ഭാഗം 42
മുതലാളീ, രാത്രിയിൽ കഴിക്കാൻ എന്താണുണ്ടാക്കേണ്ടത്, കഞ്ഞി മതിയോ?"
"ഒന്നും വേണ്ടെടീ, ഞാൻ ഉടനെ തിരിച്ചു പോകുകയാണ്. നീയീ തുണികളൊക്കെ അലക്കിയിട്ടേക്കണേ."
"എന്താണ് മുതലാളീ, ഉടനെ തിരിച്ചു പോകുന്നത്? ഗ്രീഷ്മക്കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്?"
"കൊച്ചിന് നാളെ ഒരു ഓപ്പറേഷൻ കൂടിയുണ്ട്."
"അയ്യോ... ഇതുവരെ ഭേദമായില്ലേ, മോളേയും കൊണ്ട് വന്നതാണെന്നാണ് ഞാൻ ആദ്യം കരുതിയത്."
"ഉം... നീ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്. കഴിച്ചിട്ടു പോകാം."
"ശരി മുതലാളീ..."
ഒരുമണിക്കൂറിനുള്ളിൽ പപ്പടവും പൊരിച്ച് ചൂടുകഞ്ഞിയും പയറുതോരനും മേശപ്പുറത്ത് കൊണ്ടുവച്ചു. കഞ്ഞി കുടിച്ചുകഴിഞ്ഞ് എണീറ്റപ്പോഴേയ്ക്കും പൊന്നച്ചനുമെത്തി.
വണ്ടിയുടെ താക്കോൽ അവനെ ഏല്പിച്ചിട്ട് പറഞ്ഞു:
"എടാ ഈ ബാഗ് വണ്ടിയിലോട്ട് വച്ചേര്."
വാതിലും ഗേറ്റുമൊക്കെ ഭദ്രമായി അടയ്ക്കാൻ ജോലിക്കാരിക്ക് നിർദ്ദേശം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി.
"എന്നാൽ പോകാമെടാ..."
"ശരി, ഇനിയൊന്നും എടുക്കാൻ ഇല്ലല്ലോ അല്ലേ..."
"ഇല്ലെടാ, മൊബൈലും പേഴ്സുമൊക്കെ എടുത്തിട്ടുണ്ട്. ഒരു നിമിഷം വെയിറ്റ് ചെയ്യ്."
"എന്തെങ്കിലും മറന്നോ?"
"എടീ, മാതാവിന്റെ പടത്തിന്നരികിൽ ഒരു കൂട് പൊട്ടിക്കാത്ത മെഴുകുതിരിയുണ്ട്, അതിങ്ങിടെത്തുകൊണ്ടു വരൂ."
"ശരി മുതലാളീ..."
അല്പസമയത്തിനുള്ളിൽ ജോലിക്കാരി മെഴുകുതിരിയുമായി വന്നു.
"എങ്കിൽ വിട്ടോടാ, പള്ളിയുടെ മുന്നിലെത്തുമ്പോൾ ഒന്ന് ചവിട്ടിയേക്കണേ."
"ആയിക്കോട്ടെ."
പളളിയുടെ മുൻപിലെ മാതാവിന്റെ കുരിശുംതൊട്ടിക്ക് മുന്നിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു.
'മാതാവേ, ഞങ്ങടെ കൊച്ചിനെ കാത്തോണേ.'
ഭണ്ഡാരത്തിൽ നേർച്ചയിട്ടിട്ട് തിരിച്ചുവന്ന് വണ്ടിയിൽ കയറി.
വണ്ടി ഓടിക്കുന്നതിനിടയിൽ പൊന്നച്ചൻ ചോദിച്ചു:
"മോൾക്ക് എങ്ങനെയുണ്ട് അച്ചായാ?"
"വ്യത്യാസം ഉണ്ടെങ്കിലും നാളെ ഒരു ഓപ്പറേഷൻ കൂടിയുണ്ട്. അതുകൊണ്ടാണ് ഇന്നുതന്നെ പോകുന്നത്."
"അപ്പോൾ ഇനി എത്ര ദിവസങ്ങൾ കൂടി കിടക്കേണ്ടിവരും?"
