ഭാഗം - 12
മനസ്സിനെ കോരിത്തരിപ്പിക്കുന്ന കട്ടപ്പനയിലെ നയനമനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലൂടെ, ഒരു പോലീസ് വാഹനം അവറാച്ചൻ മുതലാളിയുടെ ബംഗ്ലാവിനെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
മലമടക്കുകളിൽ നിന്നുമുയരുന്ന കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രഭാതം. മഞ്ഞുമലകളുടെ മറവിലെവിടെയോ ഒളിച്ചിരിക്കുന്ന സൂര്യന്റെ രശ്മികൾ അവിടവിടെയായി തട്ടിക്കളിക്കുന്നു.
ഉണർന്നു തുടങ്ങുന്ന ഗ്രാമത്തിലെ പ്രധാന പാത മുറിച്ച് വലതു വശത്തേയ്ക്കുള്ള ചെമ്മൺ പാതയിലൂടെ ജീപ്പ്, ആ വലിയ വീടിന്റെ മുറ്റത്തു വന്നു നിന്നു.
"അയ്യോ കർത്താവേ, ദാണ്ടെ പോലീസ്! നിങ്ങൾ എന്തെങ്കിലും ഏടാകൂടത്തിൽ ചെന്നു ചാടിയിട്ടുണ്ടോ മനുഷ്യാ?"
"ഒന്നു പോടീ അവിടുന്ന്, അവർ എന്തെങ്കിലും കാര്യം അന്വേഷിക്കാൻ വന്നതായിരിക്കും. ഞാൻ പോയി ചോദിക്കട്ടെ."
വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങിയ മുതലാളി, പോലീസുകാരോട് ചോദിച്ചു :
"എന്താണ് സാർ ഇത്ര രാവിലെ? പ്രത്യേകിച്ച് എന്തെങ്കിലും?
"ഞങ്ങൾ ഒരു വിവരം അറിയിക്കാനായി വന്നതാണ്."
"എന്താണ് സാർ കാര്യം? വരൂ.. അകത്തോട്ടിരിക്കാം.
വന്നിരുന്ന രണ്ടു പോലീസുകാരും ഹാളിലേക്ക് കയറി ഇരുന്നു.
"ഇവിടെ ആരൊക്കെയാണ് താമസിക്കുന്നത്?"
"ഞാനും എന്റെ ഭാര്യയും, പിന്നെ ഒന്നുരണ്ടു ജോലിക്കാരും ഉണ്ട്."
"അപ്പോൾ മക്കൾ?"
"ഞങ്ങൾക്ക് മക്കളായി ആരുമില്ല."
"അപ്പോൾ ആരാണ് ഈ ശാലിനി?"
"അവൾ ഞങ്ങൾക്ക് മകളെപ്പോലെ തന്നെയാണ്. അവളുടെ അച്ഛനും അമ്മയും ഇവിടുത്തെ പണിക്കാരാണ്. പഠിക്കാൻ മിടുക്കിയായ അവളെ ഞങ്ങളാണ് പഠിപ്പിക്കുന്നത്. എറണാകുളത്തുള്ള ഒരാശുപത്രിയിൽ ബി.എസ്സ്.സി നഴ്സിംങിനു പഠിച്ചുകൊണ്ടിരിക്കുന്നു."
"ഇവിടെ അടുത്തുള്ള സ്റ്റേഷനിൽ നിന്നും അറിയാൻ കഴിഞ്ഞത്, ശാലിനി താങ്കളുടെ മകൾ ആണെന്നാണ്."
"മകളെപ്പോലെ തന്നെയാണ്.എന്താണ് സാർ കാര്യം.?"
"ഹോസ്റ്റലിൽ വച്ച് ശാലിനിക്ക് ഒരു അപകടമുണ്ടായി. അലക്കിയ തുണികൾ വിരിക്കുന്നതിനിടയിൽ ടെറസ്സിൽ നിന്നും കാലുതെറ്റി താഴേയ്ക്ക് വീണു."
