mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 33

ഉടുത്തിരുന്ന സാരിത്തുമ്പുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് അമ്മ പറഞ്ഞു:

"മോൻ ക്ഷമിക്കണം, ഭാമയും കുഞ്ഞും ഇപ്പോൾ ഇവിടെ ഇല്ല."

"പിന്നെ, എവിടെയാണ്? അവൾക്ക് വേറെ വിവാഹം വല്ലതും?"

"അതൊക്കെ ഒരു വലിയ കഥയാണ്."

"പറയൂ അമ്മേ, എന്റെ മോൾ ഇപ്പോൾ എവിടെയാണുള്ളത്?"

"നിങ്ങൾ ഒരു നിമിഷം എന്നോടൊപ്പം ഒന്നു വരുമോ?"

സംശയത്തോടെ പരസ്പരം മുഖത്തോടു മുഖം നോക്കിയിട്ട്, ഇരുവരും അമ്മയെ അനുഗമിച്ചു.

ഹാളിന് വലതു വശത്തായി കണ്ട മുറിയിലെ ഒരു കട്ടിലിൽ, ജീവച്ഛവമായി  ഒരു മനുഷ്യൻ കിടക്കുന്നു. അഹന്തയുടെ മുന ഒടിഞ്ഞ്, വളരെ ദയനീയകരമായ അവസ്ഥയിൽ ഭാമയുടെ അച്ഛൻ! അധികനേരം അങ്ങനെ നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.

"ഒരു കൊല്ലമായി ഇതേ കിടപ്പിലാണ്, ശരീരം മുഴുവനും തളർന്നു, സംസാരശേഷിയും നഷ്ടപ്പെട്ടു. അങ്ങോട്ടു പറയുന്നതൊക്കെ മനസ്സിലാകും. ഉള്ളിൽ ബോധമുണ്ട്." 

കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള പശ്ചാത്താപം ആയിരിക്കട്ടെ.

"കുറച്ചു നാൾ ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ, പരിചയത്തിലുള്ള ഒരു ഡോക്ടർ വല്ലപ്പോഴും വന്നു നോക്കും. ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി വളരെ മോശമായി വരികയാണ്. മൂക്കിൽ ഇട്ടിരിക്കുന്ന ട്യൂബിൽ കൂടി ഭക്ഷണം ദ്രാവകരൂപത്തിലാക്കിയാണ് കൊടുക്കുന്നത്.

നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. സകല തിന്മകൾക്കുമുള്ള ശിക്ഷയായിരിക്കും ഇത്. എല്ലാം അനുഭവിച്ചു തീർത്തല്ലേ മതിയാവൂ."

ഹൃദയ വേദനയോടെ അമ്മ തുടർന്നു.

"നിങ്ങൾ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയെടുക്കാൻ കുറേയേറെ കളികൾ കളിച്ചു. ദേവനെ മോശക്കാരനാക്കുന്ന രീതിയിൽ നുണകളുണ്ടാക്കി ഭാമയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. 

മറ്റൊരു വിവാഹത്തിനു അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. സമ്മതിക്കാതിരുന്നതിനാൽ അവൾ ശത്രുവായി. പ്രതികരിക്കാനാവാതെ ഞാനും എന്റെ മക്കളും ദുഃഖം കടിച്ചമർത്തി ജീവിച്ചു.

ഈ മനുഷ്യനോടുള്ള ദേഷ്യത്തിൽ, ഞാൻ തന്നെയാണ് ഭാമയോട് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. നല്ലവനായ നിന്നെ തെറ്റിദ്ധരിച്ച ദുഃഖവും സ്വന്തം ജീവിതം നശിപ്പിച്ച അച്ഛനോടുള്ള പകയും അവളെ വീണ്ടും ഒരു മാനസിക രോഗിയാക്കി.

അന്നു നിന്റെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന ശേഷം മൂന്നു മാസത്തോളം അവൾ എറണാകുളത്തുള്ള ഒരു മാനസികാശുപത്രിയിൽ ചികിത്സയിലായിരുന്നു. അതും നിന്നിൽ നിന്നും മറച്ചുവച്ചു. അവരെ കൂട്ടിക്കൊണ്ടുപോകാൻ നീ ഇവിടെ വരുന്ന സമയത്തെല്ലാം ഭാമ ആശുപത്രിയിൽ ആയിരുന്നു. 

