mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 17

ഭാനുവും അമ്മയും തിരിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ പോയിരുന്നതിനാൽ വിശേഷങ്ങൾ ഒക്കെ പറയുവാൻ, അച്ഛൻ വരുന്നതുവരെ ഭാനുവിനും അമ്മയ്ക്കും കാത്തിരിക്കേണ്ടി വന്നു.

നാലുമണി കഴിഞ്ഞപ്പോൾ ആണ് അച്ഛൻ എത്തിയത്. ഭാമയുടേയും കുഞ്ഞിന്റേയും വിശേഷങ്ങൾ ഒന്നും തന്നെ തങ്ങളോട് ചോദിച്ചില്ല.

"നിങ്ങൾ എവിടെപ്പോയിരുന്നു?

ഭാമയുടെയും കുഞ്ഞിന്റേയും വിവരങ്ങൾ ഒന്നും അറിയേണ്ടേ?"

"എനിക്കൊന്നും കേൾക്കണ്ട, നീ പോയി കണ്ടില്ലേ... അതുമതി. ഇപ്പോൾ സമാധാനമായല്ലോ അല്ലേ..?"

"അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ? അവളുടെ അച്ഛൻ അല്ലേ നിങ്ങൾ?"

"ആയിരുന്നു, ഇപ്പോൾ അല്ല."

"വാശിയും വിദ്വേഷവും ഒക്കെ മറന്ന് ഞാൻ പറയുന്നതൊക്കെ ദയവുചെയ്തു ഒന്നു കേൾക്കുമോ?"

"പറഞ്ഞു തുലക്ക്. എനിക്ക് വേറെ ജോലിയുണ്ട്."

ഏലക്കയും ഇഞ്ചിയും ചതച്ചിട്ട ഒരു കപ്പ് ചായ കൊണ്ടുവന്നു കൊടുത്തിട്ടു ഭർത്താവിന്റെ അരികിലിരുന്നു ഭാമയേയും കുഞ്ഞിനേയും കണ്ട കാര്യങ്ങൾ ഒക്കെ അമ്മ വിശദമായി പറഞ്ഞുകേൾപ്പിച്ചു. 

ഭാമയുടെ ആരോഗ്യപ്രശ്നങ്ങളും അവളുടെ ഇപ്പോഴത്തെ മാനസികസ്ഥിതിയും മറ്റും അറിഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭാര്യ കാണാതെ കണ്ണുനീർ തുടച്ചു കളഞ്ഞിട്ടു ചോദിച്ചു:

"പേരക്കുട്ടി മുത്തശ്ശിയെ കണ്ടിട്ടു എന്തു പറഞ്ഞു? മുത്തശ്ശനെ അന്വേഷിച്ചോ?

കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ അവളാണോ നോക്കുന്നത്? അവളുടെ ഭർത്താവിന് എന്തെങ്കിലും പണിയുണ്ടോ? ഉണ്ണാനും ഉടുക്കാനും ഒക്കെ  ഉണ്ടോ? അവളുടെ ചികിത്സയൊക്കെ എങ്ങനെ നടക്കുന്നു?"

അച്ഛന്റെ ചോദ്യശരങ്ങൾ കേട്ടു നീരസപ്പെട്ടുകൊണ്ടു അമ്മ പറഞ്ഞു:

"അങ്ങനെ നിങ്ങൾ കളിയാക്കുകയൊന്നും വേണ്ട, അവൻ നമ്മുടെ മോളേയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു പ്രൈവറ്റ് ഓഫിസിലാണ് അവനു ജോലി. 

വീട്ടുകാര്യങ്ങൾ നോക്കാൻ ലീല എന്നു പേരുള്ള ഒരു ജോലിക്കാരിയും ഉണ്ട്. ഒരു അമ്മയെ പോലെ സകലതും അവർ കണ്ടറിഞ്ഞു ചെയ്യുന്നു. ഭാമയുടെ മാനസിക സ്ഥിതി അല്പം മോശമായതിനാൽ കുഞ്ഞിനെ ഇപ്പോൾ അവരാണ് നോക്കുന്നത്. 

