mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 5

ഓഫീസിൽ തിരക്കുള്ള സമയമായിരുന്നതിനാൽ അരമണിക്കൂർ കഴിഞ്ഞാണ് നന്ദനെ കാണാൻ സാധിച്ചത്.അകത്തേക്കു ചെല്ലുവാൻ അറ്റൻഡർ അറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്ന് അകന്നു കയറി.

"ദേവൻ വന്നിട്ട് ഒരുപാടു നേരമായോ? കാത്തിരുന്നു മുഷിഞ്ഞോ? അല്പം തിരക്കായിരുന്നു. എന്തൊക്കെയാണ് വിശേഷങ്ങൾ? ഭാമയും കുഞ്ഞും സുഖമായിരിക്കുന്നുവോ?"

"ഭാമ സുഖംപ്രാപിച്ചു വരുന്നു, കുഞ്ഞിനും കുഴപ്പമൊന്നുമില്ല.ആശുപത്രി ബിൽ അടയ്ക്കാനുള്ള തുക ശരിയാക്കിത്തരാമെന്നു നീയന്നു പറഞ്ഞിരുന്നില്ലേ, അതു കിട്ടിയിരുന്നെങ്കിൽ..."

"തിരക്കായതിനാൽ പൈസ റെഡിയാക്കാൻ എനിക്കു കഴിഞ്ഞില്ല. നീ വിഷമിക്കണ്ട, രണ്ടു ദിവസം കഴിഞ്ഞ് തുകയുമായി ഞാൻ എത്തിക്കോളാം. ഇന്നു വ്യാഴാഴ്ചയല്ലേ... ഞയറാഴ്ച രാവിലെ തന്നെ ഞങ്ങൾ വരാം. ഭാമയേയും കുഞ്ഞിനേയും വന്നു കാണണമെന്ന് ഇന്നലെയും അനിത പറയുകയുണ്ടായി."

നന്ദന്റെ വാക്കുകൾ കേട്ടു ദീർഘമായി ഒന്നു നിശ്വസിച്ചതിനു ശേഷം പറഞ്ഞു:

"ശരിയെടാ, എന്നാൽ ഞാൻ ഇറങ്ങുന്നു. ഞയറാഴ്ച കാണാം. മിക്കവാറും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഭാമയെ ഡിസ്ചാർജ് ചെയ്യുമായിരിക്കും."

നന്ദനോട് യാത്ര പറഞ്ഞ് നേരേ തന്റെ ഓഫീസിൽ ചെന്നു മാനേജരോട് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഒരാഴ്ച കൂടി അവധി നീട്ടി കിട്ടുവാനുള്ള അപേക്ഷയും കൊടുത്തു. 

ഓഫീസിനടുത്തു തന്നെയാണ് തന്റെ അക്കൗണ്ട് ഉള്ള ബാങ്ക്. നല്ല തിരക്കുള്ളതിനാൽ ടോക്കൺ എടുത്ത് തന്റെ ഊഴത്തിനായി കാത്തിരുന്നു.

'ദൈവമേ, നന്ദൻ പണവുമായി വന്നില്ലെങ്കിൽ...

അവൻ വാക്കു പറഞ്ഞതല്ലേ? തീർച്ചയായും വരുമെന്നു തന്നെ വിശ്വസിക്കാം. തനിക്ക് ഇവിടെ ആകെയുള്ള ഉത്തമ സുഹൃത്താണവൻ. ചാർലിയാണെങ്കിൽ വിദേശത്തുമാണ്. ആശുപത്രിയിലെ ബിൽ എത്ര വരുമെന്നറിയില്ല, കുറഞ്ഞത് ഒരു ലക്ഷമെങ്കിലും ആവുമായിരിക്കും.

