mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 19

രാവിലെ മുതൽ അമ്മയുടെ സംസ്കാരച്ചടങ്ങുകളുമായി തിരക്കിലായിരുന്നു. ഒന്നു രണ്ടു തവണ ഫോൺ ശബ്ദിച്ചെങ്കിലും അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.

'വീട്ടിലെ നമ്പർ ആണല്ലോ...

വിളിച്ചത് എന്തിനായിരിക്കുമോ ആവോ? ഭാമയ്ക്ക് എന്തെങ്കിലും അസ്വസ്ഥതയാവുമോ?'

ഉടൻ തന്നെ തിരിച്ചു വിളിച്ചു. ലീലയാണ് ഫോൺ എടുത്തത്. 

"ഹലോ... എന്നെ വിളിച്ചിരുന്നോ? തിരക്കായിരുന്നതിനാൽ സസാരിക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും വിശേഷം ഉണ്ടോ? ഭാമയും കുഞ്ഞും എവിടെ?"

"സാർ, ഒരുപാടു നിർബന്ധിച്ചിട്ടും ഇന്നലെ രാത്രിയിൽ ഭാമക്കുഞ്ഞു ഭക്ഷണവും മരുന്നും കഴിക്കാൻ കൂട്ടാക്കിയില്ല. എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. രാത്രിയിൽ തീരെ ഉറങ്ങിയില്ലെന്നാണ് തോന്നുന്നത്. 

രാവിലെ തന്നെ ഒരു സാരിയൊക്കെ വലിച്ചുവാരിയുടുത്തു, ഉറങ്ങിക്കിടന്നിരുന്ന മോളേയും എടുത്തുകൊണ്ട് എവിടേക്കോ പോകാൻ തുടങ്ങി. ഞാൻ ബഹളം വച്ചു കുഞ്ഞിനെ പിടിച്ചു വാങ്ങി."

ലീലയുടെ സംസാരത്തിൽ പരിഭ്രമവും ഭീതിയും നിറഞ്ഞു നിന്നു. 

'ഈശ്വരാ...എന്തൊരു ശിക്ഷയാണിത്! ഒരു രീതിയിലും അല്പം സമാധാനം ലഭിക്കില്ലെന്നാണോ..?'

ലീലയുടെ വിവരണം തുടർന്നെങ്കിലും ഒന്നും തന്നെ കേൾക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. എങ്കിലും യാന്ത്രികമായി വാക്കുകൾക്കു ചെവി കൊടുത്തു കൊണ്ടിരുന്നു.

"ഇത് എന്റെ മോൾ ആണെടീ, അവളെ എനിക്കു തരൂ... എന്നു പറഞ്ഞ് എന്റെ കവിളിൽ അടിച്ചു. എനിക്കാകെ ഭയമായി. കുഞ്ഞിനേയും കൊണ്ട് ഞാൻ കിടക്കുന്ന മുറിയിൽ കയറി വാതിലടച്ചു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കുറച്ചുനേരം കതകിൽ തട്ടി ബഹളം വച്ചു കൊണ്ടിരുന്നു.

ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഞാൻ  പുറത്തിറങ്ങി നോക്കിയെങ്കിലും ഭാമക്കുഞ്ഞിനെ ഇവിടെയെങ്ങും കണ്ടില്ല. സാറിനെ വിളിച്ചു കിട്ടാതായപ്പോൾ ഭാനുക്കുഞ്ഞിനോടു വിവരങ്ങൾ പറഞ്ഞു."

മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് പ്രതികരിച്ചു.

"എന്നിട്ട്? അവൾ എവിടെ പോയി? ഭാനു എന്തു പറഞ്ഞു?"

"ഉടനെ ഇങ്ങോട്ടു വരാമെന്നു പറഞ്ഞു."

"ശരി, ഞാൻ ഒന്ന് അന്വേഷിക്കട്ടെ."

'ഈശ്വരാ... ഇവൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? എവിടെപ്പോയതായിരിക്കും? ആരോടാണ് ഒന്നു പറയുക?'

അടുത്തുള്ള സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറിന്റെ മുഖം പെട്ടെന്ന് ഓർമയിൽ വന്നു. ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. എല്ലാം വിശദമായി കേട്ടതിനു ശേഷം ഇൻസ്പെക്ടർ പറഞ്ഞു:

"ദേവൻ വിഷമിക്കാതിരിക്കൂ... ഞങ്ങൾ അന്വേഷിക്കാം. അവിടുത്തെ കാര്യങ്ങൾ ഒക്കെ നടക്കട്ടെ." 

