mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 10

ഇത്രയും നാൾ അവധിയായതിനാൽ ഫയലുകളുടെ ഒരു കൂമ്പാരം തന്നെ മേശപ്പുറത്തുണ്ടായിരുന്നു. മറ്റൊന്നും തന്നെ ചിന്തിക്കാതെ ജോലിയിൽ വ്യാപൃതനായി. വിശേഷങ്ങൾ തിരക്കിയ സഹപ്രവർത്തകരോടെല്ലാം വളരെ കുറച്ചു വാക്കുകളിൽ മാത്രം കുശലാന്വേഷണം ഒതുക്കി. ഒരു മണിയായപ്പോൾ രാമേട്ടൻ വന്നു വിളിച്ചു.

"എന്താ ദേവാ, ഭക്ഷണം ഒന്നും കഴിക്കണ്ടേ?"

"അയ്യോ... സമയം ആയോ? അറിഞ്ഞതേയില്ല. അത്രയ്ക്കു ജോലിയുണ്ടായിരുന്നു. 

ഇന്നു ഭക്ഷണം പുറത്തു  നിന്നുമാണ്. രാമേട്ടൻ വരുന്നുണ്ടോ?"

"ഇല്ല, ഞാൻ ടിഫിൻ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നീ പോയി കഴിച്ചിട്ടു വാ."

ഓഫീസിനു എതിരേയുള്ള ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം ബാങ്കിൽ കയറി ലോണിന്റെ കാര്യം അന്വേഷിച്ചു. ജാമ്യക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് കൂടി കൊടുത്താൽ ഒരാഴ്ചയ്ക്കുള്ളിൽ ലോൺ പാസ്സാക്കിത്തരാമെന്ന് മാനേജർ പറഞ്ഞു. 'ഓഫീസിൽ ചെന്നിട്ട് രാമേട്ടനോട് പറയണം, ഇന്നുതന്നെ ശരിയാക്കിത്തരാൻ.'

 താൻ പറഞ്ഞതനുസരിച്ച് രാമേട്ടൻ അപ്പോൾത്തന്നെ സാലറി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൊടുത്തു. 

'നാളെ കിട്ടുമായിരിക്കും. നാളെ തന്നെ അതു വാങ്ങി ബാങ്കിൽ കൊണ്ടു കൊടുക്കണം. താമസിച്ചാൽ, ഇനിയും നീണ്ടു പോയേക്കും.'

വീട്ടിലേക്ക് വിളിച്ചു ഭാമയോടു വിശേഷങ്ങൾ തിരക്കി. 

 

രണ്ടു മണിയായപ്പോൾ വീണ്ടും ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തി. എല്ലാവരും ജോലി കഴിഞ്ഞു പോയിട്ടും ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി. സായാഹ്നത്തിലും സൂര്യന്റെ ചൂട് അസഹനീയമായി തോന്നി. ബസ്സിലിരിക്കുമ്പോഴും കഴിഞ്ഞു പോയ ദിവസങ്ങളിലെ കാര്യങ്ങൾ ഒരു അഭ്രപാളിയിലെന്നപോലെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

വളരെ ക്ഷീണിച്ചവശനായിട്ടാണ് വീട്ടിൽ ചെന്നു കയറിയത്. കവലയിലിറങ്ങി പതിവുള്ള ചായയും കടിയും കഴിച്ചിരുന്നതിനാൽ വിശപ്പനുഭവപ്പെട്ടില്ല.

കുളി കഴിഞ്ഞ് കുഞ്ഞിനെയെടുത്തു കൊണ്ട് ഭാമയുടെ അരികിൽ പോയിരുന്നു വിശേഷങ്ങളൊക്കെ സംസാരിച്ചു കൊണ്ടിരിക്കവേ മോൾ ഉണർന്നു കരയാൻ തുടങ്ങി.

"ഭാമേ, ഇവൾക്കു വിശക്കുന്നു. പാലു കൊടുക്ക്."

ലീല അപ്പോഴേയ്ക്കും കുഞ്ഞിനു കൊടുക്കാൻ കുപ്പിപ്പാലുമായി വന്നു.

"അതെന്താ, മോൾക്ക് നിന്റെ പാൽ കൊടുക്കുന്നില്ലേ? എപ്പോഴും ഇങ്ങനെ കുപ്പിപ്പാൽ കൊടുത്താൽ എങ്ങനാ? കുഞ്ഞിന്റെ  ആരോഗ്യത്തിന് അമ്മയുടെ പാൽ തന്നെയല്ലേ വേണ്ടത്?"