"എന്റീശോയേ...ഞാനെന്താണീ കേൾക്കുന്നത്, എന്റെ കൊച്ചിന് എന്തുപറ്റി?"
മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് ശോശാമ്മച്ചി, ഞെട്ടിത്തരിച്ചിരിക്കുന്ന തന്റെ ഭർത്താവിന്റെ ചുമലിൽ അമർത്തിക്കൊണ്ട് ചോദിച്ചു:
"ഇവരെന്താണീ പറയുന്നത്, നമ്മുടെ കൊച്ചിന് എന്തുപറ്റി? എനിക്കുടൻ തന്നെ അവളെ കാണണം."
"നീ ഒന്നടങ്ങെടീ, കാര്യങ്ങൾ വിശദമായി ചോദിച്ചറിയട്ടെ."
"സാറേ, വീഴ്ചയിൽ അവൾക്കെന്തെങ്കിലും പറ്റിയോ? എങ്ങനെയായിരുന്നു സംഭവം?"
"ഇന്നലെ സന്ധ്യയോടു കൂടിയായിരുന്നു സംഭവം. ടെറസ്സിന്റെ ഒരു കോണിലെ ഇളകിയിരുന്ന തിട്ടയിൽ കാൽ തട്ടി, മറിഞ്ഞു വീണതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നുവത്രേ."
ശാലിനിയുടെ മരണവാർത്ത കേട്ട അവറാച്ചൻ മുതലാളി, ചലിക്കാനാവാതെ ഒരു പ്രതിമ കണക്കെ ഇരുന്നു. വാവിട്ടു കരഞ്ഞു കൊണ്ട് ശോശാമ്മയും തളർന്നു വീണു.
"ഇങ്ങനെ കരഞ്ഞു ബഹളം വയ്ക്കാതെ, അവളുടെ മാതാപിതാക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കണം."
"ഇല്ല സാർ, എനിക്കവരോട് ഇതൊന്നും പറയാൻ വയ്യ. നിങ്ങൾ തന്നെ അറിയിച്ചാൽ മതി. ഈ നാട്ടിലെ പാവപ്പെട്ട കർഷകരുടെ, ഈ ഗ്രാമത്തിന്റെ തന്നെ ഒരു വലിയ പ്രതീക്ഷയായിരുന്നു അവൾ. ആർക്കും ഇതുൾക്കൊള്ളാൻ കഴിയില്ല. അവളുടെ അച്ഛനും അമ്മയും സാധുക്കളാണ്. ഞങ്ങൾക്ക് പിറക്കാതെ പോയ മകളാണവൾ."
"പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങാൻ അവളുടെ ബന്ധുക്കളേയും കൂട്ടി ഉടൻ തന്നെ അവിടെ എത്തണമെന്നാണ് ഞങ്ങളെ
അറിയിച്ചിരിക്കുന്നത്." നമുക്ക് ഉടൻതന്നെ അങ്ങോട്ടു പോകണം."
മുതലാളി തന്റെ ജോലിക്കാരനെ അയച്ച് ശാലിനിയുടെ മാതാപിതാക്കളെ ബംഗ്ലാവിലേയ്ക്കു വിളിപ്പിച്ചു.
ഏമാൻമാരുടെ മുന്നിൽ ഭവ്യതയോടെ നിന്ന അവളുടെ അച്ഛനോടും അമ്മയോടും പോലീസുകാരൻ പറഞ്ഞു:
"ഞാൻ പറയുന്ന കാര്യങ്ങളൊക്കെ നിങ്ങൾ ബഹളമുണ്ടാക്കാതെ കേൾക്കണം. വിധിയെ ആർക്കും തടുക്കാനാവില്ല. സുഖവും ദുഃഖവും കൂടിച്ചേരുന്നതാണല്ലോ ജീവിതം. പ്രശ്നങ്ങളിൽ തളരാതെ, സമചിത്തതയോടെ നേരിടാനും അതുൾക്കൊള്ളാനും കഴിയണം."
