mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 30

ശേഖർ വന്നു പോയതിനുശേഷം മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. അടുക്കളയിൽ കയറി അത്താഴത്തിനുള്ള കഞ്ഞിയും ചമ്മന്തിയും തയാറാക്കി. ആരും സഹായത്തിന് ഇല്ലാതായിട്ട് കുറച്ചു മാസങ്ങളായി.

വിളക്കു കൊളുത്തലും നാമജപവും അത്താഴവും ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോഴും ഭാമയുടേയും മോളുടേയും മുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നു.

'ഒരു കാലത്തു തന്റെ എല്ലാമായിരുന്നവൾ, എത്രവേഗത്തിലാണ് തനിക്ക് അന്യയായത്! അവൾ ഇപ്പോൾ, തന്നെ മറന്നിട്ടുണ്ടാവുമോ? സ്വന്തം

മാതാപിതാക്കളോടൊപ്പം അല്ലലറിയാതെ ജീവിക്കുമ്പോൾ, എല്ലാ അർത്ഥത്തിലും നിസ്സാരനായ തന്നെപ്പറ്റി ഓർക്കേണ്ട ആവശ്യം എന്താണ്! വളർന്നു വരുന്ന മീനുമോൾ അവളുടെ അച്ഛനെ അന്വേഷിക്കുമോ? മറ്റൊരുടെയെങ്കിലും ജീവിതത്തിൽ അവർ ഇടം പിടിച്ചിട്ടുണ്ടാവുമോ?'

ഉത്തരം അറിയാത്ത ഒട്ടനവധി ചോദ്യങ്ങൾ ഹൃദയത്തെ വരിഞ്ഞു മുറുക്കുമ്പോഴും ഭാമയേയും മോളേയും ഒരു നോക്കു കാണുവാൻ  അത്യധികം ആഗ്രഹിച്ചു.

ചിന്തകൾ ഊഞ്ഞാലു കെട്ടുന്ന മനസ്സുമായി ഉറക്കത്തിലേക്കു വഴുതി വീണു.

ദിവസങ്ങൾ യാന്ത്രികമായി ഒഴുകിക്കൊണ്ടിരുന്നു. ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ, ശേഖറിന്റെ അച്ഛൻ നിര്യാതനായ വിവരം അച്ഛനിൽ നിന്നും അറിഞ്ഞു. 

അടുത്ത വീട്ടിലെ അപ്പുക്കുട്ടനാണ് നാട്ടിലെ സകല വിവരങ്ങളും അച്ഛനെ അറിയിക്കുന്നത്. മക്കൾ എല്ലാവരും എത്തിയിട്ടുണ്ടെന്നും സംസ്കാരം നാളെയാണെന്നും പറഞ്ഞു.

ജോലിയൊക്കെ പെട്ടെന്നു ചെയ്തു തീർത്തു. അച്ഛനോടു പറഞ്ഞിട്ട്, ശേഖറിന്റെ വീട്ടിലേക്കു നടന്നു. മുറ്റത്തും പരിസരത്തുമായി ചില നാട്ടുകാരും ബന്ധുക്കളും മറ്റും കൂടിനിൽക്കുന്നു.

അകത്തുകയറി മൃതദേഹത്തെ കണ്ടു വണങ്ങി. ശേഖറിനെ മാത്രം അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അവൻ വന്നുകൊണ്ടിരിക്കുകയാണെന്നും ഉടനെ എത്തുമെന്നും അറിയാൻ കഴിഞ്ഞു. 

'നാളത്തെ സംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കുമോ എന്നറിയില്ല. രാവിലെ ഓഫീസിലെത്തി മുതലാളിയോട് അരദിവസത്തെ അവധി ചോദിക്കണം. കാലുപിടിച്ചാലും അലിയാത്ത ഒരു മനസ്സിന്റെ ഉടമയാണ് തന്റെ മുതലാളി! അച്ഛനേയും കൊണ്ട് ആശുപത്രിയിൽ പോകാനായി ഒരേയൊരു അവധിയാണ് ഇതിനകം നൽകിയിട്ടുള്ളത്.'

