mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 25

ആഴ്ചകൾ പലതു കടന്നുപോയി. ഭാമയുടെ അച്ഛനും അമ്മയും തനിക്കു നൽകിയ വാഗ്ദാനങ്ങൾ വെറും ജലരേഖകളായി മാറി. പറഞ്ഞിരുന്ന കാലാവധി എല്ലാം കഴിഞ്ഞു. ഭാര്യയേയും മകളേയും ഒന്നു കാണാൻ പോലും കഴിയാതെ ഇനി ഇങ്ങനെ മുന്നോട്ടു പോയിട്ടു യാതൊരു കാര്യവും ഇല്ല. എന്തെങ്കിലും ചെയ്തേ മതിയാവൂ... 

ദിവസവും ഓഫീസിൽ പോകുന്നുണ്ടെങ്കിലും ജോലിയിൽ ശ്രദ്ധിക്കാൻ തീരെ കഴിയുന്നില്ല. ഇതിനകം രണ്ടു പ്രാവശ്യം മാനേജർ താക്കീതു നൽകിയിട്ടുണ്ട്. ഇനിയും ജോലിയിൽ വീഴ്ച ഉണ്ടാവുകയാണെങ്കിൽ, ഓഫീസിൽ തുടരാൻ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

അച്ഛൻ അന്ന് ആവശ്യപ്പെട്ടതുപോലെ ജോലി രാജിവച്ച് നാട്ടിൽ, അച്ഛനോടൊപ്പം കൂടിയാലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എത്ര നാളാണ് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്? ഭാമയേയും കൂട്ടി ഇവിടേയ്ക്ക് വരുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു! മോളുടെ ജനനത്തോടെ സകലതും തകിടം മറിഞ്ഞു. ഭാര്യയേയും മകളേയും വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ ഓഫീസിലുള്ള തന്റെ സുഹൃത്തുക്കളിൽ പലരും ഉപദേശിച്ചെങ്കിലും അങ്ങനെയൊരു നടപടിക്ക് ഇതുവരേയും മുതിർന്നില്ല. ഇനിയെങ്കിലും ആ വഴിക്ക് ചിന്തിച്ചേ മതിയാവൂ...

അടുത്ത ദിവസം ഓഫീസിൽ നിന്നും വരുന്ന വഴി പോലീസ് സ്റ്റേഷനിൽ കയറി. പുറത്തിരുന്ന കോൺസ്റ്റബിളിനോട്, എസ്.ഐ സാറിനെ കാണണം എന്ന് ആവശ്യപ്പെട്ടു.

"സാർ അകത്തുണ്ട്. ചെന്നോളൂ..."

തനിക്കു പരിചയമുള്ള ഇൻസ്പെക്ടർ ദീർഘകാല അവധിയിൽ പോയിരുന്നതിനാൽ, പകരമായെത്തിയ പുതിയ ഓഫീസർ ആരാണെന്നു അറിയുമായിരുന്നില്ല.

"ആരാണ്... എന്തു വേണം?"

"സാർ, എന്റെ പേര് ദേവൻ, ഞാൻ ഒരു പരാതി ബോധിപ്പിക്കാൻ വേണ്ടി വന്നതാണ്."

"ശരി, എന്താണ് പരാതി?"

"സാർ, എന്റെ ഭാര്യയേയും കുഞ്ഞിനേയും അവളുടെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. അവരെ കാണുവാനോ സംസാരിക്കുവാനോ ഉള്ള അനുവാദവും  ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. അവരെ വിട്ടുകിട്ടുവാൻ സാർ എന്നെ സഹായിക്കണം."

"എല്ലാം വിശദമായിക്കാണിച്ച് ഒരു പരാതിയെഴുതി തരൂ ... ഞങ്ങൾ അന്വേഷിക്കാം."

"ശരി സാർ, നാളെത്തന്നെ പരാതി എഴുതിക്കൊണ്ടു വരാം."

