mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 14

തന്റെ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായി പ്രതികരിച്ചുകൊണ്ടിരുന്ന ഭാമയോട്, ഡോക്ടർ വീണ്ടും ചോദിച്ചു: "നിങ്ങളുടെ കുഞ്ഞിന് എത്ര മാസം പ്രായമായി? ഭാമയ്ക്ക് മകളെയാണോ കൂടുതൽ ഇഷ്ടം?"

അതിന് അവൾ മറുപടിയൊന്നും പറയാതെ, തന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.

"കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നതിൽ ഇവൾ തീരെ താൽപര്യം കാണിക്കുന്നില്ല ഡോക്ടർ. മോൾക്കിപ്പോൾ ആറു മാസം തികഞ്ഞു."

"അതെന്താ ഭാമേ? നിങ്ങൾ പ്രസവിച്ച കുഞ്ഞിനെ വളർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ?"

"അവൾക്കു എന്നെയല്ല ഇഷ്ടം, അവരെയാണ്." നിർവികാരതയോടെ അവൾ മറുപടി പറഞ്ഞു.

"ആരെ?"

"ലീലയെ. അവർ മോളെ എപ്പോഴും എടുത്തു കൊണ്ടു നടക്കും. ഞാൻ ചോദിച്ചാലും എനിക്കു തരികയില്ല"

"അതെന്താ ദേവൻ, കുഞ്ഞിനെ അതിന്റെ അമ്മയുടെ കൈയിൽ കൊടുക്കാതിരിക്കുന്നത്?"

"അങ്ങനെയൊന്നുമില്ല ഡോക്ടർ. ഇവൾ താൽപര്യം കാണിക്കാത്തതു കൊണ്ടാണ് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവർ നോക്കുന്നത്.

അപ്പോൾ കുട്ടിക്ക് മുലപ്പാൽ ഒന്നും കൊടുക്കുന്നില്ലേ? ആവശ്യമുള്ള പോഷകാഹാരം ലഭിക്കണമെങ്കിൽ അമ്മയുടെ പാൽ തന്നെ കൊടുക്കണം എന്നറിയില്ലേ?"

"അറിയാം ഡോക്ടർ, പക്ഷേ ഇവൾക്കു പാൽ കുറവായിരുന്നു. കുഞ്ഞിന് അത് തികയാതെ വന്നതു കൊണ്ട് രണ്ടു മാസം മുതൽ കുപ്പിപ്പാൽ മാത്രമാണ് കൊടുക്കുന്നത്."

ഭാമയോട് ഒരു കാര്യം കൂടി ചോദിക്കട്ടെ,

"നിങ്ങളുടെ മനസ്സിനെ അലട്ടുന്നതായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?

"എനിക്ക് എന്റെ വീട്ടിൽ പോകണം. എന്റെ അച്ഛനും അമ്മയും എന്നെക്കാണാതെ വിഷമിച്ചിരിക്കുകയാണ്"

"എന്നാരു പറഞ്ഞു? അവർക്കു വിഷമം ഉണ്ടായിരുന്നെങ്കിൽ നിങ്ങളെയും കുഞ്ഞിനേയും കാണാൻ വരുമായിരുന്നില്ലേ?"

"അവർ വരുന്നത് ചേട്ടന് ഇഷ്ടമല്ല ഡോക്ടർ. അതുകൊണ്ടാണ് വരാതിരിക്കുന്നത്."

"അങ്ങനെയാണോ ദേവൻ?"

"അല്ല ഡോക്ടർ, ഇങ്ങനെയെല്ലാം ഇവൾ ചിന്തിച്ചു കൂട്ടുന്നതാണ്"

ഡോക്ടർ ദേവനേയും കൂട്ടി മുറിയുടെ പുറത്തിറങ്ങി.

"ദുഃഖവും നിരാശയും നിറഞ്ഞ ഒരു മനസ്സാണ് അവരുടേത്. ഡിപ്രഷൻ കൂടിയാൽ പിന്നെ നിയന്ത്രിക്കാൻ പറ്റാതെ വരും. ഞാൻ ഒന്നു രണ്ടു മെഡിസിൻ കുറിച്ചു തരാം. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി കൊടുക്കണം. 