"അതേ ചേട്ടാ, അങ്ങനെയാണ് വേണ്ടത്, പക്ഷേ, എനിക്കു പാൽ തീരെ കുറവാണ്. അവൾക്കു അതു മതിയാവുന്നില്ല. ഈ ഓപ്പറേഷൻ ഒക്കെ ചെയ്തതു കൊണ്ടായിരിക്കും. പാൽ ഉണ്ടാകാനുള്ള മരുന്നു വല്ലതും കഴിച്ചാലോ?"

"അതിനുള്ള മരുന്നുകൾ ഒന്നും ഉണ്ടാവില്ല എന്നാണെനിക്കു തോന്നുന്നത്. നല്ല ഭക്ഷണവും വിശ്രമവും ഒക്കെ മതിയാവും. ഏതായാലും നാളെ ഡോക്ടറിനോടൊന്നു വിളിച്ചു ചോദിക്കാം. പത്തു ദിവസം കൂടി കഴിയുമ്പോൾ ചെക്കപ്പിനും പോകണമല്ലോ."

പെട്ടെന്നാണു കുഞ്ഞിന്റെ നൂലുകെട്ടിനെപ്പറ്റി ഓർമ വന്നത്.

"ഭാമേ, പന്ത്രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞിന്റെ നൂലുകെട്ടൽ നടത്തണം. അച്ഛനോടും അമ്മയോടും വരാൻ പറയണം. വേറെ ആരേയും വിളിക്കണ്ട. അമ്മയും അച്ഛനും കൂടി ഒരു ചരടു കെട്ടി പേരു വിളിക്കട്ടെ. വളരെ ലളിതമായ ഒരു ചടങ്ങ്. നിന്റെ അച്ഛനും അമ്മയും വരുമോ? വരുന്നെങ്കിൽ വരട്ടെ, ഭാനുവിനോടു പറയാം, കൂട്ടിക്കൊണ്ടുവരാൻ. എന്താ നിന്റെ അഭിപ്രായം?"

"അങ്ങനെ ചെയ്യാം ചേട്ടാ..." അച്ഛനും അമ്മയും വരുമോ എന്ന സംശയം അവളുടെ മുഖത്ത് വിഷാദം പരത്തി.

"എത്ര നാളായി ഞാൻ എന്റെ അച്ഛനേയും അമ്മയേയും ഒന്നു കണ്ടിട്ട്! ഈശ്വരാ, അവർ ഒന്നു വന്നിരുന്നെങ്കിൽ! അമ്മയോട് എനിക്ക് എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്! ചേട്ടാ, അവർക്കു നമ്മളോടുള്ള ദേഷ്യം ഒരിക്കലും മാറില്ലേ? അതിനു തക്ക കുറ്റം നമ്മൾ ചെയ്തിട്ടുണ്ടോ? സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിക്കുന്നതു ഒരു വലിയ തെറ്റാണോ? ലോകത്ത് എത്രയോ പേർ അങ്ങനെ ജീവിക്കുന്നു. നമുക്കു മാത്രം എന്താണിങ്ങനെ? അമ്മയോടും അച്ഛനോടും ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായിരിക്കും ഇതൊക്കെ."

"അല്ല ഭാമേ, അങ്ങനെയൊന്നും ചിന്തിക്കരുത്. ഇതൊക്കെ ഓരോരുത്തർക്കു ഈശ്വരൻ വിധിച്ച ജീവിതമാണ്. അവരുടെ പിണക്കവും വാശിയും ദേഷ്യവും എല്ലാം തീരും. നിന്നെയും മോളേയും കാണാൻ ഒരു നാൾ വരും. അന്നു ഈയുള്ളവനെ തള്ളിക്കളയരുതേ."

തമാശയായിട്ടാണ് താൻ അങ്ങനെ പറഞ്ഞതെങ്കിലും ഭാമയുടെ മനസ്സിൽ ആ വാക്കുകൾ വല്ലാതെ തറച്ചു.

"ഇങ്ങനെയൊന്നും പറയല്ലേ... ചേട്ടൻ കഴിഞ്ഞേയുള്ളൂ എനിക്കു മറ്റുള്ളവർ. നമ്മുടെ കുഞ്ഞു പോലും!"

"അതു വെറുതേ നീയെന്നെ സുഖിപ്പിക്കാൻ പറയുന്നതാണെന്നെനിക്കറിയാം. മീനുമോളല്ലേ ഇന്നു നിനക്കെല്ലാം. അങ്ങനെ മതി, എനിക്ക് രണ്ടാംസ്ഥാനം മതി."

