mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 16

മുറിയിലേക്കു കയറി വന്ന തന്റെ അമ്മയേയും അനിയത്തിയേയും കണ്ടു ഭാമ കണ്ണു തുറന്നു. നിർവികാരതയോടെ തങ്ങളെ തുറിച്ചു നോക്കുന്ന മകളെ കണ്ട് ആ അമ്മയുടെ ഹൃദയം മുറിഞ്ഞു. 

"മോളേ ഭാമേ... എന്റെ പൊന്നു മോളേ..." ഹൃദയം തകർന്നുള്ള അമ്മയുടെ വിളി കേട്ട് അവളുടെ മിഴികൾ തിളങ്ങി.

"ചേച്ചീ... എഴുന്നേൽക്ക്, ഇതാ നമ്മുടെ അമ്മ വന്നിരിക്കുന്നു. ഇതെന്തു കിടപ്പാണ്?"

അമ്മയേയും ഭാനുവിനേയും മാറി മാറി നോക്കി, അവളുടെ ചുണ്ടുകൾ 'അമ്മ' എന്നു മന്ത്രിച്ചു കൊണ്ട് ചാടിയെണീറ്റു.

"മോളേ... അമ്മയാണ്..." കട്ടിലിൽ ഇരുന്നു ഇരു കൈകളും കൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കാനാവാതെ ഭാനുവും തേങ്ങി.

"അമ്മ, എന്റെ അമ്മ. എത്ര നാളായി അമ്മയെ കണ്ടിട്ട്? ഇത്രയും കാലം അമ്മ എവിടെയായിരുന്നു? അച്ഛൻ എവിടെ?"

അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാൻ അമ്മയ്ക്കു കഴിഞ്ഞില്ല. ഒരു കൂടിക്കാഴ്ചയുടെ ധന്യനിമിഷത്തിനു സാക്ഷിയായി നിന്ന തന്റെ സാന്നിധ്യം അവർ അറിഞ്ഞിരുന്നില്ല. ഭാമയ്ക്കു അമ്മയെ മനസ്സിലായല്ലോ. താൻ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലല്ലോ. ആശ്വാസമായി. ഉള്ളിന്റെ ഉള്ളിൽ കുളിർ മഴ പെയ്ത അനുഭൂതി.

"ചേച്ചീ മോൾ എവിടെ?"

"അറിയില്ല. അവരുടെ അടുത്തു കാണും. എന്റെ കൈയിൽ തരാറില്ല."

ഭാനു പോയി കുഞ്ഞിനെ എടുത്തു കൊണ്ടുവന്നു. 

"അമ്മേ... ഇതാ നമ്മുടെ മീനു മോൾ. അവൾ ഉറങ്ങുകയായിരുന്നു."

ഭാനുവിന്റെ കൈയിൽ നിന്നും അമ്മ കുഞ്ഞിനെ വാങ്ങി. 

'തന്റെ ഭാമയുടെ മകൾ. തന്റെ കൊച്ചുമകൾ.' കുഞ്ഞിന്റെ അമ്പിളി പോലെയുള്ള മുഖത്തു നോക്കി അമ്മ വിളിച്ചു.

"മോളേ... വാവേ... മുത്തശ്ശിയുടെ ചക്കരേ.. മീനുക്കുട്ടീ..." സ്നേഹവായ്പോടെ കുഞ്ഞിന്റെ നെറുകയിലും കവിളിലും തുരുതുരാ ഉമ്മ വച്ചു.

ഉണർന്നു കരയാൻ തുടങ്ങിയ മോളെ തോളത്തിട്ടുകൊണ്ട് പുറത്തു തട്ടിയപ്പോൾ അവൾ മെല്ലെ കരച്ചിൽ നിർത്തി.

"അമ്മേ... എനിക്ക് ഓഫീസിൽ പോകണം. ഇപ്പോൾ തന്നെ സമയം വൈകി. ഞാൻ ഇറങ്ങുന്നു. നിങ്ങൾ ഇവിടെ കാണുമല്ലോ. ഒരു ദിവസം മകളോടും കുഞ്ഞിനോടുമൊപ്പം താമസിക്കൂ. ഭാമയ്ക്ക് അതു വലിയ ആശ്വാസമാകും."

"അയ്യോ.. അതു പറ്റില്ല. അല്പം കഴിഞ്ഞു ഞങ്ങൾ പോകും. വന്ന ഓട്ടോയും കാത്തു കിടക്കുകയാണ്. പോയിട്ടു അച്ഛനുമായി ഇനിയും വരാം. ദേവൻ ഇറങ്ങിക്കോളൂ. താമസിക്കേണ്ട."

