mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 24

അരമണിക്കൂർ കഴിഞ്ഞിട്ടും മീനുമോളേയും കൊണ്ടു വരാതിരുന്നപ്പോൾ ഹൃദയം വല്ലാതെ അസ്വസ്ഥമായി. ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അല്പസമയം കഴിഞ്ഞ് ഭാനുവും അമ്മയും കൂടി തന്റെ മുന്നിലെത്തി. ഒപ്പം മോളെ കാണാതിരുന്നപ്പോൾ, ഉള്ളിൽ കോപം തിളച്ചു പൊങ്ങി.

"എന്റെ മോൾ എവിടെ? എന്തിനാണ്, നിങ്ങൾ ഇങ്ങനെ കളിപ്പിക്കുന്നത്?"

"ദേവൻ ക്ഷമിക്കണം. ഭാമ വന്ന് മോളേയും തട്ടിപ്പറിച്ചു കൊണ്ട് മുറിക്കുള്ളിൽ കയറി കതകടച്ചു. എത്ര വിളിച്ചിട്ടും കതകു തുറക്കുന്നില്ല. 'എന്റെ മോളെ ഞാൻ ആർക്കും കൊടുക്കില്ലെന്നാണ് പറയുന്നത്.' എന്തു ചെയ്യാനാണ്? അവൾ പറയുന്നതും ശരിയല്ലേ? ഒരു വയസ്സു പോലും തികയാത്ത കുഞ്ഞിന്റെ അവകാശി ശരിക്കും അമ്മ തന്നെയല്ലേ? സഹായത്തിന് ആരുമില്ലാതെ, മോളെയും കൊണ്ടുപോയാൽ ദേവൻ എന്തു ചെയ്യും? ജോലിക്കുപോകുമ്പോൾ കുഞ്ഞിനെ ആരു നോക്കും?  ഇവിടെയാണെങ്കിൽ ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ."

അമ്മയുടെ വാക്കുകൾ തന്റെ ഉള്ളിലെ കോപം വർദ്ധിപ്പിച്ചതേയുള്ളൂ..

"നിങ്ങൾ എന്തൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞാലും എന്റെ മോളെ എനിക്കു കിട്ടിയേ മതിയാവൂ.... അവൾ ഇല്ലാതെ ഞാൻ ഇവിടെ നിന്നും പോകില്ല."

സ്വന്തം പിടിവാശിയിൽ തന്നെ ഉറച്ചുനിൽക്കുന്ന തന്റെ മുഖത്തു നോക്കി ഭാമയുടെ അമ്മ വളരെ വിനയത്തേടെ പറഞ്ഞു:

"മോനേ, പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഇപ്പോൾ പോകൂ. ഭാമയെ എല്ലാം പറഞ്ഞു മനസ്സിലാക്കി, രണ്ടു പേരേയും ഞങ്ങൾ തന്നെ അവിടെ കൊണ്ടുവന്നാക്കിക്കോളാം."

"ഇങ്ങനെതന്നെയല്ലേ കഴിഞ്ഞ പ്രാവശ്യവും നിങ്ങൾ പറഞ്ഞത്? എനിക്ക് ഭാമയോട് ഒന്നു സംസാരിക്കണം. അവളുടെ ഉദ്ദേശം എന്താണെന്നറിയണം. എവിടെയാണ് അവളുടെ മുറി?"

ഭാനുവിനെ തട്ടിമാറ്റിക്കൊണ്ട് അകത്തേയ്ക്ക് പോകാൻ തുടങ്ങിയ തന്നെ തടഞ്ഞു കൊണ്ട് മുന്നിലെത്തിയ ഭാമയുടെ അച്ഛൻ പറഞ്ഞു:

"ഇയാൾക്കെന്താ, പറഞ്ഞാൽ മനസ്സിലാവില്ലേ? ഇവിടെ നിന്നു ബഹളം ഉണ്ടാക്കിയിട്ടു ഒരു കാര്യവും ഇല്ല. ക്ഷമയാണ് മനുഷ്യന് വേണ്ടത്. കുറച്ചു നാളുകൾ കൂടി കാത്തിരിക്കൂ, എല്ലാം ശരിയാവും."

