mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 29

കാലം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരുന്നു. സംഭവ ബഹുലമായ നാളുകൾ, സമയനദിയിലൂടെ അതിവേഗം ഒഴുകി നീങ്ങി. ഒരുപാടുപേരുടെ ജീവിതങ്ങൾ മാറ്റി മാറിച്ച നാലു സംവത്സരങ്ങൾ ആണ് കടന്നുപോയത്.

'പ്രണയം സമ്മാനിച്ച ദുഃഖത്തിന്റെ നെരിപ്പോടുകൾ ഒരു നീറ്റലായി ഹൃദയത്തിനുള്ളിൽ ഇന്നും അവശേഷിക്കുന്നു. വേവുന്ന ഓർമകളുടെ ഭാണ്ഡക്കെട്ടുമായി നഗര ജീവിതത്തോട് യാത്ര പറഞ്ഞിട്ട്, നാലു കൊല്ലമായി. തിക്തമായ ഒരു ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങൾ, ഒരിക്കലും മായാത്ത ഓർമകളായി.

ഡിവോഴ്‌സിനു വേണ്ടി കോടതി കയറിയിറങ്ങിയ നാളുകളിൽ താൻ അനുഭവിച്ച മനോദുഃഖം, പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഭാമയുടെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ തന്നെ, തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തിയെടുത്തു. കോടതി പരിസരത്തുവച്ചു നാലഞ്ചു തവണ ഭാമയേയും കുഞ്ഞിനേയും കണ്ടിരുന്നുവെങ്കിലും, മനസ്സു തുറന്നു ഒന്നു സംസാരിക്കുവാനോ തന്റെ നിസ്സഹായാവസ്ഥ അവളെ അറിയിക്കുവാനോ സാധിച്ചിരുന്നില്ല. നുണകളാൽ മെനഞ്ഞുണ്ടാക്കിയ കൂടാരത്തിനുള്ളിലെ  വാദങ്ങളുടെ മേൽ വിധിയുണ്ടായി. 

വേർപിരിഞ്ഞ വേളയിൽ, നിറമിഴികളാൽ തന്നെ നോക്കി വിതുമ്പുന്ന ഭാമയുടെ മുഖം, ഇന്നും തന്റെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സകലതും വിധിയെന്ന തലക്കെട്ടിനുള്ളിൽ മൂടി വച്ചു.

ഓർമകളുടെ ഭാണ്ഡം അഴിച്ച്, ഓരോന്നായി പുറഞ്ഞെടുത്തു. ഗുരുതരമായ വീഴ്ച വരുത്തിയതതിനാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 

'വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ' എന്ന മട്ടിൽ ആയിരുന്നു അച്ഛന്റെ സന്തോഷം. ഓഫീസിനോടും വാടക വീടിനോടും നഗരത്തിനോടും ഒക്കെ വിട ചൊല്ലി നാട്ടിൽ അച്ഛനോടൊപ്പമായെങ്കിലും ഭാമയും മകളും എന്നും ഒരു തീരാവേദനയായി മാറി.

പഞ്ചായത്ത് ഓഫീസറുടെ സ്വാധീനത്തിൽ, നാട്ടിലെ ഒരു പ്രമാണിയുടെ പ്രൈവറ്റ് ഫിനാൻസ് കമ്പനിയിൽ ചെറിയ ഒരു ജോലി തരപ്പെടുത്തി. കൂട്ടത്തിൽ അല്പം കൃഷിയും കാര്യങ്ങളും ഒക്കെയായി ജീവിതം തള്ളിനീക്കുന്നു.

പ്രായാധിക്യത്താൽ നന്നേ അവശനാണെങ്കിലും മകന്റെ ഒപ്പമുള്ള ജീവിതത്തിൽ അച്ഛൻ സന്തോഷവാനാണ്. ആവോളം സ്നേഹവും കരുതലും ഇരുവരും പരസ്പരം അനുഭവിക്കുന്നുണ്ട്. തന്റെ കാലശേഷം മകൻ തനിച്ചായിപ്പോകുമോ എന്നുള്ള ഒരേയൊരു ദുഃഖം മാത്രമേ ആ ഹൃദയത്തിൽ  ഉള്ളൂ... കഴിഞ്ഞ രണ്ടു വർഷങ്ങളായി വേറൊരു വിവാഹത്തിന് തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു.

'എന്റെ കണ്ണടയും മുൻപ് നിനക്കൊരു കുടുംബം ഉണ്ടായിക്കാണാൻ എനിക്കു സാധിക്കുമോ?' എന്ന് ചോദിക്കാത്ത ദിവസങ്ങൾ ഇല്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്നുരണ്ടു ആലോചനകൾ വന്നതുമാണ്. എന്നാൽ ഭാമയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും തനിക്കു കഴിയില്ല.

