mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 21

സന്ധ്യ കഴിഞ്ഞിട്ടും  എറണാകുളത്തു പോയവരുടെ വിവരങ്ങൾ ഒന്നും തന്നെ അറിയാതിരുന്നതിനാൽ ഭാനുവിന്റെ ആധി വർദ്ധിച്ചു കൊണ്ടിരുന്നു. രണ്ടു തവണ വിളിച്ചിട്ടും അച്ഛൻ ഫോൺ എടുത്തില്ല. തിരിച്ചു വിളിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഇതുവരെ വിളിച്ചതും ഇല്ല. 

'ഒരു പക്ഷേ, അവർ തിരിച്ചു വന്നുകൊണ്ടിരിക്കുകയായിരിക്കും. ചേച്ചിയോടു സംസാരിക്കാനായി ചേട്ടൻ ഇനിയും വിളിച്ചാൽ എന്തു പറഞ്ഞൊണൊഴിയുക?'

അവൾ വീണ്ടും അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ... മോളേ...."

"ഹലോ,അച്ഛാ...നിങ്ങൾ എന്താ വരാൻ താമസിക്കുന്നത്? ഇപ്പോൾ എവിടെയാണ്? ഡോക്ടർ എന്തു പറഞ്ഞു? ഞാൻ വിളിച്ചപ്പോൾ ഫോണും എടുത്തില്ലല്ലോ! തിരിച്ചു വിളിച്ചതും ഇല്ല."

"മോളേ... അതു പിന്നെ ഡോക്ടറിനോട് സംസാരിക്കുന്നതിനിടയിൽ ആണ് നീ വിളിച്ചത്? എടുക്കാൻ പറ്റിയില്ല. അവിടെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ?"

"ചേച്ചിയോടു സംസാരിക്കാനായി, ചേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഷോപ്പിംഗിനു പോയി എന്നാണ് ഞാൻ പറഞ്ഞത്. ചിലപ്പോൾ വീണ്ടും വിളിക്കുമായിരിക്കും. നിങ്ങൾ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണോ? എപ്പോൾ എത്തും? ചേച്ചി എന്തു പറയുന്നു? കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?

"മോളേ...ഇവിടെ എത്തി ഡോക്ടറുമായുള്ള സംഭാഷണത്തിനിടയിൽ ഭാമ അല്പം വയലന്റ് ആയി. ആശുപത്രിയിലേക്കാണ് വന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ അവളുടെ ഭാവം മാറി. പെരുമാറ്റത്തിൽ നല്ല വ്യത്യാസവും ഉണ്ട്. അവളെ ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. 

തൽക്കാലം ആശുപത്രിക്കടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. മരുന്നു കൊടുത്തതിനാൽ, ഇപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. ചിലപ്പോൾ നാളെ അഡ്മിറ്റ് ചെയ്യേണ്ടിവരും. അവളെ തനിയെ ഇവിടെ ആക്കിയിട്ടു പോരാൻ ഞങ്ങൾക്കും വിഷമം ഉണ്ട്. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. 

ആരെങ്കിലും ഇനി അന്വഷിച്ചാൽ, അമ്മാവന്റെ മകളുടെ കല്യാണത്തിന് പോയെന്നും ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞാൽ മതി. 

എന്നാൽ ശരി, നാളെ വിളിക്കാം. കതകെല്ലാം ഭദ്രമായി അടച്ചിട്ടു കിടന്നുറങ്ങണം.''

"ശരി, അച്ഛാ... ഇവിടെ കുഴപ്പം ഒന്നും ഇല്ല. മോൾ സുഖമായിരിക്കുന്നു."

വിവരങ്ങൾ അറിഞ്ഞ് ഭാനു ആകെ അസ്വസ്ഥയായി. ചേട്ടനോട് ഇനിയും കള്ളം തന്നെ പറയേണ്ടിവരുമല്ലാ എന്നോർത്തു പ്രയാസപ്പെട്ടു. ഭാഗ്യത്തിന്, അതിനു ശേഷം ആരും തന്നെ വിളിച്ചില്ല.

'ഈശ്വരാ... എത്രയും പെട്ടെന്ന് എല്ലാവരും ഇങ്ങു തിരിച്ചെത്തിയാൽ മതിയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ എത്ര കാലം അവിടെ കിടക്കേണ്ടിവരുമായിരിക്കും? ചേച്ചിക്ക് ഇങ്ങനെയൊക്കെ വന്നു ഭവിക്കാൻ എന്തായിരിക്കും കാരണം? 

