mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 26

ഫയലുകൾക്കുള്ളിൽ തല പുകഞ്ഞിരിക്കുമ്പോളാണ് രാമേട്ടൻ വന്നു വിളിക്കുന്നത്. 

"ദേവാ, നിന്നെ അന്വേഷിച്ച് പോസ്റ്റ്മാൻ പുറത്തുവന്നു നിൽക്കുന്നു. ഏതോ രജിസ്റ്റേർഡ് ഉണ്ടെന്നാണ് പറഞ്ഞത്."

രാമേട്ടന്റെ വാക്കുകൾ കേട്ട മാത്രയിൽ, ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നിയോ?

"ആണോ രാമേട്ടാ, ശരി...പോയി മേടിക്കാം."

പുറത്തിറങ്ങി പോസ്റ്റ്മാന്റെ കൈയിൽ നിന്നും ഒപ്പിട്ടു വാങ്ങിയത്, ഭാമ അയച്ച ഡിവോഴ്സ് നോട്ടീസ് ആണെന്നറിഞ്ഞ് തേങ്ങിപ്പോയി.

'ഈശ്വരാ, കാര്യങ്ങൾ ഇത്രടം വരെ എത്തിയല്ലോ! താനറിയാതെ തനിക്കു ചുറ്റും എന്തൊക്കെയാണ് നടക്കുന്നത്! ജീവിതം തന്നെ കൈവിട്ടു പോകുകയാണല്ലോ! ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം.'ഡിവോർസിനുള്ള പേപ്പർ ഒപ്പിട്ടു തിരിച്ചയയ്ക്കാൻ തന്നെ തീരുമാനിച്ചു.

ജോലിയിൽ ശ്രദ്ധിക്കാനാവാതെ, മനസ്സ് എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു. എവിടേയ്ക്കെങ്കിലും ഒന്ന് ഓടിയൊളിക്കാൻ മനസ്സ് മന്ത്രിക്കുന്നു.

മാനേജരുടെ മുന്നിൽ ചെന്ന്, കലശലായ തലവേദനയായതിനാൽ നേരത്തേ വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി. വിശപ്പ് തോന്നാതിരുന്നതിനാൽ ഉച്ചഭക്ഷണം കഴിക്കാനും പോയില്ല. ഫയലുകൾ എല്ലാം ഒതുക്കിവച്ച് ഓഫീസിൽ നിന്നും ഇറങ്ങി നടന്നു. 

തലയ്ക്കു വല്ലാത്ത ഭാരവും പെരുപ്പും തോന്നിയതിനാൽ അടുത്തു കണ്ട പ്രൈവറ്റ് ക്ലിനിക്കിൽ കയറി  ഡോക്ടറിനെ കണ്ടു. രക്തസമ്മർദ്ദം കൂടുതലാണെന്നും ചികിത്സ തുടങ്ങണമെന്നും പറഞ്ഞു. ഡോക്ടർ കുറിച്ചു തന്ന മരുന്നും വാങ്ങി വീട്ടിലെത്തി. നേരേ കട്ടിലിൽ കയറിക്കിടന്നു. അടക്കാനാവാത്ത ഹൃദയ വേദനയാൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആരോടെങ്കിലും മനസ്സുതുറന്ന് ഒന്നു സംസാരിക്കാൻ ഉള്ളം കൊതിച്ചു.

അച്ഛന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. വേഗം തന്നെ വീടു പൂട്ടി കവലയിലേക്കു നടന്നു. ആദ്യം വന്ന ബസ്സിൽ കയറി നാട്ടിലേക്കു തിരിച്ചു.

പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യൻ കുങ്കുമം വാരിവിതറി. സിന്ദൂരക്കുറിയണിഞ്ഞ മാനം ചുമന്നു തുടുത്തു.  സന്ധ്യാദേവിയെ വരവേൽക്കാൻ പ്രകൃതിയും അണിഞ്ഞൊരുങ്ങി. ചെറിയ ചാറ്റൽമഴയോടൊപ്പം തണുത്ത കാറ്റും വീശാൻ തുടങ്ങി.

അച്ഛന്റെ ചുമ കേട്ടുകൊണ്ടാണ് വീട്ടിലേക്കുള്ള പടികൾ ഓടിക്കയറിയത്. നിനച്ചിരിക്കാത്ത നേരത്തു തന്നെ കണ്ടപ്പോൾ, ആനന്ദത്താൽ ആ  കണ്ണുകൾ നിറയുന്നത്, അരണ്ട വെളിച്ചത്തിലും താൻ കണ്ടു.

