mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 38

ശുഭാപ്തിവിശ്വാസത്തോടെ വഴിയിലേക്കു കണ്ണും നട്ടിരിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ വളർന്നുകൊണ്ടിരുന്നു. തന്നോടൊപ്പം പോരാൻ ഭാമ കൂട്ടാക്കിയില്ലെ ങ്കിലോ എന്ന ഭയം മനസ്സിനെ വേട്ടയാടി. ഇപ്പോഴുള്ള ജീവിതത്തിൽ അവൾ സന്തോഷവതിയാണെങ്കിൽ, ഇനിയുള്ള ജീവിതം ഇങ്ങനെത്തന്നെ മതിയെന്നവൾ തീരുമാനിച്ചാലോ? നിയമപരമായി തന്റെ ഭാര്യയല്ലാതിരിക്കുന്ന ഒരവസ്ഥയിൽ നിർബന്ധിക്കാനും തനിക്ക് അവകാശമില്ല. ഈശ്വരാ, അങ്ങനെയൊന്നും സംഭവിക്കരുതേ...'

മദർ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാൽ മനസ്സ് അസ്വസ്ഥമായി.

"ദേവാ, ഇത്രയും സമയമായിട്ടും അവർ വന്നില്ലല്ലോ. നമുക്ക് തിരിച്ചു പോകേണ്ടതല്ലേ?"

"അല്പ സമയം കൂടി ക്ഷമിക്കാം. ഉടനെ വരുമായിരിക്കും."

"ഉം..."

"നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞോ?"

ആരോ വിളിച്ചിട്ട് അകത്തേയ്ക്കു പോയിരുന്ന മദർ തിരിച്ചെത്തി. മദറിന്റെ പിറകിലായി മറഞ്ഞുനിൽക്കുന്ന ഭാമയും അവളുടെ വിരലുകളിൽ തൂങ്ങി, നാണിച്ചു നിൽക്കുന്ന തന്റെ മകളും. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായി. ഓടിച്ചെന്ന് ഭാമയെ ചേർത്തുപിടിക്കാനും മീനുമോളെ വാരിയെടുത്തു ഉമ്മവയ്ക്കാനുമുള്ള ആവേശം ഉള്ളിൽ തികട്ടി വന്നെങ്കിലും അടുത്ത നിമിഷം തന്നെ അത് തണുത്തുറഞ്ഞു.

"എല്ലാ കാര്യങ്ങളും ഞാൻ ഇവളോടു പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും ദേവനോടൊപ്പം വരാൻ ഇവൾക്ക് താൽപര്യം ഇല്ലെന്നാണ് പറയുന്നത്. നിങ്ങളെ കാണാൻ പോലും കൂട്ടാക്കാതെ കതകടച്ചു മുറിക്കുള്ളിൽ ഇരിക്കുകയായിരുന്നു. ഞാൻ ദേഷ്യപ്പെട്ടപ്പോളാണ് പുറത്തിറങ്ങിയത്. ഇനി നിങ്ങൾ തമ്മിൽ സംസാരിക്കൂ... ശേഖർ വരൂ, നമുക്ക് എന്റെ ഓഫീസിലിരിക്കാം."

ശേഖറിനേയും കൂട്ടിക്കൊണ്ട് മദർ പോയെങ്കിലും പരസ്പരം ഒന്നും മിണ്ടാനാവാതെ, വിറങ്ങലിച്ചു നിന്ന ചില നിമിഷങ്ങൾ! 

'അല്പം കൂടി നിറം വച്ച് ഭാമ, പഴയതിലും സുന്ദരിയായിരിക്കുന്നു. മോൾ നന്നായി വളർന്നിട്ടുണ്ട്. ശരീരവണ്ണം കുറവാണെങ്കിലും പ്രായത്തിനനുസരിച്ച് നീളം വച്ചിട്ടുണ്ട്. തന്റെ നീളമായിരിക്കും അവൾക്കും കിട്ടിയത്.'

അപരിചിത ഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന മീനുമോളുടെ അരികിലെത്തി അവളെ വാരിയെടുത്തു നെറുകയിൽ തുരുതുരെ ഉമ്മവച്ചു.

