mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 34

ഊണു കഴിഞ്ഞ് ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല. അച്ഛനെ വിളിച്ചു വിശേഷങ്ങൾ തിരക്കി, താൻ മടങ്ങിവരാൻ ചിലപ്പോൾ ഒരു ദിവസം കൂടി താമസിക്കും എന്നറിയിച്ചു.

"ദേവാ, ഇന്നിനി എങ്ങോട്ടും പോകുന്നില്ലല്ലോ. അല്പം സാധനം വാങ്ങാനുണ്ട്. നീ വരുന്നുണ്ടോ? ഒന്നു കറങ്ങിയിട്ടു വരാം."

"ശരിയെടാ, ഞാനും വരുന്നു."

ഒരു സൂപ്പർ മാർക്കറ്റിനു മുമ്പിൽ വണ്ടി നിർത്തി, ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി.

"എടാ, നിനക്ക് വേറെ എവിടെയെങ്കിലും പോകാനുണ്ടോ?"

"ഇല്ല ശേഖർ, വേറെ എവിടെ പോകാൻ?"

"ഇവിടെ നിന്നും പതിനഞ്ചുമിനിറ്റു ദൂരം അകലെ, ഒരു ബീച്ചുണ്ട്. വേണമെങ്കിൽ അവിടെ പോയിരുന്നു അല്പനേരം കാറ്റു കൊള്ളാം."

"നീ പറയുന്നതുപോലെ."

'തന്റെ മനസ്സുപോലെ പ്രക്ഷുബ്ധമായ കടൽ! വികാര വിക്ഷോഭങ്ങൾ തിരമാലകളായി തീരങ്ങളിൽ വന്നു ചിന്നിച്ചിതറുന്നു.

നീലജലാശയപ്പരപ്പിലൂടെ കണ്ണുകൾ ഓടിച്ചു ഇരിക്കുമ്പോൾ, സമുദ്രത്തിന്റെ അഗാധതയിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളെക്കുറിച്ച് ഒരു മാത്ര ചിന്തിച്ചു പോയി. പഴങ്കഥകളിൽ നിറഞ്ഞു നിന്നിരുന്ന, സാഗര റാണിയുടെ കൊട്ടാരവും അതു നിറയെ പവിഴമുത്തുകളും നീന്തിത്തുടിക്കുന്ന മത്സകന്യകമാരും ഒക്കെ എവിടെ ആയിരിക്കും?'

പാന്റ്സിന്റെ അറ്റം മുകളിലേക്ക് ചുരുട്ടിവച്ച്, കാലുകൾ കൊണ്ട് തിരകളിൽ തട്ടി രസിക്കുന്ന ശേഖർ. 

'അവൻ എത്ര ഭാഗ്യവാനാണ്! കുടുംബത്തിനോടൊപ്പം സന്തോഷകരമായ ഒരു ജീവിതം അവനു കിട്ടി. നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ അവനെ ഈശ്വരൻ കൂടുതലായി അനുഗ്രഹിക്കട്ടെ! അവന്റെ സ്നേഹത്തിനു പകരമായി കൊടുക്കാൻ ഈ പ്രാർത്ഥനയല്ലാതെ മറ്റെന്താണുള്ളത്?'

കുളിരുള്ള കാറ്റ്, മനസ്സും ശരീരവും തണുപ്പിച്ചു കൊണ്ടിരുന്നു. ഭാമയോടും മകളോടും ഒപ്പം ഇങ്ങനെ ഇരുന്നു കാറ്റു കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ!

നഷ്ടപ്പെട്ട തന്റെ ജീവിതം തിരിച്ചു കിട്ടിയിരുന്നെങ്കിൽ! അപ്രതീക്ഷിതമായ എത്രയെത്ര സംഭവങ്ങളാണ് തന്റെ ജീവിതത്തിൽ വന്നലയടിച്ചത്! 

ജീവന്റെ ഭാഗമായ ഭാമയും മീനുമോളും ഇപ്പോൾ എവിടെ ആയിരിക്കും, ആരായിരിക്കും അവരെ സംരക്ഷിക്കുന്നത്?' 

ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ, ഒരു മരീചിക പോലെ മനസ്സിനെ വേട്ടയാടിക്കാണ്ടിരുന്നു.

"എടാ, നീയെന്താണ് ഇത്ര ആലോചിക്കുന്നത്? എണീറ്റു വരൂ... നമുക്കു കുറച്ചു നടക്കാം."

