mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 18

കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം കാതുകളിൽ മുഴങ്ങിയപ്പോൾ അമ്മ കണ്ണുകൾ പതുക്കെ തുറന്നു.

"മോനേ... കുട്ടാ... നീ വന്നോ?

അമ്മയ്ക്കു സന്തോഷമായി. നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ..."

"അമ്മേ നമുക്കു ആശുപത്രിയിൽ പോകാം."

"വേണ്ട, എനിക്കെങ്ങടും പോണ്ട, നിന്നെക്കണ്ടപ്പോൾ ആശ്വാസമായി. ഭാമയേയും കുഞ്ഞിനേയും കൂടി ഒന്നു കാണണമെന്ന് ഒരു മോഹം. അതിനി നടക്കുമോ ആവോ?

സമയം ആയീന്നാ നിനക്കണ്."

"നടക്കും അമ്മേ... അമ്മയുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കും. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല."

"മോൻ അമ്മയുടെ അടുത്തു തന്നെ ഇരിക്കണേ... വല്ലാത്തൊരു പേടിയാ കുട്ടാ..."

അമ്മയുടെ ഇടറിയ വാക്കുകൾ ഹൃദയത്തെ കീറി മുറിച്ചു. ക്ഷീണിച്ച വലതുകരം ഉയർത്തി അമ്മ തന്റെ മുഖവും ശിരസ്സും തലോടി കൊണ്ടിരുന്നു. 

 പെട്ടെന്ന് ആരേയോ കണ്ടു ഭയക്കുന്നതു പോലെ ആമുഖം വലിഞ്ഞു മുറുകി. കണ്ണുകൾ അടച്ചുകൊണ്ട് മൂളുകയും ഞരങ്ങുകയും ചെയ്തു. ശോഷിച്ച കരം ഗ്രഹിച്ചു കൊണ്ട് അരികിൽ തന്നെ ഇരുന്നു. അമ്മയുടെ വിറയ്ക്കുന്ന ശരീരത്തിൽ  തണുപ്പ് അനുഭവപ്പെടുന്നതു പോലെ തോന്നി. ആരോ തന്റെ നേർക്കു ഒരു ഗ്ലാസ്സിൽ വെള്ളം നീട്ടിയിട്ട് അമ്മയ്ക്കു ഒഴിച്ചു കൊടുക്കാൻ പറഞ്ഞു. വിറയ്ക്കുന്ന ചുണ്ടുകൾ പിളർത്തി  വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തു. അല്പം ഇറക്കിയെന്നു തോന്നുന്നു, ഒന്നുരണ്ടു പ്രാവശ്യം നീട്ടി ശ്വാസം വലിച്ചതിനു ശേഷം ആ ശരീരം നിശ്ചലമായി. സ്വന്തം അമ്മയുടെ അന്ത്യം തൊട്ടരികിലിരുന്ന് നേരിട്ടു കണ്ടിട്ടും അതു അമ്മയുടെ മരണം ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. 

യാഥാർത്ഥ്യം ഉൾക്കൊള്ളാൻ രണ്ടു മൂന്നു നിമിഷങ്ങൾ വേണ്ടി വന്നു. ആരോ പറയുന്നതു കേട്ടു, "പാവം! മോനെ ഒന്നു കാണാൻ വേണ്ടി മാത്രം കിടക്കുകയായിരുന്നു. എന്തായാലും സമാധാനത്തോടെ പോയല്ലോ."

എന്തു ചെയ്യണമെന്നറിയാതെ അമ്മയുടെ ശരീരത്തിൽ വീണ് തേങ്ങിക്കരഞ്ഞു.

