ഭാഗം 17
രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, ഫോൺ അടിക്കുന്നത് കേട്ട് സബ് ഇൻസ്പെക്ടർ അരുണിന്റെ ഭാര്യ, ബീന പറഞ്ഞു.
"ആരാണോ ഇനി ഈ സമയത്ത്, മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റില്ലല്ലോ."
"നീ പിറുപിറുക്കാതെ ആ ഫോണിങ്ങു കൊണ്ടുത്തന്നേ."
"ആരാ ഇച്ചായാ?"
"കട്ട് ആയിപ്പോയി. ആരായാലും എന്തോ അത്യാവശ്യമാണെന്നു തോന്നുന്നു."
വേഗം ഭക്ഷണം കഴിച്ചുകഴിഞ്ഞ്, ആ നമ്പരിലോട്ട് തിരിച്ചു വിളിച്ചു.
"ഹലോ അരുൺ, ഞാൻ വിളിച്ചിരുന്നു."
"ഹലോ സാർ, ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതു വേറെ നമ്പർ ആണല്ലോ. ആരാണെന്ന് മനസ്സിലായില്ല."
"ഇതെന്റെ വൈഫിന്റെ നമ്പറാണ്. എന്റെ ഫോണിൽ തീരെ ചാർജില്ല."
"എന്താ സാർ വിളിച്ചത്, എന്തെങ്കിലും അത്യാവശ്യം?"
"ഒരു കാര്യം പറയാനായിരുന്നു. നാളെ ഞയറാഴ്ചയല്ലേ, അരുൺ ഫ്രീയാണോ?"
"നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. പളളിയിൽ പോകും. വൈകിട്ട് ഫാമിലിയേയും കൂട്ടി ഒന്നു പുറത്തു പോകണം. അത്രയേയുള്ളൂ."
"എങ്കിൽ എന്നോടൊപ്പം ഒരു സ്ഥലം വരെ വരാമോ?"
"എവിടെയാണ് സാർ?"
"താങ്കൾ പറഞ്ഞ ആ ഗ്രീഷ്മയുടെ വീട്ടിൽ പോയി കാര്യങ്ങൾ ഒക്കെ ഒന്ന് അവതരിപ്പിക്കണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഞാൻ പറഞ്ഞിരുന്നില്ലേ, ആ ചെറിയാച്ചൻ ഞങ്ങളുടെ ഒരു അകന്ന ബന്ധുവാണ്."
"ശരി സാർ, കാഞ്ഞിരപ്പള്ളിയിൽ അല്ലേ? ഞാനും വരാം. എത്രമണിക്കാണ് പോകേണ്ടത്?"
"പള്ളിയിൽ പോയി വന്നിട്ടു മതി. പതിനൊന്നു മണിയാകുമ്പോൾ ഞാൻ അവിടെയെത്താം. താൻ റെഡിയായി നിന്നാൽ മതി."
"ഓ.കെ. സാർ, നാളെ കാണാം, ഗുഡ് നൈറ്റ്."
"ശരി, ഗുഡ് നൈറ്റ്."
"ആരായിരുന്നു അത്, എവിടെപ്പോകുന്ന കാര്യമാണ് പറഞ്ഞത്?"
"അത് സർക്കിൾ ആയിരുന്നു. അദ്ദേഹത്തിനോടൊപ്പം നാളെ ഒരു യാത്രയുണ്ട്."
"എവിടേയ്ക്കാണ്?"
"കാഞ്ഞിരപ്പള്ളിയിൽ."
"അതെന്തിനാണ് അവിടെ പോകുന്നത്, അത് കോട്ടയം ജില്ലയിലല്ലേ?"
"അതേ.."
"അവിടെ ആരെ കാണാനാണാവോ!"
"അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്."
"എപ്പോഴാണ് പോകുന്നത്?"
"പള്ളിയിൽ പോയി വന്നിട്ട്. പതിനൊന്നു മണിക്ക് സാർ വന്ന് എന്നെ പിക്ക് ചെയ്യുമെന്നാണ് പറഞ്ഞത്."
"അപ്പോൾ നാളത്തെ ദിവസവും പോയിക്കിട്ടി."
ജീവന്റെ പാതിയായ ഭാര്യയുടെ പരിഭവങ്ങൾ സങ്കടങ്ങളായി മാറി.
"ഒരു പോലീസുകാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. കുടുംബാംഗങ്ങൾ അത് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാവണം."
"അതുകൊണ്ടാണല്ലോ ഈ വീട്ടിൽ ഇപ്പോഴും ഞാനുള്ളത്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ, എല്ലാം ഇട്ടെറിഞ്ഞ് എന്നേ പോകുമായിരുന്നു."
"ഓഹോ, നിന്റെ പ്രസംഗം മതിയാക്കിയിട്ട് വന്നു കിടക്കാൻ നോക്കെടീ..."