മുറ്റത്തു ഒരു കാർ വന്നുനിന്നു. ഡോർ തുറന്നു ശേഖർ ഇറങ്ങി നേരേ അച്ഛന്റെ ശരീരത്തിനു സമീപം ചെന്നിരുന്നു. അടക്കാനാവാത്ത സങ്കടത്താൽ തേങ്ങിക്കരഞ്ഞു. അല്പനേരം അവിടെയിരുന്നിട്ട് പുറത്തിറങ്ങി വന്നു പരിസരം ആകെ ഒന്നു വീക്ഷിച്ചു. തന്നെ കണ്ടതും ദുഃഖം സഹിക്കാനാവാതെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"ശേഖർ, വിഷമിക്കാതെ... സകലതും ഈശ്വരന്റെ നിശ്ചയം അല്ലേ? അച്ഛന്റെ ഈ ഭൂമിയിലുള്ള വാസം കഴിഞ്ഞു എന്നു വിചാരിച്ചാൽ മതി.'

"ഉം... അതേടാ....അധികം കഷ്ടപ്പെടാതെ പോയല്ലോ എന്നു വിചാരിച്ചു ആശ്വസിക്കുന്നു. നീയെപ്പോൾ വന്നു?"

"കുറച്ചു നേരമായി. നിന്നെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി കാത്തിരുന്നതാണ്. നാളെ അവധി കിട്ടിയാലേ വരാൻ കഴിയുകയുള്ളൂ.''

ശേഖറിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. വിടപറയുന്ന സന്ധ്യയെ നോക്കി മാനം കണ്ണീർ പൊഴിച്ചു. ചാറ്റൽ മഴ നനഞ്ഞു കൊണ്ടാണ് വീട്ടിൽ എത്തിയത്. കുളിച്ചു വന്നയുടൻ തന്നെ, ചൂടുള്ള കഞ്ഞിയും പയറും കഴിക്കുന്നതിനിടയിൽ, വിവരങ്ങൾ ഒക്കെ അച്ഛനോടും പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞ് അച്ഛൻ സങ്കടത്തോടെ പറഞ്ഞു:

"പറ്റുമെങ്കിൽ ഒരു ഓട്ടോ വിളിച്ച്, രാവിലെ അവിടെ വരെ ഒന്നു പോണം. പഴയതു പോലെ നടക്കാനുള്ള ആരോഗ്യം ഒന്നും ഇല്ലല്ലോ."

"ശരി അച്ഛാ, ഞാൻ പോകുന്ന വഴി, ഓട്ടോ പറഞ്ഞു വിടാം. അച്ഛന് ഒറ്റയ്ക്കു പോയിട്ടു വരാൻ സാധിക്കുമോ? അല്ലെങ്കിൽ അപ്പുക്കുട്ടൻ ചേട്ടനെ കൂടി വിളിക്കണം."

"തനിച്ചു പോകാൻ ഒരു പ്രശ്നവും ഇല്ല. ഓട്ടോയിൽ അല്ലേ? അപ്പുക്കുട്ടനെ ഇനി എവിടെച്ചെന്ന് അന്വേഷിക്കാനാണ്? അവൻ ഒരു സമയവും വീട്ടിൽ ഇരിക്കില്ലല്ലോ."

"ശരി, അച്ഛന്റെ വടി കൂടി എടുത്തേക്കണം."

"അതു പിന്നെ നീ പറഞ്ഞിട്ടു വേണോ? വടി ഇപ്പോൾ എന്റെ സന്തത സഹചാരിയല്ലേ?''

ഒത്തിരി അപേക്ഷിച്ചപ്പോൾ, സംസ്കാരത്തിനു പോയിട്ടു വരാൻ ഒരു മണിക്കൂർ സമയം അനുവദിച്ചു നൽകിയ മുതലാളിയോട്, മനസ്സാ നന്ദി പറഞ്ഞു. ഒരു ഓട്ടോ വിളിച്ച്, അതിൽ കയറി ശേഖറിന്റെ വീട്ടിൽ പോയി, ഒന്നു തല കാണിച്ചു തിരിച്ചു വന്നു. അച്ഛൻ പത്തുമണിക്കു തന്നെ വന്നിരുന്നു എന്ന് ശേഖർ പറഞ്ഞറിഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ശേഖർ, തന്റെ ജോലി സ്ഥലത്തു തിരിച്ചു പോകുന്ന വഴി വീട്ടിൽ കയറി. ഞയറാഴ്ച ആയതിനാൽ അവനെ കാണാനും സംസാരിക്കുവാനും സാധിച്ചു. പലകാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ തന്റെ പരിചയക്കാരനായ, ഭാമയുടെ അച്ഛന്റെ സുഹൃത്തിനെ കണ്ട കാര്യം അവൻ പറഞ്ഞു.