മണൽത്തരികളിൽ പാദങ്ങൾ അമർന്നു, കൊച്ചു കൊച്ചു കുഴികൾ തീർക്കുന്നു. ഇടമുറിയാതൊഴുകുന്ന കടലിന്റെ സംഗീതം താളനിബന്ധമായി തുടരുന്നു. പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമയ സൂര്യൻ സിന്ദൂരം വാരിവിതറുന്നതും നോക്കി നടന്നു. മടക്കയാത്രയിൽ, സാധനങ്ങളുടെ വിലക്കയറ്റവും ഇന്നത്തെ ദുഷിച്ച രാഷ്ട്രീയ ഭരണസംഹിതകളുമൊക്കെ സംസാര വിഷയങ്ങളായി.

രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ബെല്ലടിച്ചു.

"ഹലോ, ആരാ ഇത്?"

"ഞാൻ ഭാനുവാണ്. ഈ നമ്പറിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു, തിരക്കായിരുന്നതിനാൽ എടുക്കാൻ കഴിഞ്ഞില്ല. ഇതു ദേവൻ ചേട്ടനാണോ?"

"അതേ ഭാനു, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിനക്കും ഭർത്താവിനും സുഖമല്ലേ?"

"അതേ ചേട്ടാ, ചേട്ടനിപ്പോൾ എവിടെയാണ്?"

"ഭാമയേയും മോളേയും കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് ഞാനിപ്പോൾ. 

എന്റെ സുഹൃത്ത് ശേഖറിന്റെ വീട്ടിൽ ആണ് ഇപ്പോൾ ഞാനുള്ളത്. ഇന്ന് ഞങ്ങൾ ഭാനുവിന്റെ വീട്ടിൽ പോയിരുന്നു. അമ്മയാണ് നമ്പർ തന്നത്. നിന്റെ കല്യാണം നടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല."

"വല്ലാത്തൊരു സാഹചര്യത്തിലായിരുന്നു എന്റെ വിവാഹം നടന്നത്. ചേട്ടനെ ഫോണിൽ വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല."

"ആ... അതു സാരമില്ല ഭാനു, ഭാമയും മീനുമോളും ഇപ്പോൾ എവിടെ ആയിരിക്കുമെന്ന് എന്തെങ്കിലും ഊഹം ഉണ്ടോ? ആരെങ്കിലുമായി അവൾക്ക് സുഹൃദ്ബന്ധം ഉണ്ടായിരുന്നോ?"

"ഇല്ല ചേട്ടാ, വീട്ടിൽ ഉള്ളപ്പോൾ ആരുമായും അടുപ്പം ഉണ്ടായിരുന്നില്ല. സുഖമില്ലാതെ ആശുപതിയിൽ ആയിരുന്നപ്പോൾ, അവിടെ വച്ചു പരിചയപ്പെട്ട ഒരു ആന്റിയെപ്പറ്റി എന്നോടു പറയുമായിരുന്നു. ചേച്ചിക്ക് അവർ അമ്മയെപ്പോലെ ആയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്."

"ആരാണവർ? അവരുടെ പേര് പറഞ്ഞിട്ടുണ്ടോ? വീട് എവിടെയാണെന്നും മറ്റും?'

"പേര് മായാദേവി എന്നാണ്. ചേച്ചി, മായമ്മ എന്നാണ് വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ചേട്ടൻ എങ്ങനെയെങ്കിലും ചേച്ചിയേയും മീനുമോളേയും കണ്ടുപിടിക്കണം. അവർ എവിടെയാണെന്നറിയാത്തതിനാൽ ഒരു സമാധാനവുമില്ല."

"ശരി ഭാനു, ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്."

"ഓ.കെ ചേട്ടാ, ചേച്ചിയുടെയും മോളുടേയും വിവരം കിട്ടിയാൽ അറിയിക്കണേ..."

"തീർച്ചയായും."

രാവിലെ ഏഴുമണിക്കു തന്നെ എറണാകുളത്തേയ്ക്കു തിരിച്ചു. ഭാനുവിൽ നിന്നുമറിഞ്ഞ വിവരങ്ങൾ,  ശേഖറുമായി പങ്കുവച്ചു. ഞയറാഴ്ച ആയതിനാൽ റോഡിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. സംസാരത്തിനിടയിലും വളരെ ശ്രദ്ധിച്ചാണ് ശേഖർ വണ്ടി ഓടിക്കുന്നത്."