"ആയിക്കോട്ടെ. ഇവിടെ നിന്നും വിളിക്കുമ്പോൾ വരേണ്ടിവരും."

"ശരി സാർ, വളരെ നന്ദി."

പരാതിയിൽ എന്തെല്ലാം എഴുതണം എന്നായിരുന്നു വീട്ടിലെത്തുന്നതുവരേയും ചിന്തിച്ചു കൊണ്ടിരുന്നത്. കല്യാണം മുതൽ ഇന്നുവരെയുള്ള സകല കാര്യങ്ങളും ചേർത്തു വിശദമായിത്തന്നെ ഒരു പരാതി തയ്യാറാക്കി, പിറ്റേദിവസം രാവിലെ തന്നെ  സ്റ്റേഷനിൽ കയറി കൊടുത്തതിനു ശേഷമാണ് ഓഫീസിലേയ്ക്ക് പോയത്. തനിക്കനുകൂലമായി എന്തെങ്കിലും നടപടികൾ ഉണ്ടായാൽ മതിയായിരുന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരുന്നതും കാത്തു ദിവസങ്ങൾ തള്ളിനീക്കി. മോളെ കാണുവാനുള്ള അടങ്ങാത്ത ആഗ്രഹം വർദ്ധിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഒരു പ്രാവശ്യം അച്ഛനെ വിളിച്ചു സംസാരിച്ചു. മഴ പെയ്തു തെന്നിക്കിടന്ന മുറ്റത്തു കൂടി നടന്നപ്പോൾ കാലു മടങ്ങി ഒന്നു വീണത്രേ. സാരമായി പരുക്കുകൾ ഒന്നും ഇല്ലെങ്കിലും വലതുകാലിന്റെ കണ്ണയ്ക്കു നീരും വേദനയും ഉള്ളതിനാൽ നടക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു.

'പാവം അച്ഛൻ, സഹായത്തിന് ആരെങ്കിലും ഒപ്പം ഉണ്ടാവേണ്ട സമയം ആണിത്. എന്തു ചെയ്യണമെന്ന് ഒരു രൂപവും ഇല്ല.'

'പോലീസ് സ്റ്റേഷനിൽ നിന്ന് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ അച്ഛനെക്കാണാൻ പോകാനും തൽക്കാലം കഴിയില്ല.'

രണ്ടു ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു,

പ്രതീക്ഷിച്ചിരുന്നതുപോലെ സ്റ്റേഷനിൽ നിന്നുമുള്ള വിളി വന്നു. ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്ന സമയം ആയിരുന്നതിനാൽ ഒന്നും ചോദിച്ചറിയാനും കഴിഞ്ഞില്ല. നാലു മണിക്കു തന്നെ സ്റ്റേഷനിൽ എത്തി എസ്.ഐ സാറിനെ കാണണം എന്നായിരുന്നു അറിയിച്ചത്.

മാനേജരോട് കാര്യം പറഞ്ഞ് അരമണിക്കൂർ നേരത്തേ പോകാനുള്ള അനുവാദം വാങ്ങി. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അല്പം വൈകി.. എവിടെയോ പോകാനിറങ്ങുകയായിരുന്ന ഇൻസ്പെക്ടറെ ധൃതിയിൽ കയറി കണ്ടു.

"സാർ, ഞാൻ ദേവൻ. സിറിനെ വന്നു കാണണമെന്ന് അറിയിച്ചിരുന്നു."

"അറിയാം. ഭാര്യയേയും മകളേയും വിട്ടുകിട്ടണമെന്നുള്ളതായിരുന്നില്ലേ നിങ്ങളുടെ പരാതി?"

"അതേ സാർ. അന്വേഷിക്കാമെന്നു പറഞ്ഞിരുന്നു."