പരിദേവനങ്ങളുമായി കട്ടിലിന്റെ ഒരറ്റത്തു വന്നു കിടന്ന പ്രിയതമയെ വലതുകൈ കൊണ്ട് തന്റെ ശരീരത്തോടു ചേർത്തു കിടത്തി, അധരങ്ങളർത്തി കാതോരം മൊഴിഞ്ഞു:
"എന്നെ വിട്ടുപോകാൻ നിനക്കു കഴിയുമോ പൊന്നേ... നീ എന്റെ ജീവനല്ലേ, എന്റെ പ്രാണനിൽ നിന്നെ ഞാൻ തളച്ചിട്ടിരിക്കുകയല്ലേ..."
"ഓ പിന്നേ... മതി മതി, കിടക്കയിൽ കാണിക്കുന്ന ഈ സ്നേഹമൊക്കെ എന്തിനാണെന്ന് എനിക്കറിയാം. ഒരു സ്നേഹമുള്ള സിംഹം!"
"ഒന്നു പോടീ പൊട്ടി... ഇതുവരെ നീ എന്നെ മനസ്സിലാക്കിയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ എനിക്കു നല്ല സങ്കടമുണ്ട്."
"അയ്യോ ഇച്ചായാ, ഞാൻ വെറുതേ പറഞ്ഞതല്ലേ..."
സാന്ത്വനിപ്പിച്ചു കൊണ്ട് അവളുടെ കൈകൾ അയാളുടെ മാറിലെ രോമങ്ങൾക്കിടയിലൂടെ ഇഴഞ്ഞു നടന്നു.
"മോൾ ഉറങ്ങിയോ?"
"ഉറങ്ങിയെന്നാണ് തോന്നുന്നത്. ഞാൻ പോയി നോക്കിയിട്ടു വരാം."
"വേണ്ട പൊന്നേ, അവൾ ഉറങ്ങിക്കോളും. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ."
മഴപ്പെയ്ത്തു പോലെ പെയ്തിറങ്ങിയ അവരുടെ വികാരങ്ങളുടെ ഒടുവിൽ ഇരുവരും തളർന്നു കിടന്നുറങ്ങി.
ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വീതികുറഞ്ഞ റോഡിൽക്കൂടി സർക്കിൾ ഇൻസ്പെക്ടർ ആന്റണി അലക്സിന്റെ കാർ അവരേയും വഹിച്ചു കൊണ്ട് ഓടിക്കൊണ്ടിരുന്നു.
വശ്യമനോഹരമായ പ്രകൃതിയുടെ ദൃശ്യഭംഗികൾ ആസ്വദിച്ചു കൊണ്ട് അരുൺ പറഞ്ഞു:
"എത്ര മനോഹരമാണ് ഈ കാഴ്ചകൾ! മലനിരകൾ നീലാകാശത്തിനെ തൊട്ടു നിൽക്കുന്നതു പോലെ തോന്നുന്നു. മാമരങ്ങളാൽ ഹരിതാഭ ചാർത്തുന്ന വനമാലകൾ!"
"ആഹാ, ഉള്ളിലെ സാഹിത്യമൊക്കെ പുറത്തു വരുന്നല്ലോ, കവിതയെഴുതണമെന്ന് തോന്നുന്നുണ്ടോ?"
"ഏയ്, അങ്ങനെയൊന്നുമില്ല സാർ. പ്രകൃതിയുടെ ഒരു ആസ്വാദകനാണ് ഞാൻ."
നയന മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനരികിലെത്തിയപ്പോൾ അലക്സിന്റെ കാൽ അറിയാതെ ബ്രേക്കിലമർന്നു.
"എന്തു പറ്റി സാർ, വണ്ടിക്കെന്തെങ്കിലും?"
"പ്രകൃതിയുടെ ആരാധകനായ തനിക്കു വേണ്ടി നിർത്തിയതാണ്. നമുക്കിവിടെ ഇറങ്ങി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തിട്ടു പോകാം."
"ആയിക്കോട്ടെ, എനിക്ക് സന്തോഷമേയുള്ളൂ..."
ഇരുവരും വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് അരികിലായി നടന്നെത്തി.
വളരെ ഉയരത്തിൽ നിന്നും പാറയിടുക്കിലൂടെ തട്ടിച്ചിതറി അതി ശക്തമായ ഒഴുക്കോടെ താഴേയ്ക്ക് പതിക്കുന്ന തെളിനീർ, തടാകത്തിലൂടെ ചാലുകളായി ഒഴുകി നീങ്ങുന്നു.
വെള്ളത്തിൽ ഇറങ്ങി നിൽക്കണമെന്നുള്ള മോഹം മനസ്സിനെ കീഴടക്കുന്നുണ്ടെങ്കിലും പാന്റും ഷൂസും സോക്സുമൊക്കെ നനയുമെന്നുള്ളതിനാൽ അതു വേണ്ടെന്നുവച്ചു. രണ്ടുപേരുടേയും ക്യാമറയിൽ കുറച്ചു ഫോട്ടോകൾ ഒക്കെ പകർത്തിയതിനുശേഷം തിരികെ വന്ന് കാറിൽക്കയറി യാത്ര തുടർന്നു.