ഇനി നിന്നിട്ട് ഒരു പ്രയോജനവുമില്ലെന്നു മനസ്സിലായി. തലയും കുനിച്ച് അവിടെ നിന്നും ഇറങ്ങിനടന്നു. തിളച്ചു കിടക്കുന്ന പകലിന്റെ മാറിലൂടെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അലക്ഷ്യമായി നടന്നു.

'ഇനിയെന്താണെന്ന് ഒരു രൂപവും ഇല്ല. പഴയ ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം കൈവിട്ടു പോയിരിക്കുന്നു. ആരോടും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഒക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

ഭാമയേയും മോളേയും വീണ്ടെടുക്കുവാൻ ഇനി എന്തു ചെയ്യും? അച്ഛന്റേയും അമ്മയുടേയും  ഉപദേശത്തിൽ അവൾ വീണു പോയിട്ടുണ്ടാവും.  ജീവനെപ്പോലെ പരസ്പരം സ്നേഹിച്ചതൊക്കെ അവൾ മറന്നു പോയിട്ടുണ്ടാവുമോ? അവളോടൊന്നു സംസാരിക്കുവാൻ പോലും തനിക്കു കഴിഞ്ഞില്ലല്ലോ!'

ഓരോന്നു ചിന്തിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല. തളർന്ന മനസ്സുമായി കട്ടിലിൽ കയറിക്കിടന്നു. മുന്നോട്ടുള്ള ജീവിതം ഇനി തനിച്ചാവുമോ എന്നൊരു പേടി മനസ്സിനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.

ഇതേ സമയം ഭാമയുടെ വീട്ടിൽ, ഭാനുവും അമ്മയും അച്ഛനും തമ്മിൽ പൊരിഞ്ഞ വാഗ്വാദം നടക്കുകയായിരുന്നു.

"എന്നാലും ദേവനെ പിണക്കി അയയ്ക്കണ്ടായിരുന്നു, ഭാമയുടേയും കുഞ്ഞിന്റേയും ജീവിതം ഇനി എങ്ങനെയായിരിക്കുമോ എന്തോ? ഓർത്തിട്ടു പേടിയാകുന്നു." അമ്മയുടെ ആവലാതിയോട് അച്ഛൻ പ്രതികരിച്ചു:

"എന്റെ മകളെ ഇനി അവനോടൊപ്പം ജീവിക്കാൻ ഞാൻ വിടില്ല. അസുഖമെല്ലാം മാറി അവൾ തിരിച്ചു വന്നാലുടൻ തന്നെ ബന്ധം വേർപെടുത്താൻ കേസു ഫയൽ ചെയ്യണം."

"അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത്? അതിന് ചേച്ചിയും ചേട്ടനും സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ?"

"ഞാൻ പറയുന്നതിനപ്പുറം എന്റെ മകൾ ഇനി പോകില്ലെന്ന് എനിക്കുറപ്പുണ്ട്. അവൾക്കു വേണ്ടെങ്കിൽ പിന്നെ അവൻ സമ്മതിച്ചല്ലേ പറ്റുകയുള്ളൂ.''

"വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അവളും കുഞ്ഞും പിന്നെ എങ്ങനെ ജീവിക്കും? നമ്മുടെ കാലം കഴിഞ്ഞാൽ പിന്നെ അവൾ എന്തു ചെയ്യും?

"അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. തൽക്കാലം ഇതൊന്നും ആരും അറിയരുത്. ഭാമയുടെ ഡോക്ടറിനെ ഒന്നു വിളിച്ച് അവളുടെ വിവരങ്ങൾ അന്വേഷിക്കട്ടെ. കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോൾ, മോളെക്കുറിച്ചൊക്കെ അവൾ ചോദിച്ചെന്നു പറഞ്ഞു. നല്ല മാറ്റം ഉണ്ടെന്നു തോന്നുന്നു."

"പാവം, ചേട്ടന്റെ അവസ്ഥയെക്കുറിച്ചോർക്കുമ്പോൾ നല്ല വിഷമം ഉണ്ട്. എന്തായാലും നമ്മുടെ മീനു മോളുടെ അച്ഛൻ അല്ലേ?"

"ഭാനു, ഞാൻ മുമ്പും നിന്നോടു പറഞ്ഞിട്ടുണ്ട്...ആവശ്യമില്ലാത്ത സഹതാപമൊന്നും ആരോടും വേണ്ടെന്ന് "

"എന്നാലും എന്റെ അച്ഛൻ ഇത്ര ക്രൂരനായിപ്പോയല്ലോ!"

