mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 28

"മോളേ ഭാമേ, എനിക്കു നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്."

പ്രഭാത ഭക്ഷണത്തിനുശേഷം ഭാമയുടെ മുറിയിലേക്കു ചെന്ന്, അവളുടെ കട്ടിലിൽ ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു.

"പറയൂ അച്ഛാ..."

"ഇന്നലെ നീ പറഞ്ഞതും ആവശ്യപ്പെട്ടതുമായ കാര്യങ്ങളെ സംബന്ധിച്ചാണ് എനിക്കു നിന്നോടു സംസാരിക്കുവാനുള്ളത്. നീ അതു നല്ല അർത്ഥത്തിൽ തന്നെ ഗ്രഹിക്കണം. മക്കളുടെ നന്മയെക്കരുതി മാത്രമേ, അച്ഛനമ്മമാർ എപ്പോഴും ചിന്തിക്കുകയുള്ളൂ.''

"അറിയാം അച്ഛാ..."

നിനക്കു സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരു തവണ നിന്റെ ഭർത്താവ് ഇവിടെ വന്നിരുന്നു. നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു അയാളുടെ ഉദ്ദേശം. നീ ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ, പിന്നെ വരാമെന്നു പറഞ്ഞ് പോയതാണ്. പിന്നീട് ഇതുവരെയും കണ്ടിട്ടില്ല."

"അസുഖമൊക്കെ മാറി, ഞാൻ തിരിച്ചെത്തിയ വിവരം ചേട്ടനെ അറിയിച്ചിരുന്നില്ലേ?"

അറിയിച്ചിരുന്നുവെങ്കിലും നിങ്ങളെ കാണാൻ താൽപര്യം കാണിച്ചില്ല. ആശുപത്രിയിലും  ഒന്നു വന്നു നിന്നെ കണ്ടിരുന്നില്ലല്ലോ. മാനസിക രോഗിയായ നിന്നെ സ്വീകരിക്കാൻ അയാൾക്കു ബുദ്ധിമുട്ടാണെന്ന് പറഞ്ഞു."

"ചേട്ടൻ ഒരിക്കലും അങ്ങനെ പറയില്ലച്ഛാ... എന്നെയും മോളേയും ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്."

"ആയിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അയാളാകെ മാറിപ്പോയി. നിങ്ങളെ വന്നു കൂട്ടിക്കൊണ്ടുപോകാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അയാൾ വന്നില്ല.

രണ്ടാഴ്ചയ്ക്കു മുൻപ് അയാൾ അയച്ച ഒരു വക്കീൽ നോട്ടീസ് ഇവിടെ കിട്ടി. നീയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കേസ് ഫയൽ ചെയ്തതിന്റെ നോട്ടീസ് ആയിരുന്നു അത്. ഡിവോഴ്സിനുള്ള പെറ്റീഷൻ കൊടുത്തിട്ടു കാത്തിരിക്കുകയാണ് ഇന്നയാൾ. ഇതൊക്കെ പറഞ്ഞ് നിന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാണ് ഇതുവരേയും എല്ലാം നിന്നിൽ നിന്നും മറച്ചുവച്ചത്."

ഭർത്താവിന്റെ കല്ലു വച്ച നുണ കൾ കേട്ടുകൊണ്ടു നിന്നിരുന്ന ഭാമയുടെ അമ്മയുടെ മനസ്സിൽ കുറ്റബോധം നീറിപ്പുകഞ്ഞു.

'ഈശ്വര കോപം വിളിച്ചു വരുത്തുകയാണല്ലോ ഈ മനുഷ്യൻ! ഭഗവാനേ... പൊറുക്കണേ.'

"അച്ഛൻ പറയുന്നതൊന്നും എനിക്കു വിശ്വസിക്കുവാൻ ആവുന്നില്ല. ഞങ്ങളില്ലാതെ ചേട്ടന് ഒരിക്കലും ജീവിക്കാനാവില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് ചേട്ടനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവും. നേരിട്ടൊന്നു സംസാരിക്കാൻ കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നാണ് എന്റെ മനസ്സു പറയുന്നത്. ചേട്ടനെ ഒന്നു വിളിച്ചുതരാമോ? ഞാൻ സംസാരിക്കാം."

