലാം അറിഞ്ഞതിനുശേഷമാണ് ഗ്രീഷ്മ ശാലിനിയുടെ ശത്രുവായത്. അവസരം കിട്ടുമ്പോഴെല്ലാം അവളും സംഘവും ശാലിനിയെ അപമാനിച്ചിട്ടുണ്ട്."
"ഗാലിനിക്ക് ഡോക്ടർ വിനോദിനെ ഇഷ്ടമായിരുന്നോ?"
"ഇഷ്ടമായിരുന്നു, എങ്കിലും ഒരു പ്രണയ ബന്ധത്തിൽ വീഴാതെ അവർ പരമാവധി പിടിച്ചു നിന്നു. എന്നാൽ ഡോക്ടർ വിനോദിന്റെ നിരന്തരമായ പരിശ്രമം, അവളെ ആ സ്നേഹവലയ്ക്കുള്ളിൽ കൊരുത്തിട്ടു. അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയുമായിരുന്നു."
"ശാലിനിയുടെ മരണത്തിനു പിറകിൽ ഗ്രീഷ്മയാണെന്ന് സംശയമുണ്ടോ?"
"ഉണ്ട് സാർ, ശാലിനിയെ അപായപ്പെടുത്തിയത് അവൾ തന്നെ ആയിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവളുടെ വലംകൈ ആയിരുന്ന നീതുവിനും ഇതിനെക്കുറിച്ച് അറിവുകൾ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു."
"സംഭവം നടന്ന ദിവസം അഞ്ജലി ഇവിടെ ഉണ്ടായിരുന്നോ?"
"ഇല്ല സാർ, എനിക്കന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല."
അഞ്ജലിയുടെ സംസാരത്തിൽ ശാലിനിയോടു ള്ള ആത്മാർത്ഥമായ സ്നേഹം തുളുമ്പി നിന്നു.
"ശരി, കുട്ടി പൊയ്ക്കോളൂ... എന്താണ് സംഭവിച്ചതെന്ന് നമുക്ക് കണ്ടുപിടിക്കാം."
"സാർ ഒരു സത്യസന്ധനായ ഇൻസ്പെക്ടർ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്ങനെയായാലും എന്റെ ശാലിനിയുടെ ആത്മാവിന് നീതി ലഭിക്കണം. ഇതെന്റെ ഒരു അപേക്ഷയാണ്."
"എനിക്ക് കഴിയാവുന്ന വിധത്തിൽ പരമാവധി അതിന്നായി ശ്രമിക്കുമെന്ന് ഞാൻ വാക്കുതരുന്നു."
"താങ്ക്യൂ സാർ."
അഞ്ജലി മുറിയിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ നീതു ഇറങ്ങി വരുന്നത് കണ്ടു.
"എടീ, നീയും ഗ്രീഷ്മയും കൂടി എന്തിനാണ് എന്റെ ശാലിനിയെ കൊന്നത്?
അഞ്ജലി കോപത്തോടെ അവളുടെ തുണിയിലും മുടിയിലുമെല്ലാം പിടിച്ചു വലിച്ചു.
"എന്നെ വിട്, ഞാനല്ല... എനിക്കൊന്നുമറിയില്ല."
നല്ല ശക്തിയിൽ അഞ്ജലിയിൽ നിന്നും കുതറി മാറി താഴെയെത്തി.
ഇൻസ്പെക്ടറിന്റെ മുന്നിലിരുന്ന് നീതു വിയർത്തു കുളിച്ചു.
"കുട്ടി നന്നായി പേടിച്ചിട്ടുണ്ടല്ലോ, എന്തിനാണിത്ര ടെൻഷൻ?"
നീതുവിന്റെ ഉള്ളിലെ പരിഭ്രമവും പേടിയും അവളുടെ മുഖത്തു നിന്നും ഇൻസ്പെക്ടർ വായിച്ചെടുത്തു.
"ഇല്ല സാർ, എനിക്ക് ടെൻഷൻ ഒന്നും ഇല്ല."
വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു.
"മരിച്ചു പോയ ശാലിനിയോട് കുട്ടിക്ക് അടുപ്പമുണ്ടായിരുന്നോ?"
"ഞങ്ങൾ ഒരു ബാച്ചിലായിരുന്നെങ്കിലും മാനസികമായി അത്ര നല്ല അടുപ്പത്തിൽ അല്ലായിരുന്നു."
"അതെന്തുകൊണ്ടാണ്?"
"ഗ്രീഷ്മയുടെ കൂടെയായിരുന്നു ഞങ്ങൾ."
"ഞങ്ങൾ എന്നു പറഞ്ഞാൽ?"
"ഗ്രീഷ്മയും ലിൻസിയും അലീനയും പിന്നെ ഞാനും."
"നിങ്ങളുടെ നാൽവർ സംഘത്തിന് ശാലിനിയെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്തായിരുന്നു?"
"എല്ലാ പരീക്ഷകളിലും അവൾക്കായിരുന്നു ഏറ്റവും ഉയർന്ന മാർക്കുകൾ ലഭിച്ചിരുന്നത്."
"അതുകൊണ്ട് നിങ്ങൾക്ക് അവരോട് ഒരു തരം അസൂയയിരുന്നു അല്ലേ?"
"എല്ലാവർക്കും അവളോടായിരുന്നു ഇഷ്ടം."
"എല്ലാവർക്കും എന്നു പറഞ്ഞാൽ?"
"എല്ലാ ടീച്ചേർസിനും ഡോക്ടേർസിനും മറ്റുള്ള കുട്ടികൾക്കുമെല്ലാം..."
"അതൊക്കെ നല്ല കാര്യങ്ങൾ ആയിരുന്നല്ലോ, അത്രയ്ക്കും നല്ല സ്വഭാവത്തിനുടമയായിരുന്നോ മരിച്ചുപോയ ശാലിനി?"
"എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്."
"എന്നിട്ട് ഇപ്പോഴും നിങ്ങൾ നാലുപേരും ഒരുമിച്ചാണോ?"
"അല്ല സാർ, ഇപ്പോൾ ഗ്രീഷ്മവുമായി എല്ലാവരും പിണങ്ങി."
"അതെന്തിനാണ്?"
"ശാലിനിയെ പലപ്പോഴും അപമാനിക്കുകയും ദ്രോഹിക്കുകയും മറ്റും ചെയ്തിരുന്നതിൽ അലീനയ്ക്ക് എതിർപ്പുണ്ടായിരുന്നു അവൾ പ്രതികരിച്ചപ്പോൾ സംഘത്തിൽ നിന്നും പുറത്താക്കി. ഗ്രീഷ്മയുടെ എല്ലാ തോന്നിവാസത്തിനും ഞങ്ങൾ കൂട്ടുനിന്നു. എന്നാൽ ശാലിനിയുടെ മരണശേഷം ഞാനും ലിൻസിയും ഗ്രീഷ്മയോട് പിണങ്ങി."
"ശാലിനിയുടെ മരണത്തിൽ ഗ്രീഷ്മയ്ക്കു കയ്യുണ്ടായിരുന്നു എന്നറിഞ്ഞതു കൊണ്ടല്ലേ നിങ്ങൾ അവരുമായി പിണങ്ങിയത്."
"അതേ സാർ."
"ഗ്രീഷ്മകാരണമാണ് ശാലിനി മരിച്ചതെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്?"
"അതേസാർ."
"അങ്ങനെ വിശ്വസിക്കാനുള്ള കാരണമെന്താണ്? സംഭവ ദിവസം നിങ്ങൾ ഗ്രീഷ്മയോടൊപ്പം മുറിയിൽ ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു സാർ."
"അന്ന് എന്താണ് സംഭവിച്ചത്, പറയൂ..."
ശാലിനിയുടെ മരണവുമായി ഗ്രീഷ്മയ്ക്കുള്ള ബന്ധം പറയണോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു. ഇപ്പോൾ പിണക്കത്തിലാണെങ്കിലും വർഷങ്ങളായി തമ്മിലുണ്ടായിരുന്ന ആത്മബന്ധം, ഗ്രീഷ്മയെ ഒറ്റിക്കൊടുക്കുന്നതിൽ നിന്നും അവളെ വിലക്കി.
(തുടരും)
ഭാഗം 16
തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ചിന്തകളിൽ മുഴുകിയിരിക്കുന്ന നീതുവിനോട് ഇൻസ്പെക്ടർ അരുൺ പോൾ ചോദിച്ചു.
"കുട്ടി എന്താണ് ആലോചിക്കുന്നത്?"
"ഒന്നുമില്ല സാർ."
"എങ്കിൽ പറയൂ, ശാലിനിയുടെ മരണം നടന്ന ദിവസം വൈകിട്ട് നിങ്ങൾ രണ്ടുപേരും എവിടെ ആയിരുന്നു?"
"ഞങ്ങൾ മുറിയിൽ ഉണ്ടായിരുന്നു സാർ. ഞാൻ എവിടെയും പോയില്ല."
"ഗ്രീഷ്മ പുറത്തു പോയിരുന്നോ?"
"അവൾ.... ഇല്ല, അവളും പോയിട്ടില്ല."
"കുട്ടി എന്തോ മറയ്ക്കുന്നുണ്ടല്ലോ, കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നവർക്കും ശിക്ഷകിട്ടുമെന്ന് അറിയില്ലേ?"
"ഞങ്ങളാരും തന്നെ ഒരു കുറ്റവും ചെയ്തിട്ടില്ല സാർ, ഞാൻ ആരേയും സംരക്ഷിക്കാൻ ശ്രമിക്കുന്നതുമില്ല."
"അന്നു വൈകുന്നേരം തുണി വിരിക്കാൻ ടെറസ്സിലേക്ക് പോയ ശാലിനിയുടെ പിറകേ നിങ്ങൾ എന്തിനാണ് പോയത്?"
"അയ്യോ സാർ, ഞാൻ പോയിട്ടില്ല."
"പിന്നെ, ഗ്രീഷ്മ തന്നെയാണോ പോയത്?"
"അതേ സാർ."
"എന്തിനാണ് ശാലിനി അറിയാതെ, ഗ്രീഷ്മ അവളെ അനുഗമിച്ചത്?"
"അതെനിക്കറിയില്ല സാർ."
"തനിക്കതറിയാമെന്ന് എനിക്കുറപ്പുണ്ട്. അന്നു നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി ഒന്നു പറയാമോ?"
"ഗ്രീഷ്മ ഒരു മാസ്ക്കുമെടുത്തു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു."
"എന്തു പറഞ്ഞിട്ടാണ് പോയത്?"
"തുണി വിരിക്കാൻ ശാലിനി ടെറസ്സിലോട്ട് പോയിട്ടുണ്ടെന്നും അവളെ ഒന്ന് പേടിപ്പിച്ചിട്ടു വരാമെന്നും പറഞ്ഞു."
"എങ്ങനെ പേടിപ്പിക്കാനായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശം?"
"കണ്ടാൽ പേടി തോന്നുന്ന ഡ്രാക്കുളയുടെ പോലത്തെ മുഖാവരണമണിഞ്ഞു കൊണ്ടാണ് പോയത്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല."
"ഗ്രീഷ്മ എപ്പോഴാണ് തിരിച്ചു വന്നത്?"
"അരമണിക്കൂറിനുള്ളിൽത്തന്നെ അവൾ മടങ്ങിവന്നു."
"മുറിയിൽ എത്തിയ ശേഷം അവർ എന്താണ് പറഞ്ഞത്?"
"അവൾ നന്നായി ഭയന്നിരുന്നു സാർ. പേടിച്ച് വിറച്ച് മുറിയുടെ ഒരു മൂലയിൽ പോയി കുനിഞ്ഞിരുന്നു. എന്താണുണ്ടായതെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. മനസ്സിന് വിഭ്രമം ബാധിച്ച ഒരാളിനെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു."
"അവർ പറഞ്ഞത് എന്താണെന്ന് അല്പമെങ്കിലും ഓർമയുണ്ടോ?"
"പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ... 'ഞാനൊന്നും ചെയ്തിട്ടില്ല, ഞാനല്ല... ഞാനല്ല' എന്നൊക്കെ അവൾ പുലമ്പിക്കൊണ്ടിരുന്നു."
"പിന്നെ എപ്പോഴാണ് ശാലിനിയുടെ മരണ വാർത്ത കുട്ടി അറിയുന്നത്?"
"എത്രയൊക്കെ ചോദിച്ചിട്ടും അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ലിൻസിയേയും വിളിച്ചുകൊണ്ട് പുറത്തിറങ്ങി നോക്കി."
"എന്നിട്ട്?"
"അടുക്കളയുടെ പിറകുവശത്തോട്ട് ആരൊക്കെയോ ഓടിപ്പോകുന്നത് കണ്ട്, ആകാംക്ഷ നിറഞ്ഞ മനസ്സുമായി അരണ്ട വെളിച്ചത്തിൽ ആ ഭാഗത്തേയ്ക്ക് ഞങ്ങളും ഓടി."
"നിങ്ങൾ അവിടെയെത്തുമ്പോൾ കണ്ട കാഴ്ച ഒന്നു വിവരിക്കാമോ?"
"അയ്യോ... ഓടിവരണേ... എന്റെ ദൈവമേ... എന്നൊക്കെ ആരോ ഉറക്കെ നിലവിളിച്ചു പറയുന്നതു കേട്ട് ഹോസ്റ്റലിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോരുത്തർ ഓടിക്കൂടി. ഒരു ചെറിയ ആൾക്കൂട്ടത്തിന്നിടയിൽ നിന്നുകൊണ്ട് ഞങ്ങളും ആ കാഴ്ച കണ്ടു. കമിഴ്ന്നു കിടക്കുകയായിരുന്നതിനാൽ താഴെ വീണു കിടക്കുന്നത് ആരാണെന്ന് ആർക്കും മനസ്സിലായില്ലായിരുന്നു."
"അതാരാണെന്ന് അപ്പോൾത്തന്നെ നിങ്ങൾക്കറിയാമാരുന്നു അല്ലേ?"
"അതേ സാർ, ശാലിനിയെ ഭയപ്പെടുത്താൻ പോയ ഗ്രീഷ്മയുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ നിന്നും നടന്ന സംഭവം ഞാൻ വായിച്ചെടുത്തു. ഗ്രീഷ്മയ്ക്കു പറ്റിയ കയ്യബദ്ധമാണോ, അതോ അവളെക്കണ്ട് പേടിച്ച് താഴെ വീണതാണോയെന്നൊന്നും എനിക്കറിയില്ല."
"എന്തായാലും ആ കുട്ടിയുടെ മരണത്തിനു കാരണം ഗ്രീഷ്മ തന്നെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?"
"തീർച്ചയായും ഉണ്ട്. പക്ഷേ, ഗ്രീഷ്മ ഇതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ എന്നെയും ഉപദ്രവിക്കും. എനിക്കവളെ പേടിയാണ് സാർ."
"എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഗ്രീഷ്മ അറിയാൻ പോകുന്നില്ല. നിങ്ങളും ഇതൊന്നും ആരോടും വെളിപ്പെടുത്തരുത്. ഗ്രീഷ്മയോടുള്ള പിണക്കങ്ങൾ ഒക്കെ മറന്ന് പഴയതു പോലെ അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കണം."
"മുൻപത്തെപ്പോലെ അവളെ സ്നേഹിക്കാൻ ഇനി എനിക്ക് കഴിയില്ല സാർ. ചില സമയങ്ങളിൽ ഒരു മാനസിക രോഗിയെ പ്പോലെയാണ് അവൾ പെരുമാറുന്നത്. അതിനാൽ എനിക്ക് പേടിയാണ്."
"അതുകൊണ്ടാണ് പറഞ്ഞത്, അവരെ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തുന്നത് ശരിയല്ല. അവളുടെ മനസ്സ് അറിയുന്ന പഴയ കൂട്ടുകാരിയായി ഒപ്പം കഴിയണം. ഗ്രീഷ്മയുടെ ചിന്തകളും പ്രവൃത്തികളും നീരീക്ഷിച്ച് എന്നെ അറിയിക്കുകയും വേണം. എന്തു പറയുന്നു?"
"അങ്ങനെ ചെയ്യാം സാർ."
"ശരി, എങ്കിൽ കുട്ടി ഇപ്പോൾ പൊയ്ക്കോളൂ... ഞാൻ ആവശ്യപ്പെടുമ്പോൾ മാത്രം വിവരങ്ങൾ അറിയിച്ചാൽ മതി."
"ശരി സാർ."
മേട്രന്റെ മുറിയിൽ നിന്നും ഇറങ്ങിയ നീതു, മുറിയിൽ ചെന്ന് തന്റെ സാധനങ്ങളെല്ലാം എടുത്ത് ഗ്രീഷ്മയുടെ മുറിയിൽ കൊണ്ടുവന്നു വച്ചു. ഒരു പുതിയ ഷീറ്റെടുത്ത് കട്ടിലിൽ വിരിച്ചിട്ട് കണ്ണുമടച്ചു കിടന്നു.
ഇൻസ്പെക്ടറുടെ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിൽ അവൾ ആനന്ദിച്ചു.
സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിന് മുന്നിൽ വണ്ടി നിർത്തിയിറങ്ങിയ അരുൺ പോൾ അദ്ദേഹത്തെ കാണാനായി മുറിയിലേക്ക് ചെന്നു.
" ഗുഡ് മോർണിംഗ് സാർ."
"ഗുഡ് മോർണിംഗ്, അരുൺ ഇരിക്കൂ."
"സാർ തിരക്കാണോ?"
"ചില പ്രശ്നങ്ങളുമായി കുറച്ച് തിരക്കാണ്. എന്തായി കാര്യങ്ങൾ, സംശയിക്കാൻ തക്കവണ്ണം ആരെയെങ്കിലും കിട്ടിയോ?"
"മൂന്നുനാലു പേരെ ചോദ്യം ചെയ്തതിൽ നിന്നും സംശയത്തിന്റെ ചൂണ്ടുവിരലുകൾ ഒരു കുട്ടിയിലേക്കു തന്നെ നീളുന്നു."
"അങ്ങനെയോ, ആരാണാ കുട്ടി?"
"ഞാൻ അന്നു പറഞ്ഞിരുന്ന ആൾ തന്നെയാണ് സാർ."
"ആര്, ആ കാഞ്ഞിരപ്പള്ളിയിലെ ചെറിയാച്ചന്റെ മകളോ?"
"അതേ സാർ, ശാലിനിയുടെ മരണത്തിന് പിറകിലെ കറുത്ത കരങ്ങൾ ഗ്രീഷ്മ ചെറിയാന്റേതാണ്."
"വെറും സംശയം മാത്രമല്ലേയുള്ളൂ, ഉറപ്പിക്കാറായിട്ടൊന്നും ഇല്ലല്ലോ അല്ലേ? ചെറിയാൻ നമുക്ക് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ട് എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്."
"ഇല്ല സാർ, ആ കുട്ടിയെ ഒന്നുകൂടി ചോദ്യം ചെയ്താലോ എന്ന് വിചാരിക്കുകയാണ്."
"ഉടനെ വേണ്ട അരുൺ, ഞാൻ ചെറിയാച്ചനോട് ഒന്നു സംസാരിക്കട്ടെ."
"ശരി സാർ, എങ്കിൽ ഞാനിറങ്ങട്ടെ."
"ആയിക്കോട്ടെ, ഞാൻ വിളിക്കാം."
അരുൺ അവിടെ നിന്നും പോയതിനുശേഷം ചിന്തകളിൽ മുഴുകിയ സർക്കിൾ ഇൻസ്പെക്ടർ, തന്റെ ഒരു ബന്ധുകൂടിയായ ചെറിയാച്ചനെ ഫോണിൽ വിളിച്ചു.
"ഹലോ.."
"ഹലോ...ചെറിയാച്ചായനല്ലേ? ഞാൻ ആന്റോ ആണ്."
"ആ... മനസ്സിലായേ, പോലീസ് ഏമാന് ഈയുള്ളവന്റെ നമ്പരൊക്കെ ഓർമയുണ്ടോ? കുറേക്കാലമായല്ലോടാ നിന്റെ ശബ്ദമൊന്നു കേട്ടിട്ട്."
"എന്തു ചെയ്യാനാണ് അച്ചായാ, തിരക്കോട് തിരക്ക് തന്നെ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
"ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ലെടാ, കുറച്ചു റബറും കാര്യങ്ങളുമായി അങ്ങനെയങ്ങു കഴിഞ്ഞുകൂടുന്നു."
"അച്ചായന്റെ മകളുടെ പഠിത്തമൊക്കെ കഴിയാറായോ?"
"ഇനി ഒരു കൊല്ലം കൂടിയുണ്ട്. എന്താടാ കാര്യം?"
"ചുമ്മാ ചോദിച്ചതാണ്, നാളെ ഉച്ചകഴിഞ്ഞ് ഞാൻ അങ്ങോട്ടു വരുന്നുണ്ട്. അച്ചായൻ വീട്ടിൽ കാണുമല്ലോ അല്ലേ?"
"ഞാനെവിടെ പോകാനാണ്, വല്ല കല്യാണാലോചനയോ മറ്റോ ആണോടാ? നീ അല്പം നേരത്തേ ഇറങ്ങാൻ നോക്ക്, നല്ല താറാവു കറിയും കൂട്ടി ഉച്ചയ്ക്ക് ചോറുണ്ണാം."
"ശരി അച്ചായാ, രാവിലെ പള്ളിയിൽ പോയിട്ട് നേരേ അങ്ങു വന്നോളാം."
"കുടുബത്തെക്കൂടി കൂട്ടിക്കോടാ, എല്ലാവരേയും കണ്ടിട്ട് ഒത്തിരി നാളായി."
"അവരേയും കൊണ്ട് ഞാൻ പിന്നീട് വരാം അച്ചായാ. ഇപ്പോൾ ഞാൻ തനിയേ വരുന്നുള്ളൂ."
"ആയിക്കോട്ടെ, അപ്പോൾ നാളെ കാണാം."
ചെറിയാച്ചന്റെ ഭാര്യ അന്നമ്മയോട് വിവരങ്ങൾ പറഞ്ഞപ്പോൾ അവർക്കും സന്തോഷമായി. മകൾക്ക് കല്യാണാലോചനയുമായി വരുന്ന ആന്റോയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിൽ അവർ വളരെ ഉത്സാഹത്തോടെ വ്യാപൃതരായി.
(തുടരും)
ഭാഗം 17
രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, ഫോൺ അടിക്കുന്നത് കേട്ട് സബ് ഇൻസ്പെക്ടർ അരുണിന്റെ ഭാര്യ, ബീന പറഞ്ഞു.
"ആരാണോ ഇനി ഈ സമയത്ത്, മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റില്ലല്ലോ."
"നീ പിറുപിറുക്കാതെ ആ ഫോണിങ്ങു കൊണ്ടുത്തന്നേ."
"ആരാ ഇച്ചായാ?"
"കട്ട് ആയിപ്പോയി. ആരായാലും എന്തോ അത്യാവശ്യമാണെന്നു തോന്നുന്നു."
വേഗം ഭക്ഷണം കഴിച്ചുകഴിഞ്ഞ്, ആ നമ്പരിലോട്ട് തിരിച്ചു വിളിച്ചു.
"ഹലോ അരുൺ, ഞാൻ വിളിച്ചിരുന്നു."
"ഹലോ സാർ, ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതു വേറെ നമ്പർ ആണല്ലോ. ആരാണെന്ന് മനസ്സിലായില്ല."
"ഇതെന്റെ വൈഫിന്റെ നമ്പറാണ്. എന്റെ ഫോണിൽ തീരെ ചാർജില്ല."
"എന്താ സാർ വിളിച്ചത്, എന്തെങ്കിലും അത്യാവശ്യം?"
"ഒരു കാര്യം പറയാനായിരുന്നു. നാളെ ഞയറാഴ്ചയല്ലേ, അരുൺ ഫ്രീയാണോ?"
"നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. പളളിയിൽ പോകും. വൈകിട്ട് ഫാമിലിയേയും കൂട്ടി ഒന്നു പുറത്തു പോകണം. അത്രയേയുള്ളൂ."
"എങ്കിൽ എന്നോടൊപ്പം ഒരു സ്ഥലം വരെ വരാമോ?"
"എവിടെയാണ് സാർ?"
"താങ്കൾ പറഞ്ഞ ആ ഗ്രീഷ്മയുടെ വീട്ടിൽ പോയി കാര്യങ്ങൾ ഒക്കെ ഒന്ന് അവതരിപ്പിക്കണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഞാൻ പറഞ്ഞിരുന്നില്ലേ, ആ ചെറിയാച്ചൻ ഞങ്ങളുടെ ഒരു അകന്ന ബന്ധുവാണ്."
"ശരി സാർ, കാഞ്ഞിരപ്പള്ളിയിൽ അല്ലേ? ഞാനും വരാം. എത്രമണിക്കാണ് പോകേണ്ടത്?"
"പള്ളിയിൽ പോയി വന്നിട്ടു മതി. പതിനൊന്നു മണിയാകുമ്പോൾ ഞാൻ അവിടെയെത്താം. താൻ റെഡിയായി നിന്നാൽ മതി."
"ഓ.കെ. സാർ, നാളെ കാണാം, ഗുഡ് നൈറ്റ്."
"ശരി, ഗുഡ് നൈറ്റ്."
"ആരായിരുന്നു അത്, എവിടെപ്പോകുന്ന കാര്യമാണ് പറഞ്ഞത്?"
"അത് സർക്കിൾ ആയിരുന്നു. അദ്ദേഹത്തിനോടൊപ്പം നാളെ ഒരു യാത്രയുണ്ട്."
"എവിടേയ്ക്കാണ്?"
"കാഞ്ഞിരപ്പള്ളിയിൽ."
"അതെന്തിനാണ് അവിടെ പോകുന്നത്, അത് കോട്ടയം ജില്ലയിലല്ലേ?"
"അതേ.."
"അവിടെ ആരെ കാണാനാണാവോ!"
"അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്."
"എപ്പോഴാണ് പോകുന്നത്?"
"പള്ളിയിൽ പോയി വന്നിട്ട്. പതിനൊന്നു മണിക്ക് സാർ വന്ന് എന്നെ പിക്ക് ചെയ്യുമെന്നാണ് പറഞ്ഞത്."
"അപ്പോൾ നാളത്തെ ദിവസവും പോയിക്കിട്ടി."
ജീവന്റെ പാതിയായ ഭാര്യയുടെ പരിഭവങ്ങൾ സങ്കടങ്ങളായി മാറി.
"ഒരു പോലീസുകാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. കുടുംബാംഗങ്ങൾ അത് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാവണം."
"അതുകൊണ്ടാണല്ലോ ഈ വീട്ടിൽ ഇപ്പോഴും ഞാനുള്ളത്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ, എല്ലാം ഇട്ടെറിഞ്ഞ് എന്നേ പോകുമായിരുന്നു."
"ഓഹോ, നിന്റെ പ്രസംഗം മതിയാക്കിയിട്ട് വന്നു കിടക്കാൻ നോക്കെടീ..."
പരിദേവനങ്ങളുമായി കട്ടിലിന്റെ ഒരറ്റത്തു വന്നു കിടന്ന പ്രിയതമയെ വലതുകൈ കൊണ്ട് തന്റെ ശരീരത്തോടു ചേർത്തു കിടത്തി, അധരങ്ങളർത്തി കാതോരം മൊഴിഞ്ഞു:
"എന്നെ വിട്ടുപോകാൻ നിനക്കു കഴിയുമോ പൊന്നേ... നീ എന്റെ ജീവനല്ലേ, എന്റെ പ്രാണനിൽ നിന്നെ ഞാൻ തളച്ചിട്ടിരിക്കുകയല്ലേ..."
"ഓ പിന്നേ... മതി മതി, കിടക്കയിൽ കാണിക്കുന്ന ഈ സ്നേഹമൊക്കെ എന്തിനാണെന്ന് എനിക്കറിയാം. ഒരു സ്നേഹമുള്ള സിംഹം!"
"ഒന്നു പോടീ പൊട്ടി... ഇതുവരെ നീ എന്നെ മനസ്സിലാക്കിയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ എനിക്കു നല്ല സങ്കടമുണ്ട്."
"അയ്യോ ഇച്ചായാ, ഞാൻ വെറുതേ പറഞ്ഞതല്ലേ..."
സാന്ത്വനിപ്പിച്ചു കൊണ്ട് അവളുടെ കൈകൾ അയാളുടെ മാറിലെ രോമങ്ങൾക്കിടയിലൂടെ ഇഴഞ്ഞു നടന്നു.
"മോൾ ഉറങ്ങിയോ?"
"ഉറങ്ങിയെന്നാണ് തോന്നുന്നത്. ഞാൻ പോയി നോക്കിയിട്ടു വരാം."
"വേണ്ട പൊന്നേ, അവൾ ഉറങ്ങിക്കോളും. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ."
മഴപ്പെയ്ത്തു പോലെ പെയ്തിറങ്ങിയ അവരുടെ വികാരങ്ങളുടെ ഒടുവിൽ ഇരുവരും തളർന്നു കിടന്നുറങ്ങി.
ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വീതികുറഞ്ഞ റോഡിൽക്കൂടി സർക്കിൾ ഇൻസ്പെക്ടർ ആന്റണി അലക്സിന്റെ കാർ അവരേയും വഹിച്ചു കൊണ്ട് ഓടിക്കൊണ്ടിരുന്നു.
വശ്യമനോഹരമായ പ്രകൃതിയുടെ ദൃശ്യഭംഗികൾ ആസ്വദിച്ചു കൊണ്ട് അരുൺ പറഞ്ഞു:
"എത്ര മനോഹരമാണ് ഈ കാഴ്ചകൾ! മലനിരകൾ നീലാകാശത്തിനെ തൊട്ടു നിൽക്കുന്നതു പോലെ തോന്നുന്നു. മാമരങ്ങളാൽ ഹരിതാഭ ചാർത്തുന്ന വനമാലകൾ!"
"ആഹാ, ഉള്ളിലെ സാഹിത്യമൊക്കെ പുറത്തു വരുന്നല്ലോ, കവിതയെഴുതണമെന്ന് തോന്നുന്നുണ്ടോ?"
"ഏയ്, അങ്ങനെയൊന്നുമില്ല സാർ. പ്രകൃതിയുടെ ഒരു ആസ്വാദകനാണ് ഞാൻ."
നയന മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനരികിലെത്തിയപ്പോൾ അലക്സിന്റെ കാൽ അറിയാതെ ബ്രേക്കിലമർന്നു.
"എന്തു പറ്റി സാർ, വണ്ടിക്കെന്തെങ്കിലും?"
"പ്രകൃതിയുടെ ആരാധകനായ തനിക്കു വേണ്ടി നിർത്തിയതാണ്. നമുക്കിവിടെ ഇറങ്ങി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തിട്ടു പോകാം."
"ആയിക്കോട്ടെ, എനിക്ക് സന്തോഷമേയുള്ളൂ..."
ഇരുവരും വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് അരികിലായി നടന്നെത്തി.
വളരെ ഉയരത്തിൽ നിന്നും പാറയിടുക്കിലൂടെ തട്ടിച്ചിതറി അതി ശക്തമായ ഒഴുക്കോടെ താഴേയ്ക്ക് പതിക്കുന്ന തെളിനീർ, തടാകത്തിലൂടെ ചാലുകളായി ഒഴുകി നീങ്ങുന്നു.
വെള്ളത്തിൽ ഇറങ്ങി നിൽക്കണമെന്നുള്ള മോഹം മനസ്സിനെ കീഴടക്കുന്നുണ്ടെങ്കിലും പാന്റും ഷൂസും സോക്സുമൊക്കെ നനയുമെന്നുള്ളതിനാൽ അതു വേണ്ടെന്നുവച്ചു. രണ്ടുപേരുടേയും ക്യാമറയിൽ കുറച്ചു ഫോട്ടോകൾ ഒക്കെ പകർത്തിയതിനുശേഷം തിരികെ വന്ന് കാറിൽക്കയറി യാത്ര തുടർന്നു.
"മനസ്സിന് നല്ല കുളിർമ തോന്നുന്നു. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും ദൈവത്തിന്റെ ഒരു കയ്യൊപ്പുണ്ട്. നമ്മളെപ്പോലെയുള്ളവർക്ക് ഇതൊക്കെ ആസ്വദിക്കാൻ സമയം കിട്ടാറില്ലല്ലോ."
"ശരിയാണ് അരുൺ, ഫാമിലിയോടൊപ്പം എവിടെയെങ്കിലും ഒന്ന് കറങ്ങാൻ പോയിട്ട് വർഷങ്ങളായി. 'അലക്കൊഴിഞ്ഞിട്ട് നേരമില്ലെ'ന്നുപറയുന്നതുപോലെയാണ് നമ്മുടെയൊക്കെ ജീവിതം."
"എന്റെ സ്ഥിതിയും അതുതന്നെയാണ് സാർ. മിക്ക രാത്രികളിലും പരാതിയും പരിഭവങ്ങളുമായാണ് ബീന ഉറങ്ങാൻ കിടക്കുന്നത്. നമ്മുടെ തിരക്കുകൾ ഒന്നും അവർക്കറിയണ്ടല്ലോ."
ഇരുവശത്തും നിരനിരയായി നീണ്ടു കിടക്കുന്ന റബർ തോട്ടങ്ങളുടെ നടുവിലൂടെയുള്ള റോഡിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.
"ഈ കാണുന്നതൊക്കെ പലരുടേയും റബർ എസ്റ്റേറ്റുകളാണ്. നമ്മൾ കാണാൻ പോകുന്ന ചെറിയാനും ഒരു എസ്റ്റേറ്റ് മുതലാളിയാണ്. ക്രിസ്ത്യാനികളാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും. നല്ല പണച്ചാക്കുകൾ! കാഞ്ഞിരപ്പള്ളി അച്ചായൻമാർ എന്നു കേട്ടിട്ടില്ലേ?"
"ഉണ്ട് സാർ, ഗ്രീഷ്മയുടെ വീട്ടിൽ എത്താൻ ഇനിയെത്ര ദൂരമുണ്ട്?"
"ഇനി ഒരു അര മണിക്കൂർ കൂടി കഴിഞ്ഞാൽ നമ്മൾ അവിടെയെത്തും. ഡിഗ്രിക്കു പഠിക്കുമ്പോൾ കൂട്ടുകാരോടൊപ്പം ഒന്നുരണ്ടു പ്രാവശ്യം ഞാൻ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും കൂടി അന്ന് അടിച്ചു പൊളിച്ചു. പ്രായത്തിൽ മൂത്തതാണെങ്കിലും ചെറിയാച്ചൻ ആളൊരു രസികനാണ്. എന്റെ മമ്മിയുടെ പേരപ്പന്റെ മരുമകനാണ്."
"ഗ്രീഷ്മയെ സംബന്ധിച്ച വിവരങ്ങൾ പറയുമ്പോൾ അതയാൾ ഉൾക്കൊള്ളുമോ സാർ?"
"അതുകൊണ്ടാണ് ഞാൻ തന്നെയും ഒപ്പം കൂട്ടിയത്. ചോദ്യം ചെയ്തവരിൽ നിന്നും ഗ്രീഷ്മയെപ്പറ്റി അറിഞ്ഞ കാര്യങ്ങൾ വിശദമായി തനിക്ക് പറയാൻ കഴിയുമല്ലോ. മാതാപിതാക്കളിൽ നിന്നും അവളുടെ സ്വഭാവ രീതികൾ മനസ്സിലാക്കണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് ഫയൽ ക്ലോസ് ചെയ്യുകയും വേണം."
"പക്ഷേ, ആ കുട്ടി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ?"
"അതിന് ദൃക്സാക്ഷികളെന്നു പറയാൻ ആരുമില്ലല്ലോ അരുൺ. സാഹചര്യത്തെളിവുകൾ മാത്രം വച്ച് കൊലപാതകം ചെയ്തിട്ടുണ്ടോയെന്ന് തീരുമാനിക്കാനും കഴിയില്ലല്ലോ."
"എങ്കിലും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരും."
"അതു ചെയ്യാൻ തടസ്സമൊന്നും ഉണ്ടാവില്ല. ചെറിയാച്ചായനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതിനു ശേഷം അങ്ങനെ ചെയ്യാമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലേ നല്ലത്."
"അതേ സാർ."
റോഡിന്റെ വലതു വശത്തു കണ്ട ഒരു വലിയ ഇരുനിലക്കെട്ടിടത്തിനു മുൻപിൽ വണ്ടി നിർത്തി. തുറന്നു കിടന്നിരുന്ന ഗേറ്റിനുള്ളിൽ കൂടി വിശാലമായ മുറ്റത്ത് പാർക്കു ചെയ്തതിനു ശേഷം രണ്ടു പേരും കാറിൽ നിന്നുമിറങ്ങി.
(തുടരും)
ഭാഗം 18
"ആഹാ... പറഞ്ഞ സമയത്തിനു തന്നെ നീ എത്തിയല്ലോ, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു."
വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് ചെറിയാച്ചൻ മുറ്റത്തേയ്ക്കിറങ്ങി വന്നു.
"അച്ചായാ, ഇത് എന്റെ സുഹൃത്ത് അരുൺ പോൾ. എസ്.ഐ ആണ്."
"നമസ്കാരം, എന്നെപ്പറ്റിയൊക്കെ ഇവൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?"
"സാർ എല്ലാം പറഞ്ഞിട്ടുണ്ട്. ഈ കാണുന്നതൊക്കെ അച്ചായന്റെ എസ്റ്റേറ്റാണോ?"
"വലതു വശത്തു കാണുന്നതൊക്കെ എന്റെ തോട്ടങ്ങൾ ആണ്. ഇതുകൂടാതെ അല്പം ദൂരെയായി മുപ്പതു ഏക്കർ വീതമുള്ള രണ്ടു തോട്ടങ്ങൾ കൂടിയുണ്ട്. ഞാനൊരു പാവമാണേ..."
"വെറും പാവമല്ല, എസ്റ്റേറ്റുടമയായ ഒരു പാവം മുതലാളി!"
എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ട് അകത്തേയ്ക്കുകയറി.
ആനക്കൊമ്പുകളും തടി കൊണ്ടുണ്ടാക്കിയ ആനകളും മാനിന്റെ തലകളുമൊക്കെയായി പ്രൗഢ ഗംഭീരമായി അലങ്കരിച്ചിരിക്കുന്ന വിശാലമായ സ്വീകരണമുറിയുടെ ഭിത്തികളിൽ അരുണിന്റെ കണ്ണുകൾ ഉടക്കി നിന്നു. വേട്ടയ്ക്കുപയോഗിക്കുന്ന വലിയൊരു തോക്ക് ഉറയിലിട്ട് തൂക്കിയിട്ടിരിക്കുന്നത് കണ്ട് അരുൺ ചോദിച്ചു:
"ആഹാ... മൃഗങ്ങളെയൊക്കെ വെടിവയ്ക്കാറുണ്ടോ?"
"ഓ... അങ്ങനെ പതിവൊന്നുമില്ല, എന്റെ സുഹൃത്തിന്റെ കൂടെ വല്ലപ്പോഴെങ്ങാനും ഒന്നിറങ്ങും."
"അച്ചായൻ ആളൊരു പുലിയാണല്ലോ!"
"അയ്യോ അങ്ങനെയൊന്നുമില്ല, ഞാനൊരു പാവമാണേ..."
"അന്നാമ്മേ... എടീ ഇങ്ങോട്ടൊന്നു വന്നേ, ആരൊക്കെയാ ഈ വന്നിരുക്കുന്നതെന്ന് നോക്കിക്കേ..."
ചെറിയാച്ചൻ അടുക്കളഭാഗത്തേയ്ക്കു നോക്കി നീട്ടി വിളിച്ചു.
സാരിയുടെ തുമ്പിൽ കയ്യും തുടച്ചുകൊണ്ട് അമ്പതു വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങിവന്നു.
"അന്നാമ്മച്ചേടത്തിയേ സുഖമാണോ, എന്തൊക്കയാണ് വിശേഷങ്ങൾ?"
"സുഖമാണോന്നു ചോദിച്ചാൽ, ഇതിയാന്റെ കൂടെയുള്ള ജീവിതമല്ലേ ആന്റോയേ... ഇങ്ങനെയൊക്കെ ഒരുവിധമങ്ങ് ജീവിച്ചു പോകുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊക്കെ സുഖമാണോ?"
"എല്ലാവരും സുഖമായിരിക്കുന്നു ചേടത്തി... ഇത് എന്റെ സുഹൃത്താണ്. എസ്സ്.ഐ അരുൺ പോൾ."
"അതേയോ, നമസ്കാരം."
"എന്നതാടീ എന്റെ കൂടെയുള്ള ജീവിതത്തിന് ഒരു കുഴപ്പം, അവള് പറയുന്നതു കേട്ടില്ലേ?"
"ഓ... ഒരു കുഴപ്പവുമില്ലേ... നേരം വെളുത്ത് ഇരുട്ടുന്നതുവരെ ചെയ്താലും തീരാത്ത പണികളാണ്. മുണ്ടക്കയത്തു നിന്നും എന്റെ ആങ്ങളമാര് എത്ര ജോലിക്കാരികളെ കൊണ്ടുവന്നതാണെന്നറിയാമോ? ഈ മനുഷ്യന്റെ സ്വഭാവം കാരണം ആരും ഇവിടെ നിൽക്കില്ലെന്നേ...."
"ഞാൻ എന്തു ചെയ്തെന്നാണ് നീ ഈ പറയുന്നത്? ഇല്ലാത്ത കാര്യങ്ങള് വിളിച്ചു കൂവാതെടീ..."
"നിങ്ങളുടെ കുറ്റം പറച്ചിലും ചീത്തവിളിയും കേട്ട് അഭിമാനമുള്ള ഒരാളും ഇവിടെ നിൽക്കില്ലെന്നേ. ഇപ്പോൾ രണ്ടുപേരുണ്ട്, അവരെക്കൂടി പറഞ്ഞു വിട്ടാൽ ഞാനെന്റെ പാട്ടിന് പോകും; പറഞ്ഞേക്കാം."
അവരുടെ വഴക്ക് രസിച്ചു കൊണ്ടിരുന്ന അരുൺ ചോദിച്ചു:
"ചേടത്തിയുടെ വീട് മുണ്ടക്കയത്താണോ?"
"അതേ സാറേ, അഞ്ച് ആങ്ങളമാർക്കുള്ള ഒറ്റപ്പെങ്ങളാണ് ഞാൻ. അതിലൊരാൾ പോലീസാണ്."
"അതുകൊണ്ടാണ് ഇവൾ ഇങ്ങനെ നിഗളിക്കുന്നത്. നീ പോയി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവാടീ."
അല്പസമയത്തിനകം ഫാഷൻ ഫ്രൂട്ടിന്റെ തണുത്ത ജ്യൂസുമായി അവർ എത്തി.
"രണ്ടു മണി കഴിഞ്ഞല്ലോ, ഊണ് വിളമ്പട്ടെ?"
"അല്പം കൂടി കഴിയട്ടെ ചേടത്തീ..."
ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്തുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.
"എടാ ആന്റോയേ, ഊണിന് മുൻപ് അല്പം എടുക്കട്ടെ? മുന്തിയ തരം സാധനം ഇവിടെയുണ്ട്. അരുൺ സാർ എങ്ങനെ, കമ്പനി തരുന്ന ആളാണോ?"
"അതെന്തൊരു ചോദ്യമാണ് അച്ചായാ, ഞങ്ങളൊക്കെ പോലീസുകാരല്ലേ? ഓരോ പെഗ്ഗ് ആവാം, അല്ലേ അരുൺ?"
"സാറിന്റെ ഇഷ്ടം."
അലമാരയിൽ നിന്നും പുതിയ ഒരു കുപ്പി ബ്രാൻഡിയെടുത്ത് മേശപ്പുറത്തു വച്ചു. ഗ്ലാസ്സും വെള്ളവും എടുക്കാനായി അച്ചായൻ അടുക്കളയിലേക്ക് പോയി.
"സാർ, നമ്മൾ വന്ന കാര്യം സംസാരിക്കണ്ടേ?"
"അതൊക്കെ ഇപ്പോൾ പറഞ്ഞ് അച്ചായന്റെ മൂഡ് കളയണ്ട. ഊണു കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് നമുക്ക് സംസാരിക്കാം."
കുപ്പി പൊട്ടിച്ചു മൂന്നു ഗ്ലാസ്സുകളിലായി ഒഴിച്ച് കൃത്യമായ അളവിൽ വെള്ളവും ചേർത്ത് പരസ്പരം ചീയേർസ് പറഞ്ഞു സിപ്പ് ചെയ്തു.
"അന്നാമ്മേ, തൊട്ടു നക്കാൻ എന്തെങ്കിലുമിങ്ങ് എടുത്തോടീ..."
ഒരു പ്ലേറ്റിൽ ബീഫ് ഉലത്തിയതും കൊണ്ട് അന്നാമ്മ ച്ചേടത്തി എത്തി.
"നിങ്ങള് ഇതും കൊണ്ടിരുന്നാലെങ്ങനാ? രണ്ടര മണി കഴിഞ്ഞു; ഇനിയെപ്പോഴാണ് ചോറുണ്ണുന്നത്?"
"നിനക്കു വിശക്കുന്നുണ്ടെങ്കിൽ നീ കഴിച്ചോളൂ.. ഞങ്ങൾ ഉടനെ വന്നേക്കാം."
"ഓ... അങ്ങനെയിപ്പോൾ ഞാൻ മാത്രം കഴിക്കുന്നില്ല. വേഗം ഇങ്ങോട്ടു എഴുന്നേറ്റു വന്നേ."
"ദാ വരുന്നെടീ, സാറിനറിയാമോ, വർഷങ്ങൾക്കു മുൻപ് ഇവൻ മൂന്നുനാലു കൂട്ടുകാരോടൊപ്പം ഇവിടെ വന്നിട്ടുണ്ട്. അന്ന് ഞാനൊഴിച്ചുകൊടുത്ത നാടൻ കള്ള് മോന്തി പാവം വാളുവച്ച് ഒരു പരുവമായി."
"ആദ്യമായിട്ടാണ് ഞാനത് കുടിക്കുന്നത്. അതുകൊണ്ടാണ് ഛർദിച്ചത്."
"അടുത്ത ദിവസം കപ്പയും ഞണ്ടുകറിയും കൂട്ടി ഒരു പിടി പിടിച്ചത് നിനക്കോർമയുണ്ടോടാ ആന്റോയേ?"
"അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. എല്ലാം ഇന്നലത്തെപ്പോലെ ഓർക്കുന്നുണ്ട്."
"ഒന്നു കൂടി ഒഴിക്കട്ടെ?"
"വേണ്ടച്ചായാ, ഇന്നിനി വണ്ടി ഓടിച്ചു പോകാനുള്ളതാണ്."
"അരുൺ സാറിനോ?"
"അയ്യോ വേണ്ടായേ, ഒരു പെഗ്ഗിൽ കൂടുതൽ ഞാൻ കഴിക്കാറില്ല."
"എങ്കിൽ നമുക്ക് ഭക്ഷണം കഴിക്കാം, വരൂ..."
ഊണുമേശയിൽ നിരന്നിരിക്കുന്നവിഭവങ്ങൾ കണ്ട് അവർ അന്ധാളിച്ചു പോയി.
"അന്നാമ്മച്ചേടത്തിയേ, ഇതു കുറേ ഉണ്ടല്ലോ!
ഇതെല്ലാം കൂടി എങ്ങനെ കഴിക്കാനാണ്?"
"ഓ... അത്രയ്ക്കൊന്നുമില്ലെന്നേ, ഇന്നലെ കുറച്ച് കാട്ടുപന്നിയുടെ ഇറച്ചി കിട്ടി. എന്റെ സുഹൃത്ത് വെടിവച്ചിട്ടതാണ്."
"അപ്പോൾ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. കപ്പയും താറാവും ബീഫും പന്നിയിറച്ചിയും കരിമീനും എല്ലാം കൂടി ഗ്രാൻഡ് ആയിട്ടുണ്ട്."
ഊണു കഴിഞ്ഞ് കൈകഴുകി ഹാളിൽ വന്നിരുന്ന ചെറിയാച്ചനോട് അരുൺ ചോദിച്ചു:
"അച്ചായന് ഒരു മകൾ മാത്രമേയുള്ളൂ അല്ലേ?"
"അതേ, ഒരുപാടു നേർച്ചകളും പ്രാർത്ഥനകളുമൊക്കെ കഴിച്ചിട്ട് കിട്ടിയ സന്തതിയാണ്. രണ്ടാമതൊന്നിനെ കൂടി തമ്പുരാൻ തന്നില്ല."
"മകളെ നഴ്സിംഗിന് പഠിക്കാൻ വിടാൻ എന്തായിരുന്നു കാരണം?"
"അവൾക്കതായിരുന്നു ഇഷ്ടം. മെഡിസിന് ഒരു അഡ്മിഷൻ വാങ്ങാൻ ഞാൻ വിചാരിച്ചാലും കഴിയുമായിരുന്നു. പക്ഷേ, പഠിക്കാൻ വേണ്ടി മാത്രം ജീവിതം ഹോമിക്കാനൊന്നും അവളെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞു. നഴ്സിംഗ് എങ്കിൽ നഴ്സിംഗ്. എന്തെങ്കിലും പഠിക്കട്ടെയെന്ന് ഞങ്ങളും വിചാരിച്ചു."
"പത്തിലും പന്ത്രണ്ടിലുമൊക്കെ ഗ്രീഷ്മയ്ക്കു നല്ല മാർക്കുണ്ടായിരുന്നോ?"
"അത്രയ്ക്കു വല്യ മാർക്കൊന്നും ഉണ്ടായിരുന്നില്ല. ഡൊണേഷനായിട്ട് നല്ലൊരു തുക കൊടുത്തതുകൊണ്ടാണ് അവൾക്കവിടെ അഡ്മിഷൻ കിട്ടിയത്. ഒത്തിരി ലാളിച്ചു വളർത്തിയതുകൊണ്ട് വാശിയും നിർബന്ധവുമൊക്കെ ഇത്തിരി കൂടുതലാണ്."
"അവൾ അവസാനമായി വീട്ടിൽ വന്നിട്ട് പോയത് എന്നായിരുന്നു?"
"ഇവിടെ വന്നുപോയിട്ട് ഇപ്പോൾ മൂന്നു മാസത്തിലേറെയായി."
"പെണ്ണിന് വല്ല കല്യാണാലോചനയും കൊണ്ട് വന്നതാണോടാ ആന്റോയേ?"
"അങ്ങനെയൊന്നുമില്ലച്ചായാ, അവളുടെ പഠിത്തം കഴിയട്ടെ. അപ്പോൾ നമുക്കു നോക്കാം."
"പലരും ആലോചനകളുമായി വരുന്നുണ്ട്. അവൾ ഒന്നിനും അടുക്കുന്നില്ലെന്നേ..."
"വളരെ ഗൗരവമേറിയ ഒരു കാര്യം അച്ചായനെ അറിയിക്കാനും കൂടിയാണ് ഞങ്ങൾ ഇവിടെ വരെ വന്നത്. അരുൺ പറയുന്ന കാര്യങ്ങൾ അച്ചായൻ ശാന്തമായി കേൾക്കണം."
"ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്നു വച്ചാൽ പറ സാറേ."
ഹോസ്റ്റലിൽ നടന്ന ശാലിനിയുടെ അപകട മരണവും ഗ്രീഷ്മയ്ക്കു ശാലിനിയോടുണ്ടായിരുന്ന പകയും അവളുടെ മരണത്തിന് പിറകിൽ ഗ്രീഷ്മയ്ക്കുള്ള പങ്കിനെക്കുറിച്ചുമെല്ലാം അരുൺ പോൾ അച്ചായനോട് വിശദീകരിച്ചു.
(തുടരും)
ഭാഗം 19
എല്ലാം കേട്ടുകഴിഞ്ഞ് ജീവഛവമായിരുന്ന ചെറിയാച്ചന്റെ തോളിൽ തട്ടിക്കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു:
"അച്ചായൻ വിഷമിക്കേണ്ട, കേസ് അന്വേഷിക്കുന്നത് ഞങ്ങളല്ലേ? ഗ്രീഷ്മയ്ക്ക് പ്രശ്നമൊന്നും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം."
"ഇങ്ങനെയൊരു വിവരം പറയാനാണ് നിങ്ങൾ വന്നതെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ലെടാ, എന്റെ ചങ്ക് തകർക്കുന്ന കാര്യങ്ങളാണല്ലോ നിങ്ങളിൽ നിന്നും കേട്ടത്. എന്റെ മാതാവേ, ഞങ്ങളുടെ കൊച്ചിനെ കാത്തോളണേ."
"വിഷമിക്കാതെ അച്ചായാ, അവൾക്കൊന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്, എന്നെ വിശ്വസിക്കൂ."
"അന്നാമ്മ ഇതൊന്നും അറിയരുത്. അറിഞ്ഞാൽ അവൾ ഹൃദയം പൊട്ടി മരിക്കും."
"ഇല്ല അച്ചായാ, അന്നാമ്മച്ചേടത്തി യാതൊന്നും അറിയാൻ പോകുന്നില്ല."
"എന്നാലും അവൾക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ സാറേ, ഒരു കേസിലൊക്കെ ഉൾപ്പെട്ടുപോയാൽ അവളുടെ ഭാവി ഇനി എന്താവും?"
"അച്ചായൻ കാടു കയറി ചിന്തിക്കുകയൊന്നും വേണ്ട, അവളെ കേസ്സിലുൾപ്പെടുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം."
"ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, വക്കീലിനെ വല്ലതും ഏർപ്പാടാക്കണോ സാറേ?"
"വേണമെങ്കിൽ പറയാം അച്ചായാ."
"നിങ്ങൾ അവളെ അറസ്റ്റ് ചെയ്യുമോ?"
"അങ്ങനെയൊന്നും ഉണ്ടാവില്ല, ചിലപ്പോൾ ഒന്നു കൂടി വിളിച്ചൊന്നു ചോദ്യം ചെയ്തേക്കും."
"ആ കുട്ടിയുടെ മരണത്തിന് ഗ്രീഷ്മ ഒരു കാരണമായി എന്നുള്ളത് സത്യമാണ്. പക്ഷേ അവൾ ആയിരിക്കില്ല അതിനുത്തരവാദി."
"ഏതായാലും നാളെ ഞാൻ അങ്ങോട്ടു വരുന്നുണ്ട്. എനിക്കെന്റെ കൊച്ചിനെ ഒന്നു കാണണം. ഞാൻ ചോദിച്ചാൽ അവൾ കാര്യങ്ങൾ തുറന്നു പറയും"
"ശരി അച്ചായാ, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. നമുക്ക് നാളെ കാണാം. അന്നാമ്മ ച്ചേടത്തിയോട് പറഞ്ഞേക്കണേ."
"അങ്ങനെ ആയിക്കോട്ടെ. അവളോട് പറഞ്ഞേക്കാം."
അവിടെ നിന്നുമുള്ള മടക്കയാത്രയിൽ കുറച്ചുനേരം ആരുമൊന്നും മിണ്ടിയില്ല. അസ്തമനത്തിനൊരുങ്ങി സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് യാത്രയായിരിക്കുന്നു. അണയാൻ പോകുന്ന പകൽ, സന്ധ്യയുടെ വരവിനായി വഴിമാറിക്കൊടുത്തു. അരണ്ട വെളിച്ചത്തിൽ മലഞ്ചെരിവിലൂടെയുള്ള യാത്ര അല്പം ദുഷ്കരമായി തോന്നി.
"പാവം, അച്ചായന് നല്ല വിഷമമായെന്നു തോന്നുന്നു."
"സ്വന്തം മകളെക്കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആരായാലും വേദനിക്കില്ലേ...?അരുൺ, ഇനി എന്താണ് തന്റെ അടുത്ത നീക്കം?"
"സാർ, ഗ്രീഷ്മയെ കേന്ദ്രീകരിച്ചേ ഇനിയുള്ള അന്വേഷണം മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എങ്ങനെ വേണമെന്നാണ് സാറിന്റെ അഭിപ്രായം?"
"ഏതായാലും ചെറിയാച്ചൻ നാളെ മകളെ കാണാൻ എത്തുമല്ലോ. രണ്ടുപേരും തമ്മിലുള്ള കൂടിക്കാഴ്ച സ്റ്റേഷനിൽ വച്ചായിക്കോട്ടെ. ആ സമയത്ത് ഞാനും വരാം. ചെറിയാച്ചന്റെ കാറിൽ തന്നെ ഗ്രീഷ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറയണം. മറ്റാരും തന്നെ അതറിയുകയും വേണ്ട."
"ശരി സാർ, രാവിലെ തന്നെ ഞാൻ ഹോസ്റ്റലിലെ മേട്രനെ വിളിച്ച് വിവരം പറഞ്ഞേക്കാം."
അരുണിനെ ഇറക്കിയിട്ട് സർക്കിൾ ഇൻസ്പെക്ടർ വീട്ടിലേക്ക് പോയി.
"എന്തൊരു യാത്രയായിരുന്നു ഇത്, എന്താണ് ഇത്രയും താമസിച്ചത്?"
ചോദ്യങ്ങളുമായി ബീന അരികിലെത്തി.
"വിചാരിച്ചതുപോലെയല്ലായിരുന്നു. ഒത്തിരി ദൂരമുണ്ട്. ഇപ്പോഴെങ്കിലും തിരിച്ചെത്തിയത് ഭാഗ്യം."
"വീട്ടിലെ യാതൊരു കാര്യങ്ങളും അറിയേണ്ട, ഞയറാഴ്ച ആയാലും അന്വേഷണമെന്നും പറഞ്ഞ് ഇങ്ങനെ നടന്നാൽ മതിയല്ലോ."
"ഓ... പരാതികളുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കാൻ തുടങ്ങിയല്ലോ... ഒന്നു മിണ്ടാതാരിക്കെന്റെ ബീനേ... എനിക്കൊന്നു കുളിക്കണം, അതിനുമുൻപ് ഒരു ചൂടു ചായയും വേണം."
"ഞാനൊന്നും പറയുന്നില്ലേ... മോൾക്കാണെങ്കിൽ നാളെ പരീക്ഷയുമാണ്."
"എന്നിട്ടാണോ നീയിങ്ങനെ കിടന്ന് ബഹളം വയ്ക്കുന്നത്, അവൾ പഠിക്കുകയല്ലേ?"
"പിന്നേ, ഭയങ്കര പഠിത്തമല്ലേ! ഒരു വക അറിയില്ല, പഠിക്കാൻ പറഞ്ഞാൽ കേൾക്കുകയുമില്ല. എപ്പോഴും ഐ പാഡും നോക്കി ഇരിക്കും. അതെങ്ങനാണ്, എന്റെ വാക്കിന് ഇവിടെ യാതൊരു വിലയുമില്ലല്ലോ."
"നീ ഒന്നടങ്ങ് ബീനേ, അവളോട് ഞാൻ ചോദിക്കാം. മനുഷ്യന് ഒരു സ്വൈര്യവും തരില്ലെന്നുവച്ചാൽ പിന്നെ എന്തു ചെയ്യും?"
"അല്ലെങ്കിലും ഞാനാണല്ലോ നിങ്ങളുടെ സ്വൈര്യം നശിപ്പിക്കുന്നത്? ഇതാ ചായ, ചൂടോടെ കുടിക്ക്."
ചായ ഊതിക്കുടിച്ചു കൊണ്ട് അരുൺ മകളുടെ മുറിയിലേക്കു പോയി.
"നാളെ പരീക്ഷയല്ലേ മോളേ, നീ പഠിച്ചു കഴിഞ്ഞോ?"
"കഴിഞ്ഞു പപ്പാ..."
"നീയൊന്നും പഠിക്കുന്നില്ലെന്നും നിനക്കൊന്നും അറിയില്ലെന്നുമൊക്കെയാണല്ലോ നിന്റെ മമ്മി പറയുന്നത്."
"മമ്മി അതൊക്കെ വെറുതെ പറയുന്നതാണ് പപ്പാ... ഞാനെല്ലാം പഠിച്ചു കഴിഞ്ഞു. ഈ മമ്മിക്ക് എന്നെ ഒട്ടും ഇഷ്ടമല്ല, എപ്പോഴും വഴക്കു പറയും."
"അത് മോളോടുള്ള ഇഷ്ടം കൊണ്ടല്ലേ, മോൾ അതൊന്നും കാര്യമാക്കണ്ട. മിടുക്കിയായി പഠിച്ച് നല്ല മാർക്ക് വാങ്ങുമ്പോളാണ് പപ്പയ്ക്കും മമ്മിക്കുമൊക്കെ സന്തോഷമാകുന്നത്."
"ശരി പപ്പാ... ഞാൻ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിക്കോളാം."
"ശരി മോളേ, പപ്പ പോയി കുളിക്കട്ടെ."
കുളികഴിഞ്ഞു വന്നപ്പോഴേയ്ക്കും ഭക്ഷണം എടുത്തു വച്ചുകൊണ്ട് ബീന വിളിച്ചു.
"അല്പം കൂടി കഴിയട്ടെടീ, മോള് കഴിച്ചോ?"
"അവളിന്ന് പപ്പയുടെ കൂടെയേ കഴിക്കുകയുള്ളെന്ന് വാശിപിടിച്ചിരിക്കുകയാണ്."
"എങ്കിൽ കഴിച്ചുകളയാം, അവളെ വിളിക്കൂ..."
"ഇങ്ങനെ മൂന്നുപേരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി!"
"അതിനെന്താ, ഇനിയെന്നും അങ്ങനെ തന്നെ കഴിക്കാം."
"പിന്നേ, വീട്ടിലെത്താൻ നേരവും കാലവും നോക്കുന്ന ഒരു മനുഷ്യൻ!"
ഊറിച്ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു:
"ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ ബീനേ, സാധിക്കണ്ടേ?"
"വേണമെന്നു വച്ചാൽ എല്ലാം നടക്കും. മനസ്സുണ്ടായാൽ മതി."
"നീയെന്റെ കയ്യിൽ നിന്നും മേടിക്കും, പറഞ്ഞാലും മനസ്സിലാവാത്ത പൊട്ടി!"
"ശരിയാണ് പപ്പാ, ഈ മമ്മിക്ക് ഒന്നും അറിയില്ല."
"ഞാൻ പൊട്ടിയൊന്നുമല്ല, നിങ്ങളുടെ ഓരോ ഭാവങ്ങളുടേയും ചലനങ്ങളുടേയും അർത്ഥം പോലും എനിക്കറിയാം."
"ആണോ, എന്റെ ഭാര്യയ്ക്ക് ഇത്രയും കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ."
"മതി, കളിയാക്കുകയൊന്നും വേണ്ട; രണ്ടാളും പോയിക്കിടന്നുറങ്ങാൻ നോക്കിക്കേ..."
കാലത്തു തന്നെ സബ് ഇൻസ്പെക്ടർ അരുൺ പോൾ, മേട്രനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് ചാർജ് നഴ്സിനോട് സംസാരിച്ചതിൻ പ്രകാരം ഗ്രീഷ്മയ്ക്ക് അന്ന് അവധി കൊടുത്തു.
പത്തുമണിയോടു കൂടി ചെറിയാൻ ഫിലിപ്പ് എന്ന ഗ്രീഷ്മയുടെ പപ്പ, അവളെ കാണാനായി ഹോസ്റ്റലിൽ എത്തി.
മേട്രൻ, ഒരു കുട്ടിയെ വിട്ട് ഗ്രീഷ്മയെ സ്വീകരണ മുറിയിലേക്ക് വിളിപ്പിച്ചു.
അപ്രതീക്ഷിതിമായി തന്റെ പപ്പയെ കണ്ട് ഗ്രീഷ്മ ഒന്നു ഞെട്ടി.
"എന്താ ചാച്ചാ, ഇത്ര രാവിലെ, വിശേഷിച്ച് എന്തെങ്കിലും?"
"ഒന്നുമില്ല, നിന്നെയൊന്നു കാണണമെന്നു തോന്നി. നിനക്കു സുഖം തന്നെയല്ലേ മോളേ?"
"ചാച്ചാ, ഇവിടെയൊരു സംഭവമുണ്ടായി. ഞങ്ങളുടെ ബാച്ചിൽ പഠിച്ചിരുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു."
"നിന്റെ കൂട്ടുകാരിയായിരുന്നോ?"
"അല്ല, സത്യത്തിൽ അവളെ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു."
"അതെന്താണ്?"
"പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു."
"ഒരു കാരണവുമില്ലാതെ ആരെങ്കിലും ഒരാളെ വെറുക്കുമോ?"
"അത് പിന്നെ, അവൾക്കായിരുന്നു എപ്പോഴും ഏറ്റവും കൂടുതൽ മാർക്കുകൾ കിട്ടിയിരുന്നത്."
"അതുകൊണ്ടെന്താണ്?"
"അവളൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നുവെങ്കിലും ഭയങ്കര ജാഡയായിരുന്നു. എന്നിട്ടും എല്ലാവർക്കും അവളോടായിരുന്നു ഇഷ്ടം."
"നിനക്ക് ആ കുട്ടിയോട് അസൂയയായിരുന്നോ?"
"ആർക്കായാലും അസൂയ തോന്നും ചാച്ചാ, അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ."
"ആട്ടെ, അവൾ എങ്ങനെയാണ് മരിച്ചത്?"
"ഈ കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും താഴെ വീണതാണ്."
"എങ്ങനെയാണ് വീഴ്ച പറ്റിയത്, ചാടിയതാണോ?"
"അതേ ചാച്ചാ, എന്റെ കൺമുന്നിൽ വച്ചാണ് അവൾ ചാടിയത്."
"നിന്റെ മുന്നിൽ വച്ചോ, നീ അപ്പോൾ എവിടെ ആയിരുന്നു?"
"ഞാനും അപ്പോൾ തുണി വിരിക്കാൻ അവിടെ പോയിരുന്നു."
"പപ്പയും മോളും കൂടി എന്താണ് ഇത്ര ഗഹനമായി സംസാരിക്കുന്നത്?"
അവിടേയ്ക്കു വന്ന ഇൻസ്പെക്ടർ അരുൺ പോൾ ഒന്നുമറിയാത്തവനെപ്പോലെ ചിരിച്ചു കൊണ്ട് ചോദിച്ചു.
