mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 6

പടിഞ്ഞാറേ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന സൂര്യന്റെ കാന്തിവലയത്തിൽ മാനം ചെമന്നു തുടുത്തു. ചെറുതായി വീശുന്ന ഇളം കാറ്റിൽ മനസ്സിന്റെ ഭാരങ്ങൾ അല്പം അയഞ്ഞുവോ? ബസ്സിൽ നിന്നിറങ്ങി കവലയിലെ തട്ടുകടയിൽ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു.

വീട്ടിൽ ചെന്നു കുളികഴിഞ്ഞ് കട്ടിലിൽ കയറിക്കിടന്നതും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

രാവിലെ 9 മണിക്കു തന്നെ ബാങ്ക് ലോണിനുള്ള പൂരിപ്പിച്ച അപേക്ഷയുമായി വീട്ടിൽ നിന്നിറങ്ങി നേരേ ഓഫീസിലേക്കു പോയി.

തന്റെ സഹപ്രവർത്തകനായ രാമേട്ടനോടു കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞപ്പോൾ ലോണെടുക്കുവാൻ ജാമ്യം നിൽക്കാമെന്നു സമ്മതിച്ചു.

മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞു പോയതു പോലെ തോന്നി. രാവിലെ ഉണർന്നതു മുതൽ ജാമ്യക്കാരനെത്തേടി മനസ്സ് അലയുകയായിരുന്നല്ലോ.

"രാമേട്ടാ, എന്നാൽ എന്നോടൊപ്പം ബാങ്ക് വരെ വന്നാൽ ഒപ്പിട്ടിട്ടു ഉടൻ തന്നെ മടങ്ങിവരാം. ഒരു പത്തു മിനിട്ടിന്റെ താമസമേ ഉണ്ടാവൂ.''

"ശരി, മാനേജരോട് ഒന്നു പറഞ്ഞിട്ട് വരാം."

സാലറി സർട്ടിഫിക്കറ്റും വാങ്ങി ഇരുവരും ബാങ്കിലേക്കു നടന്നു.

തന്റെ അവസ്ഥകളെല്ലാം  നന്നായി അറിയാവുന്ന രാമേട്ടൻ, കരുണ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയാണെന്ന് ദേവൻ ഓർമിച്ചു.

തിരക്കൊട്ടും തന്നെ ഇല്ലാതിരുന്നതിനാൽ നടപടിക്രമങ്ങളൊക്കെ പെട്ടെന്നു കഴിഞ്ഞു. രാമേട്ടനോടുള്ള നന്ദിയും സ്നേഹവും കണ്ണുകളിൽ പ്രകടിപ്പിച്ചു കൊണ്ട് പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു. 

ആശുപത്രിയിലേക്കു നടക്കുമ്പോൾ മനസ്സു ചിന്തകളുടെ ലോകത്തു സഞ്ചരിച്ചു കൊണ്ടിരുന്നു.

'ഭാമയുടെ വീട്ടിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിരുന്നെങ്കിൽ ലോൺ എടുക്കേണ്ട ആവശ്യം വരില്ലായിരുന്നു. കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും തങ്ങളെപ്പറ്റി ഒന്നു അന്വേഷിച്ചിട്ടുപോലുമില്ലാത്തവർ ഇപ്പോൾ സഹായിക്കുമോ? അവർ ഒരു മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആയി എന്നറിയുമ്പോൾ സന്തോഷിക്കില്ലേ? തങ്ങളോടുള്ള ദേഷ്യമെല്ലാം മറന്ന് ഓടിവരില്ലേ? വിവരങ്ങൾ ഒന്നറിയിച്ചാലോ?

അല്ലെങ്കിൽ വേണ്ട, ആരെങ്കിലും പറഞ്ഞറിഞ്ഞു വരുന്നെങ്കിൽ വരട്ടെ. മകളുടെ ഇപ്പോഴത്തെ അവസ്ഥ അവരെ വിഷമിപ്പിക്കുകയും അതിനു കാരണക്കാരനായ തന്നോടുള്ള ദേഷ്യം വർദ്ധിക്കാൻ ഇടയാവുകയും ചെയ്യും. വെറുതേയെന്തിനാ...

ഭാമയ്ക്കു നിർബ്ബന്ധമാണെങ്കിൽ അറിയിക്കാം. എങ്കിലും ഭാമയുടെ അനുജത്തി ഭാനുവിനോടു വിവരം പറയണം. അവൾ എന്നും തങ്ങളുടെ പക്ഷത്തു ആയിരുന്നല്ലോ. 