"ശേഖർ, ഞായറാഴ്ച ആയതിനാൽ ആ സൈക്യാട്രിസ്റ്റിനെ ഇന്നു കാണാൻ സാധിച്ചില്ലെങ്കിൽ നമ്മൾ എന്തുചെയ്യും?"

"നോക്കാം, ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിഞ്ഞേക്കും. നീ ആ അഡ്രസ്സ് ഒന്നു പറയൂ."

പത്തുമണിയോടുകൂടി ലക്ഷ്യസ്ഥാനത്ത് എത്തിയ അവരെ, അവിടുത്തെ സെക്യൂരിറ്റി ഓഫീസർ തടഞ്ഞു നിർത്തി.

"ഡോക്ടർ വിനയചന്ദ്രനെ ഒന്നു കാണണം. ഞങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്."

"അദ്ദേഹം ഇന്നു വന്നിട്ടില്ലല്ലോ, ഇന്ന് അവധിയാണ്."

"എങ്കിൽ സൈക്യാട്രിയിലെ ഡോക്ടർ രവിശങ്കറെ ഒന്നു കാണാൻ പറ്റുമോ?"

"നിങ്ങളിൽ ആർക്കാണ് അസുഖം?"

"ഞങ്ങൾക്കല്ല അസുഖം, അദ്ദേഹത്തിന്റെ ഒരു രോഗിയുടെ കാര്യം സംസാരിക്കാനാണ്."

"ശരി പോയി കണ്ടോളൂ,  അവിടെ വലതുവശത്തുള്ള കെട്ടിടത്തിലാണ് സൈക്യാട്രിക് വാർഡ്. ഡോക്ടർ ഇന്നു ഡ്യൂട്ടിയിലുണ്ട്."

അയാളോട് നന്ദി പറഞ്ഞ ശേഷം സൈക്യാട്രിക് വാർഡിലേക്കു നടന്നു.

വാർഡിനകത്തേയ്ക്കു പ്രവേശിക്കുന്ന പ്രധാന ഗെയിറ്റിനു സമീപം ഇരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ, തങ്ങളുടെ ആഗമനോദ്ദേശ്യം ആരാഞ്ഞു. ഡോക്ടർ രവിശങ്കറിനെ കാണാനാണെന്നു അറിയിച്ചപ്പോൾ, വിസിറ്റിംഗ് റൂം കാണിച്ചു തന്നിട്ട് അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു.

പത്തു മിനിറ്റിനകം ഒരു അറ്റർഡർ വന്ന് തങ്ങളെ ഡോക്ടറിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

"നമസ്കാരം ഡോക്ടർ. എന്റെ പേര് ദേവൻ, ഇത് എന്റെ സുഹൃത്ത് ശേഖർ. ഡോക്ടർ ആനന്ദ് പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടെ വന്നത്."

" ഡോക്ടർ വിനയന്റെ സുഹൃത്തല്ലേ ഡോക്ടർ ആനന്ദ്?"

"അതേ ഡോക്ടർ."

"ഡോക്ടർ വിനയൻ എന്നോട് നിങ്ങളെപ്പറ്റി പറഞ്ഞിരുന്നു. എന്താണു നിങ്ങൾക്കറിയേണ്ടത്?

"എന്റെ ഭാര്യ ഭാമ, കുറച്ചു കാലം ഡോക്ടറിന്റെ ചികിത്സയിൽ ആയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അന്ന് എനിക്കു വന്നു ഡോക്ടറിനെ കാണാൻ കഴിഞ്ഞിരുന്നില്ല."

"അതേ, ഞാനോർക്കുന്നു. നിങ്ങളെ കാണണമെന്നറിയിച്ചെങ്കിലും എത്തിയിരുന്നില്ല. 

പരിപൂർണ്ണ സൗഖ്യം പ്രാപിച്ച് അവർ ഇവിടെ നിന്നും പോയിരുന്നല്ലോ. ഇപ്പോൾ എന്താണ് പ്രശ്നം?"

"സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അവൾ, ഒരു കൊല്ലം മുൻപ് തന്റെ കുഞ്ഞിനേയും കൊണ്ട് ഒരു ദിവസം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. എവിടെയാണെന്ന് ഒരറിവും ഇതുവരേയും ഇല്ല. 

അവൾ ഇവിടെ ചികിത്സയിലായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ അവർ ഒന്നും അറിയിച്ചിരുന്നില്ല എന്നതാണ് സത്യം. ഇതിനിടയിൽ ഭാമയെ തെറ്റിദ്ധരിപ്പിച്ച അവളുടെ അച്ഛൻ, തന്റെ സ്വാധീനം ഉപയോഗിച്ച് ഞങ്ങൾ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ഭാമയേയും മകളേയും കണ്ടുപിടിക്കാൻ ഇപ്പോൾ ഡോക്ടറുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്...

