mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 32

ഭാമയുടെ പ്രസവത്തെ തുടർന്നുള്ള സർജറിയും ചികിത്സയും മറ്റും നടത്തിയ ആശുപത്രിയായിരുന്നു അടുത്ത ലക്ഷ്യം. അവിടെയെത്തി ഡോക്ടർ ആനന്ദിനെ കാണണമെന്ന് കൗണ്ടറിലെ സ്റ്റാഫിനോട് അറിയിച്ചു.

"ഡോക്ടർ ആനന്ദിന്റെ ഓ.പി ഇന്നു വളരെ താമസിച്ചാണ്  കഴിഞ്ഞത്. അതിനാൽ കിടപ്പു രോഗികളെ കാണാൻ വൈകിട്ട് എത്തുമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയത്. ചിലപ്പോൾ ഉടനെ വരുമായിരിക്കും.  ഏതായാലും നിങ്ങൾ അവിടെ ഇരിക്കൂ..."

അവർ ചൂണ്ടിക്കാണിച്ച കസേരയിൽ അക്ഷമനായി ഇരിക്കുമ്പോൾ, മറ്റൊരു ഡോക്ടറിനോടൊപ്പം സംസാരിച്ചുകൊണ്ടു നടന്നു വരുന്ന ഡോക്ടർ ആനന്ദിനെ കണ്ടു, കൈകൂപ്പി നമസ്കരിച്ചു. 

സംശയഭാവത്തോടെ ഒരു നിമിഷം നോക്കി നിന്നിട്ടു ചോദിച്ചു:

"നിങ്ങൾ... മിസ്റ്റർ ദേവൻ അല്ലേ?"

"അതേ, ഡോക്ടർ എന്നെ മറന്നിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിച്ചത്."

"ഒരിക്കലും മറക്കാൻ പറ്റാത്ത ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് നിങ്ങൾ. നിങ്ങളെപ്പോലെയുള്ളവർ ഈ ഭൂമിയിൽ അധികമൊന്നും ഉണ്ടാവാനിടയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

എന്താണ് ഇപ്പോൾ ഇവിടെ? ആരെയെങ്കിലും  അഡ്മിറ്റ് ചെയ്തിട്ടുണ്ടോ? കുടുംബം ഒക്കെ സുഖമായിരിക്കുന്നുവല്ലോ അല്ലേ?"

"ഞാൻ ഡോക്ടറിനെ കാണാൻ വേണ്ടി തന്നെയാണ് ഇവിടെ കാത്തിരുന്നത്."

"എന്തെങ്കിലും വിശേഷിച്ച്?"

"ഡോക്ടറിനു സമയമുണ്ടെങ്കിൽ, അഞ്ചു മിനിട്ടു നേരം എനിക്കു വേണ്ടി ചിലവഴിക്കുമോ?"

"അതിനെന്താ, വരൂ..."

തന്നെയും കൂട്ടികൊണ്ട് ഓ.പി യിലെ സ്വന്തം കൺസൾട്ടേഷൻ മുറിയിൽ കയറി വാതിൽ അടച്ചു.

"പറയൂ, എന്തൊക്കെയാണ് വിശേഷങ്ങൾ? എന്തൊക്കെയോ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടല്ലോ. എന്തായാലും പറയൂ... പരിഹാരം ഇല്ലാത്തതായി ഒന്നും തന്നെയില്ല."