"ആ.. നീ വന്നോ? ഇപ്രാവശ്യവും ഒറ്റയ്ക്കേ ഉള്ളൂ അല്ലേ? നിന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി കൂട്ടാമായിരുന്നു. അവർക്കൊക്കെ സുഖം തന്നെയല്ലേ?"

"ഉം... അച്ഛൻ എന്തിനാണ് ഇരുട്ടത്ത് ഇരിക്കുന്നത്? കാലിന്റെ നീരും വേദനയും ഇപ്പോൾ എങ്ങനെയുണ്ട്?"

"ഓ.... വിളക്കു കത്തിച്ചു വച്ചാലും മനസ്സിലെ ഇരുട്ടു മാറില്ലല്ലോ. മഴ നനഞ്ഞു വന്നതല്ലേ, നീ പോയി കുളിച്ചിട്ടു വാ...കഞ്ഞി കുടിക്കാം. അപ്പുറത്തെ പെണ്ണു വന്നു വല്ലതും അനത്തിത്തരുന്നതു കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു."

തണുത്ത വെള്ളം തലയിൽ കോരി ഒഴിക്കുമ്പോൾ ശരീരത്തിനും മനസ്സിനും വല്ലാത്ത ഒരു സുഖം തോന്നി.

'തന്റെ മകൾ ഒഴിച്ചാൽ, ഈ ഭൂമിയിൽ തനിക്കുള്ള ഒരേ ഒരു രക്തബന്ധം, തന്റെ അച്ഛനാണ്. ആ നെഞ്ചിൽ ഒട്ടിക്കിടന്ന് തന്റെ പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ തുറന്നു പറഞ്ഞു ഒന്നു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ!'

കുളി കഴിഞ്ഞപ്പോൾ നല്ല വിശപ്പു തോന്നി. അച്ഛനോടൊപ്പം ഇരുന്നു ചൂടു കഞ്ഞി ആർത്തിയോടെ കുടിച്ചു. ഏന്തി ഏന്തി നടക്കുന്ന അച്ഛനെ കാണുമ്പോൾ, ഉള്ളിൽ കുറ്റബോധത്തിന്റെ കനലുകൾ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.

"അച്ഛന്റെ കാലിലെ നീരും വേദനയും കുറഞ്ഞിട്ടില്ലല്ലോ. നമുക്കു നാളെ ആശുപത്രിയിൽ പോകാം."

"ഓ... അതിന്റെയൊന്നും ആവശ്യമില്ല, പതുക്കെ കുറഞ്ഞോളും. കുഴമ്പു പുരട്ടുന്നുണ്ട്."

"എന്നോടൊപ്പം അവിടെ വന്ന് താമസിക്കാൻ പറഞ്ഞാൽ അച്ഛൻ കേൾക്കില്ലല്ലോ."

"ഇനിയുള്ള കാലം നിന്റെ അമ്മയും പൂർവികരും ഉള്ള ഈ മണ്ണിൽ തന്നെ ജീവിച്ചു മരിക്കണം. മറ്റു ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല. 

ഞാൻ മുൻപു നിന്നോടു പറഞ്ഞിരുന്ന കാര്യത്തെപ്പറ്റി വല്ലതും ആലോചിച്ചോ?

നിനക്ക് ഒരു ജോലി തരപ്പെടുത്തുന്ന കാര്യത്തെപ്പറ്റി ഇവിടുത്തെ പഞ്ചായത്തു പ്രസിഡന്റിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ നാളെത്തന്നെ അദ്ദേഹത്തെ ഒന്നു പോയി കാണണം."

"ഞാനും അതേപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജീവിതം എനിക്കും മടുത്തു."

"നന്നായി. ഞാൻ പല പ്രാവശ്യമായി ചോദിക്കണമെന്നു കരുതുന്നു, നീയും ഭാമയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അവളും കുഞ്ഞും നിന്നോടൊപ്പം തന്നെയല്ലേ താമസിക്കുന്നത്?"

'എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുകയായിരുന്ന തനിക്ക്, എല്ലാം പറയാനുള്ള ഒരു അവസരം അച്ഛൻ തന്നെ ഒരുക്കി തന്നതിൽ മനസ്സിൽ നന്ദി പറഞ്ഞു.'