"അറിയില്ലെടാ, കൊണ്ടുപോയ പൈസയൊക്കെ തീർന്നതുകൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളവും കൊടുത്തിട്ടില്ലായിരുന്നു. വന്നയുടനെ തന്നെ ബാങ്കിൽ ചെന്ന് പൈസയെടുത്ത് എസ്റ്റേറ്റിൽ പോയി കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് മോളിക്കുട്ടി വിവരം വിളിച്ചുപറയുന്നത്. അല്ലെങ്കിൽ ഞാൻ നാളെ രാവിലെ പോകാനിരുന്നതാണ്."
"ഓട്ടം കഴിഞ്ഞ് ഞാനും വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ... അച്ചായൻ വിളിച്ചാൽ പിന്നെ വരാതിരിക്കാൻ കഴിയില്ലല്ലോ."
നാട്ടിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയും സർക്കാരിന്റെ ഭരണ വൈകല്യങ്ങളും സാധനങ്ങളുടെ വിലക്കൂടുതലും എല്ലാം അവരുടെ സംസാര വിഷയങ്ങളായി.
"എന്നെ ആശുപത്രിയിലാക്കിയിട്ട് നീ തിരിച്ചു പോരെ കേട്ടോ."
"അന്നത്തെപ്പോലെ രാവിലത്തെ ബസ്സിലിങ്ങു പോന്നോളാം. അല്ലെങ്കിൽ ഓപ്പറേഷൻ കഴിയുന്നതുവരെ ഞാനും അവിടെ നിൽക്കാം."
"അത് വേണ്ടടാ, നിനക്ക് വേറെ ആവശ്യങ്ങളൊക്കെ ഇല്ലേ?"
"നാളെ ഓട്ടമൊന്നും ഇല്ല. ഏതായാലും ഓപ്പറേഷൻ കഴിഞ്ഞിട്ടേ തിരിക്കുന്നോളൂ."
"നിന്റെ ഇഷ്ടം."
ആശുപത്രിയിലെത്തി വണ്ടി പാർക്ക് ചെയ്തിട്ട് ചെറിയാച്ചൻ മുറിയിലേക്ക് പോയി. അസമയത്ത് നടന്നുവരുന്ന ആളിനെ സെക്യൂരിറ്റി തടഞ്ഞുനിർത്തിയെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അയാൾ കടത്തിവിട്ടു.
ഉറക്കം വരാതെ പാതിരാത്രിവരേയും തിരിഞ്ഞും മറിഞ്ഞും കിടന്ന മോളിക്കുട്ടി അറിയാതെ നിദ്രയിലേക്ക് വഴുതിവീണു. കതകിൽ മുട്ടിക്കൊണ്ടിരുന്നിട്ടും തുറക്കാതിരുന്നപ്പോൾ ചെറിയാച്ചന് ദേഷ്യം പിടിച്ചു.
'ഇവളെന്താണ് കതക് തുറക്കാത്തത്? ഒരു ബോധവുമില്ലാതെ കിടന്നുറങ്ങുകയാണോ?'
അഗാധമായ നിദ്രയുടെ തീരത്തെവിടെയോ അലഞ്ഞുതിരിഞ്ഞ മോളിക്കുട്ടിയുടെ മനസ്സ്, പള്ളിയിലെ മണിയടിശബ്ദം കേട്ട് ഉണർന്നു.
'ഈ സമയത്ത് ഏതു പള്ളിയിലാണ് മണിയടിക്കുന്നത്?'
താനെവിടെയാണെന്നറിയാതെ ചിന്തയിലാണ്ടു കിടന്നപ്പോൾ കതകിലാരോ മുട്ടുന്നതുപോലെ തോന്നി. യാന്ത്രികമായി എഴുന്നേറ്റ് ലൈറ്റിട്ടു. വാതിൽ തുറന്നപ്പോൾ ദേഷ്യഭാവത്തോടെ ചെറിയാച്ചൻ മുന്നിൽ നിൽക്കുന്നു.
"നിങ്ങള് എത്തിയോ?"
"എത്ര നേരമായി കതകിൽ മുട്ടുന്നു, ഇങ്ങനെ ബോധം കെട്ടുറങ്ങാൻ മാത്രം നീയെന്താണ് വിഴുങ്ങിയത്?"