അച്ഛൻ കേൾക്കാതിരിക്കാൻ ദേവനേയും വിളിച്ചു വീടിന്റെ പടികളിറങ്ങി നടന്നു. ആളൊഴിഞ്ഞ ഇടവഴിയിലെ ചെറിയ കലുങ്കിൽ ഇരുന്നു കൊണ്ട് സംസാരം തുടർന്നു.

"എടാ...ഭാമയുടെയും മോളുടേയും കാര്യങ്ങൾ വിശദമായി അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു. അവരുടെ ജീവിതം ഇപ്പോൾ വളരെയധികം സങ്കീർണ്ണമാണെന്നാണ് അയാൾ പറഞ്ഞത്. 

കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ച്, നീയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതൊക്കെ അവൾ എങ്ങനെയോ അറിഞ്ഞു. അന്നുമുതൽ അവൾക്ക് തന്റെ അച്ഛനോടും അമ്മയോടും തീരാത്ത പകയും ദേഷ്യവും ആണ്. 

മാസങ്ങളായി മറ്റൊരു വിവാഹത്തിന് അവളെ നിർബന്ധിച്ചു കൊണ്ടിരിക്കെ, ഒരു ദിവസം  തന്റെ കുഞ്ഞിനേയും കൊണ്ട് ആ വീട്ടിൽ നിന്നും രക്ഷപ്പെട്ട് അവൾ എവിടേയ്ക്കോ പോയി. നിന്റെ പേരിൽ, അച്ഛനോട് വഴക്കിടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ലത്രെ.

ഇതിനിടയിൽ അവളുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞെന്നും ഭർത്താവിനോടൊപ്പം വിദേശത്തെവിടെയോ ആണെന്നും പറഞ്ഞു.

ഭാമയെയും കുഞ്ഞിനേയും കാണാതായ ഷോക്കിൽ ആയിരിക്കണം, അച്ഛൻ കിടപ്പിലായി.  തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനാൽ, ശരീരത്തിന്റെ ഒരു വശം തളർന്നു പോയത്രേ. ഉള്ളിൽ ബോധമുണ്ടെങ്കിലും സംസാരശേഷി നഷ്ടപ്പെട്ടു. 

ചെയ്ത തെറ്റുകൾക്കൊക്കെ ദൈവം തന്നെ ശിക്ഷിച്ചെന്നു മനസ്സിലാക്കി  പശ്ചാത്തപിച്ചെങ്കിലും ഭാമ ഇതുവരേയും മടങ്ങിവന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഉണ്ടായിരുന്ന ബിസിനസ്സുകളെല്ലാം തകർന്ന്, സാമ്പത്തിക ബാദ്ധ്യതകൾ ഏറെയുണ്ടെന്നും അയാൾ പറഞ്ഞു. അച്ഛനെ ശുശ്രൂഷിച്ച് അമ്മയും തീ തിന്നു കഴിയുന്നു."

"എല്ലാം പറഞ്ഞു കഴിഞ്ഞ്, പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ നാലുവരികളും മൂളിക്കൊണ്ടാണ് അയാൾ അന്നു നടന്നു പോയത്."

'കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ,
കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ!
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ,
തണ്ടിലേറ്റിനടത്തുന്നതും ഭവാൻ!
മാളികമുകളേറിയ മന്നന്റെ,
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ!'

"ഒന്നോർത്താൽ എത്ര അർത്ഥവത്തായ വരികൾ ആണ് അയാൾ അന്നു ചൊല്ലിയത്!"

എല്ലാം കേട്ടുകഴിഞ്ഞ്, ഹൃദയം മുറിയുന്ന വേദനയോടെ താൻ ചോദിച്ചു:

"അപ്പോൾ ഭാമയും എന്റെ മോളും ഇപ്പോൾ എവിടെ ആയിരിക്കും? 