"മോളേ... അച്ഛന്റെ പൊന്നുമോളേ, ഇത്രനാളും നീ എവിടെയായിരുന്നു, എത്ര നാളായി നിന്നെയൊന്നു കാണാൻ ഈ അച്ഛൻ കൊതിക്കുന്നു, എന്തിനാണ് പൊന്നേ, ഈ അച്ഛനെ വിട്ടു പോയത്? എന്റെ  മോൾ അച്ഛനെ മറന്നു പോയോ?" 

തന്റെ കൈയിൽ നിന്നും ഉർന്നിറങ്ങി അവൾ അമ്മയുടെ കൈകളിൽ തൂങ്ങി നിന്നു. കുഞ്ഞിനോടുള്ള തന്റെ സ്നേഹ വായ്പിൽ 

വിങ്ങിപ്പൊട്ടി നിന്ന ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഭാമേ, നിനക്കെന്നോട് വെറുപ്പാണോ? നീയെന്താണ് ഒന്നും മിണ്ടാത്തത്? നിനക്കറിയുമോ, നീ അയച്ച വക്കീൽ നോട്ടീസിൽ വിറയാർന്ന കൈകളാൽ  ഒപ്പുവയ്ക്കുമ്പോൾ, എന്റെ ഹൃദയം പിളരുന്നതു പോലെ തോന്നിയിരുന്നു. എന്നെ വേണ്ടെന്നു വയ്ക്കാൻ മാത്രം എന്തപരാധമാണ് നിന്നോടു ഞാൻ ചെയ്തതെന്ന് ഓർത്തുപോയി."

പൊടുന്നനെ ഭാമയിൽ നിന്നും ഒരു ദീനരോദനം ഉയർന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുകരങ്ങളും കൂപ്പി അവൾ പറഞ്ഞു:

"ഞാനല്ല ചേട്ടാ, ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ തെറ്റിദ്ധരിപ്പിച്ച്, അച്ഛനാണ് എല്ലാം ചെയ്തത്. ദയവായി എന്നെ വിശ്വസിക്കൂ..."

അവളുടെ രണ്ടു കരങ്ങളും ചേർത്തുപിടിച്ച് തന്നോടുപ്പിച്ചു നിർത്തി പറഞ്ഞു:

എല്ലാം എനിക്കറിയാം, പിന്നീട് നിന്റെ അമ്മയിൽ നിന്നു തന്നെ സത്യങ്ങളെല്ലാം മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. കരയാതിരിക്കൂ, പഴയതുപോലെ തന്നെ നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞ് ഞാൻ സമാധാനിച്ചു. എവിടെയാണെങ്കിലും നിന്നെയും മോളേയും കണ്ടുപിടിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.  മറ്റൊരേയും നിന്റെ സ്ഥാനത്തു കാണാൻ എനിക്കും കഴിയില്ലെന്ന് നിനക്കറിയില്ലേ? 

അന്വേഷണത്തിന്റെ വഴിത്താരയിലൂടെ ഒരുപാട് അലഞ്ഞുനടന്ന് ഒടുവിൽ ഇവിടെ, നിങ്ങളുടെ അരികിലെത്തി."

ഏങ്ങലടിച്ചു കൊണ്ട് തന്റെ നെഞ്ചോടു ചാഞ്ഞ ഭാമയെ, ചേർത്തണച്ചുകൊണ്ട് അവളുടെ കാതിൽ മൊഴിഞ്ഞു:

"ജീവനു തുല്യം സ്നേഹിക്കുന്ന നമ്മളെ വേർപിരിക്കാൻ ഈ ലോകത്തിൽ ആർക്കും സാധിക്കില്ല. നഷ്ടപ്പെട്ടുപോയ ജീവിതം, വീണ്ടും തളിർക്കുവാൻ നീയും മോളും എന്നോടൊപ്പം വരില്ലേ?"

"വരാം ചേട്ടാ, ഇത്രയും കാലം ഞാനും കാത്തിരുന്നത് ഈ ശുഭമുഹൂർത്തത്തിനു വേണ്ടിത്തന്നെയായിരുന്നു."