വീണ്ടും അസുഖം കൂടിയപ്പോൾ രണ്ടു മാസത്തോളം  അതേ ആശുപത്രിയിൽ തന്നെ ചികിത്സിപ്പിച്ചു. 

അവിടുത്തെ സൈക്യാട്രിസ്റ്റ്, ഭാമയുടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകനാണ്. അവിടെ നിന്നും അവൾ സുഖമായി എത്തിയ ശേഷമായിരുന്നു ഭാനുവിന്റെ വിവാഹം നടന്നത്. ഭർത്താവിനോടൊപ്പം അവൾ ഇപ്പോൾ ഗൾഫിലാണ്.

കാര്യങ്ങൾ ഒക്കെ ദേവനെ അറിയിക്കാൻ ഒരുപാടു പ്രാവശ്യം ഭാനു ശ്രമിച്ചു. പഴയ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. 

നിങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നന്വേഷിച്ചപ്പോൾ, നീ അവിടെ നിന്നും വീടൊഴിഞ്ഞു പോയി എന്നാണ് അറിഞ്ഞത്. ഓഫീസിൽ അന്വേഷിച്ചപ്പോൾ, ആ ജോലിയും ഉപേക്ഷിച്ചുപോയി എന്നറിഞ്ഞു."

ശ്വാസം അടക്കിപ്പിടിച്ച് എല്ലാം കേട്ടുകൊണ്ടിരുന്ന ശേഖർ ചോദിച്ചു:

"എന്നിട്ട് ഭാമയും മകളും ഇപ്പോൾ എവിടെയാണുള്ളത്?"

"അറിയില്ല, എനിക്കറിയില്ല." അമ്മയുടെ സങ്കടം ഗദ്ഗദങ്ങളായി. എന്റെ മോളും കുഞ്ഞും ഇപ്പോൾ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നോ ഒന്നും എനിക്കറിയില്ല."

"അസുഖം മാറി ഭാമ തിരിച്ചെത്തി. ഭർത്താവിനോടൊപ്പം ഭാനുവും പോയി. അതു കഴിഞ്ഞ് എന്തുണ്ടായി?"

നിറഞ്ഞ കണ്ണുകളോടെ, നെടുവീർപ്പിട്ടു കൊണ്ട് അമ്മ പറഞ്ഞു:

ഭാനു പോയതിനുശേഷം ഭാമ ശരിക്കും ഒറ്റപ്പെട്ടു. അച്ഛനോടുള്ള ദേഷ്യമൊക്കെ കുറഞ്ഞെങ്കിലും ആരോടും അധികം സംസാരിക്കാതെ, സ്വയം ഒതുങ്ങിക്കൂടി. മീനുമോൾ മാത്രമായിരുന്നു അവളുടെ ലോകം. അങ്ങനെയിരിക്കെ, മറ്റൊരു വിവാഹത്തിന് അച്ഛൻ വീണ്ടും അവളെ നിർബന്ധിക്കാൻ തുടങ്ങി."

"എന്നിട്ട്?" ആകാംക്ഷ അടക്കാൻ തനിക്കു കഴിഞ്ഞില്ല.

"ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ഭാമയേയും മോളേയും കാണാനില്ല. പല സ്ഥലത്തും അന്വേഷിച്ചുവെങ്കിലും കണ്ടത്താൻ സാധിച്ചില്ല. പോലീസിലും വിവരം അറിയിച്ചിരുന്നു. 'ഞങ്ങൾ പോകുന്നു, അന്വേഷിച്ചു വരരുത്' എന്നൊരു കുറിപ്പു മാത്രം എഴുതി വച്ചിരുന്നു.

"മോളേയും കൊണ്ട് പോകാൻ സാധ്യതയുള്ള സ്ഥലം ഏതായിരിക്കും? ഭാമയ്ക്ക് ഏതെങ്കിലും സുഹൃദ് ബന്ധം ഉള്ളതായി അറിയാമോ?"

"അറിയില്ല മക്കളേ... എവിടെ ആയിരുന്നാലും രണ്ടുപേരും സുഖമായിരുന്നാൽ മതിയായിരുന്നു. അതിന്റെ ഷോക്കിലാണ് അച്ഛൻ കിടപ്പിലായത്."

"ഭാനു വിളിക്കാറുണ്ടോ? അവളുടെ നമ്പർ ഒന്നു തരാമോ?"