മീനുമോളുടെ ജനനത്തിനു ശേഷം ഉണ്ടായ സകല സംഭവങ്ങളും ഭാമയുടെ രോഗവിവരങ്ങളും ഡിവോഴ്സിനെ സംബന്ധിച്ചും കൂടിയ രക്തസമ്മർദ്ദത്തെപ്പറ്റിയും ഒക്കെ സർവതും വിശദമായിത്തന്നെ അച്ഛനെ അറിയിച്ചു. ഒരു വലിയ ഭാരം ഇറക്കിവച്ചതു പോലെ, മനസ്സിന്റെ ഉള്ളിൽ ആശ്വാസത്തിന്റെ ഇളംങ്കാറ്റ് അലയടിച്ചു.

എല്ലാം കേട്ട് നെടുവീർപ്പിട്ടതല്ലാതെ അച്ഛൻ ഒന്നും മിണ്ടിയില്ല. വലിയ ഒരു അഗ്നികുണ്ഠം തന്നെ മനസ്സിലിട്ടു കൊണ്ടു നടക്കുന്ന തന്റെ മകന്റെ അവസ്ഥയിൽ, ആ പിതാവ് തികച്ചും ദുഃഖിതനായി.

"പ്രതീക്ഷിക്കാത്തതെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകം ഇങ്ങനെയൊക്കെയാണ്. എല്ലാം നേരിടാൻ  മനസ്സിനെ പാകപ്പെടുത്തണം. കേസ്സും കോടതിയുമായി നടന്നു സമയം പാഴാക്കരുത്. എത്രയും പെട്ടെന്നു തന്നെ ആ ബന്ധം വേർപെടുത്തിക്കിട്ടുവാൻ നമ്മുടെ ഭാഗത്തു നിന്ന് നീയും പരിശ്രമിക്കണം. മോളുടെ കാര്യത്തിൽ കോടതി ഒരു തീരുമാനം ഉണ്ടാക്കുമല്ലോ. ആകെ ഒരു ജീവിതമേയുള്ളൂ... അത് നിന്നെ വേണ്ടാത്ത ഭാര്യയുടെ പിറകേ നടന്ന് നശിപ്പിക്കരുത്."

അച്ഛന്റെ വാക്കുകളും തീരുമാനങ്ങളും ഉറച്ചതായിരുന്നു. മറുപടി ഒന്നും പറയാതെ ചിന്തിച്ചു കൊണ്ടിരുന്ന തന്നോട് വീണ്ടും അച്ഛൻ പറഞ്ഞു:

"എത്രയും പെട്ടെന്നു തന്നെ അവിടുത്തെ ജോലി രാജിവച്ചു ഇങ്ങോട്ടു പോരണം. ബാക്കി കാര്യങ്ങളെല്ലാം ഇവിടെ നിന്നുകൊണ്ടു ചെയ്യാം. ഇവിടെയൊരു പണിയും തരപ്പെടുത്തണം. കുറച്ചു ഭൂമി ഉള്ളതിൽ എന്തെങ്കിലും കൃഷി ചെയ്യണം. എന്നെക്കൊണ്ട് ഇനി ഒന്നും തന്നെ  പറ്റുമെന്നു തോന്നുന്നില്ല. 

ഇപ്പോൾ മറ്റൊന്നും ആലോചിച്ചു മനസ്സു വിഷമിപ്പിക്കേണ്ട മോനേ.

ഡോക്ടർ കുറിച്ചു തന്ന മരുന്നും കഴിച്ച് സുഖമായി കിടന്നുറങ്ങൂ... ഇനി എന്റെ മകൻ തനിച്ചല്ല, നിന്നോടൊപ്പം ഈ യുദ്ധത്തിൽ ഞാനും ഉണ്ട്. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ ലോകത്തിൽ ഇല്ലെടാ."

ആത്മവിശ്വാസം പകരുന്ന അച്ഛന്റെ വാക്കുകൾ, സാന്ത്വനമായി, ധൈര്യമായി ഹൃദയത്തിൽ പെയ്തിറങ്ങി. താനിനി തനിച്ചല്ല എന്ന ബോദ്ധ്യം ഒരു സുഖകരമായ നിദ്രയിലേയ്ക്ക് വഴി തെളിച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