വളരെ ദുഃഖത്തോടെ തന്റെ ഇതുവരെയുള്ള ജീവിതം ഡോക്ടറിന്റെ മുൻപിൽ തുറന്നു കാട്ടി. ഭാമയുടെ മാനസിക പ്രശ്നങ്ങളും തങ്ങളുടെ വിവാഹമോചനവും എല്ലാം കേട്ട് സഹതാപത്തോടെ ഡോക്ടർ പറഞ്ഞു:

വളരെ ദുഃഖകരമായ സംഭവങ്ങൾ ആണല്ലോ തന്റെ ജീവിതത്തിൽ ഉണ്ടായത്. എവിടെയാണെന്നറിയാത്ത സ്വന്തം മകളേയും അവളുടെ അമ്മയേയും അന്വേഷിച്ചു കണ്ടുപിടിക്കുന്നത് അത്ര നിസ്സാരമല്ല. എന്റെ രീതിയിൽ ഞാനും അന്വേഷിക്കാം. എന്തെങ്കിലും വിവരം കിട്ടിയാൽ ദേവനെ അറിയിക്കാം. താൻ സമാധാനമായിരിക്കൂ..."

"ഒത്തിരി നന്ദിയുണ്ട് ഡോകടർ."

ഡോക്ടർ ആനന്ദിന് തന്റെ ഫോൺ നമ്പർ നൽകി, അവിടെ നിന്നും ഇറങ്ങി നടന്നു. ശേഖറിന്റെ വീട്ടിൽ എത്തിയപ്പോൾ വൈകിട്ടു ആറുമണി കഴിഞ്ഞിരുന്നു.

'അടുത്ത കാലത്ത് മിനുക്കുപണികൾ നടത്തി വീട് മനോഹരമാക്കിയിരിക്കുന്നു. മുൻപ് ഒരു പ്രാവശ്യം ശേഖറിനോടൊപ്പം ഇവിടെ വന്നിട്ടുണ്ട്.'

കാളിംഗ് ബെൽ അടിച്ചപ്പോൾ ശേഖറിന്റെ ഭാര്യ, രാജിയാണ് വന്നു കതകു തുറന്നത്.

"ദേവൻ ചേട്ടനല്ലേ, കയറിവരൂ... ചേട്ടൻ കുളിക്കുകയാണ്. ഒത്തിരി അലഞ്ഞെന്നു തോന്നുന്നല്ലോ, കണ്ടിട്ടു നല്ല ക്ഷീണം ഉണ്ട്. ഇരിക്കൂ... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം."

രാജി, രണ്ടു കപ്പുകളിൽ ചായയുമായെത്തി. കുളി കഴിഞ്ഞെത്തിയ ശേഖറും ഒപ്പം കൂടി.

"നീ ഓട്ടോയിലാണോ വന്നത്? വീടറിയാമായിരുന്നല്ലോ അല്ലേ? ഞാനും എത്തിയിട്ട് അധികനേരം ആയില്ല."

"അതേ.. മുമ്പു വന്നിട്ടുള്ളതു കൊണ്ട് വഴി പറഞ്ഞു കൊടുക്കാൻ പ്രയാസമില്ലായിരുന്നു."

"എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു?"

താൻ പോയ സ്ഥലങ്ങളെക്കുറിച്ചും കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും എല്ലാം ശേഖറിനോടു വിവരിച്ചു.

"ഭാമയേയും മോളേയും കണ്ടുപിടിക്കാൻ എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. പക്ഷേ, എവിടെയാണന്വേഷിക്കുക?"

ദേവന്റെ നിരാശയിൽ മുങ്ങിയ വാക്കുകൾ, ശേഖറിനെ വല്ലാതെ വേദനിപ്പിച്ചു. 

"എടാ, നീ ഇങ്ങനെ തളരാതെ... എല്ലാം നടക്കും. നാളെ രാവിലെ നമ്മൾ ഭാമയുടെ വീട്ടിൽ പോകുന്നു. അവിടെ നിന്നും എന്തെങ്കിലും തുമ്പു കിട്ടാതിരിക്കില്ല."

"അതു വേണോ ശേഖർ?"

"തീർച്ചയായും വേണം. നീ പോയി കുളിച്ചു ഫ്രഷ് ആയി വരൂ... ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം."

"നിന്റെ മകൻ എവിടെ? കണ്ടില്ലല്ലോ..."

"അവൻ ഇന്നു നേരത്തേ കിടന്നുറങ്ങി. ഒരു ചെറിയ പനി പോലെ. മരുന്നു കൊടുത്തു."