മോൾക്കിപ്പോൾ അഞ്ചു വയസ്സ് തികയാറായി. അച്ഛനെ അറിയാതെ വളരാനാണല്ലോ അവളുടെ വിധി! ഇപ്പോൾ സ്കൂളിൽ ചേർത്തിട്ടുണ്ടാവും. എവിടെയായാലും രണ്ടു പേരും സുഖമായിരിക്കട്ടെ!'

കതകിൽ തട്ടി പുറത്താരോ വിളിക്കുന്നതു പോലെ തോന്നി. ഓർമകൾ മേയുന്ന മനസ്സിനു കടിഞ്ഞാണിട്ട് വാതിൽ തുറന്നു പുറത്തു വന്നു.

"ആഹാ... ഇതാര്, ശേഖറോ? നീ എപ്പോൾ എത്തി? ഒരു മുന്നറിയിപ്പും തന്നിരുന്നില്ലല്ലോ. കയറി വാ, അകത്തിരിക്കാം."

"ഞാൻ ഇന്നലെ എത്തി. അച്ഛനു നല്ല സുഖമില്ല, തീരെ കിടപ്പിലാണ്. ഒന്നു വന്നു കണ്ടിട്ടു പോകാമെന്നു കരുതി. തിരിച്ചു പോകുന്ന വഴിയാണ്."

"അതു നന്നായി. എന്തൊക്കെയുണ്ട് വിശേഷങ്ങൾ, നിന്റെ ഭാര്യയ്ക്കും മക്കൾക്കും ഒക്കെ സുഖം തന്നെയല്ലേ?"

"അതേ, എല്ലാവരും സുഖമായിരിക്കുന്നു. ജോലിയും കുടുംബ കാര്യങ്ങളും മറ്റുമായി ആകെ തിരക്കാണ്. നിനക്കു സുഖം തന്നെയല്ലേ?"

"എന്റെ കാര്യങ്ങൾ ഒക്കെ നിനക്കറിയാവുന്നതല്ലേ, പ്രൈവറ്റ് സ്ഥാപനത്തിൽ ഒരു ചെറിയ ജോലിയുള്ളതു കൊണ്ട് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു. അച്ഛനും വയ്യാണ്ടായി. കിടപ്പാണെന്നു തന്നെ പറയാം."

"മോനേ, ദേവാ...ആരോടാണ് നീ സംസാരിക്കുന്നത്? വടക്കേതിലെ അപ്പുക്കുട്ടനാണോടാ?"

ചുമയ്ക്കുന്നതിനിടയിൽ അച്ഛൻ വിളിച്ചു ചോദിച്ചു.

"അല്ലച്ഛാ, എന്റെ ഒരു സുഹൃത്താണ്. ഞാൻ പറഞ്ഞിട്ടില്ലേ, ഒരു ശേഖറിനെപ്പറ്റി?"

"ആ... മനസ്സിലായി. തോട്ടത്തിലെ രാജശേഖരന്റെ മകനല്ലേ?"

"അതേ അച്ഛാ...അവന്റെ വീട്ടിൽ വന്നിട്ടു തിരിച്ചു പോകുന്ന വഴി കയറിയതാണ്."

"മോന് പട്ടണത്തിൽ അല്ലേ ജോലി?" വടിയുടെ സഹായത്താൽ മുറിയിൽ നിന്നും മെല്ലെ നടന്നു വരുന്ന അച്ഛനെ കണ്ട് ശേഖർ എഴുന്നേറ്റു നിന്നു."

"അവിടെ ഇരുന്നോളൂ. മോന്റെ അച്ഛനും ഞാനും ഒരു കാലത്ത് നല്ല ചങ്ങാതിമാരായിരുന്നു. അച്ഛന് ഇപ്പോൾ എങ്ങനെയുണ്ട്? കിടപ്പിലാണെന്ന് അറിഞ്ഞിരുന്നു. എനിക്കും തീരെ വയ്യ. ദേവൻ കൂടെയുള്ളത് ഒരു സമാധാനം ആണ്."

"നിങ്ങൾ സംസാരിച്ചിരിക്കൂ, ഞാനിതാ വരുന്നു."

ചായയുണ്ടാക്കാനായി അടുക്കളയിൽ കയറി.

'പല അത്യാവശ്യഘട്ടങ്ങളിലും ആത്മാർത്ഥതയോടെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവൻ ആണ് ശേഖർ. അവനോടുള്ള കടപ്പാട് വളരെ വലുതാണ്.'

"ഇനി ചായ കുടിച്ചിട്ടു സംസാരിക്കാം."

