mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 13

ഭാമയുടെ അസ്വസ്ഥതകൾ ദിവസങ്ങൾ കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു. കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും ഒന്നും തീരെ താൽപര്യം കാണിക്കുന്നില്ല. കുഞ്ഞിനോടുള്ള വാത്സല്യമൊക്കെ കുറഞ്ഞതു പോലെ. എപ്പോഴും എന്തെങ്കിലും പുലമ്പികൊണ്ടിരിക്കും. തന്നോടുള്ള സ്നേഹമൊക്കെ എങ്ങോ മറഞ്ഞതു പോലെ! വെറുപ്പും ദേഷ്യവും എപ്പോഴും മുഖത്ത്  നിഴലിക്കുന്നു.

"ദൈവമേ... എന്റെ ഭാമയെ എനിക്കു നഷ്ടപ്പെടുകയാണോ? ഇനി എന്താണ് ചെയ്യേണ്ടത്? ആരോടാണ് ഇതൊക്കെ ഒന്നു പറയുക?" 

നെഞ്ചിൽ ഒരു വലിയ കല്ല് എടുത്തു വച്ചതുപോലെയുള്ള ഭാരം, താങ്ങാനാവുന്നില്ല. ഒരു ദിവസം ഓഫീസിൽ നിന്ന്  വീട്ടിലെത്തിയപ്പോൾ ഭാമയുടെ അവസ്ഥകണ്ടു ഞെട്ടിപ്പോയി. സാധനങ്ങളൊക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നു. മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായി അവൾ എന്തൊക്കെയോ തിരയുന്നു. കുഞ്ഞിനേയും എടുത്ത് ലീല, പേടിച്ചരണ്ടു ദൂരെ മാറിനിൽക്കുന്നു. തന്നെക്കണ്ടതും ലീല ഓടി വന്ന് അന്നുണ്ടായ സംഭവങ്ങൾ പറയാൻ തുടങ്ങി:

"സാർ, എനിക്കാകെ പേടിയാവുന്നു. ഭാമക്കുഞ്ഞു മോളെ എടുത്ത് താഴെ ഇടാൻ ശ്രമിച്ചു. ഞാൻ ഓടിച്ചെന്ന് മോളെ ബലമായി പിടിച്ചു വാങ്ങി. അതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ ഒക്കെ എടുത്തെറിഞ്ഞു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുഞ്ഞിനെ ഇനിയും ഉപദ്രവിച്ചാലോ?"

ചിതറിക്കിടക്കുന്ന സാധനങ്ങൾക്കിടയിലൂടെ അകത്തു കയറി.

"ഭാമേ, എന്തൊക്കെയാണു നീ ചെയ്യുന്നത്? എന്താണു നീ തിരയുന്നത്? നമ്മുടെ മോൾ എവിടെ?"

"ചേട്ടാ, ആരോ വന്നു മോളെ എടുത്തു കൊണ്ടുപോയി. എല്ലായിടവും തിരഞ്ഞു, കണ്ടില്ല. പെട്ടിയിൽ ഉണ്ടായിരുന്ന പൈസയും സ്വർണവും ഒന്നും കാണുന്നില്ല."

"അതിന് ഇവിടെ പൈസയും സ്വർണവും ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എല്ലാം നിന്റെ ഓരോ തോന്നലുകളാണ്. കുഞ്ഞു ലീലയുടെ കൈയിൽ ഉണ്ടല്ലോ. നിനക്കെന്താണു പറ്റിയത്?  കുളിക്കാതെയും ഭക്ഷണം കഴിക്കാതെയും ഇരുന്നാൽ അസുഖം വരില്ലേ? നല്ല കുട്ടിയായി വേഗം പോയി കുളിച്ചു വസ്ത്രം മാറി വാ. ഭക്ഷണം കഴിച്ചിട്ട് നമുക്കു പുറത്തു പോയിട്ടു വരാം."

"നമുക്ക് നമ്മുടെ വീട്ടിൽ പോകാം ചേട്ടാ... ഇവിടെ താമസിക്കാൻ കൊള്ളില്ല. ആരെങ്കിലും വന്നു കുഞ്ഞിനെ എടുത്തു കൊണ്ടുപോകും. എനിക്കിവിടെ പേടിയാ..."

"അതിന് നമുക്കു വേറേ വീട് ഇല്ലല്ലോ, ഇതല്ലേ നമ്മുടെ വീട്. ഇവിടെ ആരും വരില്ല. എല്ലാം നീ വെറുതേ ചിന്തിച്ചു കൂട്ടുന്നതാണ്. നീ പോയി കുളിച്ചിട്ടു വരൂ."