ആശുപത്രി മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തി. ഭാമയുടെ സമീപം അവളുടെ കരതലം ഗ്രഹിച്ചു കൊണ്ട് സങ്കടപ്പെട്ടിരിക്കുന്ന ഭാനു.

"ആഹാ, ഇതാര് ഭാനുവോ?

എപ്പോൾ എത്തി? ആരു പറഞ്ഞറിഞ്ഞു? ഭാനുവിനെ വിളിച്ചു വിവരം പറയണമെന്നു  ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു."

തുളുമ്പിയൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് ഭാനു പറഞ്ഞു.

"എന്നിട്ടു ഇതുവരെ ഒന്നു അറിയിച്ചില്ലല്ലോ. എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചി ഇവിടുത്തെ നഴ്സ് ആണ്. ഇന്നലെയാണ് ഞാൻ വിവരങ്ങൾ അറിയുന്നത്. വീട്ടിൽ പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല. അതുകൊണ്ട് ആരോടും പറയാതെ രാവിലെ തന്നെ ഇങ്ങോട്ടു പോരുന്നു. കുഞ്ഞിനെക്കാണാൻ കൊതിയായി. തിരിച്ചു ചെന്നിട്ട് അമ്മയോട് വിവരങ്ങൾ പറയാം. പഴയ ദേഷ്യമൊന്നും രണ്ടു പേർക്കും ഇപ്പോൾ ഇല്ലെന്നാണ് തോന്നുന്നത്."

അനിയത്തിയെ കണ്ട സന്തോഷത്തിൽ ഭാമയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

ലീല തൊട്ടിലിൽ നിന്നും കുഞ്ഞിനെയെടുത്തു ഭാനുവിന്റെ കൈകളിൽ വച്ചു കൊടുത്തു.

"മോളേ, സൂക്ഷിച്ചു പിടിക്കണേ... കുഞ്ഞു താഴെ പോകല്ലേ."

"അതൊക്കെ എനിക്കറിയാം ചേച്ചീ... ഞാനും കുഞ്ഞുങ്ങളെയൊക്കെ എടുത്തിട്ടുണ്ട്."

അല്പനേരം കുഞ്ഞിന്റെ മുഖത്തു നോക്കിയിരുന്നതിനു ശേഷം അവൾ പറഞ്ഞു:

"ചേച്ചിയെപ്പോലെ തന്നെയുണ്ട്. വാവേ... കുഞ്ഞമ്മയുടെ ചക്കരേ...

ചേച്ചീ... ഇവൾക്കെന്തു പേരാണിടുന്നത്?"

"മീനാക്ഷി, മീനൂന്നു വിളിക്കാം."

എല്ലാം നോക്കിയിരുന്ന തന്റെയുള്ളിൽ തങ്ങൾ തനിച്ചല്ല എന്നൊരു തോന്നലുണ്ടായി. കുഞ്ഞിനെ തിരിച്ചു ലീലയുടെ കൈയിൽ കൊടുത്തിട്ടു ഭാനു പറഞ്ഞു:

"എന്നാൽ ഞാൻ ഇറങ്ങട്ടെ, ഒരു കൂട്ടുകാരിയെ കാണണമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. താമസിച്ചാൽ പ്രശ്നമാണ്. അച്ഛനേയും അമ്മയേയും കൂട്ടി വരാം. ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്തു നമ്മുടെ വീട്ടിലേക്കു പോകാം ചേച്ചീ."

തന്നെ നോക്കിയാണ് ഭാനു അങ്ങനെ പറഞ്ഞതെങ്കിലും ഭാമയുടെ മുഖത്തു സന്തോഷപ്പൂക്കൾ വിരിഞ്ഞു.

"വേണ്ട ഭാനു, അതൊന്നും വേണ്ട. ഞാൻ അവധി നീട്ടിയെടുത്തിട്ടുണ്ട്. ലീലയുമുണ്ടല്ലോ സഹായത്തിന്. ഞങ്ങളുടെ വീട്ടിലേക്കു തന്നെ പോകുന്നതായിരിക്കും ഭാമയ്ക്കും സന്തോഷം."

തന്റെ വാക്കുകൾ രണ്ടു സഹോദരിമാരേയും ഒരു പോലെ നിരാശപ്പെടുത്തി. ഭാനു പോയതിനു ശേഷം ഭാമ ഒന്നും സംസാരിച്ചില്ല. എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നുണ്ടായിരുന്നു.

