mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 3

ആകാംക്ഷ നിറഞ്ഞ മനസ്സുമായ് ഡോക്ടർ ആനന്ദിന്റെ മുറിയുടെ മുന്നിൽ ഇരിക്കുമ്പോൾ ചിന്തകൾ കെട്ടുപിണയുന്നു.

'ഈശ്വരാ...എന്തായിരിക്കും ഇനി കേൾക്കാൻ പോകുന്നത്, നല്ല കാര്യങ്ങൾ ആയിരിക്കണേ...'

എന്തു തന്നെ ആയാലും തളരാതിരിക്കുവാൻ മനസ്സിനെ പാകപ്പെടുത്തി. അല്പ സമയത്തിനുള്ളിൽ ഒ. പി. കഴിഞ്ഞ് ഡോക്ടർ മുറിയിലേക്കുവന്നു.

"ദേവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ? ഇന്ന് അല്പം തിരക്കുള്ള ദിവസമായിരുന്നു. അകത്തേക്കു വരൂ."

"ഇല്ല ഡോക്ടർ അല്പ സമയമേ ആയിട്ടുള്ളൂ. ഭാമയ്ക്കു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ?"

"പേടിക്കാൻ ഒന്നുമില്ല, ഓപ്പറേഷൻ വിജയകരമായിരുന്നു. ബ്ലീഡിംഗ് കൂടുതൽ ആയതിനാലാണ് 4 കുപ്പി രക്തം ആവശ്യമായി വന്നത്. ഇന്നു കൂടി നോക്കിയിട്ട് നാളെ മുറിയിലേക്കു മാറ്റാം."

മനസ്സിന്റെ ഭാരം അല്പം കുറഞ്ഞതായി തോന്നി. ഇടയിൽ  ആരോ വിളിച്ചതിനാൽ ഡോക്ടർ ഫോണിൽ സംസാരിക്കുകയാണ്. സംസാരം കഴിഞ്ഞു വീണ്ടും സംഭാഷണത്തിലേർപ്പെട്ടു.

"ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, 25 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ചിലപ്പോൾ ഇങ്ങനെ ഒരു യാഥാർത്ഥ്യത്തിനോടു പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. പെണ്ണിന്റെ സ്ത്രീത്വത്തിന്റെ ഭാഗമാണല്ലോ ഗർഭാശയം. ഇത്ര ചെറുപ്പത്തിലേ തന്നെ അതു നഷ്ടമായി എന്ന തോന്നൽ ചിലർക്കു ഉൾക്കൊള്ളാനാവില്ല. അനാവശ്യമായ ചിന്തകളും അകാരണമായ ഭീതികളും അവരെ അലട്ടിക്കൊണ്ടിരിക്കും.  പഠിത്തവും വിവരവും ഉള്ള നിങ്ങളുടെ ഭാര്യയ്ക്ക് അതിന് കഴിഞ്ഞെന്നു വരും. എങ്കിലും ആദ്യത്തെ കുറച്ചു മാസങ്ങൾ നന്നായി ശ്രദ്ധിക്കണം. എല്ലാ രീതിയിലുമുള്ള മാനസിക സപ്പോർട്ട് കൊടുക്കണം. അതാതു സമയങ്ങളിൽ തുടർന്നുള്ള ചെക്കപ്പ് നടത്തണം. ഒരാഴ്ചയെങ്കിലും ഇവിടെ കിടക്കണം."

"ഡോക്ടർ, ഒരു സംശയം... കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നതിനും മറ്റും തടസ്സമൊന്നുമുണ്ടാവില്ലല്ലോ?"

"തീർച്ചയായും ഇല്ല, അതെല്ലാം സാധാരണ പോലെ തന്നെയാവാം. താങ്ങും തണലുമായി താനുള്ളപ്പോൾ വളരെ വേഗം തന്നെ അവർ സാധാരണ നില കൈവരിക്കും." 

അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഡോക്ടർ പോകാനായി എഴുന്നേറ്റു. 

എല്ലാം കേട്ടുകഴിഞ്ഞ് ദീർഘമായി ഒന്നു നിശ്വസിച്ച ശേഷം പറഞ്ഞു:

"ഡോക്ടർ പറഞ്ഞതെല്ലാം മനസ്സിലായി, വേണ്ട കരുതലുകൾ നൽകി ഞാൻ ശ്രദ്ധിച്ചോളാം."