മോളെ പ്രസവിച്ചതിനുശേഷം തുടങ്ങിയ പ്രശ്നങ്ങൾ ആണ്. കാറ്റും കോളും ഒഴിഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നില്ല. 

ചേച്ചിക്കും കുഞ്ഞിനും വേണ്ടി മാത്രം ജീവിക്കുന്ന പാവം ചേട്ടൻ! അവരുടെ ജീവിത നദി ഓളങ്ങളില്ലാതെ, ശാന്തമായി ഒഴുകുന്നത് ഇനി എന്നാണോ? 

അമ്മയുടെ സ്നേഹവും ലാളനയും അറിയാതെ വളരുന്ന മീനുമോൾ! നിനവുകൾ കോരി നിറച്ച മനസ്സിനുള്ളിൽ നിദ്ര കടന്നുവന്നത് അവൾ അറിഞ്ഞതേയില്ല.

രണ്ടു ദിവസങ്ങൾ കൂടി ഇഴഞ്ഞു നീങ്ങി. പലതവണ ഭാനുവിനെ വിളിച്ചെങ്കിലും അവളുമായി സംസാരിക്കാനോ അവിടുത്തെ വിശേഷങ്ങൾ അറിയാനോ കഴിഞ്ഞില്ല.

'ഭാനു മന:പൂർവം തന്റെ കാളുകൾ അവഗണിക്കുകയായിരിക്കുമോ? ഭാമയ്ക്കും തന്നോട് സംസാരിക്കണമെന്നില്ലേ? സ്വന്തം വീട്ടിലെത്തിയപ്പോൾ അവൾ തന്നെ മറന്നുവോ? മോളെ കാണാനുള്ള ആഗ്രഹം കൂടി വരുന്നു.'

ആകാക്ഷ മുറ്റിയ ഒട്ടനവധി ചോദ്യങ്ങൾ ഉത്തരം തേടി അലയുകയാണ്.

അമ്മയുടെ സംസ്കാരച്ചടങ്ങുകൾ നാളത്തെ പൂജയോടു കൂടി അവസാനിക്കും. ചിതാഭസ്മം കൊണ്ടു പോയി പെരിയാറിൽ ഒഴുക്കണം. നാളത്തെ രാത്രി കൂടി കഴിഞ്ഞാൽ അച്ഛൻ തനിച്ചാവും. അല്പം അകലെ താമസിക്കുന്ന ഇളയച്ഛനും കുടുംബവുമാണ് ഏക ആശ്വാസം.

മറ്റന്നാൾ രാവിലെ തന്നെ മടങ്ങണം. ഭാമയുടെവീട്ടിൽ ചെന്ന് അവരേയും കൂട്ടി വീട്ടിലെത്തണം. നാളെയും കൂടിയേ ഇനി അവധി ഉള്ളൂ. അച്ഛൻ വിളിക്കുന്നതറിഞ്ഞ്, ചിന്തകൾക്കു വിരാമമിട്ടു അരികിൽ ചെന്നിരുന്നു. ഒറ്റപ്പെട്ടുപോയ ഇനിയുള്ള നാളുകളേക്കാൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ആ മനസ്സു നിറയെ.

"മോനേ...എനിക്കു നിന്നോടാരു കാര്യം പറയാനുണ്ട്."

"അച്ഛൻ പറഞ്ഞോളൂ... ഞാൻ കേൾക്കുന്നുണ്ട്."

"എന്റെ കാലവും കഴിയാറായി. ഇനി എത്രനാൾ ഉണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ല. ഈ വീടും പറമ്പും എല്ലാം നിനക്കുള്ളതാണ്. നിന്റെ പേരിൽ ഇഷ്ദാനം എഴുതി വച്ചിട്ടുള്ള കടലാസ്സുകൾ ഒക്കെ അലമാരയ്ക്കുള്ളിൽ ഭദ്രമായി ഇരിപ്പുണ്ട്.

എത്രനാളെന്നു വച്ചാ, പട്ടണത്തിലെ വാടക വീട്ടിൽ കഴിയുന്നത്. ഇവിടെ നാട്ടിൽ ഒരു ജോലിതരപ്പെടുത്തിക്കൂടേ? എല്ലാവർക്കും കൂടി ഇവിടെ താമസിക്കുകയും ചെയ്യും. അച്ഛന്റെ ആഗ്രഹമാണ്.  നന്നായി ചിന്തിച്ച് ഒരു തീരുമാനം എടുക്കൂ."