അസാധാരണമായ പെരുമാറ്റങ്ങൾ ഇനിയും ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുവരണം. വീടിനകത്തായാലും അവരുടെ മേൽ ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. വികലമായ ചിന്തകളിലൂടെയാണ് മനസ്സ് എപ്പോഴും വിഹരിക്കുന്നത്.. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ഏതു മാർഗവും സ്വീകരിക്കും. 

ഭയപ്പെടുത്താൻ പറയുന്നതല്ല, അല്പം കൂടി കരുതൽ അത്യാവശ്യമാണ്. ഇഷ്ടക്കുറവു കാരണം കുഞ്ഞിനെ ഉപദ്രവിക്കാനും ഉള്ള സാധ്യതയുണ്ട്. വളരെയേറെ ശ്രദ്ധിക്കണം.

ഭാമയുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവർ തമ്മിൽ കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ അല്പം വ്യത്യാസം വരുമായിരിക്കും"

"ശരി ഡോക്ടർ, അവളുടെ സഹോദരിയുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. അവളെ വിവരങ്ങൾ അറിയിക്കാം. അച്ഛനേയും അമ്മയേയും കൂട്ടി കൊണ്ടുവരാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. അവൾ ശ്രമിച്ചിട്ടും ഉണ്ട്. എന്നാൽ അച്ഛന്റെ പിടിവാശി കാരണം വരാൻ കൂട്ടാക്കിയിട്ടില്ല. 

മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് സ്നേഹിച്ച പുരുഷനോടൊപ്പം  ഇറങ്ങിവന്നതിന്റെ ദേഷ്യവും പകയും ആണ് അവരുടെ ഉള്ളിൽ. മകൾ പ്രസവിച്ച കുഞ്ഞിനെ കാണാൻ പോലും അവർ ഇതുവരേയും മനസ്സു കാണിച്ചില്ല"

"വിഷമിക്കാതിരിക്കൂ, എല്ലാം ശരിയാകും."

ഡോക്ടർ കുറിച്ചു തന്ന മരുന്നിന്റെ കുറിപ്പും വാങ്ങി ഭാമയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി.

"വരൂ ചേട്ടാ, നമുക്കു വീട്ടിൽ പോകാം. അച്ഛനും അമ്മയും ഭാനുവും ഒക്കെ അവിടെ കാത്തിരിക്കുന്നുണ്ടാവും"

"ഭാമേ, നേരം സന്ധ്യയായി. വീട്ടിൽ ഇനി നാളെ പോകാം. മോളേയും കൊണ്ടുപോകണ്ടേ? മോളില്ലാതെ പോയാൽ അവർ നമ്മളെ അംഗീകരിക്കില്ല. അവളേയും കൂട്ടി നാളെ പോകാം. ഇപ്പോൾ നമുക്കു നമ്മുടെ വീട്ടിൽ പോകാം. മീനുമോൾ ഇപ്പോൾ കരയുന്നുണ്ടാവും."

അടുത്തു കണ്ട ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി ഒരു ഓട്ടോയിൽ കയറി വീട്ടിലെത്തി.

മൂടികെട്ടിയ മഴക്കാർ പോലെ ഭാമയുടെ മുഖത്തു നിരാശ തളം കെട്ടി നിന്നു. കുഞ്ഞിനെ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ അവൾ നേരേ കട്ടിലിൽ പോയി കിടന്നു.

രാത്രി ഭക്ഷണത്തിനു ശേഷം ഏതു വിധേനയെങ്കിലും അവൾക്കു മരുന്നു കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചു മോളുടെ അരികിലെത്തി. തറയിൽ ഇട്ടിരുന്ന പായിൽ കൈകാലിളക്കി കളിച്ചു കൊണ്ടിരുന്ന മോളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു, നെറ്റിയിൽ മുത്തം കൊടുത്തു. 

'പാവം എന്റെ മോൾ! ഇവൾക്ക് അമ്മയുടെ സ്നേഹം നിഷേധിക്കുകയാണോ ദൈവമേ!'

കുഞ്ഞിനേയുമെടുത്തു ഭാമയുടെ അരികിലെത്തി. 

"ഭാമേ... ഇതാ മീനുമോൾ, നീ ഇവളെ ഒന്ന് എടുക്കൂ. ഞാൻ വേഗം പോയി കുളിച്ചിട്ടു വരാം"

ഭാമ കട്ടിലിൽ തിരിഞ്ഞു കിടന്നതല്ലാതെ മോളെ ഒന്നു നോക്കിയതു പോലുമില്ല.