സബ് ഇൻസ്പെക്ടറിനെ നേരത്തേ തന്നെ പരിചയപ്പെട്ടിരുന്നതിനാൽ, ഇപ്പോൾ ഉപകാരമായി. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയേ ഇനി നിവൃത്തിയുള്ളൂ...

ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. മനസ്സാകെ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്നു. അമ്മയുടെ വേർപാടിന്റെ ദുഃഖം ഒരുവശത്ത്. ആകെ ചിന്താപരവശനായ തന്നെ ആളുകൾ ശ്രദ്ധിക്കുന്നതറിഞ്ഞ് വേഗം വീടിനുള്ളിലേക്കു കയറി.

"എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതു പോലെ തോന്നുന്നുണ്ടല്ലോ. എന്തുപറ്റി?"

അച്ഛനാണ്. അച്ഛനെന്തൊക്കെയോ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

"ഏയ്... ഒന്നുമില്ല...അച്ഛന് വെറുതേ തോന്നുന്നതാ." 

അപ്പോൾ അങ്ങനെ ഒരു നുണ പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അമ്മയുടെ ചിതയ്ക്കു തീ കൊളുത്തുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു.

ഏകാഗ്രമായ മനസ്സോടെ കർമങ്ങൾ ചെയ്യാൻ തനിക്കു സാധിച്ചില്ലെന്നോർത്തു സങ്കടപ്പെട്ടു. സ്വന്തം അമ്മയുടെ ആത്മാവിനോടു പോലും നീതി പുലർത്താൻ ആയില്ലല്ലോ!  ഈശ്വരാ... എന്നോടു പൊറുക്കണേ...'

സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പലരും മടങ്ങിപ്പോയിരിക്കുന്നു. ഭാമയുടെ വിവരം അറിയാനുള്ള വെമ്പലിൽ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.

ഫോണിൽ നാലഞ്ചു മിസ്കോളുകൾ കണ്ടതിനാൽ, വ്യഗ്രത നിറഞ്ഞ മനമോടെ ഓരോരുത്തരേയും തിരിച്ചു വിളിച്ചു.

അലക്ഷ്യമായി വഴിയിലൂടെ നടന്നുനീങ്ങുന്ന ഭാമയെ, അരമണിക്കൂറിനകം തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു എന്ന് ഇൻസ്പെക്ടറിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ ആശ്വസിച്ചു.

വീട്ടിലെത്തിയ ഭാമയുടെ സ്ഥിതി എങ്ങനെയുണ്ടെന്നറിയാൻ തിടുക്കമായി. വീട്ടിലെ നമ്പറിൽ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഭാനുവിന്റെ കാൾ വന്നത്.

"ഹലോ... ചേട്ടാ... ഇതു ഭാനുവാണ്. ഇവിടുത്തെ  വിശേഷങ്ങൾ ഒക്കെ ലീല പറഞ്ഞ് അറിഞ്ഞു കാണുമല്ലോ. അമ്മയും ഞാനും കൂടി എത്തിയപ്പോൾ ചേച്ചി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്നും തനിയേ ഇറങ്ങിപ്പോയ ചേച്ചിയെ പോലീസുകാരാണ് ഇവിടെ കൊണ്ടുവന്നാക്കിയത്. എല്ലാം അറിഞ്ഞ് അമ്മ, ചേച്ചിയേയും കെട്ടിപ്പിച്ചു കരച്ചിലാണ്. ചേച്ചിയേയും കുഞ്ഞിനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ അമ്മ വല്ലാതെ നിർബന്ധിക്കുന്നു. 

ചേട്ടൻ വരാൻ ഇനിയും നാലു ദിവസം കഴിയുമല്ലോ. അതുവരെ ഇവർ വീട്ടിൽ നിൽക്കട്ടെ. ഈ അവസ്ഥയിൽ ഇവിടെ ആക്കിയിട്ടു പോകാൻ മനസ്സുവരുന്നില്ല. ചേട്ടനെ വിളിച്ചു അനുവാദം ചോദിച്ചിട്ട് ആവാമെന്ന്  കരുതി. അവരെ കൊണ്ടുപോകുന്നതിൽ ചേട്ടന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ?" 

ഭാനുവിന്റേയും അമ്മയുടേയും തീരുമാനം ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ലെങ്കിലും തൽക്കാലം മറുത്തൊന്നും പറയാൻ തോന്നിയില്ല. തന്നെയുമല്ല, തന്റെ അഭാവത്തിൽ അതാണു നല്ലതെന്നു തോന്നുകയും ചെയ്തു.