"ഉറക്കം വരാതെ കിടന്നിട്ട് പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഒന്നു മയങ്ങിയത്. നിങ്ങള് കൊട്ടിയതൊന്നും ഞാൻ കേട്ടില്ല."
"നീ കേൾക്കില്ല, വേറെ ആരെങ്കിലുമായിരുന്നു മുട്ടിയിരുന്നെങ്കിൽ നീ കേട്ടേനെ."
"എന്തിനാണ് മനുഷ്യാ പാതിരാത്രിയിൽ കയറിവന്ന് അനാവശ്യം പറയുന്നത്?"
"അല്ലാതെ പിന്നെ, എത്ര നേരം ഞാൻ വെളിയൽ കാത്തുനിന്നെന്ന് നിനക്കറിയാമോ?"
"ഏതായാലും അകത്ത് കയറിയല്ലോ. ഇനിയെങ്കിലും ഒന്നുനിർത്ത് മനുഷ്യാ.''
കുപ്പായം ഊരിയിട്ടിട്ട് ചെറിയാച്ചൻ കട്ടിലിൽ ചെന്നിരുന്നു.
"വീട്ടിൽ ചെന്നിട്ട് എന്തുണ്ട് വിശേഷം?"
"അവിടെ വിശേഷമൊന്നുമില്ല."
"പൊന്നച്ചനാണോ ഡ്രൈവ് ചെയ്തത്?"
"ഉം..."
"കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ ഉള്ളിൽ തീയാണ്. ഉറങ്ങാൻ പോലും കഴിയുന്നില്ല."
"എന്നിട്ടാണോ നീ പോത്ത്പോലെ കിടന്നുറങ്ങിയത്."
"എന്റെ മനുഷ്യാ, അത് ഞാൻ പറഞ്ഞില്ലേ, മണിക്കൂറുകൾക്കുശേഷം ഒന്നു മയങ്ങിത്തുടങ്ങിയപ്പോഴാണ് നിങ്ങളെത്തിയത്."
"ഓ മനസ്സിലായി."
"നിങ്ങൾ കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ..."
"കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും?"
ഉറങ്ങിയും ഉറങ്ങാതെയും രണ്ടുപേരും നേരം വെളുപ്പിച്ചു. ആറുമണിക്കു തന്നെ ഐ.സി.യു വിന്റെ മുന്നിലെത്തി ബെല്ലടിച്ചു. വാതിൽ തുറന്ന് തല വെളിയിലേക്ക് ഇട്ട നഴ്സിനോട്, ഗ്രീഷ്മയെ കാണാൻ അനുവാദം ചോദിച്ചു.
"നിങ്ങളെത്തിയോ? ഞാൻ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു. ഗ്രീഷ്മയെ ഏഴരയ്ക്ക് തിയേറ്ററിലേക്ക് കൊണ്ടുപോകും. എട്ടു മണിക്കാണ് ഓപ്പറേഷൻ. കൺസെന്റ് ഒപ്പിട്ടുതരണം. നിങ്ങൾ ഇവിടെ നിൽക്ക്, ഞാൻ ഫയലെടുത്തുകൊണ്ടുവരാം."
"സിസ്റ്റർ, ഞങ്ങളവളെ ഒന്ന് കയറി കണ്ടോട്ടെ?"
"ശരി, വരൂ..."
നഴ്സിനോടൊപ്പം അകത്ത് കടന്ന അവർ ശബ്ദമുണ്ടാക്കാതെ നടന്ന് ഗ്രീഷ്മയുടെ അരികിലെത്തി.
"മോളേ പപ്പ വന്നിട്ടുണ്ട്, ദേ നോക്കിക്കേ..."
കണ്ണുകൾ തുറന്ന് രണ്ടുപേരേയും മാറിമാറി നോക്കി. അവളുടെ മുഖത്തു കണ്ട നിർവികാരതയിൽ ഇരുവരും വിങ്ങിപ്പൊട്ടി.
"മോൾക്ക് വേഗം സുഖമാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശരിയാവും. തമ്പുരാൻ നമ്മളെ കൈവെടിയില്ല."