(തുടരും)

ഭാഗം - 35

പ്രതീക്ഷയുടെ വർണരാജികൾ ഹൃദയത്തിൽ ആവാഹിച്ചു കൊണ്ട്, ഡോക്ടർ രവിശങ്കറിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.

"എന്തു സഹായമാണ് നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?"

"ഭാമ ഇവിടെ ഉണ്ടായിരുന്ന സമയത്തുള്ള ചില വിവരങ്ങൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റു അന്തേവാസികളോടുള്ള അവളുടെ ഇടപെടൽ എങ്ങനെയായിരുന്നു ഡോക്ടർ? ആരോടെങ്കിലും കൂടുതൽ അടുപ്പം അവൾ പുലർത്തിയിരുന്നോ?"

"പൊതുവേ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. എപ്പോഴും തനിച്ചിരിക്കാനായിരുന്നു അവർക്കിഷ്ടം. 

ആദ്യസമയങ്ങളിൽ ചോദ്യങ്ങളോടും മറ്റും തികച്ചും നിസ്സംഗതാഭാവമാണ്, ഭാമ പുലർത്തിയിരുന്നത്. കളഞ്ഞു പോയതെന്തോ തിരയുന്ന ഒരു കുട്ടിയുടെ മനോഭാവമായിരുന്നു."

"ഡോക്ടർ, മായാദേവി എന്നു പേരുള്ള ആരെങ്കിലും അന്ന് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നോ? അവർ, ഭാമയ്ക്ക് ഒരു അമ്മയെപ്പോലെ ആയിരുന്നു എന്ന് അവളുടെ സഹോദരിയോട് പറഞ്ഞിട്ടുണ്ടത്രേ. ഭാമയും മോളും അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഒരു തോന്നൽ."

"ശരിയാണ്, ഞാൻ ഓർക്കുന്നു. സമൂഹത്തിലെ ഉയർന്ന നിലയിലുള്ള ഒരു സ്ത്രീയായിരുന്നു അവർ. അഞ്ചു വർഷം മുൻപുണ്ടായ റോഡ് ആക്സിഡന്റിൽ കുടുംബത്തിലെ മൂന്നു പേരുടെ ആകസ്മികമായ മരണത്തെ തുടർന്നുണ്ടായ ഷോക്കിൽ, ഒരു വർഷത്തോളം അവർ എന്റെ ചികിത്സയിൽ ആയിരുന്നു. 

അമ്മയും മകളും പോലെയുള്ള അവരുടെ ഇടപഴകൽ, ഇരുവരുടേയും മാനസികനില മെച്ചപ്പെടുത്താൻ ഏറെ സഹായകരമായി. ഭാമയെ ഡിസ്ചാർജ് ചെയ്തതിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് മായാദേവി ഇവിടെ നിന്നും പോയത്. 

അതിനുശേഷമുള്ള വിവരങ്ങൾ ഒന്നും തന്നെ എനിക്കറിയില്ല. രണ്ടുപേരും അവരവരുടെ വീടുകളിൽ സുഖമായി കഴിയുന്നുണ്ടാവും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്."

"ഡോക്ടർ, ആ സ്ത്രീയുടെ അഡ്രസ്സ് ഒന്നു തരാൻ പറ്റുമോ?"

"ഇവിടുത്തെ രജിസ്റ്ററിൽ കാണും."

ഡോക്ടർ ബല്ലടിച്ചപ്പോൾ എത്തിയ, ഒരു അറ്റൻഡറിനോട് അഞ്ചുവർഷം മുൻപുള്ള രജിസ്റ്റർ ബുക്കിൽ നിന്നും മായാദേവിയുടെ അഡ്രസ്സ് എഴുതിത്തരാൻ ആവശ്യപ്പെട്ടു. 

"അവരുടെ ഒരു സഹോദരനാണ്, അന്നവരെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോഴും ഇതേ അഡ്രസ്സിൽ തന്നെയായിരിക്കുമോ, അവർ താമസിക്കുന്നതെന്ന് നിശ്ചയമില്ല."

"ഓ.കെ ഡോക്ടർ, ഏതായാലും ഞങ്ങൾ ഒന്നു ശ്രമിച്ചുനോക്കാം. വളരെ നന്ദി."