"ശരി അച്ഛാ...അതിനെപ്പറ്റി ആലോചിക്കാം. പക്ഷേ, ഉള്ള ജോലി കളഞ്ഞ് ഉടനേ ഇങ്ങോട്ടു പോരാൻ സാധിക്കില്ല.  ഒരു ബാങ്ക്ലോൺ ഉണ്ട്. അത് അടച്ചു തീർക്കണം. ഇപ്പോൾ പകുതിയടഞ്ഞു തീർന്നിട്ടുണ്ടാവും. 

പിന്നെ ഓപ്പറേഷൻ ചെയ്തതിനാൽ ഭാമയ്ക്ക് മാസം തോറും ചെക്ക് അപ്പ് ആവശ്യമാണ്. അവിടെയാണെങ്കിൽ അതിനെല്ലാമുള്ള സൗകര്യങ്ങളും ഉണ്ട്. അച്ഛൻ വിഷമിക്കേണ്ട, പറഞ്ഞ കാര്യങ്ങളെക്കുറിച്ചൊക്കെ സാവകാശം ചിന്തിക്കാം. ഇവിടെ ഒരു ജോലിക്ക് ശ്രമിക്കാം."

അലമാര തുറന്ന് ഒരു ബാഗിനുള്ളിൽ നിന്ന് ചില പേപ്പറുകൾ എടുത്ത് അച്ഛൻ മകനെ ഏൽപ്പിച്ചു.

"നീ ഇതൊക്കെ ഒന്നു വായിച്ചു നോക്കൂ..."

"അതൊക്കെ അവിടെത്തന്നെ ഇരിക്കട്ടെ, സമയം പോലെ നോക്കാം. ധൃതിയൊന്നുമില്ലല്ലോ."

"ഇനി ഒരാഗ്രഹം മാത്രമേ ഉളളൂ...നിങ്ങൾ സന്തോഷമായി കഴിയണം. ഇനി വരുമ്പോൾ ഭാമയേയും കുഞ്ഞിനേയും ഒപ്പം കൊണ്ടുവരണം. അവരെ കാണാൻ അതിയായ ആഗ്രഹമുണ്ട്. മീനുമോളു വളർന്നു കാണുമായിരിക്കും. എന്തെങ്കിലും സംസാരിക്കുമോ? 

അവളെ കാണണമെന്ന് നിന്റെ അമ്മയ്ക്ക് നല്ല മോഹമുണ്ടായിരുന്നു.

മരിക്കുന്നതിന്റെ നാലുനാൾ മുൻപേ ഒരു സ്വപ്നത്തിൽ, അമ്മുമ്മേ എന്നു  വിളിച്ചു കൊണ്ട് മോളു ഓടിക്കയറി വരുന്നതു കണ്ടെന്ന് എന്നോടു പറയുകയുണ്ടായി."

അച്ഛന്റെ വാക്കുകൾ ഹൃദയത്തെ കീറി മുറിച്ചു. അമ്മയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. 

കാടുകയറിയ ചിന്തകൾ വീണ്ടും ഭാമയിൽ തന്നെ ഉടക്കി നിന്നു.

പിറ്റേദിവസം രാവിലെ പത്തു മണിയോടു കൂടി ത്തന്നെ എല്ലാകാര്യങ്ങളും ചെയ്തു തീർത്തു. അച്ഛന്റെ അകന്ന ബന്ധത്തിലുളള ഒരു അപ്പച്ചിയാണ് ഭക്ഷണം  ഉണ്ടാക്കിത്തരുന്നത്. കുറച്ചു നാളുകൾ കൂടിയേ അവർ വരികയുള്ളൂ. രണ്ടാഴ്ച കഴിയുമ്പോൾ ബാഗ്ളൂരിലുള്ള അവരുടെ മകനും കുടുംബവും വരുന്നത്രേ. പിന്നെ അച്ഛൻ, തനിയേ പാകം ചെയ്തു കഴിക്കേണ്ടിവരും. 

അച്ഛന്റെ ദൈന്യത നിറഞ്ഞ മുഖം തന്നെ അവിടെത്തന്നെ പിടിച്ചു നിർത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്ക് ഒരു യാഥാർത്ഥ്യമായി മുന്നിൽ നിൽക്കുന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