mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 2

ഏതോ ഒരു ലോകത്തുനിന്നും തിരിച്ചു വരുന്നതു പോലെ, മയക്കത്തിലായിരുന്ന ഭാമ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. 

'ഞാൻ ഇതെവിടെയാണ്, എനിക്കെന്താണ് സംഭവിച്ചത്, ഒന്നും ഓർക്കാൻ കഴിയുന്നില്ലല്ലോ...'

കണ്ണുതുറന്ന് നോക്കിയെങ്കിലും ചുറ്റിനും ആരേയും കണ്ടില്ല. അരണ്ട വെളിച്ചത്തിൽ പുതച്ചുമൂടി ഒരു കട്ടിലിൽ. നിശ്ശബ്ദത തളം കെട്ടിനിൽക്കുന്ന അന്തരീക്ഷത്തിൽ മരുന്നുകളുടെ ഗന്ധം.

അവളുടെ മനസ്സിൽ കഴിഞ്ഞു പോയ സംഭവങ്ങൾ, ഒരു ചലച്ചിത്രത്തിലെന്നപോലെ സാവധാനം തെളിഞ്ഞു വന്നു.

ശരീരത്തിൽ എവിടെയൊക്കെയോ കുത്തി മുറിക്കുന്ന വേദനകൾ. പതുക്കെ കാലുകൾ അനക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം പരാജയപ്പെട്ടു. ഒന്നു ചരിഞ്ഞു കിടക്കണമെന്നുണ്ട്, കഴിയുന്നില്ല. ഉണങ്ങി വരണ്ട ചുണ്ടുകൾ അല്പം വെള്ളത്തിനായി ദാഹിച്ചു. ഇരുകൈകളിലും കുത്തിയിട്ടിരിക്കുന്ന ദ്രാവകങ്ങൾ. ചുവന്നു കൊഴുത്തത് രക്തമാണെന്നു തോന്നുന്നു.

പെട്ടെന്നവൾ തന്റെ കുഞ്ഞിനേയും ദേവേട്ടനേയും കുറിച്ചോർത്തു.

'ഈശ്വരാ! അവരെയാരെയും കാണുന്നില്ലല്ലോ... തന്റെ കുഞ്ഞിപ്പോൾ അമ്മയെക്കാണാതെ കരയുകയായിരിക്കുമോ!'

കുഞ്ഞിനേയും ചേട്ടനേയും ഒന്നു കാണാൻ, അവളുടെ ഹൃദയം വല്ലാതെ കൊതിച്ചു. ആരുടെയോ പതിഞ്ഞ കാലടി ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ തല തിരിച്ചു നോക്കി.

"ആഹാ... ഭാമ ഉണർന്നോ? എന്താണ് ഇത്ര ഗാഢമായി ചിന്തിക്കുന്നത്, വേദനയുണ്ടോ?"

നഴ്സ് പുഞ്ചിരിച്ചു കൊണ്ട് അല്പം വെള്ളം തുള്ളികളായി ചുണ്ടിൽ ഇറ്റിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു:

"അധികം കുടിച്ചാൽ ചിലപ്പോൾ ഛർദ്ദിക്കും. വേദന കൂടുതലായുണ്ടെങ്കിൽ ഒരു ഇഞ്ചക് ഷൻ തരാം"

അല്പ സമയത്തിനകം തന്നെ മടങ്ങിവന്ന നഴ്സ് വേദന കുറയ്ക്കുവാനുള്ള മരുന്നു കുത്തിവച്ചു. കനം തോന്നിയ കൺപോളകളടച്ച് ഉറക്കത്തിലേക്കവൾ വഴുതിവീണു.

ആശുപത്രിയുടെ മൂന്നാം നിലയിലുള്ള മുറിയിൽ, പലവിധ ചിന്തകളാൽ മുഴുകിയിരുന്ന ദേവൻ അറിയാതെ അല്പം മയങ്ങിപ്പോയി. ഇന്നലെ രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല. ഭാമയുടെ ഓപ്പറേഷൻ വിജയകരമായിരുന്നു എന്ന് തന്നെ വിളിച്ചു ഡോക്ടർ ആനന്ദ് പറഞ്ഞതിനു ശേഷമാണ് അല്പം സമാധാനമായത്.