തന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി, തങ്ങളെത്തന്നെ നോക്കിനിൽക്കുന്ന മീനുമോളെ എടുത്ത് അവൾ പറഞ്ഞു:

"മോളേ, മോളുടെ അച്ഛനാണിത്. ഞാൻ പറയാറില്ലേ, നമ്മളെത്തേടി ഒരു ദിവസം അച്ഛൻ വരുമെന്ന്. മോളേ, അച്ഛന് ഒരുമ്മ കൊടുക്കൂ..."

ഭാമയുടെ കൈയിൽ നിന്നും മോളെ വാങ്ങി, അവളുടെ മുഖം തന്റെ കവിളിൽ ചേർത്തുവച്ച് ഉമ്മ നൽകി.

"മോൾ അച്ഛനെ മറന്നു പോയോ?" 

"അച്ഛാ..." മീനുമോളുടെ വിളിയിൽ കോൾമയിർ കൊണ്ട് നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു.

"മോളുടെ അച്ഛൻ ഇത്രയും നാളും എവിടെയായിരുന്നു?" 

പരസ്പരം ഇടഞ്ഞ നാലുമിഴികൾ നിറഞ്ഞു തുളുമ്പി. വലതു കരം കൊണ്ട് ഭാമയേയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

"ഈശ്വരൻ എന്നോടു കരുണ കാണിച്ചു, എന്റെ അന്വേഷണം വൃഥാവിലായില്ലല്ലോ... നിങ്ങളെ എനിക്കു തിരിച്ചു കിട്ടിയല്ലോ..."

ആ പുനഃസമാഗമത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട്, മദറിന്റേയും ശേഖറിന്റേയും കാലൊച്ചകൾ ഇടനാഴിയിൽ കേട്ടപ്പോൾ, ഭാമ തന്നിൽ നിന്നും അല്പം അകന്നു നിന്നു."

"സങ്കടങ്ങളും പരിഭവങ്ങളുമെല്ലാം രണ്ടുപേരും പങ്കുവച്ചു കഴിഞ്ഞോ? നോക്കൂ ദേവൻ, ഇവിടെ ഞങ്ങൾക്കേവർക്കും വളരെയേറെ പ്രിയപ്പെട്ടവരാണ് ഭാമയും മീനുമോളും. ഇവരെ ഇന്നുതന്നെ ഇവിടെ നിന്നും കൊണ്ടു പോകണമെന്നുണ്ടോ? 

എല്ലാവരുടേയും ഹൃദയം കവർന്നവളാണ് ഈ കിലുക്കാം പെട്ടി. ഇവളിവിടെ നിന്നും പോകുന്നത് വേദനാജനകമാണെങ്കിലും ഇവരുടെ നല്ല ഭാവിക്ക് അതാണ് ഉത്തമമെങ്കിൽ അങ്ങനെത്തന്നെ നടക്കെട്ടെ. ദൈവത്തിന്റെ നിശ്ചയവും അതുതന്നെയാവും."

"മദറിന്റെ സ്നേഹത്തിനു മുമ്പിൽ ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും. ഇവരെ ചേർത്തുപിടിച്ച എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ."

"നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ സർവ ശക്തനായ ദൈവം, എല്ലാ നന്മകളും ചൊരിയുമാറാകട്ടെ. മുന്നോട്ടുള്ള നിങ്ങളുടെ ജീവിതം ഐശ്വര്യപൂർണ്ണമായിത്തീരുവാൻ പ്രാർത്ഥിക്കുന്നു. നല്ല മനസ്സുള്ളവരെ ദൈവം ഒരു നാളും കൈവിടുകയില്ല. നിങ്ങൾ ചായ കുടിക്കുമ്പോഴേക്കും ഇവർ പോയി റെഡിയായി വരട്ടെ. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വന്നോളൂ കുട്ടീ..."

ഭാമ മോളേയും കൊണ്ട് അകത്തേയ്ക്ക് പോകുമ്പോൾ മീനുമോൾ പറയുന്നതു കേട്ടു:

'എന്റെ അച്ഛൻ വന്നല്ലോ, ഞങ്ങൾ പോവ്വാ..."

"ആഹാ... എവിടെ, മീനൂട്ടിയുടെ അച്ഛൻ?"