ഞങ്ങളോടൊപ്പം വീട്ടിലേക്ക് വരണമെന്നും പറഞ്ഞു ഭാമ വാശി പിടിച്ചു. അച്ഛനുമായി ഉടനെ വന്നു കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു."

"അതെന്തിനാണ് അങ്ങനെ പറഞ്ഞത്? അവളെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ അവിടെ പോകുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട. വേണമെങ്കിൽ അവൾ ഇങ്ങോട്ടു വരട്ടെ."

അച്ഛന്റെ വാക്കുകൾ അമ്മയെ ചൊടിപ്പിച്ചു വെങ്കിലും അല്പം ആശ്വാസമായി. ഭാമയേയും മോളേയും കൂട്ടി ഇവിടേയ്ക്കു വരാൻ നാളെത്തന്നെ ദേവനോടു പറയണം.

അച്ഛന്റെയും അമ്മയുടേയും സംസാരം ഒളിഞ്ഞു നിന്നു കേട്ട ഭാനുവിനും സന്തോഷമായി.

'എന്നാലും അച്ഛന്റെ ഒരു വാശി! യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മനോഭാവം. ഉള്ളിന്റെ ഉള്ളിൽ ചേച്ചിയോട് വെറുപ്പൊന്നും ഇല്ലല്ലോ. അതു മതി.'

അടുത്ത ദിവസം തന്നെ ഭാനു, തന്നെ ഫോണിൽ വിളിച്ചു അച്ഛന്റെ മനസ്സ് അറിയിച്ചു.

"എത്രയും പെട്ടെന്നു തന്നെ ചേച്ചിയേയും മീനുമോളേയും കൂട്ടി ചേട്ടൻ വീട്ടിലേക്കു വരണം. തീർച്ചയായും അച്ഛൻ നിങ്ങളെ സ്വീകരിക്കും. വരാൻ മടി കാണിക്കരുത്. ഞങ്ങൾ കാത്തിരിക്കും."

"ഭാനു...ഞങ്ങൾ വരാം. പക്ഷേ, ഉടനെയില്ല. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അല്പം മാറ്റം വരട്ടെ.

ഇപ്പോൾ ഏതായാലും നല്ല വ്യത്യാസം ഉണ്ടല്ലോ. ഒരു മാസം കൂടി മരുന്നു കഴിക്കുന്നതു തുടരണം. കുഞ്ഞിനോടു കാണിക്കുന്ന അകൽച്ചയും സ്നേഹമില്ലായ്മയും ഒക്കെ ഒന്നു മാറട്ടെ. കൂടുതൽ സമയവും ഇപ്പോൾ ഉറക്കമാണ്. 

നിങ്ങൾ പോയതിനു ശേഷം കുറേ നേരം കരഞ്ഞു. എപ്പോഴും എന്തൊക്കെയോ ചിന്തിച്ചിരിക്കും. അല്പം വാശിയൊക്കെ ഉണ്ട്. പഴയതു പോലെ എന്നോടും അടുപ്പം കാണിക്കുന്നില്ല."

"ഇവിടെ വന്നു കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും. അതുകൊണ്ടാണ് ഇങ്ങോട്ട് വരാൻ പറയുന്നത്. ലീല കൂടി വന്നോട്ടെ. ഏതായാലും കുഞ്ഞിനെ നോക്കാൻ ആളു വേണമല്ലോ." ഭാനു നിർബ്ബന്ധിച്ചു.

"അയ്യോ... അതാന്നും പറ്റില്ല. വന്നാൽ പോലും അന്നു തന്നെ മടങ്ങിപ്പോരും. മോളെ കാണാതെ ഒരു ദിവസം പോലും എനിക്കു പറ്റില്ല. എന്റെ ഒരേ ഒരു സന്തോഷം അവളാണ്."

"ഇവിടെ അമ്മ എപ്പോഴും മീനുമോളെപ്പറ്റിയാണ് സംസാരിക്കുന്നത്. അവളുടെ ചിരിയിൽ അമ്മ വീണു പോയി." ഭാനു ചിരിച്ചു കൊണ്ടാണ് പറഞ്ഞു നിർത്തിയത്.

