mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 4

രാവിലെ പത്തുമണിയായപ്പോഴേയ്ക്കും അച്ഛനും അമ്മയും വീട്ടിലെത്തി. കാൽമുട്ടുകളിൽ നീരും വേദനയുമായി നടക്കാൻ പ്രയാസമായിരുന്നെങ്കിലും കുഞ്ഞിനെ കാണാനുള്ള അതിയായ ആഗ്രഹത്താലാണ് അച്ഛനോടൊപ്പം അമ്മയും കൂടി വന്നത്. അല്പനേരം വിശ്രമിച്ചിട്ട് ഊണു കഴിഞ്ഞ് ജോലിക്കാരി ലീലയേയും കൂട്ടി ഒരു ഓട്ടോയിൽ അവർ ആശുപത്രിയിൽ എത്തി.

ഉച്ചയ്ക്കു രണ്ടു മണിയായപ്പോഴേയ്ക്കും ഭാമയെ മുറിയിലേക്കു മാറ്റിയിരുന്നു. ഒരു മണിക്കൂറിനകം കുഞ്ഞിനേയും കൊണ്ടുവന്നു തൊട്ടിലിൽ കിടത്തി. 

അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ കണ്ടു വളരെ സന്തോഷമായി.

അമ്മ കുഞ്ഞിനെ കൈകളിലെടുത്തു, അവർ കരുതിയിരുന്ന തേനിൽ സ്വർണം അരച്ച് കുഞ്ഞിളം ചുണ്ടിൽ തേച്ചു കൊടുത്തു. തേനിന്റെ മധുരം നുണഞ്ഞ വൾ ഉറങ്ങി. 

എല്ലാം കണ്ടു കിടന്ന ഭാമയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

"മോളേ... നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്? വേദനയൊക്കെ കുറഞ്ഞോ?"

വേദനയൊക്കെ കുറവുണ്ടമ്മേ, തിരിഞ്ഞു കിടക്കാനും മറ്റും പ്രയാസമാണ്.''

"സാരമില്ല, അതൊക്കെ ഒരാഴ്ചക്കുള്ളിൽ ശരിയാവും. എടാ, ഭാമയുടേയും കുഞ്ഞിന്റേയും കാര്യത്തിൽ നീ നന്നായി ശ്രദ്ധിക്കണം."

"ശരി അച്ഛാ... ഞാൻ നോക്കിക്കോളാം." അച്ഛന്റെ ഉപദേശം ശിരസ്സാവഹിച്ചു കൊണ്ട് തലയാട്ടി.

ഭാമയുടെ അവസ്ഥയിൽ രണ്ടു പേർക്കും നല്ല ദുഃഖം ഉണ്ടായിരുന്നു. എങ്കിലും അതു പുറത്തു കാണിക്കാതെ, അവൾ സുഖം പ്രാപിച്ചു വരുന്നതിൽ സന്തോഷിച്ചു.

ലീലയെ ആശുപത്രിയിൽ നിർത്തിയിട്ട് അച്ഛനേയും അമ്മയേയും കൂട്ടി വീട്ടിലെത്തി.

"മോനേ... ഞങ്ങൾ രാവിലെ തന്നെ പോകും. വീടടച്ചിട്ട് ഇങ്ങനെ വന്നു നിൽക്കാനാവില്ല. പട്ടിയും പൂച്ചയുമൊക്കെ ഉള്ളതല്ലേ?"

ശരി, അച്ഛാ... അമ്മയ്ക്കും നല്ല സുഖമില്ലല്ലോ, രാവിലെ ഞാൻ നിങ്ങളെ ബസ്സിൽ കയറ്റി വിട്ടോളാം." 

"രണ്ടാഴ്ചയെങ്കിലും ഇവിടെ നിൽക്കണമെന്നുണ്ടായിരുന്നു, എന്തു ചെയ്യാനാണ്? ഈ വാതത്തിന്റെ ശല്യം കാരണം ഒന്നിനും പറ്റാണ്ടായിരിക്കുന്നു."