കുഞ്ഞിനെ ലീലയുടെ കൈയിൽ തന്നെ കൊടുത്തു. കുളി കഴിഞ്ഞു വന്നപ്പോഴും അവൾ അതേ പടി കിടക്കുകയായിരുന്നു.

"ഭാമേ, എഴുന്നേറ്റ് വേഗം കുളിച്ചിട്ടു വരൂ. ഭക്ഷണം കഴിക്കണ്ടേ?"

വളരെ നിർബനിച്ചതിനുശേഷമാണ് അവൾ എഴുന്നേറ്റത്. കുളിക്കാതെ വസ്ത്രം മാറി വന്ന അവളുടെ മുഖത്തേയ്ക്കു ദയനീയമായി ഒന്നു നോക്കി. ഒരു ചപ്പാത്തിയും അല്പം വെജിറ്റബിൾ കറിയും കഴിച്ചെന്നുവരുത്തി അവൾ എഴുന്നേറ്റു.

അല്പം കഴിഞ്ഞ് ഒരു ഗ്ലാസ് പാലുമായി അവളുടെ അടുത്തെത്തി.

"ഭാമേ...തലവേദനയ്ക്കുള്ള ഗുളികയും ഈ പാലും കഴിച്ചിട്ട് ഉറങ്ങിക്കോളൂ"

കേട്ട ഭാവം നടിക്കാത്ത അവളോട് അല്പം നയത്തിൽ പറഞ്ഞു:

"നല്ല കുട്ടിയല്ലേ... ഈ മരുന്നു കഴിക്കൂ"

തുറിച്ചു നോക്കിക്കൊണ്ട് വേണ്ടെന്ന അർത്ഥത്തിൽ തലയിളക്കി.

അനുസരിക്കാൻ ഭാവമില്ലാതിരുന്നതിനാൽ അല്പം ദേഷ്യത്തിൽ സംസാരിക്കേണ്ടി വന്നു. വായിലിട്ടു കൊടുത്ത ഗുളികകൾ ഇറക്കിയോ എന്നറിയാൻ അല്പസമയം കാത്തിരുന്നു. വളരെ പ്രയാസപ്പെട്ടാണ് കുറച്ചു പാൽ കുടിപ്പിച്ചത്.

കുറേ നാളുകളായി കിടക്കുന്നതും ഉറങ്ങുന്നതും ഒക്കെ രണ്ടു കട്ടിലുകളിലാണ്. മോളാണെങ്കിൽ ലീലയുടെ അരികിലുമാണ്.

'ഈശ്വരാ... ജീവിതത്തിന്റെ പകുതി ദൂരം പോലും പിന്നിട്ടിട്ടില്ല, മുന്നോട്ടുള്ള യാത്ര ദുർഘടം നിറഞ്ഞതായിരിക്കുമോ? ഭാമയുടെ ഇപ്പോഴത്തെ അവസ്ഥ മാറിയില്ലെങ്കിൽ ജീവിതത്തിന്റെ ഗതി എന്തായി തീരും? ദിവസം തോറും കൂടി വരുന്ന വീട്ടു ചിലവുകൾ ഒരു വശത്ത്. തന്റെ പ്രശ്നങ്ങൾ ആരോടു പറയാൻ? ഒരു സഹായത്തിനു പോലും ആരും ഇല്ല. ബാങ്ക് ലോൺ ഇതുവരേയും മുടങ്ങാതെ മാസാമാസം അടയ്ക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ അടയ്ക്കാൻ കഴിയാതെ വന്നാൽ എന്തു ചെയ്യും?

നാളെത്തന്നെ ഭാനുവിനെ വിളിച്ചു എല്ലാ വിവരങ്ങളും ധരിപ്പിക്കണം. അവൾ ഇവിടേയ്ക്കു വന്നിട്ട് രണ്ടു മാസത്തോളം ആയി. വിളിക്കുന്നതും ഇല്ല. തിരക്കായിരിക്കും'

ഓരോന്ന് ചിന്തിച്ച് പതുക്കെ ഉറക്കത്തിലേക്കു വഴുതിവീണു.

(തുടരും)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