"അതേ... ഞാൻ അന്വേഷിച്ചിരുന്നു. നിങ്ങൾ കരുതുന്നതുപോലെ ഭാര്യവീട്ടുകാർ അവരെ തടഞ്ഞു വച്ചിരിക്കുകയല്ല, മറിച്ച്  നിങ്ങളോടൊപ്പം ജീവിക്കുവാൻ നിങ്ങളുടെ ഭാര്യയ്ക്ക് യാതൊരു താൽപര്യവും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വിവാഹ ബന്ധം വേർപെടുത്താൻ പോലും ചിന്തിക്കുകയാണെന്നാണ് അവർ പറയുന്നത്."

"സാർ, അങ്ങനെയൊക്കെ പറഞ്ഞു അവർ അങ്ങയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്റെ ഭാര്യയോട് നേരിട്ട് സംസാരിച്ചാൽ സാറിന് കാര്യങ്ങളുടെ നിജസ്ഥിതികൾ അറിയാൻ കഴിയും."

"എടോ... ഞാൻ അവരുടെ വീട്ടിൽ പോയി സംസാരിക്കുമ്പോൾ നിങ്ങളുടെ ഭാര്യ തന്നെയാണ് ഈ രീതിയിൽ സംസാരിച്ചത്. 

അവർ ഒപ്പിട്ടു തയ്യാറാക്കി വച്ചിരിക്കുന്ന ഡിവോഴ്സ് നോട്ടീസ് എന്നെ കാണിക്കുകയും ചെയ്തു."

"അന്വേഷണവുമായി ഇനി മുന്നോട്ടു പോയിട്ടു ഒരു കാര്യവുമില്ല. ഒന്നുകിൽ നിങ്ങൾ നേരിട്ടു പോയി ഭാര്യയുമായി സംസാരിക്കുക. അല്ലെങ്കിൽ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു കൊടുക്കുക. നിങ്ങളെ വേണ്ടാത്ത ഭാര്യയുടെ പിറകേ നടന്ന് വെറുതേ ജീവിതം പാഴാക്കുന്നത് എന്തിനാണ്?"

തന്റെ കണ്ണുകൾ നിറയുന്നതു കണ്ട് അദ്ദേഹം എഴുന്നേറ്റ് തോളിൽ തട്ടി ആശ്വസിപ്പിച്ചു.

"വിഷമിച്ചിട്ടു കാര്യമില്ലല്ലോ. എല്ലാം വരുന്നിടത്തു വച്ചു നേരിടാനുള്ള ധൈര്യം സംഭരിക്കുകയാണ്‌ ഇനി വേണ്ടത്. നല്ലതു സംഭവിക്കാനായി ക്ഷമയോടെ കാത്തിരിക്കൂ.. എനിക്കൊരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ ഇറങ്ങുന്നു."

"ശരി സാർ, വളരെ നന്ദി."

'പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ? തന്റെ കുടുംബജീവിതം ഇനി തിരിച്ചു കിട്ടില്ലേ? ഇനി എല്ലാം നേരിടാനും അനുഭവിക്കാനും ഉള്ള കരുത്തു നേടണം. മീനുമോളുടെ മുഖം ഓർക്കുമ്പോൾ തന്നെ മനസ്സു ദുർബലമാകുന്നു. ഭാമയും കുഞ്ഞും കൂടെയില്ലാതെ, ഒറ്റയ്ക്കുള്ള യാത്ര!'

ചങ്കു പറിഞ്ഞു പോകുന്ന വേദനയിൽ ഹൃദയം അസ്വസ്ഥമായി. എവിടേയ്ക്കെങ്കിലും ഒന്നു ഓടിയൊളിക്കാൻ വല്ലാതെ കൊതിച്ചു. രണ്ടു ദിവസത്തെ അവധിയെടുത്തു നാട്ടിൽ പോയി അച്ഛനോടൊപ്പം കഴിഞ്ഞാലോ എന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഹൃദയ വേദനയ്ക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്തിയേ മതിയാവൂ....

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