mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 11

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഭാമയുടെ ചെക്കപ്പ് കഴിഞ്ഞു വന്നതു മുതൽ അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ കാണാൻ തുടങ്ങി. സംസാരം തീരെ കുറവാണ്. എപ്പോഴും ഏതൊക്കെയോ ചിന്തകളിൽ അങ്ങനെ മുഴുകിയിരിക്കും. എന്തു ചോദിച്ചാലും ഒന്നു മുളുക മാത്രം ചെയ്യും. ഒരു സന്തോഷവുമില്ലാത്ത അവസ്ഥ.

'തന്റെ കൂടെയുള്ള ജീവിതം അവൾക്കു മടുത്തുവോ?  അസ്വസ്ഥതകളും നിരാശകളും അവളുടെ മനസ്സിനെ അലട്ടുന്നുണ്ടാവുമോ?'

ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ആലോചിച്ചു കൊണ്ടിരുന്നു.

'ഏതായാലും നാളെ കുഞ്ഞിന്റെ നൂല്കെട്ട് ആണല്ലോ. അതുകഴിഞ്ഞു ഭാമയേയും കൂട്ടി ഒരു കൗൺസിലിഗിനു പോകണം. അവളുടെ മനസ്സിന്റെ ഭാരങ്ങൾ ഒക്കെ 

ഇറക്കിവച്ചില്ലെങ്കിൽ തന്റെ കുടുംബ ജീവിതം തന്നെ അവതാളത്തിലാവും. ബാങ്ക് ലോൺ പാസ്സായി കിട്ടിയതു ഒരു സമാധാനമായി. നന്ദന്റെ കടം തീർത്തതിന്റെ ബാക്കി കുറച്ചു പൈസ ബാങ്കിൽ തന്നെ ഇട്ടിട്ടുണ്ട്. അത്യാവശ്യം വരികയാണെങ്കിൽ അതെടുക്കാം.'

രാവിലെ ഒൻപതു മണിയോടുകൂടിത്തന്നെ അച്ഛനുമമ്മയുമെത്തി.

"മോനേ, ചടങ്ങുകൾ എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാമയുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ? നീ വേറെ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ?" അച്ഛൻ ചോദിച്ചു.

"ഇല്ലച്ഛാ... അങ്ങനെ പ്രത്യേകിച്ച് ആരോടും പറഞ്ഞിട്ടില്ല. ഭാനുവിനെ വിവരം അറിയിച്ചുണ്ട്. അവൾ വരുമായിരിക്കും. പതിനൊന്നു മണിയാകുമ്പോൾ അമ്മ തന്നെ കുഞ്ഞിന് ചരട് കെട്ടി ചെവിയിൽ മീനാക്ഷി എന്ന പേരു വിളിച്ചാൽ മതി. വേറെ ചടങ്ങുകൾ ഒന്നും ഇല്ല."

"ശരി മോനേ, അങ്ങനെയായിക്കോട്ടെ."

ലില, കുഞ്ഞിനെ കുളിപ്പിച്ചൊരുക്കി കണ്ണെഴുതി പൊട്ടിട്ടു പുത്തനുടുപ്പണിയിച്ചു. അമ്മയുടെ കൈയിൽ കൊണ്ടുക്കൊടുത്തു. അല്പ സമയത്തിനകം പാൽക്കുപ്പിയുമായി വന്നു കുഞ്ഞിനെ വാങ്ങി പാൽ കൊടുത്തു. ഒന്നിലും ശ്രദ്ധയില്ലാതെ ഫാൻ കറങ്ങുന്നതും നോക്കി കിടന്നിരുന്ന ഭാമയോട് അല്പം നീരസത്തിൽ പറഞ്ഞു:

"ഭാമേ, നീയെന്താ ഇങ്ങനെ മച്ചും നോക്കിക്കിടക്കുന്നത്? കുഞ്ഞിന്റെ നൂലുകെട്ടായിട്ട് നിനക്കൊരു സന്തോഷവും ഇല്ലല്ലോ. വേഗം എഴുന്നേറ്റു കുളിച്ചൊരുങ്ങി നിൽക്ക്. ഭാനു ചിലപ്പോൾ അച്ഛനേയും അമ്മയേയും കൂട്ടി വന്നേക്കും. നീ ഒന്നു ഉഷാറായിക്കേ."

തന്റെ സംസാരം കേട്ടപ്പോൾ ഭാമ വേഗം എഴുന്നേറ്റു വീടിന്റെ മുന്നിലേക്കു പോയി ആരെങ്കിലും വരുന്നുണ്ടോ എന്ന് പ്രതീക്ഷയോടെ നോക്കി. ആരേയും കാണാതെ നിരാശയായി തിരിച്ചു വന്നു. വേഗം കുളിച്ചെന്നു വരുത്തി ഒരു സാരിയെടുത്തുടുത്തു.

പതിനൊന്നു മണിക്കു തന്നെ കുഞ്ഞിന്റ പേരിടീൽ കർമം വളരെ ലളിതമായ രീതിയിൽ തന്നെ നടത്തി. ചെറിയ രീതിയിലുള്ള ഒരു സദ്യ ലീല ഒരുക്കിയിരുന്നു.