മുഖമുയർത്തി നോക്കിയപ്പോൾ തോർത്തു കൊണ്ടു കണ്ണുകൾ തുടയ്ക്കുന്ന അച്ഛനെയാണ് കണ്ടത്. അച്ഛനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. തോളത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു:

"അമ്മയുടെ സംസ്കാരത്തിനു വേണ്ട ക്രമീകരണങ്ങൾ ഒക്കെ ചെയ്യണം. എല്ലാം നീ തന്നെ നോക്കി നടത്തണം. കർമങ്ങൾ എല്ലാം ഭംഗിയായിരിക്കണം. പറമ്പിന്റെ പടിഞ്ഞാറേ മൂലയിൽ നിൽക്കുന്ന മാവു വെട്ടിക്കോളൂ..."

"ശരി അച്ഛാ..."

ഇത്ര പെട്ടെന്നു ജീവിതത്തിൽ ഇങ്ങനെ ഒരു അദ്ധ്യായം വന്നു ഭവിക്കുമെന്നു  വിചാരിച്ചതേയില്ല. അല്ലെങ്കിലും തന്റെ ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമായിട്ടാണല്ലോ സംഭവിക്കുന്നത്? 

നിനച്ചിരിക്കാത്ത നേരത്തു ഓരോന്നു വന്നു ഭവിക്കും. അമ്മയേയും അച്ഛനേയും ഒന്നു കണ്ടിട്ട് വേഗം തിരിച്ചുപോകാൻ വന്ന മകൻ! മനസ്സിൽ കുറ്റബോധത്തിന്റെ കനൽ നീറിക്കൊണ്ടിരുന്നു. ഒരു പുത്രന്റെ കടമകളും ഉത്തരവാദിത്തങ്ങളും നിവർത്തിക്കാൻ തനിക്കു ഇന്നുവരെ കഴിഞ്ഞിട്ടില്ല. തന്റെ സാഹചര്യവും നിവൃത്തികേടും കാരണം സ്വന്തം ജീവിതത്തിനു പിറകേ ഓടിക്കൊണ്ടിരുന്നു. ഇന്നുവരെ ഇരുവരും ഒരു പരാതി പോലും പറഞ്ഞിട്ടില്ല. മകന്റെ സന്തോഷത്തിനായിരുന്നു, അവർ മുൻതൂക്കം കൊടുത്തിരുന്നത്. 

ജനിപ്പിച്ചുവളർത്തി വലുതാക്കി, സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ അച്ഛനേയും അമ്മയേയും മറന്നു പോകുന്ന മക്കൾക്ക്  ഒരിക്കലും സമാധാനമായി ജീവിക്കാൻ കഴിയില്ല. തന്റെ ജീവിതം തന്നെ അതിന് ഒരു ഉദാഹരണമാണല്ലോ.

അച്ഛന്റെ വാക്കുകൾ ഹൃദയത്തിൽ നൊമ്പരമുണർത്തിയെങ്കിലും വീട്ടിലെ കാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

സംസ്കാരച്ചടങ്ങുകളും മറ്റും കഴിയാതെ ഇനി തിരിച്ചു പോകാൻ പറ്റില്ലല്ലോ. വീട്ടിലെ കാര്യങ്ങളും ഭാമയുടെ അവസ്ഥയും ഒക്കെ ഓർത്തപ്പോൾ ഉള്ളിലൊരു ആളൽ അനുഭവപ്പെട്ടു. വീട്ടിലേക്ക് വിളിച്ച് വിവരം പറയണം. ഭാനുവിനേയും അറിയിക്കണം. അഞ്ചു ദിവസങ്ങൾ എങ്കിലും കഴിയാതെ എങ്ങനെ പോകും? സ്വന്തം അമ്മയാണല്ലോ മരിച്ചിരിക്കുന്നത്. ഓഫീസിലും അറിയിക്കണം.

മരണവിവരം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഒക്കെ വന്നു കൊണ്ടിരുന്നു. പലരും അടുത്തുവന്ന് ആശ്വസിപ്പിക്കുന്നതിനിടയിൽ ഭാര്യയുടേയും മകളുടേയും കാര്യങ്ങളും തിരക്കി. അവരുടെ അഭാവം പലരേയും നീരസപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു.