(തുടരും)
ഭാഗം 20
"സാറിന് എന്റെ ചാച്ചനെ അറിയാമോ?"
"അലക്സ് സാർ പറഞ്ഞറിയാം."
"അതാരാണ്?"
"ഇവിടുത്തെ സർക്കിൾ ഇൻസ്പെക്ടർ ആണ് മോളേ. നമ്മുടെ ഒരു റിലേറ്റീവ് കൂടിയാണ്. പണ്ട് വീട്ടിൽ വച്ച് നീ കണ്ടിട്ടുണ്ട്."
"ഞാനോർക്കുന്നില്ലല്ലോ ചാച്ചാ."
"അച്ചായൻ അലക്സ് സാറിനെ കണ്ടിട്ടല്ലേ പോകുന്നുള്ളൂ..."
"അതേ സാർ, ഇവിടംവരെ വന്നിട്ട് അവനെ ഒന്നു കാണാതെ പോകുന്നത് ശരിയല്ല."
"ചാച്ചൻ ഇതുവരെ ഇങ്ങനെ ഒരാളെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ."
"അവന്റെ ഓഫീസ് ഇവിടെ അടുത്താണെന്ന് എനിക്കറിയില്ലായിരുന്നു."
"എങ്കിൽ വരൂ... സാർ ഓഫീസിലുണ്ട്. ഞാനും അങ്ങോട്ടാണ് പോകുന്നത്. മോളേയും കൂട്ടിക്കോളൂ... ഗ്രീഷ്മ ഇന്ന് ഫ്രീ അല്ലേ?"
"അതേ സാർ."
"ശരി, ഞാൻ നിങ്ങളുടെ മേട്രനെ ഒന്നു കണ്ടിട്ടു വരാം. ഗ്രീഷ്മ വരുന്ന കാര്യവും പറഞ്ഞേക്കാം. പോയി റെഡിയായിട്ടു വരൂ..."
"ചാച്ചാ ഞാൻ പോയിട്ട് ഡ്രസ്സ് മാറ്റിയിട്ട് വരാം."
"ശരി മോളേ..."
'ചെറിയാച്ചൻ ആകെ ചിന്താക്കുഴപ്പത്തിലായി. മോളെയും വിളിച്ചുകൊണ്ട് സ്റ്റേഷനിലേക്ക് ചെല്ലാൻ പറയുന്നതിൽ ഗൂഢലക്ഷ്യം വല്ലതുമുണ്ടോ?'
ആകെ ചിന്താക്കുഴപ്പത്തിലായ അയാൾ ഗ്രീഷ്മ വരുന്നതും കാത്തിരുന്നു.
ഗ്രീഷ്മയോടൊപ്പം ചെറിയാച്ചൻ വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ ഇൻസ്പെക്ടർ അരുണിന്റെ വണ്ടി, അവരേയും കാത്തുകിടക്കുന്നത് കണ്ടു.
മുമ്പിൽ പോയ ജീപ്പിനെ അനുഗമിച്ച് ചെറിയാച്ചന്റെ വണ്ടിയും നീങ്ങിക്കൊണ്ടിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ ആന്റോ അലക്സ് സ്റ്റേഷനിൽ അവരേയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
മുന്നിൽ ചെന്നുനിന്ന് സല്യൂട്ട് കൊടുത്തിട്ട് അരുൺ പറഞ്ഞു:
"സാർ, അവർ വന്നിട്ടുണ്ട്. പുറത്ത് വെയിറ്റ് ചെയ്യുന്നു."
"അകത്തേയ്ക്ക് വിളിക്കാൻ പറയൂ അരുൺ, നമുക്ക് ആ മുറിയിലോട്ടിരിക്കാം."
"ശരി സാർ."
ഒരു കോൺസ്റ്റബിളിനോടൊപ്പം ചെറിയാച്ചനും ഗ്രീഷ്മയും ആ മുറിയിലേക്കു വന്നു.
"ഇരിക്കൂ അച്ചായാ, ഗ്രീഷ്മയും ഇരുന്നോളൂ... അച്ചായൻ എപ്പോൾ എത്തി?"
"പത്തുമണി കഴിഞ്ഞു കാണും."
"മോളേ, ഇതാണ് ഞാൻ പറഞ്ഞ ആൾ. ആന്റോ അലക്സ്. സർക്കിളാണ്. നീ മുമ്പ് കണ്ടിട്ടുള്ളതായി ഓർക്കുന്നുണ്ടോ?"
"ചെറുതായി ഓർക്കുന്നു."
സംശയങ്ങളുടെ നൂലാമാലകളിൽ അവളുടെ മനസ്സ് ചാഞ്ചാടി.
"നമ്മളെന്തിനാണ് ചാച്ചാ, ഇവിടെ വന്നത്?"
"ഗ്രീഷ്മ നന്നായി വിയർക്കുന്നുണ്ടല്ലോ, കുടിക്കാനെന്താ വേണ്ടത്? ജ്യൂസ് വാങ്ങാൻ പറയാം."
"എനിക്കൊന്നും വേണ്ട, എനിക്കു പോകണം."
"ഗ്രീഷ്മയുടെ ചാച്ചൻ എന്നെക്കാണാൻ വന്നതല്ലേ, എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത്?"
ഒരു കോൺസ്റ്റബിൾ, മൂന്നു ചായയും ഒരു ജ്യൂസും കൊണ്ടുവന്നു വച്ചു.
"അച്ചായാ ചായ കുടിക്കൂ, മോൾക്ക് എന്താണ് വേണ്ടത്, ചായയാണോ ജ്യൂസാണോ?"
"എനിക്കൊന്നും വേണ്ട, വാ ചാച്ചാ... നമുക്കു പോകാം."
"ഗ്രീഷ്മ എന്തിനാണ് പേടിക്കുന്നത്, പോലീസിനെ ഭയമാണോ?"
"എനിക്ക് പോലീസുകാരെ തീരെ ഇഷ്ടമല്ല."
"അതെന്താണങ്ങനെ, കുറ്റം ചെയ്യുന്നവരല്ലേ പോലീസിനെ പേടിക്കേണ്ടത്? അതിന്, കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ."
മറുപടിയൊന്നും പറയാതെ മുഖം കുനിച്ചിരിക്കുന്ന ഗ്രീഷ്മയോട് അലക്സ് ചോദിച്ചു:
"ഹോസ്റ്റലിന്റെ ടെറസ്സിൽ നിന്നും താഴെ വീണു മരിച്ച ശാലിനി, ഗ്രീഷ്മയുടെ കൂട്ടുകാരി ആയിരുന്നോ?"
"എന്റെ ബാച്ചിലെ കുട്ടിയായിരുന്നു. കൂട്ടുകാരിയൊന്നുമല്ല."
"ആ കുട്ടിയുടെ മരണത്തെപ്പറ്റി ഗ്രീഷ്മയുടെ അഭിപ്രായം എന്താണ്, അവർ ആത്മഹത്യ ചെയ്തായിരിക്കുമോ?"
"അതേ സാർ."
"ആത്മഹത്യ ചെയ്യേണ്ടതായ എന്തു കാരണമാണ് ആ കുട്ടിക്കുണ്ടായിരുന്നത്?"
അതിന് മറുപടി പറയാതെ അവൾ, തന്റെ ചാച്ചന്റെ മുഖത്തേയ്ക്കു നോക്കി.
"പപ്പ ഇവിടെ ഇരിക്കുന്നതു കൊണ്ടാണോ താൻ പറയാൻ മടിക്കുന്നത്?"
'അതേ' എന്നർത്ഥത്തിൽ അവൾ തലയാട്ടി.
"അച്ചായൻ വരൂ, നമുക്ക് അങ്ങോട്ടിരിക്കാം."
അരുൺ ചെറിയാച്ചനേയും കൊണ്ട് ഓഫീസ് മുറിയിലേക്ക് വന്നു.
"അച്ചായൻ അല്പസമയം ഇവിടിരിക്കൂ... ഞങ്ങൾ ഉടനെ വരാം."
ഒരു ലേഡീ കോൺസ്റ്റബിളിനേയും കൂട്ടി അരുൺ അകത്തേയ്ക്ക് ചെന്നു.
"പറയൂ ഗ്രീഷ്മ, തനിക്കു പറയാനുള്ളതൊക്കെ എന്നോട് തുറന്നു പറഞ്ഞോളൂ... രഹസ്യങ്ങൾ എന്നെങ്കിലും മറ നീക്കി പുറത്തുവരും. നിന്റെ മനസ്സിൽ ഇതുവരേയും ആരോടും പറഞ്ഞിട്ടില്ലാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അത് നിന്നെ ശ്വാസം മുട്ടിപ്പിക്കുന്നില്ലേ...നിന്നെ സഹായിക്കാൻ ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്. മറച്ചുവച്ചിരിക്കുന്നതെല്ലാം പറഞ്ഞ് നിന്റെ മനസ്സിനെ ഒന്ന് ഫ്രീ ആക്കൂ കുട്ടീ... എന്തിനാണ് വെറുതേ അസുഖം വരുത്തിവയ്ക്കുന്നത്."
"എന്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല സാർ."
"അതു കള്ളമാണ്. ഇന്ന് താൻ ചാച്ചനോട് പറഞ്ഞില്ലേ, തന്റെ കൺമുന്നിൽ വച്ചാണ് ആ കുട്ടി എടുത്തുചാടിയതെന്ന്. പറയൂ ഗ്രീഷ്മാ, എങ്ങനെയായിരുന്നു സംഭവം?"
എന്തു പറയണമെന്നറിയാതെ അവൾ ആകെ ചിന്താക്കുഴപ്പത്തിലായി. അസ്വസ്ഥതയോടെ അവൾ അലക്സിനേയും അരുണിനേയും കോൺസ്റ്റബിളിനേയുമെല്ലാം മാറി മാറി നോക്കി.
"എന്തുതന്നെ ആയാലും താൻ പറഞ്ഞോളൂ... തനിക്ക് യാതൊരു പ്രശ്നവുമുണ്ടാവാതെ ഞാൻ നോക്കിക്കോളാം. ഇത് എന്റെ വാക്കാണ്."
"സാർ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്? ഞാനൊരു തെറ്റും ചെയ്തിട്ടില്ല."
"അത് ഞങ്ങൾക്കറിയാം, ആ കുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന്റെ കാരണമാണ് ഞങ്ങൾക്കറിയേണ്ടത്."
"ഡോക്ടർ വിനോദിൽ നിന്നും അവൾ ഗർഭിണിയായിരുന്നു എന്ന് ഞാൻ സംശയിക്കുന്നു. ആ മാനക്കേടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആയിരിക്കും അവൾ ആത്മഹത്യ ചെയ്തത്."
"ആഹാ, അങ്ങനെയും ഒരു സ്റ്റോറി ഉണ്ടോ? എങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരുമായിരുന്നല്ലോ. അപ്പോൾ അതല്ല, കാരണം മറ്റെന്തോ ആണ്."
"ആ ഡോക്ടറിന് അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല."
"ആ കുട്ടി ചാടുന്നത് താനെങ്ങനെയാണ് കണ്ടത്, ഗ്രീഷ്മ അപ്പോൾ എവിടെ ആയിരുന്നു?"
മുഖം കുനിച്ച് നിശ്ശബ്ദമായിരുന്ന ഗ്രീഷ്മയുടെ തോളിൽ തട്ടി ലേഡി കോൺസ്റ്റബിൾ ചോദിച്ചു.
"സാറ് ചോദിക്കുന്നത് കേട്ടില്ലേ? ഉത്തരം പറയൂ കുട്ടീ..."
"അന്ന് ശാലിനി തുണി വിരിക്കാൻ ടെറസ്സിലേക്ക് പോയപ്പോൾ പിറകെ ഞാനും പോയി."
"താനും തുണി വിരിക്കാൻ തന്നെയാണോ പോയത്?"
"അതേ സാർ."
"എന്നിട്ട്?"
"ഞാൻ ചെല്ലുമ്പോൾ തുണി വിരിച്ചു കഴിഞ്ഞിട്ട് അവൾ ടെറസ്സിന്റെ ഒരറ്റത്തേയ്ക്കു നടക്കുകയായിരുന്നു "
"എന്നിട്ടവർ തന്നെ കണ്ടിരുന്നോ?"
"ഇല്ല സാർ, അവൾ എന്നെ കാണാതിരിക്കാൻ ഞാൻ തുണികളുടെ ഇടയിൽ മറഞ്ഞുനിന്നു. അവൾ ഫോണിൽ കൂടി ആരോടോ കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു."
'ഗ്രീഷ്മ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് അരുണിന് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം ശാലിനിയുടെ മൊബൈൽ ഫോൺ തനിക്കു ലഭിച്ചത്, അവളുടെ മുറിയിൽ നിന്നുമായിരുന്നല്ലോ. നീതുവിന്റെ മൊഴികളും ഇതിനെ സാധൂകരിക്കുന്നതായിരുന്നില്ല.'
"സാർ, ഗ്രീഷ്മ പറയുന്നതെല്ലാം കളവാണ്. സത്യങ്ങൾ മറച്ചുപിടിച്ചു കൊണ്ട്, കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ഇവൾ ചെയ്യുന്നത്."
"ഗ്രീഷ്മാ, നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ, നിന്റെ കൺമുന്നിൽ നടന്ന കാര്യങ്ങൾ സത്യസന്ധമായി പറയാൻ എന്തിനാണ് ഭയക്കുന്നത്? അപ്പോൾ നീയാണ് ശാലിനിയെ ടെറസ്സിൽ നിന്നും തള്ളിയിട്ടതെന്ന് ഞങ്ങൾക്ക് അനുമാനിക്കേണ്ടിവരും."
"അയ്യോ ഞാനല്ല, ഞാനൊന്നും ചെയ്തിട്ടില്ല സാർ."
"എങ്കിൽ നടന്നെതെല്ലാം വള്ളിപുള്ളി തെറ്റാതെ പറയണം. ഇത് നിനക്കു തരുന്ന അവസാനത്തെ ചാൻസ് ആണ്. ഇനി നീ പറഞ്ഞില്ലെങ്കിൽ, പറയിപ്പിക്കാൻ ഇവിടെ വേറെ ആൾക്കാരുണ്ട്."
"വേണ്ട സാർ, ഞാനെല്ലാം പറയാം."
"ശരി പറയൂ, ഇതാ ഈ വെള്ളം കുടിക്ക്."
വിയർത്തുകുളിച്ചിരുന്ന ഗ്രീഷ്മ, ആർത്തിയോടെ ഗ്ലാസ്സിലെ വെള്ളം മുഴുവനും കുടിച്ചു. ശ്വാസം നീട്ടിയെടുത്തതിനുശേഷം ഇടറിയ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.
(തുടരും)
ഭാഗം 21
ഗ്ലാസ്സിലെ വെള്ളം മുഴുവനും ഒറ്റവലിക്ക് കുടിച്ച ശേഷം ഗ്രീഷ്മ, അന്നത്തെ സംഭവം വിവരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിന് നേരിയ വിറയൽ ബാധിച്ചിരുന്നത് മനസ്സിലാക്കിയ ഇൻസ്പെക്ടർ അലക്സ് പറഞ്ഞു:
"മനസ്സിനെ ശാന്തമാക്കി, ഒന്നും വിട്ടു പോകാതെ എല്ലാം പറയൂ ഗ്രീഷ്മാ... ഇവിടെ ആരും തന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല."
സർക്കിൾ ഇൻസ്പെക്ടറിന്റെ സാന്ത്വന വാക്കുകൾ അവൾക്ക് ധൈര്യം പകർന്നു. അവൾ പതുക്കെ പറഞ്ഞു തുടങ്ങി.
"അലക്കിയ തുണി വിരിക്കാൻ ടെറസ്സിലേയ്ക്കുള്ള കോണിപ്പടികൾ കയറുന്ന ശാലിനിയുടെ പിറകേ ഞാൻ പോയത് അവളെ വെറുതേ ഒന്നു പേടിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു."
"അവരെ എങ്ങനെ പേടിപ്പിക്കാനായിരുന്നു ഗ്രീഷ്മ വിചാരിച്ചത്?"
"കണ്ടാൽ പേടി തോന്നുന്ന ഒരു പിശാചിന്റെ മുഖമുള്ള മാസ്ക് ധരിച്ചു കൊണ്ടാണ് ഞാൻ പോയത്. രണ്ടു കയ്യിലും ഗ്ലൗസും ഇട്ടിട്ടുണ്ടായിരുന്നു."
"എന്നിട്ട്?"
ആകാംക്ഷ മുറ്റിയ മനസ്സുമായി അലക്സ് ചോദിച്ചു.
"ശാലിനി തുണി വിരിച്ചുകൊണ്ടിരുന്നപ്പോൾ അവൾ കാണാതെ ഞാൻ തുണികൾക്കിടയിൽ മറഞ്ഞുനിന്നു. ബക്കറ്റുമെടുത്ത് അവൾ പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ മുമ്പിലേക്ക് ചാടിവീണു. ഭീതികൊണ്ട് അലറിവിളിച്ച അവൾ എന്നിൽ നിന്നും അകന്നു മാറിനിന്നു.
ഭീതി ജനിപ്പിക്കും വിധം ശബ്ദമുണ്ടാക്കി ഇരുകൈകളുമുയർത്തി വീണ്ടും ഞാനവളുടെ നേരേ അടുത്തു. പിറകോട്ടു നടന്ന അവൾ ടെറസ്സിന്റെ ഇളകിക്കിടന്ന തിട്ടയിൽ ചവിട്ടി താഴേയ്ക്ക് വീണു. ഇതാണ് സത്യത്തിൽ ഉണ്ടായത്. അങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല സാർ.
അവളോട് അസൂയയും പകയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ ഇല്ലാതാക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ, ഞാൻ കാരണമാണ് അവൾ മരിച്ചത്. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്‌റ്റ് ചെയ്യാം. എന്റെ ചാച്ചനെ ഇതൊന്നും അറിയിക്കരുതേ... ചാച്ചനിതൊന്നും സഹിക്കാനുള്ള ശക്തിയില്ല സാർ."
"ഒന്നും മന:പൂർവമായിരുന്നില്ലല്ലോ, ഗ്രീഷ്മ ടെൻഷനാവണ്ട, ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി കണ്ടാൽ മതി."
"ശാലിനിയുടെ അപകടം നേരിൽ കണ്ട ഒരേയൊരു ദൃക്സാക്ഷിയാണ് താൻ. ആ കുട്ടി ടെറസ്സിൽ നിന്നും വീഴുന്നത് കണ്ടതിനു ശേഷം താൻ പിന്നെ എന്താണ് ചെയ്തത്?"
"ഞാൻ ആകെ പേടിച്ചു വിറച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ മുറിയിലേക്ക് ഓടി. കുറച്ചുനേരത്തേയ്ക്ക് ഒരു മരവിപ്പായിരുന്നു. മനസ്സിന് വിഭ്രാന്തി പിടിപെട്ട ഒരാളിനെപ്പോലെ മുറിയുടെ മൂലയിൽ പോയിരുന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ആ നിലയിൽ എന്നെക്കണ്ട് നീതുവും പരിഭ്രമിച്ചു. അര മണിക്കൂറിനുള്ളിൽ സമനില വീണ്ടെടുത്ത ഞാൻ മുറിക്കു പുറത്തിറങ്ങി നോക്കി. നീതുവിനെ അന്വേഷിച്ചെങ്കിലും അവിടെയെങ്ങും അവളെ കണ്ടില്ല. കുളിമുറിയിൽ കയറി തണുത്തവെള്ളത്തിനടിയിൽ കുറേനേരം നിന്നു. ശാലിനി മരിച്ചത് ഞാൻ കാരണമല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു."
"ശാലിനി മരിച്ചു കഴിഞ്ഞെന്ന് താൻ എങ്ങനെയാണ് അറിഞ്ഞത്?"
"ഞാൻ ഊഹിച്ചിരുന്നു. കുറേക്കഴിഞ്ഞ് ബാത് റൂമിന്റെ കതകിൽ മുട്ടിവിളിക്കുന്നതു കേട്ട് നനഞ്ഞ തുണിയോടെ ഞാൻ ഇറങ്ങിവന്നപ്പോൾ പരിഭ്രാന്തിയോടെ നീതുവും ലിൻസിയും ശാലിനിയുടെ മരണവാർത്ത എന്നെ അറിയിച്ചു."
"അപ്പോൾ തന്റെ പ്രതികരണം എന്തായിരുന്നു?"
"അവൾ ആത്മഹത്യ ചെയ്തതായിരുക്കുമെന്ന് ഞാൻ പറഞ്ഞു. ഡോക്ടർ വിനോദിൽ നിന്നും അവൾ ഗർഭിണിയായിട്ടുണ്ടാവും എന്നൊക്കെ അവരെ ധരിപ്പിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെയൊക്കെ ഞാൻ പെരുമാറി."
"ഗ്രീഷ്മ ടെറസ്സിൽ പോയ കാര്യം നീതുവിനറിയാമായിരുന്നല്ലോ അല്ലേ?"
"അവൾക്കറിയാമായിരുന്നു. ശാലിനിയെ ഒന്നു പേടിപ്പിച്ചിട്ട് വരാമെന്ന് നീതുവിനോട് പറഞ്ഞിട്ടാണ് ഞാൻ പോയത്. അവൾ എന്നെ വിലക്കിയതുമാണ്."
"എന്നിട്ട് നീതു, തന്നോട് ഒന്നും ചോദിച്ചില്ലേ?"
"അവൾ എന്നോട് പലതും കുത്തിക്കുത്തി ചോദിച്ചു. ഞാനൊന്നും വിട്ടുപറഞ്ഞില്ല. അതിന്റെ ദേഷ്യത്തിൽ എന്നോട് പിണങ്ങി അവൾ, വേറെ മുറിയിൽ പോയി താമസിച്ചു."
"ശരി ഗ്രീഷ്മ, ഇവിടെ പറഞ്ഞതൊക്കെ മനസ്സിലിരുന്നാൽ മതി. ചാച്ചൻ ഇതൊന്നും അറിയേണ്ട കേട്ടോ."
"ശരി സാർ, ഒരപേക്ഷയുണ്ട്; ചാച്ചൻ തിരിച്ചു പോയതിനുശേഷം എന്നെ അറസ്റ്റ് ചെയ്താൽ മതി. എന്റെ കയ്യിൽ വിലങ്ങുവീഴുന്നത് എന്റെ ചാച്ചൻ കാണണ്ട."
"പേടിക്കേണ്ട, ഇവിടെ ആരും, തന്നെ ഇപ്പോൾ അറസ്റ്റുചെയ്യാൻ പോകുന്നില്ല. തൽക്കാലം ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചുപോയ്ക്കോളൂ... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ, ആവശ്യമെങ്കിൽ മാത്രമേ അതൊക്കെ ഉണ്ടാവുകയുള്ളൂ... താൻ ഹോസ്റ്റലിൽ തന്നെ ഉണ്ടാവണം. തൽക്കാലം വീട്ടിലോട്ടൊന്നും പോകാൻ ശ്രമിക്കരുത്."
സർക്കിൾ ഇൻസ്പെക്ടർ അലക്സ്, അവളെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും അരുണിനോട് കണ്ണുകൾ കൊണ്ട് സംസാരിച്ചത് എന്താണെന്ന് അവൾക്കു മനസ്സിലായില്ല.
"താങ്ക്യൂ സാർ, എങ്കിൽ ഞാൻ പൊയ്ക്കോട്ടെ?"
"ആയിക്കോട്ടെ."
ഗ്രീഷ്മയോടൊപ്പം അലക്സും അരുണും പുറത്തിറങ്ങി. അക്ഷമനായി അവിടെ കാത്തിരുന്ന ചെറിയാച്ചനോട് ഗ്രീഷ്മ പറഞ്ഞു: '
"ചാച്ചാ വരു... നമുക്കു പോകാം."
ആശങ്കയോടെ ചെറിയാച്ചൻ അലക്സിനെ നോക്കി.
"അച്ചായൻ കാത്തിരുന്ന് മുഷിഞ്ഞോ? ഗ്രീഷ്മയുമായി അന്നത്തെ സംഭവമൊക്കെ ഒന്നു ചർച്ച ചെയ്യുകയായിരുന്നു."
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ, ഇവളെ ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ട് എനിക്കങ്ങ് പോകാനുള്ളതാണ്.."
"ഭക്ഷണം കഴിക്കണ്ടേ അച്ചായാ? ഗ്രീഷ്മയെ കൊണ്ടാക്കിയിട്ട് നമുക്ക് വീട്ടിലോട്ടു പോകാം. ഊണുകഴിച്ചിട്ട് പോയാൽ മതി."
"നിനക്കിവിടെ ജോലിയൊക്കെ ഇല്ലേ? ഞാൻ പോകുന്ന വഴിയിൽ എവിടെ നിന്നെങ്കിലും കഴിച്ചു കൊള്ളാം. ഇരുട്ടുന്നതിനു മുൻപ് വീട്ടിലെത്തണം."
"ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതിരുന്നാൽ മോശമല്ലേ അച്ചായാ, നമുക്ക് രണ്ടെണ്ണം വീശിയിട്ടൊക്കെ പതുക്കെ പോയാൽ പോരേ?"
ഞാനിന്ന് ഉച്ചകഴിഞ്ഞ് ഫ്രീയാണ്."
"ഞാൻ മോളെ കൊണ്ടാക്കിയിട്ട് വീട്ടിലേയ്ക്ക് വന്നേക്കാം. നീ വിട്ടോ..."
"അച്ചായന് വീട്ടിലേക്കുള്ള വഴി നിശ്ചയമുണ്ടല്ലോ അല്ലേ..?"
"എനിക്കറിയാമെടാ, ഞാൻ വന്നേക്കാം."
വണ്ടിയിലിരുന്ന് ഗ്രീഷ്മ ചോദിച്ചു:
"ചാച്ചൻ ഇന്നു തന്നെ തിരിച്ചു പോകുന്നില്ലേ?"
"ഉണ്ട് മോളേ, ഇന്ന് തന്നെ അങ്ങെത്തിയില്ലെങ്കിൽ നിന്റെ അമ്മ കിടന്നു ബഹളം വയ്ക്കില്ലേ, നിനക്കറിയില്ലേ അവളുടെ സ്വഭാവം?"
"പിന്നെന്തിനാണ് ആ സാറിന്റെ വീട്ടിലൊക്കെ പോകുന്നത്?"
"അത്ര കാര്യമായി വിളിച്ചപ്പോൾ എങ്ങനെയാണ് പോകാതിരിക്കുന്നത്, അവൻ നമ്മുടെ ഒരു ബന്ധു കൂടിയല്ലേ?"
"പോവുകയാണെങ്കിൽ, അധിക സമയമൊന്നും അവിടെ ഇരിക്കരുത്."
"ഇല്ല മോളേ, പോകുന്ന വഴിയിൽ ഒന്നു കയറിയിട്ട് പോകും. അത്രയേയുള്ളൂ... ആ മുറിയിൽ വച്ച് ഇത്രയും നേരം അവർ നിന്നോട് എന്താണ് ചോദിച്ചത്?"
"ആ കുട്ടി മരിച്ച സംഭവത്തെപ്പറ്റി ചോദിക്കുകയായിരുന്നു."
"അവർക്ക് നിന്നെ വല്ല സംശയവുമുണ്ടോ?"
"എന്നെ എന്തിനാണ് സംശയിക്കുന്നത്, അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ."
"അവർക്ക് നിന്നെ സംശയമുള്ളതുപോലെ എനിക്കു തോന്നി. അതുകൊണ്ട് ചോദിച്ചതാണ്."
"അതു ചാച്ചന് വെറുതേ തോന്നുന്നതാണ്."
"മോളേ, നിന്റെ പഠിത്തമൊക്കെ അവസാനിപ്പിച്ചിട്ട് അങ്ങ് വന്നൂടേ? നഴ്സ് ജോലി ചെയ്തു കിട്ടുന്ന ശമ്പളം കൊണ്ട് അവിടെ ആർക്കും ജീവിക്കേണ്ട കാര്യമൊന്നുമില്ല. നാലു തലമുറയ്ക്ക് സുഖമായി കഴിയാനുള്ളതൊക്കെ ഞാനുണ്ടാക്കിയിട്ടുണ്ട്. നല്ലൊരു ചെറുക്കനെക്കൊണ്ട് നിന്റെ കല്യാണം നടത്തി, നിങ്ങൾ സുഖമായി ജീവിക്കുന്നത് കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് വല്ലതും നടക്കുമോ മോളേ?"
"എല്ലാം നടക്കും, ചാച്ചനിപ്പോൾ പോകാൻ നോക്ക്. താമസിയാതെ ഞാൻ വീട്ടിലോട്ട് വരുന്നുണ്ട്. മമ്മിയെ ഞാൻ വിളിച്ചോളാം. എന്നാൽ ഞാൻ ഇറങ്ങുകയാണ്. ചാച്ചൻ സൂക്ഷിച്ചു പോകണേ."
"ശരി മോളേ..."
ഗ്രീഷ്മ വണ്ടിയിൽ നിന്നുമിറങ്ങി ആർക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് നടക്കുന്നത്, മേട്രൻ നോക്കി നിന്നു. അവരുടെ മനസ്സിൽ സംശയങ്ങൾ ചിറകു വിടർത്താൻ തുടങ്ങി.
(തുടരും)
ഭാഗം 22
അസ്വസ്ഥമായ മനസ്സോടെ ഗ്രീഷ്മ തന്റെ കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു. പോലീസുകാരുമായിട്ടുള്ള സംഭാഷണം ഓർത്തപ്പോൾ, വല്ലാത്ത ഭീതിയിൽ ഹൃദയം വിറച്ചു.
'ഉടനെ ഒരു അറസ്റ്റുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും അല്പം താമസിച്ചാലും അതുണ്ടാവുമെന്നല്ലേ അതിനർത്ഥം. ഇനി ഏതു നിമിഷവും അത് പ്രതീക്ഷിച്ചുതന്നെ കഴിയണം.'
ഒരു ദിവസം രാവിലെ വനിതകളടങ്ങുന്ന ഒരു സംഘം പോലീസുകാർ ഹോസ്റ്റലിൽ എത്തി തന്റെ ഇരുകൈകളിലും വിലങ്ങണിയിച്ച് മറ്റു ള്ളവരുടെ മുമ്പിൽ കൂടി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്ന കാഴ്ച ഭാവനയിൽ കണ്ടവൾ നടുങ്ങി.
'കസ്റ്റഡിയിലെടുത്ത് മർദനമുറകൾ ഉപയോഗിച്ച് ചോദ്യം ചെയ്യുമ്പോൾ ശാലിനിയെ ഞാൻ കൊന്നതാണെന്നുവരെ അവർ പറയിക്കും. ഒരു കണക്കിന് ഞാനാണല്ലോ അവളെ ഈ ലോകത്തു നിന്നും പറഞ്ഞുവിട്ടത്. എനിക്കു മാത്രം അറിയാവുന്ന ആ രഹസ്യം പുറത്തു വന്നാൽ പിന്നെ, ആജീവനാന്തകാലം ജയിലിൽ തന്നെ കിടക്കാം.
ചാച്ചന്റേയും മമ്മിയുടേയും അവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ! കേസിൽ ഉൾപ്പെടുത്താതെ നോക്കാമെന്ന് അലക്സ് സാർ പറഞ്ഞുവെങ്കിലും അത് പൂർണമായും വിശ്വസിക്കാനും കഴിയുന്നില്ല.'
ചിന്തകളുടെ വേലിയേറ്റങ്ങളിൽ മുങ്ങിയും പൊങ്ങിയും അവൾ വിമ്മിഷ്ടപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കാൻ പോലും മെസ്സിൽ പോകാതെ അവൾ ആ കിടപ്പ് അങ്ങനെ തുടർന്നു.
"ഗ്രീഷ്മാ നിനക്കിതെന്തു പറ്റി, സുഖമില്ലേ?"
ഡ്യൂട്ടി കഴിഞ്ഞെത്തിയ നീതു, ഗ്രീഷ്മയുടെ കിടപ്പുകണ്ട് ചോദിച്ചു.
"ഉം..."
"നിനക്കിന്ന് ജോലിയില്ലായിരുന്നോ?"
മറുപടിയൊന്നും പറയാതെ തിരിഞ്ഞു കിടന്ന അവളെ കണ്ട്, നീതു അമ്പരന്നു.
'ഇവളെന്താണ് ഇങ്ങനെ കിടക്കുന്നത്, ചോദിച്ചിട്ട് ഒന്നും പറയുന്നതുമില്ലല്ലോ!'
"ഗ്രീഷ്മാ, നീ ഇന്ന് എവിടെയെങ്കിലും പോയിരുന്നോ?"
"ഉം.."
"പറയാൻ മനസ്സില്ലെങ്കിൽ വേണ്ട, ഞാൻ ഇനി നിന്റെ കാര്യത്തിൽ ഇടപെടാൻ വരില്ല."
"എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ആരേയും വിളിച്ചില്ലല്ലോ."
"ഓഹോ അങ്ങനെയാണോ? എങ്കിൽ ശരി, ഞാനിനി ഒന്നിനും വരുന്നില്ല."
കുളി കഴിഞ്ഞ് നീതു, തിരിച്ചു വന്നപ്പോഴേയ്ക്കും ഗ്രീഷ്മ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ അവളുടെ മമ്മിയോടാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി.
സംസാരത്തിൽ നിന്നും അവളുടെ പപ്പ ഇവിടെ വന്നിരുന്നുവെന്നും നീതു മനസ്സിലാക്കി.
കരഞ്ഞുകൊണ്ടാണ് അവൾ ഫോൺ കട്ട് ചെയ്തത്. ഗ്രീഷ്മയെ അസ്വസ്ഥമാക്കുന്ന രീതിയിൽ എന്തൊക്കെയോ നടക്കുന്നതായി നീതു ഊഹിച്ചു.
ഭക്ഷണം കഴിക്കാനായി മെസ്സിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗ്രീഷ്മ പറഞ്ഞു:
"എടീ ഞാനും വരുന്നു."
"ഇന്ന് നിന്റെ പപ്പ വന്നിരുന്നു, അല്ലേ?"
"ഉം..."
"നാളെ നിനക്ക് ഡ്യൂട്ടി ഉണ്ടോ?"
"ഉം..."
വഴിയിൽ വച്ച് ലിൻസിയും അവരോടൊപ്പം കൂടി. ലിൻസിക്ക് മുഖം കൊടുക്കാതെ, ഗ്രീഷ്മ വേഗം നടന്നു പോയി.
"നീതു, നീയെന്റെ മുറിയിൽ വന്നിട്ട്, തിരിച്ചു പോയത് എന്താണ്?
"അവിടെക്കിടന്നിട്ട് ഉറക്കം വരുന്നില്ലെടീ..."
"വീണ്ടും നീ ഗ്രീഷ്മയോടൊപ്പം കൂടി, ഇല്ലേ?"
"അങ്ങനെയൊന്നുമില്ല, അവൾ ഇപ്പോൾ എന്നോട് അങ്ങനെ മിണ്ടാറൊന്നുമില്ല. അവൾക്കെന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതു പോലെ തോന്നുന്നു."
നടത്തത്തിന് വേഗത കൂട്ടിയതിനാൽ ഗ്രീഷ്മ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
"അവളുടെ പപ്പയും പോലിസ് ഇൻസ്പെക്ടറും ഒക്കെ ഇന്ന് ഇവിടെ വന്നിരുന്നുവത്രേ. അവരുടെ കൂടെ അവളും സ്റ്റേഷനിലേക്ക് പോയിരുന്നുവെന്ന് ആരോ പറയുന്നതു കേട്ടു."
"ഇവൾ കാരണമാണ് ശാലിനി മരിച്ചതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്."
"എന്നിട്ട് ആ വിവരം നീ പോലീസിനോട് പറഞ്ഞോ?"
"അങ്ങനെ തീർത്തൊന്നും പറഞ്ഞില്ല, സംശയമുണ്ടെന്നുമാത്രം പറഞ്ഞു."
"അവളെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു കാണും."
"എടുത്തുചാടി ഒരോന്നൊക്കെ ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു."
"ശരിയാണ്."
ഭക്ഷണം കഴിച്ചിട്ട് തിരികെ മുറിയിലെത്തിയപ്പോഴും ഗ്രീഷ്മ മൗനം പാലിച്ചു.
"ഗ്രീഷ്മാ, നിനക്ക് എന്നോടുളള പിണക്കമൊന്നും മാറിയില്ല?"
"എനിക്കാരോടും പിണക്കമൊന്നുമില്ല."
"എന്നിട്ടാണോ ഞാൻ ചോദിച്ചതിനൊന്നും നീ മറുപടി പറയാത്തത്?"
"എന്താണ് നീ ചോദിച്ചത്. എന്റെ വ്യക്തിപരമായ കാര്യങ്ങളാണെങ്കിൽ എനിക്കൊന്നും പറയാനില്ല."
"എന്നാൽ ശരി, ഗുഡ് നൈറ്റ്."
"ഉം..."
നിശ്ശബ്ദമായ രാത്രിയുടെ ഏതോ യാമത്തിൽ, ആരോ കരയുന്നത് കേട്ട് ഗ്രീഷ്മ കണ്ണു തുറന്നു. കട്ടിലിനരികിൽ അവളേയും നോക്കിക്കൊണ്ട് നിൽക്കുന്ന വെള്ള വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കണ്ട് അവൾ ഭയന്നുവിറച്ചു.
അരണ്ട വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയെങ്കിലും മുഖം വ്യക്തമല്ലാതിരുന്നതിനാൽ ആരാണെന്ന് മനസ്സിലായില്ല.
"ആരാണ് നീ, എന്തു വേണം?"
ആ രൂപത്തിൽ നിന്നും ഒരു തേങ്ങലല്ലാതെ വാക്കുകളൊന്നും പുറത്തുവന്നില്ല.
"നീ എന്തിനാണ് കരയുന്നത്?"
തേങ്ങലിന്റെ ശബ്ദം കൂടിയതല്ലാതെ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഒന്നുകൂടി ചോദിച്ചു:
"ആരാണെനു പറയൂ..."
"ഞാൻ... ഞാൻ... ശാലിനിയാണ്."
"ഏഹ്.... ശാലിനിയോ?"
ഭയന്നുവിറച്ച അവൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ആവുന്ന ശക്തി ഉപയോഗിച്ച് അവൾ അലറി വിളിച്ചു.
ഗ്രീഷ്മയുടെ നിലവിളി കേട്ട്, അടുത്ത കട്ടിലിൽ കിടന്നിരുന്ന നീതു ചാടിയെണീറ്റു ലൈറ്റിട്ടു.
വിയർത്തു കുളിച്ചു കിടന്നിരുന്ന ഗ്രീഷ്മയെ തട്ടിവിളിച്ചു.
"ഗ്രീഷ്മാ, നിനക്ക് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്?"
"പോ... പോ... എന്നെ തൊടരുത്, പോ..."
"ഗ്രീഷ്മേ.. എടീ... ഇത് ഞാനാണ്, നീതു... കണ്ണുതുറക്കെടീ..."
ഗ്രീഷ്മ പതിയെ കണ്ണുതുറന്ന് ചുറ്റും നോക്കി. അവളുടെ മുഖം ഭയന്നു വിളറിയിരുന്നു. ദാഹിച്ചു വരണ്ട ചുണ്ടുകൾ വെള്ളത്തിനായി കേണു.
വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് നീതു പറഞ്ഞു:
"ഇതാ, നീ വെള്ളം കുടിക്ക്..."
"അവൾ എവിടെ... പോയോ?"
"ആരുടെ കാര്യമാണ് നീ പറയുന്നത്, ഈ മുറിയിൽ നീയും ഞാനും മാത്രമല്ലേ ഉള്ളൂ... നീ വല്ല സ്വപ്നവും കണ്ടു പേടിച്ചോ?"
"അല്ലെടീ അതു സ്വപ്നമല്ല, ഞാൻ ശരിക്കും അവളെ കണ്ടതാണ്. ദാ ഇവിടെയാണ് അവൾ നിന്നത്. അവളുടെ കരച്ചിലും ഞാൻ കേട്ടതാണ്."
"ആരു കരഞ്ഞെന്നാണ് നീയീ പറയുന്നത്?
ഇവിടെ ആരു വരാനാണ്, മുറി പൂട്ടിയിരിക്കുകയല്ലേ?"
രണ്ടു പേരും വാതിലിന് നേർക്കു നോക്കിയപ്പോൾ കതക് അല്പം ഉള്ളിലേക്ക് തുറന്നു കിടക്കുന്നത് കണ്ടു.
"അയ്യോ, കിടക്കാൻ നേരം ഞാൻ കതക് പൂട്ടിയിരുന്നതാണതാല്ലോ, ഇതാരാണ് തുറന്നത്?"
"ഞാൻ പറഞ്ഞില്ലേ, അവൾ ഇവിടെ വന്നിരുന്നു. ഞാൻ ശരിക്കും കണ്ടതാണ്."
"ആരു വന്നെന്നാണ് നീ പറയുന്നത്, ആരെയാണ് നീ കണ്ടത്?"
"അവൾ ഇവിടെ ഉണ്ടായിരുന്നു, ആ ശാലിനി."
"ശാലിനിയോ, അതിന് അവൾ മരിച്ചു പോയില്ലേ?"
"മരിച്ചവർ രാത്രിയിൽ ഇറങ്ങി നടക്കുമല്ലോ, അവൾ ഇനിയും വരുമായിരിക്കും. ചിലപ്പോൾ അവളെന്നെ കൊല്ലാനും മടിക്കില്ല."
"അവൾ എന്തിനാണ് നിന്നെ കൊല്ലുന്നത്? നീ കാരണമല്ലല്ലോ അവൾ മരിച്ചത്?"
"അതേ, ഞാനാണ്... ഞാനാണ്... അവളെ..."
"നീയവളെ എന്തു ചെയ്തു ഗ്രീഷ്മാ?"
"ഇല്ല... ഇല്ല...ഞാനൊന്നും ചെയ്തില്ല...ഞാനൊന്നും ചെയ്തിട്ടില്ലെടീ..."
"ശരിയാണ്, നീയൊന്നും ചെയ്തിട്ടില്ല...നീ എന്തോ സ്വപ്നം കണ്ട് പേടിച്ചതാണ്. കിടന്നുറങ്ങാൻ നോക്ക്. മൂന്നു മണി കഴിഞ്ഞതേയുള്ളൂ... നാളെ ഡ്യൂട്ടിക്ക് പോകാനുള്ളതല്ലേ..."
നീതു ലൈറ്റണച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോൾ ഗ്രീഷ്മ പറഞ്ഞു:
"അയ്യോ... വേണ്ട, ലൈറ്റണയ്ക്കണ്ടാ..."
"അതെന്താ?"
"ലൈറ്റണച്ചാൽ അവളിനിയും വരും."
"മ്... വരട്ടെ, അപ്പോൾ നീയെന്നെ വിളിച്ചാൽ മതി. എനിക്കും കാണാമല്ലോ."
കണ്ണുകളടയ്ക്കാൻ പേടിച്ച്, തലയ്ക്കു മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിൽ നോക്കി അവൾ കിടന്നു.
(തുടരും)
ഭാഗം 23
വാർഡിൽ നല്ല ജോലിത്തിരക്കുകൾ ഉണ്ടായിരുന്നിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ ഗ്രീഷ്മയ്ക്കു കഴിഞ്ഞില്ല. തലേ ദിവസം ഉറക്കത്തിൽ കണ്ട കാഴ്ചകൾ അവളുടെ മനസ്സിനെ വരിഞ്ഞു മുറുക്കി.
"ഗ്രീഷ്മയെ ചാർജ് നഴ്സ് വിളിക്കുന്നുണ്ട്. പോയി കണ്ടിട്ടു വരൂ..."
ഡ്യൂട്ടിയിൽ കൂടെയുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് പറഞ്ഞു.
'എന്തിനായിരിക്കുമോ ഈശോയേ! ഇന്നലെ സ്റ്റേഷനിൽ പോയ വിവരങ്ങൾ എന്തെങ്കിലും ചോദിക്കാനായിരിക്കുമോ, ഓ... അതൊക്കെ അവരെങ്ങനെ അറിയാനാണ്?'
"മാഡം എന്നെ വിളിച്ചിരുന്നോ?"
"ആ... ഗ്രീഷ്മയോ, മുഖം വല്ലാതിരിക്കുന്നല്ലോ... എന്തുപറ്റി ഗ്രീഷ്മാ... സുഖമില്ലേ?"
"അസുഖമൊന്നുമില്ല മാഡം, ഇന്നലെ നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല."
"എന്നാൽ അതുകൊണ്ടായിരിക്കും ഒരു സിക്ക് ലുക്ക് തോന്നുന്നത്."
"ആയിരിക്കും, മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്?"
"ഇന്നലെ താൻ അവധിയായിരുന്നല്ലോ, അതിന് ലീവ് ലെറ്റർ തരുന്നോ അതോ ഞാനത് ഓഫ് ഡ്യൂട്ടി ആക്കണോ? ഓഫ് ആക്കുകയാണെങ്കിൽ വരുന്ന ഞയറാഴ്ചയും ഡ്യൂട്ടിക്ക് വരേണ്ടിവരും."
"ശരി മാഡം, ഞാൻ വന്നോളാം."
"അടുത്ത ആഴ്ച മുതൽ എല്ലാവർക്കും ഡ്യൂട്ടി ചെയ്ഞ്ച് ആണ്. തന്നെ ഐ.സി.യു വിലാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ ആഴ്ചയിൽ മൂന്നു ദിവസം നൈറ്റ് ഷിഫ്റ്റ് ആണ്. ഓ.കെയാണല്ലോ അല്ലേ?"
"ഓ.കെ ആണ് മാഡം."
"ശരി, എങ്കിൽ പൊയ്ക്കോളൂ.''
"താങ്ക്യൂ മാഡം."
അവിടെ നിന്നും തിരിച്ച് വാർഡിലേക്ക് നടക്കുമ്പോൾ ഗ്രീഷ്മയുടെ മനസ്സിൽ ശാലിനിയുടേയും ഡോക്ടർ വിനോദിന്റേയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു വന്നു.
അവധി കഴിഞ്ഞ് ഡോക്ടർ വിനോദ് ഇതുവരേയും മടങ്ങിവന്നിട്ടില്ലായിരുന്നു.
ശാലിനിയുടെ മരണം നൽകിയ ഷോക്കിൽ നിന്നും മുക്തനാവാതെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലെ തന്റെ മുറിയിൽത്തന്നെ കഴിഞ്ഞു കൂടുകയായിരുന്നു ഡോക്ടർ വിനോദ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ആകെ നിരാശനായി ദിവസങ്ങൾ തള്ളിനീക്കി.
മകന്റെ സങ്കടത്തിന്റെ കാരണം, അയാളുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. ചോദിച്ചപ്പോഴൊക്കെ തന്ത്രപൂർവം ഒഴിഞ്ഞു മാറിയതേയുളളൂ... മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും ഒരു വിവിഹത്തിന് തയ്യാറാവാതെ ഒറ്റയാനായി ജീവിക്കുന്നതിൽ ഇരുവരും വളരെ ദുഃഖിതരുമായിരുന്നു.
"മോനേ നിന്റെ അവധി കഴിയാറായില്ലേ, എന്നാണ് ഇനി ജോയിൻ ചെയ്യേണ്ടത്?"
"ലീവ് ഒരാഴ്ചയും കൂടി നീട്ടിയെടുക്കാമെന്ന് വിചാരിക്കുകയാണ്..."
"ഇനിയും അവധിയെടുത്ത് ഇങ്ങനെ വീട്ടിലിരിക്കുന്നതെന്തിനാണ്?"
"അമ്മേ എനിക്കിനി ആ ഹോസ്പിറ്റലിൽ തുടരാൻ വയ്യ. റിസൈൻ ചെയ്തിട്ട് വേറെ എവിടെയെങ്കിലും ജോയിൻ ചെയ്യണമെന്ന് ആഗ്രഹികുകയാണ്. രണ്ടുമൂന്നു സ്ഥലത്തു നിന്നും നല്ല ഓഫർ ലഭിച്ചിട്ടുണ്ട്."
"സത്യത്തിൽ എന്താണ് നിന്റെ പ്രശ്നം, അവിടെയെന്തെങ്കിലും മെഡിക്കൽ ഇഷ്യൂസ് ഉണ്ടായോ?"
"അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അവിടെയൊരു മരണം നടന്നു. നഴ്സിംഗിന് പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു."
"അതിന് നിനക്കെന്താണ്, അതൊക്കെ സാധാരണ നടക്കുന്ന സംഭവങ്ങൾ അല്ലേ?"
"എനിക്കു വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയാണ് മരിച്ചത്. അതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള അന്വേഷണം നടക്കുകയാണ്."
"ആ കുട്ടിയുമായി നിനക്കുള്ള ബന്ധം എന്താണ്?"
"ഞങ്ങൾ തമ്മിൽ മാനസികമായി വളരെയധികം അടുത്തുകഴിഞ്ഞിരുന്നു. അവളെ വിവാഹം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഇവിടെ വരുമ്പോൾ നിങ്ങളോടു രണ്ടുപേരോടും അവളെക്കുറിച്ച് പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു."
"പേരെടുത്ത ഒരു കാർഡിയോളജിസ്റ്റ് ആയ നീ വെറുമൊരു നഴ്സിനെ കല്യാണം കഴിക്കാനോ? ഞങ്ങൾ ഇതിന് സമ്മതിക്കുമായിരുന്നു എന്ന് നീ വിചാരിച്ചിരുന്നോ?"
"ഒരിക്കൽ അമ്മയല്ലേ പറഞ്ഞത്, ഇഷ്ടപ്പെടുന്ന ആരെ വേണമെങ്കിലും വിവാഹം കഴിച്ചോളാൻ; എങ്ങനെയായാലും ഒരു കുടുംബമുണ്ടായിക്കണ്ടാൽ മതിയെന്ന്! എന്നാട്ടിപ്പോൾ എന്തിനാണ് ഇങ്ങനെ റിയാക്ട് ചെയ്യുന്നത്?"
"ശരിയാണ്, അങ്ങനെ ഞാൻ പറഞ്ഞിരുന്നു. എന്നാലും നീ ഒരു നഴ്സുമായി അടുപ്പത്തിലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല."
"ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം? എന്നെ തനിച്ചാക്കി അവൾ പോയില്ലേ! ഒരു കർഷകക്കുടുംബത്തിലെ സാധു പെൺകുട്ടിയായിരുന്നു ശാലിനി. ആറു മാസം കഴിഞ്ഞ്, അവളുടെ കോഴ്സ് തീർന്നാലുടൻ ഞങ്ങളുടെ കല്യാണം നടത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്."
"അവൾ എങ്ങനെയാണ് മരിച്ചത്?"
"ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണതാണ്. ആരെങ്കിലും അവളെ അപകടപ്പെടുത്തിയതാവാനേ തരമുള്ളൂ. ഞങ്ങളുടെ ബന്ധത്തെപ്പറ്റി അറിയാവുന്ന മറ്റുചില കുട്ടികൾ ഒരുക്കിയ കെണിയിൽ അവൾ വീണതായിരിക്കും. നടന്നതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്."
"നീ ആദ്യം സ്നേഹിച്ച യാമിനിയെന്ന മെഡിക്കൽ സ്റ്റുഡൻ്‌റും ആത്മഹത്യ ചെയ്തതല്ലേ? നീ സ്നേഹിക്കുന്നവരെല്ലാം മരണപ്പെടുകയാണല്ലോ മോനേ!"
"അതേ, ഇതെന്തൊരു വിധിയാണമ്മേ,ഒരു ശപിക്കപ്പെട്ട ജന്മമാണോ എന്റേത്?"
"അങ്ങനെയൊന്നും പറയല്ലേ മോനേ..ചിലപ്പോൾ എല്ലാം നല്ലതിനാകും."
"എന്നെ സ്നേഹിച്ച രണ്ടു പെൺകുട്ടികളും മരണത്തിന് കീഴടങ്ങി. ഒരു കുടുംബജീവിതമൊന്നും എനിക്ക് പറഞ്ഞിട്ടില്ലെന്നു തോന്നുന്നു."
"നീയിങ്ങനെ നിരാശപ്പെടാതെ, ഇനിയും സമയമുണ്ടല്ലോ. ഏതായാലും അവധി കഴിയുമ്പോൾ ഹോസ്പിറ്റലിൽ പോയി ജോയിൻ ചെയ്യണം. ഇങ്ങനെ ദുഃഖിച്ച് വീട്ടിലിരുന്നാൽ മനസ്സ് മരവിച്ചു പോകുകയേയുള്ളൂ..."
"അവളില്ലാത്ത ആശുപത്രിയിൽ ജോലി ചെയ്യാൻ ഇനി എനിക്കു കഴിയുമെന്ന് തോന്നുന്നില്ലച്ഛാ... ആ ഓർമകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും."
"അതൊക്കെ നിന്റെ തോന്നലാണ് മോനേ... മരിച്ചുപോയവരെ ഓർത്ത് നീ, നിന്റെ ജീവിതം നശിപ്പിക്കരുത്."
കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന ശേഷം ഫോണെടുത്ത് വിനോദ്, തന്റെ സുഹൃത്തിനെ വിളിച്ചു.
"ഹലോ..."
"ഹലോ സാം, ഞാൻ വിനോദാണ്."
"ഹായ് സോക്ടർ, എന്തൊക്കെയുണ്ട്? നാളെ ലീവ് തീരുകയാണല്ലോ. മറ്റന്നാൾത്തന്നെ ജോയിൻ ചെയ്യില്ലേ?"
"അങ്ങനെ വിചാരിക്കുന്നു. അവിടുത്തെ അന്തരീക്ഷമൊക്കെ ഇപ്പോൾ എങ്ങനെയുണ്ട്?"
"എല്ലാം പഴയതു പോലെ തന്നെ. താങ്കളുടെ അപ്പോയ്മെന്റ്സും കാത്ത് ഒരുപാട് രോഗികൾ വെയിറ്റു ചെയ്യുന്നുണ്ട്. എത്രയും വേഗം എത്തിയേക്കണേ.."
"ശരി സാം... എന്നാൽ മറ്റന്നാൾ കാണാം.ബൈ..."
"ബൈ ഡോക്ടർ."
ഡോക്ടർ വിനോദിന്റെ തീരുമാനത്തിൽ അച്ഛനും അമ്മയും ഏറെ സന്തോഷിച്ചു.
സബ് ഇൻസ്പെക്ടർ അരുൺ പോളിനെ വിളിച്ച് കേസന്വേഷണത്തിന്റെ പുരോഗതിയെപ്പറ്റി ആരാഞ്ഞു.
"ഹലോ സാർ, ഞാൻ ഡോക്ടർ വിനോദാണ്."
"പറയൂ ഡോക്ടർ."
"അന്വേഷണമൊക്കെ എവിടെ വരെയായി സാർ?"
"പുരോഗമിക്കുന്നുണ്ട് ഡോക്ടർ, അവധിയൊക്കെ കഴിഞ്ഞ് എത്തിയോ?"
"മറ്റന്നാൾ ജോയിൻ ചെയ്യും."
"ശരി, എങ്കിൽ ഇവിടെ എത്തിയിട്ട് കാണാം."
"ഓ.കെ സാർ."
"ബൈ.."
"അമ്മേ നാളെ ഉച്ചകഴിഞ്ഞ് ഞാനിറങ്ങും. മറ്റന്നാൾ ജോലിക്ക് ജോയിൻ ചെയ്യണം."
"നന്നായി മോനേ, നിനക്ക് കൊണ്ടുപോകാനുള്ളതൊക്കെ ഞാൻ എടുത്തു വയ്ക്കാം. വാസു അവിടെയുണ്ടല്ലോ, നാളെ നീ എത്തുമെന്നുള്ള വിവരം ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം."
"ശരി അമ്മേ..."
ശാലിനിയുടെ മരണശേഷം ആരും തന്നെ ടെറസ്സിലോട്ട് കയറിപ്പോയിട്ടില്ല. തുണി കഴുകി താഴെ കെട്ടിയിട്ടുള്ള അയകളിൽ വിരിക്കാറാണ് എല്ലാവരും ചെയ്യുന്നത്.
അന്ന് അലക്കിയ തുണികൾ വിരിക്കാനായി അഞ്ജലിക്കും അലീനയ്ക്കും സ്ഥലം കിട്ടിയില്ല.
"അലീനാ, ഇനിയെന്തു ചെയ്യും, നമ്മൾ എവിടെ വിരിക്കും?"
"നമുക്ക് ടെറസ്സിൽ കൊണ്ടുപോയി വിരിച്ചാലോ?"
"അവിടെ ഇപ്പോൾ ആരും പോകാറില്ലല്ലോ..."
"ഇത്രയും ദിവസം ആയില്ലേ, നമുക്കൊന്ന് പോയി നോക്കാമെന്നേ..."
"അതിന് കോണിപ്പടികളിൽ നിന്നും ടെറസ്സിലേക്കുളള വാതിൽ പൂട്ടിയിട്ടിരിക്കുകയല്ലേ?"
"എന്തായാലും അവിടെ വരെ പോകാം. വരൂ അഞ്ജലീ... വാതിൽ പൂട്ടിക്കിടക്കുകയാണെങ്കിൽ നമുക്ക് തിരിച്ചു പോരാം."
"ശരി, നിന്റെ ഇഷ്ടം."
കോണിപ്പടികൾ കയറി മുകളിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
"ആഹാ... നമുക്ക് വേണ്ടി ആരോ തുറന്നിട്ടതുപോലെ തോന്നുന്നല്ലോ..."
"എടീ വേഗം വിരിച്ചിട്ടു പോകാം. നേരം സന്ധ്യയായി."
"ഉം..."
അവിടവിടെയായി മഴവെള്ളം തളം കെട്ടിക്കിടന്നിരുന്നു. പല ഭാഗത്തും പുല്ലുകൾ വളർന്നു നിൽക്കുന്നു. അയകളിൽ ചുരുണ്ടു കിടക്കുന്ന ശാലിനിയുടെ തുണികൾ മഴ നനഞ്ഞും പൊടിയടിച്ചും വൃത്തികേടായി കിടക്കുന്നു.
(തുടരും)
ഭാഗം 24
പടിഞ്ഞാറേ ചക്രവാളത്തിൽ എരിഞ്ഞടങ്ങിയ അസ്തമന സൂര്യന്റെ സിന്ദൂര രാജികൾ ചിത്രം വരച്ച മാനത്തിന്റെ മനോഹാരിതയിൽ മതിമറന്നു നിൽക്കുന്ന അലീനയെ നോക്കി അഞ്ജലി പറഞ്ഞു:
"അലീനാ... നീ വരുന്നില്ലേ, എനിക്കാകെ പേടിയാവുന്നു."
"എടീ നോക്കിക്കേ, ഈ സമയത്ത് ആകാശം കാണാൻ എന്തു ഭംഗിയാണ്."
"പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നീ ഇവിടെ നിന്നോളൂ... ഞാൻ പോകുന്നു."
"അഞ്ജലീ നിൽക്ക്, ഞാനും വരുന്നു. ഇവളുടെ യൊരു പേടി കണ്ടില്ലേ?"
കോണികൾ ഓടിയിറങ്ങുന്ന അഞ്ജലിയുടെ പിറകെ ബക്കറ്റുമെടുത്ത് അലീനയും നടന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ച്, ഒരു നിലവിളി ശബ്ദത്തോടെ അവളുടെ മുൻപിൽ, ആ വാതിൽ അടഞ്ഞു.
ഭയന്നുവിറച്ച അവൾ ശക്തിയോടെ കതകിൽ ആഞ്ഞു തള്ളിയിട്ടും അത് തുറക്കാനായില്ല.
"അഞ്ജലീ... അഞ്ജലീ... വാതിൽ തുറക്ക്.."
കതകിൽ തട്ടിക്കൊണ്ട് അവൾ അലറി വിളിച്ചു.
അഞ്ജലിയുടെ കാതുകളിലെത്താതെ ആ ശബ്ദം കാറ്റിൽ അലിഞ്ഞുചേർന്നു.
എന്തു ചെയ്യണമെന്നറിയാതെ അലീന ചുറ്റും നോക്കി. പെട്ടെന്നാണ് ഒരു ദീനരോദനം അവളുടെ കാതിൽ പതിച്ചത്. കാറ്റിലാടിക്കൊണ്ടിരുന്ന ശാലിനിയുടെ തുണികൾക്കിടയിൽ നിന്നും തിരിച്ചറിയാനാവാത്ത ഒരു രൂപം ചലിക്കുന്നതായി അവൾക്ക് തോന്നി.
ഉയർന്നുവന്ന തേങ്ങിക്കരച്ചിൽ കേട്ട് വിറയാർന്ന സ്വരത്തോടെ അവൾ ചോദിച്ചു:
"ആരാ... ആരാണ് നീ... എന്തു വേണം?"
വെളുത്ത പുക പോലെ അവ്യക്തമായ ആ രൂപം പതുക്കെ അവളുടെ അരികിലേക്ക് വന്നു.
"അലീനാ... ഞാൻ ശാലിനിയാണ്."
"ശാലിനിയോ... നീ... നീ...."
അക്ഷരങ്ങൾ തൊണ്ടയിൽ കുടുങ്ങിക്കിടന്നതിനാൽ അവൾക്ക് മുഴുമിപ്പിക്കാനായില്ല.
"അലീനാ..." തേങ്ങലുകൾക്കിടയിൽ കൂടി ദീനതയാർന്ന സ്വരം കേട്ട് അലീന അക്ഷരാർത്ഥത്തിൽ ഭയന്നുവിറച്ചു.
ആ രൂപം അവളുടെ സമീപത്തെത്തിയതും അവൾ ബോധരഹിതയായി നിലംപതിച്ചു.
തന്റെ പിറകേ അലീനമുണ്ടായിരിക്കുമെന്ന് കരുതി അഞ്ജലി, തിരിഞ്ഞുനോക്കാതെ കോണിപ്പടികളിറങ്ങി. താഴെയെത്തിയിട്ടും കാണാതിരുന്നപ്പോൾ അവൾ ആശങ്കപ്പെട്ടു.
'ഇവളിതുവരെ വരാത്തതെന്താണ്, ചെമ്മാനം തുടുത്തതും നോക്കിനിൽക്കുകയായിരിക്കും.'
"അലീനാ... എടീ... നീയെന്താണ് വരാത്തത്?"
പ്രതികരണമൊന്നും കേൾക്കാതിരുന്നതിനാൽ അവൾ സംശയിച്ചു.
'കാലുതെറ്റി എവിടെയെങ്കിലും വീണതായിരിക്കുമോ? പോയി നോക്കിയാലോ...'
വെളിച്ചം തീരെയില്ലാതിരുന്നിട്ടും കോണിപ്പടി കൾ കയറി മുകളിലെത്തി. ടെറസ്സിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് അവൾ ആശ്ചര്യപ്പെട്ടു.
"ഭഗവാനേ... ആരാണ് ഈ വാതിൽ പൂട്ടിയത്?'
കതകിൽ തട്ടിക്കൊണ്ട് അവൾ ഉറക്കെ വിളിച്ചു.
"അലീനാ... നീയെവിടെയാണ്? കതക് തുറക്കൂ..."
അവളുടെ നിലവിളി ശബ്ദം ആരും കേട്ടില്ല. ഹൃദയമിടിപ്പ് അമിതവേഗത്തിലായി. തലയ്ക്കുള്ളിൽ ആയിരം സംശയങ്ങൾ ഉയർന്നുപൊങ്ങി. മിനിറ്റുകൾക്കുള്ളിൽ അവൾ താഴെയിറങ്ങി വന്ന് മേട്രന്റെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു.
മേട്രനെ വിളിച്ച് വിവരം പറഞ്ഞാലോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ കോണിപ്പടികളുടെ മുകളിൽ നിന്നും അലീന വിളിച്ചു.
"അഞ്ജലീ...നീയെന്തിനാണ് അവിടെ നിൽക്കുന്നത്, നമ്മുടെ മുറി മുകളിലല്ലേ?"
അലീനയെ കണ്ടതും അവൾ ഞെട്ടിവിറച്ചു.
"അലീനാ...നീ... നീ... എങ്ങനെ, എപ്പോൾ?"
"നീയെന്താടീ ഇങ്ങനെ തുറിച്ചു നോക്കുന്നത്, ഞാൻ നിന്റെ പിറകേ ഉണ്ടായിരുന്നല്ലോ.."
"നിന്നെ കാണാതിരുന്നപ്പോൾ ഞാൻ വീണ്ടും കയറിപ്പോയി. അപ്പോൾ ആ കതക് ആരോ പൂട്ടിയിരിക്കുന്നതായി കണ്ടു."
"നീ എന്തൊക്കെയാണ് പറയുന്നത്? വാതിലിപ്പോഴും തുറന്നു തന്നെ കിടക്കുകയാണല്ലോ. സംശയമുണ്ടെങ്കിൽ നീ പോയി നോക്ക്."
അലീനയുടെ ശബ്ദത്തിലും ഭാവത്തിലുമുള്ള വ്യത്യാസം മനസ്സിലാക്കിയ അഞ്ജലി ചോദിച്ചു:
"നിന്റെ സ്വരമെന്താണ് മാറിയിരിക്കുന്നത്?"
"എന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല, നിനക്ക് തോന്നുന്നതാണ്. നീ വരുന്നെങ്കിൽ വരൂ, എനിക്കൊന്നു കുളിക്കണം."
സംശയത്തിന്റെ നൂലാമാലകളിൽ കുരുങ്ങി, ചിന്തകൾ, മനസ്സിന്റെ ഭിത്തിയിൽ വേലിയേറ്റങ്ങളായി.
അഞ്ജലി മുറിയിലെത്തിയപ്പോൾ അലീന അവിടെ ഉണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്നതിന്റെ ഒച്ച കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി.
'അലീനയ്ക്ക് എന്താണ് സംഭവിച്ചത്, അവൾ എങ്ങനെയാണ് താഴെ വന്നത്?'
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവളുടെ മനസ്സ് എവിടെയൊക്കെയോ അലഞ്ഞു. നേരം കുറേ ആയിട്ടും അലീന, കുളികഴിഞ്ഞ് ഇറങ്ങി വരാത്തതിനാൽ അവൾ കതകിൽ തട്ടിവിളിച്ചു.