അച്ഛനും അമ്മയും ഭാനുവും വരാഞ്ഞതിലുള്ള നിരാശയും സങ്കടവും ഭാമയെ തളർത്തി. ഊണു കഴിഞ്ഞ് എല്ലാവരും അല്പം വിശ്രമിക്കുകയായിരുന്നു. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് താൻ ചെന്നു കതകു തുറന്നു.

പുഞ്ചിരിച്ചു കൊണ്ട് ഭാനു കയറി വന്നു.

"ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ? വരാൻ താമസിച്ചു പോയി." എന്നു പറഞ്ഞ് അവൾ അകത്തേക്ക് കയറി.

ഭാമ ചോദിച്ചു:

"മോളേ, അച്ഛനും അമ്മയും?"

"അവർ വരില്ല ചേച്ചീ... സത്യത്തിൽ അമ്മയ്ക്കു വരണമെന്നുണ്ടായിരുന്നു. അച്ഛന്റെ അനുവാദമില്ലാതെ ഇവിടേയ്ക്ക് വന്നാൽ പിന്നെ തിരിച്ചു വീട്ടിലോട്ടു ചെല്ലേണ്ടതില്ലെന്നു പറഞ്ഞു. അച്ഛൻ അറിയാതെയാണ് ഞാൻ വന്നത്."

"നീ ഊണ് കഴിച്ചില്ലല്ലോ? വരൂ, കഴിക്കാം."

ഭക്ഷണം വിളമ്പി ക്കൊടുക്കുന്നതിനിടയിൽ ഭാമ വീട്ടുവിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു.

"അച്ഛനേയും അമ്മയേയും കാണാൻ കൊതിയാകുന്നു. അവർക്ക് എന്നോട് ഒരിക്കലും പൊറുക്കാൻ കഴിയില്ലേ? ഞാൻ ഇവിടെ ഒറ്റപ്പെട്ടതുപോലെ, എനിക്ക് ആരും ഇല്ലാത്തതുപോലെയൊക്കെ തോന്നുകയാണ്.  ഇരുട്ടിന്റെ ആഴങ്ങളിലേക്ക് എന്നെ ആരോ വലിച്ചുകൊണ്ടുപോകുന്നതു പോലെ. എന്റെ മുഖത്തു ണ്ടായിരുന്ന പുഞ്ചിരി ഇന്ന് ആരോ മായിച്ചുകളഞ്ഞതു പോലെ. ഇനി ഒരിക്കലും എനിക്ക് ചിരിക്കാൻ കഴിയില്ലല്ലോ."

"ചേച്ചി ഇതെന്തൊക്കെയാണ് പറയുന്നത്? അച്ഛനും അമ്മയും വന്നില്ലെങ്കിൽ എന്ത്? ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ചേട്ടനും പവിത്രമായ സ്നേഹത്തിന്റെ സമ്മാനമായ മീനുമോളും കൂടെയുള്ളപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.

ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു മനസ്സു വിഷമിപ്പിക്കണ്ട. ചേച്ചി വിചാരിച്ചാൽ മതി, നിങ്ങളുടെ കുടുംബം സ്വർഗമാകും. സന്തോഷമായിരിക്കൂ. ഇത്രയും സ്നേഹം നിറഞ്ഞ ഒരു ഭർത്താവിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം തന്നെയാണ്. ചേട്ടനെ വിഷമിപ്പിക്കുന്ന രീതിയിലുള്ള ഒരു പെരുമാറ്റവും ചേച്ചിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ തളരാതെ പിടിച്ചു നിൽക്കണം. കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതിമാർ ഉണ്ട്. ചേച്ചിക്ക് അമ്പിളി പോലൊരു മോൾ ഇല്ലേ? അവളെ ആരോഗ്യത്തോടു കൂടി വളർത്താൻ നോക്കണം. എല്ലാ കാര്യങ്ങളിലും ചേട്ടന് താങ്ങും തുണയുമായി ചേർന്നു നിൽക്കണം. മനസ്സിന്റെ നിയന്ത്രണം നഷ്ടമാകാതെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടണം. എല്ലാ പിണക്കങ്ങളും മറന്ന് അച്ഛനും അമ്മയും ഒരു നാൾ വരും. ഞാൻ കൂട്ടിക്കൊണ്ടു വരും. ചേച്ചിയ്ക്ക് എല്ലാവരും ഉണ്ട്. തനിച്ചാണെന്നുള്ള ചിന്ത ഒരിക്കലും പാടില്ല."

പക്വതയുള്ള ഒരാളെപ്പോലെയുള്ള ഭാനുവിന്റെ ചുണ്ടിൽ നിന്നു വന്ന പ്രത്യാശയുടെ വാക്കുകൾ, സാന്ത്വനത്തിന്റെ തൂവൽസ്പർശമായി ഭാമയുടെ മനസ്സിനെ തലോടി.

നാലുമണിക്കുതന്നെ അച്ഛനേയും അമ്മയേയും ബസ്സിൽ കയറ്റി വിട്ടു. ഭാനുവും യാത്രപറഞ്ഞു പിരിഞ്ഞു.

ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴും ഭാനുവിന്റെ മനസ്സിൽ ചേച്ചിയുടെ വിതുമ്പലുകൾ അലയടിച്ചു കൊണ്ടിരുന്നു.

(തുടരും)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