ആരൊക്കെയോ സ്ത്രീകൾ ചേർന്ന് അമ്മയുടെ ശരീരം കുളിപ്പിച്ച് ശുഭ്രവസ്തം ധരിപ്പിച്ച് തളത്തിന്റെ മദ്ധ്യത്തിലായി വാഴയിലയിൽ കിടത്തി. തലയ്ക്കരികിൽ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചു. ആളുകൾ വന്നു ശരീരം കണ്ടു വണങ്ങി പോകുന്നു. കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛന്റെ അരികിൽ അല്പനേരം ഇരുന്നു.

'അച്ഛൻ ആകെ അവശനായിരിക്കുന്നു. എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ ആവോ?'

അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ മുറിയിലേക്കു കയറി വന്നു. തങ്ങളോടായി ചോദിച്ചു:

"ചേച്ചിയുടെ സംസ്കാരച്ചടങ്ങുകൾ ഒക്കെ എങ്ങനെയാണ്? ദൂരെ നിന്നാരും

വരാനൊന്നും ഇല്ലല്ലോ. ഇന്നു തന്നെ അങ്ങു ദഹിപ്പിക്കുന്നതല്ലേ നല്ലത്?"

അച്ഛൻ ഒന്നു മൂളിയതിനുശേഷം പറഞ്ഞു:

"ദേവനുമായി ആലോചിച്ച് എല്ലാം വേണ്ടരീതിയിൽ തന്നെ ചെയ്തോളൂ. മാവു മുറിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്."

പിന്നെ എല്ലാ കാര്യങ്ങളും ആ അമ്മാവൻ തന്നെ മുന്നിൽ നിന്ന് ഒരു കാര്യസ്ഥന്റെ സാമർത്ഥ്യത്തിൽ ചെയ്തു തുടങ്ങി. താൻ പണം മാത്രം കൊടുത്താൽ മതിയെന്നായി. 

കയ്യിലുണ്ടായിരുന്ന പൈസ തീരാറായി. ഇനി വേറെ വഴിയുണ്ടാക്കണം.  ഒരു ചെറിയ പൊതിയെടുത്തു തന്റെ കയ്യിൽ തന്നിട്ട് അച്ഛൻ പറഞ്ഞു:

"അവളുടെ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ്. ചിലവുകൾക്ക് മതിയാവുമോയെന്നറിയില്ല. എങ്കിലും കാര്യങ്ങൾ നടക്കട്ടെ."

ആ നോട്ടുകൾ തന്റെ കൈവെള്ളയിലിരുന്ന് തന്നെ കൊഞ്ഞനം കുത്തുന്നതായി തോന്നി. അച്ഛന്റെ മുമ്പിൽ തല കുനിച്ചു നിൽക്കാനേ തനിക്കു കഴിഞ്ഞുള്ളൂ.

"നീ സങ്കടപ്പെടേണ്ട, ഇങ്ങനെയൊന്നും പ്രതീക്ഷിച്ചു കൊണ്ടല്ലല്ലോ നീ വന്നത്."

വീട്ടിലേക്ക് വിളിച്ച് ഭാമയോടും ലീലയോടും വിവരങ്ങൾ പറഞ്ഞു. വരാൻ മൂന്നുനാലു ദിവസങ്ങൾ കഴിയും എന്നറിയിച്ചു. ഭാനുവിനേയും വിളിച്ചറിയിച്ചു.

ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് നാലുദിവസത്തെ അവധിയും കിട്ടി. ഭാമയുടെ സ്വഭാവത്തിൽ അസാധാരണമായ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നോർത്തു ഭാരപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് വീടു വരെ ഒന്നു പോയി കാര്യങ്ങൾ അന്വേഷിക്കന്നമെന്നു പറഞ്ഞ് ഭാനുവിനെ  ചുമതലപ്പെടുത്തി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