നേരം വൈകിയതിനാൽ, നാളത്തെ ഒ. പി. കഴിഞ്ഞ്, തന്നെ വന്നു കാണണമെന്നും വിശദമായി വിവരങ്ങൾ സംസാരിക്കാനുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഭാമയെ കാണാൻ അപ്പോൾ സാധിക്കില്ലെന്ന് തിയേറ്റർ സ്റ്റാഫ് പറഞ്ഞതനുസരിച്ച് നേരേ റൂമിൽ വന്നു കിടന്നു.

'ഇന്നലെ രാത്രിയിൽ ഒന്നും കഴിച്ചിരുന്നില്ല. വിശപ്പും തോന്നിയിരുന്നില്ലല്ലോ. തന്റെ കുഞ്ഞ് ഇപ്പോൾ കരയുന്നുണ്ടാവുമോ? അമ്മയുടെ മാറിലെ ചൂടേറ്റ് മുലപ്പാൽ നുണഞ്ഞ് കിടക്കേണ്ട കുഞ്ഞ് ഇപ്പോൾ ആരുടെ കൈകളിലാവും? നഴ്സറി വാർഡിൽ പോയി കുഞ്ഞിനെ ഒന്നു കണ്ടിട്ടു വരാമായിരുന്നു. ഇനി നേരം പുലരട്ടെ, ഒരു മണിക്കൂർ കഴിഞ്ഞ് പോയി കുഞ്ഞിനേയും ഭാമയേയും കാണാം.'

നല്ല ക്ഷീണമുണ്ട്, കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. അല്പസമയം ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ!

കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ചിന്തകളുടെ ലോകത്ത് മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു.

'ഡോക്ടർ ആനന്ദിനെ നാളെ ചെന്നു കാണണം, എന്തായിരിക്കും ഇനി വിശദമായി പറയാനുണ്ടാവുക? ഭാമയ്ക്ക് ഇനിയുമെന്തെങ്കിലും...?

ദൈവമേ, എല്ലാം നന്നായി വരണേ...'

ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സുന്ദരിയായ ഭാമയെ പരിചയപ്പെടുന്നത്. രണ്ടു വർഷം ജൂനിയറായിരുന്ന അവളെ എപ്പോഴായിരുന്നു ശ്രദ്ധിക്കാൻ തുടങ്ങിയത്?

ഡിഗ്രിക്കു ചേർന്ന വർഷം കലോത്സവത്തിൽ മധുരമായി ഗാനമാലപിച്ച ഭാമാകൃഷ്ണനെ ഒന്നു പരിചയപ്പെടാൻ മനസ്സു വല്ലാതെ കൊതിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ നല്ലൊരവസരം വീണുകിട്ടി. ജില്ലാതലത്തിലെ കോളേജ് തല കലോത്സവ മത്സരത്തിൽ ഭാമയും തിരഞ്ഞെടുക്കപ്പെട്ടു.

ഡിഗ്രി അവസാനവർഷക്കാരനായ താൻ അതിന്റെ സംഘാടകരിൽ ഒരാളായിരുന്നു. ഭാമയുമായി കാണാനും സംസാരിക്കാനുമൊക്കെ ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. ആദ്യമാദ്യം സംസാരിക്കുമ്പോഴൊക്കെ, എന്തെന്നില്ലാത്ത ഭയവും സങ്കോചവും ഒക്കെ ആ മുഖത്തു നിഴലിക്കുമായിരുന്നു

തനിക്കും ഭാമയ്ക്കുമിടയിൽ ജന്മാന്തരങ്ങളായുള്ള ഒരു ബന്ധം ഉണ്ടായിരുന്നതു പോലെ! വളരെ പെട്ടെന്നു തന്നെ ഒരിക്കലും വേർപിരിയാത്ത വിധം മനസ്സുകൾ ഒന്നായി. നിർവചിക്കാനാവാത്ത ഒരു ആത്മബന്ധം!  സന്തോഷകരമായ ആനന്ദ നിർവൃതിയുടെ നിമിഷങ്ങൾ!

