സുബഹിബാങ്കിന്റെ ശബ്ദംകേട്ടുകൊണ്ടാണ് 'മുംതാസ്' ഉണർന്നത്. പായും തലയിണയും ചുരുട്ടി തട്ടിൻപുറത്ത് എടുത്തുവെച്ചിട്ട് പുറത്തിറങ്ങുമ്പോൾ ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് പ്രഭച്ചൊരിയുന്ന നിലാവിന്റെ നറുവെളിച്ചം തൊടിയിലെങ്ങും നിറഞ്ഞുനിൽക്കുന്നുണ്ട്.
മകരമഞ്ഞിന്റെ കുളിരിൽ കുളിരണിഞ്ഞു നിൽക്കുന്ന മരങ്ങളും പുൽച്ചെടികളും. അടുക്കളയിൽ നിന്നും എന്തൊക്കെയോ തട്ടും മുട്ടും ഉയർന്നുകേൾക്കുന്നുണ്ട്. ഉമ്മാ നേരത്തെ എഴുന്നേറ്റു ചായക്കുള്ള വെള്ളം അടുപ്പിൽ വെക്കുകയാണ്.
"ഉമ്മാ നേരത്തെ എഴുന്നേറ്റോ.?"
"ങ്‌ആ ഞാൻ ഇന്ന് കുറച്ചുനേരത്തേ എഴുന്നേറ്റു."
ഉമ്മയെ നോക്കി സ്നേഹത്തോടെ പുഞ്ചിരിപൊഴിച്ചിട്ട് ഉത്തരത്തിൽ കെട്ടിതൂക്കിയിരുന്ന ടിന്നിൽ നിന്ന് ഉമ്മിക്കരിയും എടുത്തുകൊണ്ടു അവൾ പുറത്തിറങ്ങി. പല്ലുതേപ്പും കുളിയും കഴിച്ച് വുളൂ എടുത്തു തിരികെയെത്തി സുബഹി നമസ്കരിച്ചു. അപ്പോഴേക്കും ഉമ്മ ചായ റെഡിയാക്കി കഴിഞ്ഞിട്ട് പുട്ടുപൊടി എടുത്തു നനക്കാൻ തുടങ്ങിയിരുന്നു.പുട്ടും കടലയുമാണ് ഇന്ന് കാപ്പിക്ക്.
ചായ കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഉമ്മാ അരി അടുപ്പത്തിട്ടുകഴിഞ്ഞു. പുട്ട് ചുടാനും കറിക്കറിയാനും അവളും കൂടി. ഈ സമയം സഹോദരിമാർ ഇരുവരും ഉയർന്നെണീറ്റ് അവിടേയ്ക്ക് വന്നു.കൊണ്ടുപോകാനുള്ള ചോറ് പാത്രത്തിൽ എടുത്തുവെച്ചിട്ട് കാപ്പി കുടിച്ച് ഡ്രസ്സ് മാറി.
"മോളേ വേഗം ഇറങ്ങു.... സമയം ആയി. വൈകിയാൽ അവളങ്ങു പോകും പിന്നെ നീ ബസ്സിൽ കയറി പോകണ്ടേ.?"
ഉമ്മാ പറയുന്നത് അയൽവാസിയായ 'സൽമ' ഇത്തയെക്കുറിച്ചാണ്. ടൗണിലെ ഹോസ്പിറ്റലിൽ ചീട്ടെഴുതുന്ന ജോലിയാണ് ഇത്താക്ക്. സ്വന്തമായി വണ്ടിയുണ്ട്. ആ വണ്ടിയുടെ പിന്നിൽ കയറിയാണ് മുംതാസ് എന്നും ജോലിക്ക് പോകുന്നത്. രണ്ടു വര്ഷമായി ഇത് തുടങ്ങിയിട്ട്.പട്ടണത്തിൽ തുണിക്കടയിൽ സെയിൽസ് ഗേളാണ് അവൾ.
രാവിലെ എട്ടുമണിമുതൽ വൈകിട്ട് അഞ്ചുമണിവരെ നല്ല ജോലിയുണ്ട്. തുണികൾ അടുക്കുക,വരുന്നവരെ എടുത്തുകാണിക്കുക, വീണ്ടും മടക്കിവെക്കുക.എന്തിന് ഒരു തുണിക്കടയിലെ എല്ലാജോലികളും അവൾ ചെയ്യേണ്ടതായിട്ടു ചിലപ്പോൾ വരും.ചോറ് ബാഗിൽ എടുത്തുവെച്ചിട്ട് ഉമ്മയോട് യാത്ര പറഞ്ഞു ഓടിക്കിതച്ച് വഴിയിലെത്തുമ്പോൾ അവളെ കാത്തെന്നവണ്ണം സൽമ ഇത്താ വണ്ടിയുമായി നിൽപ്പുണ്ട്.