"മനസ്സിന് നല്ല കുളിർമ തോന്നുന്നു. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും ദൈവത്തിന്റെ ഒരു കയ്യൊപ്പുണ്ട്. നമ്മളെപ്പോലെയുള്ളവർക്ക് ഇതൊക്കെ ആസ്വദിക്കാൻ സമയം കിട്ടാറില്ലല്ലോ."
"ശരിയാണ് അരുൺ, ഫാമിലിയോടൊപ്പം എവിടെയെങ്കിലും ഒന്ന് കറങ്ങാൻ പോയിട്ട് വർഷങ്ങളായി. 'അലക്കൊഴിഞ്ഞിട്ട് നേരമില്ലെ'ന്നുപറയുന്നതുപോലെയാണ് നമ്മുടെയൊക്കെ ജീവിതം."
"എന്റെ സ്ഥിതിയും അതുതന്നെയാണ് സാർ. മിക്ക രാത്രികളിലും പരാതിയും പരിഭവങ്ങളുമായാണ് ബീന ഉറങ്ങാൻ കിടക്കുന്നത്. നമ്മുടെ തിരക്കുകൾ ഒന്നും അവർക്കറിയണ്ടല്ലോ."
ഇരുവശത്തും നിരനിരയായി നീണ്ടു കിടക്കുന്ന റബർ തോട്ടങ്ങളുടെ നടുവിലൂടെയുള്ള റോഡിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.
"ഈ കാണുന്നതൊക്കെ പലരുടേയും റബർ എസ്റ്റേറ്റുകളാണ്. നമ്മൾ കാണാൻ പോകുന്ന ചെറിയാനും ഒരു എസ്റ്റേറ്റ് മുതലാളിയാണ്. ക്രിസ്ത്യാനികളാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും. നല്ല പണച്ചാക്കുകൾ! കാഞ്ഞിരപ്പള്ളി അച്ചായൻമാർ എന്നു കേട്ടിട്ടില്ലേ?"
"ഉണ്ട് സാർ, ഗ്രീഷ്മയുടെ വീട്ടിൽ എത്താൻ ഇനിയെത്ര ദൂരമുണ്ട്?"
"ഇനി ഒരു അര മണിക്കൂർ കൂടി കഴിഞ്ഞാൽ നമ്മൾ അവിടെയെത്തും. ഡിഗ്രിക്കു പഠിക്കുമ്പോൾ കൂട്ടുകാരോടൊപ്പം ഒന്നുരണ്ടു പ്രാവശ്യം ഞാൻ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും കൂടി അന്ന് അടിച്ചു പൊളിച്ചു. പ്രായത്തിൽ മൂത്തതാണെങ്കിലും ചെറിയാച്ചൻ ആളൊരു രസികനാണ്. എന്റെ മമ്മിയുടെ പേരപ്പന്റെ മരുമകനാണ്."
"ഗ്രീഷ്മയെ സംബന്ധിച്ച വിവരങ്ങൾ പറയുമ്പോൾ അതയാൾ ഉൾക്കൊള്ളുമോ സാർ?"
"അതുകൊണ്ടാണ് ഞാൻ തന്നെയും ഒപ്പം കൂട്ടിയത്. ചോദ്യം ചെയ്തവരിൽ നിന്നും ഗ്രീഷ്മയെപ്പറ്റി അറിഞ്ഞ കാര്യങ്ങൾ വിശദമായി തനിക്ക് പറയാൻ കഴിയുമല്ലോ. മാതാപിതാക്കളിൽ നിന്നും അവളുടെ സ്വഭാവ രീതികൾ മനസ്സിലാക്കണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് ഫയൽ ക്ലോസ് ചെയ്യുകയും വേണം."
"പക്ഷേ, ആ കുട്ടി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ?"
"അതിന് ദൃക്സാക്ഷികളെന്നു പറയാൻ ആരുമില്ലല്ലോ അരുൺ. സാഹചര്യത്തെളിവുകൾ മാത്രം വച്ച് കൊലപാതകം ചെയ്തിട്ടുണ്ടോയെന്ന് തീരുമാനിക്കാനും കഴിയില്ലല്ലോ."
"എങ്കിലും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരും."
"അതു ചെയ്യാൻ തടസ്സമൊന്നും ഉണ്ടാവില്ല. ചെറിയാച്ചായനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതിനു ശേഷം അങ്ങനെ ചെയ്യാമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലേ നല്ലത്."
"അതേ സാർ."
റോഡിന്റെ വലതു വശത്തു കണ്ട ഒരു വലിയ ഇരുനിലക്കെട്ടിടത്തിനു മുൻപിൽ വണ്ടി നിർത്തി. തുറന്നു കിടന്നിരുന്ന ഗേറ്റിനുള്ളിൽ കൂടി വിശാലമായ മുറ്റത്ത് പാർക്കു ചെയ്തതിനു ശേഷം രണ്ടു പേരും കാറിൽ നിന്നുമിറങ്ങി.
(തുടരും)