അവർ എവിടെയാണെന്ന് ആരും ഇതുവരെ അന്വേഷിച്ചില്ലേ?"

"പോലിസിൽ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുന്നുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്നും ഇനി ആരും തങ്ങളെ അന്വേഷിക്കരുതെന്നും മറ്റും എഴുതിവച്ചിട്ടാണ് അവൾ പോയത്."

"ശേഖർ, അവർ പോയിട്ട് എത്ര നാളായിട്ടുണ്ടാവും? എവിടേയ്ക്കായിരിക്കും  പോയിട്ടുള്ളത്? ഈശ്വരാ, ഭാമയേയും മോളേയും സൂക്ഷിച്ചു കൊള്ളണേ... അവർക്ക് ഒരു ആപത്തും വരുത്തരുതേ... ശേഖർ, അവരെ എനിക്കു കണ്ടുപിടിക്കണം. അതിനായി നീ എന്നെ സഹായിക്കില്ലേ?"

"തീർച്ചയായും നമുക്കു കണ്ടുപിടിക്കാം. നീ സമാധാനമായിരിക്കൂ... ഞാൻ ഈ വിവരങ്ങൾ എല്ലാം അറിഞ്ഞിട്ട്, നിന്നെ വിളിച്ചു പറയാൻ ഇരിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം. പിന്നെ, തിരക്കുകൾ ഒക്കെ ഒഴിഞ്ഞിട്ട് പറയാമെന്നു വിചാരിച്ചു.

തിരിച്ചു ചെന്നിട്ട് അവരെപ്പറ്റി ഒന്നുകൂടി അന്വേഷിക്കട്ടെ. ഞാൻ അറിയുന്ന ഒരു സബ് ഇൻസ്പെക്ടർ ഉണ്ട്. അയാൾ വഴിയും ഒന്നു ശ്രമിക്കാം. നീ മുൻപു താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനിലും ചെന്ന് അന്വേഷിക്കണം. 

വേണ്ടി വന്നാൽ ഭാമയുടെ മാതാപിതാക്കളേയും പോയി കാണണം. നിനക്കു പരിചയമുള്ള വേറെ ആരെങ്കിലും ഉണ്ടെങ്കിൽ, ആ വഴിയും നോക്കാം. രണ്ടു മൂന്നു ദിവസം അവധിയെടുത്ത് നീ അങ്ങോട്ടു വരണം. ഭാമയുടെ സഹോദരിയുമായി ഒന്നു സംസാരിച്ചാൽ എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല എന്ന് എന്റെ മനസ്സു പറയുന്നു."

"അതിന് അവളുടെ നമ്പർ ഇല്ലല്ലോ. അവളുടെ ഭർത്താവിന്റെ വീട് എവിടെയാണെന്നു പോലും അറിയില്ല."

"സമചിത്തതയോടെ കാര്യങ്ങൾ ആലോചിച്ച് വേണ്ടതു ചെയ്യണം. നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്. ഭാമയേയും മോളേയും നമുക്കു കണ്ടുപിടിക്കാം. സമാധാനമായിരിക്കൂ... ഞാൻ ഇപ്പോൾ ഇറങ്ങുന്നു. ഇരുട്ടുന്നതിനുമുൻപ് വീട്ടിലെത്തണം. ഞാൻ വിളിക്കുമ്പോൾ നീ അങ്ങു വന്നേക്കണം. എന്നാൽ എല്ലാം പറഞ്ഞതുപോലെ.."

"ശരി ശേഖർ, എന്റെ ജീവിതത്തിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് നിന്നോടു  മാത്രമാണ്. ഈ ശരീരത്തിലെ തുടിക്കുന്ന ഹൃദയം അല്ലാതെ, മറ്റൊന്നും നിനക്ക് തരാൻ എന്റെ കയ്യിൽ ഇല്ലെടാ..."

"ആഹാ...നീ കരയുകയാണോ? അധികം സെന്റി അടിക്കാതെ വീട്ടിൽ പോടാ....ബൈ..."

നിറകണ്ണുകളോടെ അവനെ യാത്രയാക്കി വിട്ടിലേക്കുള്ള പടികൾ കയറി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