ഭാനുവിന്റെ വാക്കുകൾ അവഗണിച്ചു കൊണ്ട് അച്ഛൻ ഡോക്ടറെ വിളിക്കാനായി നമ്പർ ഡയൽ ചെയ്തു.

"ഹലോ...''

"ഹലോ.... ഡോക്ടർ, ഞാൻ ഭാമയുടെ അച്ഛനാണ്. അവളുടെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് വിളിക്കുന്നത്."

"ഓ... ശരി, ഭാമയ്ക്കിപ്പോൾ നല്ല മാറ്റം ഉണ്ട്. ദേവേട്ടനെ കാണണം എന്ന് പലതവണ പറഞ്ഞു. ഭർത്താവായിരിക്കുമെന്ന് ഊഹിച്ചു. അയാളോട് ഇവിടെ വരെ ഒന്നു വരാൻ പറയണം. ചിലകാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കാനുണ്ട്."

"ഡോക്ടർ, അത്... ദേവൻ ഇപ്പോൾ സ്ഥലത്തില്ല. ജോലി സംബന്ധമായി ഡൽഹിയിലാണ്. ട്രയിനിംഗിനോ മറ്റോ പോയതാണെന്നു തോന്നുന്നു. ഭാമ, ആശുപത്രിയിൽ ആണെന്നുള്ള കാര്യം ഇതുവരേയും അവനെ അറിയിച്ചിട്ടില്ല."

"ഓഹോ... അങ്ങനെയാണോ... അതെനിക്കറിയില്ലായിരുന്നു."

"ഡോക്ടർ, എങ്കിൽ ഒരാഴ്ച കഴിഞ്ഞ് അവളുടെ അമ്മയേയും കൂട്ടി ഞാൻ വരാം."

"അതു വേണമെന്നില്ല, ഭാമയെ ഡിസ്ചാർജ് ചെയ്യാറാവുമ്പോൾ ഞാൻ വിളിച്ചു പറയാം. അപ്പോൾ വന്നു കൂട്ടിക്കൊണ്ടു പൊയാൽ മതി."

"ഓ.കെ ഡോക്ടർ, എന്നാൽ അങ്ങനെ ആയിക്കോട്ടെ."

ഡോക്ടറുമായുള്ള സംഭാഷണം ശ്രദ്ധിച്ചു കൊണ്ടു നിന്നിരുന്ന ഭാനുവിന്റേയും അമ്മയുടേയും മുഖത്ത് ആശ്വാസത്തിന്റെ ചെറുകിരണങ്ങൾ അലയടിച്ചു.

"ഈശ്വരാ, എത്രയും വേഗം എന്റെ കുഞ്ഞു പഴയതു പോലെ ആയാൽ മതിയായിരുന്നു. ദേവനേയും കുഞ്ഞിനേയുമൊക്കെയാണല്ലോ അവൾ അന്വേഷിക്കുന്നത്; അല്ലാതെ നമ്മളെയൊന്നും അല്ലല്ലോ. അസുഖം മാറി വന്നു കഴിയുമ്പോൾ, ഭാമയേയും കുഞ്ഞിനേയും എത്രയും വേഗം  ദേവന്റെ വീട്ടിൽ കൊണ്ടുചെന്ന് ആക്കണം. അവർ അവിടെ സന്തോഷമായി ജീവിക്കട്ടെ."

അമ്മയെ തുറിച്ചു നോക്കി കോപത്തോടെ അച്ഛൻ അട്ടഹസിച്ചു:

"നിന്നോടാരും ഇവിടെ അഭിപ്രായം ചോദിച്ചില്ല, മണ്ടത്തരം എഴുന്നള്ളിക്കാതെ എന്റെ മുൻപിൽ നിന്നും ഒന്നു പോയിത്തരാമോ? എത്ര പറഞ്ഞാലും മനസ്സിലാവാത്ത ജാതി! ഈ വീട്ടിൽ ഞാൻ പറയുന്നതു മാത്രമേ നടക്കൂ."

അഭിമാനത്തിനു ക്ഷതമേറ്റതുപോലെ അമ്മ അവിടെ നിന്നും എഴുന്നേറ്റു പോയി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