"ഒന്ന് വേഗം വാടി..."
ഓടിച്ചെന്നു വണ്ടിയുടെ പിറകിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞു.
"പോകാം..."
വണ്ടി മുന്നോട്ടുനീങ്ങി.കുണ്ടും കുഴിയും നിറഞ്ഞ ടാറിംഗ്അടർന്നുപോയ റോട്ടിലൂടെ വണ്ടി ലക്ഷ്യസ്ഥാനം തേടി യാത്ര തുടർന്നു.
"എന്താ വൈകിയേ... എണീക്കാൻ വൈകിയോ.?"
"ഏയ് എത്രയൊക്കെ പണിപ്പെട്ടാലും ഒരുങ്ങിയെത്തുമ്പോൾ വൈകും."
അവൾ പറഞ്ഞു.
ഗ്രാമം പിന്നിട്ട് മെയിൻ റോട്ടിലേയ്ക്ക് കയറുംനേരം ഇത്താ വണ്ടിനിറുത്തി ചുറ്റും നോക്കി വാഹനങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുന്നോട്ട് നീങ്ങിയത്.
"എന്തിനാണ് ഇത്രക്ക് പേടി. എന്നും നമ്മൾ പോണതല്ലേ ഇതുവഴി ഈ സമയം വണ്ടിയൊന്നും ഉണ്ടാവില്ലെന്ന് അറിയാല്ലോ.?"
"കാര്യമൊക്കെ ശരിതന്നെ...എപ്പോഴാ നമ്മുടെ സമയം മോശമെന്ന് അറിയില്ലല്ലോ...നമ്മൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. പോയാൽ എന്റെ കെട്ട്യോനും മക്കൾക്കും പോയില്ലേ.?"
"അത് നേരാണ് ഇത്താ.ഞാൻ അതൊന്നും ചിന്തിക്കാറില്ല പലപ്പോഴും. ദൃതിമൂലം."
"അതുപോര... നമ്മൾ ഓരോ ചുവടിലും ശ്രദ്ധിക്കണം.പ്രത്യേകിച്ച് നീ.... നിന്നെ ആശ്രയിച്ചാണ് ഒരു കുടുംബം കഴിയുന്നതെന്ന ഓർമ്മവേണം.അള്ളാഹു നിന്നെ കാക്കും."
"ആമീൻ..."
അവൾ പറഞ്ഞു.
തുണിക്കടയിലെത്തുമ്പോൾ കണ്ണിൽ ദേഷ്യം നിറച്ചുകൊണ്ട് ഉടമയായ മജീദ്ഹാജി നിൽക്കുന്നു.
"സമയം എത്രയായി ഇപ്പോഴാണോ വരുന്നത്.?"
അവൾ വേവലാതിയോടെ കൈയിലെ വാച്ചിൽ നോക്കി.
"എട്ടുമണി കഴിഞ്ഞു."
"പണിക്ക് കയറുന്ന സമയം എത്രയാ.?"
"എട്ടുമണി."
"എട്ടുമണി എന്നുപറഞ്ഞാൽ അതിന് കുറച്ചു മുൻപ് എത്താം. വൈകിയിട്ടല്ല എത്തണ്ടേ..."
ഹാജിയാരുടെ ശബ്ദം കനത്തു.
"ഉം..."
ഭയത്തോടെ തല ആട്ടിക്കൊണ്ട് അവൾ അകത്തേയ്ക്ക് കയറി.
കടയിൽ ജോലിക്കാർ എല്ലാം എത്തിക്കഴിഞ്ഞിരുന്നു. അടിച്ചുവാരുന്നവർ,സെയിൽസ് ഗേളുമാർ, ബില്ലടിക്കുന്നവർ,ഇതിനിടയിൽ രാവിലെതന്നെ എത്തിച്ചേർന്ന ചില കസ്റ്റമേഴ്സും. മൊത്തത്തിൽ ശബ്ദമയമായ അന്തരീക്ഷം.ഒൻപതുമണി ആയാൽപ്പിന്നെ കടയിൽ തിരക്ക് അതിന്റെ മൂർദന്ന്യാവസ്ഥയിൽ എത്തിക്കഴിയും.