എങ്കിൽ ഉച്ചയൂണു കഴിഞ്ഞു പോകാം. ഇറങ്ങാറാവുമ്പോൾ വിളിച്ചാൽ മതി, വേറൊരു വണ്ടി ഞാൻ പറഞ്ഞു വിടാം.

"ശരി, ആയിക്കോട്ടെ."

സമയം വൈകിയതിനാൽ അമ്മയും ഭാനുവും വന്ന  ഓട്ടോയിൽത്തന്നെ കയറി ഓഫീസിലെത്തി. തന്റെ ഹൃദയ ഭാരങ്ങൾക്ക് അല്പം അയവു വന്നതു പോലെ!

ഭാമ എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോടും ഭാനുവിനോടുമൊപ്പം ഇരുന്നു കാപ്പി കുടിച്ചു. അവൾക്ക് അമ്മയോട് ഒരുപാട് കാര്യങ്ങൾ പറയുവാനുണ്ടായിരുന്നു. ഇത്രയും കാലത്തെ വിശേഷങ്ങൾ പരസ്പരം പറയുന്നതനിടയിൽmതന്റെ പ്രസവത്തെപ്പറ്റിയും അതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ഒക്കെ അവൾ പറഞ്ഞു.

"ചേട്ടൻ പറഞ്ഞു, ഇനിയും എനിക്കു പ്രസവിക്കാൻ കഴിയില്ലെന്ന്. എന്റെ ഗർഭപാത്രം നീക്കം ചെയ്തത് എന്തിനായിരിക്കും അമ്മേ? അപ്പോൾ എങ്ങനെയാണ് ഇനി എനിക്ക് മോനെ കിട്ടുക? എനിക്കു മോളു വേണ്ട, മോൻ മതി. മോനെ ആണ് എനിക്കിഷ്ടം."

ഭാമയോട് എന്തു മറുപടി പറയനമെന്നറിയാതെ അമ്മ കുഴങ്ങി.

"മോളേ... അതെല്ലാം ഈശ്വരന്റെ ഓരോ തീരുമാനങ്ങൾ ആണ്. അതിനപ്പുറം നമുക്കു ഒന്നും ചെയ്യാനാവില്ല. മോളുടെ ജീവൻ രക്ഷിക്കാൻ അന്ന് അങ്ങനെ ഒരു ഓപ്പറേഷൻ ചെയ്യേണ്ടതായി വന്നു. അതും ഈശ്വര നിശ്ചയമായിരിക്കും. നമ്മൾ അതൊക്കെ അംഗീകരിക്കുകയും മനസ്സുകൊണ്ട് ഉൾക്കൊള്ളുകയും വേണം. കഴിഞ്ഞതും ഇനി നടക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. നിരാശപ്പെടാതെ സന്തോഷമായിരിക്കാൻ ശ്രമിക്കണം. മനസ്സിന്റെ നിയന്ത്രണം വിട്ടു പോകാതെ നോക്കണം.

അവളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനെപ്പറ്റിയും നല്ല രീതിയിൽ കുഞ്ഞിനെ വളർത്തുന്നതിനെപ്പറ്റിയും മറ്റും അവളെ നന്നായി ഉപദേശിച്ചു. എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്ന അവളുടെ താൽപര്യക്കുറവ് അമ്മയെ നിരാശപ്പെടുത്തി.

"മോളേ ...നിനക്കെന്താ ഒന്നിലും ഒരു ശ്രദ്ധയില്ലാത്തത്? നിന്റെ ഭർത്താവിന്റേയും കുഞ്ഞിന്റേയും കാര്യം നോക്കേണ്ടത് ഇനി നീയല്ലേ?"

"അമ്മേ, അതൊക്കെ അവർ, ആ ലീല നോക്കിക്കൊള്ളും. ചേട്ടനും അതാണിഷ്ടം. ഞാനും അമ്മയുടെ കൂടെ വരുന്നു. നമുക്കു നമ്മുടെ വീട്ടിൽ പോകാം. അവിടെ അച്ഛനും ഉണ്ടല്ലോ."

അവളുടെ സംസാരം അമ്മയെ വേദനിപ്പിച്ചു.

"ഇന്നു ഞങ്ങൾ പോയിട്ടു അച്ഛനുമായി വീണ്ടും വരാം. അന്നു എല്ലാവർക്കും കൂടി വീട്ടിലോട്ടു പോകാം."