ചായക്കപ്പ് ശേഖറിന്റെ നേരേ നീട്ടിക്കൊണ്ട് താൻ പറഞ്ഞു:

"പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അച്ഛൻ നിന്നെ ബോറടിപ്പിച്ചോ?"

"ഏയ് ഇല്ല, നിന്റെ അമ്മ മരിച്ചപ്പോൾ എനിക്കു വരാൻ കഴിഞ്ഞില്ല. അന്നത്തെ കാര്യങ്ങളാണ് അച്ഛൻ പറഞ്ഞു കൊണ്ടിരുന്നത്."

"ഉം...അമ്മ മരിച്ചിട്ട് നാലു കൊല്ലം കഴിഞ്ഞെങ്കിലും ആ ദുഃഖത്തിൽ നിന്നും അച്ഛൻ ഇതുവരേയും മുക്തനായിട്ടില്ല. ആരു വന്നാലും അമ്മയുടെ വേർപാടിനെക്കുറിച്ചാണ് സംസാരിക്കുന്നത്."

"ഈ നെഞ്ചിലെ ശ്വാസം പോകുന്നതുവരെ നിന്റെ അമ്മയെക്കുറിച്ചു ഞാൻ പറഞ്ഞു കൊണ്ടിരിക്കും. അവൾ ഭാഗ്യം ചെയ്തവളാണ്. ഒന്നും കാണാതെയും കേൾക്കാതെയും നേരത്തേ അങ്ങു പോയില്ലേ! എന്റെ കാലം കൂടി കഴിയുമ്പോൾ ഇവൻ ഒറ്റയ്ക്കാവും. അതോർക്കുമ്പോഴാണ് ഒരു വിഷമം. ഒരു പെണ്ണുകെട്ടാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. തന്നിഷ്ടത്തിനു ചെയ്തതൊക്കെ മണ്ണിനടിയിൽ ഒലിച്ചു പോയില്ലേ? മോൻ ഇവനെ ഉപദേശിച്ചു, വേറൊരു കല്യാണത്തിനു സമ്മതിപ്പിക്കണം. ഞാൻ പറഞ്ഞിട്ടു കേൾക്കുന്നില്ല. എന്റെ കണ്ണടയുന്നതിനു മുൻപേ അതു നടക്കണം."

"അച്ഛൻ വിഷമിക്കേണ്ട, അവനെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. സമയമാകുമ്പോൾ എല്ലാം നടക്കും. ഞാൻ ഇറങ്ങട്ടെ, ഇരുട്ടുന്നതിനു മുൻപ് വീട്ടിലെത്തണം."

ശേഖർ പോകാനായി എഴുന്നേറ്റു. അച്ഛനോടു യാത്ര പറഞ്ഞ്, പടികളിറങ്ങി നടന്നു. ഇടവഴിയിലൂടെ നടന്നുകയറുന്ന ചെമ്മൺപാതയിലായിരുന്നു വണ്ടി പാർക്ക് ചെയ്തിരുന്നത്. അവിടെ വരെ അവനോടൊപ്പം താനും ചെന്നു.

കാറിനരികിലെത്തിയ ശേഖർ ഡോർ തുറന്ന് കയറാൻ തുടങ്ങവേ തന്നോടായി ചോദിച്ചു:

"എടാ... ഭാമയുടേയും നിന്റെ മകളുടേയും വിശേഷങ്ങൾ നീ അറിയാറുണ്ടോ? അവർ സുഖമായിരിക്കുന്നോ?"

"ഇല്ല ശേഖർ, അവരുടെ വിവരങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. പിന്നെ ഒന്നും അന്വേഷിക്കാനും മനസ്സു വന്നില്ല. എവിടെയാണെങ്കിലും അവർ സുഖമായിരിക്കട്ടെ!"

'തന്റെ ഹൃദയ വേദനയും നിരാശയും സംസാരത്തിൽ നിന്നും മനസ്സിലാക്കിയിട്ടാവാം, അവൻ പറഞ്ഞു:

"നീ വിഷമിക്കാതിരിക്കൂ... ഭാമയുടെ അച്ഛന്റെ ഒരു സുഹൃത്തിനെ എനിക്കു പരിചയം ഉണ്ട്. അവരുടെ വിവരങ്ങൾ അന്വേഷിച്ചിട്ട് ഞാൻ നിന്നെ അറിയിക്കാം. എന്നാൽ പിന്നെ ശരി, ഇനി വരുമ്പോൾ കാണാം."

"ശരിയെടാ, വളരെ നന്ദി...ബൈ..."

ശേഖറിന്റെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു. അവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചോർത്തുകൊണ്ട് വീട്ടിലേക്കു തിരിച്ചു നടന്നു.

(തുടരും.)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