ഡോക്ടറിനോട് യാത്ര പറഞ്ഞ്, കാന്റീനിൽ ചെന്നു് ഉച്ചഭക്ഷണം കഴിച്ച് നേരെ മുറിയിൽ ചെന്നു കിടന്നു. വീട്ടിൽ വിളിച്ച് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. കുഞ്ഞിനെ കാണാൻ അതിയായ ആഗഹമുണ്ടെങ്കിലും വാതത്തിന്റെ അസുഖം കലശലായതിനാൽ അമ്മയ്ക്കു യാത്ര ചെയ്യാൻ കഴിയില്ലെന്ന്. അച്ഛൻ വരുമായിരിക്കും.

'ആശുപത്രി ചെലവുകൾ വലിയൊരു തുകയാവുമോ? ഒരാഴ്ചകഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമ്പോൾ ബിൽ അടയ്ക്കണമല്ലോ... പ്രസവ ച്ചെലവിനായി കരുതിവച്ചിരുന്ന തുക തികയുമെന്നു തോന്നുന്നില്ല. ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ.'

ഏതാവശ്യത്തിലും കൂടെ നിൽക്കുന്ന ഉറ്റ സുഹൃത്തുക്കളായ നന്ദനോടും ചാർലിയോടും വിവരങ്ങൾ വിശദമായി പറഞ്ഞു.  കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞ് എല്ലാവരും സന്തോഷിച്ചു. പൈസയുടെ കാര്യത്തിൽ വിഷമിക്കേണ്ടതില്ലെന്നും എന്തെങ്കിലും വഴിയുണ്ടാക്കാമെന്നും നന്ദൻ പറഞ്ഞപ്പോൾ ആശ്വാസമായി. ഭാമയുടെ വീട്ടിൽ അറിയിക്കണോ എന്നു ഒരു നിമിഷം സംശയിച്ചു.

'മകൾക്ക് ഒരു കുഞ്ഞു ജനിച്ചു എന്നറിയുമ്പോൾ ഏതു അച്ഛനും അമ്മയുമാണ് സന്തോഷിക്കാത്തത്! മനസ്സിലെ വിദ്വേഷമെല്ലാം മഞ്ഞു പോലെ ഉരുകില്ലേ? അതിലുപരി, ഭാമയുടെ ഇപ്പോഴത്തെ അവസ്ഥ അറിയുമ്പോൾ ഓടി വരേണ്ടതല്ലേ?'

കാടു പോലെ ചിന്തകൾ പിന്നെയും മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

'ഇങ്ങനെയുള്ള ഒരു വിവാഹം അല്ലായിരുന്നെങ്കിൽ, സാമ്പത്തിക ഭദ്രതയുള്ള ഭാമയുടെ വീട്ടിൽ നിന്നും നല്ല രീതിയിൽ സഹായങ്ങൾ ഒഴുകുമായിരുന്നില്ലേ? 

അവൾക്കു അവകാശപ്പെട്ടതൊന്നും ലഭിച്ചിട്ടില്ലല്ലോ! മാതാപിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നെങ്കിൽ, മകളെ സ്വർണ്ണത്തിൽ പൊതിഞ്ഞ് കതിർമണ്ഡപത്തിൽ കൊണ്ടുനിർത്തുമായിരുന്നു; കല്യാണാഘോഷങ്ങൾ ഉത്സവമാക്കുമായിരുന്നു!'

സ്വയം പുച്ഛം തോന്നുമാറ് ചിന്തകൾ മനസ്സിനെ ഭരിക്കുന്നു. 

'പ്രണയത്തിന്റെ പേരിൽ, സർവ സുഖസൗകര്യങ്ങളും ത്യജിച്ച് തന്റെ കൂടെ ഇറങ്ങിപ്പോന്നതിൽ അവൾ ദു:ഖിക്കുന്നുണ്ടാവുമോ?

ഇന്നത്തെ അവസ്ഥയിൽ സ്വന്തം മാതാപിതാക്കളുടേയും സഹോദരിയുടേയും സാമീപ്യം അവൾ കൊതിക്കുന്നുണ്ടാവുമോ? ഒരു വിധത്തിൽ ചിന്തിച്ചാൽ, താൻ അവളോട് ചെയ്തത്  ക്രൂരതയല്ലേ...? തികച്ചും സ്വാർത്ഥത! എല്ലാം പറഞ്ഞു മനസ്സിലാക്കി, അവളെ അവളുടെ വഴിക്കു വിട്ടിരുന്നെങ്കിൽ, അവൾക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നില്ലേ?'

ഉയർന്നു വരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനാവാതെ ചിന്തയുടെ ലോകത്തു നിന്നും തിരിച്ചു വരാനാഗ്രഹിച്ചെങ്കിലും ക്ഷീണം കാരണം അറിയാതെ അല്പം മയങ്ങിപ്പോയി.

സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. നാലു മണി മുതൽ ആറു മണി വരെയാണ് സന്ദർശന സമയം. ഭാമയേയും കുഞ്ഞിനേയും കാണണം. 'അവളുടെ ശരീരവേദനയിപ്പോൾ കുറഞ്ഞിട്ടുണ്ടാവുമോ?

ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?'

കുളി കഴിഞ്ഞ് നേരേ ഭാമ കിടക്കുന്ന പോസ്റ്റ് ഓപ്പറേറ്റീവ്  വാർഡിന്റെ മുന്നിൽ ചെന്നു നിന്നു. ഭാമയെ കൂടാതെ ഓപ്പറേഷൻ കഴിഞ്ഞ വേറെയും മൂന്നു സ്ത്രീകളുടെ ബന്ധുക്കൾ പുറത്തു കാത്തുനിൽപ്പുണ്ട്.

വാതിൽ തുറന്നുവന്ന നഴ്സ് പറഞ്ഞതനുസരിച്ച് ഓരോ രോഗികളുടേയും ബന്ധുക്കളിൽ, ഒരാൾ വീതം അകത്തു കയറി.

ഭാമയുടെ അരികിലെത്തി അവളുടെ നെറുകയിൽ തലോടി. ക്ഷീണിച്ച മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു.

"ചേട്ടാ, നമ്മുടെ മോൾ എവിടെയാണ്? ആരാണ് അവളെ നോക്കുന്നത്? അവൾ വിശന്നു കരയുന്നുണ്ടാവുമോ? കുഞ്ഞിനെ കാണാൻ കൊതിയാവുന്നു."

അവളുടെ തളർന്ന വാക്കുകൾക്കൊപ്പം കണ്ണിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകി.

വലതുകൈയാൽ അവളുടെ കരം ഗ്രഹിച്ചു കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഭാമേ... കരയാതിരിക്കൂ, മോൾ സുഖമായിരിക്കുന്നു. ഇപ്പോൾ കുഞ്ഞുങ്ങളെ കിടത്തുന്ന നഴ്സറിയിൽ ആണവൾ. നഴ്സുമാർ നന്നായി നോക്കുന്നുണ്ട്. നിനക്കിപ്പോൾ എങ്ങിനെയുണ്ട്? വേദനയൊക്കെ കുറഞ്ഞോ? നാളെ മുറിയിലേക്കു മാറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. സമാധാനമായിരിക്കൂ."

ആശ്വാസനിശ്വാസങ്ങൾ ഉതിർത്തു ഭാമ അവളുടെ ദേവേട്ടനെ നോക്കിക്കിടന്നു. ഇപ്പോൾ അവളുടെ ഒരു കൈയിലേ ഡ്രിപ്പ് ഉണ്ടായിരുന്നുള്ളൂ.

"ഭാമയ്ക്ക് കൊടുക്കാൻ അല്പം കഞ്ഞി വാങ്ങിക്കൊണ്ടു വരണം, ഇതുവരെ ഒന്നും കഴിക്കാൻ കൊടുത്തിട്ടില്ല. ഡോക്ടർ പറഞ്ഞു, ഇനി കഞ്ഞി കൊടുക്കാമെന്ന്."

നഴ്സ് പറഞ്ഞതനുസരിച്ച് മുറിയിൽ പോയി തൂക്കുപാത്രം എടുത്തു കാന്റീനിൽ നിന്നും കഞ്ഞി വാങ്ങി കൊണ്ടുവന്നു കൊടുത്തു. ഭാമയോടു യാത്ര പറഞ്ഞ്, കുഞ്ഞിനെ കാണാൻ പോയി. തുണിയിൽ പൊതിഞ്ഞു തന്റെ കൈകളിൽ വച്ചുതന്ന കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കിയിരുന്നു. 'തങ്ങളുടെ പ്രണയവല്ലരിയിൽ വിടർന്ന ആദ്യത്തെ മൊട്ട്!'

'പെൺകുട്ടിയാണെങ്കിൽ മീനാക്ഷിയെന്നും ആൺകുട്ടിയാണെങ്കിൽ മാധവ് എന്നും പേരിടണമെന്നായിരുന്നു ഭാമയുടെ ആഗ്രഹം.' അവൾ ആശിച്ചതു പോലെ, ഉറങ്ങുന്ന കുഞ്ഞിനെ നോക്കി, മോളൂ... വാവേ... മീനാക്ഷീ... എന്ന് നീട്ടി വിളിച്ചു.

വിളി കേട്ടിട്ടെന്നോണം കുഞ്ഞിച്ചൊടികളിൽ വിരിയാൻ തുടങ്ങിയ പാലൊളിപ്പുഞ്ചിരിയിൽ, പ്രതീക്ഷയുടെ കിരണങ്ങൾ മിന്നി നിന്നു!

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