"ശരി ഭാനു, ലഞ്ച് ബ്രേക്ക് കഴിഞ്ഞു. എന്നാൽ പിന്നെ വിളിക്കാം."

"ശരി ചേട്ടാ...ബൈ."

ഒന്നും തന്നെ സംഭവിക്കാതെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി.

പതിവു പോലെ ഓഫീസിൽ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോൾ ആണ് അച്ഛൻ വിളിച്ചത്. അമ്മയ്ക്കു തീരെ സുഖമില്ലെന്നും തന്നെ കാണണമെന്നും രണ്ടു ദിവസത്തെ അവധിയെടുത്ത് ഒന്നു വന്നിട്ടു പോകാനുമാണ് അച്ഛൻ പറയുന്നത്. അത്രയ്ക്കും അത്യാവശ്യമുണ്ടെങ്കിലേ അച്ഛൻ വിളിക്കുകയുള്ളൂ.

'ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെ പോയി രണ്ടു ദിവസം നിൽക്കും? അമ്മയുടെ ആഗ്രഹവും സാധിച്ചു കൊടുക്കണം. പാവം! ഇനി എത്രനാൾ ഉണ്ടാവും? എന്തായാലും പോകണം. ചെല്ലാമെന്ന് അച്ഛനു വാക്കു കൊടുത്തതാണ്. 

രണ്ടു ദിവസം ഭാമയേയും കുഞ്ഞിനേയും അവളുടെ വീട്ടിൽ കൊണ്ടുചെന്നു നിർത്തിയാലോ? ഭാനുവും വിളിച്ചതാണല്ലോ. എന്നാലും അതു ശരിയാവുമോ? അച്ഛൻ എന്തു വിചാരിക്കും? തന്റെ കാര്യസാദ്ധ്യത്തിനായി ഭാമയേയും കുഞ്ഞിനേയും വീട്ടിൽ കൊണ്ടുവന്നാക്കി എന്നു വിചാരിക്കില്ലേ? 

തൽക്കാലം അതു വേണ്ട, വീട്ടിൽ പോയി അമ്മയേയും അച്ഛനേയും കണ്ടിട്ടു അന്നു തന്നെ മടങ്ങിവരാം. ഏതായാലും നാളെ ഞയറാഴ്ചയാണല്ലോ. രാവിലെ തന്നെ പോകാം.'

വീട്ടിലെത്തി ഭാമയോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു. 

ഭാമയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിശേഷിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ, ഉടനെ തന്നെ വിളിക്കണമെന്നും ലീലയെ പറഞ്ഞേൽപ്പിച്ചു. തന്റെയും ഭാനുവിന്റേയും നമ്പർ എഴുതി ലീലയുടെ കൈയിൽ കൊടുത്തു. തന്നെ വിളിച്ചിട്ടു കിട്ടാതെ വന്നാൽ ഭാനുവിനെ വിളിക്കണമെന്നു പറഞ്ഞു.

രാവിലെ പോയാൽ തിരിച്ചു വരുമ്പോൾ രാത്രിയാവും. തിങ്കളാഴ്ച ഓഫീസിലും പോകണം. താൻ വീട്ടിൽ പോകുന്ന കാര്യങ്ങൾ ഒക്കെ നിർവികാരയായി ഇരുന്നു കേട്ടതല്ലാതെ ഭാമ മറുപടിയൊന്നും പറഞ്ഞില്ല.

രാവിലെ ആറുമണിക്കുള്ള ബസ്സിൽ കയറി വീട്ടിലേക്കു തിരിച്ചു. മനസ്സുനിറയെ ആകുലതകൾ ആയിരുന്നു. 'ഈശ്വരാ... അമ്മയുടെ അസുഖം ഭേദമാക്കണേ... അരുതാത്തതൊന്നും സംഭവിക്കരുതേ... ഇപ്പോൾത്തന്നെ വേണ്ടതിലധികം പ്രശ്നങ്ങൾ ആണുള്ളത്. 