"ശരി, കണ്ടു കഴിഞ്ഞെങ്കിൽ വന്നോളൂ കേട്ടോ..."
കൺസെൻറ് പേപ്പറിൽ നഴ്സ് കാണിച്ചു കൊടുത്ത സ്ഥലത്ത് ഒപ്പിട്ടുകൊടുത്തിട്ട് അവർ പുറത്തിറങ്ങി കസേരയിൽ ചെന്നിരുന്നു. ഗ്രീഷ്മയെ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ അവരും അനുഗമിച്ചു. യൂണിഫോമിലെത്തിയ അലക്സിനെയും അരുണിനേയും ഒരുമിച്ചുകണ്ട് ആളുകൾ പരിഭ്രമിച്ചു.
"ഓപ്പറേഷൻ തുടങ്ങിയോ അച്ചായാ?"
"ആഹാ, രണ്ടുപേരുമുണ്ടല്ലോ! കൊച്ചിനെ കൊണ്ടുപോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു. ഇപ്പോൾ തുടങ്ങിക്കാണും."
"നാലുമണിക്കൂറെങ്കിലും എടുക്കുമായിരിക്കും. കഴിയുന്നതുവരെ നിങ്ങൾ ഇവിടെത്തന്നെ ഇരിക്കേണ്ട ആവശ്യം ഉണ്ടോ?"
"മുറിയിലിരിക്കുമ്പോൾ വല്ലാത്ത ടെൻഷനാണ്. അരുൺസാർ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തോ?"
"ഇന്നലെയും കൂടി ലീവെടുത്തു. ഇന്നാണ് ജോയിൻ ചെയ്തത്."
"അതു നന്നായി."
"അച്ചായൻ രാവിലെയാണോ എത്തിയത്?"
"ഞാനൊരു ഡ്രൈവറേയും കൂട്ടി രാത്രിയിൽത്തന്നെ തിരിച്ചു. ഇവിടെയെത്തിയപ്പോൾ ഒന്നരമണിയായി."
"എന്നിട്ട് ഡ്രൈവർ എവിടെ?"
"അവൻ വണ്ടിയിൽ കിടന്ന് ഉറങ്ങുന്നുണ്ടാവും."
"അച്ചായാ, ഞങ്ങളിപ്പോൾ പോയിട്ട് പിന്നെ വരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം."
"ശരിയെടാ, ആയിക്കോട്ടെ."
അവർ വന്നതും പോയതുമൊന്നും അറിയാതെ മോളിക്കുട്ടി ജപമാലയുരുട്ടി മാതാവിന് അപേക്ഷ ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് അവിടെയെത്തിയ പൊന്നച്ചൻ, അവർ ഇരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് അടുത്തേക്ക് വന്നു.
"എന്തായി അച്ചായാ, ഓപ്പറേഷൻ തുടങ്ങിയോ?"
"തുടങ്ങിയിട്ട് ഒരു മണിക്കൂറെങ്കിലും ആയിട്ടുണ്ടാവും."
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ?"
"മുറി പൂട്ടിയിറങ്ങിപ്പോരുന്നതുകൊണ്ട് ബ്രേക്ഫാസ്റ്റ് കൊണ്ടുവന്നിട്ട് തിരിച്ചു കൊണ്ടുപോയിക്കാണും. ഒന്നും കഴിക്കാനും തോന്നുന്നില്ലെടാ. തീരെ വിശപ്പില്ല."
"കാന്റീനിൽ പോയി വല്ലതും കഴിച്ചിട്ട് വരാം. നിങ്ങൾ വരൂ..."
"വേണ്ടെടാ, നീ പോയി കഴിച്ചിട്ടു വരൂ..."
"അത് പറ്റില്ല, എങ്കിൽ ഞാൻ മേടിച്ചുകൊണ്ടു വരാം. മുറി തുറന്ന് ഫ്ളാസ്ക് എടുത്തു തന്നാൽ മതി."
അയാളുടെ നിർബന്ധത്തിന് വഴങ്ങി മോളിക്കുട്ടിയേയും വിളിച്ച്, ചെറിയാച്ചൻ മുറിയിലേക്ക് പോയി.
(തുടരും)