അവൾ വേഗം ഡ്രസ്സുമാറുന്ന റൂമിലേയ്ക്ക് നടന്നു.ബാഗ് സ്റ്റാൻഡിൽ വെച്ചിട്ട് വേഗന്നു യൂണിഫോം സാരി എടുത്തണിഞ്ഞു. ഈ സമയം സൂപ്പർവൈസറായ ജമീല ഇത്തയുടെ വിളികേട്ടു.
"മുംതാസ് ഒന്നുവേഗം വന്നേ..."
ഇത്തയുടെ ഒരു കാര്യം. മുതലാളി കേട്ടാൽ പിന്നെ... അള്ളാഹുവേ. ഇത്തയുടെ വിളിയിൽ പതിവില്ലാത്ത വല്ല്യ ദേഷ്യവുമുണ്ടോ.
"ഇന്ന് പുതിയ കെട്ടോക്കെ പൊട്ടിച്ചു എടുത്തുവെക്കണം.അതിന് സഹായിക്കാൻ ആരുമില്ല. നിന്റെയൊപ്പം വർക്കുചെയ്തിരുന്ന കുട്ടി ഇന്ന് എത്തിയിട്ടില്ല. അതുകൊണ്ട് ആ ഭാഗംകൂടി നീ നോക്കണം."
പറഞ്ഞിട്ട് ഇത്താ നടന്നുപോയി.
അരമണിക്കൂർ ജോലി ചെയ്തപ്പോഴേക്കും വല്ലാതെ തളർന്നു.രാവിലെ തിന്ന അരക്കഷ്ണം പുട്ട് തീർന്നിരിക്കുന്നു. ഇനി ഉച്ചവരെ പിടിച്ചുനിൽക്കണം. വല്ലാത്ത ദാഹം തോന്നി. ഡ്രസ്സിങ് റൂമിനോട് ചേർന്ന് കുടിവെള്ളബോട്ടിൽ ഇരിപ്പുണ്ട്.പോയി ഒരുഗ്ലാസ് വെള്ളം കുടിച്ചിട്ട് ഒന്ന് നെടുതായി നിശ്വസിച്ചുകൊണ്ട് തിരികെയെത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ഹാജിയാരെക്കണ്ട് അവൾ ഭയത്തോടെ മുഖംകുനിച്ചു.
"നിന്നെ കൊണ്ട് പറ്റില്ലെങ്കിൽ ഇപ്പോൾ പറഞ്ഞോ. എത്ര പെൺകുട്ടികളാണെന്നോ ഒരു ജോലിക്കായി കാത്തുനിൽക്കുന്നത്.പുതിയതൊക്കെ എടുത്തുവെച്ചെങ്കിലല്ലേ മനുഷ്യർ കാണൂ...? "
അതുകേട്ടപ്പോൾ കരച്ചിൽ വന്നു.നിറകണ്ണുകൾ ഒപ്പിക്കൊണ്ട് ഹാജിയാരെ നോക്കി ഭവ്യതയോടെ അവൾ പറഞ്ഞു.
"ക്ഷമിക്കണം. വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് ഇത്തിരി വെള്ളം കുടിക്കാൻ പോയതാ.ഇനി ഇങ്ങനെ ഉണ്ടാവില്ല."
അത് അയാൾ പ്രതീക്ഷിച്ചിരുന്നതല്ലെന്നു തോന്നി.
"ഉം ജോലിസമയത്ത് അതുമാത്രമായിരിക്കണം ശ്രദ്ധ.തീറ്റയും കുടിയുമൊക്കെ അതിന്റെ സമയത്ത്. മനസ്സിലായല്ലോ.?"
ഹാജിയാർ നടന്നുപോയി.
അവൾ ഓരോന്നും എടുത്തു അടുക്കിവെക്കാൻ തുടങ്ങി.ജമീല ഇത്ത ഇതുകണ്ട് ചുണ്ടുകൾ കടിച്ചമർത്തി ചിരിച്ചു. പരിഹാസത്തോടെ.ഇത്തയാണ് മുതലായിയെക്കൊണ്ട് ഓരോരുത്തരെയും വഴക്ക് കേൾപ്പിക്കുന്നത്. മനസ്സലിവില്ലാത്തവൾ.അവൾ ചിന്തിച്ചു.
(തുടരും...)