"അലീനാ, നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? എത്ര നേരമായി, എനിക്കും കുളിക്കാനുള്ളതാണ്."
ബാത് റൂമിൽ നിന്നും ഇറങ്ങി വന്ന അലീന, അലമാരിയിലുണ്ടായിരുന്ന ശാലിനിയുടെ ഒരു പഴയ ചുരിദാർ എടുത്തിട്ടു.
"അലീനാ, നീ എന്താണിട്ടിരിക്കുന്നത്?"
"ചുരിദാർ."
"ഇത് നിന്റെയല്ലല്ലോ."
"എനിക്കിതു നന്നായി ചേരുന്നില്ലേ അഞ്ജലീ?"
"അങ്ങനെ എനിക്കു തോന്നുന്നില്ല."
അവളുടെ വിചിത്രമായ പ്രവൃത്തികൾ അഞ്ജലിയെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.
ഡിന്നർ കഴിക്കാനായി മെസ്സിലേക്ക് നടക്കുമ്പോൾ പതിവിൽ നിന്നും വിപരീതമായി, അവൾ ഒന്നും സംസാരിച്ചതേയില്ല.
"എടീ അലീനാ, നീയെന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്?"
"എങ്ങനെയൊക്കെ?"
"നിന്റെ സ്വഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നതു പോലെ എനിക്ക് തോന്നുന്നു."
അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.
മെസ്സിൽ വച്ച് ഗ്രീഷ്മയെ കണ്ടപ്പോൾ അലീനയുടെ മുഖം വലിഞ്ഞു മുറുകി. അവളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കേ, എങ്ങനെയോ ഗ്രീഷ്മയുടെ തലയിൽ കൂടി ചൂടുവെള്ളം താഴേയ്ക്ക് ഒഴുകിയിറങ്ങി.
"അയ്യോ... അമ്മേ, ആരാണ് എന്റെ തലയിൽ വെള്ളമൊഴിക്കുന്നത്?"
ഗ്രീഷ്മ തിരിഞ്ഞു നോക്കിയെങ്കിലും ആരേയും കാണാൻ കഴിഞ്ഞില്ല. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവൾ ചുറ്റും നോക്കിയെങ്കിലും സംശയകരമായി ഒന്നും തോന്നിയില്ല.
"എന്റെ തലയിൽ വെള്ളമൊഴിച്ചത് ആരായാലും അവരെ ഞാൻ വെറുതേ വിടില്ല."
മെസ്സ് ഹാളിലിരുന്ന എല്ലാവരും അവളെ നോക്കി ചിരിച്ചു.
ദേഷ്യം കടിച്ചമർത്തി, നനഞ്ഞൊട്ടിയ വസ്ത്രത്തോടെ അവൾ ഹാളിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി. അലീനയുടെ കണ്ണിലെ പകയുടെ കനൽ അഞ്ജലി തിരിച്ചറിഞ്ഞു.
രാത്രിയുടെ മൂന്നാംയാമത്തിൽ കണ്ണുകൾ തുറന്ന അലീന, ചാടിയെണീറ്റ് കതകിനു നേരേ നടന്നു. ഗ്രീഷ്മയുടെ മുറിയുടെ, താനേ തുറന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിച്ചു. കട്ടിലിന്റെ തലയ്ക്കൽ ചെന്നുനിന്ന് ഗ്രീഷ്മയെ തുറിച്ചു നോക്കി.
അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്ന ഗ്രീഷ്മയുടെ മുഖത്ത് തലയണ വച്ചവൾ അമർത്തി.
ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഗ്രീഷ്മ പ്രതിരോധിക്കുന്നതിനിടയിൽ അലറി വിളിച്ചു. ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി അവൾ മനസ്സിലാക്കി. മൽപ്പിടുത്തത്തിനിടയിൽ തപ്പിത്തടഞ്ഞ് ലൈറ്റിന്റെ സ്വിച്ചിട്ടു. പെട്ടെന്ന് മുറിയിൽ നിന്നും ആരോ ഓടിപ്പോകുന്നത് കണ്ട് ഗ്രീഷ്മ ഉറക്കെ നിലവിളിച്ചു. അതൊരു സ്ത്രീയായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു.
ഗ്രീഷ്മയുടെ നിലവിളി കേട്ട് നീതു ചാടിപ്പിടഞ്ഞെണീറ്റു.
"ഗ്രീഷ്മാ, എന്തിനാടീ നീ നിലവിളിച്ചത്, ഇന്നും നീ സ്വപ്നം കണ്ടോ?"
"അതല്ലെടീ,ആരോ ഇവിടെ വന്നിരുന്നു, ഈ തലയണവച്ച് എന്റെ മുഖത്തമർത്തി അവൾ എന്നെ കൊല്ലാൻ ശ്രമിച്ചു. ശ്വാസം മുട്ടിയ ഞാൻ സകല ശക്തിയും ഉപയോഗിച്ച് ചെറുത്തു നിന്നു."
"നീ എന്തൊക്കെയാണീ പറയുന്നത്? ഇവിടെ ആരു വരാനാണ്? കതകു ഞാനിന്നും പൂട്ടിയിരുന്നതാണല്ലോ."
നീതു പോയി നോക്കിയപ്പോൾ കതക് ചാരിയിരിക്കുന്നതായി കണ്ടു. അവൾക്കാകെ പേടിയായി.
'ആരാണിതു തുറക്കുന്നത്, ഇനി ഗ്രീഷ്മ പറയുന്നതൊക്കെ ശരിയായിരിക്കുമോ? ഗ്രീഷ്മയെ ആരോ കൊല്ലാൻ ശ്രമിച്ചെന്നല്ലേ അവൾ പറഞ്ഞത്, എന്നാലും അതാരായിരിക്കും?'
ആകെ ഭയന്നു പരവശയായ ഗ്രീഷ്മയ്ക്ക് കുടിക്കാൻ വെള്ളമെടുത്തു കൊടുത്തിട്ട് നീതു പറഞ്ഞു:
"ഇനി ഇങ്ങനെയൊന്നുമുണ്ടാവില്ലെടീ, ഞാൻ നോക്കിക്കോളാം; നീ കിടന്നുറങ്ങിക്കോളൂ..."
"എനിക്കിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല നീതു..."
"എന്നാലും അതാരായിരിക്കും? എനിക്കൊന്നും മനസ്സിലാവുന്നില്ല."
ആ രാത്രിയിൽ അവർ രണ്ടുപേരും പിന്നെ ഉറങ്ങിയതേയില്ല.
(തുടരും)
ഭാഗം 25
പുലരിയുടെ കിരണങ്ങൾ തൊട്ടുവിളിച്ചപ്പോൾ അഞ്ജലി ഉണർന്നു. ഉറക്കത്തിന്റെ അഗാധ കയത്തിലേയ്ക്ക് ഇറങ്ങിപ്പോയ അലീനയെ അവൾ തട്ടിവിളിച്ചു.
"അലീനാ... നീ എഴുന്നേൽക്കുന്നില്ലേ, ഇന്നു നിനക്ക് ഡ്യൂട്ടിയില്ലേ?"
അവളിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നതിനാൽ, അഞ്ജലി വീണ്ടും അവളെ കുലുക്കി വിളിച്ചു. ദേഷ്യത്തോടെ അവളെ ഒന്നു നോക്കിയിട്ട് അലീന എഴുന്നേറ്റു.
"എന്താടീ ഇങ്ങനെ നോക്കുന്നത്, നീ ഇന്നലെ ഉറങ്ങിയില്ലേ?"
"മ്..."
രണ്ടുപേരും വേഗം റെഡിയായി മെസ്സിലേക്ക് നടന്നു.
"ഓ..ഇന്ന് ഉപ്പുമാവാണല്ലോ, എനിക്ക് വേണ്ട."
"എന്തു പറ്റി അലീനാ, ഉപ്പുമാവ് നിനക്ക് വളരെ ഇഷ്ടമായിരുന്നല്ലോ..."
"എന്തോ, ഇപ്പോൾ കഴിക്കാൻ തോന്നുന്നില്ല."
"എന്നാൽ നീ കഴിക്കണ്ട, വേറെ എന്തെങ്കിലും കിട്ടുമോന്ന് നോക്ക്."
"എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല, നല്ല വിശപ്പില്ല."
"ശരി."
'ശാലിനിക്കും ഉപ്പുമാവ് തീരെ ഇഷ്ടമല്ലായിരുന്നു. അവളുടെ രീതികളൊക്കെ ഇവൾക്കും കിട്ടിയോ!'
കഴിച്ചുകഴിഞ്ഞ് പാത്രം കഴുകിവച്ചിട്ട് തിരികെയെത്തുമ്പോൾ അലീന, ഗ്രീഷ്മയുമായി മൽപ്പിടുത്തം നടത്തുന്നതാണ് കണ്ടത്. കണ്ടു നിന്നവരിൽ ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റാൻ നോക്കിയിട്ടും അലീനയുടെ ശക്തിയിൽ എല്ലാവരും അതിശയിച്ചു.
"അലീനാ.. വിട്...അവളെ വിട്, അലീനാ..."
അഞ്ജലിയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഗ്രീഷ്മയെ സ്വതന്ത്രയാക്കി.
"ഇന്നലെ എന്റെ തലയിൽ ചൂടുവെള്ളം കോരിയൊഴിച്ചതും രാത്രിയിൽ മുറിയിൽ വന്ന് കൊല്ലാൻ ശ്രമിച്ചതും ഇവൾ തന്നെയാണ്. എനിക്കിപ്പോൾ എല്ലാം മനസ്സിലായി."
"അലീനയെന്തിനാണ് നിന്നെ കൊല്ലുന്നത്? അതൊക്കെ നിന്റെ വെറും തോന്നലാണ്."
"അല്ല, നീതു... ഇവൾ അലീനയല്ല, ശാലിനിയാണ്."
"ഒന്നു പോടീ ഭ്രാന്തു പറയാതെ..."
"ഭ്രാന്തല്ല, സത്യമാണ്. ശാലിനിയുടെ പ്രതികാരമാണ് ഇവൾ തീർക്കുന്നത്."
"ശാലിനിക്ക് നിന്നോട് പ്രതികാരം ചെയ്യേണ്ട കാര്യം എന്താണ്? അവൾ ആത്മഹത്യ ചെയ്തതല്ലേ?"
"അതെനിക്കറിയില്ല..."
"നിങ്ങൾ തമ്മിൽ ഇപ്പോൾ വഴക്കുണ്ടാക്കാനുള്ള കാരണം എന്തായിരുന്നു?"
"ഞാനിവിടെ വന്നിരുന്നപ്പോൾ 'എന്തിനാടീ എന്നെ ചവിട്ടിയത്' എന്നും ചോദിച്ചിട്ടാണ് തുടങ്ങിയത്."
"ശരിക്കും നീ അവളെ ചവിട്ടിയിരുന്നോ?"
"ഇല്ല, ഞാനോർക്കുന്നില്ല."
"എടീ, എനിക്കു പേടിയാവുന്നു... അവൾ ശാലിനിയുടെ പ്രേതമാണെങ്കിൽ, ഇനിയും എന്നെ ഉപദ്രവിക്കും. ഒരു പക്ഷേ, നാളെ നേരം വെളുക്കുമ്പോൾ എന്റെ മരണ വാർത്തയായിരിക്കും നിങ്ങൾ കേൾക്കാൻ പോകുന്നത്."
"നീ പേടിക്കാതെ, അങ്ങനെയൊന്നും സംഭവിക്കില്ല. അരുൺ സാറിനെ ഞാനൊന്നു വിളിച്ചുപറയട്ടെ."
അഞ്ജലി, മെസ്സിൽ നിന്നും പുറത്തിറങ്ങിയപ്പോഴേയ്ക്കും അലീന പോയിക്കഴിഞ്ഞിരുന്നു.
"ഇവൾ എന്തിനാണ് ഇങ്ങനെ ഓടുന്നത്, എന്തൊരു വേഗതയാണവൾക്ക്!'
അലീനയെപ്പറ്റി ഗ്രീഷ്മ പറഞ്ഞ കാര്യങ്ങൾ കേട്ട്, അഞ്ജലിയുടെ മനസ്സിലെ സംശയങ്ങൾ വളർന്നുകൊണ്ടിരുന്നു. മുറിയിലെത്തിയ അവൾ, അലമാരയിൽ നിന്നും ശാലിനിയുടെ യൂണിഫോം എടുത്തു ധരിക്കുന്ന അലീനയെയാണ് കണ്ടത്.
"എന്തൊക്കെയാടീ നീയീ കാട്ടിക്കുട്ടുന്നത്?
നിനക്ക് ശരിക്കും വട്ടായോ?"
രൂക്ഷമായി അവളെ ഒന്ന് നോക്കിയതല്ലാതെ അലീന ഉത്തരമൊന്നും പറഞ്ഞില്ല.
"നീ എന്താണെന്നു വച്ചാൽ കാണിക്ക്, ഞാൻ പോകുന്നു."
മനസ്സിൽ ഭയം തോന്നിയ അഞ്ജലി, ആശുപത്രിയിലേക്ക് വേഗം നടന്നുപോയി. കുറച്ചു ദൂരം നടന്നിട്ട് അവൾ തിരിഞ്ഞു നോക്കിയെങ്കിലും അലീനയെ കണ്ടില്ല.
"അവളെയും നോക്കിനിന്നാൽ താനിനിയും വൈകും. അവൾ വരുമ്പോൾ വരട്ടെ.'
അഞ്ജലി, ഒപ്പിടാൻ ചാർജ് നഴ്സിന്റെ മുറിയിലേക്ക് കയറിയപ്പോൾ ഒപ്പിട്ടിട്ട് അലീന അവിടെ നിന്നും ഇറങ്ങിവരുന്നതാണ് കണ്ടത്.
"നീ....നീ... ഇതെപ്പോൾ എത്തി?"
"ഞാൻ നിന്റെ തൊട്ടുപിറകേ തന്നെ ഉണ്ടായിരുന്നല്ലോ. നീ അവിടെ ആരോടാണ് സംസാരിച്ചുകൊണ്ടു നിന്നത്?"
"ഇല്ല, ഞാനാരോടും സംസാരിച്ചില്ലല്ലോ. നിനക്ക് വെറുതേ തോന്നുന്നതാണ്."
"നിനക്കും വട്ടായോ?"
അത് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.
മണികിലുക്കം പോലെയുള്ള അവളുടെ ചിരിയിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി അഞ്ജലിക്ക് തോന്നി.
"ഹലോ.."
"ഹലോ... അരുൺ സാർ അല്ലേ? ഞാൻ നീതു ആണ്."
"പറയൂ... ഗ്രീഷ്മയിൽ നിന്നും എന്തെങ്കിലും അറിയാൻ കഴിഞ്ഞോ?"
"അവളുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമൊക്കെ ചില സംശയങ്ങൾ തോന്നുന്നുണ്ട് സാർ."
"എന്താണത്?"
"ഗ്രീഷ്മകാരണമാണ് ശാലിനി മരണപ്പെട്ടത്. അത്രയും മനസ്സിലാക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ."
"ഏതു വിധമാണ് ഗ്രീഷ്മകാരണമായത് എന്നാണ് അറിയേണ്ടത്."
"സാർ, ഇവിടെ വേറേ ചില സംഭവവികാസങ്ങളൊക്കെ ഉണ്ടായി. അത് പറയാനാണ് ഞാനിപ്പോൾ വിളിച്ചത്."
"എന്താണത്? പറയൂ..."
ഗ്രീഷ്മയുടെ നേരേ ഉണ്ടാവുന്ന ഉപദ്രവങ്ങളെപ്പറ്റിയും അലീനയുടെ വിചിത്രമായ പെരുമാറ്റ രീതികളെക്കുറിച്ചുമെല്ലാം നീതു വിവരിച്ചു. എല്ലാ കേട്ടുകഴിഞ്ഞ് സബ് ഇൻസ്പെക്ടർ അരുൺ പോൾ പറഞ്ഞു:
"ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയുമുണ്ടായാൽ ഉടൻ തന്നെ വിളിച്ചറിയിക്കണം. ഇന്നു വൈകുന്നേരം ഞാൻ വന്ന് എല്ലാവരേയും കാണുന്നുണ്ട്."
"താങ്ക്യൂ സാർ."
എം. ടു വാർഡിലേക്കുള്ള കോറിഡോറിലൂടെ അലീന നടന്നു. എതിരേ വരുന്ന ഡോക്ടർ വിനോദിനെ കണ്ട്, അവൾ ആ മുഖത്തേയ്ക്ക് ദയനീയമായി ഒന്ന് നോക്കി. തന്നെ അവഗണിച്ചുകൊണ്ട് കടന്നു പോയ ഡോക്ടർ വിനോദിന്റെ പിറകേ ഒച്ചയുണ്ടാക്കാതെ അവൾ നടന്നു.
ആരുടേയോ തേങ്ങിക്കരച്ചിൽ കേട്ട് ഡോക്ടർ വിനോദ് തിരിഞ്ഞു നോക്കി. തനിക്ക് ചുറ്റിനും ആരേയും കാണാതിരുന്നതിനാൽ ഡോക്ടർ, തന്റെ നടത്തത്തിന് വേഗത കൂട്ടി.
ഐ.സി.യുവിലോട്ടുള്ള ലിഫ്റ്റിൽ കയറിയ ഡോക്ടർ, ലിഫ്റ്റിന്റെ ഒരു മൂലയിൽ ചേർന്നു നിൽക്കുന്ന അലീനയെക്കണ്ട് അതിശയിച്ചു.
"എപ്പോഴാണ് താൻ ഇതിൽ കയറിയത്, തനിക്ക് എവിടെയാണ് ഡ്യൂട്ടി?"
"അതിനവൾ ഉത്തരമൊന്നും പറഞ്ഞില്ല. അടക്കം പറച്ചിലിന്റേയും തേങ്ങിക്കരച്ചിലിന്റേയും ഇടകലർന്ന ശബ്ദം ഡോക്ടർ വിനോദിന്റെ കാതുകളിൽ വന്നലച്ചു. ലിഫ്റ്റിൽ നിന്നുമിറങ്ങുമ്പോൾ 'വിനുവേട്ടാ...' എന്ന് ശാലിനി വിളിക്കുന്നതു പോലെ തനിക്കു തോന്നി.
ഞെട്ടിത്തരിച്ച ഡോക്ടർ നാലു പാടും സൂക്ഷ്മമായി നിരീക്ഷിച്ചു.
എല്ലാം തന്റെ തോന്നലായിരിക്കുമെന്ന് ചിന്തിച്ച് വെളിച്ചം കുറഞ്ഞ ഇടനാഴിയിലൂടെ നടന്നു.
പെട്ടെന്നാണ് ശാലിനിയെപ്പോലെ തോന്നിപ്പിക്കുന്ന യൂണിഫോമിട്ട ഒരു നഴ്സ് തന്റെ മുന്നിലൂടെ നടന്ന് ഐ.സി. യു വാർഡിനകത്തേയ്ക്കു നടന്നു പോകുന്നത് കണ്ടത്.
ഡോക്ടർ തന്റെ നടത്തത്തിനു വേഗത കൂട്ടി, ഐ.സി.യു വിനുള്ളിൽ പ്രവേശിച്ച് അവിടെയെല്ലാം നോക്കിയെങ്കിലും തന്റെ മുന്നേ നടന്നു വന്ന നഴ്സിനെ മാത്രം കണ്ടില്ല.
"ഡോക്ടർ ആരെയാണ് അന്വേഷിക്കുന്നത്?"
അവിടെയുണ്ടായിരുന്ന കന്യാസ്ത്രീ സിസ്റ്റർ ചോദിച്ചു.
"സിസ്റ്ററിന്റെ കൂടെ വേറെ ആരെങ്കിലും ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ?"
"ഇല്ല ഡോക്ടർ, ഇന്നിവിടെ രണ്ടു രോഗികൾ മാത്രമേയുള്ളൂ. രണ്ടുപേരുടേയും സ്ഥിതി സ്റ്റേബിളും ആണ്."
"വെറുതേ ചോദിച്ചതാണ് സിസ്റ്റർ. അവധി കഴിഞ്ഞ് ഇന്നലെയാണ് ഞാൻ ജോയിൻ ചെയ്തത്."
രോഗികളുടെ ഫയലെടുത്ത് സിസ്റ്റർ ഡോക്ടറുടെ കയ്യിൽ കൊടുത്തു. കേസ് സ്റ്റഡി ചെയ്തിട്ട്, രോഗികളെ പരിശോധിച്ചു. സ്റ്റാറ്റസ് റിപ്പോർട്ട് ഫയലിൽ എഴുതിയ ശേഷം ഐ.സി യു വിൽ നിന്നും പുറത്തിറങ്ങി. ലിഫ്റ്റിൽ കയറാതെ കോണിപ്പടികൾ ഇറങ്ങി വാർഡിലേക്കു പോയി.
ഡോക്ർ വിനോദ് വാർഡിലേക്ക് പോകുന്നത് കണ്ടയുടൻ തന്നെ ഫയലുകളുമെടുത്ത് ഗ്രീഷ്മയും നടന്നു. ഓരോ രോഗികളേയും പരിശോധിച്ചും അവരോട് കുശലങ്ങൾ പറഞ്ഞും നടക്കവേ, ഗ്രീഷ്മ പറഞ്ഞു:
"ശാലിനി മരിച്ചുപോയെങ്കിലും അവൾ ഇവിടെയൊക്കെത്തന്നെ കറങ്ങിനടക്കുന്നുണ്ട് ഡോക്ടർ. ഒരു ദിവസം രാത്രിയിൽ എന്റെ അരികിൽ വന്നിരുന്നു കരഞ്ഞു. ഇന്നലെ ഞാൻ ഉറങ്ങിക്കിടന്നപ്പോൾ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു."
"താൻ എന്തൊക്കെ അസംബന്ധങ്ങളാണ് ഈ പറയുന്നത്? ജീവനോടെ ഉള്ളപ്പോഴും അവളെ ദ്രോഹിച്ചിട്ടേയുള്ളൂ... വിളിച്ചാൽ കേൾക്കാത്ത ഒരു ലോകത്തേയ്ക്കു പോയിട്ടും അവളെ വെറുതേ വിടില്ലെന്നുണ്ടോ? താൻ പോയി ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണുന്നതായിരിക്കും നല്ലത്."
"ഞാൻ പറയുന്നതൊക്കെ സത്യമാണെന്ന് താമസിയാതെ എല്ലാവർക്കും മനസ്സിലാകും."
അതിന് മറുപടിയൊന്നും പറയാതെ ഡോക്ടർ വിനോദ് അവിടെ നിന്നും നടന്നുനീങ്ങി.
(തുടരും)
ഭാഗം 26
നീതു പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അരുൺ പോൾ സ്‌റ്റേഷനിൽ നിന്നിറങ്ങി വണ്ടിയിൽ കയറി. ഹോസ്റ്റലിൽ എത്തി മേട്രന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു.
"സാർ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ..."
"എനിക്ക് അത്യാവശ്യമായി നീതുവിനേയും ഗ്രീഷ്മയേയും ഒന്നു കാണണം. അവർ ആശുപത്രിയിൽ നിന്നും വന്നിട്ടുണ്ടാവുമല്ലോ, അല്ലേ?"
"ഉണ്ട് സാർ, ഞാൻ വിളിപ്പിക്കാം."
മേട്രൻ തന്നെ പോയി നീതുവിനെ വിളിച്ചു കൊണ്ടു വന്നു.
"ഗ്രീഷ്മയെവിടെ?"
"അവൾ കുളിക്കുകയാണ്."
"താൻ ഫോണിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ മേട്രന് അറിയാമോ?
"ഇല്ല സാർ, ഞാൻ പറഞ്ഞിട്ടില്ല."
"എന്താണ് സാർ കാര്യം, ഇവരുടെയിടയിൽ പിന്നെയും പ്രശ്നങ്ങളുണ്ടോ?"
"ഇവിടെ നടക്കുന്ന അവിശ്വസനീയമായ ചില കാര്യങ്ങൾ, ഈ കുട്ടി എന്നെ വിളിച്ചറിയിച്ചിരുന്നു. മാഡം കൂടി അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
"നീതൂ... എന്താണ് കുട്ടീ, ഇവിടെ നടക്കുന്നത്?"
ഗ്രീഷ്മയ്ക്കു നേരേ ഉണ്ടായ ഉപദ്രവങ്ങളും അലീനയുമായി നടന്ന ഏറ്റുമുട്ടലുകളും ഗ്രീഷ്മയുടെ ഭീതിയുമെല്ലാം അവൾ മേട്രനെ പറഞ്ഞുകേൾപ്പിച്ചു.
എല്ലാം കേട്ട് മേട്രൻ അന്ധാളിച്ചു നിന്നു.
"ഇത്രയും സംഭവങ്ങൾ ഇവിടെയുണ്ടായിട്ടും എന്തുകൊണ്ടാണ് എന്നെ ഇതുവരെ അറിയിക്കാതിരുന്നത്?"
"പേടിച്ചിട്ടാണ് മാഡം."
"ഗ്രീഷ്മയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് വല്ല സംശയവുമുണ്ടോ?"
"അലീനയെ ഞങ്ങൾക്ക് സംശയമുണ്ട് സാർ. മരിച്ചു പോയ ശാലിനിയാണ് അവളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്?"
"ഗ്രീഷ്മയെ മാത്രം അവൾ ഇങ്ങനെ ഉപദ്രവിക്കാനുള്ള കാരണം എന്താണ്?"
"അതറിയില്ല സാർ. ഗ്രീഷ്മയോട് പ്രതികാരം ചെയ്യുകയാണവൾ."
"ആര്?"
"ശാലിനി."
"ശാലിനിക്ക് ഗ്രീഷ്മയോട് പകയുണ്ടാവാനുള്ള കാരണം എന്താണ്?"
"ഗ്രീഷ്മ കാരണമാണ് ശാലിനി മരിച്ചത്."
"എന്നാരു പറഞ്ഞു?"
"ഞാൻ ഊഹിച്ചതാണ് സാർ."
"എല്ലാ ഊഹങ്ങളും ശരിയാവണമെന്നില്ല. വെറും ഊഹാപോഹങ്ങളല്ല, കേസിനാവശ്യം തെളിവുകളാണ്. താൻ പോയി ഗ്രീഷ്മയെ വിളിച്ചുകൊണ്ടുവരൂ..."
"ശരി സാർ."
"അലീനയെപ്പറ്റി മാഡത്തിന്റെ അഭിപ്രായം എന്താണ്?"
"നല്ലൊരു കുട്ടിയാണവൾ. ഗ്രീഷ്മയുടെ തോന്നിവാസങ്ങളെ പലപ്പോഴും അവൾ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ അഞ്ജലിയുടെ മുറിയിലാണ് അവൾ താമസിക്കുന്നത്."
"ആ കുട്ടിയെ കൂടി ഒന്നു വിളിപ്പിക്കാമോ?"
"ശരി സാർ."
"അലീനയെ വിളിക്കാനായി കോണിപ്പടികൾ കയറാൻ തുടങ്ങിയപ്പോൾ നീതുവും ഗ്രീഷ്മയും എതിരേ വരുന്നതു കണ്ടു."
"ഗ്രീഷ്മാ, ആരാണ് നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്? നീതു എന്നോട് എല്ലാം പറഞ്ഞു."
"അറിയില്ല മാഡം,ആ ശാലിനിയുടെ പ്രേതം ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്."
"ശരി, അരുൺ സാർ നിന്നെ കാത്തിരിക്കുന്നു. മുറിയിലേക്ക് ചെന്നോളൂ.''
"ശരി മാഡം."
ഗ്രീഷ്മ മുറിയിലേക്ക് ചെല്ലുമ്പോൾ അരുൺ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. തന്റെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അദ്ദേഹം ഫോൺ കട്ട് ചെയ്തു.
"ഗ്രീഷ്മാ, എന്തൊക്കെയാണ് ഞാനീ കേൾക്കുന്നത്, ആരാണ് കുട്ടിയെ ഉപദ്രവിക്കുന്നത്?"
"കൃത്യമായി അറിയില്ല സാർ, അലീനയെയാണ് എനിക്ക് സംശയം. ഇന്നു രാത്രിയിലും അവൾ വരും. എന്നെ ഇല്ലാതാക്കാനാണ് അവൾ ശ്രമിക്കുന്നത്."
"ഗ്രീഷ്മയെ ഇല്ലാതാക്കിയിട്ട് ആർക്കെന്തു കിട്ടാനാണ്?"
"അതൊന്നും എനിക്കറിയില്ല, അവളെന്നെ കൊല്ലുന്നതിനു മുൻപ്, എന്നെ രക്ഷിക്കണം."
"ഗ്രീഷ്മ ഭയപ്പെടാതെ, അങ്ങനെയൊന്നും സംഭവിക്കില്ല. എല്ലാം തന്റെ തോന്നലുകളാണ്."
"ഇന്നു മുതൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് നന്നായി പ്രാർത്ഥിച്ചിട്ട് കിടക്കണം."
"ശരി സാർ."
"എന്നാൽ നിങ്ങൾ പൊയ്ക്കോളൂ.. ഇനിയും ഇങ്ങനെയൊക്കെ ഉണ്ടായാൽ എന്നെ അറിയിക്കണം."
അവർ പോയിക്കഴിഞ്ഞപ്പോൾ അലീനയേയും കൊണ്ട് മേട്രൻ മുറിയിലേക്ക് വന്നു.
അലീനയുടെ ഭാവങ്ങളോരോന്നും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അരുൺ ചോദിച്ചു.
"അലീനയ്ക്ക് ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു സാർ."
"മരിച്ചു പോയ ശാലിനി, തന്റെ കൂട്ടുകാരിയായിരുന്നോ?"
"ആ കുട്ടിയെ എനിക്കിഷ്ടമായിരുന്നു സാർ. അവൾ ആത്മഹത്യ ചെയ്തതാണെന്ന് എനിക്കു തോന്നുന്നില്ല."
"അങ്ങനെ തോന്നാൻ എന്താണ് കാരണം?"
"അവളൊരു പാവമായിരുന്നു സാർ. അവളെ ആരോ ചതിച്ചതാണ്."
"ആര്?"
"അവളോട് പകയുണ്ടായിരുന്ന ആരെങ്കിലുമായിരിക്കും."
"അലീന എന്തിനാണ് ഗ്രീഷ്മയുമായി വഴക്കിട്ടത്?"
"എപ്പോൾ? അങ്ങനെയൊരു സംഭവം ഞാനോർക്കുന്നതേയില്ല സാർ."
"രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ താൻ ഗ്രീഷ്മയുടെ മുറിയിൽ പോകാറുണ്ടോ?"
"ഇല്ല സാർ, ഒൻപതു മണിയാകുമ്പോഴേയ്ക്കും ഞാൻ കിടന്നുറങ്ങും. രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയാണ്."
"രാവിലെ എത്ര മണിക്കാണ് താൻ ഉണരുന്നത്?"
"അഞ്ചു മണിക്ക് അലാറം അടിക്കുമ്പോൾ ഞാൻ എഴുന്നേൽക്കും."
അസാധാരണമായ പെറുമാറ്റങ്ങളൊന്നും അവളിൽ ദർശിക്കാൻ അരുണിന് കഴിഞ്ഞില്ല.
"ശരി, കുട്ടി പൊയ്ക്കോളൂ... അഞ്ജലിയോട് എന്നെ വന്ന് കാണാൻ പറയൂ..."
"ശരി സാർ."
ഒരുപാടു നേരം അഞ്ജലിക്കു വേണ്ടി കാത്തിരുന്നെങ്കിലും അവൾ വന്നില്ല.
"ഇത്രയും നേരമായിട്ടും ആ കുട്ടിയെ കാണുന്നില്ലല്ലോ മാഡം."
"അവൾ ചിലപ്പോൾ കുളിക്കുകയായിരിക്കും സാർ, ഞാൻ പോയി നോക്കാം."
"വേണ്ട മാഡം, സമയം ഒത്തിരിയായി. ഞാൻ ഇനി നാളെ വരാം."
ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇടനാഴിയുടെ അറ്റത്തുള്ള ജന്നാലയിൽ കൂടി, തിരിച്ചു പോകുന്ന അരുൺ പോളിനെക്കണ്ട് അലീന ഗൂഢമായി മന്ദഹസിച്ചു.
തുറന്നു കിടന്ന വാതിലിലൂടെ മുറിയിലെത്തിയ അലീനയോട് അഞ്ജലി ചോദിച്ചു:
"അലീനാ, നീ ഇതുവരെ എവിടെ ആയിരുന്നു?"
"ഞാനിവിടെ പുറത്ത് ഇടനാഴിയിൽ കൂടി നടക്കുകയായിരുന്നു."
"എന്തിനാണ് നിന്നെ മേട്രൻ വിളിച്ചു കൊണ്ടുപോയത്?"
"വീട്ടിൽ നിന്നും മമ്മി വിളിച്ചിരുന്നു."
അപ്പോൾ അങ്ങനെയൊരു കള്ളം പറയാനാണ് അലീനയ്ക്ക് തോന്നിയത്.
"നിനക്ക് അങ്ങനെ കോൾ ഒന്നും വരാറില്ലായിരുന്നല്ലോ. ഇപ്പോൾ എന്തു പറ്റി?"
"ഇങ്ങനെയൊരു മകൾ ഉണ്ടെന്ന് ഇപ്പോൾ ഓർത്തുകാണും."
"വിളിച്ചിട്ട് എന്തുപറഞ്ഞു?"
"എന്തു പറയാൻ, അപ്പന്റെ കുറേ കുറ്റം പറഞ്ഞു."
"സത്യത്തിൽ അവർ തമ്മിലുള്ള പ്രശ്നം എന്താണ്?"
"രണ്ടുപേരേയും ഇപ്പോൾ ഭരിക്കുന്നത് ഈഗോയാണ്. വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറല്ല. ഇങ്ങനെ പോയാൽ അധികം താമസിയാതെ തന്നെ ഇരുവരും രണ്ടുവഴിക്കാവും."
"ഡിവോർസിന് പെറ്റീഷൻ കൊടുത്തിട്ടുണ്ടോ?"
"ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ പപ്പ ഒരു പാവമാണ്."
"ആരുടെ കൂടെ നില്ക്കണമെന്ന് കോടതി ചോദിച്ചാൽ നീ എന്തു പറയും?"
"പപ്പയോടൊപ്പം നിൽക്കണമെന്നേ ഞാൻ പറയുകയുള്ളൂ."
"അപ്പോൾ നിൻറ മമ്മിയോ?"
"മമ്മി വേറൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കട്ടെ."
"നിനക്കതിൽ വിഷമമൊന്നുമില്ലേ അലീനാ?"
"ഞാനെന്തിന് വിഷമിക്കണം, എല്ലാവരും അവനവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ."
"മ്... നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം. എനിക്ക് വിശക്കുന്നുണ്ട്."
"ശരി, പോകാം."
"അലീനാ, നീയന്തിനാണ് ഗ്രീഷ്മയെ കാണുമ്പോൾ വഴക്കുണ്ടാക്കാൻ പോകുന്നത്?"
"എനിക്കറിയില്ലെടീ, അവളെ കാണുമ്പോൾ ഞാൻ, ഞാനല്ലാതായി മാറുകയാണ്."
"നീ ഇനി അവളുമായി വഴക്കുണ്ടാക്കുകയാണെങ്കിൽ ഞാൻ നിന്നോടു പിണങ്ങും, കേട്ടല്ലോ."
"ഇല്ല അഞ്ജലീ, ഞാനിനി ഒരു വഴക്കിനും പോവില്ല. നീ എന്നോട് പിണങ്ങിയാൽ, അതെനിക്ക സഹിക്കാൻ പറ്റില്ല."
അവർ മെസ്സ് ഹാളിലെത്തിയപ്പോൾ അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല.
"ഇന്ന് രണ്ടാളും നേരത്തേ ആണല്ലോ, എന്തുപറ്റി?"
ഭക്ഷണം വിളമ്പുന്ന ചേച്ചിയോട്, അഞ്ജലി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
"വിശന്നപ്പോൾ ഇങ്ങു പോരുന്നു. ചേച്ചിക്കു സുഖമാണോ?"
"കുഴപ്പമില്ല കുഞ്ഞേ, ഇങ്ങനെയൊക്കെ അങ്ങു കഴിഞ്ഞു കൂടുന്നു."
ആഹാരം കഴിച്ച്, തിരിച്ചു പോകുന്നതുവരെയും ഗ്രീഷ്മയെ ഒന്നും കണ്ടില്ല.
(തുടരും)
ഭാഗം 27
എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയുടെ മൂന്നാം യാമത്തിൽ, അലീന കണ്ണുതുറന്നു. ഏതോ ഒരജ്ഞാത ശക്തിയിൽ, കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയുടെ വാതിൽ തുറന്ന് പുറത്തേയ്ക്കു നടന്നു. അടഞ്ഞുകിടന്നിരുന്ന ഗ്രീഷ്മയുടെ മുറിയുടെ കതക് അവളുടെ മുന്നിൽ എങ്ങനെയോ തുറക്കപ്പെട്ടു.
ഗ്രീഷ്മയുടെ കട്ടിലിനരികിൽ ചെന്നു നിന്നുകൊണ്ട് അവളെ തുറിച്ചുനോക്കി. സാവധാനം മുന്നോട്ടു കുനിഞ്ഞ് രണ്ടു കൈകൾ കൊണ്ടും അവൾ ഗ്രീഷ്മയെ കോരിയെടുത്ത് തന്റെ തോളിൽ കിടത്തി, മുറിയുടെ പുറത്തിറങ്ങി, ഇടനാഴിയിലൂടെ നടന്ന് ടെറസ്സിലേക്കുള്ള കോണിപ്പടികൾ കയറാൻ തുടങ്ങി.
ഏതോ ഒരു ഉൾവിളിയിലെന്നപോലെ നീതു ചാടിയെണീറ്റു ലൈറ്റിട്ടു. കട്ടിലിൽ ഗ്രീഷ്മയെ കാണാതിരുന്നപ്പോൾ അവൾ സംശയിച്ചു.
'ഈ നേരത്ത് ഇവൾ എവിടെ പോയതായിരിക്കും?'
ടോയ്ലറ്റിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് ചെന്നു നോക്കിയെങ്കിലും അതിനുള്ളിൽ ആരേയും കണ്ടില്ല. പൈപ്പ് അടച്ചിട്ട് മുറിയിലേക്ക് വന്നപ്പോൾ, മുറിയുടെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. ഭയന്നു വിറച്ചവൾ ഇടനാഴിയിലൂടെ നടന്നു. അല്പം അകലെയായി ആരോ നടന്നുപോകുന്ന കാലടി ശബ്ദം കേട്ടപ്പോൾ അത് ഗ്രീഷ്മയാണെന്ന് സംശയിച്ചു.
സർവ ശക്തിയും ഉപയോഗിച്ച് അവൾ വിളിച്ചു...
"ഗ്രീഷ്‌മാ..."
ഗാഢമായ ഉറക്കത്തിൽ ആയിരുന്നതിനാൽ നീതു വിളിച്ചതൊന്നും അവൾ കേട്ടതേയില്ല.
പിറകിൽ നിന്നും ശബ്ദം കേട്ടപ്പോൾ നടത്തത്തിനു വേഗത കൂട്ടിയ അലീന, ഗ്രീഷ്മയെ താഴെ കിടത്തിയിട്ട് മറഞ്ഞു നിന്നു.
അല്പം കൂടി മുന്നോട്ട് നടക്കവേ, അഞ്ജലിയുടെ മുറി തുറന്നു കിടക്കുന്നതായി നീതുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെക്കൂടി വിളിക്കാമെന്നു കരുതി മുറിക്കുള്ളിൽ കയറിയതും വാതിൽ ശക്തിയായി അടഞ്ഞതും ഒരുമിച്ചായിരുന്നു. മുറിക്കുള്ളിലെ കട്ട പിടിച്ച ഇരുട്ടിൽ അവൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. തപ്പിത്തടഞ്ഞ് ലൈറ്റിന്റെ സ്വിച്ച് അമർത്തിയപ്പോൾ ഷോക്കടിച്ച് അവൾ തെറിച്ചു വീണു.
അലാറം കേട്ട് പതിവുപോലെ അഞ്ജലി ഉണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്, അവൾ ലൈറ്റിട്ടു. ചരിഞ്ഞു കിടന്നുറങ്ങുന്ന അലീനയെ ഒന്നു നോക്കിയിട്ട് ബ്രഷും പേസ്റ്റുമെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി.
"അലീനാ... എഴുന്നേൽക്കെടീ...നിനക്കിന്ന് ഡ്യൂട്ടി ഇല്ലേ?"
"ഉം..."
ഒന്നു മൂളിയിട്ട് അവൾ തിരിഞ്ഞു കിടന്നു.
അതേ സമയം, നീതു കണ്ണുതുറന്നപ്പോൾ കട്ടിലിലല്ല താൻ കിടക്കുന്നതെന്ന് മനസ്സിലായി. ബെഡ്ഡിൽ കിടന്നുറങ്ങിയിരുന്ന താനെങ്ങനെയാണ് താഴെ കിടക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. വിചിത്രമായ സ്വപ്നങ്ങളുടെ അവ്യക്തമായ കുറേ ചിത്രങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി. തറയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശരീരത്തിന് നല്ല വേദന അനുഭവപ്പെട്ടു.
'സ്വപ്നം കണ്ട് പേടിച്ച് വീണതായിരിക്കുമോ? തനിക്കെന്താണ് പറ്റിയത്, വീഴ്ചയിൽ എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ ഈശ്വരാ!'
ഒരു വിധത്തിൽ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
'ഗ്രീഷ്മയെ കാണുന്നില്ലല്ലോ, ഇത്ര രാവിലെ തന്നെ ഇവൾ എഴുന്നേറ്റു പോയോ?'
കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയായിരിക്കുമെന്ന് വിചാരിച്ചു. കുറേ സമയം കഴിഞ്ഞിട്ടും അവൾ വരാതിരുന്നപ്പോൾ നീതുവിന് സംശയം തോന്നി. ഗ്രീഷ്മയെ തിരഞ്ഞവൾ അവിടെയെല്ലാം നടന്നു. മറ്റു മുറികളിലെല്ലാം പോയി അന്വേഷിച്ചു. പരിഭ്രമത്തോടെ അവൾ പോയി മേട്രനെ തട്ടിവിളിച്ച് കാര്യം പറഞ്ഞു.
"ഗ്രീഷ്മയെ കാണുന്നില്ലെന്നോ, ഇത്ര രാവിലെ അവൾ എവിടെ പോകാനാണ്?"
മേട്രൻ നോക്കിയപ്പോൾ ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടി ത്തന്നെയാണ് കിടക്കുന്നത്. സെക്യൂരിറ്റിയെ കണ്ട് ചോദിച്ചു:
"ഇവിടെ നിന്നും ആരെങ്കിലും പുറത്തോട്ടുപോകുന്നത് കണ്ടിരുന്നോ?"
"ഇല്ല മാഡം, ഇന്നലെ സന്ധ്യയ്ക്ക് ആറുമണിക്കു പൂട്ടിയതിനുശേഷം ഗേറ്റ് പിന്നെ തുറന്നിട്ടേയില്ല. എന്തു പറ്റി മാഡം?"
"ഒരു കുട്ടിയെ കാണുന്നില്ല."
"ആരെ?"
"ഗ്രീഷ്മയെ?"
"ആ കുട്ടിയാണെങ്കിൽ മതിലുചാടി ശീലമുള്ളതാണ്. എങ്കിലും ഇന്നലെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല."
"ഉറപ്പാണല്ലോ, അല്ലേ?"
"ഉറപ്പാണ് മാഡം, അസ്വഭാവികമായി ഞാനൊന്നും കണ്ടില്ല."
അവർ തിരികെയെത്തി പോലീസിനെ വിവരം അറിയിക്കാനായി ഫോൺ എടുത്തു.
"മാഡം... മാഡം..."
ഓടിക്കിതച്ചു വരുന്ന നീതുവിനോട് അവർ കാര്യം തിരക്കി.
"എന്താണ് കുട്ടീ?"
"മാഡം...ഗ്രീഷ്മ അവിടെ... ആ സ്‌റ്റെയർ കേസിന്റെ അടിയിൽ കിടക്കുന്നു. വിളിച്ചിട്ട് അനങ്ങുന്നില്ല."
"എവിടെ?"
"ടെറസ്സിലേക്ക് പോകുന്ന വഴിയിൽ."
"ഇവളെന്തിനാണ് രാത്രിയിൽ ടെറസ്സിൽ പോകാൻ ഇറങ്ങിയത്?"
"മാഡം, ആരോ മുറിയിൽ വന്ന് അവളെ വിളിച്ചു കൊണ്ടുപോയതായിരിക്കും."
"ആര്?"
"ശാലിനി ആയിരിക്കും."
"അസംബന്ധമൊന്നും പറയാതെ കുട്ടീ.."
ഗ്രീഷ്മ കിടക്കുന്ന സ്ഥലത്തെത്തി, അവളെ കുലുക്കി വിളിച്ചു.
"ആരാണ് ആദ്യം കണ്ടത്?"
"അലീനയാണ് മാഡം."
"ഇവൾ ഇവിടെയുണ്ടെന്ന് അലീന എങ്ങനെ അറിഞ്ഞു?"
"ഗ്രീഷ്മയെ തിരക്കി എല്ലാവരും നടക്കുകയായിരുന്നു. അലീന കോണിപ്പടികൾ കയറിച്ചെന്ന് നോക്കിയപ്പോൾ ആണ് ഇവളെ കണ്ടത്."
ആരും അധികം ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഗ്രീഷ്മ കിടക്കുന്നത്. അലീനയ്ക്ക് എങ്ങനെ മനസ്സിലായി എന്ന് ചിന്തിച്ച് മാഡം അതിശയിച്ചു.
ആരോ കൊണ്ടുവന്ന വെളളം ഗ്രീഷ്മയുടെ മുഖത്തു തളിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്നു. അമ്പരപ്പോടെ തന്നെ നോക്കിനിൽക്കുന്നവരോട് ചോദിച്ചു:
"എന്തു പറ്റി മാഡം, ഞാൻ ഇതെവിടെയാണ്?"
"അതാണ് ഞങ്ങൾക്കും അറിയേണ്ടത്. കുട്ടി ഇന്നലെ ഇവിടെയാണോ കിടന്നുറങ്ങിയത്?"
"അല്ല മാഡം, ഞാൻ മുറിയിലാണ് കിടന്നത്. എങ്ങനെ ഇവിടെ വന്നെന്ന് അറിയില്ല."
"ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം വല്ലതുമുണ്ടോ?"
"ഇല്ല മാഡം, ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം."
നീതു അവളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. മുറിയിൽ കൊണ്ടുപോയി കിടത്തി.
"നീയെപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങിപ്പോയത്, അവിടെ പോയത് എന്തിനാണ്?"
"എനിക്കറിയില്ലെടീ, ഒന്നും ഓർമ വരുന്നില്ല."
"ഞാനും ഇന്നലെ എന്തൊക്കെയോ സ്വപ്നം കണ്ടു, രാവിലെ ഉണർന്നു നോക്കിയപ്പോൾ തറയിൽ കിടക്കുന്നു. എങ്ങനെയാണ് താഴെ വീണതെന്ന് എനിക്കറിയില്ല. രാത്രിയിൽ ആരോ ഇവിടെ വന്നിട്ടുണ്ട്."
"അവളായിരിക്കും, അലീന..."
"ഇന്നലത്തെ സംഭവം അരുൺ സാറിനെ വിളിച്ചു പറയണ്ടേ?
"മ്... പറയണം."
"നമുക്ക് റെഡിയായിട്ട് വേഗം താഴേയ്ക്ക് പോകാം."
"ശരി."
മെസ്സ് ഹാളിലെത്തി കാപ്പി കുടിച്ച് തിരികെയെത്തിയ അവർ, മേട്രനെ വഴിയിൽ വച്ച് കണ്ടു.
"നിങ്ങൾക്കിന്ന് ഡ്യൂട്ടിയുണ്ടോ?"
"ഉണ്ട് മാഡം."
"എസ്.ഐ അരുൺ പോൾ സാറിനെ വിളിച്ച്, ഇന്നലത്തെ സംഭവമെല്ലാം ഞാൻ പറഞ്ഞിട്ടുണ് നിങ്ങളെ വന്നു കാണാമെന്നാണ് സാർ പറഞ്ഞിരിക്കുന്നത്."
"ശരി മാഡം."
ഡോക്ടർ വിനോദിനെ കാണാൻവേണ്ടി അപ്പോയ്മെന്റ്സ് എടുത്തിട്ടുള്ളവർ ധാരാളമായിരുന്നതിനാൽ, റൗണ്ട്സിനൊന്നും പോകാതെ രാവിലെ തന്നെ ഡോക്ടർ ഓ.പി യിലേക്ക് പോയി. ഒന്നുരണ്ടു രോഗികളെ നോക്കിക്കഴിഞ്ഞതിനു ശേഷം തന്റെ ജൂനിയറായ ഡോക്ടർ സാം മുറിയിലേക്ക് കടന്നുവന്നു.
"ഇരിക്കൂ സാം."
"എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്?"
"ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. വാർഡിലും ഐ സി യു വിലും പോയി റൗണ്ട്സ് എടുക്കാമോ?"
"ശരി ഡോക്ടർ, ഞാൻ പൊക്കോളാം. ഡോക്ടർ തിരിച്ചെത്തിയപ്പോഴാണ് നമ്മുടെ ഡിപ്പാർട്ടമെന്റ് തന്നെ ഒന്നുണർന്നത്."
"താങ്ക്യൂ സാം, ആ ശാലിനിയുടെ കേസിന്റെ അന്വേഷണം എന്തായെന്നറിയാമോ? പോലീസ് ഇവിടെ വന്നിരുന്നോ?"
അരുണിന്റെ മനസ്സിൽ, ശാലിനിയുടെ ഓർമകളുടെ കനലുകൾ എരിയുന്നത് ഡോക്ടർ സാം തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും അതിൽ നിന്നും അദ്ദേഹത്തെ മുക്തനാക്കണമെന്ന് അയാൾ ആഗ്രഹിച്ചു.
(തുടരും)
ഭാഗം 28
ഓ. പി യിലുള്ള തന്റെ കൺസൾട്ടേഷൻ മുറിയിൽ, ജൂനിയറായ ഡോക്ടർ സാമിനോട്, അന്വേഷണത്തിന്റെ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ഡോക്ടർ വിനോദ്.
"ശാലിനിയുടെ മരണവുമായി ബന്ധപ്പെട്ട്, പോലീസ് ഇൻസ്പെക്ടർ ഇവിടെ വന്നിരുന്നോ?"
"ആദ്യ ദിവസങ്ങളിലൊക്കെ വന്നിരുന്നു. സാറിനെ തിരക്കുകയും ചെയ്തു."
"എന്നിട്ട്?"
"നിങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയൊന്നും ഞാൻ പറഞ്ഞില്ല. കുറച്ചുദിവസം അവിയെടുത്ത്, ഡോക്ടർ ഇവിടെ നിന്നും മാറിനിന്നത് ഏതായാലും നന്നായി. ആ കുട്ടി ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പോലീസിന്റേയും നിഗമനം."
"അങ്ങനെ ആയിരിക്കില്ല സാം. ആ പോലീസ് ഇൻസ്പെക്ടറോട് ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു."
"ഇനിയെന്തിനാണ് ഡോക്ടർ, അതിന്റെ യൊക്കെ പിറകേ നടന്ന് സമയം കളയുന്നത്? പോയവർ പോയില്ലേ, ഉറക്കത്തിൽ കണ്ടൊരു സ്വപ്നമാണെന്നു കരുതി എല്ലാം മറന്നു കളയൂ.''
"അവളുടെ ഓർമകൾ എന്നെ വേട്ടയാടുന്നു സാം. ആശുപത്രിയിലെ ആളൊഴിഞ്ഞ കോണിലൊക്കെ അവൾ നിൽക്കുന്നതായി തോന്നുകയാണ്. ഇന്നലെ ഐ സി യു വിലേക്ക് പോകുമ്പോൾ, മുന്നിലൂടെ അവൾ നടന്നു പോകുന്നത് ഞാൻ കണ്ടു. അവളുടെ തേങ്ങലും കരച്ചിലുമൊക്കെ ഞാൻ കേട്ടു. എല്ലാം മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല."
"ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്? ഇതെല്ലാം മനസ്സിന്റെ വെറും തോന്നലാണ്. പിന്നേ മണ്ണാങ്കട്ട, മരിച്ചുപോയവർ മുന്നിൽ വന്നു നിന്ന് കരയുകയല്ലേ! ഡോക്ടർ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ? എല്ലാം തോന്നലുകളാണ്. ഞാൻ പോകുന്നു. പിന്നെ കാണാം."
ഡോക്ടർ സാം പോയിക്കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറന്നു വന്ന നഴ്സ് പറഞ്ഞു:
"ഡോക്ടർ വിനോദിനെ കാണാൻ ഒരു പോലീസ് ഓഫീസർ വെയിറ്റ് ചെയ്യുന്നുണ്ട്."
"വരാൻ പറയൂ.''
ഇൻസ്പെക്ടർ അരുൺ പോൾ വന്ന് അഭിമുഖമായി ഇരുന്നു..
"ഗുഡ് മോർണിങ് ഡോക്ടർ."
"ഗുഡ് മോർണിങ്, അന്വേഷണങ്ങളൊക്കെ എന്തായി സാർ?"
"അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ് ഡോക്ടർ. അപകടമരണമാണോ ആത്മഹത്യയോ ആയിരിക്കുമെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്."
"അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല സാർ. അതെനിക്കുറപ്പാണ്."
"എങ്കിൽ അപകടമരണം ആയിരിക്കും. ആരേയും സംശയിക്കാനുള്ള സാദ്ധ്യത കാണുന്നില്ല."
"ആ ഗ്രീഷ്മയെ ഒക്കെ ചോദ്യം ചെയ്തിരുന്നോ?"
"ഉവ്വ്. ഒരു കൊലപാതകത്തിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. മരിച്ചു പോയ കുട്ടിയുടെ വീട്ടുകാരിൽ നിന്നും കാര്യമായ പരാതിയൊന്നും ലഭിച്ചിട്ടുമില്ല. കേസ്സുമായി മുന്നോട്ടു പോകാൻ അവർക്കു താൽപ്പര്യമില്ലെന്നാണ് തോന്നുന്നത്."
"എന്നാലും ആ കുട്ടിയുടെ ആത്മാവിന് നീതി കിട്ടണ്ടേ സാർ? അവർക്ക് താൽപ്പര്യമില്ലെങ്കിൽ ഞാൻ കേസ്സ് നടത്തിക്കോളാം."
"ഡോക്ടർ ഇതിൽ ഇടപെടുന്നത് ശരിയല്ല. കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ... ശാലിനിയുടെ വീട്ടുകാരോട് ഞാൻ ഒന്ന് സംസാരിക്കട്ടെ."
"അവളെ അപകടപ്പെടുത്തിയത് ആരാണെന്ന് കണ്ടുപിടിക്കണം സാർ. ഇതെന്റെ ഒരു റിക്വസ്റ്റ് ആണ്."
"പരമാവധി ശ്രമിക്കാം ഡോക്ടർ, എങ്കിൽ ഞാനിറങ്ങട്ടെ..."
ഇൻസ്പെക്ടർ അരുൺ പോൾ പോയതിനു ശേഷം, പുറത്ത് കാത്തിരിക്കുന്ന രോഗികളെ പരിശോധിക്കുന്നതിൽ ഡോക്ടറും വ്യാപൃതനായി.
ശാലിനിയുടെ മരണം, വീട്ടുകാരേയും നാട്ടുകാരേയും ഒരുപോലെ തളർത്തി. ആ ദു:ഖത്തിൽ നിന്നും മോചിതരാവാതെ അവർ വിലപിച്ചു കഴിഞ്ഞു. കൃഷിക്കാരായ അവളുടെ മാതാപിതാക്കൾ, പണിക്കൊന്നും പോകാതെ പുരയ്ക്കുള്ളിൽ തന്നെ കഴിഞ്ഞുകൂടി.
അവറാച്ചൻ മുതലാളിയുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ശോശാമ്മച്ചിയുടെ പരിദേവനങ്ങളിൽ ശാലിനി എന്നും നിറഞ്ഞു നിന്നു.
അവറാച്ചൻ മുതലാളി ഫോണിൽ ആരോടോ സംസാരിക്കുന്നതു കേട്ട് ശോശാമ്മച്ചേടത്തി ചോദിച്ചു:
"ആരോടാണ് മനുഷ്യാ, നിങ്ങൾ സംസാരിക്കുന്നത്?"
അതിനുത്തരമൊന്നും പറയാതെ അയാൾ സംസാരം തുടർന്നുകൊണ്ടിരുന്നു.
"പോകാനുള്ളവർ പോയില്ലേ, ഇനി കേസ്സിന്റെ പിറകേ പോയിട്ടൊന്നും ഒരു കാര്യവുമില്ല സാറേ... അവളുടെ മരണത്തിന് കാരണമായവരെ പിടിച്ച് ജയിലിലിട്ടാൽ ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമോ? അവളുടെ മരണത്തിന് ആരെങ്കിലും കാരണമായിട്ടുണ്ടെങ്കിൽ, അവരെ ദൈവം ശിക്ഷിച്ചോളും."
"അങ്ങനെയാണെങ്കിൽ ആ ഫയലങ്ങ് ക്ലോസ് ചെയ്യാമല്ലോ അല്ലേ?"
"അതൊക്കെ നിങ്ങളുടെ ഇഷ്ടം."
"ഒരു കാര്യം കൂടി പറയാനാണ് ഞാൻ വിളിച്ചത്."
"എന്താണ് സാർ?"
"ആ കുട്ടിയുടെ മരണാനന്തരച്ചടങ്ങുകൾ ഒക്കെ ചെയ്തിരുന്നോ?"
"അതെന്താണ് സാർ, അങ്ങനെ ചോദിച്ചത്? ചെയ്യാനുള്ള കർമങ്ങളൊക്കെ ചെയ്തു കഴിഞ്ഞതാണല്ലോ."
"എങ്കിൽ ഒന്നുകൂടി ചെയ്യുന്നതാണ് നല്ലത്. അവളുടെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് ഹോസ്റ്റലിലെ കുട്ടികൾ പറയുന്നത്. രാത്രിയിൽ അവളെ പലരും കണ്ടിട്ടുണ്ടത്രേ..."
"അതൊക്കെ വെറുതേ പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാണ്."
"ഏതായാലും ഞാൻ പറഞ്ഞത് നിസ്സാരമായി തള്ളിക്കളയണ്ട, ചിലപ്പോൾ അവൾ നിങ്ങളക്കാണാനും വന്നേക്കും."
"അവളെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചിരിക്കുകയാണ്."
"എങ്കിൽ ശരി മുതലാളി, ഞാൻ വയ്ക്കട്ടെ, ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിക്കാം."
"ആയിക്കോട്ടെ സാർ."
ഫോൺ കട്ട് ചെയ്തെങ്കിലും ഇൻസ്പെക്ടർ പറഞ്ഞ കാര്യങ്ങൾ, മുതലാളിയുടെ മനസ്സിനെ അസ്വസ്ഥമാക്കി. വേഗം തന്നെ പണിക്കാരനെ വിട്ട് ശാലിനിയുടെ അച്ഛനെ വീട്ടിലേക്ക് വരുത്തി.
"മുതലാളി എന്തിനാണ് വിളിപ്പിച്ചത്?"
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു. ശാലിനിയുടെ ആത്മാവിന് മോക്ഷം കിട്ടാൻ വേണ്ടി നിങ്ങളുടെ വിശ്വാസപ്രകാരം ഒരു പൂജനടത്തി ബലിയിടണം. പൂജാരിയെ വിളിച്ച് നാളെത്തന്നെ ആ കർമം ചെയ്യണം."
"എല്ലാ കർമങ്ങളും ചെയ്തതാണല്ലോ മുതലാളീ.... പിന്നെ എന്തിനാണ് ഇപ്പോൾ പ?"
പോലീസ് ഇൻസ്പെക്ടർ ശാലിനിയെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം അവരോട് വിവരിച്ചിട്ട് മുതലാളി അകത്തേക്ക് പോയി. അല്പസമയത്തിനുള്ളിൽ തിരിച്ചെത്തിയ മുതലാളി, ശാലിനിയുടെ അച്ഛന്റെ നേർക്ക് പൈസ നീട്ടിക്കൊണ്ട് പറഞ്ഞു:
"ഇത് വച്ചോളൂ... പോരാതെ വന്നാൽ പറഞ്ഞാൽ മതി."
"ശരി മുതലാളി, കർമങ്ങൾ നാളെത്തന്നെ ചെയ്തോളാം. ഇപ്പോൾത്തന്നെ പോയി പൂജാരിയെ ഏർപ്പാടാക്കണം."
"ശരിയെടാ... നാളെ വന്ന് വിവരങ്ങൾ പറയണം."
"പറയാമേ..."
അയാൾ പോയശേഷം ഒരു പിടി ചോദ്യവുമായി ശേശാമ്മച്ചി തന്റെ ഭർത്താവിനെ സമീപിച്ചു.
"ശാലിനിക്കൊച്ചിനെപ്പറ്റി നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്, അവളെ ആര് കണ്ടെന്നാണ് പറഞ്ഞത്?"
"അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല."
"അങ്ങനെ എനിക്ക് മനസ്സിലാവാത്ത എന്തു കാര്യങ്ങളാണ് അവനോട് പറഞ്ഞു കൊടുത്തത്?"
"ശോശാമ്മേ നീയൊന്നു മിണ്ടാതിരിക്കെടീ..."
"ഓ...ഞാനൊന്നും മിണ്ടുന്നില്ലേ..."
ശാലിനിയുടെ വേർപാടിന്റെ ദുഃഖം ശോശമ്മച്ചേടത്തിയുടെ മനസ്സിനെയെന്ന പോലെ, ശരീരത്തേയും അക്ഷരാർത്ഥത്തിൽ ബാധിച്ചിരുന്നു.
ഗ്രീഷ്മയും നീതുവും ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തിയപ്പോൾ, അവരേയും കാത്ത് ഇൻസ്പെക്ടർ അരുൺ പോൾ മേട്രന്റെ മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
"നീതൂ...."
മാഡം വിളിക്കുന്നത് കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. തങ്ങളെ കണ്ടുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി വന്ന മേട്രൻ പറഞ്ഞു:
"നിങ്ങളെ കാണാൻ അരുൺ സാർ വന്നിട്ടുണ്ട്. രണ്ടുപേരും അകത്തേക്ക് ചെല്ലൂ..."
"ഗുഡ് ഈവനിംഗ് സാർ."
"ഗുഡ് ഈവനിംഗ്, നിങ്ങൾ എത്തിയോ? ഇരിക്കൂ... ഇന്നലെ രാത്രിയിൽ ദുരൂഹമായ ചില സംഭവങ്ങളൊക്കെ ഉണ്ടായെന്ന് മാഡം പറഞ്ഞു. അതിനെപ്പറ്റി കൂടുതൽ അറിയാനാണ് ഞാൻ വന്നത്. ശരിക്കും എന്താണുണ്ടായത് ഗ്രീഷ്മാ?"
"എന്നും പാതിരാത്രിയാകുമ്പോൾ അവൾ വരും."
"ആര്?"
"ആ ശാലിനി."
ഗ്രീഷ്മയുടെ മനസ്സിന് എന്തോ കാര്യമായ തകരാർ ഉള്ളതുപോലെ അരുണിന് തോന്നി. എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച് ചികിത്സിച്ചില്ലെങ്കിൽ നില കൂടുതൽ വഷളാവുമെന്ന് അയാൾ ഭയന്നു.
(തുടരും)
ഭാഗം 29
ഇന്നലെ മാത്രമല്ല സാർ, ഇപ്പോൾ എല്ലാ രാത്രികളിലും അവൾ വരുന്നുണ്ട്. സ്വപ്നത്തിൽ വന്ന് പേടിപ്പിക്കുകയും അടുത്തു വന്നിരിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഒരു ദിവസം ശരിക്കും ഞാൻ കണ്ടതാണ്. പക്ഷേ, അത് അലീന ആയിരുന്നു."
"എന്തൊക്കെയാണ് ഗ്രീഷ്മ പറയുന്നത്, ഇതെല്ലാം തന്റെ തോന്നലുകൾ മാത്രമായിരിക്കില്ലേ?"
"സാർ എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ ഞാൻ കട്ടിലിൽ നിന്നും താഴെ വീണത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല."
ഗ്രീഷ്മയെ ശരിവച്ചുകൊണ്ട് നീതുവും പറഞ്ഞു.
"ഇന്നലെ താൻ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ വല്ലതും കണ്ടിരുന്നോ?"
"അവ്യക്തമായ ചില ചിത്രങ്ങൾ മനസ്സിൽ പുകച്ചുരുളുകളായി മൂടി കിടക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല."
"ടെറസ്സിലേക്കുള്ള കോണിപ്പടികളുടെ കീഴിൽ നിന്നാണ് ഇവളെ ഇന്നു രാവിലെ കണ്ടു കിട്ടിയത്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഇവൾക്കറിയില്ല."
ഗ്രീഷ്മയെക്കുറിച്ച് നീതു പറഞ്ഞ കാര്യങ്ങൾ, തികച്ചും അവിശ്വസിനീയമായി അരുണിന് തോന്നി.
"ഒരു തരത്തിലും വിശ്വസിക്കുവാൻ പ്രയാസമുള്ള കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. ഏതായാലും നിങ്ങൾ കരുതിയിരിക്കണം. ഇന്നു രാത്രിയിൽ ഇങ്ങനെ വല്ലതുമുണ്ടായാൽ സഹായത്തിന് മറ്റുള്ളവരെക്കൂടി വിളിക്കണം."
"ശരി സാർ. ഇനി അവൾ വന്നാൽ ഞങ്ങൾ വെറുതേ വിടില്ല."
"രാത്രിയിൽ വന്നത് അലീനയാണോ അതോ അലീനയെപ്പോലെ തോന്നിയതാണോ?"
"അത് അലീന തന്നെ ആയിരുന്നു സാർ."