"ഇപ്പോഴത്തെ പനിയല്ലേ, സൂക്ഷിക്കണം."

"ഇതാണ് നിന്റെ മുറി. ഒത്തിരി സൗകര്യങ്ങൾ ഒന്നുമില്ല. നീ അഡ്ജസ്റ്റ് ചെയ്യുമല്ലോ.."

"ഇതു തന്നെ ധാരാളം, ഞാൻ നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നെനിക്കറിയാം. നിന്നോട് ഞാനെന്നും കടപ്പെട്ടിരിക്കും."

"ഏയ്, ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ? ആവശ്യഘട്ടത്തിൽ കൂടെ നിൽക്കാത്തവൻ ഒരു നല്ല സുഹൃത്താവുമോ? കടപ്പാടിന്റെ കണക്കു പുസ്തകം തുറക്കാതെ, നീ വേഗം കുളിച്ചിട്ടു വരൂ..."

'ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, പലതും സംസാരിച്ച കൂട്ടത്തിൽ, ഭാനുവിന്റെ കല്യാണവും വിഷയമായി. രാജിയുടെ ഒരകന്ന ബന്ധുവിന്റെ മകനാണ് ഭാനുവിനെ വിവാഹം ചെയ്തിരിക്കുന്നതെന്നും അതൊരു പ്രണയവിവാഹമായിരുന്നുവെന്നും അറിഞ്ഞപ്പോൾ അതിശയിച്ചു.'

"ഒരേ കോളജിൽ പഠിച്ചിരുന്നവർ ആണ് രണ്ടു പേരും. ഭാനു, ഒരു വർഷം ജൂനിയർ ആയിരുന്നു. ഖത്തറിൽ ജോലി കിട്ടി പോയിട്ട്, പയ്യൻ രണ്ടുവർഷം കഴിഞ്ഞ് അവധിക്കു വന്നപ്പോൾ ആയിരുന്നു വിവാഹം.  ഞങ്ങളുടെ കുടുംബവുമായി അല്പം അകൽച്ചയിൽ ആയിരുന്നതിനാൽ, വിവാഹത്തിന് ക്ഷണിച്ചെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ എന്റെ വീട്ടിൽ നിന്നും ആരും തന്നെ പോയിരുന്നില്ല."

"എടാ ഇവൾ വിചാരിച്ചാൽ ഭാനുവിന്റെ നമ്പർ സംഘടിപ്പിക്കാൻ പറ്റുമായിരിക്കും. നമുക്കു ഒന്നു ശ്രമിച്ചാലോ? ഏതായാലും നാളെ അവരുടെ വീട്ടിൽ പോയി വന്നിട്ട് അതിനെപ്പറ്റി ആലോചിക്കാം."

"ശരി ശേഖർ, എല്ലാം നീ പറയുന്നതു പോലെ."

"രാവിലെ എട്ടു മണിക്കു തന്നെ നമുക്ക് ഇറങ്ങണം. ഗുഡ് നൈറ്റ്."

"ശരി യെടാ, ഗുഡ് നൈറ്റ്."

തുടരെത്തുടരെ കോളിംഗ് ബെൽ അടിച്ചു കുറേ നേരം കഴിഞ്ഞിട്ടും ആരും വാതിൽ തുറക്കാതിരുന്നപ്പോൾ, സംശയങ്ങൾ തല പൊക്കി.

"ഇവിടെ ആരും ഇല്ലെന്നാണ് തോന്നുന്നത്. നമുക്ക് മടങ്ങിപ്പോയാലോ?" താൻ അക്ഷമനാവുന്നത് ശേഖർ മനസ്സിലാക്കി.

"അല്പസമയം കൂടി നോക്കാമെടാ..."