അമ്മയുടെ മറുപടി അവൾക്കു തൃപ്തികരമായിരുന്നില്ല. മുത്തശ്ശിയും ഭാനുവുമായി മീനു മോൾ പെട്ടെന്ന് ഇണങ്ങി. അവളുടെ കളിചിരികളിൽ മുഴുകി സമയം പോയതറിഞ്ഞില്ല. ഒരു മണിയായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഭാനുവിളിച്ചു പറഞ്ഞതനുസരിച്ച്, തങ്ങൾക്കു പോകാനായി ഓട്ടോയും എത്തി. കുഞ്ഞിനെയെടുത്ത് രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചു. ഭാമയെ കെട്ടിപ്പിടിച്ചു അമ്മ യാത്ര പറഞ്ഞു.

"മോളേ... ഭാമേ... ഞങ്ങൾ പോയി വരാം. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ മറക്കരുത്. നല്ല കുട്ടിയായി ഇരിക്കണം. കുഞ്ഞിനെ നന്നായി നോക്കണം."

"ശരി, ചേച്ചീ... പോയിട്ടു വരാം." ഭാനു കുഞ്ഞിനെ ലീലയുടെ കൈയിൽ കൊടുത്തു.

യാത്ര പറഞ്ഞു ഇരുവരും വണ്ടിയിൽ കയറി. നീങ്ങിത്തുടങ്ങിയ വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ ഭാമയ്ക്ക് സങ്കടമായി. എന്തോ നഷ്ടപ്പെട്ടതു പോലെ അവളുടെ മനസ്സു വിങ്ങി. ശോകമൂകമായ മനസ്സിൽ കരിനിഴൽ പടർന്നു. കട്ടിലിൽ കിടന്നവൾ തേങ്ങിക്കരഞ്ഞു.

ഭാമ ഇന്നു സന്തോഷവതിയായിരിക്കുമല്ലോ എന്നു കരുതി വീട്ടിലെത്തിയപ്പോൾ, പതിവുപോലെ വിഷാദഭാവങ്ങളുമായി കട്ടിലിൽ കിടന്നു കരയുന്നതാണു കണ്ടത്. അവൾക്കരികിൽ ചെന്നിരുന്നു.

"ഭാമേ... അവരൊക്കെ എപ്പോഴാണ് പോയത്? നിന്നെയും മോളേയും കാണാൻ അമ്മ വന്നല്ലോ. സന്തോഷമായില്ലേ?"

"എനിക്കും അവരോടൊപ്പം പോകണമായിരുന്നു. അമ്മയോടു പറഞ്ഞിട്ടു, എന്നെ കൊണ്ടുപോയില്ല. വീട്ടിൽ പോയാലല്ലേ അച്ഛനെക്കാണാൻ പറ്റുകയുള്ളൂ."

'അപ്പോൾ അതാണു കാര്യം.'

"നമുക്കു ഒരു ദിവസം മോളേയും കൂട്ടി വീട്ടിലേക്കു പോകാം. നീ വിഷമിക്കേണ്ട.  

കുറേ കാലം കഴിഞ്ഞ് അമ്മയും മോളും തമ്മിൽ കണ്ടതല്ലേ, മനസ്സുതുറന്നു സംസാരിച്ചില്ലേ? അമ്മയുടെ പിണക്കം ഒക്കെ മാറിയല്ലോ അല്ലേ?"

"അമ്മ എന്തൊക്കെയോ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. അമ്മയ്ക്ക് എന്നോട് പഴയതു പോലെയുള്ള സ്നേഹം ഒന്നും ഇല്ല. മീനുമോളെപ്പറ്റിയാണ് എപ്പോഴും സംസാരിക്കുന്നത്."

"അതു കൊള്ളാം. മീനുമോൾ അവരുടെ ആദ്യത്തെ കൊച്ചുമകൾ അല്ലേ? അമ്മ ആദ്യമായി മുത്തശ്ശി ആയതല്ലേ... അപ്പോൾപ്പിന്നെ കുഞ്ഞിനോട് ഒരു പ്രത്യേക സ്നേഹം കാണില്ലേ? എന്തിനാ അതിൽ അസൂയപ്പെടുന്നത്?

ഭാനു അതിനു മറുപടി ഒന്നും പറഞ്ഞില്ല.

ലീലയുടെ കൈയിൽ നിന്നും മോളെ വാങ്ങി കട്ടിലിൽ വന്നിരുന്നു. താൻ കുഞ്ഞിനെ ലാളിക്കുന്നതു നോക്കിയിരുന്ന ഭാമയുടെ മുഖത്തു അവാച്യമായ ഒരു ഭാവം നിറഞ്ഞു നിന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