ദിവസങ്ങളും മാസങ്ങളും കൊഴിയുന്നത് അറിഞ്ഞിരുന്നില്ല. അവസാന പരീക്ഷയും കഴിഞ്ഞ് വിട പറയുന്ന വേളയിൽ, തുളുമ്പുന്ന കണ്ണുകളിലും അവളുടെ നെറുകയിലും ഉമ്മ വച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷമായിരുന്നു!

പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയത് അല്പം ദൂരെ പട്ടണത്തിലുള്ള കോളേജിൽ ആയിരുന്നുവെങ്കിലും തങ്ങളുടെ അനുരാഗം പൂർവാധികം ശക്തിയോടെ അവിരാമം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു വർഷങ്ങൾ അതിവേഗം കടന്നുപോയി. ഉയർന്ന മാർക്കോടെ രണ്ടു പേരും പാസ്സായി. തനിക്കു ഒരു ജോലി കിട്ടിക്കഴിഞ്ഞാലുടനെ വിവാഹം നടത്തണമെന്ന് രണ്ടു പേരും തീരുമാനിച്ചു. തങ്ങളുടെ പ്രണയബന്ധം ഇരുവീടുകളിലും അറിയുവാനിടയായി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് ഭാമയെ വിവാഹം കഴിപ്പിക്കാൻ, നല്ല സാമ്പത്തികസ്ഥിതിയുണ്ടായിരുന്ന അവളുടെ മാതാപിതാക്കൾ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ബന്ധത്തിന് ഭാമയുടെ വീട്ടുകാർ അനുകൂലിച്ചില്ല. ആലോചനയുമായി ചെന്ന തന്റെ ബന്ധുക്കളെ അവർ അപമാനിച്ചയച്ചു. ആകെ ബഹളമായി. എതിർപ്പുകൾ കൊടുമ്പിരിക്കൊള്ളവേ ഭാമയെ തുടർന്നു പഠിക്കുവാൻ അനുവദിച്ചിരുന്നില്ല. ഒരു തരം വീട്ടുതടങ്കലിൽ അവൾ ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കി. അനിയത്തി മാത്രമായിരുന്നു ഏക ആശ്വാസം. ചേച്ചിയുടെ വിവരങ്ങൾ അവളാണ് തന്നെ അറിയിച്ചു കൊണ്ടിരുന്നത്.

ഇതിനിടയിൽ തന്റെ അടുത്ത സുഹൃത്തിന്റെ സഹായത്തിൽ, അക്കൗണ്ടന്റ് ആയി ഒരു പ്രൈവറ്റ് കമ്പനിയിൽ തനിക്ക് ജോലി ശരിയായി.

ഭാമയുടെ സമ്മതമില്ലാതെ, അവളുടെ കല്യാണം നടത്താനുള്ള ഒരുക്കങ്ങൾ വീട്ടിൽ തുടങ്ങിയെന്നറിയാൻ കഴിഞ്ഞു.

ഒരു ദിവസം രാവിലെ അനിയത്തിയോടൊപ്പം അമ്പലത്തിൽ തൊഴാൻ വന്ന ഭാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ദേവീസാന്നിദ്ധ്യത്തിൽ അഗ്നിസാക്ഷിയായി മാലയിട്ടു. തുടർന്നു രജിസ്റ്റർ ഓഫീസിൽ ചെന്നു വിവാഹം രജിസ്റ്റർ ചെയ്തു.

ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ രണ്ടു കൂട്ടുകാരാണ് എല്ലാ കാര്യങ്ങൾക്കും ചരടുവലിച്ചത്. ഭാമയുടെ അനിയത്തി ഭാനുവിന്റെ അനുകൂലമായ നിലപാട് വീട്ടിൽ കോളിളക്കം സൃഷ്ടിച്ചു.

വിവാഹം കഴിഞ്ഞു അന്നു തന്നെ ഭാമയേയും കൂട്ടി ജോലിസ്ഥലമായ ഈ പട്ടണത്തിൽ എത്തിയതാണ്. രണ്ടു മുറിയുള്ള ഒരു ചെറിയ വീടു വാടകയ്ക്ക് എടുത്തു തന്റെ ശമ്പളത്തിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ ഭാമയ്ക്കു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.