നിങ്ങളുടെ ഭാര്യയേയും കുഞ്ഞിനേയും കണ്ടു കിട്ടിയാൽ എന്നെ അറിയിക്കാൻ മറക്കരുത്. ഈ കാർഡിൽ എന്റെ നമ്പർ ഉണ്ട്."

"തീർച്ചയായും ഡോക്ടർ. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ."

അറ്റൻഡർ എഴുതിത്തന്ന മായാദേവിയുടെ അഡ്രസ്സ്, ശേഖറിനെ ഏൽപ്പിച്ചു. അതു വായിച്ചിട്ട് അവൻ പറഞ്ഞു:

"എടാ, ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലം, ഇവിടെ നിന്നും ഒരുമണിക്കൂർ ദൂരെയാണുള്ളത്. ഏതായാലും നമുക്കു പോയിനോക്കാം." 

ഭാമയേയും മീനുമോളേയും നേരിൽ കാണുന്ന നിമിഷം അകലെയായിരിക്കുമോ എന്ന ആശങ്കയിൽ, ചിന്തകൾ പിന്നെയും കാടുകയറി.

ട്രാഫിക് അധികമില്ലാതിരുന്നതിനാൽ, പെട്ടെന്നു തന്നെ സിറ്റിയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു. നല്ല വേഗതയിൽ തന്നെയായിരുന്നു ശേഖർ വണ്ടി ഓടിച്ചിരുന്നത്?

"എടാ, ഭാമയും മോളും ഈ പറഞ്ഞ മായാദേവി എന്ന സ്ത്രീയോടൊപ്പം അവരുടെ വീട്ടിൽ തന്നെ ആയിരിക്കുമോ താമസിക്കുന്നത്? നിനക്കെന്തു തോന്നുന്നു?"

ശേഖറിന്റെ ചോദ്യത്തിന്റെ അലകൾ, മൗനത്തിന്റെ വാത്മീകത്തിനുള്ളിൽ നിന്നും തന്നെ ഉണർത്തി. അവന്റെ ചോദ്യം, പ്രതിദ്ധ്വനികളായി കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

"അവർ അവിടെ ഉണ്ടാവണേ എന്നു തന്നെയാണെന്റെ പ്രാർത്ഥന. അങ്ങനെതന്നെ സംഭവിക്കട്ടെ."

"എടാ, ഒരു പക്ഷേ നമ്മുടെ ഈ യാത്ര വ്യർത്ഥമാണെങ്കിലോ?"

"നിന്റെ കരിനാക്കു വളച്ചു അങ്ങനെയൊന്നും പറയല്ലേ..."

"അതല്ലെടാ... അവർ അവിടെ ഉണ്ടായില്ലെങ്കിൽ, പിന്നെ നമ്മൾ എവിടെപ്പോയി അന്വേഷിക്കും?"

"ശരിയാണ്, അതിനെപ്പറ്റിയൊന്നും ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. നീ വേഗം വണ്ടി വിട്."

ഏകദേശം അമ്പതു മിനിറ്റുകൾ കഴിഞ്ഞപ്പോൾ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി.

"എടാ ഇതു തന്നെയാണ് സ്ഥലം, ഇനി അവരുടെ വീടു കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിക്കാം."

ഒരു ചെറിയ കവലയിലെത്തിയപ്പോൾ ശേഖർ വണ്ടി നിർത്തി. കൂൾഡ്രിംഗ്സ് ആൻഡ് ബേക്കറി എന്ന ബോർഡുവച്ച കടയിൽ കയറി, നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച് രണ്ടുപേരും ദാഹമകറ്റി. 

അഡ്രസ്സ് എഴുതിയിരുന്ന കടലാസ്സ് കാണിച്ചു കൊണ്ട് ശേഖർ, കടയുടമയോടു ചോദിച്ചു:

"ചേട്ടാ, ഈ വീട് അറിയുമോ, എവിടെയാണെന്ന് ഒന്നു പറഞ്ഞു തരാമോ?"

"അയ്യോ, അത് നിങ്ങൾ വന്ന വഴിക്കായിരുന്നല്ലോ. ഇവിടെ നിന്നും തിരിച്ചു പോകണം. ഒരു ഫർലോങ് ദൂരം ചെന്നാൽ വലതുവശത്തേയ്ക്കു തിരിയുന്ന ഒരു വഴിയുണ്ട്. അതിനിടതുവശത്തായി മൂന്നാമത്തെ വീടാണ്."