"മോനേ ഭാമയ്ക്കാവശ്യമുള്ള അരിഷ്ടവും കഷായവും നാട്ടുമരുന്നുകളും എല്ലാം ലീലയെ ഏൽപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കുന്ന രീതികൾ ഒക്കെ പറഞ്ഞു കൊടുക്കയും ചെയ്തിട്ടുണ്ട്. അവൾ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്തു കൊള്ളും. നല്ല പെണ്ണാണ്. ഒന്നു രണ്ടു പ്രാവശ്യം പ്രസവ ശുശ്രുഷയൊക്കെ ചെയ്തു പരിചയമുള്ളവൾ ആണ്. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ വിളിച്ചറിയിക്കണം. ഞങ്ങൾ ഉടൻ തന്നെ വന്നോളാം."

അമ്മയുടെ സമാധാനം പകരുന്ന വാക്കുകൾ അവന് ആശ്വാസമേകി.  ആരുടെയെങ്കിലുമൊക്കെ സഹായം ആവശ്യമായി വരുന്ന ഒരു ഘട്ടമാണിത്. ലീലയെന്ന ജോലിക്കാരിയെ കിട്ടിയത് വലിയ ഒരു അനുഗ്രഹമായി.

രാവിലെ തന്നെ അച്ഛനേയും അമ്മയേയും ബസ് കേറ്റിവിട്ട ശേഷം ആശുപത്രിയിൽ എത്തി. ഭാമയും കുഞ്ഞും ഉറങ്ങുകയായിരുന്നു. താൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതാവാം ഭാമ ഉണർന്നു.

"ചേട്ടൻ എത്തിയോ? ഇന്നലെ രാത്രിയിൽ വേദന കാരണം ഉറങ്ങിയില്ല. രാവിലെ വേദനക്കുള്ള മരുന്നു കുത്തിവച്ചു. കുഞ്ഞും നല്ല കരച്ചിലായിരുന്നു. ലീലയും ഇന്നലെ ഉറങ്ങിയിട്ടില്ല."

"അതെന്തുപറ്റി? കുഞ്ഞിനു വിശന്നിട്ടായിരിക്കും. നീ അവൾക്കു പാൽ കൊടുത്തി ല്ലേ?''

"അമ്മയുടെ പാൽ കുഞ്ഞിന് അവശ്യത്തിന് കിട്ടുന്നില്ലെന്നാണ് തോന്നുന്നത്! കരച്ചിൽ കേട്ടു നഴ്സ് വന്നപ്പോൾ പറഞ്ഞതനുസരിച്ച് പാൽപ്പൊടി കലക്കി കുപ്പിയിലാക്കി കൊടുത്തു. അതു കുടിച്ചു കഴിഞ്ഞാണു അവൾ ഉറങ്ങിയത്."

ലീല പറഞ്ഞതു കേട്ടപ്പോൾ മനസ്സിൽ ചില സംശയങ്ങൾ കൂടുകൂട്ടി.

"കുഞ്ഞിനു പാലുകൊടുക്കുന്നതിൽ ഭാമയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ടു കാണുമായിരിക്കും. മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാവും."

ഇങ്ങനെ പറഞ്ഞെങ്കിലും 'കുഞ്ഞിനു പാലു കൊടുക്കാനും ലാളിക്കാനുമൊക്കെ ഭാമയ്ക്ക്  എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കുമോ? അവൾക്ക് ആവശ്യത്തിന് പാൽ കാണില്ലേ..? 