നമ്പർ എഴുതിയിട്ടുള്ള ഒരു ചെറിയ ഡയറി തന്റെ നേർക്കു നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു:

"ഇതിലുണ്ട് നമ്പർ, എല്ലാ വെള്ളിയാഴ്ചകളിലും വിളിക്കാറുണ്ട്.. അവൾക്കും ചെറിയ ഒരു ജോലി ഉള്ളതിനാൽ അച്ഛന്റെ ചികിത്സയ്ക്കും മറ്റും പൈസ അയച്ചു തരും. 

ബിസിനസ്സ് ഒക്കെ നശിച്ചു, സകലതും നഷ്ടപ്പെട്ടു. സ്വത്തുക്കൾ പലതും വിറ്റു കടം തീർത്തു."

"ചിലതൊക്കെ കേട്ടിരുന്നു, എന്നാൽ അധ:പതനത്തിന്റെ വ്യാപ്തി ഇത്രത്തോളം ഉണ്ടെന്നറിഞ്ഞിരുന്നില്ല."

"നിങ്ങൾ വന്നത് ഏതായാലും നന്നായി. എങ്ങനെയെങ്കിലും ഭാമയേയും കുഞ്ഞിനേയും അന്വേഷിച്ചു കണ്ടുപിടിക്കണം. അവൾക്ക് ദേവനെ ജീവനാണ്."

"ശരി അമ്മേ, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. ആവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ട, ഇതാണ് എന്റെ നമ്പർ."

ഭാനുവിന്റെ നമ്പർ ഫോണിൽ സേവ് ചെയ്തു, തന്റെ നമ്പർ ഡയറിയിൽ എഴുതി വച്ചിട്ട് അമ്മയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. കട്ടപിടിച്ച ഇരുട്ടിൽ ദിശയറിയാതുഴലുന്നവനെപ്പോലെ തന്റെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു.

"ജീവിതത്തിന്റെ ഉയർച്ച കണ്ടവൻ താഴ്ചകളും കാണാതിരിക്കില്ല.  സമ്പന്നതയുടെ കൊടുമുടിയിൽ നിന്നും എത്ര പെട്ടെന്നാണ് മനുഷ്യൻ നിലംപതിക്കുന്നത്. തിന്മ പ്രവൃത്തികളിലൂടെ സമ്പാദിച്ചു കൂട്ടുന്നവന് അനുഭവിക്കാനുള്ള യോഗവും ഉണ്ടാവില്ലല്ലോ."

ശേഖറിന്റെ കാഴ്ചപ്പാട് ശരിവച്ചു കൊണ്ട് കാറിൽ കയറി.

"ഇനിയെങ്ങോട്ടാ?"

"നമുക്ക് വീട്ടിൽ പോയി ഊണു കഴിച്ചിട്ട് അടുത്ത വഴി ആലോചിക്കാം. അതു പോരേ?"

"ശരി ശേഖർ, നിന്റെ ഇഷ്ടം."

ശേഖറിന്റെ വീട്ടിലെത്തിയതും തന്റെ ഫോൺ ബെല്ലടിച്ചു.

ഡോക്ടർ ആനന്ദാണല്ലോ...

"ഹലോ..."

"ഹലോ ദേവനല്ലേ, ഞാൻ ഡോക്ടർ ആനന്ദാണ്."

"മനസ്സിലായി, ഡോക്ടർ,"

"എന്റെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞ ഒരു വിവരം പറയാനാണ് വിളിച്ചത്."

"പറയൂ ഡോക്ടർ."

"എറണാകുളത്തു പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്ത്, ഡോക്ടർ വിനയചന്ദ്രന്റെ അടുത്ത ഒരു ബന്ധുവാണ് അവിടുത്തെ സൈക്യാട്രിസ്റ്റ്. ഭാമ വളരെക്കാലം അയാളുടെ പേഷ്യൻറ് ആയിരുന്നു. ഞാൻ അഡ്രസ്സും ഫോൺ നമ്പറും നൽകാം. അവിടെ വരെ പോയി അയാളെ ഒന്നു കാണുന്നത് സഹായകരമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്."

"ശരി ഡോക്ടർ, നാളെത്തന്നെ പോയിക്കാണാം. വളരെ നന്ദിയുണ്ട്."

ഡോക്ടർ ആനന്ദ് നൽകിയ അഡ്രസ്സും ഫോൺ നമ്പറും കുറിച്ചെടുത്തു. ശേഖറുമായി ആലോചിച്ചിട്ട്, രാവിലെ തന്നെ എറണാകുളത്തു പോകാനായി തീരുമാനിക്കുകയും ചെയ്തു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