 

എമർജൻസി ഓപ്പറേഷൻ ആയതു കൊണ്ട് നേരത്തേ തുക കെട്ടിവയ്ക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. കയ്യിലുണ്ടായിരുന്നതൊക്കെ മരുന്നുകൾക്കും മറ്റുമായി ചെലവഴിച്ചു. ശമ്പളം ലഭിക്കാൻ ഇനി പത്തു ദിവസങ്ങൾ കൂടിയുണ്ടല്ലോ.'

ടോക്കൺ നമ്പർ വിളിച്ചതനുസരിച്ച് അസിസ്റ്റന്റ് മാനേജരുടെ കൗണ്ടറിൽ ചെന്നിരുന്നു.

"നമസ്കാരം സാർ."

"നമസ്കാരം. എന്തു സഹായമാണ് വേണ്ടത്?"

"സാർ, ഒരു ലോണിന് അപേക്ഷിക്കാനാണു വന്നത്.ഭാര്യയുടെ പ്രസവവും ഓപ്പറേഷനുമായി അപ്രതീക്ഷിതമായി ഒരു വലിയ തുക വേണ്ടി വന്നു."

"ശരി, എത്ര തുകയ്ക്കുള്ള ലോൺ ആണു അപേക്ഷിക്കേണ്ടത്?"

"രണ്ടു ലക്ഷം രൂപയെങ്കിലും വേണ്ടി വരും സാർ."

"നിങ്ങളുടെ സാലറി സർട്ടിഫിക്കറ്റിനോടൊപ്പം എല്ലാ വിവരങ്ങളും കാണിച്ച് അപക്ഷ കൊടുത്തോളൂ, ലോൺ പാസാക്കിത്തരാം. മൂന്നാഴ്ചയെങ്കിലും കാലതാമസം വരും. അതാതു മാസം കൃത്യമായി പലിശയടയ്ക്കണം. ഒരു അക്കൗണ്ടന്റായ നിങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാമല്ലോ അല്ലേ?"

"അറിയാം സാർ. എല്ലാം അതാതു സമയങ്ങളിൽ തന്നെ ചെയ്തോളാം"

"ആരുടെയെങ്കിലും ഒരാളുടെ ജാമ്യം വേണ്ടിവരും. നിങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടല്ല, നിയമങ്ങൾ അങ്ങനെയാണ്."

പൂരിപ്പിക്കുവാനുള്ള അപേക്ഷാ ഫോറവും വാങ്ങി അവിടെ നിന്നും ഇറങ്ങി. 'അപേക്ഷ പൂരിപ്പിച്ചു ജാമ്യത്തിനുള്ള ആളുമായി നാളെത്തന്നെ എത്തണം.'

വീണ്ടും താൻ ജോലി ചെയ്യുന്ന ഓഫീസിൽ കയറി സാലറി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ നൽകി. നാളെ റെഡിയാക്കിത്തരാമെന്നു പറഞ്ഞു.

അവിടെ നിന്നും അല്പം മുന്നോട്ടു നടന്നാൽ ഒരു തുണിക്കടയുണ്ട്. 

'കുഞ്ഞുങ്ങൾക്കുളള ഉടുപ്പുകൾ ഒക്കെ അവിടെ ഉണ്ടാവുമോ ആവോ? ഏതായാലും ഒന്നു കയറി നോക്കാം.'

കുഞ്ഞിനു വേണ്ട സോപ്പും പാഡറും ഉടുപ്പുകളും മറ്റും വാങ്ങി ആശുപത്രിയിൽ എത്തിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞു. മുറിയിൽ എത്തി സാധനങ്ങൾ ഒക്കെ ലീലയെ ഏൽപ്പിച്ചു. ഭാമയും കുഞ്ഞും ഉറങ്ങുകയായിരുന്നതിനാൽ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.

'നന്നായി വിശക്കുന്നുണ്ട്. ഇതുവരെ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല. കാന്റീനിൽ ഊണൊക്കെ കഴിഞ്ഞിട്ടുണ്ടാവുമോ എന്നു ശങ്കിച്ചാണ് അങ്ങോട്ട് നടന്നത്.