"അവരെന്തിന് വരണം, അവരും നിങ്ങളെപ്പോലെതന്നെയുള്ള ഒരു കുട്ടിയല്ലേ?
"ആയിരുന്നു സാർ, പക്ഷേ ഇപ്പോൾ അല്ല. അവളിപ്പോൾ ശാലിനിയുടെ പ്രേതമാണ്."
"പിന്നേ പ്രേതം, ഇന്നത്തെ കാലത്ത് ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത്?"
"ഗ്രീഷ്മയെ തോളിലിട്ടുകൊണ്ടുപോയത് അലീനയാണ് സാർ."
"അതെങ്ങനെ നീതുവിനറിയാം?"
"ഞാൻ കണ്ടതാണ്."
"താൻ സ്വപ്നത്തിൽ കണ്ടതാണോ അതോ സ്വന്തം കണ്ണുകൾ കൊണ്ട് നേരിൽ കണ്ടതാണോ?"
"അത്... അത് പിന്നെ... സ്വപ്നം കണ്ടതാണെന്നാണ് തോന്നുന്നത്."
"നിങ്ങൾക്ക് രണ്ടു പേർക്കും കാര്യമായ എന്തോ തകരാറുണ്ടെന്നാണ് തോന്നുന്നത്. ഉടൻ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ പോയിക്കാണുന്നത് നല്ലതാണ്. നിങ്ങളുടെ പേരന്റ്സിനോട് വരാൻ പറഞ്ഞാലോ?"
"അത് വേണ്ട സാർ, അലീനയെ വിളിച്ചൊന്നു വിരട്ടി നോക്കിയാലോ?"
"ആവശ്യമെങ്കിൽ അതും ചെയ്യാം."
"ആ കുട്ടിയോടൊപ്പം താമസിക്കുന്നത് ആരാണ്?"
"അഞ്ജലിയാണ് സാർ."
"അലീനയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചേക്കും."
"അതേ."
"എങ്കിൽ നിങ്ങൾ പോയി ആ കുട്ടിയെ ഇങ്ങോട്ട് പറഞ്ഞു വിടാമോ? കഴിഞ്ഞ തവണ വന്നിട്ടും അവരെ കാണാൻ പറ്റിയില്ല."
"ശരി സാർ."
അവർ പോയിക്കഴിഞ്ഞ് പത്തുമിനിറ്റിനുളളിൽ അഞ്ജലിയെത്തി.
"സാർ എന്നെ വിളിച്ചിരുന്നോ?"
"അഞ്ജലി ഇരിക്കൂ, ഒരു കാര്യം ചോദിച്ചറിയാനാണ് തന്നെ ഞാൻ വിളിപ്പിച്ചത്."
"എന്താണ് സാർ?"
"ശാലിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി താനായിരുന്നില്ലേ?"
"അതേ സാർ, അവളുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം എവിടെ വരെയായി സാർ?"
"അവർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം."
"അത് ശരിയല്ല സാർ, ഒരിക്കലും അവൾ ആത്മഹത്യ ചെയ്യില്ല. എനിക്കുറപ്പാണ്. ഗ്രീഷ്മകാരണമാണ് അവൾ മരിച്ചത്."
"തന്റെ കയ്യിൽ അതിനുള്ള തെളിവുണ്ടോ?"
"തെളിവൊന്നുമില്ല സാർ, പക്ഷേ അതാണ് സത്യം."
"അലീന ഇപ്പോൾ തന്റെ മുറിയിലല്ലേ?"
"അതേ..."
"കഴിഞ്ഞ പ്രാവശ്യം തന്നെ കാണാൻ വേണ്ടി, ഇങ്ങോട്ടു പറഞ്ഞുവിടാൻ ഞാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ട് താൻ എന്താണ് വരാതിരുന്നത്? കുറേ സമയം കാത്തിരുന്നിട്ട് ഞാൻ തിരിച്ചു പോയി."
"അവൾ എന്നോട് പറഞ്ഞിരുന്നില്ല സാർ."
"അതെന്താണ് പറയാതിരുന്നത്?"
"എനിക്ക് അവളെപ്പറ്റി ചിലത് പറയാനുണ്ട് സാർ."
"പറഞ്ഞോളൂ... അലീനയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പ്രകടമായ മാറ്റം തനിക്കനുഭവപ്പെട്ടോ?"
"ഉണ്ട് സാർ."
"അതെന്താണെന്ന് പറയൂ..."
ശാലിനിയെപ്പോലെ സംസാരിക്കുന്നതും അവളുടെ വസ്ത്രങ്ങൾ എടുത്തു ധരിക്കുന്നതും ഗ്രീഷ്മയെ കാണുമ്പോൾ കണ്ണുകളിൽ കനലെരിയുന്നതും ഗ്രീഷ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതുമെല്ലാം വിശദമായി പറഞ്ഞതിനു പുറമേ, അവളുടെ ചില സംശയങ്ങളും അഞ്ജലി വെളിപ്പെടുത്തി.
"എന്നു മുതലാണ് ഈ മാറ്റം താൻ ശ്രദ്ധിച്ചു തുടങ്ങിയത്?"
തുണി വിരിക്കാനായി തന്നെ നിർബന്ധിച്ച് ടെറസ്സിൽ കൊണ്ടുപോയതും അതിനു ശേഷമുണ്ടായ സംഭവങ്ങളുമെല്ലാം അഞ്ജലി വിവരിച്ചു.
"ഇത്രയും സംഭവങ്ങൾ നടന്നിട്ടും താനെന്താണ് ഇതുവരെ ആരോടും പറയാതിരുന്നത്?"
"അവളെ ഭയന്നിട്ടാണ് സാർ."
"തന്നെ അന്ന്, എന്റെ മുമ്പിൽ പറഞ്ഞുവിടാതിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് മനസ്സിലായി."
"ഇതെല്ലാം സാറിനോട് ഞാൻ പറയുമെന്ന് അവൾ കരുതിക്കാണും."
"എല്ലാം വളരെ വിചിത്രമായിരിക്കുന്നു, ദിവസങ്ങൾ കഴിയുന്തോറും ദുരൂഹതകൾ കൂടി വരികയാണല്ലോ."
"അതേ സാർ, അലിനയോടൊപ്പം ഒരു മുറിയിൽ കഴിയാൻ എനിക്കിപ്പോൾ പേടിയാണ്."
"ടെറസ്സിൽ ഉണങ്ങാനിട്ട തുണികൾ, പിന്നെ നിങ്ങൾ പോയി എടുത്തിരുന്നോ?"
"എനിക്ക് പോകാൻ ഭയമായിരുന്നു സാർ. പിറ്റേ ദിവസം വൈകിട്ട് അവൾ തന്നെ പോയി എടുത്തു കൊണ്ടുവന്നു."
"മരിച്ചുപോയ ശാലിനിയുടെ വസ്ത്രങ്ങളൊക്കെ എന്തിനാണ് മുറിയിൽ സൂക്ഷിക്കുന്നത്?"
"അവളുടെ സാധനങ്ങളൊന്നും എടുക്കാൻ ഇതുവരേയും ആരും വന്നിരുന്നില്ല. അലീന മാത്രമേ ഇപ്പോൾ അതൊക്കെ എടുക്കാറുള്ളൂ."
"താൻ എന്നോട് പറഞ്ഞ ഈ കാര്യങ്ങൾ വളരെ രഹസ്യമാക്കി വയ്ക്കണം. മറ്റാരോടും ഒന്നും പറയരുത്. നമ്മൾ തമ്മിൽ കണ്ട കാര്യം അലീനയും അറിയരുത്."
"ശരി സാർ."
"താൻ പേടിക്കണ്ട കേട്ടോ, തന്നെ അവൾ ഒന്നും ചെയ്യില്ല."
"എന്നാൽ ഞാൻ പൊക്കോട്ടേ സാർ?"
"ശരി..."
ദുരൂഹതയുടെ കുരുക്കുകൾ പിന്നെയും മുറുകുകയാണല്ലോ. തന്റെ ഔദ്യോതിക ജീവിതത്തിനിടയിൽ ഇങ്ങനെയൊരു കേസ്സ് ആദ്യമായിട്ടാണ്. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.
മേട്രനോട് യാത്ര പറഞ്ഞിട്ട് ഇൻസ്പെക്ടർ അരുൺ പുറത്തേക്കിറങ്ങി. വണ്ടിയിൽ കയറാൻ തുടങ്ങുന്നതിനു മുൻപ് കണ്ണുകൾ അറിയാതെ ടെറസ്സിലേക്ക് നീണ്ടു.
അരണ്ട വെളിച്ചത്തിൽ ഒരു വെളുത്ത രൂപം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ തോന്നി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടതുമില്ല.
'അഞ്ജലി പറഞ്ഞ കാര്യങ്ങൾ, ചിന്തിച്ച് നടന്നതു കൊണ്ട് തോന്നുന്നതായിരിക്കും.'
വണ്ടി സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുത്തതും വലിയൊരു ശബ്ദത്തോടെ, മതിലിൽ ഇടിച്ചു നിന്നു. അപ്രതീക്ഷിതമായ ഇടിയിൽ, തല ശക്തിയോടെ സ്റ്റിയറിംഗിൽ ചെന്നിടിക്കുകയും അരുണിന്റെ ബോധം മറയുകയും ചെയ്തു.
ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇടനാഴിയുടെ അറ്റത്തുള്ള ജന്നലഴികളിൽ കൂടി പുറത്തേക്ക് നോക്കി നിന്നിരുന്ന അലീനയുടെ മുഖത്തൊരു ഗൂഢമായ ചിരി പരന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടി. ആരൊക്കെയോ ചേർന്ന് അരുണിനെ താങ്ങിയെടുത്ത് അതുവഴി വന്ന ഒരു വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. നിമിഷനേരത്തിനുള്ളിൽ അപകടവാർത്ത ഹോസ്റ്റലിലും പരിസരത്തുമുള്ള എല്ലാവരും അറിഞ്ഞു. സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനാൽ പോലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചിട്ട് ആശുപത്രിയിലേക്ക് പോയി.
ഒരപകടത്തിനുള്ള യാതൊരു കാരണങ്ങളും കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല.
പ്രഥമ ശുശ്രൂഷകൾക്കു ശേഷം മയക്കം വിട്ടുണർന്ന അരുണിന് സ്ഥലകാലബോധമൊന്നും ഉണ്ടായിരുന്നില്ല.
"ഞാനിതെവിടെയാണ്, എന്താണെനിക്ക് സംഭവിച്ചത്?"
"സാർ ഓടിച്ചിരുന്ന വണ്ടി മതിലിൽ ഒന്നിടിച്ചു; അപകടം പറ്റിയത് എങ്ങനെയാണെന്ന് സാറിന് ഓർത്തെടുക്കാൻ പറ്റുമോ?"
"ഒന്നും ഓർക്കാൻ പറ്റുന്നില്ല. തലയ്ക്ക് വല്ലാത്ത ഭാരം."
"സാരമില്ല, കണ്ണടച്ചു കിടന്നോള."
സർക്കിൾ ഇൻസ്പെക്ടർ അലക്സിനോടൊപ്പം അരുണിന്റെ ഭാര്യയും മകളും ആശുപത്രിയിൽ എത്തി. അവരുടെ മുഖത്ത് ആകാംക്ഷയും പരിഭ്രമവും നിറഞ്ഞു നിന്നിരുന്നു.
(തുടരും)
ഭാഗം 30
നെറ്റിയിൽ വലിയൊരു കെട്ടുമായി കിടക്കുന്ന അരുണിനെ കണ്ട് അദ്ദേഹത്തിന്റെ ഭാര്യയും മകളും സങ്കടപ്പെട്ടു.
"ഇച്ചായാ..."
"കണ്ണു തുറക്ക് പപ്പാ...."
അരുൺ പതുക്കെ കണ്ണുതുറന്നു. എല്ലാവരേയും കണ്ട് ചിരിക്കാൻ ശ്രമിച്ചു. കരയുന്ന മകളെ ചേർത്തു നിർത്തി, ഭാര്യയോട് പറഞ്ഞു:
"എനിക്കൊന്നുമില്ല, ചെറിയ ഒരു ആക്സിഡന്റ്."
"വേദനയുണ്ടോ ഇച്ചായാ?"
"മ്....തലയ്ക്ക് നല്ല ഭാരവും തോന്നുന്നുണ്ട്."
"അരുൺ, തല അധികം അനക്കണ്ട, ഞാൻ സോക്ടറെ ഒന്നു കണ്ടിട്ടു വരാം."
"ശരി സാർ."
"നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?"
"അലക്സ് സാർ വീട്ടിൽ വന്ന് കാര്യം പറഞ്ഞിട്ട് ഞങ്ങളെയും കൂട്ടിക്കൊണ്ടുവരികയായിരുന്നു."
"അതു നന്നായി."
അലക്സ് തിരിച്ചെത്തിയപ്പോൾ കൂടെ ഡോക്ടറും ഉണ്ടായിരുന്നു.
"ഡോക്ടർ, ഇച്ചായന് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?"
"വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല. തലയുടെ ഒരു സി.റ്റി സ്കാൻ എടുത്തു നോക്കണം. കൊണ്ടുപോകാനായി സ്റ്റാഫ് ഇപ്പോൾ വരും."
"ശരി ഡോക്ടർ."
"എന്നാൽ ഞാൻ പോയിട്ട് നാളെ വരാം, ഇവർ ഇവിടെ നിൽക്കുകയല്ലേ?"
"അത് വേണ്ട സാർ, ഇവിടെ ആരും വേണ്ട. വീട്ടിൽ പോയിട്ട് നാളെ വന്നാൽ മതി."
"ഇച്ചായാ, ഞങ്ങൾ ഇവിടെ നിന്നോളാം."
"മോളേയും കൊണ്ട് ഇവിടെ കിടക്കാൻ സൗകര്യമൊന്നുമില്ല."
"അതൊന്നും സാരമില്ല."
"എങ്കിൽ അവർ ഇവിടെ നിൽക്കട്ടെ."
മനസ്സില്ലാമനസ്സോടെ അയാൾക്കത് സമ്മതിക്കേണ്ടി വന്നു.
"സാർ, സ്കാനിംങിനു പോകാം."
ഒരു സ്ട്രെച്ചറുമായി വന്ന അറ്റൻഡർമാർ, അരുണിനെ താങ്ങി അതിൽ കിടത്തി.
"നിങ്ങൾ ഇവിടെ ഇരുന്നാൽ മതി.. പത്തുമിനിറ്റിനകം തിരിച്ചെത്തും."
"ശരി..."
അരുണിനേയും വഹിച്ചു കൊണ്ട് ആ ട്രോളി ഉരുണ്ടു നീങ്ങുന്നത് അവർ നോക്കിനിന്നു.
കുറേനേരമായിട്ടും മുറിയിൽ തിരിച്ചെത്താത്ത അഞ്ജലിയെ കാത്ത് അലീന, അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അരുൺ ഹോസ്റ്റലിൽ നിന്നുമിറങ്ങി വണ്ടിയിൽ കയറുന്നത് കണ്ട്, അവളുടെ കണ്ണുകളിൽ ആയിരം കനൽപ്പൂക്കൾ വിരിഞ്ഞു.
അദ്ദേഹത്തിന്റെ വണ്ടി മതിലിൽ ചെന്നിടിച്ചപ്പോഴുണ്ടായ ശബ്ദം, അവളൊഴികെ മറ്റാരും കേട്ടിരുന്നില്ല.
അഞ്ജലി മുറിയിലെത്തുമ്പോൾ അലീന അവിടെ ഉണ്ടായിരുന്നില്ല.
കുറേ നേരം കഴിഞ്ഞ് മുറിയിലേക്ക് കയറിവന്ന അലീനയോട് അവൾ പറഞ്ഞു:
"ഞാൻ കരുതി, നീ കുളിക്കുകയാണെന്ന്. എവിടെ ആയിരുന്നു ഇത്രയും നേരം?"
"നിന്നെ കാത്ത് ഞാൻ പുറത്ത് നിൽക്കുകയായിരുന്നു. ആരെ കാണാനാണ് നീ പോയത്?"
"എന്റെ കൂടെ വാർഡിൽ വർക്ക് ചെയ്യുന്ന ആൻസിയുടെ മുറിയിൽ പോയതായിരുന്നു." അവൾക്ക് തിയറിയിൽ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു."
"എന്നിട്ട് സംശയമെല്ലാം തീർത്തുകൊടുത്തോ?"
"എന്നെക്കൊണ്ട് ആവുന്ന രീതിയിൽ പറഞ്ഞു കൊടുത്തിട്ടുണ്ട്."
"മ്..." പച്ചക്കള്ളമാണ് അവൾ പറഞ്ഞതെന്ന് അലീന മനസ്സിലാക്കി.
"നീ കുളിച്ചോ?"
"മ്..."
"എന്നാൽ ഞാൻ പോയി കുളിച്ചിട്ടു വരാം."
മാറാനുള്ള ഡ്രസ്സുമെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. അല്പസമയത്തിനുള്ളിൽ ഹോസ്റ്റലും പരിസരവും ആകെ ഇരുളിൽ കുളിച്ചു.
'അയ്യോ കറണ്ട് പോയല്ലോ...'
ആരോ പിടിച്ചു നിർത്തിയതുപോലെ പൈപ്പിലെ വെള്ളവും തീർന്നു. മുഖത്ത് തേച്ച സോപ്പ് കഴുകിക്കളയാനാവാതെ അഞ്ജലി കുഴങ്ങി. ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ നനഞ്ഞ ടവ്വൽ കൊണ്ട് ദേഹം തുടച്ചിട്ട് അവൾ വേഗം ഇറങ്ങിവന്നു. മുറിയിൽ നിറഞ്ഞുനിന്ന ഇരുട്ടിൽ അവൾ അലീനയെ തേടിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.
'ഈ സമയത്ത് ഇവൾ എവിടെ പോയതായിരിക്കും?'
മൊബൈലിലെ ടോർച്ച് തെളിച്ച് ഒരു മെഴുകുതിരി തപ്പിയെടുത്ത് കത്തിച്ചുവച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു.
'സാധാരണ കറണ്ട് പോകുമ്പോൾ ഉടൻ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതാണ്. ഇന്നെന്തുപറ്റിയെന്നറിയില്ല. ഇനി അതും കേടായിക്കാണുമായിരിക്കുമോ?'
പെട്ടെന്ന് അതിശക്തമായ ഒരു കാറ്റിൽ വാതിലും ജന്നലുകളും തുറന്നടഞ്ഞു. പേടിച്ച് വിറച്ച അഞ്ജലി, പുതച്ചുമൂടി കട്ടിലിൽ കിടന്നു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുടെ സംഗീതം അവളുടെ കാതുകളിൽ വന്നലച്ചു.
"അഞ്ജലീ... നീ ഉറങ്ങിയോ?"
അലീന അവളെ തട്ടിവിളിച്ചു.
"നീ എവിടെയായിരുന്നു അലീനാ?"
"നല്ല വിശപ്പു തോന്നിയതിനാൽ ഞാൻ മെസ്സിലേക്ക് പോയി."
"ഇരുട്ടത്ത് നീയെങ്ങനെ തിരിച്ചെത്തി, നീ മഴയും നനഞ്ഞിട്ടുണ്ടല്ലോ?"
"ഇരുട്ടോ, എല്ലായിടത്തും വെളിച്ചമുണ്ടല്ലോ."
"കറണ്ടൊന്നുമില്ലായിരുന്നല്ലോ, ടാപ്പിലെ വെള്ളവും തീർന്നുപോയി."
"കറണ്ട് പോയിട്ട് വേഗം തന്നെ വന്നിരുന്നല്ലോ."
അവൾ കുളിമുറിയിൽ കയറി നനഞ്ഞ തുണിയൊക്കെ മാറ്റി തിരിച്ചു വന്നു.
"ടാപ്പിൽ ഇപ്പോൾ വെള്ളം വരുന്നുണ്ടല്ലോ..."
"അതെങ്ങനെയാണ്?"
"ആരെങ്കിലും ഇപ്പോൾ മോട്ടോർ ഓണാക്കിക്കാണും.'
കഴിഞ്ഞ കുറേ നിമിഷങ്ങളിൽ തനിക്കനുഭവപ്പെട്ടതൊക്കെ ഒരു മായക്കാഴ്ചയായി അഞ്ജലിക്ക് തോന്നി.
"നിനക്കൊന്നും കഴിക്കണ്ടേ അഞ്ജലീ?"
"നീ കഴിച്ചോ?"
"ഞാൻ കഴിച്ചതാണ്, നിനക്കു തനിയെ പോകാൻ പേടിയാണെങ്കിൽ ഞാനും കൂടെ വരാം."
"വേണ്ട, ഞാൻ പൊക്കോളാം."
അഞ്ജലി എഴുന്നേറ്റ് പുറത്തേക്ക് പോയി. അല്പം മുമ്പ് ശക്തിയായി പെയ്ത മഴ ഇപ്പോൾ നിശ്ശേഷം നിന്നിരിക്കുന്നു.
മുന്നിൽ നടന്നു പോകുന്നവരെ അരണ്ട വെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. മെസ്സ്ഹാളിലെത്തിയപ്പോൾ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും ഭക്ഷണം കഴിച്ച് തിരികെ പോയിരുന്നു.
"അഞ്ജലി ഇന്ന് വളരെ താമസിച്ചല്ലോ... എന്തു പറ്റി, ഉറങ്ങിപ്പോയോ?"
"ഭയങ്കര മഴയായിരുന്നല്ലോ ചേച്ചീ, ഇടിയും മിന്നലുമൊക്കെ എനിക്ക് പേടിയാണ്."
"മഴയോ, അതിനിവിടെ മഴയൊന്നും പെയ്തില്ലല്ലോ... ഞങ്ങൾ പാത്രങ്ങളെല്ലാം കഴുകിവച്ചിട്ട് പോകാൻ തുടങ്ങുകയായിരുന്നു."
"എല്ലാവരും വന്നിട്ട് പോയോ?"
"ആ ഗ്രീഷ്മയും നീതുവും ഇതുവരെ വന്നിട്ടില്ല. ചില ദിവസങ്ങളിൽ അവർ വരാറില്ല. അതുകൊണ്ട് ഞങ്ങൾ, അവരെ കാത്ത് ഇരിക്കാറില്ല."
"അപ്പോൾ അവർക്ക് വിശക്കില്ലേ?"
"അവർ വേറെ എന്തെങ്കിലുമൊക്കെ കഴിക്കുമായിരിക്കും."
ആഹാരം കഴിച്ച് തിരിച്ചു വരുന്ന വഴിയിൽ ഗ്രീഷ്മയേയും നീതുവിനേയും ഒന്ന് കണ്ടിട്ടു പോകാമെന്ന് കരുതി. മുറിയുടെ വാതിൽ പകുതിയും തുറന്നു കിടക്കുകയായിരുന്നു. അകത്തുകയറി ലൈറ്റിട്ടപ്പോൾ കണ്ട കാഴ്ച അവളെ നടുക്കിക്കളഞ്ഞു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നീതുവിനെ തട്ടിവിളിച്ചു.
'ഇവൾ ഉണരുന്നില്ലല്ലോ.... നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു.'
മേശപ്പുറത്തിരുന്ന കുപ്പിയിലെ വെള്ളം അല്പമെടുത്ത് മുഖത്തു തളിച്ചപ്പോൾ അവൾ ഞരങ്ങിക്കൊണ്ട് കണ്ണു തുറന്നു.
സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ എന്തൊക്കെയോ പുലമ്പി.
"ആരാ... ആരാ...നീ...?"
"നീതു... ഞാൻ അഞ്ജലിയാണ്.
ഗ്രീഷ്മയെവിടെ?"
"അഞ്ജലിയോ, നീ എന്താണിവിടെ?
"നിങ്ങൾ ഭക്ഷണം കഴിക്കാൻ ചെല്ലാതിരുന്നത് എന്താണ്?"
"ഭക്ഷണമോ, എവിടെ?"
"നീതൂ... നീ ഒന്നെണീറ്റേ... ഒരു ബോധവുമില്ലാതെ ഇങ്ങനെ കിടന്നുറങ്ങാമോ?"
നീതു കട്ടിലിൽ പതുക്കെ എഴുന്നേറ്റിരുന്നു.
"എന്തൊരു മഴയായിരുന്നു. വെള്ളവുമില്ല, വെളിച്ചവുമില്ല; ഇടിയും മിന്നലും എല്ലാം കൂടി ഞാനാകെ പേടിച്ചു പോയി."
അഞ്ജലിക്കുണ്ടായ അതേ അനുഭവം നീതുവിനും ഉണ്ടായിരിക്കുന്നു എന്നറിഞ്ഞപ്പോൾ വളരെയധികം അദ്‌ഭുതം തോന്നി.
"ഗ്രീഷ്മയെവിടെ നീതൂ?"
"അവൾ നേരത്തേ കിടന്നുറങ്ങി."
"അവൾ ഇവിടെ കട്ടിലിൽ ഇല്ലല്ലോ?"
"കട്ടിലിൽ ഇല്ലേ, പിന്നെ അവൾ എവിടെപ്പോയി?"
"നീ വരൂ... നമുക്ക് നോക്കാം."
ഗ്രീഷ്മ മുറിയിലൊന്നുമുണ്ടായിരുന്നില്ല. ഭയാശങ്കകളോടെ അവർ അടഞ്ഞുകിടന്ന കുളിമുറിയുടെ വാതിൽ തള്ളിത്തുറന്നു നോക്കി. തുറന്നിട്ടിരുന്ന പൈപ്പിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽ നനഞ്ഞു കുതിർന്ന്, തറയിൽ കമിഴ്ന്നുകിടക്കുന്ന ഗ്രീഷ്മയെ കണ്ടവർ പരിഭ്രാന്തരായി. ടാപ്പടച്ചിട്ട്, പരിഭ്രമത്തോടെ നീതു ഗ്രീഷ്മയെ തട്ടിവിളിച്ചു.
"എഴുന്നേൽക്കൂ ഗ്രീഷ്മാ...നിനക്കെന്തു പറ്റി?"
എത്ര വിളിച്ചിട്ടും അവൾ ഉണരുന്നില്ലെന്ന് കണ്ടപ്പോൾ, നീതു തന്റെ ഫോണിൽ മേട്രനെ വിളിച്ച് വിവരം പറഞ്ഞു. മറ്റു ചില കുട്ടികളേയും കൂട്ടി അല്പസമയത്തിനുള്ളിൽത്തന്നെ മേട്രൻ മുറിയിലെത്തി. മയങ്ങിക്കിടക്കുന്ന ഗ്രീഷ്മയെ എല്ലാവരും കൂടി താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി.
(തുടരും)
ഭാഗം 31
നീതു... ഗ്രീഷ്മക്കെന്താണ് സംഭവിച്ചത്? കുളിമുറിയിൽ വീണതാണോ?"
"എനിക്കൊന്നും അറിയില്ല മാഡം. ശക്തമായ കാറ്റും മഴയുമൊക്കെ വന്നപ്പോൾ പുതച്ചുമൂടിക്കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി. ഇവൾക്കെന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല."
"ഏതായാലും ഒരു ആംബുലൻസ് വിളിച്ച് ഗ്രീഷ്മയെ ആശുപത്രിയിലെത്തിക്കാം."
"ശരി മാഡം."
"നീതൂ...അവളുടെ നനഞ്ഞ തുണികളൊക്കെ ഒന്ന് മാറ്റി വേറെയെന്തെങ്കിലും ധരിപ്പിക്കൂ..."
'എന്റീശോയേ, ഇവിടെ എന്തൊക്കെയാണോ നടക്കുന്നത്, എനിക്കൊന്നുമറിയാൻ മേലേ...'
വാക്കുകളായം നെടുവീർപ്പുകളായും അവരുടെ സംഘർഷം പുറത്തു വന്നു.
ഗ്രീഷ്മയേയും വഹിച്ചു കൊണ്ടുപോയ ആബുലൻസ്, പതിനഞ്ചു മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിൽ എത്തി. മേട്രനോടൊപ്പം നീതുവും അഞ്ജലിയും വണ്ടിയിൽ നിന്നും ഇറങ്ങി. സ്ട്രെച്ചറിൽ കിടത്തി ഗ്രീഷ്മയെ വേഗം ഒബ്സർവേഷൻ മുറിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ എത്തി പരിശോധിച്ചതിനു ശേഷം പറഞ്ഞു.
"തലയുടെ സ്കാൻ എടുക്കണം. വീഴ്ചയിൽ പരുക്കു വല്ലതും പറ്റിയിട്ടുണ്ടോയെന്നറിയണം. പുറമേ നോക്കിയിട്ട് ഒന്നും കാണുന്നില്ല."
"ശരി ഡോക്ടർ."
ഗ്രീഷ്മയെ ഉടൻ തന്നെ സ്കാനിംങിനു കൊണ്ടുപോയി.
ഭക്ഷണം കഴിക്കാൻ പോയിരുന്ന അഞ്ജലി, കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനാൽ അവളെയും കാത്ത് അലീന മുറിയുടെ പുറത്തിറങ്ങി നിന്നു.
ശ്രീഷ്മയുടെ മുറിയിൽ നടന്ന ബഹളത്തിന്റെ ഒടുവിൽ, അവളേയും കയറ്റി ശരവേഗത്തിൽ പായുന്ന ആംബുലൻസിനെ നോക്കി നിന്ന അലീനയുടെ മുഖത്ത് വികൃതമായ ഒരു ചിരി പരന്നു.
സ്കാനിങ് റിപ്പോർട്ടുമായെത്തിയ ഡോക്ടർ മേട്രനോട് പറഞ്ഞു: "ഭയാനകമായ ഏതോ കാഴ്ചയിൽ സുബോധം നഷ്ടപ്പെട്ടു താഴെ വീണതാവാനാണ് സാദ്ധ്യത. വീഴ്ചയിൽ ഹെഡ് ഇൻജുറിയും ഇന്റേണൽ ബ്ലീസിംഗും ഉണ്ട്. എത്രയും വേഗം സർജറി നടത്തിയാലേ കുട്ടിയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഏതായാലും ഇന്റൻസീസ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ചെയ്ത് മരുന്നു കൾ സ്റ്റാർട്ടു ചെയ്യാം.
എത്രയും വേഗം കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കണം. എല്ലാത്തിനും അവരുടെ സമ്മതവും സപ്പോർട്ടും ആവശ്യമുണ്ട്.
"ശരി ഡോക്ടർ, ഇപ്പോൾത്തന്നെ അറിയിക്കാം."
"ശരി."
ഉടൻ തന്നെ മേട്രൻ, ഇൻസ്പക്ടർ അരുണിനെ വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കോൾ എടുത്തത്.
"ഹലോ..''
"ഹലോ... മാഡം, അരുൺ സാറിനോട് ഒന്നു സംസാരിക്കാൻ പറ്റുമോ?"
"ഇച്ചായന് സുഖമില്ലാതെ ആശുപത്രിയിലാണല്ലോ. ആരാണ് സംസാരിക്കുന്നത്?"
"അയ്യോ... സാറിന് എന്തു പറ്റി? ഏതു ഹോസ്പിറ്റലിലാണ്. സാറിന് എന്നെ അറിയാം. ഞാൻ മെറീനാ ജോസ്, മേട്രനാണ്."
"ടൗൺ ഹോസ്പിറ്റലിലാണ്. ഒരു ആക്സിഡന്റ് പറ്റിയതാണ്."
"ടൗൺ ഹോസ്പിറ്റലിലോ? ഏതു മുറിയിലാണ്?"
"പേ വാർഡിൽ റൂം നമ്പർ 302... ഇങ്ങോട്ടു വരാനാണോ?"
"അതേ..."
ഫോൺ കട്ട് ചെയ്ത ശേഷം മേട്രൻ നീതുവിനോടും അഞ്ജലിയോടുമായി പറഞ്ഞു:
"അരുൺസാറിന് ആക്സിഡന്റ് പറ്റി ഈ ഹോസ്പിറ്റലിൽ തന്നെയുണ്ട്.. വരൂ... നമുക്ക് പോയി സാറിനെ കാണാം."
"അതിശയമായിരിക്കുന്നല്ലോ, സാർ ഹോസ്റ്റലിൽ വന്നു പോയിട്ട് മണിക്കൂറുകളല്ലേ ആയിട്ടുള്ളൂ. അതിനിടയിൽ എപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്? നമ്മളോടാരും പറഞ്ഞില്ലല്ലോ."
"അറിയില്ല അഞ്ജലീ, നമുക്ക് പോയി നേരിട്ടു സംസാരിക്കാം."
ലിഫ്റ്റു കയറി അവർ മൂന്നാം നിലയിലെത്തി. വലതുവശത്തുള്ള നാലാമത്തെ മുറിയായിരുന്നു അത്. കതകിൽ മുട്ടി കാത്തുനിന്നപ്പോൾ അരുണിന്റെ ഭാര്യ വന്ന് വാതിൽ തുറന്നു.
മുറയിലേക്ക് കയറിവന്ന അവരെ കണ്ട് അരുൺ അത്ഭുതപ്പെട്ടു.
"നിങ്ങളോ, ഈ സമയത്ത് എന്താണിവിടെ?"
"പറയാം സാർ. അതിനു മുമ്പ് സാറിനെന്താണ് സംഭവിച്ചത്?"
"അഞ്ജലിയോട് സംസാരിച്ചുകഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി വണ്ടിയെടുത്ത് റോഡിലൂടെ അല്പം മുന്നോട്ട് ചെന്നപ്പോഴാണ് അപകടം സംഭവിച്ചത്."
ഇൻസ്പെക്ടർ അരുൺ തനിക്ക് പറ്റിയ അപകടം അവരോട് വിവരിച്ചതിനു ശേഷം പറഞ്ഞു:
"സാരമായി ഒന്നും പറ്റിയില്ല. നാളെ ചിലപ്പോൾ വീട്ടിൽ പോകാൻ സാധിച്ചേക്കും."
"നാളെ ഡിസ്ചാർജ് ചെയ്യേണ്ടെന്ന് ഞാൻ ഡോക്ടറിനോട് പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസം ഇവിടെ കിടന്ന് എല്ലാം മാറിയിട്ട് പോയാൽ മതി. ആരോഗ്യവും വീട്ടുകാര്യവും ഒന്നും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും ഓട്ടമാണ്. ഇച്ചായനെന്തെങ്കിലും സംഭവിച്ചാൽപ്പിന്നെ ഞങ്ങൾക്കാരാണുള്ളത്?"
സൈഡിലുള്ള ചെറിയ കട്ടിലിൽ കിടന്നിരുന്ന കുട്ടിയെ നോക്കി നീതു ചോദിച്ചു:
"സാറിന്റെ മകളാണല്ലേ?"
"അതേ..."
"സാർ, ഗ്രീഷ്മയെ ഇവിടുത്തെ ഐ, സി.യു വിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എത്രയും വേഗം ആ കുട്ടിയുടെ മാതാപിതാക്കളോട് വരാൻ പറയണം. സാറൊന്നു വിളിച്ചു പറയാമോ?"
"ഗ്രീഷ്മയ്ക്ക് എന്തു പറ്റി?"
അരുൺ സാറിനോട്, ഹോസ്റ്റലിൽ നടന്ന സംഭവങ്ങളെല്ലാം മൂന്നുപേരും വിശദമായി പറഞ്ഞുകേൾപ്പിച്ചു.
"ഇങ്ങനെയൊക്കെ സംഭവിച്ചോ? കഷ്ടമായിപ്പോയല്ലോ.... നിങ്ങൾ പ്രാക്ടീസു ചെയ്യുന്ന ആശുപത്രിയിൽ പോകാതെ ഗ്രീഷ്മയെ ഇവിടെ കൊണ്ടുവന്നത് എന്താണ്?"
"പ്രത്യേകിച്ച് കാരണമൊന്നുമില്ല സാർ, പിന്നെ ഇങ്ങനെയുള്ള കേസ്സിന് നല്ല ഡോക്ടർമാർ ഉള്ളത് ഇവിടെയാണല്ലോ."
"ശരിയാണ്. അലക്സ് സാർ ഇവിടെയുണ്ടായിരുന്നു. ഒരു മണിക്കൂർ മുമ്പാണ് പോയത്. ഞാനൊന്നു വിളിക്കട്ടെ."
അരുൺ കിടന്നുകൊണ്ടുതന്നെ അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു.
"ചെറിയാച്ചായനെ വിളിച്ചു പറഞ്ഞിട്ട് ഞാനുടനെ എത്താം."
"ശരി സാർ."
മേട്രനും അഞ്ജലിയും നീതുവും ഐ.സി.യു വാർഡിന്റെ മുന്നിലുള്ള കസേരയിൽ ചെന്നിരുന്നു.
അരമണിക്കൂറിനകം സർക്കിർ ഇൻസ്പെക്ടർ എത്തി. അകത്തു കയറി ഗ്രീഷ്മയെ കണ്ടിട്ട് നേരേ ഡ്യൂട്ടിഡോക്ടറിന്റെ മുറിയിലേക്കു ചെന്നു.
"ഡോക്ടർ, ഗ്രീഷ്മയ്ക്ക് എങ്ങനെയുണ്ട്? ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ലല്ലോ..."
"മരുന്നുകൾ ഒക്കെ സ്റ്റാർട്ടു ചെയ്തു. നാളെ ന്യൂറോ സർജൻ വന്നു കാണും. സർജറിയുടെ ആവശ്യമുണ്ടോയെന്ന് നാളെ തീരുമാനിക്കും."
"ശരി ഡോക്ടർ, എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയാണിത്."
"അതേയോ?"
അലക്സ് ഇറങ്ങി വന്നപ്പോൾ മേട്രൻ ചെന്ന് സംസാരിച്ചു.
"സാർ, ഗ്രീഷ്മയെ കൊണ്ടുവന്നത് ഞങ്ങളാണ്. ഹോസ്റ്റലിലെ മേട്രനാണ് ഞാൻ."
"ഓഹോ അത് നിങ്ങളായിരുന്നോ, എന്തൊക്കെയാണ് മാഡം നിങ്ങളുടെ ഹോസ്റ്റലിൽ നടക്കുന്നത്? അരുൺ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. വിചിത്രമായ കാര്യങ്ങൾ, വിശ്വസിക്കാനാവുന്നില്ല."
"ശരിയാണ് സാർ. ടെറസ്സിൽ നിന്നും ചാടി മരിച്ച ശാലിനിയുടെ പ്രേതം അവിടെയൊക്കെ കറങ്ങിനടപ്പുണ്ടെന്നും രാത്രിയാകുമ്പോൾ വന്ന് ചിലരെയൊക്കെ ശല്യപ്പെടുത്തുന്നുണ്ടെന്നുമാണ് പൊതുവേയുള്ള സംസാരം."
"ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ മാഡം?"
"സാർ ഞങ്ങൾ ഇവിടെ ഇരിക്കേണ്ട
ആവശ്യമുണ്ടോ? ഹോസ്റ്റലിൽ എല്ലാവരും പേടിച്ചിരിക്കുകയാണ്."
"അവളുടെ അപ്പൻ, കാലത്ത് തന്നെ ഇങ്ങെത്തും. അതുവരെ ആരെങ്കിലും ഇവിടെ നിൽക്കട്ടെ."
"എങ്കിൽ മാഡം പൊയ്ക്കോളൂ, ഞങ്ങൾ രണ്ടു പേരും ഇവിടെ നിന്നോളാം."
"മാഡത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം. അരുണിനെ ഒന്നു കണ്ടിട്ടു വരട്ടെ."
"അരുൺസാറിനെ ഞങ്ങൾ പോയിക്കണ്ടിരുന്നു. സാർ പോയിട്ട് വരൂ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം."
"ശരി, ഞാൻ പോയിട്ട് പെട്ടെന്നുവരാം."
"ഓ.കെ. സാർ."
"മാഡം, രാവിലെ ഞങ്ങൾ എങ്ങനെ വരും?" എനിക്ക് ഡ്യൂട്ടിയും ഉണ്ട്."
"അഞ്ജലിക്കും ഡ്യൂട്ടിയുണ്ടോ?"
"എനിക്ക് നാളെ നൈറ്റ് ഷിഫ്റ്റ് ആണ്."
"എന്തായാലും ഞാൻ രാവിലെ വരാം. എന്നിട്ട് വേണ്ടത് ചെയ്യാം.
"ശരി മാഡം, ഗ്രീഷ്മയുടെ വീട്ടുകാർ വരുന്നതിനുമുൻപ് അവൾക്ക് ബോധം വീണാൽ മതിയായിരുന്നു."
ഒരു നെടുവീർപ്പിട്ടു കൊണ്ട് നീതു അതു പറയുമ്പോൾ മാഡത്തിനോടൊപ്പം അഞ്ജലിയും അത് ശരിവച്ചു.
(തുടരും)
ഭാഗം 32
മാഡം, അലീനയുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. അവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ... അവളുടെ മാതാപിതാക്കളെ വരുത്തി കുറച്ചു നാൾ വീട്ടിലേക്ക് അയച്ചാൽ നന്നായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്."
"ഇവൾ പറഞ്ഞത് ശരിയാണ് മാഡം." അഞ്ജലിയുടെ അഭിപ്രായത്തോട് നീതുവും യോജിച്ചു.
"എങ്കിൽ, അലീനയുടെ പേരന്റ്സിനോട് വന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ ഇന്നുതന്നെ ഞാൻ പറയാം."
"മാഡം വരൂ..." അലക്സ് സാർ അല്പം അകലെ നിന്നുകൊണ്ട് വിളിച്ചു.
"വരുന്നു സാർ, എന്നാൽ ഞാൻ പോയിട്ട് രാവിലെ വരാം."
"ശരി മാഡം."
മേട്രൻ പോയിക്കഴിഞ്ഞ് നീതുവും അഞ്ജലിയും തങ്ങൾ ഇരുന്നിരുന്ന കസേരകളിൽ തന്നെ സ്ഥാനം പിടിച്ചു.
"നീതു... നീ വേണമെങ്കിൽ ഉറങ്ങിക്കോളൂ... ആരെങ്കിലും വിളിച്ചാൽ ഞാൻ പൊക്കോളാം."
"ഞാൻ വൈകുന്നേരം മുറിയിൽ കിടന്നുറങ്ങിയതു കൊണ്ട് ഇപ്പോൾ ഉറക്കം വരുന്നില്ല, നീ ഉറങ്ങിക്കോളൂ..."
കസേരയിൽ ചാരിക്കിടന്ന് അഞ്ജലി ഉറങ്ങുന്നതു കണ്ട നീതു, വെറുതേ കണ്ണടച്ചിരുന്നു. ആരോ വന്ന് ട്യൂബ് ലൈറ്റിന്റെ സ്വിച്ചുകൾ ഓഫാക്കി. അകത്തു കിടക്കുന്ന രോഗികളുടെ ബന്ധുക്കൾ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു.
എല്ലായിടത്തും നിശബ്ദത. പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവും. ശ്മശാന മൂകത തളം കെട്ടി നിൽക്കുന്ന ഇടനാഴിയിൽ കൂടി ആരോ നടന്നു വരുന്നത് അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു.
'അത് അലീനയാണല്ലോ, അവൾ ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി?'
ആകാംക്ഷ നിറഞ്ഞ മനസ്സുമായി നീതു നോക്കിയിരിക്കേ, നടത്തത്തിന് വേഗത കൂട്ടിയ ആ രൂപത്തിന് മുന്നിൽ, താനേ തുറന്ന വാതിലിലൂടെ അത് അകത്ത് കടന്നു. വാതിൽ ശക്തമായി അടഞ്ഞതും നീതു കണ്ണു തുറന്ന് ചുറ്റും നോക്കി.
'അഞ്ജലീ..."
ഉറങ്ങുകയായിരുന്ന അഞ്ജലിയെ അവൾ തട്ടിവിളിച്ചു.
"എന്താടീ... എന്തുപറ്റി? ആരെങ്കിലും വിളിച്ചോ?"
"എടീ... അവൾ... അലീന... അവിടെ.. ഗ്രീഷ്മ ..."
"നീ എന്തൊക്കെ പിച്ചും പേയുമാണ് പറയുന്നത്, വല്ല സ്വപ്നവും കണ്ടു പേടിച്ചോ?"
"സ്വപ്നമല്ല അഞ്ജലീ... ഞാൻ ശരിക്കും കണ്ടതാണ്. അവളിന്ന് ഗ്രീഷ്മയെ കൊല്ലും."
"നിനക്കെന്താണ്, വട്ടായോ?"
അഞ്ജലിയേയും കൂട്ടി സംശയത്തോടെ നീതു വാതിലിന്നരികിൽ ചെന്ന് ബെല്ലടിച്ചു. അകത്തു നിന്നും ഇറങ്ങി വന്ന നഴ്സ് കാര്യം തിരക്കി.
"ഗ്രീഷ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് സിസ്റ്റർ, അവൾക്ക് ബോധം വീണോ?"
"അതുപോലെ തന്നെ മയങ്ങി കിടക്കുകയാണ്. ഒന്നും പറയാറായിട്ടില്ല."
"അവിടെ അവളുടെ അരികിൽ വേറെ ആരെങ്കിലുമുണ്ടോ?"
"എന്റെ കൂടെയുള്ള സ്റ്റാഫ് ഉണ്ട്. നൈറ്റ് ഡ്യൂട്ടിക്ക് ഞങ്ങൾ രണ്ടുപേരാണ്. എന്താണ് ചോദിച്ചത്, നിങ്ങൾക്കെന്തോ സംശയമുണ്ടല്ലോ..?"
"സിസ്റ്റർ, ഗ്രീഷ്മയുടെ അരികിൽത്തന്നെ ഇരിക്കണേ. മറ്റാരും വന്ന് അവളെ അപായപ്പെടുത്താൻ ഇടയാവരുത്."
"ഇതിനകത്ത് ആരു വരാനാണ്, നിങ്ങൾ പേടിക്കേണ്ട ഒരാവശ്യവുമില്ല. ഞങ്ങളൊക്കെ ഇവിടില്ലേ?"
"ഓ.കെ സിസ്റ്റർ."
"നന്നായി ഒന്നുറങ്ങി വന്നതായിരുന്നു. നശിപ്പിച്ചു, സമാധാനമായില്ലേ?"
"ചിലപ്പോൾ ഞാൻ സ്വപ്നം കണ്ടതായിരിക്കും. സോറി അഞ്ജലീ.. നീ ഉറങ്ങിക്കോളൂ..."
"ഇനിയും ഇതുപോലെ ആരെയെങ്കിലുമൊക്കെ കണ്ടെന്നും പറഞ്ഞ് എന്നെ വിളിച്ചേക്കരുത്."
"ഇന്നിനി ആരേയും കാണാൻ സാധ്യതയില്ല."
"അതെന്താ?"
"ഇനി ഞാൻ കണ്ണടയ്ക്കുന്നതേയില്ല."
"എന്നാൽ ഞാൻ കണ്ണടച്ചോട്ടെ..."
"മ്... അഞ്ജലീ നാളെ നമുക്ക് എപ്പോൾ പോകാൻ പറ്റും? ഗ്രീഷ്മയുടെ പേരന്റ്സ്, നേരം വെളുക്കുന്നതിനു മുൻപ് ഇങ്ങെത്തുമോ?
"ആ... അറിയില്ല, വരുമായിരിക്കും. എന്തായാലും അവർ വന്നിട്ടേ നമുക്ക് പോകാൻ സാധിക്കൂ..."
"ഗ്രീഷ്മയ്ക്ക് ഓപ്പറേഷൻ വേണ്ടി വരുമോ എന്തോ?"
"വില കൂടിയ മരുന്നുകളാണ് അവളുടെ ഞരമ്പിൽ കൂടി ഒഴുകുന്നത്. ചിലപ്പോൾ സർജറി വേണ്ടി വരില്ലായിരിക്കും. നമുക്ക് പ്രാർത്ഥിക്കാം."
"ഭഗവാനേ അവളെ രക്ഷിക്കണേ..."
"എന്നാലും അവൾ എങ്ങനെ ആയിരിക്കും കുളിമുറിയിൽ വീണത്? ആലോചിക്കുമ്പോൾ എല്ലാം വളരെ വിചിത്രമായി തോന്നുന്നു."
"ശാലിനിയുടെ ആത്മാവ് അലീനയിൽ പ്രവേശിച്ചുണ്ടെന്നാണ് എനിക്ക് തോന്നുന്നത്."
"എനിക്കൊന്നുമറിയില്ല, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയാണ്. ഇതിന്റെയൊക്കെ അവസാനം എന്തായിത്തീരുമെന്നും അറിയില്ല."
"എത്ര പേരുടെ ഭാവിയാണ് വെള്ളത്തിലാവുന്നത്, ഇതിനൊക്കെ ഒരവസാനം ഉണ്ടായെങ്കിലെന്ന് ആശിച്ചു പോകുകയാണ്."
"അലീന അവളുടെ മാതാപിതാക്കളോടൊപ്പം പോകാൻ കൂട്ടാക്കിയില്ലെങ്കിലോ എന്നാണെന്റെ ഇപ്പോഴത്തെ ഭയം."
"എങ്ങനെയെങ്കിലും അവർ കൊണ്ടുപോകണം."
ഒരു ദീർഘനിശ്വാസത്തിനു ശേഷം അഞ്ജലി പറഞ്ഞു:
"ഫൈനൽ പരീക്ഷയ്ക്കു മുൻപ് എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞാൽ മതിയായിരുന്നു."
"ശരിയാണ്. പഠിക്കാനുള്ള ഒരു മൂഡും ഇപ്പോൾ ഇല്ല. ഒരു മാസം കൂടി കഴിഞ്ഞാൽപ്പിന്നെ സ്‌റ്റഡി ലീവും ആണ്."
"ഗ്രീഷ്മയും അലീനയുമൊക്കെ ഇന്നത്തെ അവസ്ഥയിൽ നിന്നും നോർമലായി വരാൻ സമയമെടുക്കില്ലേ?"
"സമയമെടുക്കുമായിരിക്കും. എന്നാലും, എത്രയും പെട്ടെന്ന് എല്ലാവരും തിരിച്ചു വരുമെന്ന് തന്നെ വിശ്വസിക്കാം."
കണ്ണുകളിൽ ഉറക്കം പിടിച്ചതിനാൽ സംസാരം തുടർന്നുകൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചില്ല.
സർക്കിൾ ഇൻസ്പെക്ടർ അലക്സിൽ നിന്നും വിവരങ്ങളറിഞ്ഞ ചെറിയാച്ചൻ എല്ലാം നഷ്ടപ്പെട്ടതുപോലെ നെടുവീർപ്പുകൾ ഉതിർത്തുകൊണ്ടിരുന്നു.
'തമ്പുരാനേ, എന്റെ കൊച്ചിനൊന്നും വരുത്തരുതേ...'
"നിങ്ങളെന്താണ് മനുഷ്യനേ ഇങ്ങനെ പിറുപിറുക്കുന്നത്, ആരാണ് ഇപ്പോൾ വിളിച്ചത്?"
ചെറിയാച്ചന്റെ അസ്വസ്ഥത കണ്ട് ഭാര്യ ചോദിച്ചു.
"എടീ നീ പെട്ടെന്ന് റെഡിയായി വരു... ഇപ്പോൾത്തന്നെ നമുക്ക് കൊച്ചിന്റെ അടുത്തേക്ക് പോകണം."
"ഈ രാത്രിയിലോ, അവൾ വിളിച്ചിരുന്നോ?"
"പറയുന്നത് അനുസരിക്ക്, നമുക്ക് ഉടനെ ഇറങ്ങണം. ആവശ്യത്തിനുള്ള തുണിയൊക്കെ എടുത്ത് ഒരു ബാഗിലാക്കൂ.... തിരിച്ചു വരാൻ ഒരാഴ്ചയെങ്കിലും എടുക്കും."
"എന്താണ് കാര്യം... എന്തു പറ്റി എന്റെ മോൾക്ക്?"
"അവൾ ആശുപത്രിയിലാണ്. നല്ല സുഖമില്ല."
"ങേ... ആശുപത്രിയിലോ,
അസുഖമെന്താണെന്ന് വല്ലതും പറഞ്ഞോ?"
"അതൊന്നും പറഞ്ഞില്ല. അവൾക്ക് തീരെ വയ്യ, ഉടനെ വരണമെന്ന് പറഞ്ഞു."
"എന്റെ കർത്താവേ, കൊച്ചിനെ കാത്തോണേ... അവൾക്കൊന്നും വരുത്തരുതേ..."
"നീ കിടന്ന് നിലവിളിക്കാതെ ഇറങ്ങാൻ നോക്ക്."
"എന്തൊക്കെയെടുക്കണമെന്ന് എനിക്കൊന്നുമറിയാൻ മേലേ..."
"ഒന്നു രണ്ട് പാത്രങ്ങളും സ്പൂണും ഫ്ലാസ്ക്കുമൊക്കെ എടുത്തോളൂ."
"ഇപ്പോൾത്തന്നെ ഇറങ്ങാനാണോ? രാത്രിയിൽ വണ്ടിയോടിക്കാൻ നിങ്ങൾക്കു പറ്റുമോ? മലഞ്ചെരിവിലൂടൊക്കെ പോകണ്ടതല്ലേ?"
"അതാണ് ഞാനും ചിന്തിക്കുന്നത്, ആരെയെങ്കിലും വിളിച്ചാലോ?"
"വിളിക്ക് മനുഷ്യാ, അല്ലെങ്കിൽ നേരം വെളുത്തിട്ടു പോയാൽ മതി."
"അതു പറ്റില്ല, ഉടനെ ചെല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാനൊന്നു നോക്കട്ടെ."
ചെറിയാച്ചൻ ഫോണെടുത്ത് പൊന്നച്ചനെ വിളിച്ചു. ഇതുപോലെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ പലപ്പോഴും അവന്റെ സഹായം തേടിയിട്ടുണ്ട്.
"ഹലോ..."
"പൊന്നച്ചനല്ലേടാ, എനിക്ക് നിന്റെയൊരു സഹായം വേണം. ഒന്നിവിടം വരെ വരാൻ പറ്റുമോ?"
"എന്തുപറ്റി അച്ചായാ? അത്യാവശ്യം വല്ലതുമാണോ?"
"കൊച്ചിന് സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞു. അവിടെ വരെയൊന്നു പോകാനായിരുന്നു. രാത്രിയിൽ വണ്ടിയോടിക്കാൻ എനിക്ക് ബുദ്ധിമുട്ടാണെന്ന് നിനക്കറിയാമല്ലോ."
"ഇപ്പോൾത്തന്നെ പോകാനാണോ അച്ചായാ?"
"അതേടാ, നിനക്ക് നാളെ ഓട്ടം വല്ലതുമുണ്ടോ?"
"നാളെ ഇല്ല. മറ്റന്നാൾ ഒരോട്ടമുണ്ട്."
"എന്നാൽ ഞങ്ങളെ അവിടെ കൊണ്ടാക്കിയിട്ട് നീ നാളെത്തന്നെ തിരിച്ചു വന്നോളൂ."
"ശരി അച്ചായാ, പതിനഞ്ചു മിനിറ്റിനകം ഞാൻ അവിടെ എത്തിക്കോളാം."
"ശരിയെടാ, അപ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കാം."
"ഓ.കെ"
"എടീ, പൊന്നച്ചനെ വിളിച്ചിട്ടുണ്ട്. അവനുടനെയെത്തും."
ജോലിക്കാരിയോട് കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഇരുവരും യാത്രയ്ക്ക് തയ്യാറായി.
"എടീ, വീടും തുറന്നിട്ടിട്ട് നീ എങ്ങോട്ടും പൊയ്ക്കളയരുത്... മുൻവശത്തെ കതക് അടച്ചിട്ടിരിക്കണം. ആരു വന്നാലും വാതിൽ തുറന്നു കൊടുക്കരുത്."
"ശരി മുതലാളീ..."
പറഞ്ഞിരുന്ന സമയത്തിനുള്ളിൽ തന്നെ പൊന്നച്ചന്റെ ബൈക്ക് മുറ്റത്തു വന്നുനിന്നു.
മുതലാളി നീട്ടിയ താക്കോൽ വാങ്ങി, സാധനങ്ങൾ എല്ലാം കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ടു ചെയ്തു.
ചെറിയാച്ചനും ഭാര്യയും കയറിയ കാർ ഗേറ്റു കടന്ന് റോഡിലേക്കിറങ്ങി.
(തുടരും)
ഭാഗം 33
മോൾക്ക് എന്തു പറ്റിയതാണ് അച്ചായാ?"
"ഒന്നും വിശദമായി പറഞ്ഞില്ലെടാ, സുഖമില്ലെന്നും ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കയാണെന്നും ഞങ്ങൾ ഉടനെ തിരിക്കണമെന്നും പറഞ്ഞു. ബാക്കിയൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം."
"ഇപ്പോൾ മണി പത്തു കഴിഞ്ഞു; പാതിരാത്രി കഴിഞ്ഞാലേ അവിടെയെത്തുകയുള്ളൂ..."
"മലയിറങ്ങുമ്പോൾ സൂക്ഷിക്കണേ...നല്ല ഇരുട്ടാണ്. തെരുവ് വിളക്കുകൾ പോലുമില്ലാത്ത റോഡിൽക്കൂടിയുള്ള യാത്രയാണ്."
ഇരുവശത്തും റബർ മരങ്ങൾ തിങ്ങിനിറഞ്ഞ തോട്ടങ്ങളുടെ നടുവിൽക്കൂടിയുള്ള വീതി കുറഞ്ഞ റോഡിൽ കൂടി വളരെ പതുക്കെയാണ് വണ്ടി നീങ്ങിക്കൊണ്ടിരുന്നത്.
റബ്ബർ മരങ്ങളെ പിൻത്തള്ളി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ പാതയുടെ ഒരവശത്ത് കുറ്റിക്കാടുകൾ നിറഞ്ഞ കൊക്കകളായിരുന്നു. രാത്രിയായാൽ വന്യമൃഗങ്ങൾ കാടിറങ്ങി പാതയിലൂടെ സഞ്ചരിക്കാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
"ഇത്രയും കൊല്ലത്തിന്നിടയിൽ ആദ്യമായിട്ടാണ് ഇതുവഴി രാത്രിയിൽ ഞാൻ സഞ്ചരിക്കുന്നത്."
"അപകടം പിടിച്ച വഴിയാണിത്. രാത്രിയായാൽ ആരും ഇതുവഴി വരാറില്ല."
"കൊച്ചിന്റെ കാര്യമായതു കൊണ്ടാണ് ഇപ്പോൾത്തന്നെ തിരിക്കാമെന്ന് കരുതിയത്. സാരമില്ലെടാ, തമ്പുരാൻ നമ്മുടെ കൂടെയുണ്ട്. ദേശീയപാതയിൽ ഇറങ്ങിക്കഴിഞ്ഞാൽപ്പിന്നെ പ്രശ്നമില്ല."
"ഞാൻ പതുക്കെയാണ് പോകുന്നത്. ദേശീയപാതയിലെത്താൻ ഇനി ഒരു മണിക്കൂറെങ്കിലും എടുക്കും."
"സമയമെടുത്ത് പതുക്കെ പോയാൽ മതി. ആപത്തൊന്നും ഉണ്ടാവാതെ നോക്കണമല്ലോ."
പിൻസീറ്റിൽ കണ്ണുകളടച്ച് ചാരിക്കിടന്നെങ്കിലും ഗ്രീഷ്മയുടെ അമ്മയ്ക്ക് അല്പം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സു നിറയെ മകളെക്കുറിച്ചുള്ള ആധിയായിരുന്നു. ദേശീയ പാതയിൽ കൂടി സാമാന്യം വേഗതയിൽ ഓടിയിരുന്ന കാർ രണ്ടു മണിക്കു മുമ്പു തന്നെ ആശുപത്രി പരിസരത്തെത്തി.
"തമ്പുരാൻ കാത്തു. പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയല്ലോ..! നീ ഉറങ്ങിപ്പോകുമോ എന്ന് ഭയന്ന് ഞാൻ ഉറങ്ങാതിരിക്കുകയായിരുന്നു. എന്നാൽ ഇടയിൽ അല്പസമയം അറിയാതെ ഞാനൊന്നു മയങ്ങുകയും ചെയ്തു."
"ഇന്നു പകൽ കുറച്ചു നേരം കിടന്നുറങ്ങിയിരുന്നതിനാൽ എനിക്കുറക്കമൊന്നും വന്നില്ല. ഇനി നേരം വെളുക്കുന്നതുവരെ ഉറങ്ങാമല്ലോ. നിങ്ങളെ അവിടെ ആക്കിയിട്ടു ഞാൻ വന്ന് വണ്ടിയിൽ കിടന്നോളാം. വരൂ..."
"എടീ നീ ഉറങ്ങുകയാണോ? സ്ഥലമെത്തി, ഇറങ്ങിക്കേ..."
"എത്തിയോ?"
സാധനങ്ങളുമായി മുൻപേ നടന്ന പൊന്നച്ചനെ അവർ അനുഗമിച്ചു.
"കൊച്ച് കിടക്കുന്നത് എവിടെയാണെന്നറിയാമോ?"
"ആരോടെങ്കിലും ചോദിക്കാം."
റിസപ്ഷൻ കൗണ്ടറിൽ മേശപ്പുറത്ത് തലവച്ചു കിടന്നു മയങ്ങുന്ന സ്റ്റാഫിനെ വിളിച്ചുണർത്തി ചോദിച്ചു:
"കുഞ്ഞേ, ഏതു മുറിയിലാണ് എന്റെ മകൾ കിടക്കുന്നത്?"
"മകളോ? രോഗിയുടെ പേര് എന്താണ്?"
"ഗ്രീഷ്മ ചെറിയാൻ."
"ആ നഴ്സിംങ് സ്റ്റുഡൻന്റ് ആണോ?"
"അതേ മോനേ, ഞങ്ങളുടെ മകളാണ്."
"ആ കുട്ടി ഐ.സി.യുവിലാണുളളത്, രണ്ടാമത്തെ നിലയിലാണ്."
"ഐ.സി.യുവിലോ? എന്താണ് അസുഖം?"
"അറിയില്ല അങ്കിൾ, അവിടെ ഡ്യൂട്ടിയിലുള്ള നഴ്സിനോട് ചോദിച്ചാൽ മതി. വിശദമായി അവർ പറയും."
"എന്റെ കൊച്ചിനെന്താണ് പറ്റിയത്, ചതിച്ചോ കർത്താവേ...."
ലിഫ്റ്റിൽ കയറി ഐ.സി.യു വാർഡിന്റെ മുന്നിലെത്തി. അവിടെ കണ്ട കസേരയിൽ സാധനങ്ങൾ ഒക്കെ വച്ചിട്ട് അവർ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കസേരകളിലൊക്കെ ഇരുന്ന് ചിലർ ഉറങ്ങുന്നുണ്ട്. ഉണർന്നിരിക്കുന്ന ആരേയും അവർ കണ്ടില്ല.
"ഇവിടെയെങ്ങും ആരേയും കാണുന്നില്ലല്ലോ, ആരോടാണ് ഒന്ന് ചോദിക്കുക?"
അവരുടെ നേരേ ഒരു പെൺകുട്ടി നടന്നു വരുന്നത് അവർ കണ്ടു.
"നിങ്ങൾ ഗ്രീഷ്മയുടെ പപ്പയും മമ്മിയും അല്ലേ?"
"അതേ കുഞ്ഞേ, അവളെ അറിയുമോ?"
"അവളുടെ കൂട്ടുകാരിയാണ് ഞാൻ. എന്റെ പേര് നീതു. നിങ്ങൾ എത്തുന്നതും കാത്തിരിക്കുകയായിരുന്നു ഞങ്ങൾ."
"കുട്ടിയുടെ കൂടെ വേറെ ആരെങ്കിലുമുണ്ടോ?"
"അഞ്ജലിയുണ്ട്, അവൾ അവിടെ ഇരിക്കുന്നുണ്ട്. ഉറങ്ങിപ്പോയി."
"മോളേ, ഞങ്ങളുടെ കൊച്ച് എവിടയാണ്, അവൾക്കെന്താണ് പറ്റിയത്?"
"എന്റെ കൂടെ വരൂ..."
അവരേയും കൂട്ടി അവൾ വാതിലന്നരികിൽ ചെന്ന് ബെല്ലടിച്ചു. അല്പസമയത്തിനുള്ളിൽ വാതിൽ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് ചോദ്യഭാവത്തിൽ അവളെ നോക്കി.
"സിസ്റ്റർ, ഇവർ ഗ്രീഷ്മയുടെ പപ്പയും മമ്മിയുമാണ്. അവളെ ഒന്നു കാണിക്കാൻ പറ്റുമോ? ഒത്തിരി ദൂരെ നിന്നുമാണ് ഇവർ വരുന്നത്."
"ഈ സമയത്ത് ആരേയും അകത്തു കയറ്റുവാനുള്ള അനുവാദം ഇല്ല. നേരം വെളുക്കട്ടെ."
സിസ്റ്റർ, അവൾക്കെന്താണ് പറ്റിയത്, ഇപ്പോൾ എങ്ങനെയുണ്ട്?"
"കുളിമുറിയിൽ തലയിടിച്ച് വീണതാണെന്നാണ് പറഞ്ഞത്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ചിലപ്പോൾ തലയോട്ടി തുറന്ന് ഒരു ഓപ്പറേഷൻ ചെയ്യേണ്ടിവരും. നാളെ പത്തുമണി വരെ നോക്കും. അതിനകം ബോധം തെളിഞ്ഞില്ലെങ്കിൽ ഓപ്പറേഷന്റെ കാര്യം തീരുമാനിക്കും. രാവിലെ ഡോക്ടർ വരുമ്പോൾ വിവരങ്ങൾ അറിയിക്കും."
"എന്റെ മോളേ...." ദീനമായ ഒരു നിലവിളിയോടെ താഴെ വീഴാൻ തുടങ്ങിയ ഗ്രീഷ്മയുടെ മമ്മിയെ ചെറിയാച്ചൻ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി."
"ഹൃദയത്തിന് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ കേട്ടാൽ ഇവൾ ഇങ്ങനെയാണ്. തലകറങ്ങി ബോധം കെട്ട് താഴെ വീഴും."