"ഏമാൻ എന്താണ് പറഞ്ഞു വരുന്നത്, അടിയങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല."
"നിങ്ങളാരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങൾ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം."
"പറയൂ ഏമാനേ..."
ശാലിനിയുടെ മരണവാർത്ത അവരെ അറിയിക്കുകയും നല്ല വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്വന്തം മകളുടെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ ബോധം മറഞ്ഞ്, വീഴാൻ തുടങ്ങിയ അമ്മയെ താങ്ങിപ്പിടിച്ചുകൊണ്ട് അവളുടെ അച്ഛനും മാറത്തടിച്ചു കരഞ്ഞു.
"എന്റെ പൊന്നുമോളേ... ഞങ്ങളെ തനിച്ചാക്കി നിനക്കെങ്ങനെ പോകാൻ കഴിഞ്ഞു? ഇനി എന്തിനാണ് ഞങ്ങൾ ജീവിക്കുന്നത്; ഞങ്ങൾക്കിനി ആരുണ്ട്?"
ശാലിനിക്കുണ്ടായ ദുരന്തം കാട്ടുതീ പോലെ ആ നാട്ടിലെല്ലാം പരന്നു. അറിഞ്ഞവരെല്ലാം ആ ബംഗ്ളാവിന്റെ മുറ്റത്തേയ്ക്ക് ഓടിക്കൂടി. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പരിസരം ബന്ധുക്കളേയും നാട്ടുകാരേയും കൊണ്ട് നിറഞ്ഞു.
ഹൃദയം തകരുന്ന അന്തരീക്ഷത്തിന് മൂക സാക്ഷികളായി നിന്നിരുന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.
"പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങാനായി, എത്രയും പെട്ടെന്ന് അടുത്ത ബന്ധുക്കളിൽ ചിലർ ആശുപത്രിയിൽ എത്തേണ്ടതുണ്ട്."
അവറാച്ചൻ മുതലാളിയേയും ശാലിനിയുടെ അച്ഛനേയും അടുത്ത ബന്ധുക്കളേയും വഹിച്ചുകൊണ്ട് പോലീസ് ജീപ്പ് അവിടെ നിന്നും അതിവേഗം പാഞ്ഞുപോയി.
മയക്കത്തിൽ നിന്നുണർന്ന ശാലിനിയുടെ അമ്മയുടെ ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ, അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ കുഴങ്ങി.
ശോശമ്മച്ചിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ബന്ധുക്കളായ ചില സ്ത്രീകളോട് ശാലിനിയുടെ ഓർമകൾ പങ്കുവച്ച് വിലപിച്ചുകൊണ്ടിരുന്നു.
പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങുമ്പോൾ, ചങ്കുപിളരുന്ന വേദനയോടെ അച്ഛൻ വാവിട്ടു കരഞ്ഞു. സ്വന്തം മകളെപ്പോലെ കരുതിയിരുന്ന അവറാച്ചൻ മുതലാളിയും പൊട്ടിക്കരഞ്ഞു. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ്, ആ ശരീരവും വഹിച്ചു കൊണ്ട് പോലീസ് ആംബുലൻസ് അവളുടെ സ്വപ്നഭൂമിയായ സ്വന്തം ഗ്രാമത്തിലേക്ക് യാത്രയായി.
ശാലിനിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചിതയാകാതെ അഞ്ജലി റൂമിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി. ഡ്യൂട്ടിക്ക് പോകുകയോ സമയത്തു ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല.
അവളുടെ അവസ്ഥ മനസ്സിലാക്കിയ ഹോസ്റ്റൽ വാർഡൻ അലീനയെക്കൂടി ആ മുറിയിലേക്ക് മാറ്റി. അലീനയ്ക്കും അത് ഇഷ്ടമായിരുന്നു.
ഗ്രീഷ്മയുമായി മാനസികമായി അകന്ന നീതു, ഇപ്പോൾ ലിൻസിയോടൊപ്പമാണ് താമസിക്കുന്നത്. അത്യാവശ്യം കാര്യങ്ങൾ മാത്രമേ അവർ തമ്മിൽ സംസാരിക്കുകയുള്ളൂ.