ഡോക്ടർ ആനന്ദിനെ വിളിച്ചു ഭാമയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ്, ഭാമയ്ക്കു ഒരു തരം മാനസിക വിഭ്രാന്തിയാണെന്നും ഒരു സൈക്കോളജിസ്റ്റിനെ ഉടൻ തന്നെ കാണിക്കണമെന്നും പറഞ്ഞു. തന്റെ സുഹൃത്തായ ഡോക്ടർ രാജേന്ദ്രനോട് വിവരങ്ങൾ എല്ലാം ധരിപ്പിച്ചു കൊള്ളാമെന്നും അദ്ദേഹം ഏറ്റു. നാളെത്തന്നെ ഭാമയേയും കൂട്ടി രാജേന്ദ്രൻ ഡോക്ടറിനെ പോയി കാണണം എന്നു മനസ്സിലുറച്ചു. ഇനിയും വൈകിയാൽ ഗുരുതരമായ പ്രശ്നങ്ങളെ നേരിടേണ്ടിവന്നേക്കാം.

ഭാമ കുളി കഴിഞ്ഞ് ഒരു പഴയ ചുരിദാർ ധരിച്ചു വന്നു:

"വരൂ ചേട്ടാ, പോകാം."

"ഭക്ഷണം കഴിക്കണ്ടേ?"

"വേണ്ട, ഹോട്ടലിൽ നിന്നും കഴിക്കാം. എനിക്ക് വിശക്കുന്നില്ല."

മനസ്സില്ലാമനസ്സോടെ അവളോടൊപ്പം നടന്നു. 'ഈശ്വരാ, മറ്റുള്ളവരുടെ മുമ്പിൽ ഇവളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കുമോ?'

ആശങ്ക നിറഞ്ഞ മനസ്സുമായി കവലയിലെത്തി ഒരു ഓട്ടോയിൽ കയറി ടൗണിലേക്കു പോയി.

"ഭാമേ... നിനക്കെന്തെങ്കിലും  വാങ്ങേണ്ടതുണ്ടോ? മോൾക്കു ഒരു ഉടുപ്പു വാങ്ങിയാലോ?"

"ശരി ചേട്ടാ... എന്നാൽ വാങ്ങാം."

സാമാന്യം വലിയ ഒരു തുണിക്കടയിൽ കയറി. മോൾക്കു ഉടുപ്പു സെലക്ട് ചെയ്യുന്നതിൽ ഭാമ ഒട്ടും താൽപര്യം കാണിച്ചില്ല. ഉടുപ്പ് വാങ്ങി പൈസ കൊടുത്തു തിരിഞ്ഞു നോക്കിയപ്പോൾ ഭാമയെ കാണാനില്ല.

'ഇവൾ എവിടെപ്പോയി? ഇവിടെ ബഞ്ചിൽ ഇരിക്കുകയായിരുന്നല്ലോ! ഈശ്വരാ! വീണ്ടും പരീക്ഷണങ്ങൾ ആണോ?'

അവിടെയെല്ലാം അന്വേഷിച്ചിട്ടും കാണാതായപ്പോൾ സെക്യൂരിറ്റിയോട് ചോദിച്ചു. കടയിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി റോഡിലൂടെ നടന്നു പോയി എന്ന് അയാൾ പറഞ്ഞതും ഹൃദയത്തിലൂടൊരു മിന്നൽ പാഞ്ഞു പോയി.

അവൾ പോയ ദിശയിലേക്ക് ഓടുകയായിരുന്നു. അല്പം ദൂരെ അതാ അവൾ, ആരോടോ എന്തോ സംസാരിച്ചു നിൽക്കുന്നു. ഭാഗ്യം, ദൈവം തുണച്ചു. വേഗം തന്നെ അവളുടെ അടുത്തേയ്ക്കു നടന്നെത്തി.

"ഭാമേ, നീ എന്തു പണിയാ കാണിച്ചത്? എന്നോട് പറയാതെ എന്തിനാണ് കടയിൽ നിന്നും ഇറങ്ങി നടന്നത്? ഞാൻ എന്തു മാത്രം വിഷമിച്ചു എന്നറിയാമോ?"

"ഞാൻ ചേട്ടനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ചേട്ടൻ എവിടെയായിരുന്നു? എന്നെ വിളിക്കാതെ പോയില്ലേ?"

"ഞാനവിടെത്തന്നെ ഉണ്ടായിരുന്നല്ലോ ഭാമേ, ഇനിയും ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ... ഞാൻ ആകെ പേടിച്ചു പോയി."

" ചേട്ടാ, വിശക്കുന്നു."

നേരം വളരെ വൈകിയതിന്നാൽ അടുത്തു തന്നെയുള്ള ഒരു റസ്‌റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. മനസ്സ് ആകെ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു. എത്രയും വേഗം വീട്ടിലെത്തണം.

ഓട്ടോയിൽ കയറി വീട്ടിലെത്തിയതും ഭാമ കിടന്നുറങ്ങി. കുഞ്ഞിനെ ഒന്നന്വേഷിച്ചതു പോലുമില്ല. തന്റെ ജീവിതത്തിൽ ഇരുൾ പടരുന്നതറിഞ്ഞ് നിശ്ശബ്ദം കരഞ്ഞു.