ഓപ്പറേഷൻ കഴിഞ്ഞതല്ലേ... അതിന്റെ അസ്വസ്ഥതകൾ കാണുമായിരിക്കും'

ഉറങ്ങുന്ന കുഞ്ഞിനെ കൈകളിലെടുത്ത് കണ്ണെടുക്കാതെ അവളുടെ മുഖത്തുനോക്കിയിരിക്കുന്നത് കണ്ടു ഭാമ ചോദിച്ചു:

"മോൾ എന്നെപ്പോലെയല്ലേ ചേട്ടാ? നമ്മുടെ മീനാക്ഷി ക്കുട്ടി! ഞാൻ മീനൂ എന്നേ വിളിക്കൂ''. അതു കേട്ട് ചിരിച്ചെങ്കിലും ഒരുപാടു പ്രശ്നങ്ങളാൽ ഹൃദയം കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു.

ഡോക്ടർ റൗണ്ട്സിനു വന്നിട്ടുണ്ടായിരുന്നില്ല. കുറച്ചു താമസിക്കുമെന്ന് നഴ്സ് പറഞ്ഞു.

"ഭാമേ... എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ? എനിക്കു പുറത്തോട്ടൊന്നു പോകണം. കുഞ്ഞിനു വേണ്ട തുണികളും സാധനങ്ങളും വാങ്ങണം."

"ശരി ചേട്ടാ... എനിക്കു പ്രത്യേകിച്ചു ഒന്നും തന്നെ വേണ്ട, വീട്ടിലേക്കാവശ്യമുള്ള ചില സാധനങ്ങൾ പോകാറാവുമ്പോൾ വാങ്ങിയാൽ മതിയാകും."

രോഗികൾക്കും കൂടെയിരിക്കുന്നവർക്കും ആശുപത്രിയിൽ നിന്നു തന്നെയായിരുന്നു ഭക്ഷണം. അതും  നന്നായി.

ഭാമയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. തലയ്ക്കു മുകളിൽ കത്തിനിൽക്കുന്ന സൂര്യൻ. ഉടനെ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ചോർത്തു അടുത്ത പട്ടണത്തിലേക്കുള്ള ബസ്സിൽ കയറി. 'ആദ്യമായി നന്ദനെ കാണണം. ആശുപത്രി ബിൽ അടയ്ക്കാനുള്ള തുക അവൻ റെഡിയാക്കിത്തരാമെന്നു പറഞ്ഞിരുന്നത് വാങ്ങണം.

ബാങ്കിൽ കയറി ഒരു ലോണിന് അപേക്ഷിക്കണം. അതു കഴിഞ്ഞ് ഓഫീസിൽ ഒന്നു കയറണം, അവധി ഒരാഴ്ച കൂടി നീട്ടിക്കിട്ടുവാനുള്ള അപേക്ഷ കൂടി കൊടുക്കണം. ഒരാഴ്ച മാത്രമേ അവധി കിട്ടിയിരുന്നുള്ളൂ... ഭാമയുടെ ആരോഗ്യം ഒരു വിധമെങ്കിലും വീണ്ടെടുത്താലേ ഇനി തനിക്ക് സ്വസ്ഥമായി ജോലിക്കു പോകാൻ കഴിയുകയുള്ളൂ...

ജോലിക്കാരിയെ മാത്രം സർവ കാര്യങ്ങളും എങ്ങനെയാണ് ഏൽപിക്കുക? സാമ്പത്തിക പ്രശ്നങ്ങൾ ആരെയും അറിയിക്കാനും കഴിയില്ല...എല്ലാ ഭാരങ്ങളും തനിയെ ചുമക്കണം. ഭാമയ്ക്കും കുഞ്ഞിനും വേണ്ടി എല്ലാം സഹിക്കാൻ തയ്യാറാവുകയാണ് അവരോടുള്ള തന്റെ സ്നേഹം. ഭാമയുടെ മനസ്സിന് വിഷമം വരുന്ന രീതിയിൽ യാതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടാവരുതല്ലോ.'

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ബസ്സിൽ നിന്നും ഇറങ്ങി നന്ദന്റെ ഓഫീസിലേക്കു നടന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