ബോധം മറഞ്ഞ് കസേരയിൽ മയങ്ങിക്കിടക്കുന്ന മോളിക്കുട്ടിയുടെ മുഖത്ത് വെള്ളം കുടഞ്ഞുകൊണ്ട് സിസ്റ്റർ, അവരെ തട്ടിവിളിച്ചു.
"ആന്റീ.... കണ്ണ് തുറക്കൂ...."
മുഖത്ത് വെള്ളം വീണപ്പോൾ കണ്ണുതുറന്ന് അവർ ചാടിയെഴുന്നേറ്റു.
"എന്റെ മോളേ... എനിക്കെന്റെ കൊച്ചിനെ കാണണം. അവളെവിടെയാണ്, ഒന്നു കാണിക്കൂ സിസ്റ്റർ...."
"ബഹളമുണ്ടാക്കാതിരിക്കൂ.... മോളെ കാണിച്ചു തരാം. കണ്ടു കഴിയുമ്പോൾ ഇനിയും ബോധം കെട്ട് വീഴരുത്. പേടിക്കേണ്ട കേട്ടോ, മോൾക്ക് സുഖമാവും. വളരെ വിലകൂടിയ മരുന്നുകളാണ് കൊടുത്തു കൊണ്ടിരിക്കുന്നത്."
"എത്ര പണം വേണമെങ്കിലും ചിലവാക്കാം. മോൾക്ക് സുഖമായാൽ മതി. ഞങ്ങൾക്ക് ഇവൾ മാത്രമേയുള്ളൂ---"
"നിങ്ങൾ വരൂ..."
നഴ്സ് അവരേയും കൂട്ടിക്കൊണ്ട് ഗ്രീഷ്മയുടെ അരികിലെത്തി, അവളെ കാണിച്ചു കൊടുത്തു.
"മോളേ... എന്റെ പൊന്നു മോളേ..."
മകളുടെ ദയനീയമായ കിടപ്പ് കണ്ട് അവരുടെ ഹൃദയം പൊടിഞ്ഞു. നിറഞ്ഞ മിഴികളോടെ അവളുടെ നെറ്റിയിൽ വാത്സല്യപൂർവം തലോടി നിന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ ചെറിയാച്ചൻ പറഞ്ഞു:
"എന്റെ കർത്താവേ, പള്ളിക്കൊരു സ്വർണക്കുരിശു കൊടുത്തേക്കാമേ... ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചു തരണേ..."
"ഇനി നിങ്ങൾ പുറത്ത് പോയി ഇരുന്നോളൂ... വിവരങ്ങൾ അറിയിക്കാം. ഇവിടെ മുറി വല്ലതും ബുക്ക് ചെയ്തിട്ടുണ്ടോ?"
"ഇല്ല സിസ്റ്റർ."
"എങ്കിൽ രാവിലെ തന്നെ ഒരു മുറി ബുക്ക് ചെയ്തോളൂ.."
"ശരി സിസ്റ്റർ."
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറത്തിറങ്ങിയ അവരേയും കാത്ത് പൊന്നച്ചൻ
നിൽക്കുന്നുണ്ടായിരുന്നു. ആകാംക്ഷ നിറഞ്ഞ ഹൃദയത്തോടെ അയാൾ അടുത്തു വന്ന് ചോദിച്ചു:
"മോളെ കണ്ടോ അച്ചായാ, എങ്ങനെയുണ്ട് ഇപ്പോൾ?"
"കണ്ടിട്ട് സഹിക്കാനാവുന്നില്ലെടാ, ഇതുവരെയും ബോധം വീണിട്ടില്ല..."
"എന്തുപറ്റിയതാണ്, ഇങ്ങനെ സംഭവിക്കാൻ?"
"കുളിമുറിയിൽ തലയിടിച്ച് വീണതാണെന്ന്."
"ഇവിടെ ഇങ്ങനെ ഇരിക്കാനാണോ? ഒരു മുറിയെടുത്താലോ?"
"എടുക്കണം. എവിടെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് അന്വേഷിക്കണം."
"അച്ചായൻ ഇവിടെ ഇരിക്കൂ...ഞാൻ പോയി അന്വേഷിച്ചിട്ട് വരാം."
"നീ പോയി കിടന്നോടാ, നേരം വെളുത്തിട്ട് ഞാൻ അന്വേഷിച്ചോളാം."
"ഞാനൊന്ന് പോയിട്ട് വരാം."
എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇരുന്ന ചെറിയാച്ചന്റേയും ഭാര്യയുടേയും അരികിൽ നീതു വന്നിരുന്നു.
"അകത്ത് കയറിയിട്ട് അവളെ കാണാൻ പറ്റിയോ അങ്കിൾ?"
ഒരു നെടുവീർപ്പിട്ടു കൊണ്ട് ചെറിയാച്ചൻ പറഞ്ഞു:
"ചലിക്കാനാവാതെ കിടക്കുന്ന അവളെക്കണ്ട് ഞങ്ങൾ തകർന്നു പോയി കുഞ്ഞേ."
"വിഷമിക്കാതെ അങ്കിൾ, എല്ലാം ശരിയാവും."
കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന മോളിക്കുട്ടിയുടെ നെടുവീർപ്പുകളും തേങ്ങലുകളും ഇടയ്ക്കിടെ ഉയർന്നു കേട്ടു.
അവരുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയാതെ നീതു, അഞ്ജലിയുടെ അരികിൽ പോയിരുന്നു.
(തുടരും)
ഭാഗം 34
മുറിയുടെ കാര്യം അന്വേഷിക്കാൻ പോയിരുന്ന പൊന്നച്ചൻ തിരികെയെത്തി.
"അച്ചായാ, ഒന്ന് വരാമോ? അഡ്വാൻസ് അടച്ചാൽ ഉടൻ തന്നെ ഒരു മുറി കിട്ടിയേക്കും."
"ശരിയെടാ, എങ്കിൽ ഇപ്പോൾത്തന്നെ പൈസ അടയ്ക്കാം. മോളിക്കുട്ടീ നീ ഇവിടെ ഇരിക്ക്, ഞങ്ങൾ പോയിട്ടു വരാം."
"ഉം..."
അഡ്വാൻസ് അടച്ച് അരമണിക്കൂറിനുള്ളിൽ തന്നെ മുറി ശരിയായി കിട്ടി. ഐ.സി.യുവിൽ ഫോൺനമ്പർ കൊടുത്തിട്ട് സാധനങ്ങളുമായി അവർ മുറിയിലേക്ക് പോയി.
"ആ കൊച്ചിനോട് ഒന്ന് പറയണ്ടേ, നമ്മളെ അന്വേഷിച്ചാലോ?"
"ശരിയാണ്, ഞാനത് ഓർത്തില്ല. നീ ഇവിടെ നിൽക്ക്, ഞാൻ പോയി പറഞ്ഞിട്ടു വരാം."
കണ്ണുകൾ അടച്ചിരുന്ന നീതുവിനെ തട്ടിവിളിച്ചിട്ട് ചെറിയാച്ചൻ പറഞ്ഞു:
"മോളേ, ഒരു മുറി ശരിയായി കിട്ടി, ഞങ്ങൾ അങ്ങോട്ടു പോകുകയാണ്. നിങ്ങൾ വരുന്നുണ്ടോ?"
"ഇല്ല അങ്കിൾ, ഞങ്ങളിവിടെ ഇരുന്നോളാം നേരം വെളുത്താലുടനെ തന്നെ ഞങ്ങൾ ഹോസ്റ്റലിലേക്കു പോകും."
"നിങ്ങളെങ്ങനെ പോകും? ഞാൻ കൊണ്ടാക്കണോ?"
"വേണ്ട, രാവിലെ തന്നെ ഞങ്ങളെ കൊണ്ടുപോകാൻ മേട്രൻ വരും."
"ശരി കുഞ്ഞേ... പോകുന്നതിനു മുൻപ് രണ്ടുപേരും കൂടി മുറിയിൽ വരണം. മൂന്നാം നിലയിലാണ് മുറി. നമ്പർ മൂന്നൂറ്റിമൂന്ന്.
"ശരി അങ്കിൾ, മാഡത്തിനേയും കൂട്ടി ഞങ്ങൾ വരാം."
അവർ മുറിയിലെത്തിയപ്പോഴേക്കും സാധനങ്ങളുമായി പൊന്നച്ചൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
"എങ്കിൽ നിങ്ങൾ വിശ്രമിക്കൂ... ഞാൻ പോയി കാറിൽ ഇരിക്കാം."
"എടാ നീ പോകുന്നതിനു മുൻപ് വിളിച്ചു പറയണേ."
"ഞാനിവിടെ വന്നിട്ടേ പോകുകയുള്ളൂ.''
"ഇതാ, ഈ പൈസ നീ കയ്യിൽ വച്ചോളൂ... കണക്കൊക്കെ പിന്നെ പറയാം. പോയിട്ട് ഇനിയും വരണമല്ലോ."
"അതൊന്നും പ്രശ്നമില്ല.."
പൊന്നച്ചൻ പോയിക്കഴിഞ്ഞപ്പോൾ കസേരയിൽ തളർന്നിരിക്കുന്ന മോളിക്കുട്ടിയോട് ചെറിയാച്ചൻ പറഞ്ഞു:
"ഇരുന്നുറങ്ങാതെ കട്ടിൽ പോയി കിടക്കെടീ..."
"ഞാനിവിടെ ഇരുന്നോളാം. എനിക്ക് ഉറക്കമൊന്നും വരില്ല. എന്റെ കൊച്ച് കിടക്കുന്ന കിടപ്പ് കണ്ടില്ലേ? ദൂരെയെങ്ങും വിട്ട് പഠിപ്പിക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ട് നിങ്ങൾ കേട്ടോ? നഴ്സിംഗ് പഠിച്ചിട്ട് ഇപ്പോൾ എന്നാത്തിനാണ്?"
"എടീ, ഈ അവസരത്തിൽ നീയിങ്ങനെ കുറ്റപ്പെടുത്താതെ, ഒരു കുഴപ്പവുമില്ലാതെ അവളെ തിരിച്ചു കിട്ടാൻ തമ്പുരാനോട് പ്രാർത്ഥിക്ക്... ഇനി അതല്ലാതെ യാതൊരു രക്ഷയുമില്ല."
"ഓപ്പറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞത് ശരിയാണോ?"
"അറിയില്ലെടീ, ചീഫ് ഡോക്ടർ രാവിലെ വന്നു കാണുമെന്നല്ലിയോ പറഞ്ഞത്? അപ്പോൾ നമ്മളെ വിളിക്കുമായിരിക്കും."
രോഗിക്ക് കിടക്കാനുള്ള ബെഡ്ഡ് കൂടാതെയുള്ള ചെറിയ കട്ടിലിൽ ചെറിയാച്ചൻ ചരിഞ്ഞു കിടന്നു.
ആറുമണി ആയപ്പോൾ പൊന്നച്ചൻ മുറിയിലേക്ക് വന്നു.
"ഞാൻ പോയി ചായ മേടിച്ചു കൊണ്ടു വരാം. നിങ്ങൾക്ക് കഴിക്കാനെന്താണ് വേണ്ടത്? ഇവിടുത്തെ കാന്റീനിലെ ഭക്ഷണമൊക്കെ നല്ലതാണ്."
"നേരം വെളുത്തോടാ പൊന്നച്ചാ, നിനക്ക് തിരിച്ചു പോകേണ്ടതല്ലേ?"
"അത് സാരമില്ല അച്ചായാ, അല്പം കഴിഞ്ഞാലും കുഴപ്പമില്ല."
രണ്ടു ഫ്ളാസ്ക്കുകളുമായി പൊന്നച്ചൻ പുറത്തേക്കു പോയി.
"എടീ മോളിക്കുട്ടീ... എഴുന്നേൽക്കെടീ... താഴോട്ടു പോകണം."
പ്രഭാതകൃത്യങ്ങൾക്കു ശേഷം മുറി പൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ചായയുമായി പൊന്നച്ചൻ എത്തി.
"ചായ കുടിച്ചിട്ട് പോകാം അച്ചായാ, ഒരു ഫ്ളാസ്ക്കിൽ ചായയും മറ്റേതിൽ കുടിക്കാനുള്ള ചൂടുവെള്ളവും വാങ്ങി. പൊതിയിലുള്ളത് അപ്പവും മുട്ടക്കറിയുമാണ്."
"ആഹാ... എല്ലാം ഇവിടെ കിട്ടുമല്ലോ. നീ പോയി കഴിയുമ്പോൾ പിന്നെ എങ്ങനെയാണ്?"
"നിങ്ങള് പോയി വാങ്ങണം. അല്ലാതെ പിന്നെ..."
മോളിക്കുട്ടിയുടെ അഭിപ്രായം ചെറിയാച്ചന് തീരെ ഇഷ്ടപ്പെട്ടില്ല.
"അതിന്റെ ആവശ്യമില്ല, ഇവിടുത്തെ നഴ്സുമാരോട് പറഞ്ഞാൽ മതി, ആഹാരമെല്ലാം സമയാസമയം മുറിയിൽ കൊണ്ടുത്തരും."
"അതാണ് നല്ലത്, അങ്ങനെ ചെയ്യാം."
രണ്ടു കപ്പുകളിലായി അല്പാല്പം ചായ ഒഴിച്ച് അവർ കുടിച്ചു.
"എങ്കിൽ നീ പോകാൻ നോക്ക്. ഇനി ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി."
"വണ്ടി ഇവിടെ ഇട്ടിട്ട് ഞാൻ ബസ്സിൽ കയറി പൊയ്ക്കോളാം. ഇതാ താക്കോൽ."
"നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ അങ്ങനെ ചെയ്യുന്നതാണ് നല്ലത്. വണ്ടി ഇവിടെ ഉണ്ടെങ്കിൽ എനിക്കും സൗകര്യമാണ്."
"ശരി അച്ചായാ, എന്നാൽപ്പിന്നെ ഞാനിറങ്ങട്ടെ."
"ആയിക്കോട്ടെ."
ചെറിയാച്ചനും ഭാര്യയും മുറി പൂട്ടി, ലിഫ്റ്റിൽ കയറി ഐ.സി.യു വാർഡിന്റെ മുന്നിലിറങ്ങി. അകത്തു കിടക്കുന്ന രോഗികളുടെ ബന്ധുക്കൾ അകത്തു കയറുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ട്.
"അങ്കിൾ..."
നീതുവും അഞ്ജലിയും അവരുടെ മുന്നിലേക്ക് വേഗം നടന്നെത്തി.
"നിങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നോ, ഇതു വരെ പോയില്ലേ?"
"ഇല്ല അങ്കിൾ, മേട്രൻ ഇതുവരെ വന്നില്ല. എത്തിയാലുടൻ ഞങ്ങൾ പോകും. ഇതാണ് അഞ്ജലി."
"ശരി, രാത്രി മുഴുവൻ നിങ്ങളും ഇവിടിരുന്ന് മുഷിഞ്ഞു, അല്ലേ?"
"ഓ... അതൊന്നും സാരമില്ല അങ്കിൾ, ഗ്രീഷ്മയ്ക്കു വേണ്ടിയല്ലേ? നിങ്ങൾ കയറി കാണുന്നില്ലേ?"
"ആ കിടപ്പ് കാണാനുള്ള ശക്തിയൊന്നും ഞങ്ങൾക്കില്ല. എന്നാലും ഒന്നു കയറി കാണണമെന്ന് വിചാരിക്കുന്നു. ഡോക്ടറിനേയും കണ്ട് സംസാരിക്കണം. നിങ്ങൾ വരുന്നുണ്ടോ?"
"ഇല്ല അങ്കിൾ, ഒരുമിച്ച് എല്ലാവരും കൂടി കയറാൻ അനുവദിക്കില്ല. നിങ്ങൾ പോയി കണ്ടിട്ടു വരൂ.''
"അങ്ങനെ ആയിക്കോട്ടെ."
ഐ.സി.യു വാർഡിലെ ഏറ്റവും മൂലയ്ക്കുള്ള ഒരു കാബിനിൽ ആയിരുന്നു ഗ്രീഷ്മയെ കിടത്തിയിരുന്നത്. ഇടനാഴിയിലൂടെ നടന്ന് അവളുടെ അരികിലെത്തിയപ്പോഴേക്കും ഒരു നഴ്സ് വന്ന് അവരെ തടഞ്ഞു.
"ഗ്രീഷ്മയെ കാണാനാണോ? ഡോക്ടേർസ് ഇപ്പോൾ അവിടെയുണ്ട്. നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യൂ... അല്പസമയം കഴിഞ്ഞ് ഞാൻ കൊണ്ടുപോയി കാണിക്കാം."
"സിസ്റ്റർ, അവൾക്കിപ്പോൾ എങ്ങനെയുണ്ട്, ഓപ്പറഷൻ വേണ്ടിവരുമോ?"
"വിവരങ്ങളെല്ലാം വിശദമായി ഡോക്ടർ നിങ്ങളാട് പറയും. ദയവായി അല്പം കാത്തിരിക്കൂ..."
ഡ്യൂട്ടി ഡോക്ടറിന്റെ മുറിയുടെ മുന്നിൽ അവർ കാത്തുനിന്നു. കയ്യിലിരുന്ന കൊന്തയിലെ മണികൾ നീക്കിക്കൊണ്ട് ഗ്രീഷ്മയുടെ അമ്മ മകളുടെ സൗഖ്യത്തിനായി മാതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
"നിങ്ങളാണോ ഗ്രീഷ്മയുടെ പേരന്റ്സ്?" അടുത്തേക്ക് നടന്നുവന്ന ഡോക്ടർ ചോദിച്ചു.
"അതേ ഡോക്ടർ, അവൾക്കിപ്പോൾ എങ്ങനെയുണ്ട്?"
"ഇന്നലെ കൊണ്ടുവന്ന സ്ഥിതിയിൽ നിന്നും അല്പം വ്യത്യാസമുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യേണ്ടതുണ്ട്. രക്തസ്രാവം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സർജറി ഉടനെ ചെയ്തില്ലെങ്കിൽ, കുട്ടിയുടെ നില വഷളാവും. കൺസെന്റ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തിട്ട് കൗണ്ടറിൽ ചെന്ന് പണമടയ്ക്കണം. നഴ്സ് പേപ്പർ തരും. വെയിറ്റ് ചെയ്യൂ..."
"ഡോക്ടർ, ഓപ്പറേഷൻ ചെയ്താലേ അവൾ രക്ഷപ്പെടുകയുള്ളുവെങ്കിൽ എവിടെ വേണമെങ്കിലും ഞാൻ ഒപ്പിട്ടുതരാം. ആകെയുള്ളത് ഇവൾ മാത്രമാണ്. ഞങ്ങൾക്ക് അവളെ വേണം ഡോക്ടർ..."
"നിങ്ങൾ വിഷമിക്കാതിരിക്കു... നിങ്ങളുടെ മകളെ രക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലാണല്ലോ. മുകളിലിരിക്കുന്നവൻ വിചാരിക്കാതെ ഒന്നും നടക്കില്ല. ധൈര്യമായിരിക്കൂ.... ഒന്നും സംഭവിക്കില്ല, നമുക്ക് പ്രാർത്ഥിക്കാം."
നഴ്സ് കൊണ്ടുവന്ന പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.
"ഇനി നിങ്ങൾ പോയി പണമടച്ചിട്ടു വരു... ഇത് ബില്ലാണ്."
"ഞങ്ങൾക്കവളെ ഒന്നു കാണാൻ പറ്റുമോ സിസ്റ്റർ?"
"വരൂ ... പെട്ടെന്നു കണ്ടിട്ടു പോന്നോളൂ.' ഓപ്പറേഷന് പ്രിപ്രയർ ചെയ്യാനുണ്ട്."
ഇന്നലെ കണ്ട അതേ സ്ഥിതിയിൽ തന്നെയാണ് അവൾ കിടക്കുന്നത്. മൂക്കിലും വായിലുമെല്ലാം ട്യൂബുകൾ. അധികം നേരം കണ്ടുനിൽക്കാനാവാതെ നിറഞ്ഞാഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ടവർ പുറത്തിറങ്ങി. മോളിക്കുട്ടിയുടെ തേങ്ങൽ അവിടെ നിന്നവരെയെല്ലാം സങ്കടപ്പെടുത്തി.
നീതുവിനേയും അഞ്ജലിയേയും അവിടെ കാണാതിരുന്നപ്പോൾ അവർ പോയിക്കാണു മെന്നു തന്നെ വിശ്വസിച്ചു.
ഗ്രീഷ്മയുടെ മാതാപിതാക്കളെ കണ്ടിട്ടു പോകാമെന്ന് കരുതി കുറേസമയം കാത്തുനിന്നെങ്കിലും ധൃതിയുണ്ടായിരുന്നതിനാൽ മേട്രൻ അവരേയും കൂട്ടി പോയിരുന്നു.
(തുടരും)
ഭാഗം 35
ചലിക്കാനാവാതെ കിടക്കുന്ന സ്വന്തം മകളെ കണ്ട് അക്ഷരാർത്ഥത്തിൽ ആ ദമ്പതികൾ തകർന്നുപോയി.
"നീ ഇവിടെ ഇരിക്ക്, ഞാൻ പോയി പണമടച്ചിട്ടു വരാം."
"മ്...."
യൂണിഫോം വേഷത്തിൽ തങ്ങളുടെ മുന്നിലേക്ക് നടന്നു വന്ന സർക്കിൾ ഇൻസ്പെക്ടറെ കണ്ട് ചെറിയാച്ചൻ തേങ്ങി.
"ഞങ്ങളുടെ ഗ്രീഷ്മമോൾ, അകത്ത്.... ബോധമില്ലാതെ... കണ്ടുനിൽക്കാൻ പറ്റുന്നില്ലെടാ....നീ ഇന്നലെ വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും സീരിയസ്സാണെന്ന് വിചാരിച്ചില്ല.
"അച്ചായൻ സമാധാനിക്കൂ... അവൾക്കൊന്നും സംഭവിക്കില്ല. നമുക്ക് പ്രാർത്ഥിക്കാം. നിങ്ങൾ ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നോ?"
"മ്... ഉടനെ ഓപ്പറേഷൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. പണം കെട്ടിവയ്ക്കാൻ ഞാൻ പോകാൻ തുടങ്ങുകയായിരുന്നു."
"അച്ചായന്റെ കയ്യിൽ പൈസ ഉണ്ടോ?"
"ഇപ്പോൾ ഒരു ലക്ഷം കെട്ടിവയ്ക്കണം. മുറിയിൽ കാഷ് ഇരിപ്പുണ്ട്. പോയി എടുക്കണം."
"അതിന് മുറി കിട്ടിയോ"
"ഇന്നലെ രാത്രിയിൽ തന്നെ ഒരെണ്ണം കിട്ടി, വലിയ സൗകര്യമൊന്നുമില്ലാത്ത മുറിയാണ്. തൽക്കാലം അതു മതി.
"എങ്കിൽ വരൂ... പണമടയ്ക്കാൻ ഞാനും കൂടിവരാം."
മുറി തുറന്ന് ബാഗിൽ നിന്നും പൈസയെടുത്ത് കൗണ്ടറിൽ കൊണ്ടുപോയി അടച്ചു. റെസിപ്റ്റും വാങ്ങി തിരിച്ചു വന്നപ്പോൾ അലക്സ് പറഞ്ഞു:
"നമ്മുടെ അരുണിനും ആക്സിഡന്റ് പറ്റി ഇവിടെ കിടക്കുകയാണ്. അച്ചായന്റെ മുറിയുടെ അടുത്തു തന്നെയാണ് അരുണും കിടക്കുന്നത്."
"ആ സബ് ഇൻസ്പെക്ടറോ?"
"അതേ, അന്ന് എന്നോടൊപ്പം വീട്ടിൽ വന്നിരുന്ന ആൾ. ഇവരുടെ ഹോസ്റ്റലിൽ പോയിട്ട് തിരിച്ചു വരുന്ന വഴി ഒരുകാരണവുമില്ലാതെ വണ്ടി ചെന്ന് മതിലിൽ ഇടിച്ചു. തല ഇടിച്ചെങ്കിലും ദൈവം സഹായിച്ച് വലിയ പരുക്കുകൾ ഒന്നും ഇല്ല."
"ആഹാ... കഷ്ടമായിപ്പോയല്ലോ..."
"അസ്വഭാവികമായ എന്തൊക്കൊയോ ആ ഹോസ്‌റ്റ്‌ലിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ശാലിനിയുടെ മരണത്തിനു ശേഷം അവിടെ പലരും ആ കുട്ടിയെ കണ്ടിട്ടുണ്ടത്രേ. ഒരു പക്ഷേ ഗ്രീഷ്മയ്ക്കും അതായിരിക്കും സംഭവിച്ചത്. രാത്രിയിൽ ഭയപ്പെടുത്തുന്ന രൂപത്തെ കണ്ട് പേടിച്ച് താഴെ വീണതായിരിക്കാനേ സാധ്യതയുള്ളൂ.''
"എന്നിട്ട് അതൊന്നും നിങ്ങൾ അന്വേഷിച്ചില്ലേ?"
"അന്വേഷണത്തിനിടയിലാണ് അരുണിന് ഇങ്ങനെ സംഭവിച്ചത്. ശാലിനിയുടെ പ്രേതമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ് കുട്ടികൾ പറയുന്നത്."
"വിചിത്രമായ കാര്യങ്ങൾ, വിശ്വസിക്കാൻ തന്നെ പ്രയാസമാണ്."
ഗ്രീഷ്മയുടെ വിവരങ്ങൾ അരുണിനെ ധരിപ്പിക്കാനായി, അലക്സ് മുറിയിലെത്തിയപ്പോൾ ചെറിയാച്ചനും ഒപ്പമുണ്ടായിരുന്നു.
"ഗ്രീഷ്മയുടെ കാര്യം വല്ലാത്ത കഷ്ടായിപ്പോയി. നല്ലതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അച്ചായനും ആന്റിയും ധൈര്യമായിരിക്കൂ..."
"സാറിന് എങ്ങനെയുണ്ട്?"
"എനിക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇന്നല്ലെങ്കിൽ നാളെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. മറ്റന്നാൾ മുതൽ ഡ്യൂട്ടിക്ക് പോകാൻ പറ്റുമെന്ന് കരുതുന്നു."
"തന്റെ ഭാര്യ എവിടെ?"
"അമ്മയും മകളും ഇവിടെ ഉണ്ടായിരുന്നു. ഇന്നു രാവിലെ വീട്ടിലേക്ക് പോയി. മോൾക്ക് സ്ക്കൂൾ ഉണ്ട്."
"ശരി, എങ്കിൽ റെസ്റ്റ് എടുത്തോളൂ... ഗ്രീഷ്മയെ തിയേറ്ററിൽ കൊണ്ടുപോകുന്നതിനു മുൻപായി ചെല്ലണം."
"ആയിക്കോട്ടെ, ഞാൻ വന്ന് കണ്ടോളാം."
രാവിലെ പത്തുമണിക്ക് തുടങ്ങിയ സർജറി, ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് കഴിഞ്ഞത്.
ഓപ്പറേഷൻ വിജയകരമായിരുന്നുവെന്ന് ഡോക്ടറിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ അവർ ആശ്വസിച്ചു. മൂന്നു ദിവസത്തേക്ക് ആരേയും കയറ്റി കാണിക്കുകയില്ലെന്ന് പറഞ്ഞപ്പോൾ സങ്കടമായെങ്കിലും മുറിയിലിരുന്ന് രണ്ടു പേരും അവൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഗ്രീഷ്മയുടെ സർജറി നടക്കുന്നതിനിടയിൽ രണ്ടുമൂന്ന് പ്രാവശ്യം അലക്സ് വന്നിട്ടു പോയി. സർക്കിൾ ഇൻസ്പെക്ടർ അലക്സിന്റെ ബന്ധുക്കൾ എന്ന നിലയിൽ ഗ്രീഷ്യ്ക്കും കൂടെ നിൽക്കുന്നവർക്കും പ്രത്യേക പരിഗണനയും കരുതലും ലഭിച്ചുകൊണ്ടിരുന്നു.
തിരിച്ചു പോകുന്ന വഴി മേട്രനോട് നീതു ചോദിച്ചു:
"മാഡം, ഞങ്ങൾക്ക് രണ്ടു പേർക്കും ഇന്നിനി
രാത്രി ഷിഫ്റ്റിന് പോയാൽ മതിയല്ലോ അല്ലേ?
"അതേ, എല്ലാ വാർഡിലും സ്റ്റാഫിന് ഷോർട്ടേജ് ഉണ്ടെന്നാണ് പറഞ്ഞത്, ഗ്രീഷ്മയുമില്ലല്ലോ."
"ഗ്രീഷ്മയുടെ കാര്യം കഷ്ടമാണ്. ഇതുവരെയും ബോധം വീണിട്ടില്ല. ഓപ്പറേഷനും വേണമെന്ന് പറയുന്നു."
"ഓപ്പറേഷൻ വിജയിച്ചാൽ മതിയായിരുന്നു. അവൾക്ക് പരീക്ഷയെഴുതാനും പറ്റില്ല."
"പരീക്ഷ പിന്നെയും എഴുതാമല്ലോ, എങ്ങനെയെങ്കിലും ജീവൻ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു."
"അവളുടെ പപ്പയുടേയും മമ്മിയുടേയും കരച്ചിൽ കണ്ടാൽ സഹിക്കില്ല മാഡം. ആണും പെണ്ണുമായി അവൾ മാത്രമല്ലേയുള്ളൂ..."
"അവൾ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം."
അഞ്ജലി എത്തിയപ്പോൾ മുറിയിൽ അലീന ഉണ്ടായിരുന്നില്ല.
'അവൾ ഇത്ര നേരത്തേതന്നെ ഡ്യൂട്ടിക്ക് പോയോ? ഏതായാലും നന്നായി. സ്വസ്ഥമായി ഒന്ന് കിടന്നുറങ്ങാൻ പറ്റുമല്ലോ.'
കുളിച്ചു ഡ്രസ്സ് മാറിയിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി മെസ്സിൽ എത്തി. ആരേയും ശ്രദ്ധിക്കാതെ ഭക്ഷണമെടുത്ത് ഒരു ടേബിളിൽ ചെന്നിരുന്നു.
"അഞ്ജലീ, നീ ഇന്നലെ എവിടെയായിരുന്നു?"
മുഖമുയർത്തി നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന അലീനയെ കണ്ട് അമ്പരന്നു.
"നീയെന്താടീ ഇങ്ങനെ തുറിച്ചു നോക്കുന്നത്?"
"നീ ഡ്യൂട്ടിക്ക് പോയിക്കാണുമെന്നാണ് ഞാൻ കരുതിയത്."
"ഞാൻ പോകുകയാണ്. നീ വരുന്നില്ലേ?"
"എനിക്കിന്ന് നൈറ്റ് ഷിഫ്റ്റാണ്."
"ഇന്നലെ രാത്രിയിലും നിനക്ക് ഡ്യൂട്ടിയായിരുന്നോ?"
"ഇന്നലെ ഞാൻ ആശുപത്രിയിലായിരുന്നു."
"എന്നു മുതലാണ് നീ ഗ്രീഷ്മയുടേയും നീതുവിന്റേയും ഫ്രണ്ട് ആയത്?"
"അത് പിന്നെ, ഫ്രണ്ട് ആയതുകൊണ്ടാന്നുമല്ല; മാഡം പറഞ്ഞതു കൊണ്ടാണ് ഞാനും പോയത്."
"അവളിപ്പോൾ വേറൊരു ലോകത്താണല്ലോ. ഈ ലോകത്തെ കാര്യങ്ങളൊന്നുമറിയാതെ അബോധാവസ്ഥയിൽ അങ്ങനെ.. ഒരു നീണ്ട ഉറക്കം.... ഹ ഹ ഹ...."
"അലീനാ, നീ എന്തൊക്കെയാണ് പറയുന്നത്, നിനക്കിതൊക്കെ എങ്ങനെ അറിയാം? മരണത്തോട് മല്ലിടുന്ന ഒരാളെപ്പറ്റി ഇങ്ങനെ യൊന്നും പറയരുത്."
"ഞാനെല്ലാം അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കിയാൽ മതി. മരണത്തിന്റെ സുഖം അവളും അറിയട്ടെ."
"മതിയെടീ, എനിക്കൊന്നും കേൾക്കണ്ട; ഭ്രാന്ത് പറയാതെ പോകാൻ നോക്ക്."
"ഇനിയുള്ള വിവരങ്ങൾ ഞാൻ വന്നിട്ട് പറയാം."
'ഇവൾക്ക് ശരിക്കും വട്ടാണ്. എത്രയും വേഗം ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാവാൻ സാധ്യതയുണ്ട്. ഏതായാലും മാഡത്തിനോട് ഈ വിവരം പറയണം. അവളുടെ പേരന്റ്സിനെ ഇന്നു തന്നെ വരുത്തട്ടെ."
മെസ്സിൽ നിന്നും തിരിച്ചു പോകുന്ന വഴി അലീന പറഞ്ഞ കാര്യങ്ങളൊക്കെ മേട്രനോട് വിവരിച്ചു.
"ഞാനിപ്പോൾത്തന്നെ അവളുടെ പേരന്റ്സിനോട് വരാൻ പറയാം."
"ശരി മാഡം."
രജിസ്റ്റർ നോക്കി അലീനയുടെ വീട്ടിലെ ഫോൺ നമ്പർ ഡയൽ ചെയ്തു.
"ഹലോ ആരാണ്?"
"ഹലോ, അലീനയുടെ ഹോസ്റ്റലിൽ നിന്നും മേട്രനാണ് വിളിക്കുന്നത്."
"അതേയോ, എന്താണ് മാഡം കാര്യം?"
"എത്രയും പെട്ടെന്ന് ഇവിടെ വരെ നിങ്ങളൊന്നു വരണം."
"എന്തു പറ്റി മാഡം, അവൾക്ക് അസുഖം വല്ലതുമാണോ?"
"കുട്ടിക്ക് മാനസികമായി എന്തെങ്കിലും പ്രയാസം ഇതിന് മുൻപ് ഉണ്ടായിരുന്നോ?"
"അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല മാഡം, മാനസികമായും ശാരീരികമായും അവളെന്നും ഒ.കെ ആയിരുന്നു. അവരുടെ എക്സാം അടുത്തു വരികയല്ലേ, ഇനി അതിന്റെ ടെൻഷൻ വല്ലതുമായിരിക്കുമോ?"
"ഏതായാലും നിങ്ങൾ ഉടൻ തന്നെ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി ഒരു സൈക്യാട്രിസ്റ്റിനെ എത്രയും വേഗം
കാണിക്കണം. കുറച്ചുനാളുകളായി അവളുടെ പെരുമാറ്റത്തിൽ ചില പൊരുത്തക്കേടുകളൊക്കെ ഉണ്ട്. അടുത്ത കാലത്ത് മരണപ്പെട്ട ഒരു കുട്ടിയുടെ സ്വഭാവ രീതികൾ അലീനയിൽ പ്രകടമായി കാണുന്നുണ്ട്."
സ്വന്തം മകളെപ്പറ്റി പ്രതീക്ഷിക്കാത്തത് കേട്ടപ്പോൾ ആ അമ്മയുടെ ഹൃദയം തകർന്നു. ഉള്ളിന്റെയുള്ളിൽ നിന്നും അറിയാതെ ഒരു തേങ്ങൽ ഉയർന്നുവന്നു. ആകുലചിന്തകൾ അവരുടെ ഹൃദയത്തെ മഥിക്കാൻ തുടങ്ങി.
(തുടരും)
ഭാഗം 36
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവർ തുടർന്നു.
"മാഡം എന്തൊക്കെയാണ് പറയുന്നത്? ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ ഇപ്പോൾ അവളിലാണ്. അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആയിരുന്നു അവളുടെ ചേച്ചി, ഞങ്ങളുടെ പൊന്നുമകൾ ആര്യ, ഞങ്ങളെ വിട്ടുപോയത്. അതിന്റെ ഷോക്കിൽ നിന്നും മുക്തയാവാൻ, ഒരു കൊല്ലമെടുത്തു. പ്ലസ് ടു കഴിഞ്ഞപ്പോൾ അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ അവളെ നഴ്സിംങിന് വിട്ടത്. ഫൈനൽ പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുന്നതിൽ ഒത്തിരി സങ്കടമുണ്ട്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല."
"നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കാതെ. അച്ഛനേയും അമ്മയേയും കൂടി ഒരുമിച്ച് കാണുമ്പോൾ, എല്ലാം ശരിയാവാനും മതി. ചിലപ്പോൾ അവൾ നിങ്ങളോടൊപ്പം വരാൻ കൂട്ടിക്കിയില്ലെങ്കിലോ എന്ന സംശയവും ഞങ്ങൾക്കുണ്ട്. അവളുടെ സൂപ്പർവൈസറിനോട് പറഞ്ഞ് പത്തുദിവസത്തെ അവധി അനുവദിപ്പിക്കാം. അടുത്ത മാസം മുതൽ സ്‌റ്റഡി ലീവാണ്. വീട്ടിലിരുന്ന് പഠിച്ചാലും മതി."
"ശരി മാഡം, ഞങ്ങൾ ഉച്ചകഴിഞ്ഞ് എത്തിക്കോളാം."
"ആയിക്കോട്ടെ."
ഫോൺ കട്ട് ചെയ്തതിനുശേഷം വാർഡ് ഇൻ ചാർജിനെ വിളിച്ച് സംസാരിച്ചു.. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അവർ ഉടൻ തന്നെ ചികിത്സയ്ക്കു വേണ്ടി അലീനയ്ക്ക് പത്തു ദിവസത്തെ അവധി അനുവദിച്ചു കൊടുത്തു.
കുറേ നാളുകൾക്കുശേഷംകാർഡിയോളജി വിഭാഗത്തിലെ ഓ.പി, അന്ന് രണ്ടുമണിയോടെ കഴിഞ്ഞു. മൂന്നു രോഗികൾ അപ്പോയ്മെന്റ് ക്യാൻസൽ ആക്കിയിരുന്നു. ഡോക്ടർ സാം മാത്യു രണ്ടു വാർഡുകളിലേയും റൗണ്ട്സ് രാവിലെ തന്നെ എടുത്തിരുന്നതിനാൽ, ഇന്നലെ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്ത രോഗിയെ കൂടി കണ്ടിട്ട് വീട്ടിലേക്ക് പോകാമെന്ന് ഡോക്ടർ വിനോദ് വിചാരിച്ചു.
നിശ്ശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ പതിവില്ലാത്ത രീതിയിൽ അതിശൈത്യം അനുഭവപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അവിടെയെങ്ങും കണ്ടതുമില്ല. കസേര വലിച്ചിട്ട് മേശപ്പുറത്തിരുന്ന ഫയലുകൾ തുറന്ന് വായിച്ചുകൊണ്ടിരുന്നു.
"വിനുവേട്ടാ.... " പതിഞ്ഞ ശബ്ദത്തിൽ ആരോ വിളിക്കുന്നത് കേട്ട് അയാൾ തിരിഞ്ഞു നോക്കി. ആരേയും കാണാതിരുന്നതിനാൽ എഴുന്നേറ്റ് ചുറ്റും നോക്കി. ഉള്ളിൽ താലോലിക്കുന്ന ശാലിനിയുടെ ഓർമകളിൽ നിന്നുണ്ടായ തോന്നലാണെന്ന് കരുതി വീണ്ടും ഫയലുകളിൽ കണ്ണോടിച്ചു.
മഞ്ഞിന്റെ തണുപ്പുള്ള നനുത്ത സ്പർശനം തന്റെ കവിളിലും നെറ്റിയിലും അനുഭവപ്പെട്ടു. കൈകളിൽ ആരോ പിടിച്ച് വലിക്കുന്നതു പോലെ തോന്നിയ നിമിഷത്തിൽ യാന്ത്രികമായി പാദങ്ങൾ ചലിച്ചുകൊണ്ടിരുന്നു.
ഡ്യൂട്ടി ഡോക്ടറിന്റെ മുറിയിലെത്തിയതും കതകുകൾ താനേ അടഞ്ഞു. ആരുടേയോ നിയന്ത്രണത്തിൻ കീഴിൽ ചലിക്കുന്ന ഒരു പാവപോലെ അയാൾ അനുസരിച്ചു കൊണ്ടിരുന്നു. കട്ടിലിൽ ഇരുന്ന ഡോക്ടർ വിനോദിന്റെ കാതുകളിൽ വിനുവേട്ടാ... എന്ന വിളിയും തേങ്ങിക്കരച്ചിലുകളും വന്നലയടിച്ചു.
ഐസുപോലെ തണുത്ത വിരലുകൾ തന്റെ ദേഹത്തിലൂടെ ഇഴഞ്ഞു നടക്കുന്നതായി അയാൾക്ക് തോന്നി. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സുഖാനുഭൂതികളുടെ ആനന്ദ നിർവൃതിയിൽ അലിഞ്ഞുചേർന്നങ്ങനെ ഇരുന്നു.
ദേഹം വരിഞ്ഞു മുറുകുന്ന സുഖമുള്ള വേദനയിൽ പാതി മയക്കത്തിലെന്നപോലെ കിടന്നു. ആരുടേയോ ശരീരത്തിന്റെ ഭാരം തന്റെ നെഞ്ചിലമരുന്നതായി തോന്നിയപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു. തന്നോട് ചേർന്നു കിടക്കുന്ന അലീനയെ, കണ്ട് സർവ നാഡികളും തളർന്നു. തന്റെ ദേഹത്തിലൂടിഴയുന്ന അവളുടെ കൈകൾ അയാൾ തട്ടിമാറ്റി. പരിസര ബോധത്തോടെ ചാടിയെണീറ്റ ഡോക്ടർ ക്രുദ്ധനായി അവളെ ശാസിച്ചു.
"എന്താ കുട്ടീ ഈ കാണിക്കുന്നത്? തനിക്ക് ലജ്ജയില്ലേ? എന്റെ അരികിൽ നിന്നും കടന്നുപോകൂ...."
"വിനുവേട്ടാ, ഞാൻ ശാലിനിയാണ്."
"അല്ല.. അല്ല... നീ അലിനയാണ്. എന്റെ ശാലിനി മരിച്ചുപോയി. നിന്നെ എനിക്കിഷ്ടമല്ല... എനിക്ക് വെറുപ്പാണ് നിന്നെ...പോകൂ. ഇവിടെ നിന്നും ദൂരെ പോകൂ..."
ഒരു തേങ്ങലോടെ അവൾ മുറിവിട്ടിറങ്ങി. തിരികെ ഐ സി യു വിലെത്തി രോഗികളെ പരിശോധിച്ചിട്ട് മടങ്ങുമ്പോൾ വാതിലിനരികിൽ നിന്നിരുന്ന അലീന ദയനീയമായി അയാളെ നോക്കിക്കൊണ്ട് പറഞ്ഞു:
"എന്നെ വെറുക്കല്ലേ വിനുവേട്ടാ... ഞാൻ പാവമാണ്."
"നിനക്ക് വട്ടാണ്. ഇനി മേലിൽ എന്റെ കൺമുന്നിൽ വന്നേക്കരുത്."
ശക്തിയോടെ അവളെ തള്ളിമാറ്റിക്കൊണ്ട് വാതിൽ തുറന്ന് അയാൾ പുറത്തിറങ്ങി. ഭയവും ദേഷ്യവും നിഴലിക്കുന്ന മുഖവുമായി ലിഫ്റ്റിന് നേരേ നടക്കുമ്പോൾ എതിരേ വന്ന മറ്റൊരു നഴ്സ് അമ്പരപ്പോടെ ചോദിച്ചു..
"ഡോക്ടർ, ആരോടാണ് ദേഷ്യപ്പെട്ടത്?"
"ഐ.സി.യു വിൽ ഇന്ന് തനിക്കായിരുന്നോ ഡ്യൂട്ടി?"
"ഞാനും അലീനയും. അവൾ അവിടെ ഇല്ലേ?"
"താനെവിടെ പോയിരുന്നു."
"ഫാർമസിയിൽ നിന്നും ഒരു മരുന്നു വാങ്ങാൻ അവൾ എന്നെ പറഞ്ഞയച്ചതാണ്."
"ഓഹോ അതു ശരി..."
"എന്തു പറ്റി ഡോക്ടർ?"
അതിനുത്തരമൊന്നും പറയാതെ അയാൾ ലിഫ്റ്റിൽ കയറി. വീട്ടിൽ ചെന്നിട്ടും ഐ.സി.യുവിൽ വച്ചുണ്ടായ അനുഭവത്തിന്റെ മാസ്മരികലഹരിയിലേക്ക് മനസ്സ് അറിയാതെ ഊർന്നിറങ്ങി. എത്ര നിയന്ത്രിച്ചിട്ടും അതൊന്നും ഓർക്കാതിരിക്കാൻ വിനോദിന് കഴിഞ്ഞില്ല.
'ആ കുട്ടിയിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ശാലിനിയുടെ സ്ഥാനത്ത് കയറിപ്പറ്റാമെന്ന് കരുതിക്കാണും. പക്ഷേ, ശാലിനി വിളിക്കുന്നതു പോലെ തന്നെയാണ് അവളും വിളിച്ചത്.'
അവളുടെ സ്പർശനത്തിന് ഇത്രയും തണുപ്പനുഭവപ്പെട്ടതും അയാളുടെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു.
'ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത ഒരനുഭവം! സാമിനോട് പറഞ്ഞാൽ തനിക്ക് വട്ടാണെന്നേ പറയുകയുള്ളൂ... ശാലിനിയുടെ കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അരുണിനോട് പറഞ്ഞാലും തന്നെ പുച്ഛിക്കും.'
തൽക്കാലം ആരോടും പറയാതെ തന്റെ മനസ്സിൽത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് അയാൾ തീരുമാനിച്ചു. ഇനിയും അവളുടെ മുന്നിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അയാൾ മനസ്സിലുറച്ചു
വൈകിട്ട് നാലുമണിയോടുകൂടി അലീനയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തി.
"പറഞ്ഞ സമയത്തു തന്നെ നിങ്ങൾ എത്തിയല്ലോ. വരൂ... അങ്ങോട്ടിരിക്കാം."
അവരേയും കൂട്ടിക്കൊണ്ട് മേട്രൻ വിസിറ്റേർസ് റൂമിൽ ചെന്നിരുന്നു.
"മാഡം, അവളെ കൊണ്ടുപോകാനാണ് ഞങ്ങൾ എത്തിയത്. ഞങ്ങളോടൊപ്പം അവൾ വരുമല്ലോ അല്ലേ?"
"വരാൻ കൂട്ടാക്കിയില്ലെങ്കിലും എങ്ങനെയെങ്കിലും കൊണ്ടുപോകണം."
"അവൾ മുറിയിലുണ്ടോ?"
"ആശുപത്രിയിൽ നിന്നും വന്നിട്ടില്ല. എത്താറാവുന്നതേയുള്ളൂ.''
"ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം."
"അലീനയുടെ ഫാദർ എന്തു ചെയ്യുന്നു?"
"ഞാനൊരു കട നടത്തുന്നു. ഞങ്ങളുടെ കവലയിൽ തന്നെയാണ്, ഒരു സൂപ്പർ മാർക്കറ്റ്."
"അപ്പോൾ ഏതു നേരവും തിരക്കായിരിക്കുമല്ലോ, അല്ലേ?"
"തിരക്കൊഴിഞ്ഞ സമയം ഇല്ലെന്നു തന്നെ പറയാം. വീട്ടുകാര്യങ്ങളെല്ലാം ഇവൾ തന്നെയാണ് നോക്കുന്നത്."
"എത്രയും പെട്ടെന്നുതന്നെ അലീനയെ നല്ലൊരു സൈക്കിയാട്രിസ്റ്റിനെ കാണിക്കണം. തിരക്കാണെന്ന് പറഞ്ഞ് അവഗണിക്കരുത്. ഒരു മാസം കഴിഞ്ഞാൽ എക്സാം തുടങ്ങും. അതിനു മുൻപ് അവൾ നോർമലായി തിരിച്ചു വരണം."
"ശരി മാഡം."
"നിങ്ങൾ ഇവിടെ ഇരിക്കൂ... ഞാനിതാ വരുന്നു."
ആരേയും ശ്രദ്ധിക്കാതെ കോണിപ്പടികൾ കയറി മുറിയിലേക്ക് പോകുന്ന അലീനയെ മാഡം പിറകിൽ നിന്നും വിളിച്ചു.
"അലീനാ...ഒന്നു നിൽക്കൂ..."
"എന്താണ് മാഡം?"
"തന്റെ പപ്പയും മമ്മിയും വന്നിട്ടുണ്ട്."
"എന്തിന്?"
"തന്നെക്കാണാൻ."
"എന്നെക്കാണാൻ, എന്റെ പപ്പയും മമ്മിയും വന്നിട്ടുണ്ടെന്നോ?"
"അതേ, സംശയമാണെങ്കിൽ ചെന്നുനോക്കൂ."
"എവിടെ അവർ?
"സന്ദർശന മുറിയിൽ വെയ്റ്റ് ചെയ്യുന്നുണ്ട്. വീട്ടിൽ എന്തോ ഒരു വിശേഷം നടക്കുന്നത് കൊണ്ട് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനാണ് വന്നത്."
"അതിന് ഞാനെന്തിന് പോകണം, ഞാൻ പോവില്ല."
അവരുടെ അടുത്തേക്ക് പോകാൻ മടിച്ചുനിന്ന അലീനയോട് മേട്രൻ പറഞ്ഞു:
"കുട്ടിയെ കാത്ത് അവർ എത്രനേരമായി കാത്തിരിക്കുന്നു! അവരുടെ അരികിലേക്ക് ചെല്ലൂ അലീനാ..."
സ്വന്തം മാതാപിതാക്കളെ കണ്ട് അപരിചിതഭാവത്തിൽ അവൾ പറഞ്ഞു
"എനിക്കിവരെ അറിയില്ല, ഇവരല്ല എന്റെ അമ്മയും അച്ഛനും."
"അലീനേ... മോളേ...നിനക്കെന്തുപറ്റി?"
അവളുടെ പെരുമാറ്റത്തിൽ ഹൃദയം തകർന്ന് അവർ പൊട്ടിക്കരഞ്ഞു പോയി. ഇരു കൈകൾ കൊണ്ടും കെട്ടിപ്പിടിക്കാൻ ശ്രമിച്ച അമ്മയിൽ നിന്നും അവൾ അകന്നുമാറി നിന്നു.
(തുടരും)
ഭാഗം 37
"മോളേ... ഞാൻ നിന്റെ അമ്മയാണ്, ഇതാ നിന്റെ അച്ഛനെ കണ്ടില്ലേ? ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ കുഞ്ഞേ..."
"ഞാൻ ആരുടേയും മകളല്ല."
ദേഷ്യഭാവത്തോടെ വെട്ടിത്തിരിഞ്ഞ് പോകാൻ തുടങ്ങിയ അലീനയെ മേട്രൻ തടഞ്ഞുനിർത്തി.
"എന്താണ് കുട്ടീ, ഇങ്ങനെയൊക്കെ പറയുന്നത്?
സ്വന്തം അച്ഛനേയും അമ്മയേയും തിരിച്ചറിയാതിരിക്കാൻ തക്കവണ്ണം
നിനക്കെന്താണ് സംഭവിച്ചത്?"
മേട്രന്റെ വാക്കുകൾ അലീനയെ ചിന്താക്കുഴപ്പത്തിലാക്കി. പെട്ടെന്നുണ്ടായ ആലസ്യത്തിൽ മയങ്ങിവീണ അവളെ അച്ഛനുമമ്മയും താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. അലീനയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും അത്യാവശ്യ സാധനങ്ങളുമെല്ലാം നിറച്ച രണ്ടു ബാഗുകളുമായി അഞ്ജലി എത്തി.
"എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടല്ലോ അഞ്ജലീ?"
"ഉണ്ട് മാഡം."
തണുത്ത വെള്ളം മുഖത്ത് പതിച്ചപ്പോൾ മയക്കത്തിൽ നിന്നുമുണർന്ന അലീന സൗമ്യമായി ചോദിച്ചു:
"ഞാനിത് എവിടെയാണ്, എനിക്കെന്താണ് പറ്റിയത്?"
"ഒന്നുമില്ല മോളേ, നമുക്ക് വീട്ടിൽ പോകാം വരൂ..."
"അമ്മ എപ്പോൾ വന്നു?"
"ഞാൻ മാത്രമല്ല, നിന്റെ അച്ഛനുമുണ്ട്."
"അച്ഛനോ, എവിടെ?"
"ഞാനിവിടെയുണ്ട്, എന്റെ മോൾക്ക് എന്താണ് പറ്റിയത്?"
"എനിക്കറിയില്ലച്ഛാ...ഒന്നും ഓർക്കാൻ കഴിയുന്നില്ല... മനസ്സു നിറയെ പുകച്ചുരുളുകൾ മാത്രം. കഴിഞ്ഞുപോയതൊന്നും ഒട്ടും ഓർമയില്ല. കൺമുന്നിലൂടെ ആരോ ഓടിമറയുന്നതു പോലെ..."
"സാരമില്ല മോളേ, ഒന്നും ഓർക്കണ്ട. വരൂ നമുക്ക് വീട്ടിൽ പോകാം."
"അമ്മേ എനിക്ക് തല വേദനിക്കുന്നു. നല്ല ക്ഷീണവുമുണ്ട്. ഒന്ന് കിടക്കണം."
"ഇതാ ഈ വെള്ളം കുടിക്കൂ അലീനാ..."
"മേട്രൻ നീട്ടിയെ വെള്ളം വാങ്ങിക്കുടിച്ചിട്ട് അവൾ അഞ്ജലിയോട് പറഞ്ഞു:
"അഞ്ജലീ, ഞാൻ വീട്ടിൽ പോയിട്ട് പിന്നെ വരാം."
"ശരിയെടീ, പോയി റെസ്റ്റ് എടുക്കൂ..."
അലീനയുടെ അച്ഛനും അമ്മയും അവളെ താങ്ങിപ്പിടിച്ചുകൊണ്ടുപോയി കാറിലിരുത്തി; കൂടെ അവളുടെ അമ്മയും കയറി. സാധനമെല്ലാം വണ്ടിയുടെ ഡിക്കിയിൽ എടുത്തുവച്ചിട്ട് അവളുടെ അച്ഛൻ വണ്ടി സ്റ്റാർട്ട് ചെയ്തു. കൂടി നിന്നവരെല്ലാം കൈവീശിക്കൊണ്ട് അവരെ യാത്രയാക്കി.
നെടുതായൊന്ന് നിശ്വസിച്ചുകൊണ്ട് മേട്രൻ പറഞ്ഞു:
"അലീനയുടെ പ്രശ്നങ്ങളെല്ലാം മാറി പരീക്ഷയ്ക്ക് മുൻപ് തിരിച്ചെത്തിയാൽ മതിയായിരുന്നു."
"ശരിയാണ് മാഡം. ഞാനും അതാണ് ചിന്തിച്ചത്. അങ്ങനെ വീണ്ടും മുറിയിൽ ഞാൻ തനിച്ചായി."
"അഞ്ജലിക്ക്, തന്നെകിടക്കാൻ പേടിയുണ്ടോ?"
"ഏയ് ഇല്ല മാഡം. ഇന്നെനിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്. ഞാൻ പോയി റെഡിയാവട്ടെ."
"ആയിക്കോട്ടെ. നീതുവിനും പോകണമല്ലോ.. അല്ലേ?"
"അതേ..."
മേട്രന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് അഞ്ജലി മുറിയിലേക്കു പോയത്.
വൈകുന്നേരമായപ്പോൾ അരുണിന്റെ ഭാര്യയേയും മകളേയും കൂട്ടികൊണ്ട് അലക്സ് മുറിയിലേക്ക് കയറിവന്നു.
"ഗുഡ് ഈവനിംഗ് അരുൺ."
"ഗുഡ് ഈവനിംഗ് സാർ, ഇരിക്കൂ."
'പപ്പാ' എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന മകളെ അരുൺ ചേർത്തുനിർത്തി.
"ഇവർ ഇന്നും സാറിനെ ബുദ്ധിമുട്ടിച്ചു, അല്ലേ?"
"ഓ... ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോടോ? ഏതായാലും എനിക്ക് ഇങ്ങോട്ട് വരണമായിരുന്നു."
"എന്തൊക്കെയുണ്ട് സാർ പുതിയ വിശേഷങ്ങൾ, ഇവിടെ കിടക്കുന്നതുകൊണ്ട് ഒന്നും അറിയുന്നില്ല."
"ഗ്രീഷ്മയുടെ സർജറി കഴിഞ്ഞെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും റെസ്പോൺസ് അറിയാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു."
"എന്തായാലും വല്ലാത്തൊരു വീഴ്ചയായിപ്പോയി. കുറച്ചുമുൻപ് ഞാൻ ആ മേട്രനെ ഒന്നു വിളിച്ചിരുന്നു. ശാലിനിയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ആ കുട്ടിയെ ഇന്ന് അവളുടെ മാതാപിതാക്കളെ വരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടെന്ന് അറിയാൻ കഴിഞ്ഞു."
"അതേയോ, അത്രയും ആശ്വാസമായി."
"എനിക്ക് നാളെ വീട്ടിൽ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്."
"മറ്റന്നാൾ ജോയിൻ ചെയ്യുമോ?"
"തീർച്ചയായും."
"രണ്ടു ദിവസം വീട്ടിൽ വിശ്രമിച്ചിട്ട് ജോലിക്ക് പോയാൽ മതി."
അരുണിന്റെ ഭാര്യയുടെ അഭിപ്രായത്തിനോട് അലക്സും യോജിച്ചു.
"എങ്കിൽ അതുമതി. ആവശ്യമില്ലാതെ അവധിയെടുക്കുന്ന ആളല്ലല്ലോ അരുൺ."
"ഇവളങ്ങനെയൊക്കെ പറയും, എനിക്ക് കുഴപ്പമെന്നുമില്ല സാർ."
"താൻ ആലോചിക്ക്, ഞാനിറങ്ങുന്നു. ചെറിയാച്ചനേയും ഒന്ന് കണ്ടിട്ട് പോകണം."
അലക്സ് പോയിക്കഴിഞ്ഞപ്പോൾ അരുൺ ഭാര്യയെ വഴക്കുപറഞ്ഞു.
"ഒരുപാട് ഉത്താവാദിത്വങ്ങൾ ഉള്ള ഒരാളാണ് ഞാൻ. റെസ്‌റ്റാണെന്നും പറഞ്ഞ് വീട്ടിലിരിക്കാനൊന്നും പറ്റില്ല. മറ്റന്നാൾത്തന്നെ ജോയിൻ ചെയ്യണം. നാളെ ഡിസ്ചാർജ് ചെയ്യരുതെന്ന് ഡോക്ടറോടെങ്ങാനും പറഞ്ഞാൽ, എന്റെ സ്വഭാവം നീയറിയും."
"എന്താണെന്നു വച്ചാൽ ആയിക്കോ; ഇച്ചായന്റെ നല്ലതിന് വേണ്ടിയാണ് ഞാനീ പറയുന്നത്. അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ഇവിടെ ആര് കേൾക്കാനാണ്?"
"ശരി ശരി, എന്റെ നന്മയ്ക്കുവേണ്ടിയാണ് നീ ചിന്തിക്കുന്നതെന്നറിയാം. ഇനി നമുക്ക് വീട്ടിൽ ചെന്നിട്ട് ആലോചിക്കാം. കഴിക്കാൻ എന്താണ് നീ കൊണ്ടുവന്നിരിക്കുന്നത്?"
"ചപ്പാത്തിയും പനീർ കറിയും. ഇപ്പോൾ കഴിക്കുന്നുണ്ടോ?"
"നല്ല വിശപ്പുണ്ട്. എടുത്തു വയ്ക്ക്."
"അമ്മേ, എനിക്കും വിശക്കുന്നു."
"എങ്കിൽ നീയും കഴിച്ചോളൂ..."
എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നൈറ്റ് ഡ്യൂട്ടിയ്ക്ക് എത്തിയ നഴ്സ് വിശേഷം തിരക്കാനായി വന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ നാളെ മിക്കവാറും ഡിസ്ചാർജ് ആയിരിക്കുമെന്ന് അവർ സൂചിപ്പിക്കുകയും ചെയ്തു.
വാതിലിൽ മുട്ടുന്നത് കേട്ട് ചെറിയാച്ചൻ പറഞ്ഞു:
"എടീ കതക് തുറക്ക്, ആരോ വിളിക്കുന്നു."
"ഉം..."
മുറിയിലേക്ക് കയറിവരുന്ന അലക്സിനെ കണ്ട് ചെറിയാച്ചൻ കട്ടിലിൽ എണീറ്റിരുന്നു.
"അച്ചായൻ കിടക്കുകയായിരുന്നോ? നിങ്ങൾ ഭക്ഷണം കഴിച്ചോ?"
"ഇല്ല കൊണ്ടുവരാറാവുന്നതേയുള്ളൂ.''
"ഗ്രീഷ്മയ്ക്ക് എങ്ങനെയുണ്ടെന്ന് വല്ലതും അറിഞ്ഞോ?"
"മൂന്നു ദിവസം കഴിയാതെ നമ്മളെ കാണിക്കുകയില്ലല്ലോ. കൊച്ചിന് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ലെന്നാണ് വൈകുന്നേരം ചെന്നപ്പോൾ നഴ്സ് പറഞ്ഞത്. ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമോടാ?"
"സമാധാനമായിരിക്കൂ... അച്ചായാ, നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല."
മോളിക്കുട്ടിയിൽ നിന്നുമുയർന്ന തേങ്ങൽ കേട്ട് രണ്ടുപേരും തിരിഞ്ഞുനോക്കി.
"ഊണുമില്ല, ഉറക്കവുമില്ല, എപ്പോഴും കരച്ചിലാണ്."
"ഇങ്ങനെ വിഷമിക്കാതെ ചേടത്തീ, ഗ്രീഷ്മയ്ക്ക് ഒന്നും സംഭവിക്കില്ല. അവൾക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. തീർച്ചയായും ഈ കണ്ണുനീരൊക്കെ ദൈവം കാണാതിരിക്കില്ല."
അലക്സിന്റെ ആശ്വാസ വാക്കുകൾ അവരുടെ മനസ്സിനെ അല്പമൊന്ന് തണുപ്പിച്ചെങ്കിലും ഉള്ളിൽ ദുഃഖത്തിന്റെ കനൽ എരിഞ്ഞുകൊണ്ടിരുന്നു. ആരോ ഫോണിൽ വിളിക്കുന്നത് കേട്ട് ചെറിയാച്ചൻ ധൃതിയിൽ കോളെടുത്തു.
"ഹലോ... ഗ്രീഷ്മയുടെ ഫാദറല്ലേ?"
"അതേ, മോള് കണ്ണുതുറന്നോ സിസ്റ്റർ?"
"ഇല്ല, അത്യാവശ്യമായി ഒരു മരുന്ന് വാങ്ങിത്തരണമായിരുന്നു. ഒന്നു വരാമോ?"
"ഉടനെ വരാം സിസ്റ്റർ."
"എന്താ... എന്തു പറ്റി, മോൾക്ക് ബോധം വീണോ?'"
ഉദ്വേഗം നിറഞ്ഞ മനസ്സോടെ മോളിക്കുട്ടി ചോദിച്ചു.
"ഇല്ലെടീ, നീയൊന്നു പെപ്രാളപ്പെടാതെ."
"അച്ചായാ, എന്താണ് അവർ പറഞ്ഞത്?"
"അത്യാവശ്യമായി ഒരു മരുന്ന് വാങ്ങിക്കൊണ്ടുക്കൊടുക്കണമെന്ന്. നീ വരുന്നുണ്ടോ? ഞാൻ അങ്ങോട്ടു പോവുകയാണ്."
"ഞാനും വരാം, ചേടത്തി ഇവിടെ ഇരുന്നാൽ മതി."
ഗ്രീഷ്മയുടെ ഫാദറിനോടൊപ്പം സർക്കിൾ ഇൻസ്പെക്ടർ അലക്സിനെ കണ്ട് ഭവ്യതയോടെ നഴ്സ് പറഞ്ഞു:
"സാറും ഉണ്ടായിരുന്നോ? ഇതാ, ഈ മരുന്നാണ് വാങ്ങേണ്ടത്. ഉടനെ ഇൻജക്റ്റ്
ചെയ്യാനുള്ളതാണ്. പെട്ടെന്ന് വരണം."
"ഇത് എന്തിനുളള മരുന്നാണ് സിസ്റ്റർ?"
"അത് ഡോക്ടറിനോട് ചോദിക്കണം. ഈ മരുന്ന് കുത്തിവച്ചാൽ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വ്യത്യാസം ഉണ്ടാകുമെന്നാണ് ഡോക്ടർസ് പറയുനത്. എല്ലാവർക്കും നല്ല പ്രതീക്ഷയുണ്ട്. വില അല്പം കൂടുതലാണെങ്കിലും വാങ്ങണം കേട്ടോ... ഇവിടുത്തെ ഫാർമസിയിൽ കിട്ടാൻ വഴിയില്ല. എങ്കിലും എവിടെ കിട്ടുമെന്ന് അവർ പറഞ്ഞുതരും."
"ശരി സിസ്റ്റർ."
മരുന്നിന്റെ കുറിപ്പും വാങ്ങി അവർ താഴെയെത്തി. ഫാർമസിയിൽ അന്വേഷിച്ചപ്പോൾ, ടൗണിലുള്ള ലൈഫ് ഫാമർസിയിൽ കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു.
(തുടരും)
ഭാഗം 38
മരുന്നിന്റെ കുറിപ്പുമായി അലക്സിനോടൊപ്പം ഐ.സി.യുവിന്റെ പുറത്തിറങ്ങിയപ്പോൾ ചെറിയാച്ചൻ പറഞ്ഞു: "എടാ, ഞാൻ മുറിയിൽ പോയി വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ടുവരട്ടെ, നീ വരുന്നുണ്ടോ അതോ പോകുകയാണോ?"
"എന്റെ വണ്ടിയിൽ കയറൂ, നമുക്ക് പോയി വാങ്ങിയിട്ട് വരാം. സന്ധ്യ കഴിഞ്ഞില്ലേ, കടയൊക്കെ കണ്ടുപിടിക്കാൻ അച്ചായൻ പ്രയാസപ്പെടും."