"ചേട്ടനും അങ്ങനെയാണോ? മോളു കഴിഞ്ഞിട്ടേയുള്ളോ ഞാനും? എനിക്കും രണ്ടാം സ്ഥാനമേയുള്ളോ?"

ഹൃദയ വേദനയോടെയുള്ള ഭാമയുടെ ചോദ്യം കേട്ട് ഒന്നു കുഴങ്ങിയെങ്കിലും നിർവികാരനായി താൻ പറഞ്ഞു:

"എനിക്കു നിങ്ങൾ രണ്ടു പേരും ഒന്നാംസ്ഥാനത്തു തന്നെയാണ്. എങ്കിലും എന്റെ  മോൾ കഴിഞ്ഞിട്ടേയുള്ളൂ ഇനി നീയും."

നീണ്ട ഒരു നെടുവീർപ്പിനോടൊപ്പം ഭാമ ഒന്നു തേങ്ങിയോ?

ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ രണ്ടു കരങ്ങളും ഗ്രഹിച്ചു കൊണ്ട് പറഞ്ഞു:

"എന്റെ കണ്ണിലേക്കു നോക്കൂ,

നമുക്ക് ഇനി സ്വന്തമെന്നു പറയാൻ നമ്മുടെ മീനുമോൾ മാത്രമല്ലേയുള്ളൂ. ആഗ്രഹിച്ചാലും നമുക്കിനി ഒരു കുഞ്ഞിനെ കൂടി ലഭിക്കുകയില്ലല്ലോ. അതിനുള്ള വഴി അടഞ്ഞു പോയില്ലേ? അതുകൊണ്ട്  ഈ പൊന്നുമോളെ എല്ലാ സ്നേഹവാത്സല്യങ്ങളും കരുതലും കൊടുത്ത് ആരോഗ്യത്തോടെ നമുക്കു വളർത്തണം. അസൂയയോ മത്സരബുദ്ധിയോ ഒന്നും നമ്മുടെയിടയിൽ പാടില്ല. ഒന്നാണ് നമ്മൾ, ഇനി നാം മുന്നു പേരല്ല. ഞാൻ പറയുന്നതൊക്കെ നിനക്ക് മനസ്സിലാവുന്നുണ്ടോ പെണ്ണേ?"

അവളുടെ മനസ്സിൽ ചിന്തകൾ കൊടുമ്പിരി കൊള്ളുന്നതറിഞ്ഞ് വിഷയം മാറ്റാൻ ശ്രമിച്ചു.

"എനിക്കു നല്ല ക്ഷീണം ഉണ്ട്. എന്തെങ്കിലും കഴിച്ചിട്ട് കിടന്നുറങ്ങണം. നാളെ ടിഫിൻ തന്നു വിടണം. ലീല രാവിലെ റെഡിയാക്കുമോ?"

ഭാമ മറുപടിയൊന്നും പറയാതെ എന്തൊക്കെയോ ആലോചിച്ചു കിടന്നു.

"ചേട്ടാ, ഒരു സംശയം ചോദിക്കട്ടെ, ശരിക്കും ഇനി നമുക്ക് കുട്ടികൾ ഉണ്ടാവില്ലേ?"

ഭാമയുടെ ചോദ്യം കേട്ട് ഒരു നിമിഷം താൻ തരിച്ചിരുന്നു പോയി. എങ്കിലും ഉറക്കെചിരിച്ചു കൊണ്ട് താൻ പറഞ്ഞു:

"അതിനെപ്പറ്റിയൊക്കെ നമുക്കു പിന്നീട് ആലോചിക്കാം. ഇപ്പോൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാം."

തന്റെ മറുപടി അത്ര തൃപ്തികരമായിരുന്നില്ല എന്ന് അവളുടെ മുഖഭാവം തെളിയിച്ചു. ഭാമയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ആലോചിച്ചാണ് ഉറങ്ങാൻ കിടന്നത്. 

'പാവം! വീട്ടുകാരെ ഉപേക്ഷിച്ച് തന്റെ കൂടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ചവൾ എന്തെല്ലാം പ്രതിസന്ധികളാണ് ഇന്ന് അനുഭവിക്കുന്നത്. അവളുടെ മനസ്സിനെ സന്തോഷിപ്പിക്കുവാൻ പരമാവധി ശ്രമിക്കണം'

ചിന്തകളുടെ ലോകത്തു നിന്നും പതുക്കെ ഉറക്കത്തിലേക്കു വഴുതിവീണു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