പതിവു പോലെ തന്നെ രാവിലെ ഓഫീസിലെത്തി. അരദിവസത്തെ അവധിക്ക് എഴുതിക്കൊടുത്തു. അത്യാവശ്യം ചെയ്തു തീർക്കേണ്ട ജോലികൾ ഒക്കെ വേഗത്തിൽ ചെയ്തു തീർത്തു. ഒരു മണിയായപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങി. ഡോക്ടർ രാജേന്ദ്രന്റെ ക്ലിനിക്കിൽ നാലു മണിക്കുള്ള ഒരു അപ്പോയ്മെന്റ് രാവിലെ തന്നെ എടുത്തിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് ഭാമയേയും കൂട്ടി ക്ലിനിക്കിലേക്ക് തിരിച്ചു. വീട്ടിൽ പോകാമെന്നു പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ റെഡിയായി വന്നു. കുഞ്ഞിനെ എടുക്കാനോ ലാളിക്കാനോ ഒന്നും ഇപ്പോൾ കഴിയുന്നില്ല. ജീവിതം കൈവിട്ടു പോകുമോ എന്ന ഭയം മനസ്സിനെ എപ്പോഴും ഭരിക്കുന്നു.

ടൗണിൽ നിന്നും അല്പം ഉള്ളിലായായിരുന്നു ഡോക്ടർ രാജേന്ദ്രന്റെ ക്ലിനിക്. ഓട്ടോയിൽ കയറി അവിടെ എത്തിയപ്പോൾ മൂന്നര മണി കഴിഞ്ഞു. ഡോക്ടർ എത്തിയിട്ടുണ്ടായിരുന്നില്ല. 

"ചേട്ടാ, നമ്മൾ എന്തിനാണ് ഇവിടെ വന്നത്? നമുക്കു എന്റെ വീട്ടിൽ പോകണ്ടേ?"

"എന്റെ ഒരു സുഹൃത്ത് ഇവിടെ വരും. അവനെ കണ്ടിട്ടു നമുക്കു വീട്ടിൽ പോകാം. കുറച്ചു സമയത്തിനുള്ളിൽ അവൻ വരും."

താൻ പറഞ്ഞത് അവൾക്കത്ര സ്വീകാര്യമായില്ല. എങ്കിലും അക്ഷമയോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. വെള്ള ചുരിദാർ ധരിച്ച ഒരു സിസ്റ്റർ ഇറങ്ങി വന്നു.

"ഡോക്ടർ രാജേന്ദ്രനെ കാണാനാണോ?"

"അതേ സിസ്റ്റർ. നാലു മണിക്കുള്ള അപ്പോയ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു."

"ശരി, ഇതൊന്നു പൂരിപ്പിച്ചു തന്നോളു. പത്തു മിനിറ്റിനകം ഡോക്ടർ എത്തും."

പോക്കറ്റിൽ നിന്നും പേനയെടുത്ത് സിസ്റ്റർ തന്ന ഫോറത്തിൽ ഡീറ്റെയിൽസ് എല്ലാം എഴുതിക്കൊടുത്തു.

പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഡോക്ടർ എത്തി. രണ്ടു മിനിട്ടിനുള്ളിൽ തന്നെ അകത്തോട്ടു ചെല്ലുവാനുള്ള നിർദേശവും ലഭിച്ചു.

ഭാമയേയും കൂട്ടി ഡോക്ടറിന്റെ മുന്നിലുള്ള കസേരകളിൽ ചെന്നിരുന്നു.

"മിസ്റ്റർ ദേവനും ഭാര്യ ഭാമയും അല്ലേ? ഡോക്ടർ ആനന്ദ് എന്നെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു."

"അതേ ഡോക്ടർ. ഇവൾ ഭാമ, എന്റെ ഭാര്യയാണ്. ഞങ്ങൾക്ക് ആറുമാസം പ്രായമുള്ള ഒരു മോൾ കൂടി ഉണ്ട്."

കുശല സംഭാഷണങ്ങൾക്കിടയിൽ എല്ലാം ചെറു മന്ദഹാസത്തോടെ ഭാമയെത്തന്നെ നീരീക്ഷിച്ചു കൊണ്ടിരുന്ന ഡോക്ടർ അവളോടു ചോദിച്ചു:

"ഭാമയെന്താണ് ആലോചിക്കുന്നത്? മോളെപ്പറ്റിയാണോ? ഭാമയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

തന്നോട് എന്തിനാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ഭാവത്തിൽ നീരസത്തോടെ അവൾ ഡോക്ടറിനെ ഒന്നു നോക്കി. മറുപടി പറയാൻ വൈമനസ്യം കാട്ടിയ ഭാമയോട് ഡോക്ടർ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