"അതല്ല, നിന്നെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്ന് ഞാൻ കരുതി."
"ഓ... ഇതൊന്നും ഒരു ബുദ്ധിമുട്ടായി ഞാൻ കാണുന്നില്ല. ഒരു ജീവൻ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ? എത്രയും വേഗം ഗ്രീഷ്മ പഴയതു പോലെ ആയാൽ മതിയായിരുന്നു."
പത്തുമിനിട്ടിനുള്ളിൽ അവർ ഫാർമസിയിൽ എത്തി. മരുന്നിന്റെ കുറിപ്പ് കൊടുത്തിട്ട് കാത്തു നിന്നു.
"ഈ മരുന്ന് ഇവിടെയുണ്ട്, പക്ഷേ അല്പം വിലക്കൂടുതലാണ്. എടുക്കട്ടെ?"
"എടുത്തോളൂ... എത്രയും പെട്ടെന്ന് അതവിടെ എത്തിക്കാനാനുള്ളതാണ്."
"അച്ചായന്റെ കയ്യിൽ പൈസയുണ്ടോ?"
"ഭാഗ്യത്തിന് ഞാൻ പേഴ്സ് എടുത്തിട്ടുണ്ട്."
"ഇതാ ബിൽ, പൈസ അവിടെ കൗണ്ടറിൽ അടച്ചിട്ടു വരൂ."
"ശരി."
ബില്ല് വാങ്ങി അലക്സ് വായിച്ചു.
"രണ്ടായിരം രൂപ."
"സാരമില്ലെടാ, എനിക്കുള്ളതിന്റെയെല്ലാം ഒരേ ഒരവകാശിയാണ് അവിടെ കണ്ണാടിമുറിക്കുള്ളിൽ സ്വന്തം ജീവനുമായി മല്ലടിച്ചു കൊണ്ടിരിക്കുന്നത്."
"മ്..."
മരുന്നുമായി തിരിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ അലക്സ് ചോദിച്ചു:
"ഞാനിനി പൊക്കോട്ടേ അച്ചായാ? നേരം
ഒരുപാടായി. നാളെ വരാം. നാളെ എനിക്ക് കോടതിയിൽ പോകാനുണ്ട്. വരുമ്പോൾ വൈകും."
"ശരിയെടാ, സൗകര്യം പോലെ വന്നാൽ മതി. ഞാനീ മരുന്ന് കൊണ്ടുപോയി കൊടുക്കട്ടെ."
"ആയിക്കോട്ടെ."
വിറയ്ക്കുന്ന കൈകളോടെ, മരുന്ന് നഴ്സിനെ ഏൽപ്പിക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ...
'എന്റെ തമ്പുരാനേ, ഞങ്ങടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചു തരണേ...'
ചെറിയാച്ചൻ തിരികെ മുറിയിൽ എത്തിയപ്പോൾ കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടുവച്ചത്, അതേപടി തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
"നീയെന്താടി മോളിക്കുട്ടീ, ഒന്നും കഴിക്കാതിരുന്നത്?"
"നിങ്ങളും കൂടി വരട്ടെയെന്ന് വിചാരിച്ചു. അവർ പറഞ്ഞ മരുന്ന് വാങ്ങിക്കൊടുത്തോ?
"ടൗണിൽ പോയി വാങ്ങിക്കൊണ്ടുവന്ന് അവിടെ കൊടുത്തു. അലക്സിന്റെ വണ്ടിയിലാണ് പോയത്."
"അതേതായാലും നന്നായി."
നീതുവും അഞ്ജലിയും നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുമ്പോൾ, വണ്ടി പാർക്ക്ചെയ്തിട്ട് നടന്നുവരുന്ന ഡോക്ടർ വിനോദിനെ കണ്ടു.
"ഗുഡ്മോർണിംഗ് ഡോക്ടർ."
"ഗുഡ്മോർണിംഗ്, എന്തൊക്കെയുണ്ട്
വിശേഷങ്ങൾ?"
"ഗ്രീഷ്മയ്ക്ക് അപകടം പറ്റിയ കാര്യം ഡോക്ടർ അറിഞ്ഞിരുന്നോ?"
"ഞാൻ അറിഞ്ഞിരുന്നു. ഇപ്പോൾ എങ്ങനെയുണ്ട്?"
"ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇന്നലെ ഒരു സർജറിയൊക്കെ കഴിഞ്ഞെങ്കിലും കണ്ടീഷൻ ഗുരുതരമായിത്തന്നെ തുടരുകയാണ്. അവൾക്കൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു."
"ഗ്രീഷ്മയ്ക്ക് അപകടം പറ്റിയത് എങ്ങനെയായിരുന്നു?
"ശരിക്കും എന്താണ് സംഭവിച്ചത് എന്നറിയില്ല. കറണ്ട് പോയ സമയത്ത് ബോധമില്ലാതെ കുളിമുറിയിൽ വീണുകിടക്കുന്നതാണ് ഞാൻ കണ്ടത്."
"മ്...എന്നിട്ടെന്താണ് ഇവിടെ കൊണ്ടു വരാതിരുന്നത്?"
"ന്യൂറോളജി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അതാണല്ലോ."
"ഏതായാലും ഞാൻ അന്വേഷിക്കാം. അവിടുത്തെ ന്യൂറോ സർജനെ എനിക്കറിയാം."
"താങ്ക്യൂ ഡോക്ടർ."
"നിങ്ങളുടെ എക്സാം എന്നാണ്?"
"ഇനി ഒരു മാസം കൂടിയുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ സ്റ്റഡിലീവും തുടങ്ങും."
"ശാലിനിയും ഗ്രീഷ്മയും ഫൈനൽ പരീക്ഷ എഴുതാനില്ലല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമമുണ്ട്.. അലീന അതിനുമുൻപ് തിരിച്ചു വരുമോയെന്നും അറിയില്ല."
"അലീനയോ, ആ കുട്ടി എവിടെപ്പോയി? ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നല്ലോ."
"കുറച്ചു നാളുകളായി അവളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ശാലിനിയുടെ ഭാവങ്ങളും പെരുമാറ്റരീതികളുമൊക്കെ അവൾ അനുകരിച്ചുകൊണ്ടിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ രീതിയിലുള്ള പ്രശ്നങ്ങൾ അവൾ ഹോസ്റ്റലിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. പല രാത്രികളിലും പ്രതികാരദാഹിയെപ്പോലെ, ഗ്രീഷ്മയെ കൊല്ലാൻ അവൾ ശ്രമിക്കുകയും ചെയ്തു."
"എന്നിട്ട്?"
"അവളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം ഇന്നലെ അവളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കാനും മേട്ടൻ പറഞ്ഞു. ചികിത്സ കഴിഞ്ഞ് പരീക്ഷയ്ക്ക് മുൻപ് വരുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
"ഇങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ട് പോലീസിനെ അറിയിച്ചിരുന്നോ?"
"അരുൺ സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, രണ്ടു ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തിനും അപകടമുണ്ടായി."
"ഇൻസ്പെക്ടർക്ക് എന്തു പറ്റി?"
"എല്ലാ വിവരങ്ങളും അറിഞ്ഞതിനുശേഷം ഹോസ്‌റ്റലിൽ നിന്നും തിരിച്ചുപോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ വണ്ടി ഒരു കാരണവുമില്ലാതെ മതിലിൽ ചെന്നിടിച്ചു."
"ആരോ മന:പൂർവം ചെയ്യിക്കുന്നതു പോലെ തോന്നി."
അഞ്ജലിയെ പിൻതാങ്ങി നീതു പറഞ്ഞു.
"എന്നിട്ട് ഇൻസ്പെക്ടറിന് എന്തെങ്കിലും പറ്റിയോ?"
"ഗുരുതരമായ പരുക്കുകൾ ഒന്നുമില്ല. അദ്ദേഹവും അതേ ആശുപത്രിയിൽത്തന്നെ അഡ്മിറ്റാണ്."
"ഡോക്ടർ സൂക്ഷിക്കണം, ശാലിനിയുടെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടെന്നാണ് സംസാരം."
"നടക്കട്ടെ, നമുക്ക് നോക്കാം..."
"ശരി ഡോക്ടർ, ഞങ്ങൾ പോകുന്നു."
നീതുവും അഞ്ജലിയും പറഞ്ഞ കാര്യങ്ങൾ ഡോക്ടർ വിനോദിനെ ചിന്താകുലനാക്കി.
അലീന പോയെന്ന് കേട്ടപ്പോൾ ഉള്ളിന്റെയുളളിൽ ആശ്വാസം തോന്നി. ഡോക്ടർ സാം അവധിയെടുത്തതിനാൽ വാർഡിലും ഐ.സി.യു വിലുമെല്ലാം വിനോദിന് റൗണ്ട്സ് എടുക്കണമായിരുന്നു. ഇന്നലത്തെ അനുഭവം ഇന്നുണ്ടാവില്ലല്ലോ എന്നോർത്ത് അയാൾ സമാധാനിക്കുകയും ചെയ്തു.
കണ്ണാടിയിൽക്കൂടി ഒരനക്കവുമില്ലാതെ കിടക്കുന്ന മകളെ നോക്കിക്കൊണ്ടു നിന്ന ഗ്രീഷ്മയുടെ പപ്പയുടേയും മമ്മിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. പ്രാർത്ഥനകളും നെടുവീർപ്പുകളുമായി അവർ സമയം തള്ളിനീക്കി.
പരിശോധനയ്ക്കായി ഡോക്ടർ എത്തിയപ്പോൾ അരുൺ ചോദിച്ചു:
"എനിക്കിന്ന് പോകാമല്ലോ അല്ലേ?"
"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലോ അല്ലേ?"
"ഇല്ല ഡോക്ടർ, കുഴപ്പമൊന്നുമില്ല."
"എങ്കിൽ ഡിസ്ചാർജ് എഴുതിയേക്കാം. ഫോർമാലിറ്റീസ് ഒക്കെ സിസ്റ്റർ പറയും."
"താങ്ക്യൂ ഡോക്ടർ."
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു നഴ്സ് ബില്ലുമായെത്തി.
"ബില്ലടച്ചിട്ടു വരുമ്പോൾ മറ്റു പേപ്പറുകളൊക്കെ തരാം."
"ശരി സിസ്റ്റർ."
ബില്ല് വാങ്ങി അരുൺ വായിച്ചു.
"എല്ലാം കൂടി ഇരുപതിനായിരം രൂപയായി. നീ പോയി അടച്ചിട്ടു വരൂ..."
"എന്റെ ബാഗിൽ ആകെ പതിനായിരം രൂപയേ ഉള്ളൂ... എന്തു ചെയ്യും?"
"നിന്റെ ബാങ്കിലെ കാർഡ് ഇല്ലേ? അത് കൊടുത്തു സെറ്റിൽ ചെയ്യൂ.."
"ഓ.കെ, ഞാൻ പോയിട്ട് വരാം. എങ്ങനെയാണ് നമ്മൾ പോവുക, ടാക്സി വിളിക്കണ്ടേ?"
"അത് വിളിക്കാം, നീ പോയിട്ടു വരൂ.''
അവൾ പോയതിനു ശേഷം പരിചയമുള്ള ഒരു ടാക്സിക്കാരനെ വിളിച്ച് അരുൺ ഏർപ്പാടാക്കി.
ഷീലയേയും മകളേയും കൂട്ടി ചെറിയാച്ചന്റെ മുറിയിൽ ചെന്നു.
"ആഹാ... അരുൺസാറോ? എല്ലാവരും ഉണ്ടല്ലോ."
"ഇതെന്റെ ഭാര്യയും മകളുമാണ്."
"മനസ്സിലായി. മോളിക്കുട്ടീ, നീ ഓർക്കുന്നില്ലേ? അലക്സിനോടൊപ്പം അന്ന് വീട്ടിൽ വന്ന അരുൺസാറാണ്."
"എനിക്ക് മനസ്സിലായി. ഇരിക്കൂ.''
"വേണ്ട ആന്റീ, എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുകയാണ്. നിങ്ങളെ കണ്ട് പറഞ്ഞിട്ടു പോകാമെന്ന് കരുതി."
"ഉം..."
"പരിചയപ്പെട്ടതിൽ സന്തോഷം. മോൾക്കിപ്പോൾ എങ്ങനെയുണ്ട്?"
"ഒന്നും പറയാറായിട്ടില്ല."
"മകൾ വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ?"
"ആയിക്കോട്ടെ."
അരമണിക്കൂറിനകം സാധനങ്ങളുമായി താഴെ യെത്തിയ അവരെ കാത്ത് ടാക്സി ഡ്രൈവർ പുറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു.
"താൻ വന്നിട്ട് കുറേ നേരമായോ?"
"ഇല്ല സാർ, വന്നിട്ട് പത്തുമിനിറ്റായി."
"ശരി, എങ്കിൽ പോകാം."
സാധനങ്ങൾ വാങ്ങി കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അയാൾ വണ്ടി സ്റ്റാർട്ടുചെയ്തു.
"ഇച്ചായാ, നമ്മൾ പോവുകയാണെന്ന് അലക്സ് സാറിനെ വിളിച്ചു പറഞ്ഞില്ലല്ലോ." ഷീല സാമാന്യ മര്യാദയോടെ ചോദിച്ചു.
"സാറിനിന്ന് കേസും കോടതിയുമൊക്കെയായി നല്ല തിരക്കാണ്. വീട്ടിലെത്തിയിട്ട് സാവധാനം വിളിച്ചു പറയാം."
"ശരി."
അവർ കയറിയ ടാക്സികാർ ആശുപത്രിയുടെ ഗേറ്റ് കടന്ന് അരുണിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
(തുടരും)
ഭാഗം 39
പരിശോധന കഴിഞ്ഞ് ഓരോ രോഗികളുടേയും റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഡ്യൂട്ടിയിലുള്ള നഴ്സ് ഓടിവന്ന് പറഞ്ഞു:
"ഡോക്ടർ വേഗം വരൂ, ഗ്രീഷ്മ കണ്ണുതുറന്നു. വലതുകയ്യും വലതുകാലും ചെറുതായി അനക്കുന്നുമുണ്ട്."
ഒരു സന്തോഷവർത്തമാനം കേട്ട ആവേശത്തിൽ ഡോക്ടർ എഴുന്നേറ്റ് ഓടി ഗ്രീഷ്മയുടെ അരികിലെത്തി.
"എങ്ങനെയുണ്ട് ഗ്രീഷ്മാ, ഞങ്ങളെയൊക്കെ കാണാൻ പറ്റുന്നുണ്ടോ?"
കണ്ണുകൾ തുറന്ന് എല്ലാവരേയും തുറിച്ചു നോക്കിക്കിടന്നതല്ലാതെ അവളുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും കാണാൻ കഴിഞ്ഞില്ല.
ഡോക്ടർ ടോർച്ചടിച്ച് അവളുടെ കണ്ണുകൾ പരിശോധിച്ചിട്ട് പറഞ്ഞു:
"പ്യൂപ്പിൾ റിയാക്ട് ചെയ്യുന്നതിനാൽ നല്ല പ്രോഗ്രസ്സ് ഉണ്ടെന്നു വേണം കരുതാൻ. എന്തായാലും പുതിയ മരുന്ന് റെസ്പോണ്ട് ചെയ്യുന്നുണ്ട്. കാഴ്ചശക്തിയും കേൾവിശക്തിയുമൊക്കെ എത്രത്തോളം ഉണ്ടെന്നറിയണം. സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെടാതിരുന്നാൽ മതിയായിരുന്നു."
"ഡോക്ടർ, വലതുവശം മാത്രമല്ലേ ചലിക്കുന്നുള്ളൂ? അപ്പോൾ ഇടതുവശം പാരലൈസ്ഡ് ആയിക്കാണുമോ?"
"ഏതായാലും രണ്ടുദിവസം കൂടി നന്നായി നിരീക്ഷിക്കണം. അപ്പപ്പോൾ ഉള്ള വ്യത്യാസങ്ങൾ എന്നെ അറിയിക്കണം. ആ മരുന്ന് തന്നെ മൂന്നു ഡോസു കൂടി കൊടുക്കാൻ എഴുതിയിട്ടുണ്ട്. തീർന്നെങ്കിൽ ഇനിയും മേടിപ്പിക്കണം. ഇപ്പോഴുള്ള ട്രിപ്പ് തീർന്നാൽ അത് തന്നെ ഒന്നുകൂടി ഇടണം. ഫ്‌ളോ വളരെ പതുക്കെ മതി.."
"ശരി ഡോക്ടർ."
"ആ കുട്ടിയുടെ മാതാപിതാക്കളെ വിളിപ്പിക്കുകയാണെങ്കിൽ വിവരം പറയാമായിരുന്നു. അവർക്കും സന്തോഷമാവും."
"അവർ പുറത്തുതന്നെ ഇരിപ്പുണ്ട് ഡോക്ടർ. അകത്തോട്ട് വിളിക്കട്ടേ?"
"ശരി."
"ഗ്രീഷ്മയുടെ കൂടെയുള്ളവരെ ഡോക്ടർ വിളിക്കുന്നു."
കേട്ടപാടെ ചെറിയാനും ഭാര്യയും ഓടിവന്നു.
"നിങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നോ?"
"അതേ സിസ്റ്റർ, കൊച്ചിന്റെ കിടപ്പു കണ്ടിട്ട് മുറിയിലേക്ക് പോകാൻ തോന്നിയില്ല."
"എന്റെ കൂടെ വരൂ... നിങ്ങളെ ഡോക്ടർ വിളിക്കുന്നു."
രണ്ടു മിനിറ്റിനകം ഗ്രീഷ്മയുടെ പപ്പയും മമ്മിയും ഡോക്ടറുടെ മുന്നിലെത്തി, ഭവ്യതയോടെ നിന്നു.
"ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചെന്ന് പറഞ്ഞു."
"രണ്ടുപേരും ഇരിക്കൂ..."
"കാര്യമെന്താണ് ഡോക്ർ, മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
"അതു പറയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്. നിങ്ങളുടെ കണ്ണുനീർ ഈശ്വരൻ കണ്ടിരിക്കുന്നു. ഗ്രീഷ്മ കണ്ണുതുറന്നു. കൈയും കാലുമൊക്കെ ചെറുതായി അനക്കുകയും ചെയ്തു."
സന്തോഷവർത്തമാനം കേട്ട് ചെറിയാച്ചന്റേയും മോളിക്കുട്ടിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.
"ഉള്ളതാണോ ഡോക്ടർ, എന്റെ തമ്പുരാനേ...നീ ഞങ്ങളെ കൈവിട്ടില്ലല്ലോ." കണ്ണുകൾ തുടച്ചുകൊണ്ട് ചെറിയാച്ചൻ പറഞ്ഞു.
"പക്ഷേ, ഞങ്ങൾ ചോദിച്ചതിനൊന്നും അവൾ മറുപടി പറഞ്ഞില്ല. ഇടതുവശം ചലിപ്പിക്കുന്ന നുമില്ല. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നുള്ളത് രണ്ടുദിവസങ്ങൾ കൂടി കഴിഞ്ഞാലേ അറിയാൻ കഴിയുകയുള്ളൂ... ഇന്നലെ വാങ്ങിയ മരുന്ന് രണ്ടു പായ്ക്കറ്റുകൾ കൂടി ഇനിയും വാങ്ങണം."
"അത് പ്രശ്നമില്ല, ഇപ്പോൾത്തന്നെ വാങ്ങി ക്കൊണ്ടുവരാം ഡോക്ടർ."
"ശരി, പ്രാർത്ഥന മുടക്കണ്ട കേട്ടോ. മനുഷ്യന് അസാദ്ധ്യമായിട്ടുള്ളത് ദൈവത്തിന് തീർച്ചയായും സാധിക്കുമെന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത്."
"അതേ ഡോക്ടർ, ഞങ്ങൾക്ക് അവളെയൊന്ന് കാണാൻ സാധിക്കുമോ?"
"സിസ്റ്റർ, ഇവരെ കൂട്ടിക്കൊണ്ടു പോയി മകളെ ഒന്ന് കാണിച്ചു പകൊടുക്കൂ."
"വളരെ ഉപകാരം ഡോക്ടർ."
ആകാംക്ഷാഭരിതരായി നഴ്സിനോടൊപ്പം നടന്നു ചെന്ന് അവർ ഗ്രീഷ്മയുടെ കിടയ്ക്കക്കരികിൽ എത്തി. കണ്ണടച്ചു കിടക്കുന്ന അവളുടെ നെറുകയിൽ തലോടിക്കൊണ്ട് മോളിക്കുട്ടി സ്നേഹത്തോടെ വിളിച്ചു:
"മോളേ... കണ്ണുതുറന്ന് മമ്മിയേയും പപ്പയേയും ഒന്ന് നോക്ക് മോളേ..."
തേങ്ങലുകൾ ഉള്ളിലടക്കി മോളിക്കുട്ടി വാത്സല്യത്തോടെ മകളെ വിളിച്ചു. കണ്ണുകൾ തുറന്ന് അവരെ നോക്കിയെങ്കിലും മുഖത്ത് നിറഞ്ഞുനിന്ന അപരിചിതഭാവം അവരെ ആകുലരാക്കി.
"അവൾക്ക് നമ്മളെ മനസ്സിലാകുന്നില്ലെന്നാണ് തോന്നുന്നത്." ഹൃദയ വേദനയോടെ അവളുടെ അമ്മ പറഞ്ഞു.
ചെറിയാച്ചൻ അവളുടെ വിരലുകൾ ഗ്രഹിച്ച് മൃദുവായി തലോടി.
"എന്റെ കൊച്ചിന് പപ്പയെ മനസ്സിലായില്ലേ? എന്തെങ്കിലും പറയൂ മോളേ..."
തന്റെ വിരലുകളിൽ അവളുടെ വലതുകൈ പിടിമുറുക്കുന്നത് അയാളറിഞ്ഞു.
തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് വിളിച്ചു പറഞ്ഞു:
"ദാ നോക്ക്, അവളെന്നെ തിരിച്ചറിഞ്ഞു; എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചതു കണ്ടോ?"
"എന്നെയും മനസ്സിലായി, അവളെന്നെ നോക്കി ചിരിക്കുന്നത് കണ്ടോ?"
"ഉള്ളിൽ ബോധമുണ്ട്. ഒന്നും മിണ്ടാൻ പറ്റുന്നില്ലെന്ന് തോന്നുന്നു... സാരമില്ല, ഇത്രയും ആയില്ലേ? ഇനിയെല്ലാം ശരിയായിക്കൊള്ളും. എങ്കിൽ നിങ്ങളിനി മുറിയിലേക്ക് പൊക്കോളൂ.''
"ശരി സിസ്റ്റർ, മരുന്നു വാങ്ങണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു."
"മരുന്നിന്റെ കുറിപ്പെടുത്തു തരാം. വൈകിട്ടെത്തിച്ചാലും മതി."
"ശരി സിസ്റ്റർ."
മരുന്നിന്റെ കുറിപ്പും വാങ്ങി പുറത്തിറങ്ങിയ അവർ മുറിയിലേക്ക് പോയി.
"ഞാൻ പോയി മരുന്ന് വാങ്ങിക്കൊണ്ടുവരാം. കതകടച്ചേര്."
"മ്..."
വണ്ടിയുടെ ചാവിയും പേഴ്സും എടുത്തു കൊണ്ട് ചെറിയാച്ചൻ നടന്നുനീങ്ങി.
മരുന്ന് വാങ്ങി ഐ.സി.യുവിൽ കൊടുത്തിട്ട് ചെറിയാച്ചൻ മുറിയിലെത്തിയപ്പോൾ പന്ത്രണ്ട് മണിയായി.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയാച്ചൻ പറഞ്ഞു:
"വീട്ടിൽ നിന്നും ഇറങ്ങിയിട്ട് എത്ര ദിവസങ്ങളായി? തോട്ടത്തിലെ കാര്യങ്ങളൊക്കെ ആകെ കുഴഞ്ഞുമറിഞ്ഞു കാണും."
"ഒരേയൊരു കൊച്ചുള്ളത് ഇങ്ങനെ കിടക്കുമ്പോഴാണോ മനുഷ്യാ, റബ്ബറിന്റെ കാര്യം ചിന്തിക്കുന്നത്?"
"കൊണ്ടു വന്ന പൈസ തീരാറായി. ഞാനൊന്ന് പോയിട്ടു വന്നാലോ?"
"അയ്യോ അതു വേണ്ട, തനിയെ ഇവിടെ കഴിയാൻ എനിക്ക് പേടിയാണ്."
"ഇത് ആശുപത്രിയാണ്. ഇവിടെ എന്തിനാണ് പേടിക്കുന്നത്?"
"ഇനിയും മരുന്ന് വല്ലതും വേണമെങ്കിൽ ഞാനെന്തു ചെയ്യും?"
"ഇനി ഒന്നും വേണ്ടിവരില്ല. ഏതായാലും വീട്ടിലോട്ടൊന്ന് വിളിക്കട്ടെ."
ഊണു കഴിഞ്ഞ് കൈകഴുകിയിട്ട്
വീട്ടിലെ ഫോണിലോട്ട് വിളിച്ചു.
ഹലോ... മുതലാളിയും കൊച്ചമ്മയും ഇവിടില്ല."
"എടീ, ഇത് ഞാനാണ്."
"അയ്യോ... മുതലാളി ആയിരുന്നോ, മോൾക്ക് സുഖമായോ?"
"മോൾ സുഖംപ്രാപിച്ചു വരുന്നു. എടീ, അവിടെയെന്തുണ്ട് വിശേഷം, ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ?"
"ആരൊക്കെയോ വിളിച്ചു. മുതലാളി ഇവിടില്ലെന്ന് പറഞ്ഞപ്പോൾ എന്നാണ് വരുന്നതെന്ന് ചോദിച്ചു."
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"അറിയില്ലെന്ന് പറഞ്ഞു. സോളമനെ അത്യാവശ്യമായി വിളിക്കണമെന്ന് മുതലാളിയോട് പറയണമെന്ന് പറഞ്ഞു."
"ശരി, അവനെ വിളിച്ചോളാം. വേറെ ആരെങ്കിലും ഞങ്ങളെ കാണാൻ വന്നിരുന്നോ?"
"ഒരാൾ വന്നിരുന്നു. പക്ഷേ, ഞാൻ ഗേറ്റ് തുറന്നില്ല. നിങ്ങൾ ഇവിടെ ഇല്ലെന്ന് വിളിച്ചു പറഞ്ഞു. അയാൾ തിരിച്ചുപോയി."
"ഉം... ശരി, എങ്കിൽ നീ വച്ചോ..."
എസ്റ്റേറ്റിലെ സൂപ്പർവൈസറാണ് സോളമൻ.
'എന്നെ അങ്ങോട്ട് കാണാത്തതുകൊണ്ടായിരിക്കും അവൻ വിളിച്ചത്. എന്തായാലും ഒന്ന് വിളിച്ചുനോക്കാം.'
മൊബൈൽനമ്പർ കണ്ടുപിടിച്ച് അവനെ വിളിച്ചു.
"ഹലോ മുതലാളീ, ഇതെവിടെയാണ്?"
"എടാ, ഞങ്ങൾ സ്ഥലത്തില്ല. നീ വിളിച്ചിരുന്നുവെന്ന് അറിഞ്ഞു. എന്താടാ വിശേഷം, കാര്യങ്ങളൊക്കെ നന്നായി നടക്കുന്നില്ലേ?"
"രണ്ടു ദിവസം കൊണ്ട് നല്ല മഴയായതിനാൽ വെട്ടു നടക്കുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതിരുന്നതിനാൽ തൊഴിലാളികളൊക്കെ വലിയ ദുരിതത്തിലാണ്."
"എവിടെനിന്നെങ്കിലും മറിച്ച് നീ അവരുടെ ശമ്പളം കൊടുക്കാൻ നോക്ക്. ഞാൻ വരുമ്പോൾ തന്നേക്കാം. അടുത്ത ആഴ്ചയിൽ എനിക്ക് വരാൻ പറ്റുമെന്നാണ് തോന്നുന്നത്."
"ശരി മുതലാളീ... ശമ്പളം കൊടുക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ."
"നീ വിചാരിച്ചാൽ അതൊക്കെ പറ്റും. വിവരങ്ങൾ ഈ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി. എങ്കിൽ ശരി."
"ഓ.കെ, ശ്രമിക്കാം."
ഫോൺ വച്ചുകഴിഞ്ഞ് ചെറിയാച്ചൻ, ഭാര്യയോട് പറഞ്ഞു:
"നാട്ടിലൊന്ന് പോയിവന്നാലോ മോളിക്കുട്ടീ? തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുത്തിട്ടില്ല."
"അതെല്ലാം സോളമനെ പറഞ്ഞേൽപ്പിച്ചില്ലേ, ഇനിയെന്തിനാണ് പോകുന്നത്?"
"കൊച്ചിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബില്ലടയ്ക്കാൻ പൈസ വേണ്ടേ?"
"അതിനിനിയും ദിവസങ്ങൾ ഉണ്ടല്ലോ. എന്നത്തേക്ക് വീട്ടിൽ പോകാമെന്ന് ഒരു നിശ്ചയവുമില്ല. അവളുടെ കണ്ണൊന്നുതുറന്ന് കാണാൻ പറ്റിയതുതന്നെ ആശ്വാസം."
"എടീ, പഴയതുപോലെ അവളെ നമുക്കിനി തിരിച്ചു കിട്ടുമോ? എനിക്ക് സംശയമാണ്."
"കിട്ടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. അറിഞ്ഞുകൊണ്ട് ഇതുവരെ ആർക്കും ഒരുപദ്രവവും നമ്മൾ ചെയ്തിട്ടില്ലല്ലോ."
"അതുതന്നെയാണ് എന്റെ വിശ്വാസവും. എങ്കിലും തമ്പുരാൻ കനിയണം."
"അവളിനി സംസാരിക്കുമോ, എണീറ്റു നടക്കുമോ എന്നൊന്നും എനിക്കറിയില്ല.
നെടുവീർപ്പുകളുടെ ഇടവേളകളിൽ, പരസ്പരം ഹൃദയനൊമ്പരം പങ്കുവച്ച് ഇരുവരും മുഖത്തോടുമുഖം നോക്കി കിടന്നു.
(തുടരും)
ഭാഗം 41
ആകുലചിന്തകളിൽ കുരുങ്ങി മോളിക്കുട്ടിയുടെ ഹൃദയം അസ്വസ്ഥമാവാൻ തുടങ്ങി.
"ഇനി രണ്ടുദിവസങ്ങൾ തനിയേ ഇവിടെ കഴിയണം. വീട്ടിലാണെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. ഒരുപാട് നാളുകൾ ഒറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്താണെന്നറിയില്ല, വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. അത്യാവശ്യം ആയതു കൊണ്ടല്ലേ, പോയിട്ടുവരട്ടെ.'
ഉച്ചഭക്ഷണം കഴിഞ്ഞ് അല്പമൊന്നു മയങ്ങിപ്പോയി. കതകിൽ ആരോ തുടർച്ചയായി മുട്ടുന്നതു കേട്ട് മോളിക്കുട്ടി എണീറ്റുപോയി വാതിൽ തുറന്നു.
ഗ്രീഷ്മയുടെ കൂട്ടുകാരി നീതുവിനോടൊപ്പം പരിചയമില്ലാത്ത ഒരു സ്ത്രീയും മുറിയിലേക്ക് കയറിവന്നു.
"കുട്ടിയായിരുന്നോ? ഇതാരാണെന്ന് മനസ്സിലായില്ലല്ലോ മോളേ..."
"ഇതാണ് ഞങ്ങളുടെ മേട്രൻ. അന്നു വന്നപ്പോൾ കാണാൻ പറ്റിയില്ല."
"നിങ്ങൾ ഇരിക്കൂ. അവിടുന്ന് ആരേയും ഇങ്ങോട്ടു കണ്ടില്ലല്ലോ എന്ന് ഇന്നലെയും ഞങ്ങൾ പറഞ്ഞു."
"വരണമെന്ന് എല്ലാ ദിവസവും വിചാരിക്കും. സമയം കിട്ടണ്ടേ? അലക്കൊഴിഞ്ഞിട്ടു നേരമില്ലെന്ന് പറഞ്ഞതു പോലെയാണ്."
"ഗ്രീഷ്മക്കിപ്പോൾ എങ്ങനെയുണ്ട് ആന്റീ?"
"കണ്ണുതുറന്ന് യാതൊരു ഭാവഭേദവുമില്ലാതെ കിടക്കുന്നു. ഒന്നും സംസാരിക്കുന്നില്ല. ഞങ്ങളെ മനസ്സിലാവുന്നുണ്ട്."
"അങ്കിൾ എവിടെ?"
"ഇന്ന് രാവിലെ വീട്ടിലോട്ടൊന്ന് പോയി. നാളെ തിരിച്ചുവരും."
"നിങ്ങളുടെ പരീക്ഷയൊക്കെ അടുത്തല്ലോ. പഠിത്തമൊക്കെ നടക്കുന്നുണ്ടോ?"
"ഇല്ല ആന്റീ, തുടങ്ങണം. സ്‌റ്റഡിലീവ് ആയാലേ പഠിക്കാനൊരു മൂഡ് ഉള്ളൂ..."
"ഞങ്ങളുടെ മോൾക്ക് എന്തായാലും ഇനി പരീക്ഷയെഴുതാനൊന്നും പറ്റില്ല. എണീറ്റു നടക്കാനെങ്കിലും ഒന്ന് സാധിച്ചിരുന്നെങ്കിൽ, അവളേയും കൊണ്ട് ഞങ്ങൾ വീട്ടിൽ പോയേനേ."
"അതൊക്കെ നടക്കും ആന്റീ, ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്."
"ഒരു വാക്കൊന്ന് മിണ്ടിക്കേൾക്കാൻ കൊതിയാവുന്നു."
"ഗ്രീഷ്മയുടെ തുണികളും സാധനങ്ങളും മറ്റും ഹോസ്റ്റലിലെ അവളുടെ മുറിയിലുണ്ട്. അതൊക്കെ പായ്ക്ക് ചെയ്ത് ഇങ്ങോട്ടു കൊണ്ടുവരട്ടെയെന്ന് ചോദിക്കാനും കൂടിയാണ് ഞങ്ങൾ വന്നത്."
"എല്ലാം കൂടി വയ്ക്കാൻ ഇവിടെ സ്ഥലമുണ്ടാവുമോ? ഞങ്ങൾ വീട്ടിലേക്ക് പോകുന്ന ദിവസം അവിടെ നിന്നെടുത്തോളാം. പായ്ക്ക് ചെയ്ത് അവിടെ വച്ചിരുന്നാൽ മതി."
"ഏതു സമയത്താണ് അവിടെ കയറി ഗ്രീഷ്മയെ കാണാൻ പറ്റുന്നത്?"
"ഇനി ഇപ്പോൾ വൈകിട്ടേ അകത്ത് കയറ്റുകയുള്ളൂ."
"ഞങ്ങൾ ഒന്നുപോയി ചോദിച്ചുനോക്കട്ടെ. അനുവദിക്കുകയാണെങ്കിൽ കയറിക്കാണും. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ആന്റീ, പിന്നെ വരാം."
"ആയിക്കോട്ടെ."
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മോളിക്കുട്ടിക്ക് സങ്കടമായി.
'തന്റെ മകൾക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ അവൾക്കും പരീക്ഷ എഴുതാൻ സാധിക്കുമായിരുന്നു. എന്തു ചെയ്യാനാണ്, കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ?'
വൈകുന്നേരമായപ്പോൾ മകളെ കാണാനായി മോളിക്കുട്ടി ഐ.സി.യു വിലേക്ക് പോയി.
"മമ്മിയാണ് മോളേ. മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
മമ്മിയെ നോക്കിക്കിടന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല. ചുറ്റുപാടും ആരെയോ തിരയുന്നതുപോലെ അവൾ നോക്കിക്കൊണ്ടിരുന്നു.
"മോള് പപ്പയെയാണോ നോക്കുന്നത്? അത്യാവശ്യമായി വീടുവരെ ഒന്നുപോയിരിക്കുകയാണ്. നാളെ വരും."
"മോൾക്ക് വിശക്കുന്നുണ്ടോ? കുടിക്കാൻ എന്തെങ്കിലും വേണോ?"
വേണമെന്നോ വേണ്ടെന്നോ പറയാതെ അവൾ തലയാട്ടി, അവിടേക്ക് വന്ന ഒരു നഴ്സിനോട് അവർ ചോദിച്ചു:
"സിസ്റ്റർ, ഇവൾക്ക് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും കൊടുക്കാമോ?"
"ഡോക്ടറിനോട് ചോദിച്ചിട്ട് പറയാം. ഏതായാലും അല്പം ചായയോ കാപ്പിയോ വാങ്ങിക്കൊണ്ടുവരണം. ഞങ്ങൾ പറഞ്ഞിട്ടു മതി കേട്ടോ..."
"ശരി സിസ്റ്റർ. അല്പം വെള്ളമെങ്കിലും കൊടുക്കണ്ടേ? കൊച്ചിന്റെ ചുണ്ടൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു."
"വെള്ളമൊക്കെ ഞങ്ങൾ തൊട്ടുകൊടുക്കുന്നുണ്ട്. ഇന്ന് ഗ്രീഷ്മയുടെ പപ്പയെ കണ്ടില്ലല്ലോ...എവിടെപ്പോയി?"
"മോളുടെ പപ്പ അത്യാവശ്യമായി വീടുവരെ പോയി. നാളെ ഇങ്ങെത്തും."
"ആണോ?"
ഡോക്ടർ അവിടേക്ക് വരുന്നത് കണ്ടപ്പോൾ അവർ അവിടെ നിന്നും മാറിനിന്നു.
"സിസ്റ്റർ, ഈ കുട്ടിയുടെ എം.ആർ.ഐ സ്കാൻ ഒന്നുകൂടി എടുക്കണം. അതിനുള്ള ഏർപ്പാടുകൾ ഉടനെ ചെയ്യണം. ഞാൻ എഴുതിത്തരാം."
"ശരി ഡോക്ടർ.."
ഇതു കേട്ടുകൊണ്ട് മോളിക്കുട്ടി പുറത്തേക്കിറങ്ങി, അവിടെ കണ്ട ഒരു കസേരയിൽ തളർന്നിരുന്നു.
പത്തുമിനിറ്റിനുള്ളിൽ ഗ്രീഷ്മയെ കിടത്തിയിരുന്ന കട്ടിലും ഉരുട്ടിക്കൊണ്ട് രണ്ട് നഴ്സുമാർ സ്കാനിംഗ് മുറിയിലേക്ക് പോയി.
"കർത്താവേ, എന്റെ കൊച്ചിനോട് കരുണ തോന്നണമേ... ഒരുപാട് സഹിക്കുന്നുണ്ട്. അവളെ നോർമലാക്കി തിരിച്ചു തരണേ തമ്പുരാനേ..."
ചിന്തകളുടെ കൊടുമുടിയിൽ കയറിയിറങ്ങിയതിനാൽ പരിസരം മറന്ന് അവർ അവിടെ ഇരുന്നു.
"സ്കാനിംഗ് കഴിഞ്ഞ് കൊച്ചിനെ തിരിച്ചു കൊണ്ടുവരുന്നത് കണ്ടില്ലല്ലോ. എന്തുപറ്റിയോ എന്തോ?"
"ഗ്രീഷ്മയുടെ കൂടെയുള്ളവരെ ഡോക്ടർ വിളിക്കുന്നു."
"എന്താണ് സിസ്റ്റർ, അവളെ തിരിച്ചുകൊണ്ടു വന്നോ?"
"കൊണ്ടുവന്നല്ലോ, ഡോക്ടർ വിളിക്കുന്നു. അകത്തേക്ക് വരൂ..."
"ഡോക്ടർ, ഗ്രീഷ്മയുടെ അമ്മ വന്നിട്ടുണ്ട്."
"വരൂ... നിങ്ങൾ ഒറ്റയ്ക്കേ ഉള്ളോ? ആ കുട്ടിയുടെ ഫാദർ എവിടെ?"
"അത്യാവശ്യമായി വീട്ടിലോട്ടൊന്ന് പോയിരിക്കുകയാണ്. നാളെയേ വരികയുള്ളൂ"
"ഒരു കാര്യം പറയാനാണ് ഞാൻ വിളിപ്പിച്ചത്. ഗ്രീഷ്മയുടെ സ്കാനിംഗ് റിപ്പോർട്ടിൽ കുറച്ച് കുഴപ്പങ്ങൾ ഉണ്ട്. എമർജൻസിയായിട്ട് ഒരു ഓപ്പറേഷൻ കൂടി ചെയ്യണം. നാളെ രാവിലെ എട്ടുമണിക്ക് സർജറി ഫിക്സ് ചെയ്യുകയാണ്."
"ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ഡോക്ടർ? അതിയാനും ഇവിടെയില്ല."
"ഭർത്താവിനെ വേഗം വിവരം അറിയിക്കണം. രാവിലെ എട്ടുമണിക്ക് മുൻപായി ഇവിടെയെത്താൻ പറയണം."
"ശരി ഡോക്ടർ, ഞാൻ പറയാം."
നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് മോളിക്കുട്ടി മുറിയിലേക്ക് പോയി. ചെറിയാച്ചൻ എഴുതിക്കൊടുത്ത നമ്പരും എടുത്തുകൊണ്ട് നഴ്സിംഗ് മുറിയിലേക്ക് നടന്നു.
"മോളേ, ഇതിലെ നമ്പറിൽ ഒന്നു വിളിച്ചു തരുമോ? അത്യാവശ്യമാണ്. എന്റെ കയ്യിൽ ഫോണില്ല. അതുകൊണ്ടാണ്."
"ഇതിലുള്ള ഏതു നമ്പരിലാണ് വിളിക്കേണ്ടത് ആന്റീ?"
"ആദ്യം എഴുതിയിരിക്കുന്നത് വിളിച്ചാൽ മതി."
"ഓ.കെ."
"ഇതാ ആന്റീ, ബെല്ലടിക്കുന്നുണ്ട്. സംസാരിച്ചോളൂ..."
"ശരി മോളേ..."
"ഹലോ ആരാണ്?"
"ഇത് ഞാനാണ്. നിങ്ങളോട് പോകണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ മനുഷ്യാ...എന്നിട്ട് കേട്ടില്ലല്ലോ..."
"എന്താടീ, എന്തു പറ്റി? നീ കാര്യം പറയൂ..."
"നിങ്ങൾ ഉടൻതന്നെ മടങ്ങി വരണം. കൊച്ചിന് ഒരു ഓപ്പറേഷൻ കൂടി വേണമെന്ന് പറയുന്നു. രാവിലെ എട്ടുമണിക്കാണ് ചെയ്യുന്നത്. ഇന്ന് സ്കാനിംഗ് ചെയ്തപ്പോൾ, റിപ്പോർട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു."
"ആണോടീ... നീ ടെൻഷനടിക്കാതെ, ഞാൻ ഉടൻ തന്നെ തിരിക്കാം. അലക്സിനോടും വിവരം പറയാം. ഞാൻ എസ്റ്റേറ്റിൽ പോയി കാര്യങ്ങളെല്ലാം സെറ്റിലാക്കിയിട്ട് വീട്ടിലോട്ട് വന്നതേയുള്ളൂ."
"ശരി, അന്നത്തെപ്പോലെ ആ പൊന്നച്ചനേയും കൂട്ടിക്കോ. രാത്രിയിൽ നിങ്ങളിനി വണ്ടി ഓടിക്കണ്ട."
"അവനെ വിളിച്ചു നോക്കട്ടെ, നീ സമാധാനിക്ക്."
"പിന്നേ, പള്ളിയിൽ കയറി മാതാവിന് മെഴുകുതിരിയും കത്തിച്ച് നേർച്ചയുമിട്ടിട്ട് വരണേ."
"ശരി."
ഫോൺ വച്ചതിനു ശേഷം അലക്സിനെ വിളിച്ച് വിവരം പറഞ്ഞിട്ട് ചെറിയാച്ചൻ പൊന്നച്ചനെ വിളിച്ചു.
"ഹലോ..."
"എടാ പൊന്നച്ചാ, ഇത് ഞാനാണ്. നീ അത്യാവശ്യമായി വീടുവരെ ഒന്നുവരാമോ?"
"അച്ചായൻ വീട്ടിലുണ്ടോ, എല്ലാവരും എത്തിയോ?"
"ഇല്ലെടാ, കുറച്ച് പൈസയുടെ ആവശ്യം വന്നതു കൊണ്ട് ഞാൻ ഇന്നിങ്ങോട്ടു വന്നതാണ്. രാത്രിയിൽത്തന്നെ തിരിച്ചു പോകണം. നിനക്ക് വരാൻ പറ്റുമോ?"
"ഒരു ഓട്ടം കഴിഞ്ഞ് വന്നതേയുള്ളൂ... സാരമില്ല, ഞാൻ വരാം. ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്താം."
"ശരിയെടാ..."
മോളിക്കുട്ടി പറഞ്ഞതനുസരിച്ച് കൊണ്ടുപോകാനുള്ള തുണികളും സാധനങ്ങളുമൊക്കെ എടുത്ത് ബാഗിലാക്കിയിട്ടി പോകാനുള്ള ഒരുക്കങ്ങൾ നടത്തി.
(തുടരും)
ഭാഗം 42
മുതലാളീ, രാത്രിയിൽ കഴിക്കാൻ എന്താണുണ്ടാക്കേണ്ടത്, കഞ്ഞി മതിയോ?"
"ഒന്നും വേണ്ടെടീ, ഞാൻ ഉടനെ തിരിച്ചു പോകുകയാണ്. നീയീ തുണികളൊക്കെ അലക്കിയിട്ടേക്കണേ."
"എന്താണ് മുതലാളീ, ഉടനെ തിരിച്ചു പോകുന്നത്? ഗ്രീഷ്മക്കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്?"
"കൊച്ചിന് നാളെ ഒരു ഓപ്പറേഷൻ കൂടിയുണ്ട്."
"അയ്യോ... ഇതുവരെ ഭേദമായില്ലേ, മോളേയും കൊണ്ട് വന്നതാണെന്നാണ് ഞാൻ ആദ്യം കരുതിയത്."
"ഉം... നീ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്. കഴിച്ചിട്ടു പോകാം."
"ശരി മുതലാളീ..."
ഒരുമണിക്കൂറിനുള്ളിൽ പപ്പടവും പൊരിച്ച് ചൂടുകഞ്ഞിയും പയറുതോരനും മേശപ്പുറത്ത് കൊണ്ടുവച്ചു. കഞ്ഞി കുടിച്ചുകഴിഞ്ഞ് എണീറ്റപ്പോഴേയ്ക്കും പൊന്നച്ചനുമെത്തി.
വണ്ടിയുടെ താക്കോൽ അവനെ ഏല്പിച്ചിട്ട് പറഞ്ഞു:
"എടാ ഈ ബാഗ് വണ്ടിയിലോട്ട് വച്ചേര്."
വാതിലും ഗേറ്റുമൊക്കെ ഭദ്രമായി അടയ്ക്കാൻ ജോലിക്കാരിക്ക് നിർദ്ദേശം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി.
"എന്നാൽ പോകാമെടാ..."
"ശരി, ഇനിയൊന്നും എടുക്കാൻ ഇല്ലല്ലോ അല്ലേ..."
"ഇല്ലെടാ, മൊബൈലും പേഴ്സുമൊക്കെ എടുത്തിട്ടുണ്ട്. ഒരു നിമിഷം വെയിറ്റ് ചെയ്യ്."
"എന്തെങ്കിലും മറന്നോ?"
"എടീ, മാതാവിന്റെ പടത്തിന്നരികിൽ ഒരു കൂട് പൊട്ടിക്കാത്ത മെഴുകുതിരിയുണ്ട്, അതിങ്ങിടെത്തുകൊണ്ടു വരൂ."
"ശരി മുതലാളീ..."
അല്പസമയത്തിനുള്ളിൽ ജോലിക്കാരി മെഴുകുതിരിയുമായി വന്നു.
"എങ്കിൽ വിട്ടോടാ, പള്ളിയുടെ മുന്നിലെത്തുമ്പോൾ ഒന്ന് ചവിട്ടിയേക്കണേ."
"ആയിക്കോട്ടെ."
പളളിയുടെ മുൻപിലെ മാതാവിന്റെ കുരിശുംതൊട്ടിക്ക് മുന്നിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു.
'മാതാവേ, ഞങ്ങടെ കൊച്ചിനെ കാത്തോണേ.'
ഭണ്ഡാരത്തിൽ നേർച്ചയിട്ടിട്ട് തിരിച്ചുവന്ന് വണ്ടിയിൽ കയറി.
വണ്ടി ഓടിക്കുന്നതിനിടയിൽ പൊന്നച്ചൻ ചോദിച്ചു:
"മോൾക്ക് എങ്ങനെയുണ്ട് അച്ചായാ?"
"വ്യത്യാസം ഉണ്ടെങ്കിലും നാളെ ഒരു ഓപ്പറേഷൻ കൂടിയുണ്ട്. അതുകൊണ്ടാണ് ഇന്നുതന്നെ പോകുന്നത്."
"അപ്പോൾ ഇനി എത്ര ദിവസങ്ങൾ കൂടി കിടക്കേണ്ടിവരും?"
"അറിയില്ലെടാ, കൊണ്ടുപോയ പൈസയൊക്കെ തീർന്നതുകൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളവും കൊടുത്തിട്ടില്ലായിരുന്നു. വന്നയുടനെ തന്നെ ബാങ്കിൽ ചെന്ന് പൈസയെടുത്ത് എസ്റ്റേറ്റിൽ പോയി കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് മോളിക്കുട്ടി വിവരം വിളിച്ചുപറയുന്നത്. അല്ലെങ്കിൽ ഞാൻ നാളെ രാവിലെ പോകാനിരുന്നതാണ്."
"ഓട്ടം കഴിഞ്ഞ് ഞാനും വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ... അച്ചായൻ വിളിച്ചാൽ പിന്നെ വരാതിരിക്കാൻ കഴിയില്ലല്ലോ."
നാട്ടിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയും സർക്കാരിന്റെ ഭരണ വൈകല്യങ്ങളും സാധനങ്ങളുടെ വിലക്കൂടുതലും എല്ലാം അവരുടെ സംസാര വിഷയങ്ങളായി.
"എന്നെ ആശുപത്രിയിലാക്കിയിട്ട് നീ തിരിച്ചു പോരെ കേട്ടോ."
"അന്നത്തെപ്പോലെ രാവിലത്തെ ബസ്സിലിങ്ങു പോന്നോളാം. അല്ലെങ്കിൽ ഓപ്പറേഷൻ കഴിയുന്നതുവരെ ഞാനും അവിടെ നിൽക്കാം."
"അത് വേണ്ടടാ, നിനക്ക് വേറെ ആവശ്യങ്ങളൊക്കെ ഇല്ലേ?"
"നാളെ ഓട്ടമൊന്നും ഇല്ല. ഏതായാലും ഓപ്പറേഷൻ കഴിഞ്ഞിട്ടേ തിരിക്കുന്നോളൂ."
"നിന്റെ ഇഷ്ടം."
ആശുപത്രിയിലെത്തി വണ്ടി പാർക്ക് ചെയ്തിട്ട് ചെറിയാച്ചൻ മുറിയിലേക്ക് പോയി. അസമയത്ത് നടന്നുവരുന്ന ആളിനെ സെക്യൂരിറ്റി തടഞ്ഞുനിർത്തിയെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അയാൾ കടത്തിവിട്ടു.
ഉറക്കം വരാതെ പാതിരാത്രിവരേയും തിരിഞ്ഞും മറിഞ്ഞും കിടന്ന മോളിക്കുട്ടി അറിയാതെ നിദ്രയിലേക്ക് വഴുതിവീണു. കതകിൽ മുട്ടിക്കൊണ്ടിരുന്നിട്ടും തുറക്കാതിരുന്നപ്പോൾ ചെറിയാച്ചന് ദേഷ്യം പിടിച്ചു.
'ഇവളെന്താണ് കതക് തുറക്കാത്തത്? ഒരു ബോധവുമില്ലാതെ കിടന്നുറങ്ങുകയാണോ?'
അഗാധമായ നിദ്രയുടെ തീരത്തെവിടെയോ അലഞ്ഞുതിരിഞ്ഞ മോളിക്കുട്ടിയുടെ മനസ്സ്, പള്ളിയിലെ മണിയടിശബ്ദം കേട്ട് ഉണർന്നു.
'ഈ സമയത്ത് ഏതു പള്ളിയിലാണ് മണിയടിക്കുന്നത്?'
താനെവിടെയാണെന്നറിയാതെ ചിന്തയിലാണ്ടു കിടന്നപ്പോൾ കതകിലാരോ മുട്ടുന്നതുപോലെ തോന്നി. യാന്ത്രികമായി എഴുന്നേറ്റ് ലൈറ്റിട്ടു. വാതിൽ തുറന്നപ്പോൾ ദേഷ്യഭാവത്തോടെ ചെറിയാച്ചൻ മുന്നിൽ നിൽക്കുന്നു.
"നിങ്ങള് എത്തിയോ?"
"എത്ര നേരമായി കതകിൽ മുട്ടുന്നു, ഇങ്ങനെ ബോധം കെട്ടുറങ്ങാൻ മാത്രം നീയെന്താണ് വിഴുങ്ങിയത്?"
"ഉറക്കം വരാതെ കിടന്നിട്ട് പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഒന്നു മയങ്ങിയത്. നിങ്ങള് കൊട്ടിയതൊന്നും ഞാൻ കേട്ടില്ല."
"നീ കേൾക്കില്ല, വേറെ ആരെങ്കിലുമായിരുന്നു മുട്ടിയിരുന്നെങ്കിൽ നീ കേട്ടേനെ."
"എന്തിനാണ് മനുഷ്യാ പാതിരാത്രിയിൽ കയറിവന്ന് അനാവശ്യം പറയുന്നത്?"
"അല്ലാതെ പിന്നെ, എത്ര നേരം ഞാൻ വെളിയൽ കാത്തുനിന്നെന്ന് നിനക്കറിയാമോ?"
"ഏതായാലും അകത്ത് കയറിയല്ലോ. ഇനിയെങ്കിലും ഒന്നുനിർത്ത് മനുഷ്യാ.''
കുപ്പായം ഊരിയിട്ടിട്ട് ചെറിയാച്ചൻ കട്ടിലിൽ ചെന്നിരുന്നു.
"വീട്ടിൽ ചെന്നിട്ട് എന്തുണ്ട് വിശേഷം?"
"അവിടെ വിശേഷമൊന്നുമില്ല."
"പൊന്നച്ചനാണോ ഡ്രൈവ് ചെയ്തത്?"
"ഉം..."
"കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ ഉള്ളിൽ തീയാണ്. ഉറങ്ങാൻ പോലും കഴിയുന്നില്ല."
"എന്നിട്ടാണോ നീ പോത്ത്പോലെ കിടന്നുറങ്ങിയത്."
"എന്റെ മനുഷ്യാ, അത് ഞാൻ പറഞ്ഞില്ലേ, മണിക്കൂറുകൾക്കുശേഷം ഒന്നു മയങ്ങിത്തുടങ്ങിയപ്പോഴാണ് നിങ്ങളെത്തിയത്."
"ഓ മനസ്സിലായി."
"നിങ്ങൾ കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ..."
"കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും?"
ഉറങ്ങിയും ഉറങ്ങാതെയും രണ്ടുപേരും നേരം വെളുപ്പിച്ചു. ആറുമണിക്കു തന്നെ ഐ.സി.യു വിന്റെ മുന്നിലെത്തി ബെല്ലടിച്ചു. വാതിൽ തുറന്ന് തല വെളിയിലേക്ക് ഇട്ട നഴ്സിനോട്, ഗ്രീഷ്മയെ കാണാൻ അനുവാദം ചോദിച്ചു.
"നിങ്ങളെത്തിയോ? ഞാൻ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു. ഗ്രീഷ്മയെ ഏഴരയ്ക്ക് തിയേറ്ററിലേക്ക് കൊണ്ടുപോകും. എട്ടു മണിക്കാണ് ഓപ്പറേഷൻ. കൺസെന്റ് ഒപ്പിട്ടുതരണം. നിങ്ങൾ ഇവിടെ നിൽക്ക്, ഞാൻ ഫയലെടുത്തുകൊണ്ടുവരാം."
"സിസ്റ്റർ, ഞങ്ങളവളെ ഒന്ന് കയറി കണ്ടോട്ടെ?"
"ശരി, വരൂ..."
നഴ്സിനോടൊപ്പം അകത്ത് കടന്ന അവർ ശബ്ദമുണ്ടാക്കാതെ നടന്ന് ഗ്രീഷ്മയുടെ അരികിലെത്തി.
"മോളേ പപ്പ വന്നിട്ടുണ്ട്, ദേ നോക്കിക്കേ..."
കണ്ണുകൾ തുറന്ന് രണ്ടുപേരേയും മാറിമാറി നോക്കി. അവളുടെ മുഖത്തു കണ്ട നിർവികാരതയിൽ ഇരുവരും വിങ്ങിപ്പൊട്ടി.
"മോൾക്ക് വേഗം സുഖമാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശരിയാവും. തമ്പുരാൻ നമ്മളെ കൈവെടിയില്ല."
"ശരി, കണ്ടു കഴിഞ്ഞെങ്കിൽ വന്നോളൂ കേട്ടോ..."
കൺസെൻറ് പേപ്പറിൽ നഴ്സ് കാണിച്ചു കൊടുത്ത സ്ഥലത്ത് ഒപ്പിട്ടുകൊടുത്തിട്ട് അവർ പുറത്തിറങ്ങി കസേരയിൽ ചെന്നിരുന്നു. ഗ്രീഷ്മയെ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ അവരും അനുഗമിച്ചു. യൂണിഫോമിലെത്തിയ അലക്സിനെയും അരുണിനേയും ഒരുമിച്ചുകണ്ട് ആളുകൾ പരിഭ്രമിച്ചു.
"ഓപ്പറേഷൻ തുടങ്ങിയോ അച്ചായാ?"
"ആഹാ, രണ്ടുപേരുമുണ്ടല്ലോ! കൊച്ചിനെ കൊണ്ടുപോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു. ഇപ്പോൾ തുടങ്ങിക്കാണും."
"നാലുമണിക്കൂറെങ്കിലും എടുക്കുമായിരിക്കും. കഴിയുന്നതുവരെ നിങ്ങൾ ഇവിടെത്തന്നെ ഇരിക്കേണ്ട ആവശ്യം ഉണ്ടോ?"
"മുറിയിലിരിക്കുമ്പോൾ വല്ലാത്ത ടെൻഷനാണ്. അരുൺസാർ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തോ?"
"ഇന്നലെയും കൂടി ലീവെടുത്തു. ഇന്നാണ് ജോയിൻ ചെയ്തത്."
"അതു നന്നായി."
"അച്ചായൻ രാവിലെയാണോ എത്തിയത്?"
"ഞാനൊരു ഡ്രൈവറേയും കൂട്ടി രാത്രിയിൽത്തന്നെ തിരിച്ചു. ഇവിടെയെത്തിയപ്പോൾ ഒന്നരമണിയായി."
"എന്നിട്ട് ഡ്രൈവർ എവിടെ?"
"അവൻ വണ്ടിയിൽ കിടന്ന് ഉറങ്ങുന്നുണ്ടാവും."
"അച്ചായാ, ഞങ്ങളിപ്പോൾ പോയിട്ട് പിന്നെ വരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം."
"ശരിയെടാ, ആയിക്കോട്ടെ."
അവർ വന്നതും പോയതുമൊന്നും അറിയാതെ മോളിക്കുട്ടി ജപമാലയുരുട്ടി മാതാവിന് അപേക്ഷ ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് അവിടെയെത്തിയ പൊന്നച്ചൻ, അവർ ഇരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് അടുത്തേക്ക് വന്നു.
"എന്തായി അച്ചായാ, ഓപ്പറേഷൻ തുടങ്ങിയോ?"
"തുടങ്ങിയിട്ട് ഒരു മണിക്കൂറെങ്കിലും ആയിട്ടുണ്ടാവും."
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ?"
"മുറി പൂട്ടിയിറങ്ങിപ്പോരുന്നതുകൊണ്ട് ബ്രേക്ഫാസ്റ്റ് കൊണ്ടുവന്നിട്ട് തിരിച്ചു കൊണ്ടുപോയിക്കാണും. ഒന്നും കഴിക്കാനും തോന്നുന്നില്ലെടാ. തീരെ വിശപ്പില്ല."
"കാന്റീനിൽ പോയി വല്ലതും കഴിച്ചിട്ട് വരാം. നിങ്ങൾ വരൂ..."
"വേണ്ടെടാ, നീ പോയി കഴിച്ചിട്ടു വരൂ..."
"അത് പറ്റില്ല, എങ്കിൽ ഞാൻ മേടിച്ചുകൊണ്ടു വരാം. മുറി തുറന്ന് ഫ്ളാസ്ക് എടുത്തു തന്നാൽ മതി."
അയാളുടെ നിർബന്ധത്തിന് വഴങ്ങി മോളിക്കുട്ടിയേയും വിളിച്ച്, ചെറിയാച്ചൻ മുറിയിലേക്ക് പോയി.
(തുടരും)
ഭാഗം 44
"ഹലോ... അവറാച്ചൻ മുതലാളിയല്ലേ, സബ് ഇൻസ്പെക്ടർ അരുൺ പോളാണ് സംസാരിക്കുന്നത്."
"മനസ്സിലായി സാർ, എന്തൊക്കെയാണ് വിശേഷങ്ങൾ?"
"ഞാനന്ന് വിളിച്ചുപറഞ്ഞിരുന്ന കാര്യം എന്തായി?"
"ശാലിനിയുടെ ആത്മാവിന്റെ മോക്ഷത്തിനു വേണ്ടിയുള്ള കർമങ്ങളുടെ കാര്യമല്ലേ സാർ?"
"അതേ എന്തായി, അത് ചെയ്തിരുന്നോ?"
"ഇല്ല സാർ, അവളുടെ അച്ഛനോടും അമ്മയോടും ഞാനെല്ലാം പറഞ്ഞിരുന്നു. അതിന്റെ ചിലവിന് ഒരു തുകയും ഞാൻ കൊടുത്തിരുന്നു."
"എന്നിട്ടെന്തുപറ്റി?"
"അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ അമ്മയ്ക്ക് സുഖമില്ലാതായത്."
"അവർക്ക് എന്തുപറ്റി?"
"ഒരു പനിവന്നിട്ട് കാര്യമാക്കാതെ ജോലിക്കു പോയി. രാത്രിയിൽ അസുഖം കൂടിയിട്ട് വീട്ടിൽ കുഴഞ്ഞുവീണു. അല്പം ഭേദമുണ്ടെങ്കിലും ഇപ്പോഴും ആശുപത്രിയിലാണ്. അവർ തിരിച്ചു വന്നിട്ട് പൂജകൾ ചെയ്യാമെന്നാണ് പറയുന്നത്."
"അവർ എന്നത്തേക്കാണ് തിരിച്ചുവരുന്നത്?"
"നാളെ ഡിസ്ചാർജ് ചെയ്യുമെന്നാണ് പറഞ്ഞത്."
"അവർ വന്നാലുടൻ തന്നെ അത് ചെയ്തിരിക്കണം, ഇനിയും വച്ച് താമസിപ്പിക്കാൻ പറ്റില്ല."
"അല്പം താമസിച്ചുപോയാൽ എന്തു സംഭവിക്കാനാണ്? സാറിന്റെ തലയിലും അന്ധവിശ്വാസങ്ങളാണല്ലോ! ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? ഇത്തരം കാര്യങ്ങളെ പ്രാസാഹിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല."
"അന്ധവിശ്വാസങ്ങളെയൊന്നും ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ, ഇത് അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ആവശ്യപ്പെടുന്നത്."
"ശരി സാർ, എത്രയും പെട്ടെന്നുതന്നെ ഞാനത് ചെയ്യിപ്പിച്ചോളാം."
"അതു കഴിയുമ്പോൾ, എന്നോടൊന്ന് വിളിച്ചു പറയണേ."
"തീർച്ചയായും."
ഫോൺ വച്ചതും മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ റിംഗ് ചെയ്തു.
"ഹലോ ആരാണ്?"
"ഹലോ സാർ, ഞാൻ ഡോക്ടർ വിനോദാണ്."
"പറയൂ ഡോക്ടർ."
"ശാലിനിയുടെ കേസന്വേഷണം പൂർത്തിയായോ എന്നറിയാൻ വിളിച്ചതാണ്."
"അന്വേഷണമൊക്കെ പൂർത്തിയായി. കേസ്സ് നടത്തിക്കൊണ്ടുപോകാൻ വീട്ടുകാർക്ക് താൽപ്പര്യമില്ലാത്തതിനാൽ കേസ്ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു."
"മരണം സംഭവിച്ചത് എങ്ങനെയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞോ സാർ?"
"താങ്കൾ സംശയിക്കുന്നതുപോലെയുള്ള ദുരൂഹതകളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല."
"എന്നുവച്ചാൽ?"
"എന്നുവച്ചാൽ അതൊരു അപകടമരണം മാത്രമായിരുന്നു. ഇനിയും അതിന്റെ പിറകേ പോകേണ്ട യാതൊരു ആവശ്യവും ഇല്ല."
"അപ്പോൾ ഞാൻ സംശയിച്ചതു പോലെയൊന്നും നടന്നിട്ടില്ല അല്ലേ?"
"ഇല്ല ഡോക്ടർ. ആ കുട്ടിക്ക് അത്രയും ആയുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നു കരുതിയാൽ മതി. കഴിഞ്ഞുപോയതൊക്കെ മറന്നിട്ട് ഡോക്ടർ ഇനിയെങ്കിലും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ നോക്കൂ..."
"അങ്ങനെയൊന്നും ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. പ്രൊഫഷനിൽ മാത്രം ശ്രദ്ധിക്കാനാണ് ഇപ്പോഴുള്ള തീരുമാനം."
"താങ്കളുടെ നല്ലൊരു ജീവിതത്തിനായി എന്റെ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. ഒരു കുടുംബമായതിന് ശേഷം നമുക്കൊന്ന് കൂടണം കേട്ടോ...''