ഇവിടെയിന്ന് തിരക്കു കുറവാണല്ലോ!'

ഭക്ഷണത്തിന് ഓർഡർ കൊടുത്തിട്ടു കൈ കഴുകി വൃത്തിയുള്ള ഒരു മേശയ്ക്കരികിൽ ചെന്നിരുന്നു. എന്തൊക്കെയോ അകാരണമായ ഭീതികൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു.

'ഈശ്വരാ... ഇനിയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ, എല്ലാം നന്നായി നടത്തിത്തരണേ. ബാങ്ക് ലോണിന് ജാമ്യം നിൽക്കാൻ ആരെയാണു സമീപിക്കുക,

ആരെങ്കിലും അതിനു മനസ്സ് കാണിക്കുമോ?

ഇതുവരെ സഞ്ചരിച്ചതുപോലെയല്ല, മുന്നോട്ടുള്ള പാതകൾ കല്ലും മുള്ളും നിറഞ്ഞതായിരിക്കുമോ?'

ചിന്തകൾ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.എല്ലാം അതിജീവിക്കുവാനുള്ള മാനസിക ബലം തനിക്കു നൽകണമേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു.

ഭക്ഷണം കഴിച്ചു മുറിയിൽ ചെന്നപ്പോൾ ഒരു വശം ചരിഞ്ഞു കിടന്നു, ഭാമ കുഞ്ഞിനു പാലു കൊടുക്കുകയായിരുന്നു. ദേവന്റെ ക്ഷീണിച്ച മുഖത്തു നോക്കി അവൾ ചോദിച്ചു:

"ചേട്ടന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?"

"ഏയ് ഒന്നുമില്ല, നിനക്കു വെറുതേ തോന്നുന്നതാണ്. രണ്ടു മൂന്നു സ്ഥലങ്ങളിൽ പോയി. കുറച്ചു നടക്കേണ്ടതായി വന്നു. പുറത്തു നല്ല ചൂടാണ്. ഭാമേ,നീ എപ്പോഴും ഇങ്ങനെ കിടന്നാൽ മതിയോ എഴുന്നേറ്റിരിക്കണ്ടേ? വേദനയൊക്കെ ഇപ്പോൾ കുറഞ്ഞില്ലേ? ഡോക്ടർ വന്നിട്ട് എന്തു പറഞ്ഞു? എന്നു ഡിസ്ചാർജ് ചെയ്യുമെന്നു വല്ലതും പറഞ്ഞോ? നമുക്കു വീട്ടിൽ പോകണ്ടേ?"

"പിന്നേ വീട്ടിൽ പോകണം ചേട്ടാ... ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തെപ്പറ്റി ഡോക്ടർ ഇതുവരെ ഒന്നും പറഞ്ഞില്ല. നാളെ വരുമ്പോൾ ചോദിക്കാം. എന്തൊക്കെ സാധനങ്ങൾ ആണ് വാങ്ങിക്കൊണ്ടു വന്നത്? നോക്കട്ടെ... കുഞ്ഞിന് ഉടുപ്പുകൾ വാങ്ങിയോ?"

വാങ്ങിയ സാധനങ്ങൾ ഒക്കെ ഭാമയെ കാണിച്ചു. കുഞ്ഞിനെ കൈകളിൽ എടുത്തു അല്പനേരം ഇരുന്നു.

"നേരം സന്ധ്യയായല്ലോ, ഞാൻ എന്നാൽ വീട്ടിലോട്ടു പോകുന്നു. നാളെ വരാൻ അല്പം താമസിക്കും. ഓഫീസിൽ ഒന്നു കയറണം." 

കുഞ്ഞിനു ഉമ്മ കൊടുത്തതിനുശേഷം ഭാമയുടെ നെറ്റിയിൽ തലോടി യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