'തന്നെയും കുഞ്ഞിനേയും കാണാൻ അച്ഛനും അമ്മയും വരുമോ? തങ്ങളോടുള്ള ദേഷ്യമൊക്കെ മാറിക്കാണുമോ? വീട്ടിലേക്കു 

കൂട്ടിക്കൊണ്ടുപോകുമോ?'

പല വിധ ഭാരങ്ങളാൽ ഭാമയുടെ മനസ്സ് കലങ്ങിമറിഞ്ഞു. ഭാമയ്ക്കും ലീലയ്ക്കുമുള്ള ഭക്ഷണം മുറിയിലെത്തിയപ്പോൾ താൻ പറഞ്ഞു:

"എന്നാൽ നിങ്ങൾ കഴിച്ചോളൂ, ഞാനും പോയി കഴിച്ചിട്ടു വരാം."

ഊണു കഴിഞ്ഞു വന്ന് ഭാമയോടായി പറഞ്ഞു:

"മറ്റന്നാൾ നന്ദനും ഭാര്യയും വരുമെന്നു പറഞ്ഞിട്ടുണ്ട്."

അതിനു മറുപടിയായി അവൾ ഒന്നും പറഞ്ഞില്ല.

നാലുമണിയായപ്പോൾ ഒരു നഴ്സ് വന്നു.

"ഭാമയുടെ മുറിവ് ഒന്നു ക്ലീൻ ചെയ്യണം. നിങ്ങൾ ഒന്നു പുറത്തു നിൽക്കുമോ? ഡോക്ടറും ഇപ്പോൾ വരും"

നഴ്സ് പോയി ഡ്രസ്സിംഗിനുള്ള ട്രേയുമായി തിരിച്ചു വന്നു.മറ്റൊരു നഴ്സിനോടൊപ്പം ഡോക്ടറും മുറിയിലെത്തി. താനും ലീലയും മുറിക്കു പുറത്തിറങ്ങി നിന്നു. അല്പനേരം കഴിഞ്ഞ് വെളിയിൽ വന്ന ഡോക്ടർ തന്നോടായി പറഞ്ഞു:

"മുറിവൊക്കെ ക്ലീൻ ആണ്. കരിയാൻ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച തയ്യലെടുക്കാം. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ ബുധനാഴ്ച വീട്ടിൽ വിടാം. പീഡിയാട്രീഷ്യൻ വന്നു കുഞ്ഞിനെ കാണും, സംശയങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കിക്കോളൂ"

"ശരി ഡോക്ടർ, വളരെ നന്ദി."

നഴ്സ് മുറിയിൽ നിന്നും പോയതിനുശേഷം അകത്തു കയറി ഭാമയോടു ചോദിച്ചു:

"വേദനയുണ്ടായിരുന്നോ?മുറിവ് ക്ലീൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ചൊവ്വാഴ്ച തയ്യലെടുത്തിട്ട് ബുധനാഴ്ച ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞു. എന്നാൽ നീ വിശ്രമിച്ചോളൂ. ഞാൻ പോയിട്ടു നാളെ വരാം."

ലീല കുഞ്ഞിന് കൊടുക്കാൻ പാൽപ്പൊടി കലക്കി കുപ്പിയിലാക്കുന്നതു കണ്ടു കൊണ്ടാണ് മുറിയിൽ നിന്നുമിറങ്ങിയത്.

'കുഞ്ഞിന് കുപ്പിപ്പാലും കൊടുക്കുന്നുണ്ട്. അമ്മയുടെ പാൽ തികയുന്നുണ്ടാവില്ല.'

വീട്ടിൽ ചെന്നു കഴിഞ്ഞാൽ ഇനി ചെലവുകൾ കൂടും. തന്റെ ശമ്പളം കൊണ്ടൊന്നും ഇനി കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകില്ല. എന്തെങ്കിലും വഴി കാണണം. ലോൺ പാസ്സായി കിട്ടിയാൽ നന്ദനു കൊടുക്കണം. ബാക്കിയുള്ള തുക സൂക്ഷിച്ചുപയോഗിക്കണം. മാസം തോറും പലിശയും അടയ്ക്കണം. എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചുതരുമായിരിക്കും.'

മനസ്സ് ചിന്തകളുടെ ലോകത്തായിരുന്നതിനാൽ ബസ്സിൽ നിന്നും ഇറണ്ടേണ്ട സ്ഥലം എത്തിയത് അറിഞ്ഞതേയില്ല. കവലയിലിറങ്ങി തട്ടുകടയിൽ നിന്നും ദോശയും ചമ്മന്തിയും പാഴ്സൽ വാങ്ങി വീട്ടിലേക്കു നടന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