"അതാ അവിടെ, എന്റെ കൂടെ വാ..ഞാൻ കാണിച്ചു തരാം"

ഒരു ട്രേയിൽ ചായയും ബിസ്ക്കറ്റും കൊണ്ടു വച്ച് തിരികെ പോയ കന്യാസ്ത്രീയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് മീനുമോൾ ഇറങ്ങി വന്നു.

"ഇതാണെന്റെ അച്ഛൻ, ഞങ്ങളെ കൊണ്ടുപോകാനാ വന്നത്."

സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മോളെ കണ്ട് കണ്ണുകൾ നിറഞ്ഞു.

"മദർ, ഇവരെ കൊണ്ടുപോകുന്നതിന്, മറ്റു ഫോർമാലിറ്റീസ് ഒന്നും തന്നെയില്ലല്ലോ അല്ലേ?

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഭാമ ജോലി ചെയ്യുന്ന സ്ക്കൂളിൽ ഞാനറിയിച്ചോളാം. ഭാമയുടെ ഒരു രാജിക്കത്തു അവിടെ ഏൽപ്പിക്കണം. ഒരു വെള്ളക്കടലാസ്സിൽ ഒപ്പിട്ടു തന്നാൽ മതി. ഞങ്ങൾ എഴുതിക്കൊടുത്തോളാം. ഞാനിതാ വരുന്നു."

മദർ എഴുന്നേറ്റു അകത്തേയ്ക്ക് പോയി.

"അങ്ങനെ പുതിയൊരു ജീവിതത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. നിനക്കു സന്തോഷമായില്ലേ?" ചിരിച്ചുകൊണ്ട് ശേഖർ ചോദിച്ചു.

"നിന്റെ സഹായം കൊണ്ട് എല്ലാം ശുഭമായി."

"എടാ, ഇപ്പോൾ ഇറങ്ങിയാൽ രാത്രി ഒൻപതു മണിയോടെ നമുക്ക് വീട്ടിലെത്താം."

"ശരിയെടാ, അവർ വന്നാലുടൻ നമുക്കിറങ്ങാം."

അരമണിക്കൂറിനുള്ളിൽ സാധനങ്ങൾ നിറച്ച ബാഗുകളുമായി ഭാമയും മീനുമോളും എത്തി. നീല സാരിയിൽ ഭാമയും കറുപ്പിൽ മഞ്ഞപ്പൂക്കളുള്ള ഉടുപ്പുമിട്ടു മോളും സുന്ദരികളായി കാണപ്പെട്ടു.

അച്ഛാ എന്നു വിളിച്ചുകൊണ്ട് ഓടിവന്ന മീനു മോളെ വാരിയെടുത്തു. മദറിനേയും കന്യാസ്ത്രീകളെയും കൂടാതെ, മഠത്തിലുള്ള എല്ലാ അന്തേവാസികളും നിറകണ്ണുകളോടെ അവരെ യാത്രയാക്കാൻ എത്തി. സാധനങ്ങളൊക്കെ കാറിന്റെ ഡിക്കിയിൽ വച്ചിട്ട് ശേഖർ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറിയ ഭാമയുടെ അരികിൽ മോളെ ഇരുത്തി ഡോർ അടച്ചിട്ട് മുൻസീറ്റിൽ കയറിയിരുന്നു.

സകലരുടേയും അനുഗ്രഹാശിസ്സുകളോടെ ദേവനും ഭാമയും മീനുമോളോടൊപ്പം പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യമുഹൂർത്തത്തിൽ, ചാറ്റൽമഴയോടൊപ്പം കുളിരുള്ള ചെറുകാറ്റിൽ ഇലകളും പൂക്കളും പൊഴിച്ച്, പ്രകൃതിയും ആശംസകൾ നേർന്നു.

(അവസാനിച്ചു.)


38 ഭാഗങ്ങളോടെ എന്റെ  ഈ നോവൽ ഇവിടെ അവസാനിക്കുന്നു. വായിച്ച് ഇതിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുകയും അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ആത്മാർത്ഥമായി ഞാൻ അറിയിക്കുന്നു. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

✍️ഷൈല ബാബു

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