ശാലിനിയുടെ മരണത്തിനു കാരണം ഗ്രീഷ്മ തന്നെയാണെന്ന് നീതു ഉറച്ചുവിശ്വസിച്ചിരുന്നു.
ശാലിനി മരിച്ചതിന്റെ അടുത്ത ദിവസം സബ് ഇൻസ്പെക്ടറും സംഘവും ഹോസ്റ്റലിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി പലരേയും ചോദ്യം ചെയ്തു.
"മാഡം, മരിച്ച കുട്ടിയുടെ ബാച്ചിലുള്ളവരെ ഓരോരുത്തരെയായി എനിക്കു കാണണം."
"അതിനെന്താണ് സാർ, ഞാൻ അവരെ വിളിപ്പിക്കാം. ചിലരൊക്കെ ഡ്യൂട്ടിയിലാണ്."
അലീനയെ ചോദ്യം ചെയ്തതിൽ നിന്നും മരിച്ച ശാലിനിയോട് അസൂയയും പകയും വച്ചുപുലർത്തിയിരുന്ന ഗ്രീഷ്മയെന്ന കുട്ടിയെപ്പറ്റി അറിയാൻ കഴിഞ്ഞു.
"ഈ ഗ്രീഷ്മയുമായി സൗഹൃദത്തിലുള്ളവർ ആരൊക്കെയാണ്?"
"ഒരു സമയം വരെ ഞാനും അവളുടെ സുഹൃദ് വലയത്തിൽപ്പെട്ട ആളായിരുന്നു സാർ. അവളുടെ ചിന്തകളോടും പ്രവൃത്തികളോടും എന്നും ഞാൻ എതിരായിരുന്നു. പല പ്രാവശ്യം പ്രതികരിച്ചിട്ടുമുണ്ട്."
"ഗ്രീഷ്മയ്ക്ക് ശാലിനിയോട് തോന്നിയ വൈരാഗ്യത്തിന്റെ കാരണം എന്തായിരുന്നു?"
"വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ശാലിനി. നല്ല സ്വഭാവത്തിന്നുടമയായ അവളെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. അവളെ അപമാനിക്കുവാനുള്ള അവസരങ്ങൾ ഓരോന്നായി ഗ്രീഷ്മ ഒരുക്കിക്കൊണ്ടിരുന്നു."
"ശരി, അലീന പൊയ്ക്കോളൂ. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിപ്പിക്കും."
"ശരി സാർ."
അലീന പോയിക്കഴിഞ്ഞപ്പോൾ മേട്രൻ മുറിയിലേക്കു ചെന്നു.
"മാഡം, ഗ്രീഷ്മ എന്ന കുട്ടിയേയും അവരുടെ കൂട്ടുകാരികളേയും ഒന്നു വിളിക്കാമോ?"
"വിളിക്കാം സാർ. ഒരാൾ ഒഴിച്ച് ബാക്കി രണ്ടു പേരും ഇവിടെയുണ്ട്. നീതു ഡ്യൂട്ടിയിലാണ്."
ഗ്രീഷ്മയേയും ലിൻസിയേയും വിളിക്കാനായി മേട്രൻ ആളിനെ വിട്ടു. ആശങ്കകളുടെ ഏണിപ്പാലത്തിലൂടെ സഞ്ചരിച്ച് ഇൻസ്പെക്ടർ അവരേയും പ്രതീക്ഷിച്ചിരുന്നു.
'സംശയിച്ചതുപോലെ തന്നെ ശാലിനിയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത കൂടിവരികയാണ്.'
കസേരയിൽ നിന്നും എഴുന്നേറ്റ്, ഹോസ്‌റ്റലിന്റെ കോമ്പൗണ്ടിലേക്ക് കണ്ണുകൾ അയച്ചുകൊണ്ട് ഇൻസ്പെക്ടർ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു.
(തുടരും)