"വിളിച്ചിട്ടു അയാളെ കിട്ടുന്നില്ലെന്നാണ് ഭാനു പറയുന്നത്. നമ്പറും മാറ്റിയിട്ടുണ്ടാവും."

അച്ഛന്റെ വാക്കുകൾ ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ, ഹൃദയത്തിന്റെ വിങ്ങലുകൾ കണ്ണുനീർച്ചാലുകളായി അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങി.

"മോളു വിഷമിക്കാതിരിക്കൂ... കരഞ്ഞതു കൊണ്ട് എന്തു പ്രയോജനം? എല്ലാം നേരിടാനുള്ള കരുത്ത് നേടുകയാണ് വേണ്ടത്. ജീവിതത്തിൽ ആകസ്മികമായി വന്നു ഭവിക്കുന്നതെല്ലാം ധീരതയോടെ നേരിടണം. പരിഹരിക്കാൻ പറ്റാത്തതായി യാതൊന്നുമില്ല

ഈ ലോകത്തിൽ.

അയാൾ കാരണമാണ് നിന്റെ ജീവിതം ഇന്നീ അവസ്ഥയിൽ ആയത്. ഇപ്പോൾ അവൻ കയ്യൊഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ഒഴുക്കിനൊത്തു നീന്തുകയാണു വേണ്ടത്.

കേസ് കോടതിയിൽ എത്തിയ സ്ഥിതിക്ക് നമ്മളും ഒരു വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട്. അടുത്ത മാസം പത്താം തീയതി രാവിലെ പത്തു മണിയാകുമ്പോൾ കുടുബക്കോടതിയിൽ ഹാജരാകാൻ അവിടെ നിന്നും അറിയിച്ചിട്ടുമുണ്ട്. 

കോടതിയിൽ ആവശ്യമില്ലാത്തതൊന്നും പറയരുത്. ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാൽ മതിയാകും."

"അച്ഛാ... ചേട്ടനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷം ഞാനും മോളും പിന്നെ എങ്ങനെ ജീവിക്കും? എന്റെ മീനുമോൾ, ഒരച്ഛന്റെ സ്നേഹം അറിയാതെ വളരണമെന്നാണോ? അവളുടെ ഭാവി ജീവിതം ഇരുളടഞ്ഞു പോകില്ലേ? എനിക്കിതൊന്നും അഭിമുഖീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ലച്ഛാ... എന്റെ തലപെരുക്കുന്നു."

മോളേ...ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിച്ച് ഭാരപ്പെടരുത്. ഈ കാലത്തിൽ ഇതൊക്കെ സർവ്വസാധാരണമാണ്. നീയും കുഞ്ഞും ഒരിക്കലും ഞങ്ങൾക്ക് ഒരു ഭാരമാവില്ല. നിന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഒരു കുറവും വരില്ല. നിങ്ങളെ വേണ്ടാത്തവരുടെ മുന്നിൽ അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം. 

ഞാൻ വിചാരിച്ചാൽ, നിനക്കൊരു ജോലി തരപ്പെടുത്താൻ യാതൊരു പ്രയാസവും ഉണ്ടാവില്ല. ബാക്കി കാര്യങ്ങൾ വരുന്നിടത്തു വച്ചു കാണണം. ഈശ്വരൻ നമ്മുടെ കൂടെയുള്ളപ്പോൾ ഒന്നും ഭയപ്പെടാൻ ഇല്ല.  ഇന്നു തന്നെ നമ്മുടെ വക്കീലിനെ ഒന്നു പോയി കാണണം. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്."

ഭാമയുടെ പുറത്തു തട്ടി അവളെ ആശ്വസിപ്പിച്ചു. എല്ലാം അവൾ വിശ്വസിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോൾ, ഒരു ദീർഘ നിശ്വാസത്തോടെ അവളുടെ മുറിയിൽ നിന്നും പുറത്തിറങ്ങി.

'എത്രയും വേഗം ഈ ബന്ധം ഒന്നു വേർപെടുത്തിക്കിട്ടിയാൽ മതിയായിരുന്നു.' മനസ്സിലെ ആഗ്രഹം വാക്കുകളായി പുറത്തുവന്നു.