കല്യാണം കഴിഞ്ഞതിനു ശേഷം രണ്ടു തവണ മാത്രമാണ് വീട്ടിലേക്കു പോയിട്ടുള്ളത്. ഭാമ ഗർഭിണിയായതിനു ശേഷം വീട്ടിലേക്കു പോയിട്ടേയില്ല. അമ്മയ്ക്കും അച്ഛനും അത്താണിയായി ഏക മകനായ താൻ മാത്രമേയുള്ളൂ. എന്നിട്ടും അവരോടുള്ള കടമയും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ല. കുറ്റബോധം മനസ്സിനെ വല്ലാതെ കാർന്നു തിന്നു. ആവശ്യങ്ങൾ പറഞ്ഞു ഇന്നേവരെ ഇരുവരും തന്നെ ശല്യപ്പെടുത്തിയിട്ടില്ല. അറിഞ്ഞു താനൊന്നും ചെയ്തിട്ടുമില്ല. 

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ രണ്ടുപേരും ക്ലേശിക്കുന്നുണ്ട്. തന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞത് എന്തിനായിരിക്കും? അമ്മയ്ക്ക് തന്നോട് എന്തെങ്കിലും പറയാനുണ്ടായിരിക്കുമോ?

ഒരു വശത്തു മനസ്സിനു സുഖമില്ലാത്ത ഭാര്യയും തന്റെ കുഞ്ഞും. മറുവശത്ത് അമ്മയും അച്ഛനും. ഈശ്വരാ...തന്റെ ജീവിതം ഒരു തോൽവിയാണോ?' ചിന്തകൾ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു.

ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. വഴിയിൽ കണ്ട ചിലരൊക്കെ കുശലാന്വേഷണങ്ങൾ നടത്തി.

ഒറ്റയ്ക്കേയുള്ളോ? ഭാര്യയും കുഞ്ഞും വന്നില്ലേ, എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്.

ഒന്നു രണ്ടു സ്ത്രീകൾ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതു കണ്ടു കൊണ്ടാണ് ഉമ്മറത്തേക്കു കയറിയത്. അകത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം കേൾക്കാം. 

"എന്റെ മോൻ വന്നോ? മോനേ... കുട്ടാ... എവിടെ നീയ്?"

അമ്മയെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്? ഉള്ളിൽ നൊമ്പരം അലയടിച്ചുയർന്നു. മുറിയിൽ നിന്നും കണ്ണുതുടച്ചു കൊണ്ട് ഇറങ്ങി വന്ന അച്ഛൻ തന്നെക്കണ്ട് വിതുമ്പിക്കരഞ്ഞു.

"എന്താണ് അച്ഛാ... അമ്മയ്ക്ക് തീരെ വയ്യേ? ഇത്രയ്ക്കും അവശതയാണെന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നില്ലല്ലോ.?"

"അത്...നീ വിഷമിക്കേണ്ട എന്നു കരുതിയാണ്. മോൻ അകത്തോട്ടു ചെല്ല്. നിന്നെ ഒരു നോക്കു കാണാനായി കാത്തുകിടക്കുകയാണവൾ."

നെഞ്ചിൽ കത്തുന്ന നെരിപ്പോടുമായി അമ്മ കിടക്കുന്ന മുറിയിലേക്കു ചെന്നു. അസ്ഥിപഞ്ജരമായി കിടക്കുന്ന അമ്മയെ കണ്ടു ഒരു നിമിഷം സ്തബ്ധനായി. വെറും അഞ്ചു മാസങ്ങൾ കൊണ്ട് അമ്മ ഈ കോലത്തിലായല്ലോ എന്നു സങ്കടത്തോടെ ഓർത്തു.

ആ കട്ടിലിൽ ഇരുന്ന് അമ്മയുടെ ശോഷിച്ച വിരലുകൾ തന്റെ കൈകൾക്കുള്ളിലാക്കി സ്നേഹത്തോടെ വിളിച്ചു..

"അമ്മേ... ഞാൻ വന്നു, അമ്മയുടെ കുട്ടൻ. കണ്ണുതുറക്കൂ അമ്മേ...

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