"എന്റെ ജീവിതത്തിൽ അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, അതിന് സാക്ഷ്യം വഹിക്കാൻ തീർച്ചയായും സാറിനെ ഞാൻ ക്ഷണിക്കുന്നതായിരിക്കും."
"താങ്ക്യൂ ഡോക്ടർ. അപ്പോൾ ശരി, കാണാം."
"ഓ.കെ സാർ."
ഓ.പി യിൽ രോഗികളെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ചെറിയ ഇടവേളയിലാണ് ഡോക്ടർ വിനോദ്, ഇൻസ്പെക്ടർ അരുണിനെ വിളിച്ചത്. ശാലിനിയുടേത് ഒരു അപകടമരണമാണെന്നുള്ളത് എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയാതെ അയാൾ അസ്വസ്ഥനായി.
'എന്നാലും അതെങ്ങനെ ശരിയാവും? നാളുകളായി ശാലിനിയെ ദ്രോഹിച്ചു കൊണ്ടിരുന്നവർക്ക് ഇതിൽ ഒരു പങ്കുമില്ലാതെ വരുമോ? സത്യവും നീതിയും ലോകത്തിൽ നിന്നും അന്യമാവുകയാണല്ലോ. എങ്കിലും പരമോന്നതനായ ദൈവത്തിന്റെ നീതിപീഠത്തിന് മുൻപാകെ അവരെല്ലാവരും ഒരു ദിവസം നിൽക്കേണ്ടിവരും എന്നുള്ളതാണ് ഏക ആശ്വാസം.'
പതിവിലും വൈകിയാണ് അന്നത്തെ ഓ. പി കഴിഞ്ഞത്. ഇടനാഴിയിൽ വച്ച് കണ്ടുമുട്ടിയ ഡോക്ടർ സാമിനോട് വിനോദ് പറഞ്ഞു:
"സാമിനെ ഞാനൊന്നു കാണാൻ ഇരിക്കുകയായിരുന്നു."
"എന്താണ് ഡോക്ടർ?"
"ഞാൻ നാളെ വീടുവരെ ഒന്നുപോകുകയാണ്. രണ്ടു ദിവസത്തെ അവധിക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയേ വരികയുള്ളൂ."
"അത്യാവശ്യം എന്തെങ്കിലുമുണ്ടോ?"
"ഡാഡിക്ക് നല്ല സുഖമില്ലെന്ന് അമ്മ വിളിച്ചു പറഞ്ഞു. ഞാൻ വീട്ടിൽ പോയിട്ടും കുറേ ദിവസങ്ങളായി."
"ശരി ഡോക്ടർ, പോയിട്ടു വരൂ... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം."
"ശരി, നാളത്തെ ഓ.പി കഴിഞ്ഞിട്ട് ഉടനേ പോകും. നാളെ റൗണ്ട്സ് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല."
"അതൊക്കെ ഞാനെടുത്തോളാം. എനിക്കൊരു കാര്യം ഡോക്ടറിനോട് പറയാനുണ്ട്."
"എന്താണ് സാം?"
"താങ്കൾ ഇനിയെങ്കിലും ഒരു കല്യാണം കഴിക്കാൻ നോക്കണം. വൈകിയൊട്ടൊന്നുമില്ല. ഞാനറിയുന്ന ഒരു കുട്ടിയുണ്ട്. മെഡിസിൻ കഴിഞ്ഞ് പി.ജി യെടുത്തിട്ടേ കല്യാണം കഴിക്കുകയുള്ളൂ എന്ന വാശിയിലായിരുന്നു ഇതുവരെ. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായി പ്രാക്ടീസ് ചെയ്യുകയാണ്.
പ്രൊഫഷൻ തലയ്ക്കു പിടിച്ചിരിക്കുന്നതിനാൽ വരുന്ന ആലോചനകളല്ലാം ഇത്രനാളും അവൾ തള്ളിക്കളയുകയായിരുന്നു. പേര് നിഷാ ജേക്കബ്. അപ്പനും അമ്മയും മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. എനിക്ക് തോന്നുന്നത്, നിങ്ങൾ തമ്മിൽ ചേരേണ്ടത് ദൈവത്തിന്റെ ഒരു പദ്ധതി ആയിരിക്കും. ഞയറാഴ്ച നമുക്ക് പോയി പെണ്ണിനെ ഒന്ന് കണ്ടാലോ? വേണമെങ്കിൽ കുട്ടിയുടെ ഫോട്ടോ ഞാൻ ഡോക്ടറിന്റെ ഫോണിലേക്ക് അയച്ചേക്കാം."
"സാം, ഇനിയൊരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. എന്റെ മമ്മിയും ഡാഡിയും വിവാഹകാര്യം പറഞ്ഞ് നിരന്തരം എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് പോകാൻ തന്നെ ഇപ്പോൾ മടിക്കുന്നത് അതുകൊണ്ടാണ്."
"ഡോക്ടർ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. മരിച്ചു പോയവരെ ഓർത്ത്, ജീവിതകാലം മുഴുവൻ തള്ളിനീക്കുന്നതിൽ യാതൊരർത്ഥവുമില്ല. ആകെ ഒരു ജീവിതമേയുള്ളൂ... പ്രായമായ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് മക്കളുടെ കടമയാണ്."
"അവരെ സങ്കടപ്പെടുത്തേണ്ടിവരുന്നതിൽ എനിക്കും നല്ല വിഷമമുണ്ട്. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടികളെല്ലാം അകാലത്തിൽ മരണമടയുകയാണ്. ഇനിയും അത് ആവർത്തിക്കാൻ ഞാനാഗ്രഹിക്കുന്നില്ല സാം."
"ഇനിയും അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് വിശ്വസിക്കാം. ഒരു കടുംബമുണ്ടായാലേ അടുക്കും ചിട്ടയുമില്ലാത്ത ഈ ജീവിതത്തിന് ഒരു അർത്ഥമൊക്കെ ഉണ്ടാവുകയുള്ളൂ."
"ഈ വിവരം വീട്ടിൽ അവതരിപ്പിച്ചിട്ട് ശനിയാഴ്ച വൈകിട്ടു തന്നെ ഡോക്ടർ തിരിച്ചുവരണം. ഞയറാഴ്ച രാവിലെ നമ്മൾ തിരുവനന്തപുരത്തിന് പോകുന്നു. ഞാൻ അവരോട് കാര്യങ്ങളൊക്കെ സംസാരിക്കാം. ഞയറാഴ്ച പെണ്ണുകാണാൻ ചെല്ലുന്ന വിവരവും അറിയിക്കാം."
"അതു വേണോ സാം?"
"തീർച്ചയായും വേണം. ഞാൻ താങ്കളുടെ ജൂനിയർ മാത്രമല്ല, ഒരു ആത്മാർത്ഥ സ്നേഹിതൻ കൂടിയാണ്. പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി."
"ശരി, ഞാനിനി അനുസരിച്ചില്ലെന്ന് വേണ്ട... എങ്കിൽ നാളെ പോയിട്ട് ശനിയാഴ്ച വരാം. ഓഫീസിൽ പോയി ലീവിന്റെ കാര്യം പറഞ്ഞിട്ടു വരട്ടെ..."
"ഓ.കെ, ഫോട്ടോ ഞാൻ അയച്ചേക്കാം കേട്ടോ..."
"ശരി..."
മുറിയിലെത്തിയിട്ടും ഡോക്ടർ സാം പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു വിനോദിന്റെ ഉള്ളിൽ. മോഹങ്ങളും സ്വപ്നങ്ങളും പൊലിഞ്ഞ മനസ്സിൽ ഒരു കല്യാണപ്പന്തൽ കെട്ടിയുയർത്താൻ നന്നേ പാടുപെടേണ്ടിവരുമെന്ന് അയാൾക്കറിയാമായിരുന്നു.
'ഏതോ മുജ്ജന്മ ശാപം പോലെ, സ്നേഹത്തിന്റെ പൂത്താലവുമേന്തി തന്റെ ജീവിത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടികളെല്ലാം മരണത്തിന്റെ താഴ് വര പൂകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്ന ചരിത്രം ഇനിയും ആവർത്തിക്കാതിരുന്നെങ്കിൽ മതിയായിരുന്നു.'
ഏതായാലും എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി ഒരു പരീക്ഷണം കൂടി നടത്താമെന്ന് ഡോക്ടർ വിനോദ് ഹൃദയത്തിലുറപ്പിച്ചു.
(തുടരും)
ഭാഗം 45
ഓ. പി കഴിഞ്ഞയുടൻ തന്നെ തിരിച്ചതുകൊണ്ട് ഇരുട്ടുന്നതിന് മുൻപ് വിനോദ് വീട്ടിലെത്തി. മുറ്റത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, സോഫയിൽ ചാരിക്കിടക്കുന്ന ഡാഡിയുടെ അരികിൽ ചെന്നിരുന്നു.
"ആഹാ, നീ എത്തിയോ? വരുന്ന കാര്യം എന്താണ് അറിയിക്കാതിരുന്നത്?"
"നിങ്ങൾക്കൊരു സർപ്രൈസ് ആകട്ടെ എന്നു വിചാരിച്ചു. ഡാഡിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
"എനിക്ക് കുഴപ്പമൊന്നുമില്ലെടാ, പ്രായത്തിന്റെ ചില്ലറ അസ്വസ്ഥതകളൊക്കെയുണ്ട്. നിന്റെ അമ്മ വെറുതേ ഓരോന്ന് പെരുപ്പിച്ചു പറയുന്നതാണ്."
"മമ്മിയെവിടെ?"
"അവൾ അടുക്കളയിൽ കാണും."
സംസാരം കേട്ട് അവിടേക്ക് കടന്നുവന്ന അമ്മ മകനെ കണ്ട് അമ്പരന്നു.
"നീയെന്താണ് മോനേ വരുന്ന വിവരം അറിയിക്കാതിരുന്നത്? എപ്പോഴും വിളിച്ചു പറഞ്ഞിട്ടായിരുന്നല്ലോ വരുന്നത്."
"ഒരു ചെയ്ഞ്ചായിക്കോട്ടെന്ന് വിചാരിച്ചു."
"നിനക്ക് സുഖമാണോ, ഇപ്പോൾ തിരക്കൊക്കെ കുറവാണോ?"
"സുഖമാണമ്മേ, തിരക്കൊക്കെയുണ്ട്. ഡാഡിക്ക് സുഖമില്ലെന്ന് പറഞ്ഞപ്പോൾ രണ്ടു ദിവസത്തെ അവധിയുമെടുത്ത് ഇങ്ങ് പോരുന്നു."
"അതു നന്നായി..നീ പോയി ഫ്രഷ് ആയിട്ടു വരൂ... ഞാനെന്തെങ്കിലും കഴിക്കാനുണ്ടാക്കാം."
"ഇനിയൊന്നും പ്രത്യേകിച്ച് ഉണ്ടാക്കണ്ടമ്മേ, നിങ്ങൾ കഴിക്കുന്നത് മതി."
"ഞങ്ങളിപ്പോൾ എന്നും രാത്രിയിൽ കഞ്ഞിയാണ് കുടിക്കുന്നത്. പയറുതോരനും ഉണ്ട്."
"നന്നായി, എനിക്കും അതു മതി. ഞാൻ കുളിച്ചിട്ടു വരാം."
"എന്നാൽ ഞാൻ, വേഗം പപ്പടം കൂടി വറുക്കാം."
മൂന്നുപേരും കൂടി പയറും പപ്പടവും കൂട്ടി ചൂടുകഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു:
"മോനേ വിനു... നമുക്ക് നാളെ ഒരിടം വരെ പോകണം."
"എവിടെയാണ് മമ്മീ?"
"ഇവിടെ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത്."
"എന്തിനാണ്, വല്ല പള്ളിയിലോ മറ്റോ ആണോ?"
"അല്ലെടാ, നിനക്കാരു പെണ്ണുകാണാൻ. നാളെ ചെല്ലുമെന്ന് അവരോട് ഞാൻ വിളിച്ചുപറയട്ടെ?"
"അതു വേണ്ടമ്മേ, എനിക്കൊരു കാര്യം പറയാനുണ്ട്."
"എന്താണ്, നീ പറയൂ..."
ഡോക്ടർ സാംമാത്യു പറഞ്ഞ കല്യാണക്കാര്യം, അയാൾ തന്റെ മാതാപിതാക്കളോട് വിവരിച്ചു. എല്ലാം കേട്ടതിന് ശേഷം അമ്മ പറഞ്ഞു:
"കേട്ടിട്ട് നല്ല ആലോചനയാണെന്ന് തോന്നുന്നു. ഞാൻ പറഞ്ഞതും നമുക്ക് ചേരുന്ന ബന്ധമാണ്. ആ കുട്ടിയും ഡോക്ടറാണ്. പി.ജി എടുത്തിട്ടില്ല. മെഡിസിൻ കഴിഞ്ഞിട്ട് അവരുടെ വീടിനടുത്തുള്ള ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. അവരും കാത്തലിക്സ് ആണ്. നാളെ നമുക്ക് ഒന്നുപോയി കണ്ടിട്ടുവരാം. തിരുവനന്തപുരത്തെ കുട്ടിയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിൽ അതുതന്നെ നടത്താം."
"നിന്റെ മമ്മി പറയുന്നതിലും കാര്യമുണ്ട് മോനേ, ഇതാകുമ്പോൾ വലിയ ദൂരമൊന്നുമില്ലല്ലോ. നാളെ പോയൊന്ന് കണ്ടുനോക്ക്. ഞാനും വരാം."
"ശരി ഡാഡി, നിങ്ങളുടെ ഇഷ്ടം."
വിവാഹത്തിന്റെ കാര്യം പറയുമ്പോൾ എപ്പോഴും നിഷേധിച്ചിരുന്ന മകന്റെ മനസ്സ് മാറിയതിൽ അവന്റെ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.
ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന പുലരിയുടെ പൊൻകിരണങ്ങളിൽ പ്രതീക്ഷയർപ്പിച്ച് അയാൾ ഉറങ്ങാൻ കിടന്നു.
രാവിലെ പതിനൊന്നു മണിയോടു കൂടിത്തന്നെ അവർ പെൺകുട്ടിയുടെ വീട്ടിലെത്തി. ലോക്കേഷൻ അയച്ചു തന്നിരുന്നതിനാൽ വീടുകണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. തുറന്നു കിടന്നിരുന്ന ഗേറ്റിൽ കൂടി കടന്ന് വിശാലമായ മുറ്റത്ത് വണ്ടി പാർക്ക്ചെയ്തു.
മനോഹരമായ ഇരുന്നിലവീടിന്റെ മുന്നിൽ ഒരുക്കിയിരിക്കുന്ന ആകർഷണീയമായ പൂന്തോട്ടം കണ്ണുകൾക്ക് കുളിർമയേകി. പൂത്തുലഞ്ഞു നിൽക്കുന്ന പലതരത്തിലുളള പൂക്കളുടെ ഒരു വസന്തോത്സവം തന്നെ അവിടെയുണ്ടായിരുന്നു.
"ആഹാ, നിങ്ങളെത്തിയോ?"
അമ്പതു വയസ്സ് തോന്നിക്കുന്ന കുലീനത നിറഞ്ഞ മുഖവുമായി ഒരാൾ ഇറങ്ങിവന്നു.
"വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?"
"ഏയ് ഇല്ല, ലൊക്കേഷൻ തന്നിരുന്നതുകൊണ്ട് എളുപ്പമായി."
"അകത്തേക്ക് കയറി ഇരിക്കാം.. നിങ്ങളിന്ന് വരുന്ന കാര്യം, രാത്രിയിലാണല്ലോ വിളിച്ചുപറഞ്ഞത്, അതുകൊണ്ട് ബന്ധുക്കളെയൊന്നും അറിയിക്കാൻ കഴിഞ്ഞില്ല."
"ഇവൻ ഇന്നലെ എത്തുമെന്ന് ഞങ്ങൾക്കും അറിവുണ്ടായിരുന്നില്ല."
"ഞാനിപ്പോൾ വരാം."
അയാൾ അകത്തുചെന്ന് ഭാര്യയേയും കൂട്ടിക്കൊണ്ട് വന്നു.
"മക്കൾ എത്ര പേരാണ്?"
"ഞങ്ങൾക്ക് രണ്ടുമക്കളാണ്, മൂത്തതാണ് മകൾ. താഴെയുള്ളത് മകനാണ്. അവൻ ഇപ്പോൾ ഹോസ്റ്റലിലാണ്. അവനും മെഡിസിനാണ് പഠിക്കുന്നത്. ഇപ്പോൾ മൂന്നാം വർഷമാണ്. വല്ലപ്പോഴൊക്കെയേ വീട്ടിൽ വരാറുള്ളൂ..."
"മോളെവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്?"
"ഇവിടെ അടുത്തുള്ള ടൗണിലെ ്് ഹോസ്പിറ്റലിൽ തന്നെയാണ്. പി.ജി ചെയ്യണമെന്നുണ്ട്. ടെസ്റ്റിന് വേണ്ടി പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുന്നു."
"ഞങ്ങൾക്ക് ഇവൻ മാത്രമേയുള്ളൂ... ഇവന് കരിയറെന്ന ഒറ്റ ചിന്തയേയുള്ളൂ.. വിവാഹം കഴിക്കാൻ കൂട്ടാക്കാതെ ഇത്രയും കാലം കഴിച്ചു കൂട്ടി."
"മോനെപ്പറ്റി ഞങ്ങൾ ഒത്തിരികേട്ടിട്ടുണ്ട്. പ്രശസ്തനായ കാർഡിയോളജിസ്റ്റ് അല്ലേ... ഞങ്ങളറിയുന്ന പലരേയും ഡോക്ടർ ചികിത്സിച്ചിട്ടുണ്ട്."
"കുട്ടിയെ വിളിച്ചിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു."
"ശരി, നീ പോയി മോളെ വിളിച്ചുകൊണ്ടുവരൂ,"
മകളെ വിളിക്കാൻ ഭാര്യയെ പറഞ്ഞയച്ചശേഷം അയാൾ പറഞ്ഞു:
"ഒരു നിമിഷം, ഞാനിതാ വരുന്നു."
"മോനേ, കുട്ടി വരുമ്പോൾ നന്നായി നോക്കിക്കോണേ..."
"എനിക്ക് വയ്യ, നിങ്ങള് രണ്ടാളും കൂടി നോക്കിയാൽ മതി."
"എന്നാലും അങ്ങനെയല്ല, നന്നായി നോക്കി നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം മുന്നോട്ട് പോയാൽ മതി."
"ഓ.കെ."
അല്പസമയത്തിനുള്ളിൽ ഒരു ട്രേയിൽ ചായയുമായി കുട്ടിയുടെ അമ്മയെത്തി.
ചായ എല്ലാവർക്കും കൊടുക്കുന്നതിനിടയിൽ കുട്ടിയുടെ ചാച്ചൻ, രണ്ടു പ്ളേറ്റുകളിൽ പലഹാരങ്ങളും കൊണ്ടുവന്നുവച്ചു. എന്നിട്ട് അകത്തേക്ക് നോക്കി മകളെ വിളിച്ചു.
പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് ശാലീന സുന്ദരിയായ ഒരു പെൺകുട്ടി അവരുടെ മുന്നിൽ വന്നു നിന്നു. സാമാന്യം പൊക്കവും അതിനനുസരിച്ചുള്ള ശരീരവും അവൾക്കുണ്ടായിരുന്നു. നന്നേ വെളുത്ത നിറമുള്ള അവളുടെ കണ്ണുകൾക്ക് വല്ലാത്ത വശ്യതയായിരുന്നു. തുടുത്ത ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവളുടെ നുണക്കുഴിക്കവിളിണയിലും പ്രകാശം പരത്തി.
"എന്താണ് മോളുടെ പേര്?"
"ലേയാ ജോൺ."
"ഇന്ന് പോയില്ല അല്ലേ?"
"ഹാഫ് ഡേ ലീവെടുത്തു, ഉച്ചയ്ക്കു ശേഷം പോകണം."
"പി.ജിയ്ക്ക് പോകാനാണോ, എന്നാണ് ടെസ്റ്റ്?"
"നാലു മാസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ..."
"എന്താണ് സ്പെഷ്യലൈസ് ചെയ്യുന്നത്?"
"ഇ. എൻ. ടി എടുക്കാനാണ് എനിക്ക് താൽപ്പര്യം."
"മ്.. നല്ലതാണ്."
"മോന് അവളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം... അകത്തോട്ട് ചെന്നോളൂ..."
അവളുടെ പിതാവിന്റെ അഭിപ്രായത്തിനോട് അയാൾ പ്രതികരിച്ചു.
"ഇല്ല, എനിക്കൊന്നും പ്രത്യേകിച്ച് സംസാരിക്കാനില്ല."
"ശരി, എന്നാൽ മോള് അകത്തേക്ക് പൊയ്ക്കോളൂ.''
ചായകുടിച്ചുകഴിഞ്ഞപ്പോൾ വിനോദ് പറഞ്ഞു:
"നമുക്കിറങ്ങാം മമ്മീ...."
"എടാ, നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ?"
"കുഴപ്പമില്ല. നമുക്ക് പോകാം."
"ഇവരോട് ഒന്നും പറയാതെ എങ്ങനെയാണ് പോകുന്നത്?"
"വീട്ടിൽ ചെന്നിട്ട് വിളിച്ചുപറയാം."
അകത്തേയ്ക്കു പോയ പെൺകുട്ടിയുടെ ചാച്ചൻ തിരിച്ചുവന്നപ്പോൾ, വിനോദിന്റെ ഡാഡി പറഞ്ഞു:
"എന്നാൽ ഞങ്ങളിറങ്ങട്ടെ, മുന്നോട്ടുള്ള കാര്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുപറയാം."
"ശരി, അങ്ങനെ ആയിക്കോട്ടെ."
എല്ലാവരോടും യാത്ര പറഞ്ഞ് അവിടെനിന്നും ഇറങ്ങി.
"നല്ലൊരു കുട്ടി, എനിക്കിഷ്ടപ്പെട്ടു."
"എനിക്കും.' ഡാഡിയും അമ്മയെ പിൻതാങ്ങി."
"പെൺകുട്ടിയെ എനിക്കും ഇഷ്ടപ്പെട്ടു, പക്ഷേ..."
"പക്ഷേ?"
"ആ കുട്ടിക്ക് പ്രായം വളരെ കുറവാണ്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്."
"അതൊരു കുറവൊന്നുല്ല, അവർക്കു സമ്മതമാണെങ്കിൽ പിന്നെന്താണ് പ്രശ്നം?"
"ഏതായാലും രണ്ടു ദിവസങ്ങൾക്കുള്ളിൽ പറയാം."
"ഇനി തിരുവനന്തപുരത്ത് പോകണോ മോനേ? പറഞ്ഞുകേട്ടിട്ട് അവരൊക്കെ ഉയർന്ന സ്റ്റാറ്റസ് ഉള്ളവരും മോഡേൺ ജീവിതം നയിക്കുന്നവരുമാണെന്ന് തോന്നുന്നു.
"ഏതായാലും ഞാൻ സാമിനോട് ഒന്ന് സംസാരിക്കട്ടെ."
വീട്ടിലെത്തി വസ്ത്രം മാറിയിട്ട് സാമിനെ വിളിക്കാനായി ഫോണെടുത്തു.
വാട്ട്സ് ആപ്പിൽ കണ്ട സാം അയച്ച പെൺകുട്ടിയുടെ ഫോട്ടോയിൽ, സൂക്ഷിച്ചുനോക്കിയപ്പോൾ നല്ല മുഖപരിചയം തോന്നി. എവിടെവച്ചാണ് ആ കുട്ടിയെ ഇതിനുമുൻപ് പരിചയപ്പെട്ടിട്ടുള്ളതെന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് ഓർമ കിട്ടിയില്ല.
(തുടരും)
ഭാഗം 46
ഡാഡിയുടേയും മമ്മിയുടേയും അരികിലെത്തി സാം അയച്ചുതന്ന ഫോട്ടോ അവരെ കാണിച്ചു.
"കാണാനൊക്കെ കൊള്ളാം, എന്നാലും നമ്മളിന്ന് പോയിക്കണ്ട കുട്ടിയെയാണ് എനിക്ക് ഒന്നുകൂടി ഇഷ്ടമായത്."
"ഉം... എങ്കിൽ, ഡാഡിയും മമ്മിയും കൂടി വേറെ പെൺകുട്ടിയെ എനിക്കുവേണ്ടി തീരുമാനിച്ചു എന്ന് ഞാൻ സാമിനെ വിളിച്ചുപറയാം."
"കുറച്ച് കഴിഞ്ഞിട്ട് പറയാം മോനേ, അവരുടെ അഭിപ്രായം കൂടി അറിയട്ടെ. ആ കുട്ടിക്ക് നിന്നെ ഇഷ്ടപ്പെട്ടോയെന്ന് ആർക്കറിയാം?"
"മമ്മി പറഞ്ഞത് ശരിയാണല്ലാ. അവർക്ക് നമ്മളെയും ഇഷ്ടപ്പെടണ്ടേ? മിക്കവാറും ആ കുട്ടിക്ക് എന്നെ ഇഷ്ടപ്പെടാൻ ഒരു വഴിയുമില്ല."
"അതെന്താടാ?"
"എനിക്കിത്രയും പ്രായമൊക്കെ ആയില്ലേ, അല്ലെങ്കിലും ആ കുട്ടി എന്നോടൊന്നും ചോദിച്ചുമില്ലല്ലോ..."
"കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ അങ്ങനെയൊന്നും ചോദിക്കാറില്ല."
"ഏതായാലും അവരുടെ അഭിപ്രായം അറിയുന്നതുവരെ വെയിറ്റ് ചെയ്യാം അല്ലേ മമ്മീ?
പക്ഷേ, രണ്ടുദിവസത്തിനകം നമ്മുടെ അഭിപ്രായം അവരോട് വിളിച്ചു പറയാമെന്നല്ലേ ഇറങ്ങാൻ നേരം പറഞ്ഞത്? ഒരു കാര്യം ചെയ്യാം, പെൺകുട്ടിയെ ഇഷ്ടപ്പെട്ടെന്ന് ഇന്നു വൈകിട്ടുതന്നെ വിളിച്ചുപറയാം."
"ഇങ്ങനെയൊരു പെണ്ണിനെ കാണാൻപോയ വിവരം നീ നിന്റെ ഫ്രണ്ടിനോട് വിളിച്ചു പറഞ്ഞോളൂ..."
"ശരി..."
ഊണുകഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു.
"ഹലോ..."
"ഹലോ ഡോക്ടർ, ഞാനാണ്."
"മനസ്സിലായി സാം, പറയൂ..."
"ഞാൻ ഇന്നലെ പറഞ്ഞ കാര്യം നടക്കില്ല. അയാം വെരി സോറി ഡോക്ടർ. ആ കുട്ടിക്ക് വേറൊരാളുമായി അടുപ്പമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നമുക്ക് വേറെ നോക്കാം."
"അതു സാരമില്ല, അവിടം വരെ പോകാതെ കഴിഞ്ഞല്ലോ. സത്യത്തിൽ ഞാൻ സാമിനെ വിളിക്കാൻ ഇരിക്കുകയായിരുന്നു. മമ്മിയും ഡാഡിയും നിർബന്ധിച്ച് ഇന്നൊരു പെൺകുട്ടിയെ കാണാൻ പോയി. ഇവിടെ നിന്നും നാലു കി.മീറ്റർ ദൂരമേയുള്ളു...
ആ കുട്ടിയെ ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. മെഡിസിൻ കഴിഞ്ഞ് ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു. പി.ജി എടുത്തിട്ടില്ല."
"അതേതായാലും നന്നായി. ഡോക്ടറിന് കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ, മുന്നോട്ടുള്ള കാര്യങ്ങൾ എത്രയും വേഗം നടത്താനുളള ക്രമീകരണങ്ങൾ ചെയ്യണം. എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാനവിടെ ഓടിയെത്തിക്കോളാം."
"തൽക്കാലം ഒന്നുമില്ല, ആവശ്യം വരുമ്പോൾ പറയാം. ശരി ഞാൻ വിളിക്കാം സാം, ഈ ബന്ധത്തിന് താൽപ്പര്യമുണ്ടെന്ന് അവരോട് വിളിച്ചുപറയട്ടെ. സാം അറിയിച്ച വിവരങ്ങൾ മമ്മിയോടും സാഡിയോടും പറഞ്ഞപ്പോൾ അവർ സന്തോഷിച്ചു.
"അതേതായാലും നന്നായി. നമ്മൾ പോയിക്കണ്ട കുട്ടിയെത്തന്നെയായിരിക്കും ദൈവം നിനക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്. ഇനി താമസിയാതെ അവരെ വിളിച്ച് വിവരം പറയണം."
മമ്മി അവരുടെ നമ്പർ ഡയൽ ചെയ്തിട്ട് ഡാഡിയുടെ കയ്യിൽ കൊടുത്തു.
"നിങ്ങൾ തന്നെ പറയൂ... ഇനിയുള്ള കാര്യങ്ങൾ എങ്ങനെയാണെന്ന് ചോദിക്കണേ."
"ഹലോ..."
"ഹലോ... ഞാൻ ഡോക്ടർ വിനോദിന്റെ ഡാഡിയാണ്. ഞങ്ങൾക്കെല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടമായി. മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെയാണ്? നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു."
"ഇവിടെയും മറിച്ചൊരഭിപ്രായമില്ല. ഡോക്ടർ വിനോദിനെ മരുമകനായി കിട്ടുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ... മോൾക്കും താൽപ്പര്യമാണ്."
"എങ്കിൽ, എത്രയും പെട്ടെന്നു തന്നെ വിവാഹം നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്."
"അതിന് തടസ്സമൊന്നുമില്ല. പറയുന്നതുപോലെ ചെയ്യാം."
"എന്നാൽ ഈ ഞയറാഴ്ച ബന്ധുക്കളേയും കൂട്ടി നിങ്ങൾ ഇവിടേയ്ക്കു വന്നോളൂ... അവൻ തിങ്കളാഴ്ച രാവിലെ തിരിച്ചുപോകും. ഇവിടെ വച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. നിങ്ങൾ എത്രപേർ വരുമെന്ന് അറിയിക്കണം. ഉച്ചഭക്ഷണം എല്ലാവർക്കും ഇവിടെ ഒരുക്കാം."
"ആയിക്കോട്ടെ, അടുത്ത ബന്ധുക്കളോടൊക്കെ വിവരം പറഞ്ഞിട്ട് നാളെ ഞാൻ ഉറപ്പിച്ചുപറയാം."
"ശരി, എന്നാൽ ആയിക്കോട്ടെ."
ഫോൺ വച്ചതിന് ശേഷം എല്ലാവരോടുമായി പറഞ്ഞു..
"അവർക്ക് നല്ല സന്തോഷമാണ്. ഇനി നമ്മുടെ റിലേറ്റീവ്സിനെയെല്ലാം വിളിച്ചു പറയണം. നീ തന്നെ വിളിക്ക് മോനേ..."
"മമ്മിയുടെ റിലേറ്റീവ്സിനെ മമ്മിയും ഡാഡിയുടെ വീട്ടുകാരെ ഡാഡിയും വിളിച്ചു പറയുന്നതാണ് നല്ലത്. ആർക്കും ഒരു പരാതിയും വേണ്ട, ഞയറാഴ്ച അവർ വരുമ്പോൾ ഇവിടെയും ആരെങ്കിലുമൊക്കെ വേണം."
"ലഞ്ച് എങ്ങനെയാണ്, ഓർഡർ കൊടുക്കുകയല്ലേ?"
"അവർ എത്ര പേരുണ്ടെന്ന് അറിയട്ടെ, കാറ്ററിംഗ്കാരെ വിളിച്ചുപറയാം."
"ആരെയെങ്കിലും വിളിച്ച് വീടും പരിസരവുമൊക്കെ വൃത്തിയാക്കിപ്പിക്കണം."
"സാമിനോടും ഫാമിലിയോടും ഞയറാഴ്ച വരാൻ പറയട്ടെ?"
"അവരും വന്നോട്ടെ. വിളിച്ചുപറഞ്ഞോളൂ..."
"അല്ലെങ്കിൽ ബന്ധുക്കാരേയു കൂട്ടി ഇവിടെ നിന്നും നമ്മൾ അവരുടെ വീട്ടിൽ പോകുമ്പോൾ സാമിനെയൊക്കെ വിളിക്കാം. പെൺകുട്ടിയെക്കൂടി കാണാമല്ലോ."
രണ്ടു ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞുവീണു. ഇറച്ചിയും മീനുമുൾപ്പെടെ ഇരുപത്തഞ്ചു പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട്. പെണ്ണിന്റെ വീട്ടിൽ നിന്നും പത്തുപന്ത്രണ്ടു പേരെങ്കിലും കാണുമെന്നാണ് പറഞ്ഞത്. വിനോദിന്റെ ഡാഡിയുടേയും മമ്മിയുടേയും ആൾക്കാർ പലരും എത്തിയിട്ടുണ്ട്.
പന്ത്രണ്ടു മണിക്ക് മുൻപുതന്നെ മൂന്നു കാറുകൾ ഗേറ്റ് കടന്ന് മുറ്റത്തു വന്നു നിന്നു. വണ്ടികളിൽ നിന്നും ഇറങ്ങിയവരെ സന്തോഷത്തോടു കൂടി സ്വീകരിച്ച് ഹാളിലെ കസേരകളിൽ ഇരുത്തി. കുശലവർത്തമാനങ്ങൾക്കിടയിൽ മധുരപാനീയങ്ങൾ കുടിച്ചതിനു ശേഷം കല്യാണക്കാര്യങ്ങൾ ചർച്ച ചെയ്തു.
"ഈ മാസം അവസാനത്തോടു കൂടി കല്യാണം നടത്തുന്നതിൽ ഏന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"
"ഞങ്ങൾക്ക് എല്ലാം കൂടി മൂന്നാഴ്ച സമയം കിട്ടിയാൽ മതി. അതിനകം എല്ലാം ക്രമീകരിക്കാൻ സാധിച്ചേക്കും."
"എങ്കിൽ നമുക്ക് ഡേറ്റങ്ങ് തീരുമാനിക്കാം."
വിനോദിന്റെ മമ്മിയുടെ സഹോദരൻ കലണ്ടർ എടുത്തുനോക്കിയിട്ട് പറഞ്ഞു:
"എൻഗേജ്മെന്റ് നടത്തി ഒരാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയിൽ കല്യാണവും നടത്തുന്നതായിരിക്കും നല്ലത്. അതായത് ജനുവരി ഇരുപതിന് ഉറപ്പും ജനുവരി ഇരുപത്തിയെട്ടിന് കല്യാണവും. എല്ലാവർക്കും സമ്മതമാണല്ലോ അല്ലേ?"
"അതേ... അങ്ങനെ തന്നെ ആയിക്കോട്ടെ. ഇന്ന് തീയതി അഞ്ചാണ്. ഉറപ്പിന് ഇനി പതിനഞ്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ... ഇവിടെ നിന്നും നിങ്ങൾ, വീടുകാണാൻ എന്നാണ് അങ്ങോട്ട് വരുന്നത്?"
"അടുത്ത ഞയറാഴ്ച അടുത്ത ബന്ധുക്കളേയും കൂട്ടി അവിടേക്ക് വരാമെന്ന് വിചാരിക്കുന്നു. ആരും ഇതുവരെ പെൺകുട്ടിയെ കണ്ടിട്ടില്ലല്ലോ..."
"ശരി, എല്ലാവരേയും ഞാൻ ക്ഷണിക്കുന്നു. ഡോക്ടർ വിനോദും വരുമല്ലോ അല്ലേ?"
"തീർച്ചയായും അവനും വരും, മൊത്തം എത്രപേർ കാണുമെന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ വിളിച്ചറിയിക്കാം. ഇനിയുള്ള കാര്യങ്ങളൊക്കെ അവിടെ വച്ച് തീരുമാനിക്കാം."
"ശരി, അങ്ങനെ ആയിക്കോട്ടെ."
വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം വന്നവരെല്ലാം മടങ്ങിപ്പോയി.
"മോനേ നാളെ നീ പോയിട്ട് എന്നു വരും? കല്യാണത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനമായി. ഇനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഡാഡിക്ക് ഒന്നിനും പറ്റില്ലെന്നറിയാമല്ലോ.
ക്ഷണക്കത്തടിക്കണം, എല്ലാവരേയും കല്യാണം വിളിക്കണം, ഹാൾ ബുക്ക് ചെയ്യണം, ഭക്ഷണത്തിന്റെ ക്രമീകരണങ്ങൾ എന്നു വേണ്ട നൂറുകൂട്ടം കാര്യങ്ങളുണ്ട്. നീ പോയിട്ട് അടുത്ത ആഴ്ചമുതൽ അവധിയെടുത്ത് ഇങ്ങു വരാമോ?"
"അയ്യോ മമ്മീ, അതൊന്നും പറ്റില്ല. കൂടിപ്പോയാൽ രണ്ടാഴ്ചയേ അവധിയെടുക്കാൻ പറ്റുകയുള്ളൂ... മമ്മി ടെൻഷനടിക്കാതെ, എല്ലാം നടക്കും."
രാവിലെ ഏഴുമണിക്ക് തന്നെ വിനോദ് റെഡിയായി വീട്ടിൽനിന്നും ഇറങ്ങി. വണ്ടിയോടിക്കുമ്പോഴും മനസ്സ്, കല്യാണപ്പന്തലിൽ കുടുങ്ങിക്കിടന്നു.
(തുടരും)
----------------------
ഭാഗം 47
ബാഗ്ളൂരിലും വിദേശത്തുമുള്ള കസിൻസിനെ ഇന്നുതന്നെ വിളിച്ച് വിവരങ്ങൾ പറയണം. എല്ലാവരും അല്പം നേരത്തേ ടിക്കറ്റ് ബുക്ക്ചെയ്ത് നാട്ടിൽ എത്തിയിരുന്നെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരോന്നായി അവരെയൊക്കെ ഏൽപ്പിക്കാമായിരുന്നു."
ട്രാഫിക് കാരണം ഹോസ്പിറ്റലിൽ എത്താൻ വൈകി. റിപ്പോർട്ട് ചെയ്തിട്ട് നേരേ ഓ. പി യിലേക്ക് പോയി. രണ്ടുമൂന്നു രോഗികളെ കണ്ടതിനുശേഷം കിട്ടിയ ഇടവേളയിൽ മമ്മിയെ വിളിച്ചു.
"മമ്മീ, ഇന്നുതന്നെ അച്ചനെ വിളിച്ച് കാര്യങ്ങൾ പറയണം. പളളിയുടെ ഹാളും ബുക്കുചെയ്യണം. തിരുമേനിയെ ബുക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് അച്ചനോട് ചോദിക്കണേ..."
"ശരി മോനേ... നിനക്ക് വിളിക്കാനുള്ളവരെയൊക്കെ നീയും വിളിച്ചു പറയണേ."
"ഓ.കെ."
പലസ്ഥലങ്ങളിൽ കുടുംബമായി കഴിയുന്ന കസിൻസിനെ ഓരോരുത്തരെയായി വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും കല്യാണത്തിന് വരുമെന്നറിയിക്കുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയയുടൻ, സാമിന്റെ കല്യാണം നടത്തിയ ഇവന്റ്സ് കമ്പനിക്കാരെ വിളിച്ച് ബുക്ക്ചെയ്തു. അവരുടെ കെയർഓഫിലുള്ള കാറ്ററിംഗ്കാർക്ക് ഭക്ഷണത്തിന്റെ ഓർഡറും കൊടുത്തു.
തിരക്കുകളിൽപ്പെട്ട് ഓരോ ദിവസങ്ങളും വളരെ വേഗം ഓടിക്കൊണ്ടിരുന്നു. ആശുപത്രിയുടെ എം.ഡി. യെക്കണ്ട് ജനുവരി പതിനെട്ടാം തീയതി മുതൽ ഫെബ്രുവരി അഞ്ചാം തീയതി വരെ അവധി ആവശ്യപ്പെടുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.
ഡോക്ടർ വിനോദിന്റെ കല്യാണവിശേഷം ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. താനില്ലാത്ത ദിവസങ്ങളിലെ അപ്പോയിന്റ്‌മെന്റുകളൊക്കെ ക്യാൻസലാക്കാൻ പറഞ്ഞിട്ട് തന്റെ ടീമിന് ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു.
ഞയറാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോകാനായി ഡോക്ടർ സാമിനെ പ്രത്യേകം ക്ഷണിച്ചു.
"ഡോക്ടർ, ഞാൻ ഒഴിഞ്ഞുമാറുകയാണെന്ന് വിചാരിക്കരുത്. നാളെ അളിയന്റെ കുഞ്ഞിന്റെ മാമോദീസയാണ്. അതിന് പോകാതിരുന്നാൽ ഭാര്യയെന്നെ വീട്ടിൽ കയറ്റത്തില്ല. അവളുടെ ഒരേ ഒരു സഹോദരനാണേ... എൻഗേജ്മെന്റിനും കല്യാണത്തിനും ഞങ്ങൾ കുടുംബസമേതം അങ്ങെത്തിക്കോളാം."
"ശരി സാം, എനിക്കു മനസ്സിലായി. സാരമില്ല, ഞാൻ തന്നെ നിർബന്ധിക്കുന്നില്ല."
ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾത്തന്നെ വിനോദ് വീട്ടിലെത്തി. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ മമ്മിയോട് ചോദിച്ചു:
"പള്ളിയിലെ അച്ചനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നോ മമ്മീ? തിരുമേനിയുടെ കാര്യം എന്തു പറഞ്ഞു?"
"അതൊക്കെ അച്ചൻ ഏറ്റിട്ടുണ്ട്. ഹാളും ബുക്ക് ചെയ്തു. അച്ചൻ ചിലപ്പോൾ ഇന്നിങ്ങോട്ടു വന്നേക്കും."
"അതു നന്നായി. നാളെ പോകാനുള്ളവരൊക്കെ എപ്പോൾ എത്തും?"
"എല്ലാവരോടും രാവിലെ പത്തുമണിയോടുകൂടി എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്."
അഞ്ചുമണിയായിട്ടും അച്ചനെ കാണാതിരുന്നപ്പോൾ വിനോദും മമ്മിയും കൂടി പള്ളിമേടയിലേക്ക് പോയി. കാളിംഗ് ബെല്ലടിച്ച് കാത്തുനിൽക്കെ, വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവന്നു.
"ആഹാ, നിങ്ങളായിരുന്നോ, അകത്തേക്കു വരൂ... എനിക്കിന്ന് അങ്ങോട്ടു വരാൻ സാധിച്ചില്ല. ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നു. നാലുമണിക്കാണ് പോയത്. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കല്യാണം നടത്തിത്തരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങൾ ടെൻഷനടിക്കേണ്ട, പള്ളിയിലെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. അരമനയിൽ പോയി പിതാവിനെ നേരിട്ടുകണ്ട് ക്ഷണിച്ചാൽ നന്നായിരുന്നു. കൈമുത്ത് കൊടുക്കുന്നത് കല്യാണം കഴിഞ്ഞായാലും മതി."
"എങ്കിൽ നാളെ നാലുമണിക്ക് ഞങ്ങൾ വരാം അച്ചനും കൂടി വന്നാൽ ഉപകാരമായിരുന്നു."
"തീർച്ചയായും വരാം. നാളെയാകുമ്പോൾ ഞാൻ ഫ്രീയാണ്."
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അച്ചാ, നാളെ വരാം."
"ആയിക്കോട്ടെ... നാളെ വിശുദ്ധ കുർബാനയ്ക്ക് വരണം കേട്ടോ.."
"വരാം അച്ചാ, പതിനൊന്നു മണിക്ക് കുറച്ച് ബന്ധുക്കളേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലോട്ട് പോകുന്നുണ്ട്."
"രാവിലെ ആറുമണിയ്ക്കുള്ള കുർബാനയ്ക്ക് വന്നാൽ മതി. എട്ടരയ്ക്ക് കഴിയും."
"ശരി വരാം..."
മടക്കയാത്രയിലെ അവരുടെ സംഭാഷണം മുഴുവനും കല്യാണത്തിന് ആളുകളെ ക്ഷണിക്കുന്നതിനെപ്പറ്റി ആയിരുന്നു.
"ഏതായാലും നാളെ അവരുടെ വീട്ടിൽ പോയിട്ടു വന്നാലുടൻ തന്നെ ക്ഷണക്കത്തടിക്കാൻ കൊടുക്കണം."
വീട്ടിലെത്തിയ വിനോദ്, പിറ്റേദിവസം പോകുമ്പോൾ ഇടാനുള്ള പാന്റ്സും ഷർട്ടുമൊക്കെ അയൺ ചെയ്തു വച്ചു. രാവിലെ പതിനൊന്നു മണിയോടുകൂടി ബന്ധുക്കളൊക്കെ എത്തിച്ചേർന്നു. ഭാഗ്യത്തിനാണ് വീട്ടുജോലിക്ക് ഒരാളിനെ കിട്ടിയത്. കല്യാണം കഴിയുന്നതുവരെ പുറത്തെ ജോലികൾക്കായി വേറൊരാളെക്കൂടി വച്ചു.
വന്നവർക്കെല്ലാം കുടിക്കാൻ ജ്യൂസ് കൊടുത്തു. കൃത്യം പതിനൊന്നര മണിക്ക് തന്നെ വീട്ടിൽ നിന്നും നാലുകാറുകളിലായി പുറപ്പെട്ടു.
അവരുടെ ബന്ധുക്കൾ പതിനഞ്ചു പേരോളം അവിടെയും ഉണ്ടായിരുന്നു. സംഭാഷണങ്ങൾക്കിടയിൽ പെൺകുട്ടിയെ വിളിച്ച് മുന്നിൽ നിർത്തി എല്ലാവരേയും പരിചയപ്പെടുത്തി. വന്നവരിൽ ചിലർ പെൺകുട്ടിയോട് ചോദിച്ചതിനൊക്കെ തൃപ്തികരമായിത്തന്നെ മറുപടി പറഞ്ഞു. എല്ലാവർക്കും കുട്ടിയെ വളരെ ഇഷ്ടമായി.
ഡോക്ടർ വിനോദിനെ ആരോ വിളിച്ചുകൊണ്ടുപോയി അകത്തെ ഒരു മുറിയിൽ കൊണ്ടിരുത്തി. പരിഭ്രമിച്ചിരുന്ന അയാളുടെ അരികിലേക്ക് ലേയ കടന്നുവന്നു.
"വിനുവേട്ടന് എന്നെ ശരിക്കും ഇഷ്ടമായോ?"
" എന്നെ എന്താണ് വിളിച്ചത്?"
"വിനുവേട്ടൻ എന്ന്; എന്തുപറ്റി, ഇഷ്ടപ്പെട്ടില്ലേ?"
"കുഴപ്പമില്ല, വിളിച്ചോളൂ..."
"ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..."
"എന്താണ് ചോദിച്ചത്?"
"എന്നെ ഇഷ്ടമായോന്ന്?"
"അതേ, ഇഷ്ടമായി. കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടോ?"
"എനിക്കെന്നേ ഇഷ്ടമാണ്. ഞാൻ ഡോക്ടറിന്റെ ഒരു ആരാധികയാണ്."
"അതിന് നമ്മൾ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ..."
"ആരു പറഞ്ഞു കണ്ടിട്ടില്ലെന്ന്, വിനുവേട്ടനെ ഞാൻ മൂന്നുപ്രാവശ്യം കണ്ടിട്ടുണ്ട്."
"എവിടെ വച്ചാണ് കണ്ടത്? ഞാൻ ഓർക്കുന്നില്ലല്ലോ..."
"ഞാൻ പഠിച്ചിരുന്ന കോളജിൽ, സംഘടിപ്പിച്ച സെമിനാറിൽ രണ്ടുതവണ വിനുവേട്ടൻ വന്ന് ക്ലാസ്സെടുത്തിട്ടുണ്ട്."
"പിന്നെ?"
"പിന്നെ ഒരിക്കൽ വേറൊരു ആശുപത്രിയിൽ വച്ച് നടത്തിയ സെമിനാറിലും പ്രസംഗിച്ചു. അന്ന് ഞാനും ഉണ്ടായിരുന്നു. ഞാനന്ന് വിനുവേട്ടന്റെ അരികിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. വിവാഹിതനായിരുന്നു എന്നാണ് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നത്. കല്യാണം കഴിച്ചിട്ടില്ലെന്ന്, അടുത്ത കാലത്താണ് അറിഞ്ഞത്.
എന്റെ ചാച്ചന്റെ ഒരു ഫ്രണ്ട് വഴിയാണ് വിനുവേട്ടന്റെ മമ്മിയുടെ അരികിൽ ഈ പ്രൊപ്പോസൽ എത്തിച്ചത്. എനിക്ക് വിനുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. ആദ്യം കണ്ടതുമുതൽ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്."
എല്ലാം കേട്ട് അമ്പരന്നുനിന്ന വിനോദിന്റെ വലതു കൈ ഗ്രഹിച്ച് അവൾ തന്റെ ചുണ്ടോടടുപ്പിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ അവനിൽത്തന്നെ ആയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ കണ്ണുകളും അവളെ തേടിയലഞ്ഞു. വീട്ടിൽ തിരിച്ചെത്തുന്നതുവരെ അവളുടെ രൂപവും സംസാരവും ഭാവങ്ങളുമെല്ലാം അയാളുടെ ഉള്ളിൽ നിറഞ്ഞുനിന്നു.
"താനറിയാതെ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ തന്റെ ജീവിതസഖിയാവാൻ പോകുന്നു. കല്യാണം വരെയുള്ള ഓരോ ദിവസങ്ങളും ഓരോ യുഗമായി അയാൾക്ക് തോന്നി.
വീട്ടിലെത്തിയ ഉടൻ തന്നെ ക്ഷണക്കത്തടിക്കാനുള്ള മാറ്റർ കൊടുക്കാൻ കടയിലേക്ക് പോയി. ലേയയുടെ വീട്ടിൽ നിന്നും വിവരങ്ങളെല്ലാം എഴുതി വാങ്ങിയ പേപ്പറിൽത്തന്നെ സ്വന്തം വിവരങ്ങളും എഴുതിച്ചേർത്തു.
ഇൻവിറ്റേഷൻ കാർഡിന്റെ ഡിസൈൻ സെലക്ട് ചെയ്തുകൊടുത്തിട്ട് വീട്ടിലെത്തി, മമ്മിയേയും കൂട്ടി പള്ളിയിലേക്ക് പോയി. അവരുടെ വരവും കാത്തിരുന്ന അച്ചൻ വേഗം ഇറങ്ങിവന്ന് വണ്ടിയിൽ കയറി.
അരമനയിലേക്കുള്ള വഴി അച്ചൻ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. മനോഹരമായ പൂന്തോട്ടങ്ങളാൽ അലങ്കരിച്ച വിശാലമായ മുറ്റത്തിന് നടുവിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ പ്രതിമയിൽ നോക്കി ഒരു നിമിഷം മനസ്സുകൊണ്ട് ധ്യാനിച്ചുനിന്നു. വണ്ടിയിൽ നിന്നുമിറങ്ങി അച്ചനോടൊപ്പം അകത്തേക്ക് നടന്നു. കാളിംഗ്ബെൽ അടിച്ച് കാത്തുനിൽക്കുമ്പോൾ ഒരു പരിചാരകൻ വന്ന് വാതിൽ തുറന്നു.
(തുടരും)
ഭാഗം 47
ബാഗ്ളൂരിലും വിദേശത്തുമുള്ള കസിൻസിനെ ഇന്നുതന്നെ വിളിച്ച് വിവരങ്ങൾ പറയണം. എല്ലാവരും അല്പം നേരത്തേ ടിക്കറ്റ് ബുക്ക്ചെയ്ത് നാട്ടിൽ എത്തിയിരുന്നെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരോന്നായി അവരെയൊക്കെ ഏൽപ്പിക്കാമായിരുന്നു."
ട്രാഫിക് കാരണം ഹോസ്പിറ്റലിൽ എത്താൻ വൈകി. റിപ്പോർട്ട് ചെയ്തിട്ട് നേരേ ഓ. പി യിലേക്ക് പോയി. രണ്ടുമൂന്നു രോഗികളെ കണ്ടതിനുശേഷം കിട്ടിയ ഇടവേളയിൽ മമ്മിയെ വിളിച്ചു.
"മമ്മീ, ഇന്നുതന്നെ അച്ചനെ വിളിച്ച് കാര്യങ്ങൾ പറയണം. പളളിയുടെ ഹാളും ബുക്കുചെയ്യണം. തിരുമേനിയെ ബുക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് അച്ചനോട് ചോദിക്കണേ..."
"ശരി മോനേ... നിനക്ക് വിളിക്കാനുള്ളവരെയൊക്കെ നീയും വിളിച്ചു പറയണേ."
"ഓ.കെ."
പലസ്ഥലങ്ങളിൽ കുടുംബമായി കഴിയുന്ന കസിൻസിനെ ഓരോരുത്തരെയായി വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും കല്യാണത്തിന് വരുമെന്നറിയിക്കുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയയുടൻ, സാമിന്റെ കല്യാണം നടത്തിയ ഇവന്റ്സ് കമ്പനിക്കാരെ വിളിച്ച് ബുക്ക്ചെയ്തു. അവരുടെ കെയർഓഫിലുള്ള കാറ്ററിംഗ്കാർക്ക് ഭക്ഷണത്തിന്റെ ഓർഡറും കൊടുത്തു.
തിരക്കുകളിൽപ്പെട്ട് ഓരോ ദിവസങ്ങളും വളരെ വേഗം ഓടിക്കൊണ്ടിരുന്നു. ആശുപത്രിയുടെ എം.ഡി. യെക്കണ്ട് ജനുവരി പതിനെട്ടാം തീയതി മുതൽ ഫെബ്രുവരി അഞ്ചാം തീയതി വരെ അവധി ആവശ്യപ്പെടുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.
ഡോക്ടർ വിനോദിന്റെ കല്യാണവിശേഷം ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. താനില്ലാത്ത ദിവസങ്ങളിലെ അപ്പോയിന്റ്‌മെന്റുകളൊക്കെ ക്യാൻസലാക്കാൻ പറഞ്ഞിട്ട് തന്റെ ടീമിന് ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു.
ഞയറാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോകാനായി ഡോക്ടർ സാമിനെ പ്രത്യേകം ക്ഷണിച്ചു.
"ഡോക്ടർ, ഞാൻ ഒഴിഞ്ഞുമാറുകയാണെന്ന് വിചാരിക്കരുത്. നാളെ അളിയന്റെ കുഞ്ഞിന്റെ മാമോദീസയാണ്. അതിന് പോകാതിരുന്നാൽ ഭാര്യയെന്നെ വീട്ടിൽ കയറ്റത്തില്ല. അവളുടെ ഒരേ ഒരു സഹോദരനാണേ... എൻഗേജ്മെന്റിനും കല്യാണത്തിനും ഞങ്ങൾ കുടുംബസമേതം അങ്ങെത്തിക്കോളാം."
"ശരി സാം, എനിക്കു മനസ്സിലായി. സാരമില്ല, ഞാൻ തന്നെ നിർബന്ധിക്കുന്നില്ല."
ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾത്തന്നെ വിനോദ് വീട്ടിലെത്തി. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ മമ്മിയോട് ചോദിച്ചു:
"പള്ളിയിലെ അച്ചനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നോ മമ്മീ? തിരുമേനിയുടെ കാര്യം എന്തു പറഞ്ഞു?"
"അതൊക്കെ അച്ചൻ ഏറ്റിട്ടുണ്ട്. ഹാളും ബുക്ക് ചെയ്തു. അച്ചൻ ചിലപ്പോൾ ഇന്നിങ്ങോട്ടു വന്നേക്കും."
"അതു നന്നായി. നാളെ പോകാനുള്ളവരൊക്കെ എപ്പോൾ എത്തും?"
"എല്ലാവരോടും രാവിലെ പത്തുമണിയോടുകൂടി എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്."
അഞ്ചുമണിയായിട്ടും അച്ചനെ കാണാതിരുന്നപ്പോൾ വിനോദും മമ്മിയും കൂടി പള്ളിമേടയിലേക്ക് പോയി. കാളിംഗ് ബെല്ലടിച്ച് കാത്തുനിൽക്കെ, വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവന്നു.
"ആഹാ, നിങ്ങളായിരുന്നോ, അകത്തേക്കു വരൂ... എനിക്കിന്ന് അങ്ങോട്ടു വരാൻ സാധിച്ചില്ല. ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നു. നാലുമണിക്കാണ് പോയത്. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കല്യാണം നടത്തിത്തരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങൾ ടെൻഷനടിക്കേണ്ട, പള്ളിയിലെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. അരമനയിൽ പോയി പിതാവിനെ നേരിട്ടുകണ്ട് ക്ഷണിച്ചാൽ നന്നായിരുന്നു. കൈമുത്ത് കൊടുക്കുന്നത് കല്യാണം കഴിഞ്ഞായാലും മതി."
"എങ്കിൽ നാളെ നാലുമണിക്ക് ഞങ്ങൾ വരാം അച്ചനും കൂടി വന്നാൽ ഉപകാരമായിരുന്നു."
"തീർച്ചയായും വരാം. നാളെയാകുമ്പോൾ ഞാൻ ഫ്രീയാണ്."
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അച്ചാ, നാളെ വരാം."
"ആയിക്കോട്ടെ... നാളെ വിശുദ്ധ കുർബാനയ്ക്ക് വരണം കേട്ടോ.."
"വരാം അച്ചാ, പതിനൊന്നു മണിക്ക് കുറച്ച് ബന്ധുക്കളേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലോട്ട് പോകുന്നുണ്ട്."
"രാവിലെ ആറുമണിയ്ക്കുള്ള കുർബാനയ്ക്ക് വന്നാൽ മതി. എട്ടരയ്ക്ക് കഴിയും."
"ശരി വരാം..."
മടക്കയാത്രയിലെ അവരുടെ സംഭാഷണം മുഴുവനും കല്യാണത്തിന് ആളുകളെ ക്ഷണിക്കുന്നതിനെപ്പറ്റി ആയിരുന്നു.
"ഏതായാലും നാളെ അവരുടെ വീട്ടിൽ പോയിട്ടു വന്നാലുടൻ തന്നെ ക്ഷണക്കത്തടിക്കാൻ കൊടുക്കണം."
വീട്ടിലെത്തിയ വിനോദ്, പിറ്റേദിവസം പോകുമ്പോൾ ഇടാനുള്ള പാന്റ്സും ഷർട്ടുമൊക്കെ അയൺ ചെയ്തു വച്ചു. രാവിലെ പതിനൊന്നു മണിയോടുകൂടി ബന്ധുക്കളൊക്കെ എത്തിച്ചേർന്നു. ഭാഗ്യത്തിനാണ് വീട്ടുജോലിക്ക് ഒരാളിനെ കിട്ടിയത്. കല്യാണം കഴിയുന്നതുവരെ പുറത്തെ ജോലികൾക്കായി വേറൊരാളെക്കൂടി വച്ചു.
വന്നവർക്കെല്ലാം കുടിക്കാൻ ജ്യൂസ് കൊടുത്തു. കൃത്യം പതിനൊന്നര മണിക്ക് തന്നെ വീട്ടിൽ നിന്നും നാലുകാറുകളിലായി പുറപ്പെട്ടു.
അവരുടെ ബന്ധുക്കൾ പതിനഞ്ചു പേരോളം അവിടെയും ഉണ്ടായിരുന്നു. സംഭാഷണങ്ങൾക്കിടയിൽ പെൺകുട്ടിയെ വിളിച്ച് മുന്നിൽ നിർത്തി എല്ലാവരേയും പരിചയപ്പെടുത്തി. വന്നവരിൽ ചിലർ പെൺകുട്ടിയോട് ചോദിച്ചതിനൊക്കെ തൃപ്തികരമായിത്തന്നെ മറുപടി പറഞ്ഞു. എല്ലാവർക്കും കുട്ടിയെ വളരെ ഇഷ്ടമായി.
ഡോക്ടർ വിനോദിനെ ആരോ വിളിച്ചുകൊണ്ടുപോയി അകത്തെ ഒരു മുറിയിൽ കൊണ്ടിരുത്തി. പരിഭ്രമിച്ചിരുന്ന അയാളുടെ അരികിലേക്ക് ലേയ കടന്നുവന്നു.
"വിനുവേട്ടന് എന്നെ ശരിക്കും ഇഷ്ടമായോ?"
" എന്നെ എന്താണ് വിളിച്ചത്?"
"വിനുവേട്ടൻ എന്ന്; എന്തുപറ്റി, ഇഷ്ടപ്പെട്ടില്ലേ?"
"കുഴപ്പമില്ല, വിളിച്ചോളൂ..."
"ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..."
"എന്താണ് ചോദിച്ചത്?"
"എന്നെ ഇഷ്ടമായോന്ന്?"
"അതേ, ഇഷ്ടമായി. കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടോ?"
"എനിക്കെന്നേ ഇഷ്ടമാണ്. ഞാൻ ഡോക്ടറിന്റെ ഒരു ആരാധികയാണ്."
"അതിന് നമ്മൾ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ..."
"ആരു പറഞ്ഞു കണ്ടിട്ടില്ലെന്ന്, വിനുവേട്ടനെ ഞാൻ മൂന്നുപ്രാവശ്യം കണ്ടിട്ടുണ്ട്."
"എവിടെ വച്ചാണ് കണ്ടത്? ഞാൻ ഓർക്കുന്നില്ലല്ലോ..."
"ഞാൻ പഠിച്ചിരുന്ന കോളജിൽ, സംഘടിപ്പിച്ച സെമിനാറിൽ രണ്ടുതവണ വിനുവേട്ടൻ വന്ന് ക്ലാസ്സെടുത്തിട്ടുണ്ട്."
"പിന്നെ?"
"പിന്നെ ഒരിക്കൽ വേറൊരു ആശുപത്രിയിൽ വച്ച് നടത്തിയ സെമിനാറിലും പ്രസംഗിച്ചു. അന്ന് ഞാനും ഉണ്ടായിരുന്നു. ഞാനന്ന് വിനുവേട്ടന്റെ അരികിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. വിവാഹിതനായിരുന്നു എന്നാണ് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നത്. കല്യാണം കഴിച്ചിട്ടില്ലെന്ന്, അടുത്ത കാലത്താണ് അറിഞ്ഞത്.
എന്റെ ചാച്ചന്റെ ഒരു ഫ്രണ്ട് വഴിയാണ് വിനുവേട്ടന്റെ മമ്മിയുടെ അരികിൽ ഈ പ്രൊപ്പോസൽ എത്തിച്ചത്. എനിക്ക് വിനുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. ആദ്യം കണ്ടതുമുതൽ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്."
എല്ലാം കേട്ട് അമ്പരന്നുനിന്ന വിനോദിന്റെ വലതു കൈ ഗ്രഹിച്ച് അവൾ തന്റെ ചുണ്ടോടടുപ്പിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ അവനിൽത്തന്നെ ആയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ കണ്ണുകളും അവളെ തേടിയലഞ്ഞു. വീട്ടിൽ തിരിച്ചെത്തുന്നതുവരെ അവളുടെ രൂപവും സംസാരവും ഭാവങ്ങളുമെല്ലാം അയാളുടെ ഉള്ളിൽ നിറഞ്ഞുനിന്നു.
"താനറിയാതെ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ തന്റെ ജീവിതസഖിയാവാൻ പോകുന്നു. കല്യാണം വരെയുള്ള ഓരോ ദിവസങ്ങളും ഓരോ യുഗമായി അയാൾക്ക് തോന്നി.
വീട്ടിലെത്തിയ ഉടൻ തന്നെ ക്ഷണക്കത്തടിക്കാനുള്ള മാറ്റർ കൊടുക്കാൻ കടയിലേക്ക് പോയി. ലേയയുടെ വീട്ടിൽ നിന്നും വിവരങ്ങളെല്ലാം എഴുതി വാങ്ങിയ പേപ്പറിൽത്തന്നെ സ്വന്തം വിവരങ്ങളും എഴുതിച്ചേർത്തു.
ഇൻവിറ്റേഷൻ കാർഡിന്റെ ഡിസൈൻ സെലക്ട് ചെയ്തുകൊടുത്തിട്ട് വീട്ടിലെത്തി, മമ്മിയേയും കൂട്ടി പള്ളിയിലേക്ക് പോയി. അവരുടെ വരവും കാത്തിരുന്ന അച്ചൻ വേഗം ഇറങ്ങിവന്ന് വണ്ടിയിൽ കയറി.
അരമനയിലേക്കുള്ള വഴി അച്ചൻ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. മനോഹരമായ പൂന്തോട്ടങ്ങളാൽ അലങ്കരിച്ച വിശാലമായ മുറ്റത്തിന് നടുവിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ പ്രതിമയിൽ നോക്കി ഒരു നിമിഷം മനസ്സുകൊണ്ട് ധ്യാനിച്ചുനിന്നു. വണ്ടിയിൽ നിന്നുമിറങ്ങി അച്ചനോടൊപ്പം അകത്തേക്ക് നടന്നു. കാളിംഗ്ബെൽ അടിച്ച് കാത്തുനിൽക്കുമ്പോൾ ഒരു പരിചാരകൻ വന്ന് വാതിൽ തുറന്നു.
(തുടരും)
ഭാഗം 48
നിങ്ങൾ ഇവിടെ ഇരിക്കൂ... ഞാൻ ചെന്ന് ബിഷപ്പിനെ വിളിച്ചുകൊണ്ടുവരാം."
അച്ചൻ അകത്തേക്ക് പോയപ്പോൾ മമ്മി പറഞ്ഞു:
"മോനേ... ബിഷപ്പിന് കൈമുത്ത് വല്ലതും കൊടുക്കേണ്ടേ...?"
"കല്യാണം കഴിഞ്ഞ് കൊടുത്താൽപ്പോരേ, എത്രയാണ് കൊടുക്കേണ്ടത്?"
"നമുക്ക് അച്ചനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം."
"ശരി."
അല്പസമയത്തിനുള്ളിൽ ബിഷപ്പിനേയും കൂട്ടി അച്ചനെത്തി. ആദരപൂർവം എഴുന്നേറ്റുനിന്ന അവരെ ആശീർവദിച്ചതിനുശേഷം ബിഷപ്പ് പറഞ്ഞു:
"നിങ്ങൾ ഇരിക്കൂ, വിവാഹത്തിന്റെ കാര്യങ്ങളൊക്കെ അച്ചൻ പറഞ്ഞിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ."