"എന്നാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഭാമ ഇതൊക്കെ വിശ്വസിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. നിങ്ങളുടെ കുരുട്ടുബുദ്ധി അപാരം തന്നെ. ഒടുവിൽ ഒന്നും വിനയായി തീരാതിരുന്നാൽ മതിയായിരുന്നു."

ഭാര്യയുടെ വാക്കുകൾ തന്നെ ചൊടിപ്പിച്ചുവെങ്കിലും തികച്ചും ശാന്തനായി പറഞ്ഞു:

"എല്ലാം നമ്മുടെ മോളുടെ നന്മയ്ക്കു വേണ്ടിയല്ലേ? മുൻപ് അവളെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച എന്റെ  സുഹൃത്തിന്റെ സഹോദരിയുടെ മകൻ,  ഇപ്പോഴും ഭാമയെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്."

"അതിന് ആ പയ്യന്റെ വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞതല്ലേ? അതിൽ  പങ്കെടുക്കാൻ നമ്മളും പോയിരുന്നതാണല്ലോ."

"അതേ, ശരിയാണ്. ഏതോ കാരണങ്ങളാൽ, നിയമപരമായിത്തന്നെ ആ വിവാഹ ബന്ധവും വേർപെടുത്തി. ആറു മാസം മാത്രമേ അവർ ഒരുമിച്ചു കഴിഞ്ഞുള്ളൂ... ആ പെൺകുട്ടി വേറെ ഒരാളുമായി സ്നേഹത്തിൽ ആയിരുന്നത്രേ. വിവാഹ ശേഷവും ആ ബന്ധം തുടർന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോഴത്തെ പിള്ളാരുടെ ഒക്കെ ഒരു കാര്യം!"

"ഭാമയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിയുമ്പോൾ, തീർച്ചയായും അവരുടെ താൽപര്യം കുറയുമായിരിക്കും. സാധാരണ പെൺകുട്ടികളെപ്പോലെയല്ലല്ലോ അവൾ."

അതൊക്കെ അവർക്കറിയാം. ഭാമയെപ്പറ്റിയുള്ള സകല കാര്യങ്ങളും ഞാൻ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. മീനുമോളെ അവൻ സ്വന്തം മകളായി വളർത്തിക്കോളാമെന്ന് വാക്കും തന്നിട്ടുണ്ട്. 

മാന്യമായ ജോലിയും നല്ല ശമ്പളവും. അതിനും പുറമേ, നാട്ടിൽ ഉയർന്ന നിലയും വിലയും ഉള്ള ഒരു കുടുംബവുമാണ്. നമ്മുടെ സ്വത്തിലും ഒരു കണ്ണുണ്ടെന്നു വേണം പറയാൻ! എന്നാലും വേണ്ടില്ല, നമ്മുടെ സ്റ്റാറ്റസിനു ചേരുന്ന ബന്ധമാണ്. ആളുകളുടെ മുന്നിൽ തലയുയർത്തി നിൽക്കാമല്ലോ.  

അതനുസരിച്ച് ഭാനുവിനും നല്ല ഒരു വിവാഹബന്ധം ഉണ്ടാവും. എല്ലാം ഞാൻ ആഗ്രഹിക്കുന്നതു പോലെ തന്നെ നടക്കും."

"നിങ്ങളുടെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റാതിരിക്കട്ടെ! മക്കളുടെ മനസ്സറിയാതെയുള്ള ഈ തീരുമാനങ്ങളിൽ, എനിക്കു തീരെ യോജിക്കാൻ കഴിയുന്നില്ല."

"തൽക്കാലം ഇതൊന്നും നീ ആരോടും പറയരുത്. നിന്റെ മനസ്സിൽ ഇരുന്നാൽ മതി. സമയമാകുമ്പോൾ ഞാൻ തന്നെ അവതരിപ്പിച്ചോളാം."

വണ്ടി സ്റ്റാർട്ടു ചെയ്തു ഗേറ്റു കടന്നുപോകുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു. ഹൃദയത്തിൽ ഒരു പിടി ചോദ്യങ്ങളുമായി, വാതിൽ അടച്ചവർ തിരിഞ്ഞു നടന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