'വീടിന്റെ പഴയ ഭംഗിയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മുൻവശത്തുണ്ടായിരുന്ന പൂന്തോട്ടത്തിന്റെ സ്ഥാനത്തെല്ലാം പുല്ലു വളർന്നു കാടുപിടിച്ചു കിടക്കുന്നു. മുറ്റത്താകെ ചപ്പുചവറുകൾ. കണ്ടാൽ  ആൾത്താമസമില്ലാത്ത വീടുപോലെ തോന്നും. 

ഗേറ്റ് പൂട്ടിയിട്ടില്ലാത്തതിനാൽ വീടിനുള്ളിൽ ആരെങ്കിലും കാണേണ്ടതല്ലേ? ചിലപ്പോൾ ഭാമയുടെ അമ്മയും സുഖമില്ലാതെ കിടക്കുകയായിരിക്കുമോ? എത്ര ജോലിക്കാർ ഉണ്ടായിരുന്ന വീടായിരുന്നു! ഇപ്പോൾ ഒരാളുപോലും ഉള്ളതായി തോന്നുന്നില്ല. കാർപാർക്കും ശൂന്യമായി കിടക്കുന്നു.' 

ആരെങ്കിലും വന്നു വാതിൽ തുറക്കുമെന്നുള്ള പ്രതീക്ഷയിൽ ആയിരിക്കണം ശേഖർ, അവിടെ കണ്ട ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചത്.

'മുൻപ് പല പ്രാവശ്യം ഇവിടെ വന്നിട്ടു പോയ രംഗങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഈ വീടിന്റെ ഇപ്പോഴത്തെ ദയനീയമായ അവസ്ഥയിൽ തനിക്കും പങ്കുണ്ടെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നതു പോലെ!' 

 ഹൃദയത്തിന്റെ കോണിലെവിടെയോ, കുറ്റബോധത്തിന്റെ കനൽ നീറിപ്പുകയാൻ തുടങ്ങി. 

 അകത്തു നിന്നും ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ടു ശേഖർ ഒന്നുകൂടി കാളിംഗ് ബെൽ അമർത്തി.

"ഇവിടെ ആരുമില്ലേ? 

വാതിലിൽ തട്ടിക്കൊണ്ട്‌ അവൻ ചോദിച്ചു."

 ആരോ നടന്നുവരുന്ന ശബ്ദം കേൾക്കുന്നു.

"ആരാ?" 

ഭാനുവിന്റെ അമ്മയുടെ ക്ഷീണിച്ച സ്വരം.

 "കതകു തുറക്കൂ അമ്മേ...ഞങ്ങളാണ്."

 വാതിൽ തുറന്നതും ശേഖറിനെ കണ്ട് പരിചയമില്ലാത്ത ഭാവത്തിൽ സൂക്ഷിച്ചുനോക്കി. മാറി നിന്നിരുന്ന തന്നെ കണ്ടപ്പോൾ, നിറഞ്ഞ കണ്ണുകളോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു:

"ദേവനായിരുന്നോ? കയറിവരൂ..."

 "ഇതു ശേഖർ, എന്റെ വളരെ അടുത്ത സുഹൃത്താണ്. ഇവിടെ അടുത്തുവരെ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു. അപ്പോൾ എന്റെ മോളേയും ഒന്നു കണ്ടിട്ടു പോകാമെന്നു വിചാരിച്ചു."

അമ്മയുടെ മുഖത്ത് പരിഭ്രമം നിഴൽ വിരിക്കുന്നതു കണ്ടു ചോദിച്ചു:

 "എന്തുപറ്റി അമ്മേ? ഞങ്ങൾ വന്നത് ഇഷ്ടമായില്ലെന്നുണ്ടോ?

 "അച്ഛൻ ഇവിടെ ഇല്ലേ?"

 വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, നിസ്സംഗയായി നിൽക്കുന്ന അമ്മയോട്: "ഞങ്ങൾക്ക് പോകാൻ അല്പം ധൃതിയുണ്ട്. എന്റെ മോളെ ഒന്നു വിളിച്ചിരുന്നെങ്കിൽ...."

അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