"പിതാവിനെ നേരിട്ടുവന്ന് ക്ഷണിക്കാമെന്ന് കരുതി. ഇവന്റെ കല്യാണം നടത്തിത്തന്ന് ഞങ്ങളെ അനുഗ്രഹിക്കണം."
"അങ്ങനെയാവട്ടെ, അന്ന് വേറെ പരിപാടികൾ ഒന്നുമില്ല. പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, പറയുന്ന സമയം കൃത്യമായി പാലിക്കണം. പതിനൊന്നു മണിക്ക് ശുശ്രൂഷകൾ തുടങ്ങണമെങ്കിൽ, അതിന് മുൻപായിത്തന്നെ എല്ലാവരും പള്ളിയിൽ എത്തിയിരിക്കണം."
"ആ കാര്യത്തിൽ ഞങ്ങൾ ശ്രദ്ധിച്ചു കൊള്ളാം."
"എങ്കിൽപ്പിന്നെ, ബാക്കി കാര്യങ്ങളൊക്കെ അച്ചനെ അറിയിച്ചാൽ മതി."
"അങ്ങനെ ചെയ്യാം പിതാവേ..."
ബിഷപ്പിനോട് യാത്രപറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അച്ചനെ പള്ളിമേടയിൽ കൊണ്ടുവിട്ടിട്ട് വീട്ടിലേക്ക് പോയി. ഡാഡിയോട് വിശദമായി കാര്യങ്ങളൊക്കെ പറഞ്ഞതിനുശേഷം വിനോദ് മുറിയിലേക്ക് പോയി. രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിനോദ് ചോദിച്ചു:
"മമ്മീ, ഇനി ഷോപ്പിംഗിന് പോകണ്ടേ?എൻഗേജ്മെന്റിനും കല്യാണത്തിനുമൊക്കെ എല്ലാവർക്കും ഡ്രസ്സ് എടുക്കണ്ടേ? പിന്നെ വാഴ്ത്താനുള്ള സ്വർണമാലയും കുരിശും. മോതിരം എൻഗേജ്മെന്റിന്റെ ദിവസം തന്നെ വേണമല്ലോ."
"എല്ലാം വേണം, പെണ്ണിനുള്ള മോതിരം അവർ കൊണ്ടുവരുമായിരിക്കും. നാളെ നീ പോയിട്ട് എന്ന് വരും?"
"വെളളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് വരാം. ശനിയാഴ്ച രാവിലെ തന്നെ നമുക്ക് ഷോപ്പിംഗിന് പോകണം. ക്ഷണക്കത്ത് മറ്റന്നാൾ അവരിവിടെ കൊണ്ടുത്തരും. നമ്മുടെ ഇടവകക്കാരുടേയും നാട്ടിലെ അടുപ്പമുള്ളവരുടേയും വീടുകളിൽ ക്ഷണക്കത്തു കൊണ്ടുക്കൊടുക്കാൻ ആരെയെങ്കിലും വിടണം. അങ്കിളിനോട് പറഞ്ഞാൽ പോവില്ലേ?"
"ഞാൻ പറഞ്ഞുനോക്കാം, അവന് നല്ല സുഖമില്ലാതിരിക്കുകയാണ്. എന്നാലും പറയാം."
"നമ്മൾ നേരിട്ടുപോയി വിളിക്കേണ്ട വീടുകൾ വല്ലതുമുണ്ടോ മമ്മീ?
"ഡാഡിയുടേയും എന്റെയും സഹോദരങ്ങളുടേയും വീടുകളിൽ ചെന്ന് വിളിച്ചില്ലെങ്കിൽ ആരും വരില്ല. ഇൻവിറ്റേഷൻ കാർഡ് കിട്ടിയിട്ട്, ഒരു വണ്ടി വിളിച്ചുകൊണ്ട് ഞങ്ങൾ പോയിട്ടുവരാം."
"നിങ്ങൾക്കു പറ്റുമോ?"
"അല്ലാതെന്തു ചെയ്യും?"
"ഉം..."
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ, ഒരു കാര്യസ്ഥനെപ്പോലെ ആരെയെങ്കിലും സഹായത്തിന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു പോയി. പതിവിലും നേരത്തേ തന്നെ എഴുന്നേറ്റ് റെഡിയായി. ഒരുപാട് കാര്യങ്ങൾ തലയ്ക്കുള്ളിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
"മമ്മീ, ഞാനിറങ്ങുന്നു, ഡാഡി എഴുന്നേൽക്കുമ്പോൾ പറഞ്ഞര്."
"ഒന്നും കഴിക്കാതെ പോവുകയാണോ?"
"സമയമില്ല, അവിടെ ചെന്നിട്ട് കാന്റീനിൽ നിന്നും കഴിച്ചോളാം."
"ശരി."
ജോലിത്തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന ഇടവേളകളിൽ ഡോക്ടർ വിനോദ് പലരേയും വിളിച്ച് കല്യാണക്കാര്യം അറിയിച്ചു. അക്കൂട്ടത്തിൽ സബ് ഇൻസ്പെക്ടർ അരുൺ പോളിനേയും ക്ഷണിച്ചു.
"ഡോക്ടർ അവസാനം നല്ല വഴിക്ക് തന്നെ ചിന്തിച്ചതിൽ അതിയായ സന്തോഷമുണ്ട്. മറ്റു തിരക്കുകളൊന്നുമില്ലെങ്കിൽ തീർച്ചയായും ഞാൻ കല്യാണത്തിന് വരും. എന്റെ എല്ലാവിധ മംഗളാശംസകളും നേർന്നുകൊള്ളുന്നു.
"ഒത്തിരി നന്ദിയുണ്ട് സാർ."
"അപ്പോൾ ശരി, കാണാം."
"ഓ.കെ."
ഓ.പി കഴിഞ്ഞ് ഡോക്ടർ സാമിനോടൊപ്പം സംസാരിച്ചുകൊണ്ട് വാർഡിലേക്ക് നടന്നു.
"കല്യാണം വിളിക്കാൻ തുടങ്ങിയോ?"
"കുറേപ്പേരെയൊക്കെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇൻവിറ്റേഷൻ കാർഡ് മറ്റന്നാളേ കിട്ടുകയുള്ളൂ... അതെടുത്തു കൊണ്ടുവരാൻ ഇനി പോകണം."
"അവരോട് വാട്ട്സ്ആപ്പിലേക്ക് കാർഡ് അയച്ചു തരാൻ പറയൂ.. അപ്പോൾ പിന്നെ ഈസി അല്ലേ? എല്ലാവർക്കും അതങ്ങു അയച്ചു കൊടുത്താൽ പോരേ? ആശുപത്രിയിലെ ഓരോ ഡിപ്പാർട്ടുമെന്റിനും ഓരോ കാർഡ് മതി."
"ആഹാ... അതു ശരിയാണല്ലോ. എങ്കിൽ ഇന്നുതന്നെ അയച്ചുതരാൻ ഞാൻ പറയാം."
അന്ന് രണ്ടുപേരും കൂടിയാണ് വാർഡിൽ റൗണ്ട്സ് എടുത്തത്. ഡ്യൂട്ടിയിൽ സ്റ്റാഫൊക്കെ കുറവായതിനാൽ കൂടെയുണ്ടായിരുന്ന നഴ്സിനോട് ഡോക്ടർ വിനോദ് ചോദിച്ചു:
"സിസ്റ്റർ ഇന്ന് ഒറ്റയ്ക്കേയുള്ളോ?"
"അതേ ഡോക്ടർ, ഫൈനൽ ഇയർ ബാച്ചിന്റെ എക്സാം അടുത്ത ആഴ്ച്ചയിൽ തുടങ്ങുന്നതിനാൽ അവർക്കെല്ലാം സ്‌റ്റഡിലീവ് ആണ്. തനിച്ച് മാനേജ് ചെയ്യാൻ വളരെ പ്രയാസമാണ്."
"അതു ശരി, ഞാനക്കാര്യം ഓർത്തതേയില്ല. ആ ഗ്രീഷ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ടെന്ന് അറിയാമോ?"
"ഇപ്പോഴും ആശുപത്രിയിൽത്തന്നെയാണ്. ഐ. സി. യു വിൽ നിന്നും മാറ്റി ഇപ്പോൾ റൂമിലാണ് ബെറ്റർ ആണെങ്കിലും പഴയതു പോലെയൊന്നും ആയിട്ടില്ലെന്നാണ് കേട്ടത്."
"ആ കുട്ടിയുടെ കാര്യം എന്തായാലും കഷ്ടമായിപ്പോയി!"
വാർഡിൽ നിന്നും തിരികെ പോകുമ്പോൾ അയാൾ സാമിനോട് ചോദിച്ചു:
"സാം, ഇന്ന് ഫ്രീയാണോ?"
"എന്തിനാണ് ഡോക്ടർ?"
"നമുക്ക് പോയി ആ കുട്ടിയെ ഒന്നു കണ്ടാലോ?"
"ശരി പോകാം, ഇവിടെ അടുത്തല്ലേ?"
"ഇന്നിനി ചെയ്യാൻ ഒന്നുമില്ലല്ലോ... എങ്കിൽ വരൂ, നമുക്ക് എന്റെ കാറിൽ പോകാം."
"അതു വേണ്ട ഡോക്ടർ, ഞാനും വണ്ടിയെടുത്തോളാം. പിന്നീട് ഇങ്ങോട്ടു വരേണ്ടല്ലോ..."
"എങ്കിൽ ശരി."
മുന്നിലും പിറകിലുമായി രണ്ടുപേരും ഗ്രീഷ്മ കിടക്കുന്ന ആശുപത്രിയിൽ എത്തി. വണ്ടി പാർക്ക്ചെയ്തിട്ട് ഇരുവരും ഇറങ്ങി റിസ്പ്ഷനി ഷേക്ക് നടന്നു.
"ഗ്രീഷ്മാ ചെറിയാൻ ഏതു മുറിയിലാണ് കിടക്കുന്നത്?"
"മൂന്നാമത്തെ നിലയിൽ മുന്നൂറ്റിയെട്ടിലാണ്."
"ഡോക്ടർ വിനോദ് അല്ലേ? സാറിനെ എനിക്കറിയാം."
"അതേ..."
ലിഫ്റ്റ് കയറി മൂന്നാമത്തെ നിലയിലെ ഇടനാഴിയിലൂടെ നടന്ന് മുറിയുടെ മുന്നിലെത്തി. വാതിലിൽ മുട്ടിയിട്ട് ചാരിക്കിടന്നിരുന്ന കതക് തുറന്ന് അകത്തുകയറി.
പുതിയ ഡോക്ടേർസ് ആണെന്നു കരുതി ചെറിയാച്ചനും മോളിക്കുട്ടിയും എഴുന്നേറ്റു നിന്നു. കട്ടിലിൽ ഒരു വശം ചരിഞ്ഞു കിടക്കുകയായിരുന്നു ഗ്രീഷ്മ. അവളുടെ ദയനീയമായ രൂപം കണ്ട് ഡോക്ടർ വിനോദ് ഒന്നു ഞെട്ടി. തലയിൽ പുതുതായി വളർന്നു വരുന്ന കുറ്റിമുടികൾ; രക്തമയമില്ലാത്ത ശോഷിച്ച ശരീരം! അവളുടെ പഴയ രൂപവും ഭാവങ്ങളും കുസൃതികളും ചലനങ്ങളുമെല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി.
'എന്തൊരു ശിക്ഷയാണിത്, ഒരുപാട് പരീക്ഷണങ്ങളിലൂടെയാണല്ലോ ഈ കുട്ടി കടന്നുപോകുന്നത്!'
"മകൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
ഡോക്ടർ സാമിന്റെ ചോദ്യത്തിനോട് ചെറിയാച്ചൻ പ്രതികരിച്ചു.
"കണ്ടില്ലേ കിടക്കുന്നത്? എഴുന്നേറ്റ് നടക്കാറൊന്നും ഇതുവരെ ആയിട്ടില്ല. നിങ്ങളെ മനസ്സിലായില്ലല്ലോ... പുതിയ ഡോക്ടർസ് ആണോ?"
"ഗ്രീഷ്മ പഠിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടേർസ് ആണ് ഞങ്ങൾ. അവരുടെ ബാച്ചിന് ഞാൻ ക്ലാസ്സ് എടുക്കുന്നുണ്ടായിരുന്നു. എന്റെ പേര് വിനോദ് ചാക്കോ, ഇതെന്റെ ഫ്രണ്ട് ഡോക്ടർ സാം."
"നിങ്ങൾ ഇരിക്കൂ..." ചെറിയാച്ചൻ കസേരകൾ നീക്കിയിട്ടു.
ഡോക്ടർ വിനോദിന്റെ സ്വരം കേട്ടപ്പോൾ ഗ്രീഷ്മയുടെ കണ്ണുകൾ തിളങ്ങി. കട്ടിലിൽ പിടിച്ചുകൊണ്ട് അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. അവളുടെ മമ്മി അരികിലെത്തി സഹായിച്ചു. പ്രതീക്ഷിക്കാത്ത സന്ദർശകരെ കണ്ട് അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
"സങ്കടപ്പെടാതെ കുട്ടീ, എല്ലാം ശരിയാവും."
അവരോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ചില ശബ്ദങ്ങൾ മാത്രമേ പുറത്തു വന്നുള്ളൂ... കരയുന്നതിനിടയിൽ ഡോക്ടർ വിനോദിന്റെ നേരേ നോക്കി കൈകൂപ്പി. ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു ചോദിക്കുകയാണെന്ന് അവളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു.
"ഡോക്ടറിനോട് എന്തൊക്കെയോ പറയുന്നുണ്ടല്ലോ. പക്ഷേ, ഒന്നും വ്യക്തമാകുന്നില്ല."
ഗ്രീഷ്മയുടെ അരികിലേക്ക് കസേര വലിച്ചിട്ടിട്ട് അതിലിരുന്നുകൊണ്ട് വിനോദ് പറഞ്ഞു..
"ഗ്രീഷ്മയ്ക്ക് ഞങ്ങളെ മനസ്സിലായോ?"
"അതേ എന്നർത്ഥത്തിൽ അവൾ തലയാട്ടി."
തോർത്തുകൊണ്ട് അവളുടെ മുഖം തുടച്ചിട്ട് ചെറിയാച്ചൻ ദുഃഖത്തോടെ പറഞ്ഞു...
(തുടരും)
ഭാഗം 49
ഹൃദയ വേദനയോടെ ഗ്രീഷ്മയുടെ പപ്പ പറഞ്ഞു:
"ഞങ്ങളുടെ കൊച്ച് ഒരുപാട് അനുഭവിച്ചു സാറേ. അവളുടെ ഉള്ളിലെ വിഷമങ്ങളെല്ലാം നിങ്ങളെ കണ്ടപ്പോൾ പുറത്തുവന്നതാണ്."
"അതേയതേ... എന്നെ വലിയ ഇഷ്ടമായിരുന്നു."
"എന്നത്തേക്ക് വീട്ടിൽപ്പോകാൻ പറ്റും, ഡോക്ടർ എന്തു പറഞ്ഞു?"
"അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഈ അവസ്ഥയിൽ എങ്ങനെ വീട്ടിൽ കൊണ്ടുപോകും? കുറച്ചുകൂടി ശരിയായിട്ട് പോകാമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതിനകം തന്നെ ഒരുപാട് പണം ചിലവായി. എന്നാലും സാരമില്ല, ഇവൾ നന്നായി സംസാരിക്കുകയും എഴുന്നേറ്റ് നടക്കുകയുമൊക്കെ ചെയ്താൽ മതിയായിരുന്നു."
"വിഷമിക്കാതെ, എല്ലാം ശരിയാവും. ഇത്രയും ആയില്ലേ... അല്പം കാലതാമസം വന്നാലും ഗ്രീഷ്മ പഴയതുപോലെ തന്നെയാവും. ഒന്നുമല്ലെങ്കിലും ഞങ്ങളെയൊക്കെ ഓർമയുണ്ടല്ലോ..."
"ഡോക്ടർ വിനോദിനെപ്പറ്റി ഇവൾ പറഞ്ഞു കേട്ടിട്ടുണ്ട്. നേരിൽ കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഡോക്ടറിന്റെ കുടുംബമൊക്കെ ഇവിടെയുണ്ടോ?"
"എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഉടനെ തന്നെയുണ്ട്. അതിന്റെ കാര്യങ്ങളൊക്കെ ആയിട്ട് കുറച്ച് തിരക്കിലുമാണ്."
"ഉടനെയെന്നുപറഞ്ഞാൽ എന്നാണ്?"
"അടുത്ത തിങ്കളാഴ്ച എൻഗേജ്മെന്റാണ്. ഒരാഴാഴ്ച കഴിഞ്ഞ് കല്യാണവും."
"പെൺകുട്ടി ഡോക്ടർ തന്നെ ആയിരിക്കും, അല്ലേ?"
"അതേ..."
"നന്നായി വരട്ടെ... തിരക്കിനിടയിലും ഇവിടെ വരെ വന്ന് മോളേ കാണാൻ തോന്നിയല്ലോ... നിങ്ങളുടെ നല്ല മനസ്സിന് ഒത്തിരി നന്ദി."
"കുറേ ദിവസങ്ങളായി വരണമെന്ന് ആഗ്രഹിച്ചെങ്കിലും ഇപ്പോഴാണ് കഴിഞ്ഞത്."
"ഡോക്ടർ, എങ്കിൽ നമുക്ക് ഇറങ്ങാം." സാം ധൃതി കൂട്ടി.
"ശരി പോകാം, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ? ഗ്രീഷ്മാ, അസുഖമൊക്കെ മാറി തിരിച്ചുവരണം. ഇപ്പോൾ എഴുതാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ചാൻസിൽ പരീക്ഷയൊക്കെ എഴുതണം കേട്ടോ..."
സംശയത്തിന്റെ നിഴലുകൾ വീണ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ തലയാട്ടി.
"മരിച്ചു ജീവിച്ചതാണ് എന്റെ കുട്ടി. ഇതിവളുടെ പുനർജന്മമാണ് ഡോക്ടർ. ജീവൻ തിരിച്ചുകിട്ടിയതിൽ തമ്പുരാനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാലം കഴിയുന്നതുവരെ ഇനിയിവളെ എങ്ങോട്ടും വിടില്ല."
"അതേ, ദൈവത്തിനോട് നന്ദി പറയാം.. എങ്കിൽ ഞങ്ങളിറങ്ങട്ടെ?"
"ഓ... ആയിക്കോട്ടെ, ഇങ്ങനെയൊരു അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ കല്യാണം കൂടാൻ ഞങ്ങളും വരുമായിരുന്നു..."
"അത് സാരമില്ല, സാഹചര്യങ്ങൾ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.''
അവിടെ നിന്നുമിറങ്ങുമ്പോൾ വിനോദിന്റെ മനസ്സിൽ ഗ്രീഷ്മയോടുളള വെറുപ്പെല്ലാം അലിഞ്ഞില്ലാതെയായി.
"ആ കുട്ടിയുടെ രൂപം പോലും മാറിപ്പോയി. എന്തു മിടുക്കിയായിരുന്നു!"
"ശരിയാണ് സാം... ആ കുട്ടിയെ ഈ അവസ്ഥയിൽ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ.. ഇനിയൊരിക്കലും ഗ്രീഷ്മയെ പഴയതുപോലെ കാണാൻ കഴിയില്ലെന്നുള്ള സത്യം ഉൾക്കൊള്ളാനാവുന്നില്ല സാം."
"ശരിയാണ് ഡോക്ടർ. വിധിയുടെ ചതുരംഗപ്പലകയിലെ കരുക്കൾ പോലെയാണ് മനുഷ്യരും."
"അതേയതേ, എങ്കിൽ ശരി, നമുക്ക് നാളെ കാണാം."
തമ്മിൽ കൈകൊടുത്ത് അവർ പിരിഞ്ഞു. തിരിച്ചു മുറിയിലെത്തിയിട്ടും ഗ്രീഷ്മയുടെ ദയനീയമായ രൂപം തന്നെയായിരുന്നു വിനോദിന്റെ മനസ്സിൽ. ഫോണിലേക്കയച്ചുതന്ന കല്യാണക്കുറി, എല്ലാ ഗ്രൂപ്പുകളിലേക്കും അയച്ചുകൊടുത്തു. ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓർത്തുകൊണ്ട് കിടന്നെങ്കിലും ഗ്രീഷ്മയുടെ രൂപം മനസ്സിലേക്ക് ഓടിവന്നു.
"ശാലിനിയുടെ മരണത്തിന് പിറകിൽ ഗ്രീഷ്മയുടെ കൈകളുണ്ടായിരുന്നെങ്കിൽ, അതിന്റെ ശിക്ഷ അവളനുഭവിച്ചു കഴിഞ്ഞു. കൈകൂപ്പി തന്നോടവൾ മാപ്പപേക്ഷിച്ചപ്പോൾ ശരിക്കും അവളോട് മനസ്സലിവ് തോന്നി. അവളോടുണ്ടായിരുന്ന പകയും വെറുപ്പുമെല്ലാം എവിടെയോ പോയൊളിച്ചു.'
പപ്പയും മമ്മിയും എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ ഗ്രീഷ്മ കൂട്ടാക്കിയില്ല. വല്ലാത്തൊരു വാശി കാണിച്ചുകൊണ്ടിരുന്ന അവളെ അനുനയിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
വാതിലിൽ മുട്ടുന്നത് കേട്ട് മോളിക്കുട്ടി പറഞ്ഞു.."ആരാണാവോ ഈ സമയത്ത്?"
"നീ പോയി കതക് തുറക്ക്."
അകത്തേക്ക് കയറിവന്ന അലക്സിനേയും അരുണിനേയും കണ്ട് ഗ്രീഷ്മ കണ്ണടച്ച് കിടന്നു.
"ആഹാ, രണ്ടുപേരും ഉണ്ടല്ലോ... ഇന്നത്തെ തിരക്കുകളൊക്കെ കഴിഞ്ഞോ?"
"ഇന്നെങ്ങും പോയില്ല. ഓഫീസിൽത്തന്നെ ആയിരുന്നു. വീട്ടിൽ പോകാൻ തുടങ്ങിയ അരുണിനേയും വിളിച്ചുകൊണ്ട് ഇങ്ങോട്ടു പോരുന്നു."
"അപ്പോൾ നിങ്ങൾ ഭക്ഷണം കഴിച്ചുകാണില്ലല്ലോ."
"ഭക്ഷണമൊക്കെ ഇനി വീട്ടിലെത്തിയിട്ടേ ഉള്ളൂ."
"ഞങ്ങളും കഴിച്ചില്ല, കൊണ്ടുവച്ചത് അങ്ങനെ തന്നെ ഇരിക്കുന്നു."
"അതെന്താണ് ഇതുവരെ നിങ്ങൾ കഴിക്കാതിരുന്നത്, ഗ്രീഷ്മയും കഴിച്ചില്ലേ?"
"എത്ര നിർബന്ധിട്ടും അവളൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല. ഇന്നലെ മുതൽ ഒരുതരം വല്ലാത്ത വാശിയാണ്."
"അതെന്തു പറ്റി?"
"ഗ്രീഷ്മേ... നീയെന്താണ് ഭക്ഷണം കഴിക്കാത്തത്, ഇങ്ങനെ വാശിപിടിച്ച് പപ്പയേയും മമ്മിയേയും വിഷമിപ്പിക്കുന്നത് എന്തിനാണ്?"
വല്ലാത്തൊരു നോട്ടത്തിലൂടെ തന്റെ പ്രതിഷേധം അറിയിച്ചിട്ട് അവൾ തിരിഞ്ഞുകിടന്നു.
"ഇവളിങ്ങനെയൊക്കെ പെരുമാറുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ അച്ചായാ?"
"ഇവൾ പഠിച്ചിരുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടേർസ് ഇന്നലെ ഇവളെക്കാണാൻ
ഇവിടെ വന്നിരുന്നു. അവരോട് എന്തൊക്കെയോ പറയാൻ അവൾ ശ്രമിക്കുകയും ചെയ്തു. അവർ പോയതിൽപ്പിന്നെയാണ് അവൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്."
"ആരാണവർ?"
"ഒരു വിനോദും സാമും. രണ്ടുപേരും അവിടുത്തെ ഡോക്ടേർസ് ആണ്."
"അവർ വെറുതേ വന്നതാണോ?"
"മോളെ കാണാനായിട്ടാണ് വന്നത്. വിനോദ് ഡോക്ടറുടെ കല്യാണമാണെന്നും പറഞ്ഞു."
"മ്... എന്നെയും ക്ഷണിച്ചിട്ടുണ്ട്."
"അയാൾ അരുണിന്റെഫ്രണ്ടാണോ?"
"ആ ഡോക്ടറിനെപ്പറ്റി ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്. കേസിന്റെ ആവശ്യത്തിനായി പലപ്പോഴും വിളിച്ച് സംസാരിച്ചിട്ടുമുണ്ട്."
അലക്സ് ഗ്രീഷ്മയെ തട്ടിവിളച്ചിട്ട് ചോദിച്ചു...
"മോളെക്കാണാൻ ഇന്നലെ ഇവിടെ ആരാണ് വന്നത്?"
അവ്യക്തമായ ഭാഷയിൽ അവളെന്തൊക്കെയോ പറഞ്ഞു.
"അച്ചായാ, അവളിനി നല്ല കുട്ടിയായിരിക്കും. ഒരു വാശിയും കാണിക്കില്ല, ഭക്ഷണമൊക്കെ കഴിച്ചോളും. എടുത്തു കൊടുത്താട്ടെ ചേടത്തീ, ഗ്രീഷ്മ കഴിച്ചുകഴിഞ്ഞിട്ടേ ഞങ്ങൾ ഇവിടെ നിന്നും പോകുന്നുള്ളൂ..."
കട്ടിലിൽ ചാരിയിരുന്ന് മോളിക്കുട്ടി കൊടുത്ത ഭക്ഷണം അവൾ കഴിക്കുന്നത് കണ്ടു കൊണ്ടാണ് അലക്സും അരുണും അവിടെ നിന്നും പോയത്. പലതും ചിന്തിച്ചുകൊണ്ടുനടന്ന അരുൺ പറഞ്ഞു:
"ഡോക്ടർ വിനോദിന്റെ കല്യാണക്കാര്യം അറിഞ്ഞപ്പോൾ മുതലായിരിക്കും ഗ്രീഷ്മ റിയ്ക്ട്ചെയ്യാൻ തുടങ്ങിയത്."
"അയാൾ കല്യാണം കഴിക്കുന്നതിന് അവൾക്കെന്താണ് പ്രശ്നം?"
"അവളുടെ ഉള്ളിലിപ്പോഴും അയാളോടുള്ള ഇഷ്ടം കാണുമായിരിക്കും. അയാളെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നല്ലോ അരുൺ സ്നേഹിച്ച ശാലിനിയെ, ഗ്രീഷ്മ എപ്പോഴും ദ്രോഹിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അയാളുടെ കല്യാണമാണെന്ന് കേട്ടപ്പോൾ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുകാണില്ലായിരിക്കും."
"മ്.... ഈ മനസ്സെന്നൊക്കെ പറയുന്നത് ഒരു പ്രഹേളികയാണ്, അല്ലേടോ?"
"അതേ സാർ."
പാർക്കിംഗ് ഏറിയായിൽ വച്ച് തമ്മിൽ യാത്രപറഞ്ഞ് തൽക്കാലത്തേക്ക് രണ്ടുപേരും പിരിഞ്ഞു.
രാവിലെതന്നെ വാർഡുകളിലും ഐ.സി.യു വിലുമെല്ലാം ചെന്ന് രോഗികളെ പരിശോധിച്ചിട്ടാണ് അന്ന് ഡോക്ടർ വിനോദ് ഓ.പി യിലേക്ക് പോയത്. നേരേ ഡോക്ടർ സാമിന്റെ കാബിനിലേക്ക് ചെന്ന് കസേര വലിച്ചിട്ട് അയാൾക്കഭിമുഖമായി ഇരുന്നു.
"എന്താണ് ഡോക്ടർ വിശേഷിച്ച്?"
"എന്റെ അവധിയൊക്കെ അനുവദിച്ചു കിട്ടിയിട്ടുണ്ട്."
"എന്നുമുതലാണ് അവധി?"
"അടുത്ത ബുധനാഴ്ച മുതൽ."
"ഷോപ്പിംഗ് ഒക്കെ അതുകഴിഞ്ഞേ ഉള്ളോ?"
"അല്ല, ഈ ശനിയാഴ്ച പോകണമെന്ന് വിചാരിക്കുന്നു. ഏതായാലും ഇൻവിറ്റേഷൻ കാർഡ് എടുക്കാനായി ഇന്ന് വീട്ടിലേക്ക് പോകണം. നാളെ വന്നിട്ട് വെള്ളിയാഴ്ച വീണ്ടും പോകും."
"എങ്കിൽപ്പിന്നെ തിങ്കളാഴ്ച വരുമ്പോൾ കാർഡ് കൊണ്ടുവന്നാൽ പോരേ? വെറുതേ എന്തിനാണ് ഇന്ന് പോകുന്നത്? പോരെങ്കിൽ എല്ലാവർക്കും ഡിജിറ്റൽ കാർഡ് അയച്ചുകൊടുത്തതുമല്ലേ?"
"അതു ശരിയാണ്, എങ്കിൽപ്പിന്നെ അതു മതി. മമ്മിയെ വിളിച്ചുപറയാം."
"തക്കസമയത്ത് നൽകുന്ന തന്റെ ഓരോ ഉപദേശങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്. ഡാഡിക്ക് വയ്യാത്തതുകൊണ്ട് എല്ലാക്കാര്യങ്ങളും എന്റെ തലയിലാണ്. ഒരു ചേട്ടനോ അനിയനോ ഇല്ലാത്തതിന്റെ ദോഷം ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്."
പൊതുവേ എല്ലാവരുമായി അകലം പാലിക്കുന്ന തന്റെ പ്രശ്നങ്ങളൊക്കെ ഒന്ന് പങ്കുവയ്ക്കാൻ സാമെങ്കിലും ഉണ്ടല്ലോ എന്നോർത്ത് അയാൾ ആശ്വസിച്ചു.
(തുടരും)
ഭാഗം 50
ചിന്താമഗ്നനായി തന്റെ മുൻപിൽ ഇരിക്കുന്ന ഡോക്ടർ അരുണിനെ സാന്ത്വനിപ്പിച്ചുകൊണ്ട് സാം പറഞ്ഞു...
"സമയമാവുമ്പോൾ അതൊക്കെയങ്ങ് നടക്കും. ഒന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല..."
"താങ്ക്യൂ സാം. കല്യാണവും എൻഗേജ്മെന്റും തിങ്കളാഴ്ച ദിവസം ആയതുകൊണ്ട് തനിക്ക് വരാൻ സാധിക്കുമോ? രണ്ടു ദിവസങ്ങളിലും അവധിയെടുക്കേണ്ടിവരും."
"അതൊക്കെ ഞാൻ വന്നോളാം. ഇവിടുത്തെ കാര്യങ്ങളൊക്കെ ടീമിലുള്ളവർ നോക്കട്ടെ. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ആരെങ്കിലും വരുമായിരിക്കും. നഴ്സിംഗ് ഡിപ്പാർട്ട്മെന്റിനും കൂടി ഒരു കുറി കൊടുക്കണം."
"ഓ.കെ, എങ്കിൽ ഞാൻ കാബിനിലേക്ക് ചെല്ലട്ടെ. രോഗികൾ പുറത്ത് കാത്തുനിൽക്കുന്നുണ്ട്."
"ശരി ഡോക്ടർ."
മോഷണക്കേസ്സിൽ പിടിച്ചുകൊണ്ടു വന്ന പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ അരുണിന്റെ ഫോൺ റിംഗ് ചെയ്തു.
"ഹലോ ആരാണ്?"
"അരുൺ സാറല്ലേ? ഞാൻ കട്ടപ്പനയിൽ നിന്നും അവറാച്ചനാണ്."
"ആ... മനസ്സിലായി, പറയൂ..."
"സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഭംഗിയായിത്തന്നെ ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടുമണിക്ക് തുടങ്ങിയ പൂജകളും കർമങ്ങളുമെല്ലാം പത്തുമണിക്കാണ് തീർന്നത്. പുജാരിയെ വിളിച്ച് പ്രത്യേക ചിട്ടവട്ടങ്ങളോടെ ഭക്തിപുരസ്സരം നിർവഹിച്ചു. തുടക്കം മുതൽ ഒടുക്കം വരെ സകലത്തിനും ഞാനും ദൃക്സാക്ഷിയായി.
ഇനിയും ആരേയും ശല്യം ചെയ്യാൻ ഞങ്ങളുടെ കൊച്ചിന്റെ ആത്മാവ് അലഞ്ഞുതിരിയില്ലെന്ന് തന്നെ വിശ്വസിക്കാം. മോക്ഷം കിട്ടിയ അവളുടെ ആത്മാവ് ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടാവും. പുനർജന്മത്തിൽ എനിക്ക് വിശ്വാസമില്ലെങ്കിലും ഇനിയൊരു ജന്മമുണ്ടെങ്കിൽ, അവൾ ഞങ്ങളുടെ മകളായി ജനിച്ചിരുന്നെങ്കിലെന്നാശിച്ചു പോവുകയാണ്."
"വിവരങ്ങളെല്ലാം വിശദമായി അറിയിച്ചതിന് ഒത്തിരി നന്ദിയുണ്ട്... മാലാഖമാരുടെ ഗണത്തിൽ, ശാലിനിയുടെ ആത്മാവും സ്വർഗീയവാസത്തിന് അർഹത നേടിയെന്ന് തന്നെ വിശ്വസിക്കാം."
"അതേ സാർ..."
"പിന്നെ, നിങ്ങൾക്കൊന്നും പരാതിയില്ലാത്ത സ്ഥിതിക്ക് കേസ്സിന്റെ അന്വേഷണം അവസാനിപ്പിച്ച് ഫയലും ക്ലോസ് ചെയ്തു."
"അവളുടെ മരണത്തിന് ആരെങ്കിലും ഉത്തരവാദികൾ ആയിട്ടുണ്ടെങ്കിൽ, ദൈവത്തിന്റെ ന്യായാസനത്തിന് മുൻപാകെ തീർച്ചയായും അവർ കുറ്റക്കാരാവുകയും അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.
"ചിലപ്പോൾ ഈ ലോകത്തിൽ വച്ചുതന്നെ അവർ ദൈവശിക്ഷ അനുഭവിച്ചെന്നും വരും."
"അതേ... സാറിന്റെ ആത്മാർത്ഥതയ്ക്ക് നന്ദി പറയുന്നു."
"ഒത്തിരി സന്തോഷം, ബൈ..."
ഹോസ്റ്റലിലെ സ്റ്റഡിറൂമിലെ നിശ്ശബ്ദതയിൽ പരീക്ഷയ്ക്ക് പ്രിപ്പയർ ചെയ്യുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു. മിക്കവരും അവരവരുടെ മുറിയിൽത്തന്നെ ഇരുന്നാണ് പഠിക്കുന്നത്. നീതുവും ലിൻസിയും അഞ്ജലിയും ഒരുമിച്ചിരുന്നാണ് പഠിച്ചുകൊണ്ടിരുന്നത്.
"അഞ്ജലീ, പഠിച്ചിട്ട് ഒന്നും എന്റെ തലയിലോട്ടു കയറുന്നില്ല...നല്ല ടെൻഷനുമുണ്ട്."
"എന്തു പറ്റിയെടീ?"
"ഗ്രീഷ്മയുടെ കാര്യം ഓർക്കുമ്പോൾ ഒരു വല്ലാത്ത വിഷമം! നാലുവർഷം ഒരുമിച്ച് പഠിച്ചിട്ട് എക്സാമെഴുതാൻ അവൾക്ക് ഭാഗ്യമില്ലാതായല്ലോ."
"അലീനയും പോയിട്ട് വന്നില്ലല്ലോ.. അവൾ പരീക്ഷയെഴുതാൻ വരുമെന്ന് തന്നെയായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇന്നലെ മേട്രൻ വിളിച്ചപ്പോൾ, ഇപ്പോഴും ചികിത്സയിലാണെന്നാണ് അവളുടെ അമ്മ പറഞ്ഞത്. പാവം, അവൾക്കെന്തെല്ലാം പ്രതീക്ഷകളായിരുന്നു! എല്ലാം പോയില്ലേ... മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായി എപ്പോഴും ഉറക്കമാണെന്ന്. ഈ അവസ്ഥയിൽ പഠിത്തവും പരീക്ഷയുമൊക്കെ അസാധ്യമാണെന്നാണ് പറയുന്നത്."
"ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ശാലിനി ഇന്നെവിടെയാണ്? വിളിച്ചാൽ കേൾക്കുന്ന ഒരു ലോകത്തിൽ അവളിന്നില്ലല്ലോ... കഴിഞ്ഞ കുറേ മാസങ്ങൾക്കുള്ളിൽ എന്തെല്ലാം ദുരന്തങ്ങളാണ് നമ്മുടെയിടയിൽ നടന്നത്."
ലിൻസി പറഞ്ഞതിനോട് അഞ്ജലി പ്രതികരിച്ചു...
"ഇതിനെല്ലാം കാരണം ഗ്രീഷ്മയുടെ അസൂയയും സ്വാർത്ഥതയാണ്."
"അങ്ങനെ അവളെ മാത്രം കുറ്റപ്പെടുത്തണ്ട, ശാലിനി എന്തിനാണ് ആ ഡോക്ടറെ പ്രേമിക്കാൻ പോയത്?"
"ഈ ഭൂമിയിൽ ജീവനോടെയില്ലാത്ത അവളെയെങ്കിലും ഒന്ന് വെറുതേ വിട്ടുകൂടേ നീതൂ ...?
"ശരി ശരി, ഞാനൊന്നും പറയുന്നില്ല. അല്ലെങ്കിലും ഇതൊക്കെ പറഞ്ഞ് നമ്മളെന്തിനാണ് വഴക്കിടുന്നത്? ഞാനേതായാലും നാളെ ഗ്രീഷ്മയെ കാണാൻ പോകുന്നുണ്ട്. നിങ്ങൾ ആരെങ്കിലും വരുന്നുണ്ടോ?"
"മേട്രൻ അനുവദിച്ചാൽ ഞാനും വരാം."
"ഞാനും. പക്ഷേ, പരീക്ഷയായതിനാൽ നമ്മളെ വിടുമോ?"
"പരീക്ഷയ്ക്ക് ഇനി ഒരാഴ്ച കൂടി ഉണ്ടല്ലോ? നമുക്ക് എങ്ങനെയെങ്കിലും മേട്രനെക്കൊണ്ട് സമ്മതിപ്പിക്കാം. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു പോയാൽപ്പിന്നെ ഒരിക്കലും അവളെ കാണാൻ സാധിക്കില്ല.
"ശരിയാണ്, അവളുടെ സാധനങ്ങളൊക്കെ കൊണ്ടുപോയി കൊടുക്കണ്ടേ?"
"അവർ പോകുന്നതിന് മുൻപായി ഇവിടെ വന്ന് എടുത്തോളാമെന്നാണ് അന്ന് പറഞ്ഞത്."
"എങ്കിൽ നാളെ രാവിലെതന്നെ നമുക്ക് പോയിട്ടുവരാം."
"ശരി, ഇനി മിണ്ടാതിരുന്ന് പഠിക്ക്."
"എടീ, നമ്മുടെ നായകൻ കല്യാണം കഴിക്കാൻ പോകുന്നുവെന്ന് കേട്ടല്ലോ."
"ആര് ഡോക്ടർ വിനോദോ? ആരെയാടീ പുള്ളി കെട്ടുന്നത്?"
"ഒരു ലേഡിഡോക്ടറെയാണെന്നാണ് കേട്ടത്."
"നീയെങ്ങനെ അറിഞ്ഞു?"
"തേർഡ് ഇയറിലെ സോണിയയാണ് പറഞ്ഞത്. അടുത്ത തിങ്കളാഴ്ച ഉറപ്പും ഒരാഴ്ച കഴിഞ്ഞ് കല്യാണവും ആണെന്നാണ് അറിഞ്ഞത്."
"എന്നിട്ട് നമ്മളെയൊന്നും വിളിച്ചില്ലല്ലോ....."
"ചിലപ്പോൾ നിന്നെ വിളിക്കുമായിരിക്കും..."
"വിളിച്ചിരുന്നെങ്കിൽ പോകാമായിരുന്നു."
നീതു കളിയാക്കിയതിന് അഞ്ജലിയും പ്രതികരിച്ചു. ശേഷം, സംസാരം നിർത്തി അവർ പഠനത്തിൽ ശ്രദ്ധിച്ചു. മുറിയിലേക്ക് ഡോക്ടറും നഴ്സും കൂടി പരിശോധനയ്ക്ക് വന്നപ്പോൾ ചെറിയാച്ചൻ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.
"പുറത്തേക്കൊന്നും പോകണ്ട, ഇവിടെ നിന്നാൽ മതി."
"ഇവളിനി പഴയതുപോലെ സംസാരിക്കുമോ ഡോക്ടർ?"
"തീർച്ചയായും സംസാരിക്കും, പക്ഷേ കുറച്ചു സമയമെടുക്കുമായിരിക്കും."
"നടക്കാനൊക്കെ തുടങ്ങിയോ?"
"ഞങ്ങൾ താങ്ങിപ്പിടിച്ച് ടോയ്ലറ്റിലൊക്കെ കൊണ്ടുപോകും. ഇടതുകാലിന് ലേശം സ്വാതന്ത്ര്യക്കുറവുണ്ട്."
"ഒരു കാര്യം ചെയ്യാം, ഇന്നു മുതൽ ഫിസിയോത്തെറാപ്പി തുടങ്ങാം. കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും കിടക്കേണ്ടിവരും. വീടിനടുത്ത് ഫിസിയോത്തെറാപ്പി സെന്ററുകൾ വല്ലതുമുണ്ടെങ്കിൽ അവർ വീട്ടിൽ വന്ന് ചെയ്തുതരും. അല്ലെങ്കിൽ ആയൂർവേദ ചികിത്സയായാലും മതി. തീരുമാനം പറഞ്ഞാൽ ഇന്നുതന്നെ ഡിസ്ചാർജ് എഴുതാം. മരുന്നിന്റെ ഡോസൊക്കെ കുറച്ചിട്ടുണ്ട്."
"ശരി ഡോക്ടർ എന്നാൽ സിസ്ചാർജ് ചെയ്തോളൂ.... ഞങ്ങളുടെ വീടിനടുത്തുതന്നെ ഒരു ആയുർവേദ ചികിത്സാലയം ഉണ്ട്. അവർ വീട്ടിൽ വന്ന് ചെയ്തോളും."
"അതു നന്നായി, എന്നാൽ പോകാനുള്ള ക്രമീകരണങ്ങളൊക്കെ ചെയ്തോളൂ... സിസ്റ്റർ, രണ്ടുമണിക്കു മുൻപ് തന്നെ എല്ലാ ഫോർമാലിറ്റീസും തീർത്തുകൊടുക്കണം കേട്ടോ, ദൂരെ പോകാനുള്ളതല്ലേ..."
"ശരി ഡോക്ടർ, രണ്ടുമണിക്കൂറിനുളളിൽ ബില്ല് കൊടുക്കാൻ സാധിക്കും."
"ബില്ലടച്ചിട്ടു വരുമ്പോൾ പേപ്പറൊക്കെ തരും കേട്ടോ, എല്ലാക്കാര്യങ്ങളും സിസ്റ്റർ പറഞ്ഞു തരും. ഒരു മാസം കഴിയുമ്പോൾ ചെക്കപ്പിന് കൊണ്ടുവരണം. ഗ്രീഷ്മാ, വീട്ടിൽപ്പോയി എല്ലാവരേയും അനുസരിച്ച് നല്ല കുട്ടിയായി കഴിയണം. ആഹാരം നന്നായി കഴിക്കണം കേട്ടോ..."
എല്ലാം സമ്മതമാണെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
"കാറിൽ ഇവളെ ഇരുത്തിക്കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ, അതോ ആംബുലൻസ് വിളിക്കണോ?"
"ആംബുലൻസ് വേണമെന്നൊന്നും ഇല്ല. കാറിന്റെ പിൻസീറ്റിൽ കിടത്തിയാൽ മതി. വേഗം കൂട്ടാതെ സൂക്ഷിച്ച് വണ്ടി ഓടിക്കണമെന്നേയുള്ളൂ."
"ശരി, ഡോക്ടർ ചെയ്തുതന്ന എല്ലാ സേവനത്തിനും സഹായത്തിനും വളരെ വളരെ നന്ദിയുണ്ട്. ഞങ്ങളുടെ കൊച്ചിനെ ജീവനോടെ തിരിച്ചുനൽകിയ അങ്ങയെ ദൈവത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്."
മുന്നിൽ കൈകൂപ്പിക്കൊണ്ടുനിൽക്കുന്ന ചെറിയാച്ചന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു:
"അയ്യോ, അങ്ങനെയൊന്നും പറയരുത്, ഞാനെന്റെ കടമ നിർവഹിച്ചു എന്നേയുള്ളൂ...നന്ദിയെല്ലാം സർവേശ്വരനുള്ളതാണ്. മനുഷ്യന്റെ ആയുസ്സ് പിടിച്ചു നിർത്താൻ അദ്ദേഹത്തിനല്ലാതെ വേറെ ആർക്കാണ് സാധിക്കുക?"
ഡോക്ടറിന്റെ വിനയം നിറഞ്ഞ വാക്കുകളിൽ അവരെല്ലാവരും ആശ്വസിച്ചു.
(തുടരും)
ഭാഗം 51
"എങ്കിൽ എല്ലാം പറഞ്ഞതുപോലെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ മൊബൈൽ ഫോണിൽ വിളിച്ചാൽ മതി. ഇതിലെന്റെ നമ്പരുണ്ട്."
ഡോക്ടർ കൊടുത്ത കാർഡ് വാങ്ങിക്കൊണ്ട് ചെറിയാച്ചനോടൊപ്പം മോളിക്കുട്ടിയും ഡോക്ടറിന് നന്ദി പറഞ്ഞു. എല്ലാം കേട്ടു കിടന്ന ഗ്രീഷ്മയും കൈകൾ കൂപ്പി മൂകമായ ഭാഷയിൽ തന്റെ സ്നേഹം പ്രകടിപ്പിച്ചു.
അവർ പോയതിന് തൊട്ടുപിറകേ നീതുവും അഞ്ജലിയും ലിൻസിയും മേട്രനോടൊപ്പം മുറിയിലേക്ക് കയറിവന്നു. അവരെ കണ്ട് ഗ്രീഷ്മ കട്ടിലിൽനിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.
"എഴുന്നേൽക്കണ്ട ഗ്രീഷ്മാ, കിടന്നോളൂ... ഡോക്ടർ വന്നിട്ട് എന്തു പറഞ്ഞു?"
"ഇന്ന് ഡിസ്ചാർജാണ്. ഉച്ച കഴിയുമ്പോഴേക്കും വീട്ടിൽ പോകാൻ പറ്റും. ഇനി ഇവിടെ കിടന്നിട്ട് കാര്യമൊന്നുമില്ല. വീടിനടുത്തുള്ള ആയുർവേദ സെന്ററിൽ കാണിക്കാമെന്ന് വിചാരിക്കുന്നു."
ഗ്രീഷ്മയുടെ കരങ്ങൾ കവർന്നുകൊണ്ട് നീതു പറഞ്ഞു:
"ഞങ്ങൾ ഇപ്പോൾ വന്നതുകൊണ്ട് കാണാൻ കഴിഞ്ഞു. അടുത്ത ആഴ്ചമുതൽ എക്സാം ആണ്. എല്ലാവരുംഉറക്കമൊഴിച്ചിരുന്ന് പഠിക്കുകയാണ്."
ഗ്രീഷ്മ എല്ലാവരെയും മാറിമാറി നോക്കി. അഞ്ജലിയുടെ നേരേ കൈകൂപ്പിക്കൊണ്ട് അവൾ വിങ്ങിപ്പൊട്ടി.
"സങ്കടപ്പെടാതെ ഗ്രീഷ്മാ, ഞങ്ങൾക്കെല്ലാവർക്കും നിന്നോട് സ്നേഹമേയുള്ളൂ... വീട്ടിൽ പോയി പഴയതു പോലെ ആരോഗ്യവതിയായിക്കഴിയുമ്പോൾ നിന്നെക്കാണാൻ ഞങ്ങൾ വരും. അന്ന് നമുക്ക് അടിച്ചുപൊളിക്കണം കേട്ടോ..."
"അഞ്ജലിയുടെ വാക്കുകൾ അവളെ സമാധാനിപ്പിച്ചു."
"ഒന്നും സംസാരിക്കില്ല അല്ലേ?"
മേട്രന്റെ ചോദ്യത്തിന് മോളിക്കുട്ടിയാണ് മറുപടി പറഞ്ഞത്.
"സംസാരിക്കും, പക്ഷേ ഒന്നും വ്യക്തമല്ല...വേറൊരു ഭാഷയാണെന്നേ തോന്നുകയുള്ളൂ... ഇങ്ങനെയെങ്കിലും ഞങ്ങൾക്കിവളെ തിരിച്ചു കിട്ടിയല്ലോ. അതുതന്നെ മഹാഭാഗ്യം."
"എല്ലാം ശരിയാവും ആന്റീ, തീർച്ചയായും അവൾ പഴയതുപോലെ നടക്കുകയും സംസാരിക്കുകയും ചെയ്യും. നീ നന്നായി സംസാരിച്ചു തുടങ്ങുമ്പോൾ എന്നെ വിളിക്കണേ ഗ്രീഷ്മാ..."
നീതുവിന്റെ വാക്കുകൾ കേട്ട് ഗ്രീഷ്മ ചിരിക്കാൻ ശ്രമിച്ചു. അവൾ തലയാട്ടിക്കൊണ്ട് നമ്പർ തരാൻ ആംഗ്യം കാണിച്ചു.
എല്ലാവരുടേയും നമ്പർ എഴുതിക്കൊടുത്തിട്ട് യാത്രപറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ ചെറിയാച്ചൻ അവരോട് പറഞ്ഞു...
"ഞാൻ നിങ്ങളെ കൊണ്ടുവിടാം. അവിടിരിക്കുന്ന സാധനങ്ങൾ കൂടി എടുക്കാമല്ലോ."
"അയ്യോ, ഞങ്ങൾ വന്ന ടാക്സി പുറത്ത് കാത്തുകിടക്കുകയാണ്. സാരമില്ല, അയാളെ പറഞ്ഞുവിട്ടോളാം.'"
"എന്നാൽ ശരി, വന്നോളൂ... മോളിക്കുട്ടീ ബില്ല് കൊണ്ടുവരികയാണെങ്കിൽ
വാങ്ങിവച്ചേര്... ഞാൻ പോയിട്ടുവരാം."
ഗ്രീഷ്മയെ ഒന്നുകൂടി നോക്കി, കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞിട്ട് എല്ലാവരും പുറത്തേക്കിറങ്ങി. ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് അവൾ കണ്ണടച്ച് കിടന്നു.
ഹോസ്റ്റലിൽ നിന്നും ഗ്രീഷ്മയുടെ സാധനങ്ങളുമെടുത്ത് മടങ്ങിയെത്തിയ ചെറിയാച്ചൻ അലക്സിനെ വിളിച്ച് വിവരം പറഞ്ഞു.
"നിങ്ങൾ പോകാറാവുമ്പോഴേക്കും ഞാനെത്തിക്കോളാം. ബില്ലടയ്ക്കാനൊക്കെ കയ്യിൽ പണമുണ്ടോ?"
"ചെക്ക് കൊടുക്കാമെന്ന് വിചാരിക്കുകയാണ്."
"ശരി, കാര്യങ്ങളൊക്കെ വേഗത്തിലാക്കിത്തരാൻ പറയണം. അല്ലെങ്കിൽ നാലുമണി കഴിയും. അച്ചായനാണോ വണ്ടി ഓടിക്കുന്നത്?"
"പൊന്നച്ചനെ വിളിച്ചിട്ടുണ്ട്. പോകാറാവുമ്പോഴേക്കും അവനിങ്ങെത്തും."
"ഓ.കെ, അത് നന്നായി."
ബില്ലടച്ച് പേപ്പറെല്ലാം കിട്ടിയപ്പോൾ രണ്ടു മണി കഴിഞ്ഞു. ഫാർമസിയിൽ നിന്നും മരുന്നുകൾ വാങ്ങി വന്നപ്പോഴക്കും പൊന്നച്ചനുമെത്തി. താക്കോൽ അവനെ ഏൽപ്പിച്ചിട്ട് രണ്ടുപേരും കൂടി സാധനങ്ങളെല്ലാം വണ്ടിയിൽ കൊണ്ടുചെന്ന് വച്ചു.
ഗ്രീഷ്മയെ താങ്ങിപ്പിടിച്ച് വീൽച്ചെയറിൽ ഇരുത്തി, ഉരുട്ടിക്കൊണ്ടുപോയ അറ്റൻഡറുടെ പിറകേ മോളിക്കുട്ടിയും നടന്നു.
നഴ്സുമാരോടെല്ലാം കൈവീശി യാത്രപറഞ്ഞ്, ലിഫ്റ്റിൽ കയറി താഴെയെത്തിയപ്പോൾ അവരേയും കാത്ത് ചെറിയാച്ചനോടൊപ്പം അലക്സും ഉണ്ടായിരുന്നു.
"അലക്സ് വന്നതേയുള്ളോ?"
"അതേ ചേടത്തീ, ഇന്ന് നല്ല തിരക്കായിരുന്നു. ഗ്രീഷ്മയിന്ന് വീട്ടിൽ പോകുകയാണല്ലേ... വാശിയൊന്നും കാണിക്കാതെ നല്ല കുട്ടിയായിട്ട് ഇരിക്കണം കേട്ടോ... തുള്ളിച്ചാടി നടക്കുന്ന കിലുക്കാംപ്പെട്ടിയെ കാണാൻ ഞാൻ കുടുംബമായി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്."
"നീ വരുമ്പോൾ അരുൺ സാറിനേയും കൂട്ടിക്കോളൂ... നമുക്കൊന്ന് കൂടാമെടാ... ഞങ്ങളിന്ന് പോകുന്ന കാര്യം അയാളോടും ഒന്ന് പറഞ്ഞേക്കണേ."
"ശരി അച്ചായാ, എന്നാൽ നിങ്ങൾ വിട്ടോളൂ..."
"മോളിക്കുട്ടീ, മുറിയിൽ നിന്നും എല്ലാം എടുത്തല്ലോ അല്ലേ...?"
"എടുത്തെന്നാണ് എന്റെ വിശ്വാസം, അവിടിനി ഒന്നുമില്ല."
ഗ്രീഷ്മയെ താങ്ങിപ്പിടിച്ച് കാറിന്റെ ഉള്ളിൽ ഇരുത്തി, അവളുടെ മമ്മിയും കയറിയിരുന്നു.
അറ്റൻഡറിനും സെക്യൂരിറ്റിക്കും ടിപ്പ് കൊടുത്ത് ചെറിയാച്ചൻ, അവരോടുള്ള നന്ദി അറിയിച്ചു. അലക്സിന് ഷേക്ക് ഹാർഡ് കൊടുത്തിട്ട് ചെറിയാച്ചനും മുൻസീറ്റിൽ കയറിയിരുന്നു.
"ഇനി പോവുകയല്ലേ അച്ചായാ?" അക്ഷമയോടെ പൊന്നച്ചൻ ചോദിച്ചു.
"ശരി പോകാം, നീ വണ്ടിയെടുത്തോളൂ, പതുക്കെപ്പോയാൽ മതി കേട്ടോ..."
ചെറിയാച്ചന്റെ വണ്ടി നീങ്ങുന്നതും നോക്കി ഒരു നിമിഷം നിന്നശേഷം സർക്കിൾ ഇൻസ്പെക്ടർ അലക്സും അവിടെ നിന്നും മടങ്ങി.
കല്യാണത്തിന്റെ തിരക്കുകളിൽപ്പെട്ട് ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞിരുന്നില്ല. ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റിൽ നോക്കി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന് വിനോദ് പരിശോധിച്ചു. ഒന്നുരണ്ടുപേരെ ഒഴികെ ബാക്കിയെല്ലാവരേയും വിളിച്ചുകഴിഞ്ഞ സംതൃപ്തിയിൽ അയാൾ ഉറങ്ങാൻ കിടന്നു.
അവധിയിൽ പ്രവേശിക്കുന്നതിന്റെ തലേ ദിവസം തന്നെ നഴ്സിംഗ് ഡിപ്പാർട്ട്മെന്റിൽ ചെന്ന് എല്ലാവരേയും ക്ഷണിക്കുകയും കല്യാണക്കുറി കൊടുക്കുകയും ചെയ്തിരുന്നു. മാനേജ്മെന്റിനേയും അഡ്മിൻ സ്റ്റാഫിനേയും ക്ഷണിച്ചതു കൂടാതെ ഹോസ്പിറ്റലിലെ മറ്റു ഡിപ്പാർട്ടുമെന്റുകളിലും ഇൻവിറ്റേഷൻ കാർഡ് കൊടുത്തു.
വീട്ടിലേക്ക് പോരുന്നതിനുമുൻപായി ഹോസ്റ്റലിൽ ചെന്ന് മേട്രനേയും അഞ്ജലിയേയും നീതുവിനേയും മറ്റും നേരിട്ട് ക്ഷണിച്ചു. പരീക്ഷ ആയതിനാൽ കുട്ടികളേയും കൂട്ടി വരാൻ കഴിയുകയില്ലെന്ന് മേട്രൻ അറിയിക്കുകയും ചെയ്തു..
'തന്റെ ജീവിതത്തിലെ പുതിയ ഒരധ്യായം നാളെ തുടങ്ങുകയാണ്. എൻഗേജ്മെന്റ് വളരെ ഭംഗിയായി പെൺകുട്ടിയുടെ വീട്ടുകാർ നടത്തി. ക്ഷണിക്കപ്പെട്ട നൂറോളം അതിഥികളേയും കൊണ്ടാണ് ഇവിടെനിന്നും പോയത്. ചടങ്ങുകൾക്ക് ശേഷം ലേയയോട് ചേർന്നുനിന്ന് പല പോസിലുമുള്ള കുറേ ഫോട്ടോകൾ!
മനോഹരമായ ലാച്ചയണിഞ്ഞുനിന്ന അവളെ കാണാൻ എന്തു ഭംഗിയായിരുന്നു! ശരിക്കും ഹിന്ദിസിനിമയിലെ ഒരു നായികയെപ്പോലെ തോന്നി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവളെ എല്ലാ രീതിയിലും സന്തോഷിപ്പിക്കാൻ തനിക്ക് കഴിയുമോ? പ്രായം കൂടുന്തോറും ആത്മവിശ്വാസവും കുറഞ്ഞുവരികയാണ്.'
ചിന്തകളുടെ വേലിയേറ്റങ്ങളിൽപ്പെട്ട് ഉഴറിനടന്ന മനസ്സ് നിദ്രയ്ക്ക് വഴിമാറിക്കൊടുത്തത് അയാൾ അറിഞ്ഞില്ല.
വിവാഹത്തിന് രണ്ടുദിവസങ്ങൾക്ക് മുൻപു തന്നെ എത്തിച്ചേർന്ന കസിൻസിനെ ഓരോരോ കാര്യങ്ങൾ ഏൽപ്പിച്ചു. ബന്ധുക്കളല്ലാം ഫോണിൽ വിളിച്ചും നേരിട്ടുവന്നും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ഇല്യൂമിനേഷൻ ബൾബുകളിൽ വീടും പരിസരവും തിളങ്ങി. ഇവന്റ്സ് മാനേജ്‌മെന്റുകാരുടെ നേതൃത്വത്തിൽ സകലകാര്യങ്ങളും ക്രമീകരിച്ചു.
കൊഴിഞ്ഞുവീണ ദിനരാത്രങ്ങളുടെ ഒടുവിൽ തുടിക്കുന്ന മനവുമായി അയാൾ കല്യാണപ്പുലരിയെ വരവേറ്റു.
രാവിലെ ഒൻപതുമണിക്കുതന്നെ അടുത്ത ബന്ധുക്കളും ഇടവകയിലെ വികാരിഅച്ചനും എത്തിച്ചേർന്നു. ബ്യൂട്ടീഷനും കസിൻസും ചേർന്ന് മണവാളനെ ഒരു സിനിമാനടനെപ്പോലെ ഒരുക്കിയിറക്കി. രാവിലെതന്നെ എത്തിച്ചേർന്ന സ്‌റ്റുഡിയോക്കാർ ക്യാമറയൊക്കെ സെറ്റ് ചെയ്ത് റെഡിയായി നിന്നു.
മാതാപിതാക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും കൂടാതെ തനിയെയുള്ള പോസുകളുമെല്ലാം അവർ ക്യാമറയിൽ പകർത്തി. ഗുരുദക്ഷിണ കൊടുത്തതിനു ശേഷം അച്ചൻ പ്രാർത്ഥിച്ച്, ആശീർവദിച്ച് വീട്ടിൽനിന്നും പത്തുമണിക്ക് തന്നെ ഇറങ്ങി. പൂക്കളാൽ അലങ്കരിച്ച ഇന്നോവാ കാറിന്റെ മുൻസീറ്റിൽ മണവാളനെ ഇരുത്തി, പിറകിൽ മാതാപിതാക്കളും കയറി ഇരുന്നു.
"മമ്മീ, മന്ത്രകോടിയും മിന്നുമെല്ലാം വച്ച പെട്ടി എടുത്തോ?"
"അതൊക്കെ ഈ വണ്ടിയിൽത്തന്നെയുണ്ട്. നീ ടെൻഷനടിക്കേണ്ട."
രണ്ടു ലക്ഷറികോച്ച് ബസ്സുകൾക്ക് പുറമേ മറ്റു വാഹനങ്ങളും നിരനിരയായി റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു. പള്ളിയിൽ എത്തിയ മണവാളനെ കാത്ത് മണവാട്ടിയേയും കൊണ്ട് അവരുടെ ആൾക്കാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വലിയൊരു സദസ്സിന്റെ നടുവിൽക്കൂടി പെണ്ണിനേയും ചെറുക്കനേയും ദേവാലയത്തിനുള്ളിലേക്ക് ആനയിച്ചു.
മാധുര്യശബ്ദത്തിന്റെ ഉടമയായ തിരുമേനിയുടെ നേതൃത്വത്തിൽ അനുഗ്രഹീതമായ വിവാഹ ശുശ്രൂഷകൾ നടന്നു. പെൺകുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയപ്പോൾ വിനോദിന്റെ കൈകൾ വിറയ്ക്കുന്നത് അയാളറിഞ്ഞു.
തലേന്ന് രാത്രിയിൽ കസിൻസിന് ശിഷ്യപ്പെട്ട് മിന്നുകെട്ടാൻ ഒരുവിധം പഠിച്ചത് പ്രയോജനപ്പെട്ടതിൽ അയാൾ ചാരിതാർത്ഥ്യനായി.
ഹോസ്പിറ്റലിൽ നിന്നും സാമിനെയും കുടുംബത്തേയും കൂടാതെ പലരും വന്ന് വിവാഹത്തിൽ സംബന്ധിച്ചു.
മനോഹരമായി അലങ്കരിച്ച റിസപ്ഷൻ ഹാളിലെ വിഭവസമൃദ്ധമായ വിരുന്നിനും ഫോട്ടോ സെഷനും ശേഷം വന്നവരെല്ലാം മടങ്ങി. ആനന്ദകരമായ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച കസിൻസിന്റെ രസകരമായ പെർഫോമൻസിനെ വെല്ലുന്ന വിധത്തിൽ കൂട്ടുകാരികളോടൊപ്പം ചേർന്ന് മണവാട്ടിയും ഡാൻസ് കളിച്ചത് സദസ്സിനെ ആവേശഭരിതരാക്കി. എല്ലാം കണ്ടുകൊണ്ട് ആത്മഗതമെന്നോണം വിനോദ് പറഞ്ഞു:
'ഇവളൊരു പുലിയാണല്ലോ.'
പിടിച്ചുനിൽക്കാനുള്ള നമ്പരുകളാന്നും തന്റെ കൈവശമില്ലല്ലോ എന്നോർത്ത് അയാൾ നിരാശനായി.
ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്ന തന്റെ ഭർത്താവിനെ, ലേയ കൂട്ടുകാരികൾക്ക് പരിചയപ്പെടുത്തി.
"നല്ല ലുക്കുണ്ടെങ്കിലും ആള് നല്ല സീരിയസ് ആണല്ലോ..."
"അതൊക്കെ ഞാൻ മാറ്റിയെടുത്തോളാം."
കസിൻസിന്റെ കളിയാക്കലുകൾക്കിടയിൽ നിന്നും രക്ഷപ്പെട്ട്, മണവറയിൽ തന്നെയും കാത്തിരിക്കുന്ന മണവാട്ടിയുടെ അരികിലേക്ക് അയാൾ നടന്നു.
ആദ്യാനുരാഗത്തിന്റെ ചിതലരിച്ച ഓർമ്മകളിൽ നിന്നും രക്ഷപ്പെടുത്തിയ ശാലിനിയുടെ നഷ്ടരാഗങ്ങളോട് വിടപറഞ്ഞ്, ഇനിയുള്ള തന്റെ ജീവിതത്തിന് നിറംപകരാനെത്തിയ ലേയയുടെ സ്നേഹമഴയിൽ അയാൾ നനഞ്ഞുനിന്നു.
മരച്ചില്ലകളിലിരുന്ന് നീട്ടിമൂളിയ രാപ്പാടികൾ അവർക്ക് മംഗളങ്ങൾ നേർന്നു. സ്വപ്നച്ചിറക് വിരിച്ച്, എകമനസ്സോടെ, സ്വർഗീയ നിമിഷങ്ങളിലേക്ക് മെല്ലെമെല്ലെ അവർ പറന്നുയർന്നുകൊണ്ടിരുന്നു...
(അവസാനിച്ചു.)