ആനന്ദ മഴ ചൊരിയുന്ന പ്രണയ മേഘങ്ങളായ് ദിവസങ്ങളും മാസങ്ങളും ഒഴുകിക്കൊണ്ടിരുന്നു. ഭാമയുടെ വീട്ടുകാർ അവളെ അവഗണിച്ചു.

ഭാമയ്ക്കതിൽ നല്ല വിഷമമുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ ഉള്ളിൽ കരഞ്ഞു തീർത്തു.

പാവം! വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ യാതൊന്നും താനവളെ അറിയിച്ചിരുന്നില്ല.

രണ്ടു വർഷം കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും നിരാശയായിരുന്നു ഫലം.

തന്റെ അച്ഛനും അമ്മയും ഇടയ്ക്കൊക്കെ വരുമായിരുന്നു. അവർ നിർബ്ബന്ധിച്ചതു കൊണ്ടാണ്, ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയി ഡോക്ടറിനെ കണ്ടതും ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സ തേടിയതും.

ചികിത്സ തുടങ്ങി ആറുമാസങ്ങൾക്കുള്ളിൽ ഭാമ ഗർഭിണിയായി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലായിരുന്നു തങ്ങൾ രണ്ടു പേരും. ബുദ്ധിമുട്ടുകൾ ഒന്നുമറിയിക്കാതെ ഭാമയുടെ ഗർഭകാലം നല്ല രീതിയിൽ തന്നെ കടന്നുപോയി.

നാട്ടിൽ നിന്നും അമ്മ വന്നപ്പോൾ ഒരു സ്ത്രീയെ, വീട്ടുജോലിക്കും ഭാമയേയും കുഞ്ഞിനേയുമൊക്കെ പരിചരിക്കാനുമായി കൊണ്ടു വന്നു.

ചിന്തകളുടെ നൂലാമാലകളിൽ നിന്നും ഞെട്ടിയുണർന്ന് സമയം നോക്കി. ഒൻപതു മണി ആയിരിക്കുന്നു.

എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് മുറിപൂട്ടി പുറത്തിറങ്ങി. വെമ്പുന്ന ഹൃദയത്തോടെ ഭാമയേയും കുഞ്ഞിനേയും കാണുവാൻ ഓടി. സന്ദർശന സമയം അല്ലാതിരുന്നതിനാൽ, കണ്ണാടിക്കുള്ളിൽ കൂടി മാത്രമേ ഭാമയെ കാണാൻ കഴിഞ്ഞുള്ളൂ.

രണ്ടു കൈകളിലും ഡ്രിപ്പുകൾ കുത്തിയിട്ടിരിക്കുന്നു. വേദനയാൽ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ഭാമയെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. അല്പസമയം നോക്കിനിന്നു. അകത്തുണ്ടായിരുന്ന നഴ്സിനോട് വിവരങ്ങൾ തിരക്കി. ചിലപ്പോൾ നാളെ മുറിയിലേക്കു മാറ്റുമായിരിക്കും എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.

കുഞ്ഞുങ്ങളെ കിടത്തുന്ന നഴ്സറിയുടെ വാതിലിനു മുമ്പിൽ ചെന്നു നിന്നു. പുറത്തേയ്ക്കു വന്ന നഴ്സിനോട് കുഞ്ഞിനെ  കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞു ശാന്തമായി ഉറങ്ങുന്ന തന്റെ മകളെ കൺകുളിർക്കെ നോക്കി നിന്നു.

ഭാമയുടെ അതേ ഛായ തന്നെ. ഉറക്കത്തിൽ ചുണ്ടിൽ വിരിയുന്ന ചിരി, ഭാമയുടെ ചിരിപോലെ തന്നെയുണ്ട്. ഭാമയുടെ വലത്തേ കവിളിലെ മറുക് അതു പോലെ തന്നെ കുഞ്ഞിക്കവിളിലും! ഇവൾക്കെന്തുപേരാണിടുക!

തങ്കക്കുടത്തിന്റെ മുഖത്തു നിന്നു കണ്ണെടുക്കാൻ കഴിയാതെ, ആ കുഞ്ഞു നെറ്റിയിൽ ഒരു ഓമന മുത്തം നൽകി. തന്റെ ദുഃഖങ്ങളൊക്കെ എവിടെയോ പോയി ഒളിച്ചതു പോലെ..!

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