"ശരി ചേട്ടാ, വളരെ നന്ദി."

"അവിടെ ആരെക്കാണാനാണ്?"

"ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീടാണ്."

"ഓ.. ശരി."

ആ കവലയിൽ തന്നെ വണ്ടി തിരിച്ച്‌, വന്ന വഴിയിലൂടെ മുന്നോട്ടെടുത്തു. കടയുടമ പറഞ്ഞു തന്നപ്രകാരം മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടിനിർത്തി.

"ഇവിടുത്തെ ആളുകൾ സത്യസന്ധരാണെന്നു തോന്നുന്നു. വഴിയൊക്കെ കൃത്യമായി പറഞ്ഞു തന്നല്ലോ."

ശേഖറിന്റെ പ്രസ്താവനയോട് താനും യോജിച്ചു.

ചന്ദനനിറത്തിലുള്ള പെയിന്റടിച്ച സാമാന്യം വലിയൊരു ഇരുനിലക്കെട്ടിടം.

'ഈശ്വരാ... എല്ലാം ശുഭമായിരിക്കണേ... ഭാമയും എന്റെ മോളും ഇവിടെത്തന്നെ ഉണ്ടായിരിക്കണേ.' 

മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഗേറ്റു തുറന്ന് അകത്തു കടന്ന്, കാളിംഗ്ബെൽ അടിച്ചു.

അറുപതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ കതകു തുറന്ന് ഇറങ്ങിവന്നു. മുണ്ടും നേര്യതുമാണ് അവരുടെ വേഷം. നെറ്റിയിൽ ചന്ദനക്കുറി, തലയിൽ അവിടവിടെയായി നരച്ചമുടികൾ, വെള്ളിനൂലുകൾ പോലെ തിളങ്ങി. 

സുന്ദരവദനത്തിൽ വിഷാദം തളംകെട്ടി നിൽക്കുന്നു. പ്രൗഢയായ ആ സ്ത്രീ തന്നെ യാണ് മായാദേവിയെന്ന് നിസ്സംശയം മനസ്സിലായി.

"ആരാണ്, മനസ്സിലായില്ലല്ലോ?"

"ശ്രീമതി മായാദേവിയല്ലേ?"

"അതെ, എന്നെ അറിയുമോ, നിങ്ങൾ?"

കണ്ണടയ്ക്കുള്ളിലൂടെ തങ്ങൾ ഇരുവരേയും മാറി മാറിനോക്കി. മുഖത്തു നിഴലിക്കുന്ന അപരിചിതത്വഭാവം വർദ്ധിച്ചു വന്നു.

"ഞങ്ങൾ അകത്തോട്ടു വന്നോട്ടെ?"

"തീർച്ചയായും, കയറി വരൂ, ഇരിക്കൂ..."

"എന്റെ പേര് ദേവൻ, ഇതെന്റെ സുഹൃത്ത് ശേഖർ."

"എന്താണിവിടെ?"

"പറയാം, ഇവിടെ വേറെ ആരൊക്കെയുണ്ട്, അമ്മ തനിച്ചാണോ ഈ വീട്ടിൽ താമസിക്കുന്നത്?"

"അല്ല, എന്റെ മകളും കുഞ്ഞും ഉണ്ട്." കൊലുസുമണികൾ കിലുക്കി ക്കൊണ്ട് ഓടിയടുക്കുന്ന രണ്ടു കുഞ്ഞിക്കാലുകൾ, തൊട്ടുപിറകേ അവളുടെ അമ്മയും.

"ആരാണമ്മേ ഇവരൊക്കെ?"

"ഇതാണെന്റെ മകൾ, ശ്യാമ. ഇത് മണിക്കുട്ടി. കിലുക്കാംപെട്ടിയാ കേട്ടോ. നല്ല കുറുമ്പും ഉണ്ട്."

അതുവരെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന താൻ, ഒരു നിമിഷം സ്തബ്ധനായി. സകല പ്രതീക്ഷകളും അസ്തമിച്ചതുപോലെ ശേഖറിന്റെ മുഖത്തേയ്ക്ക് നോക്കി.

ഇരുൾ മൂടിയ വഴികളിലൂടെ തപ്പിത്തടഞ്ഞ്, ഒരു തരി വെട്ടത്തിനായി കൊതിക്കുന്ന, നിസ്സഹായനായ പഥികനെപ്പോലെ, കുറെ നിമിഷങ്ങൾ തന്റെ മുന്നിലൂടെ കടന്നുപോയി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