"അങ്ങനെയാണെങ്കിൽ ലീലയും ഒപ്പം വരട്ടെ. അല്ലെങ്കിൽ മോളെ നോക്കാൻ നിങ്ങൾക്കു പ്രയാസമായിരിക്കും. മോളുടെ എല്ലാകാര്യങ്ങളും അവർക്കു മാത്രമേ അറിയൂ."

"ശരി ചേട്ടാ... എന്നാൽ അങ്ങനെ ചെയ്യാം.''

"ഞാൻ തിരിച്ചു വരുമ്പോൾ അതുവഴി വന്ന് അവരേയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളാം. ഭാമ കഴിക്കുന്ന മരുന്നുകൾ ഒക്കെ മറക്കാതെ കൊണ്ടുപോകണം. മുടങ്ങാതെ കഴിപ്പിക്കുകയും വേണം."

"ശരി ചേട്ടാ... അമ്മയുടെ സംസ്കാരച്ചടങ്ങുകൾ എല്ലാം കഴിഞ്ഞോ?"

"ഒക്കെ ഭംഗിയായി നടന്നു. അച്ഛനിപ്പോഴും കത്തിയെരിഞ്ഞ ചിതയും നോക്കി ഒരേ ഇരുപ്പാണ്. ഞാൻ പോയിക്കഴിഞ്ഞാൽ അച്ഛൻ ഇനി ഒറ്റയ്ക്കാവും. അതോർക്കുമ്പോൾ ആണ് വല്ലാത്ത വിഷമം."

"അച്ഛനെക്കൂടി ഇങ്ങോട്ടു കൊണ്ടുവന്നാൽ മതിയല്ലോ."

"വരുമോ എന്നറിയില്ല. വിളിച്ചു നോക്കാം. ഭാമ ഇപ്പോൾ എന്തു ചെയ്യുന്നു?''

"ചേച്ചി ഒന്നും സംസാരിക്കുന്നില്ല, ഒരു തരം മൗനം. നല്ല ഉറക്കക്ഷീണവും ഉണ്ട്."

"ഭക്ഷണവും മരുന്നും യഥാസമയത്തു കഴിക്കാതിരുന്നാൽ പിന്നെ എന്തു ചെയ്യും! വീട്ടിലെത്തിയ ശേഷം വിവരങ്ങൾ അറിയിക്കണം. അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അച്ഛനെ ഒക്കെ കണ്ടു കഴിയുമ്പോൾ സങ്കടങ്ങൾ കുറേയൊക്കെ മാറുമായിരിക്കും."

"ഒരു പക്ഷേ, എല്ലാം നല്ലതിനായിരിക്കും. ശുഭപ്രതീക്ഷകളോടെ നമുക്കു കാത്തിരിക്കാം. ചേട്ടൻ വിഷമിക്കേണ്ട, അധികം വൈകാതെ തന്നെ ചേച്ചി പഴയതു പോലെ ആകും."

താൻ തിരികെ ചെല്ലുന്നതു വരെ ഭാമയും കുഞ്ഞും സ്വന്തം വീട്ടിൽ സുരക്ഷിതരായിരിക്കുമല്ലോ എന്നോർത്തപ്പോൾ മനസ്സിന് അല്പം ആശ്വാസം തോന്നി. 

'ബലികർമങ്ങൾ കഴിഞ്ഞ് അച്ഛന്റെ ആഗ്രഹപ്രകാരം, അമ്മയുടെ ചിതാഭസ്മം നദിയിൽ ഒഴുക്കണം. അതും കഴിഞ്ഞേ തനിക്കു മടങ്ങാൻ സാധിക്കുകയുള്ളൂ.'

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ വീട്ടിൽ അച്ഛനും മകനും തനിച്ചായി. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോയ അച്ഛന്റെ മൂകദുഃഖം, ഹൃദയത്തിൽ നൊമ്പരപ്പാടുണ്ടാക്കി. 

'തന്റെ സാമീപ്യം അച്ഛന് വല്ലാതെ ആവശ്യമായിരിക്കുന്ന സമയം ആണിത്. ഒരുപാടു പ്രശ്നങ്ങളുടെ കുരുക്കിൽ അകപ്പെട്ടിരിക്കുന്ന തനിക്ക്, അച്ഛനോടുള്ള കടപ്പാടുകൾ യഥാസമയം നിറവേറ്റാൻ സാധിക്കുമോ?'

മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ആയിരം ചിന്തകൾക്കൊടുവിൽ, അറിയാതെ നിദ്രയിലേക്കു വഴുതി വീണു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